ഓളങ്ങൾ നിലയ്ക്കുമോ
✍️ ജെയ്നി റ്റിജു
” പപ്പാ, ഇന്നും ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാ സ്കൂളിൽ പോയത്. പപ്പാ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം. ”
മൂത്തവൾ സാറായുടെ വകയാണ് കംപ്ലയിന്റ്. അവൾ പത്താം ക്ലാസ്സിലാണ്. ഇളയവൻ ആൻഡ്രൂസ് ആറിലും.
” ഇന്നെന്തോ പറ്റി? ”
” എന്തുപറ്റാൻ. ഇഡലിയുടെ സാമ്പാർ അടിക്കുപിടിച്ചു. ഈ മമ്മിയെക്കൊണ്ട് ഒരു രക്ഷയുമില്ല. മാത്രവുമല്ല ഇന്ന് സ്കൂളിൽ പോകാൻ നോക്കിയപ്പോൾ സ്പെഷ്യൽ യൂണിഫോം അലക്കിയിട്ടില്ല. പപ്പാ ഒന്നിടപെടണം. ” അവൾ കൊഞ്ചി.
” നിങ്ങൾ പോയിരുന്നു പഠിച്ചോ. പപ്പാ ഈ സാറ്റർഡേ വരുമ്പോ എല്ലാം സെറ്റാക്കാം. ”
എന്റെ വാക്കുവിശ്വസിച്ചാണ് കുട്ടികൾ പഠിക്കാൻ പോയത്. ഇതിപ്പോ കുറെയായി ഇങ്ങനെ കേൾക്കുന്നു. അവളോട് ചോദിച്ചിട്ട് വലിയ ഗുണമൊന്നുമില്ല. മറന്നു എന്നാണ് സ്ഥിരം പല്ലവി. എന്ത് മലമറിക്കുന്ന പണിചെയ്തിട്ടാണോ ഈ മറവി എന്ന് മാത്രം അറിയില്ല.. അവളൊരു ഹൌസ് വൈഫാണ്. എടുത്തു പറയത്തക്ക വിദ്യാഭ്യാസയോഗ്യതയും ഇല്ല. അതുകൊണ്ട് തന്നെ വീടും കുട്ടികളെയും നോക്കിയാൽ മതി എന്ന് തീരുമാനിച്ചത് ഒന്നിച്ചാണ്. അവളെ വിശ്വസിച്ചാണ് ഇവിടെ കണ്ണൂരേക്ക് ട്രാൻസ്ഫർ കിട്ടിയിട്ടും സമാധാനത്തോടെ പോന്നത്. സാറ്റർഡേ വൈകിട്ട് വീട്ടിൽ പോകും. തിങ്കൾ രാവിലെ തിരിച്ചു പോരും. അവൾക്ക് ഒന്നിനും ഒരു പരാതിയില്ല. എല്ലാം നന്നായി നോക്കിയിരുന്നതാ, ഈയിടെ എല്ലാത്തിനും ഒരു അലസത, മറവി.
വീട്ടിൽ ചെന്നു കയറിയപ്പോൾ മോൾ മുഖം വീർപ്പിച്ചു സോഫയിൽ ഇരിപ്പുണ്ട്. ആന്റപ്പനാണ് പറഞ്ഞത് അമ്മയും മോളും വലിയൊരു വഴക്ക് കഴിഞ്ഞിട്ടിരിക്കുകയാണെന്ന്. അവൾക്ക് പിറ്റേദിവസം ഏതോ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന് ഇടാൻ വെച്ച പുതിയ ചുരിദാർ മമ്മി അയൺബോക്സ് വെച്ച് കത്തിച്ചു. പുതിയത് രാവിലെ തന്നെ കോട്ടയത്തു കൊണ്ടുപോയി വാങ്ങിത്തരാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചിട്ടാണ് ഡെയ്സിയെ അന്വേഷിച്ചു പോയത്. എന്റെ ശബ്ദം കേട്ടിട്ടും അവളിതുവരെ ഇറങ്ങിവന്നില്ലല്ലോ എന്ന് അത്ഭുതപ്പെട്ടു.
” എന്നതാ ഡെയ്സി, ഈ പിള്ളേർക്ക് പരാതിയൊഴിഞ്ഞ നേരമില്ലല്ലോ?”
എന്നെക്കണ്ടതും കിടക്കുകയായിരുന്ന അവൾ പിടഞ്ഞെണീറ്റു.
” ഞാൻ തുണി തേയ്ക്കുമ്പോഴാ മോട്ടോർ നിറഞ്ഞുപോകുന്ന ശബ്ദം കേട്ടത്. അതൊന്നു ഓഫാക്കാൻ വിളിച്ചു പറഞ്ഞിട്ട് ആരും വിളികേട്ടില്ല. അപ്പോൾ ഞാൻ വേഗം പോയി ഓഫാക്കാമെന്ന് കരുതി. നോക്കിയപ്പോൾ ഒത്തിരി വെള്ളം പോകുന്നു. അപ്പോൾ ബാത്‌റൂമിലൊക്കെ ടാപ് തുറന്നിടാൻ പോയി. അതിനിടയിൽ അയൺ ബോക്സ് മറന്നു പോയി. അതെങ്ങനെ ഡ്രെസ്സിന്റെ മുകളിൽ മറിഞ്ഞു വീണു എന്നെനിക്കറിയില്ല. അതിന് മോളെന്തൊക്കെ പറഞ്ഞു എന്നറിയാമോ? ഇനി മുതൽ അവളുടെ ഡ്രസ്സ് സ്വയം അയൺ ചെയ്തോളാൻ ഞാനും പറഞ്ഞു. ”
” എന്റെ ഡെയ്സി, ഞാനൊക്കെ എത്ര പേരുടെ കാര്യങ്ങൾ നോക്കുന്നതാ. ഒരു ഗവണ്മെന്റ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ എന്ന് വെച്ചാൽ നിനക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് എന്റെ തലയിൽ കൂടെ ഓടുന്നത്. എനിക്കില്ലല്ലോ ഈ മറവി. ഇതൊക്കെ ഒരു തരം എസ്ക്യൂസ് ആണ്. നീയല്ലെങ്കിലും ഈയിടെ ഈ ലോകത്തൊന്നുമല്ല. ഏതുനേരം നോക്കിയാലും ഒന്നുകിൽ ചിന്ത അല്ലെങ്കിൽ ക്ഷീണമാണെന്ന് പറഞ്ഞു കിടപ്പും. ഞാനിതൊന്നും അറിയുന്നില്ലെന്ന് നീ കരുതരുത്. ”
നീരസത്തോടെയാണ് ഞാനത് പറഞ്ഞത്. കഴിക്കാൻ ഇരിക്കുമ്പോൾ ആന്റപ്പൻ രഹസ്യമായി എന്നോട് പറഞ്ഞു.
“മമ്മിക്കീയിടെ മൊബൈൽ യൂസ് കൂടുതലാ. എപ്പോഴും ഫോൺ വിളിയാ.. പിന്നെ ഫോട്ടോയെടുപ്പും വീഡിയോ എടുപ്പും. എവിടെ ചെന്നാലും എല്ലാരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കലാ മമ്മിയുടെ പണി. ”
അവളുടെ ഫോൺ ഒന്ന് വാങ്ങി ചെക്ക് ചെയ്യണം എന്ന് ഞാൻ വിചാരിച്ചു.
പുതിയ ചുരിദാറിനു അയ്യായിരം പോയ വിഷമത്തിൽ വീട്ടിൽ വന്നു കയറുമ്പോഴാണ് അവളുടെ ചോദ്യം, വൈകിട്ട് ഒരു സിനിമയ്ക്കും പോയി ഭക്ഷണം പുറത്തു നിന്ന് കഴിച്ചാലോ എന്ന്.
” ഒരാഴ്ച മുഴുവൻ ഹോട്ടലിലെ ചപ്പും ചവറും തിന്നു മടുത്തിട്ട് വല്ലതും വായക്ക് രുചിയായിട്ട് കഴിക്കാമല്ലോ എന്നോർത്താണ് ഈ ശനിയാഴ്ച രാത്രി ഓടിപ്പിടിച്ചു വരുന്നത്. അപ്പോഴും പുറത്ത് നിന്ന് കഴിക്കുന്ന കാര്യം പറയാതെ ഡെയ്സി. ”
” ഇച്ചായാ, എന്നും അടുക്കളയിൽ കിടക്കുന്ന എനിക്കും എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ? എന്നെങ്കിലും ഞാൻ ഉണ്ടാക്കുന്നതല്ലാതെ വേറെ ഒന്ന് കഴിക്കാനും നിങ്ങളോടൊപ്പം പുറത്ത് പോകാനും എനിക്കും ആഗ്രഹമുണ്ടാവില്ലേ?”
അവൾ പതിവില്ലാതെ ശബ്ദമുയർത്തി.
” നിന്റെ സീരിയൽ കാഴ്ച ഒന്ന് കുറയ്ക്ക്. അപ്പോൾ സ്വപ്നലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരും..ദാ ആവോലി വാങ്ങിയിട്ടുണ്ട്. എന്റെ മോൾ തത്കാലം ഇതുകൊണ്ടുപോയി വറുക്ക്. ”
എനിക്കും ദേഷ്യം വന്നു. അവൾ പിന്നൊന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.
ഒരടുപ്പിൽ കുക്കറിൽ ചോറും ഒരടുപ്പിൽ
മീൻ വറുക്കാനും വെച്ചിട്ട് അയൽവക്കത്തെ മായ മതിലിനരുകിൽ നിന്ന് വിളിച്ചപ്പോൾ അങ്ങോട്ട് പോയി.. സംസാരിച്ചു നിൽക്കുന്നതിനിടയിൽ കുക്കർ രണ്ടുവിസിൽ കൂടുതൽ അടിച്ചു, മീനിന്റെ ഒരു വശം കരിഞ്ഞും പോയി. എനിക്കുണ്ടായ ദേഷ്യം അതിരു വിട്ടു. മീൻ ചട്ടിയോടെ എടുത്തു ഞാൻ മുറ്റത്തേക്കിട്ടു.
” നീ എന്ത് തോന്നിവാസമാ ഈ കാണിക്കുന്നേ. എത്ര രൂപയുടെ സാധനം ആണ് ഈ കരിച്ചു വെച്ചേക്കുന്നേ.. എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം. അല്ലാതെ… ”
” ഇച്ചായാ, ഞാൻ സംസാരത്തിനിടയിൽ വിട്ടു പോയി. മനപ്പൂർവം അല്ല. അറിഞ്ഞോണ്ട് ഞാൻ അങ്ങനെ ചെയ്യുവോ? ”
അവളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.
” എന്താ നിന്റെ പ്രശ്നം. അത് പറ. എന്നെയും മക്കളെയും നോക്കാൻ പറ്റാത്തതാണോ? അതോ വല്ല മാനസിക രോഗമാണെങ്കിൽ വല്ല ഡോക്ടറെയും കാണിക്കാം. അതുമല്ല, ഇനിയിപ്പോ ഈ പ്രായത്തിൽ വേറെ വല്ലവരും മനസ്സിൽ കേറിയിട്ടുണ്ടെങ്കിൽ…. ”
” ഇച്ചായാ… ”
അവളുടെ അന്താളിച്ച മുഖത്തേക്ക് നോക്കിയപ്പോൾ പറയാൻ വന്നത് ഞാൻ അടക്കി. പേടിച്ച മുഖത്തോടെ ആന്റപ്പനും മുന്നിൽ. കരഞ്ഞുകൊണ്ട് അവൾ അകത്തേക്ക് ഓടിയപ്പോൾ വേണ്ടിയിരുന്നില്ല എന്ന തോന്നൽ എന്നെ അലട്ടി.
ഞാൻ പതുക്കെ മോനെയും വിളിച്ചു സോഫയിൽ പോയിരുന്നു. അവിടെ മേശപ്പുറത്ത് അവളുടെ ഫോൺ കിടപ്പുണ്ടായിരുന്നു. വെറുതെ ഒന്നെടുത്ത് നോക്കി. ഗാലറിയിൽ നിറയെ ഫോട്ടോകൾ . കൂടുതലും അവളുടെയും കുട്ടികളുടെയും. കുട്ടികളുടെ സംസാരവും കളിയുമൊക്കെ വീഡിയോ എടുത്തു വെച്ചിരിക്കുന്നു. ഞങ്ങളുടെ മാത്രം എന്ന് പറയാൻ അധികമില്ല. അവൾ ഫോട്ടോക്ക് വിളിച്ചാൽ ഞാൻ പോകാറില്ല. കുട്ടിക്കളിയുടെ പ്രായം കഴിഞ്ഞെന്നാണ് ഞാൻ പറയാറ്. എങ്കിലും ഞാനും കുട്ടികളും കൂടെ ഇരിക്കുന്നതും കഴിക്കുന്നതും ഓക്കേയുണ്ട്. കൂടുതലും ഞാനറിയാതെ പകർത്തിവെച്ചിരിക്കുന്നു. ഒരുപാട് അലാറം സെറ്റ് ചെയ്തിട്ടുണ്ട്. എഴുന്നേൽക്കാൻ, കുട്ടികൾ സ്കൂളിൽ പോകുന്ന സമയം, കുട്ടികൾ വരുന്ന സമയം. പിന്നെ കുട്ടികളുടെ സ്കൂളിലേ മീറ്റിംഗുകൾ ഒക്കെ റിമൈന്റർ ഇട്ടിട്ടുണ്ട്. പിന്നെ കോൾ ഹിസ്റ്ററിയിൽ അസ്വഭാവികതയൊന്നും തോന്നിയില്ല. ബന്ധുക്കളെയൊക്കെ കുറെ തവണ വിളിച്ചിരിക്കുന്നു. യൂട്യൂബിൽ എന്തൊക്കെയോ ഫുഡ് വ്ലോഗുകൾ ഫോളോ ചെയ്തിരിക്കുന്നു. അതിൽ പലതും അവൾ സ്ഥിരമായി ഉണ്ടാക്കിയിരുന്ന ഐറ്റംസ് ആണ്. ഇവൾക്കിതെന്ത് പറ്റി എന്ന് ഞാനോർത്തു.
അന്നവൾ എന്നോട് മിണ്ടിയതെ ഇല്ല. അവളുടെ ഫോണും എടുക്കുന്നത് കണ്ടില്ല. ഞാനും മിണ്ടിയില്ല. വെളുപ്പിനെ എണീറ്റ് സ്ഥിരം പോകുന്ന ട്രെയിനിൽ തിരിച്ചു പോയി. ഇടയ്ക്ക് ഫോൺ എടുത്തു അവൾ ഓൺലൈൻ ഉണ്ടോ എന്ന് നോക്കി, ഇല്ല. സാധാരണ ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കുന്നതാ. ഇന്ന് അതും കണ്ടില്ല. വാശിയാണേൽ അവിടെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.
സംഗതി ഞാൻ വിചാരിച്ചതിലും സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായത് വൈകിട്ട് മോൻസിച്ചായൻ വിളിച്ചപ്പോഴാണ്. പുറത്ത് വെച്ച് അച്ചായനെ കണ്ടിട്ട് അവൾ മൈൻഡ് ചെയ്തില്ല പോലും. എന്റെ വലിയമ്മയുടെ മോനാണ് മോൻസിച്ചായൻ. പണ്ട് ഒത്തിരി സഹായിച്ചിട്ടുള്ള ആളാണ്. ഈയിടെ തിരക്ക് മൂലം അധികം അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ല. ഇച്ചായൻ ചെറിയ കാര്യത്തിന് പിണങ്ങുന്ന ആളാണ്. ഇച്ചായൻ കേറി മിണ്ടിയിട്ടും അവൾ ആകെ താല്പര്യക്കുറവ് കാണിച്ചെന്ന്.
അപ്പോൾ തന്നെ ഞാൻ അവളെ വിളിച്ചു കാര്യം അന്വേഷിച്ചു. അവളുടെ ഉത്തരം എന്നെ ഞെട്ടിച്ചു. അവൾക്ക് മോൻസിച്ചായനെ മനസ്സിലായില്ലത്രേ. ഇനിയെന്താ ചെയ്യേണ്ടേ എന്നചോദ്യത്തിന് ഞാൻ വന്നിട്ട് നമുക്ക് ഒന്നിച്ചു അവിടെ വരെ പോയി ഇച്ചായന്റെ പിണക്കം തീർക്കാം എന്നുത്തരം കൊടുത്തെങ്കിലും എന്റെ മനസ് അസ്വസ്ഥമായി..മോൻസിച്ചായനെപ്പോലും തിരിച്ചറിയാതിരിക്കാൻ ഇപ്പോൾ എന്തായിരിക്കും കാരണം എന്ന് എന്റെ മനസ്സിനെ അലട്ടി.
എന്തായാലും രണ്ടുദിവസം ലീവ് എടുത്തു ഞാൻ വീട്ടിലേക്ക് പോയി. വെറുതെ അവളുടേതായ എല്ലാം നോക്കി. അടുക്കളയിൽ ഓരോ പാത്രവും ലേബൽ ചെയ്തിരിക്കുന്നു. അരി, പഞ്ചസാര, ഉപ്പ്, മുളക് അങ്ങനെ എല്ലാം. അലമാരയിൽ ഓരോ ഡ്രസ്സ് വെക്കുന്ന സ്ഥലം പോലും രേഖപ്പെടുത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചത് അതൊന്നുമായിരുന്നില്ല. ഒരു ആൽബത്തിൽ ഓരോരുത്തരുടെയും ഫോട്ടോ വെച്ച് അത് ആരുടെയാണെന്ന് എഴുതി വെച്ചിരിക്കുന്നു.
അന്ന് രാത്രി ഞാൻ അവളോട് ശാന്തമായി സംസാരിച്ചു.
” എനിക്കെന്താ സംഭവിക്കുന്നത് എന്നറിയില്ല ഇച്ചായാ.. ഞാനെല്ലാം മറന്നു പോകുന്ന പോലെ..ആളുകൾ, അവരുടെ പേരുകൾ, ചെയ്യേണ്ടുന്ന കാര്യങ്ങൾ, എല്ലാം. ”
അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. അവളോടൊപ്പം ഞാനും. അറിയാതെ പോയതിന്. അവൾ ഇത്രമാത്രം മാനസിക സമ്മർദ്ദം അനുഭവിക്കുന്നത് മനസ്സിലാക്കാതെ പോയതിനെ ഓർത്ത്..
പിറ്റേദിവസം തന്നെ സുഹൃത്തായ ന്യൂറോളജിസ്റ്റ് ഡോക്ടർ നിഷാദിന്റെ അടുത്ത് കൊണ്ടുപോയി. ചില ടെസ്റ്റുകൾ, സ്കാനുകൾ. ഏർലി സ്റ്റേജ് ഓഫ് ആൽഴിമേഴ്‌സ്.
“ചിലർക്കിത് വളരെ പതുക്കെയെ പ്രോഗ്രസ്സ് ചെയ്യുകയുള്ളൂ. ചില കേസിൽ പെട്ടെന്നും ആകാറുണ്ട്. രോഗിയെ നന്നായി ശ്രദ്ധിക്കണം. ഇപ്പോൾ ഫിസിക്കൽ സിംപ്‌റ്റംസ് ഇല്ല. പതുക്കെ അതും ഡെവലപ്പ് ആകും. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നോക്കേണ്ടി വരും. സിനിമകളിലൊക്കെ കണ്ടിട്ടില്ലേ? ”
നിഷാദ് പറഞ്ഞു നിർത്തി.
അവിടം മുതൽ ഞാൻ തകരുകയായിരുന്നു. ഞാൻ കുറച്ചു കൂടെ അവളെ മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു. അവളെ കേൾക്കണമായിരുന്നു. എങ്കിൽ, അവളുടെ ബുദ്ധിമുട്ട് അവൾ സ്വയം പരിഹരിക്കാൻ ശ്രമിക്കാതെ എന്നോടെങ്കിലും പറഞ്ഞേനെ.
വീട്ടിൽ ചെന്നു ആദ്യം ചെയ്തത് മക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കുക യായിരുന്നു. പിന്നെ ട്രാൻസ്ഫറിനു അപ്ലൈ ചെയ്തു. സഹായത്തിന് അയൽവക്കത്ത് ഉള്ള ഒരു സ്ത്രീയെ നിർത്തി.
” എനിക്ക് പേടിയാണിച്ചായാ, ഞാൻ നിങ്ങളെപ്പോലും മറന്നുപോയാലോ? ”
അന്ന് രാത്രി എന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അവൾ ചോദിച്ചു.
” നീ മറന്നാലും എനിക്ക് ഓർമയുണ്ടല്ലോ നീ എന്റെ ആരാണെന്ന്. അതുമതി. ”
ചങ്കുപൊടിഞ്ഞാണ് ഞാൻ അത് പറഞ്ഞത്.
” ഇനി നമുക്കൊരുപാട് യാത്രപോകണം,ഞാൻ ആഗ്രഹിച്ചിടത്തെല്ലാം. ഒത്തിരി ഫോട്ടോ എടുക്കണം. കുറച്ചു കൂടെ കഴിഞ്ഞാൽ എനിക്കിനി ഒന്നിനും പറ്റാതെ വന്നാലോ. ”
ഞാൻ പതുക്കെ മൂളി അവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു.
ഒരുറപ്പേ എനിക്കിനി തരാൻ കഴിയൂ, ഇനി ഞാനുണ്ടാകും നിന്നോടൊപ്പം, നീ ഏതവസ്ഥയിലായാലും പൊന്നുപോലെ നോക്കാൻ. ഇതുപോലെ നെഞ്ചോട് ചേർത്ത് പിടിക്കാൻ…..
ജെയ്നി റ്റിജു
