✍️ ഹേര
രാഹുലേട്ടാ… ഇന്ന് എന്നെ കൂട്ടാൻ വരുമോ. എന്റെ ഡ്യൂട്ടി 4 മണിക്ക് കഴിയും.
ഉച്ചക്ക് ലഞ്ചു ബ്രേക്കിന് ഇടയിലാണ് സ്വാതി രാഹുലിനെ വിളിച്ചു അത് ചോദിച്ചത്.
എന്റെ ഡ്യൂട്ടി കഴിയാൻ 6 മണി ആകും സ്വാതി. അതുകൊണ്ട് നീ ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പൊയ്ക്കോ.
എന്നാ ശരി… ഞാൻ ഓട്ടോ പിടിച്ചു പോകാം. നേരത്തെ വരാൻ നോക്ക് ട്ടോ. നാളെ നമുക്ക് ഓഫ് അല്ലെ. അതുകൊണ്ട് രാത്രി ഒരു സിനിമയ്ക്ക് പോകാം.
പോകാം.. നീ ടിക്കറ്റ് ഒക്കെ എടുത്ത് വയ്ക്ക്. നമുക്ക് പോകാം.
ചിരിയോടെ പറഞ്ഞിട്ട് രാഹുൽ ഫോൺ കട്ട് ചെയ്തു.
സ്വാതി വേഗം ഭക്ഷണം കഴിച്ച ശേഷം ഡ്യൂട്ടിക്ക് തിരികെ കയറി.
വൈകുന്നേരം 4 മണിയോടെ ഓഫീസിൽ നിന്നും ഈവെനിംഗ് ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങിയ സ്വാതി ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി.
അവളുടെ ഓഫീസിൽ നിന്നും രാഹുലിന്റെ വീട്ടിലേക്കു ഒരു അര മണിക്കൂർ ദൂരമേ ഉള്ളു.
ഗേറ്റിന് മുന്നിൽ അവൾ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. അന്ന് പതിവിന് വിപരീതമായി വീടിന്റെ മുൻവാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോ സ്വാതിക്ക് സംശയമായി.
അവൾ ജോലി കഴിഞ്ഞു വരുമ്പോ വീടിന്റെ ഉമ്മറത്ത് രാഹുലിന്റെ അമ്മ ഉണ്ടാകാറുള്ളതാണ്.
അപ്പോഴാണ് അന്ന് ശനിയാഴ്ച ആയത് കൊണ്ട് അമ്മ കുടുംബശ്രീക്ക് പോയതാകുമെന്ന് അവൾ ഓർത്തത്.
രാഹുലിന്റെ അമ്മയെ കൂടാതെ അവിടെ അവന്റെ ചേച്ചിയും ഉണ്ട്. ഭർത്താവ് ഗൾഫിൽ ആയത് കൊണ്ട് ചേച്ചിയായ രേഷ്മ അവിടെ തന്നെയാണ് നിൽക്കുന്നത്. കല്യാണം കഴിഞ്ഞു വർഷം 5 കഴിഞ്ഞെങ്കിലും അവർക്ക് കുട്ടികൾ ഒന്നുമില്ല.
രാഹുലിന്റേം സ്വാതിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ.
ഗേറ്റ് തുറന്ന് അകത്ത് കയറിയ സ്വാതി കോളിങ് ബെൽ അടിച്ചെങ്കിലും കറന്റ് ഇല്ലാത്തത് കൊണ്ട് ബെൽ ശബ്ദം കേട്ടില്ല. അവൾ കുറച്ചു സമയം വാതിൽ മുട്ടി വിളിച്ചെങ്കിലും രേഷ്മ വാതിൽ തുറന്നില്ല.
സ്വാതി ബാഗിൽ നിന്നും മൊബൈൽ എടുത്ത് രേഷ്മയെ വിളിച്ച് നോക്കി. പക്ഷേ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. അവൾ ഫോണും കയ്യിൽ പിടിച്ച് വീടിന്റെ പുറക് ഭാഗത്തേക്ക് നടന്നു. അവിടെത്തെ വാതിൽ പൂട്ടിയിട്ടില്ലെങ്കിൽ അതുവഴി ഉള്ളിൽ കയറാമെന്ന് സ്വാതി ചിന്തിച്ചു.
എന്തായാലും ഭാഗ്യത്തിന് പിന്നിലെ അടുക്കള വാതിൽ ചേർത്ത് അടച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് തള്ളിയപ്പോ വാതിൽ തുറന്ന് വന്നു.
രേഷ്മ ഉറങ്ങുകയായിരിക്കും എന്ന് വിചാരിച്ചു കൊണ്ട് അടുക്കള വഴി ഹാളിലേക്ക് കടന്ന സ്വാതി രേഷ്മയുടെ റൂമിന് മുന്നിലൂടെ തന്റെ മുറിയിലേക്ക് നടന്നു.
അടഞ്ഞ് കിടക്കുന്ന വാതിലിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറിയതും അവിടെ അരങ്ങേറുന്ന കാഴ്ച കണ്ട് ഞെട്ടി.
രാഹുലിന്റെ ചേച്ചി രേഷ്മ ഏതോ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. നൂൽ ബന്ധമില്ലാതെ ഇരുവരും കട്ടിലിൽ കിടന്ന് കെട്ടിമറിയുന്നത് കണ്ട് അവൾ അറപ്പോടെ മുഖം തിരിച്ചു.
രേഷ്മയും കാമുകനും സ്വാതി വന്ന് വാതിൽ തുറന്നത് പോലുമറിയാതെ അവരുടേതായ ലോകത്തായിരുന്നു.
ചേച്ചി… ഈ സമയത്ത് ഇങ്ങോട്ടാരും വരില്ലല്ലോ അല്ലേ?
രേഷ്മയുടെ കൂടെയുള്ളവൻ ചോദിച്ചു.
ആര് വരാനാ… അമ്മ കുടുംബശ്രീ കഴിഞ്ഞു വരാൻ 6 മണിയാകും. രാഹുലിന്റെ ഡ്യൂട്ടി കഴിയാനും 6 മണി ആകും. അവന്റെ ഭാര്യ അവന്റെ കൂടെ വരുന്നത് കൊണ്ട് നമ്മൾ സേഫ് ആണ്.
അവന്റെ കരലാളനങ്ങളിൽ മയങ്ങി പോയ രേഷ്മ കുറുകലോടെ പറഞ്ഞു കൊണ്ട് അവനെ തന്നിലേക്ക് അമർത്തി.
അതേസമയം അവരുടെ സംഭാഷണങ്ങൾ കേട്ട് കൊണ്ട് നിന്ന സ്വാതി ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ ശക്തിയായി വാതിലടച്ചു കൊണ്ട് ഫോണിൽ രാഹുലിനെ വിളിച്ചു.
ഉച്ചത്തിൽ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടതും രേഷ്മയും അവളുടെ കാമുകനും ഞെട്ടലോടെ എഴുന്നേറ്റു.
ചേച്ചി ആരോ വന്നെന്ന് തോന്നുന്നല്ലോ.
അവന്റെ മുഖത്ത് ഭയം നിറഞ്ഞു.
അയ്യോ ഞാനൊന്ന് പോയി നോക്കട്ടെ. ഈ റൂമിൽ തന്നെ വന്ന് കേറണമെങ്കിൽ വന്നത് സ്വാതി ആയിരിക്കും.
രേഷ്മ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്തു ധരിച്ചു കൊണ്ട് വാതിലിനു നേർക്ക് ഓടി.
അതേസമയം ഹാളിൽ നിന്ന് രാഹുലിനെ വിളിക്കുകയായിരുന്നു സ്വാതി. ആദ്യ തവണ വിളിച്ചിട്ട് അവൻ എടുക്കാത്തത് കൊണ്ട് അവൾ രണ്ടാമതും അവനെ വിളിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറയാനായിരുന്നു സ്വാതി രാഹുലിനെ വിളിച്ചത്. പക്ഷേ അവൾ അവനെ രണ്ടാമത് വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്ന രേഷ്മ സ്വാതിയുടെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങിയത്.
ഇവിടെ കണ്ടത് ആരോടെങ്കിലും പറയാനാണ് നിന്റെ ഭാവമെങ്കിൽ എന്റെ യഥാർത്ഥ മുഖം നീ കാണും.
രേഷ്മ ചൂണ്ട് വിരൽ ഉയർത്തി അവളെ ഭീഷണിപ്പെടുത്തി.
ചേച്ചിയുടെ യഥാർത്ഥ മുഖം ഞാൻ കുറച്ചു മുൻപ് കണ്ടു. നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഭർത്താവ് ഗൾഫിൽ കിടന്ന് കഷ്ടപ്പെടുമ്പോ നിങ്ങളീ പണി ചെയ്യില്ലായിരുന്നല്ലോ. ഞാനെന്തായാലും ഇത് രാഹുലേട്ടനോട് പറയും. നിങ്ങളുടെ ഭർത്താവിനെയും വിളിച്ചറിയിക്കാൻ പറയും ഞാൻ. അദ്ദേഹം അവിടെ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് വാങ്ങി ഇവിടെ വേറൊരുത്തന് കിടന്നു കൊടുക്കാൻ നിങ്ങൾക്ക് ഇത്തിരിയെങ്കിലും നാണമുണ്ടോ. മനസാക്ഷി എന്നുമുണ്ടായിരുന്നെങ്കിൽ ചേച്ചി ഇങ്ങനെയൊരു തെറ്റ് ചെയ്യില്ലായിരുന്നു.
സ്വാതി വീറോടെ പറഞ്ഞു.
നീയിത് രാഹുലിനോട് പറയുമോ?
രേഷ്മ അവളെ തുറിച്ചു നോക്കി.
പറയും.
സ്വാതി പറഞ്ഞു.
അപ്പോൾ അവിടേക്ക് രേഷ്മയുടെ കാമുകനും ഇറങ്ങി വന്നു. സ്വാതി ഒരു നിമിഷം രേഷ്മയുടെ കാമുകൻ ആരാണെന്ന് നോക്കി. അത് തൊട്ട് അയല്പക്കത്തെ മഹേഷ് ആണെന്ന് കണ്ടതും അവൾ ഞെട്ടിപോയി. അടുത്ത മാസം കല്യാണം നടക്കാനിരിക്കുന്ന പയ്യനാണ്. 27 വയസ്സ്. രാഹുലിന്റെ ചേച്ചിക്ക് വയസ്സ് 25.
മഹേഷേ… ഞാനും നീയും തമ്മിൽ ബന്ധമുണ്ടെന്ന് ആരും അറിയാൻ പാടില്ല. അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാവുക ഞാൻ പറയണ്ടല്ലോ. അതുകൊണ്ട് നമുക്കിവളെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടു കൊല്ലാം. മുകളിൽ കഴുകിയിട്ട തുണി എടുക്കാൻ പോയപ്പോ കാല് വഴുതി വീണതാണെന്ന് എല്ലാവർക്കും തോന്നുന്ന രീതിയിൽ വേണം എല്ലാം ചെയ്യാൻ.
ഗൾഫിലുള്ള ഉദയേട്ടൻ എങ്ങാനും കാര്യം അറിഞ്ഞാൽ അങ്ങേര് വന്ന് എന്നേം നിന്നേം കൊല്ലും. രാഹുൽ അറിഞ്ഞ അവൻ ഇത് ഏട്ടനോട് പറഞ്ഞില്ലെങ്കിലും എന്നെ ഇവിടുന്ന് ഇറക്കി വിടും. നിനക്കും നല്ലോണം കിട്ടും. ചിലപ്പോൾ ഇതിന്റെ പേരിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിന്റെ കല്യാണം പോലും മുടങ്ങിയേക്കാം. അതുകൊണ്ട് ഞാൻ പറഞ്ഞതുപോലെ ഇവളെ കൊല്ലുന്നതാണ് നമുക്ക് രണ്ടുപേർക്കും നല്ലത്.
രേഷ്മ പറഞ്ഞത് കേട്ടതും അവനൊന്ന് ഞെട്ടി.
കൊല്ലണോ ചേച്ചി… ഇതൊക്കെ പിന്നെ വല്യ പൊല്ലാപ്പാകും കേട്ടോ.
മഹേഷിന് നല്ല പേടി ഉണ്ടായിരുന്നു.
ഇവളെ ഇപ്പോ കൊന്നില്ലെങ്കി നിന്റെ കല്യാണം മുടങ്ങും.
രേഷ്മ പറഞ്ഞു.
കനത്ത സ്ത്രീധനം വാങ്ങിയാണ് മഹേഷ് ഏതോ പെൺകുട്ടിയെ കല്യാണം കഴിക്കാൻ പോകുന്നത്. അവളിൽ നിന്ന് കിട്ടുന്ന സ്ത്രീധനം വാങ്ങി ബിസിനസ് ഒക്കെ തുടങ്ങി രക്ഷപ്പെടാം എന്ന ചിന്തയിലാണ് അവൻ.
എന്റെ പൊന്നു ചേച്ചി… എന്നെ വിട്ടേക്ക്. നിങ്ങളാണ് എന്നെ കയ്യും കണ്ണും കാണിച്ചു വശീകരിച്ച് ഈ ബന്ധം ഇവിടെ വരെ എത്തിച്ചത്. ഒരാളെ കൊല്ലാൻ മടിയില്ലാത്ത നിങ്ങൾ നാളെ ചിലപ്പോ എന്നെ വേണമെങ്കിലും കൊല്ലാം. അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക്.
അത് പറഞ്ഞു കൊണ്ട് മഹേഷ് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി പോയി.
ആ കാഴ്ച കണ്ട് സ്വാതി ചിരിച്ചു പോയി. ശേഷം അവൾ പെട്ടെന്ന് തന്നെ രേഷ്മയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി.
ചേച്ചിക്ക് ഇനി തൂങ്ങി ചാകുന്നതാണ് നല്ലത്. കാരണം രാഹുലേട്ടൻ വരുമ്പോൾ ഞാൻ എന്തായാലും ഇക്കാര്യം പറയും. തെളിവിനു നിങ്ങൾ ഒരുമിച്ച് കെട്ടിപിടിച്ചു കുത്തി മറിഞ്ഞത് ഞാൻ എന്റെ ഫോണിൽ വീഡിയോ എടുത്തിട്ടുണ്ട്. അതുകൊണ്ട് സ്വയം ചത്തൊടുങ്ങിയാൽ മാനഹാനിയെങ്കിലും ഒഴിവാക്കാം. ഒരാഴ്ച ഞാൻ നിങ്ങൾക്ക് സമയം തരും. അതിനിടെ എനിക്കിട്ട് പണി തരാൻ നിൽക്കാതെ നിങ്ങൾ സ്വയം ചത്താൽ ഈ വീഡിയോ ആരും കാണില്ല നിങ്ങൾക്ക് ഇങ്ങനെ ഒരു ബന്ധമുള്ളതും ആരും അറിയില്ല. അതുകൊണ്ട് എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിച്ചോ.
അത്രയും പറഞ്ഞുകൊണ്ട് സ്വാതി റൂമിലേക്ക് കയറിപ്പോയി. ഫോണിൽ വീഡിയോ എടുത്ത് എന്നൊക്കെ അവൾ വെറുതെ രേഷ്മയെ പേടിപ്പിക്കാൻ പറഞ്ഞതാണ്. സ്വന്തം മുഖം രക്ഷിക്കാൻ ഒരാളുടെ ജീവനെടുക്കാൻ തീരുമാനിച്ചവൾ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് തന്നെയാണെന്ന് കരുതിയതുകൊണ്ടാണ് സ്വാതി അങ്ങനെയൊക്കെ രേഷ്മയോട് പറഞ്ഞത്.
എല്ലാം കേട്ട് ഞെട്ടി നിൽക്കാനേ രേഷ്മയ്ക്ക് ആയുള്ളൂ. ഇങ്ങനെയൊരു തിരിച്ചടി അവൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു മരപ്പാവ കണക്കെ രേഷ്മ തന്റെ മുറിയിലേക്ക് കയറി പോയി.
ആ സംഭവത്തിനുശേഷം കൃത്യം അഞ്ചാം ദിവസം രേഷ്മ സാരി തുമ്പിൽ തന്റെ ജീവിതം അവസാനിപ്പിച്ചു. സ്വാതി പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് അവൾക്കറിയാം. അതുകൊണ്ടുതന്നെ ജീവിച്ചിരുന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തോർത്ത് മരിക്കുന്നത് തന്നെയാണ് നല്ലതെന്ന് ചിന്തിച്ച് രേഷ്മ ഒട്ടും ആഗ്രഹമില്ലാതെയാണ് ആത്മഹത്യ തിരഞ്ഞെടുത്തു സ്വയം മരണം വരിച്ചത്.
ഹേര
