“കഴുത്തിൽ അലങ്കാരം കാണിക്കാൻ തൂക്കിയിടുന്ന താലിയും മുഖത്തിന് ചന്തം കൂട്ടാൻ നെറ്റിയിൽ വാരി പൊത്തുന്ന ചുവന്ന ചായവുമൊന്നുമല്ല നിധീ കല്യാണം എന്നു പറയുന്നത്…. ”
“രജിസ്റ്റർ ഓഫീസിൽ ഇന്നു നീയ്യിട്ട ആ ഒപ്പിലൂടെ നിൻ്റെ കല്യാണം കഴിഞ്ഞു… ആ ഒപ്പിട്ട സമയം മുതൽ നീ ശബരിയുടെ ഭാര്യയാണ് ….
“ഇന്നു മുതൽ നീ താമസിക്കേണ്ടതും അവന്റെ വീട്ടിൽ അവനൊപ്പമാണ്… ഇവിടെയാരും നിന്റെ കഴുത്തിലെ താലിയോ നിറുകയിലെ സിന്ദൂരമോ നോക്കി നിന്റെ സ്റ്റാറ്റസ് വിധിക്കില്ല… ഇതു നിന്റെയാ പട്ടിക്കാട്ട് ഗ്രാമത്തിലെ ഓണം കേറാ മൂലയല്ല … ബാംഗ്ലൂരാണ്…. ബാംഗ്ലൂർ…
നീ വെറുതെ നിന്ന് തിരിഞ്ഞു കളിക്കാതെ ശബരിയുടെ പപ്പയും അമ്മയും അവനും വരുമ്പോഴേയ്ക്കും ഒരുങ്ങി നിൽക്കാൻ നോക്ക്… നിന്നെ അവർക്കൊപ്പം പറഞ്ഞയച്ചിട്ടു വേണം എനിയ്ക്കും ജോസ്ച്ചായനും നൈറ്റ് ഷിഫ്റ്റിന് ഓഫീസിൽ കേറാൻ…..
നിന്റെ സാധനങ്ങളെല്ലാം ദാ ഈ ട്രോളിയിലാക്കിയിട്ടുണ്ട് ഞാൻ… എല്ലാം വെച്ചിട്ടുണ്ട്… അവിടെ ചെന്ന് നോക്കുമ്പോൾ ഒന്നും ഇല്ലാതാവില്ല.. എല്ലാം ഉണ്ട്…
ബെഡ്ഡിലിരിയ്ക്കുന്ന ട്രോളിയിലേക്ക് കയ്യിലെ ഒന്നു രണ്ടു പാക്കറ്റുകൾ കൂടി വെച്ച് നിത പറയുമ്പോൾ വെറുതെയൊന്നു തലയാട്ടി അമ്മയെ നോക്കി നിധി…
താൻ പോവുന്നതിന്റെയോ തന്നെ പറഞ്ഞയക്കുന്നതിന്റെയോ എന്തെങ്കിലും വിഷമം ആ അമ്മമുഖത്തുണ്ടോ എന്നു വെറുതെ തിരഞ്ഞവൾ…. ഒന്നുമില്ല പകരം താൻ പോവാൻ വേണ്ടി ഒരുങ്ങാൻ വൈകുന്നതിന്റെ അക്ഷമ ആവോളമുണ്ട് താനും..
അവരിലത്തരം ഭാവങ്ങൾ തിരഞ്ഞ തന്നോടു തന്നെയൊരു പുച്ഛം തോന്നിയവൾക്കുള്ളിൽ….
താലിക്കെട്ടിയ ഭർത്താവിനേം നൊന്തു പ്രസവിച്ച ചോര കുഞ്ഞിനേം യാതൊരു വിഷമവുമില്ലാതെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയവൾക്കെന്തു വിഷമം വരാൻ ……
തനിയ്ക്കു വേണ്ടിയെങ്കിലും തിരിച്ചുവരണമെന്നവരുടെ കാലിൽ വീണു കിടന്ന് തന്റെ അച്ഛൻ കരഞ്ഞിട്ടും തന്നെയോ അച്ഛനെയോ തിരിഞ്ഞു നോക്കാതെ അന്നു പോയവൾക്കല്ലേ ഇന്നു വിഷമം…
അച്ഛൻ എന്ന ചിന്തയിൽ പോലും നിറഞ്ഞവളുടെ കണ്ണുകൾ…
“നിധി റെഡിയായില്ലേ നിതേ…. ?
അവരെല്ലാം റെഡിയായ് ഇപ്പോഴെത്തും…. അവർക്കൊപ്പം പോവാൻ റെഡിയായ് കഴിഞ്ഞോ അവൾ…?
ഒരു ചോദ്യത്തോടെ നിതയുടെ ഭർത്താവ് ജോസഫ് ആ മുറിയിലേക്കെത്തി നോക്കി നിതയോടു ചോദിക്കുമ്പോൾ ,തന്നെ എത്രയും പെട്ടന്നവിടെ നിന്ന് പറഞ്ഞയക്കാനുള്ള അയാളുടെ തിരക്കും വെപ്രാളവും ആ മുഖത്തു നിന്ന് എളുപ്പത്തിൽ വായിച്ചെടുത്തു നിധി…
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ എത്രയും പെട്ടെന്ന് ഒഴിവാക്കി വിടാനുള്ള തിരക്കുണ്ടയാളുടെ പ്രവർത്തിക്കളിൽ…
തന്റെ അച്ഛന് അപകടം പറ്റി കിടപ്പിലായ് പോയപ്പോൾ ആകെയുള്ള കിടപ്പാടം കൂടി പണയപ്പെടുത്തിയാണ് താനും അച്ഛമ്മയും അച്ഛനെ ചികിൽസിച്ചത്…
“പക്ഷെ എല്ലാ ചികിൽസയും പരാജയപ്പെട്ടൊടുവിൽ അച്ഛൻ മരണത്തിനു കീഴടങ്ങിയപ്പോൾ അതുൾക്കൊള്ളാൻ സാധിക്കാതെ അച്ഛമ്മയും മരണത്തിലൂടെ തന്നെ ഒറ്റപ്പെടുത്തി അച്ഛന് കൂട്ടു പോയ്…
തല ചായ്ക്കാൻ ഒരു കിടപ്പാടം പോലുമില്ലാത്ത താൻ ബന്ധുകൾക്ക് ഭാരമായത് പെട്ടന്നാണ്…
എത്ര പെട്ടന്നാണവർ ഒരിക്കൽ തന്നെ ഉപേക്ഷിച്ചു പോയ തന്റെ അമ്മയെ തേടി കണ്ടെത്തിയതും തന്നെ അവരുടെ കയ്യിൽ ഏൽപ്പിച്ച് ഭാരം ഒഴിവാക്കിയതും…
ഓർമ്മയിൽ പോലുമൊരു മുഖമില്ലാത്ത സ്ത്രീയായിരുന്നു
തനിയ്ക്കതുവരെ അമ്മ…
ഒരിക്കലും അങ്ങനൊരാളുടെ കുറവ് താനറിയരുത് എന്ന വാശിയിൽ യാതൊരു കുറവുമറിയിക്കാതെ തന്നെയാണ് തന്നെ അച്ഛനും അച്ഛമ്മയും വളർത്തിയത്… എന്നാലിപ്പോഴോ….?
അങ്ങനെയൊരു ചോദ്യം ഉള്ളിൽ വന്നപ്പോൾ തന്നെ ഒരു തേങ്ങലയർന്നവളിൽ നിന്ന്….
തന്നെ കൊണ്ടുപോവാൻ വന്നവരുടെ മുന്നിലേക്ക് വേഷം മാറി മുഖത്തൊട്ടിച്ചു വച്ചൊരു ചിരിയോടെ നിധി ഇറങ്ങി ചെന്നതും അവൾക്കടുത്തേയ്ക്ക് എഴുന്നേറ്റു വന്നു ശബരിനാഥെന്ന ശബരി… നിധിയുടെ ഭർത്താവ്….
അമ്മയ്ക്കടുത്ത് നിധി എത്തിയിട്ട് നാലു മാസമാവുന്നതേയുള്ളു… അതിനിടയിൽ അവളെ കണ്ടിഷ്ട്ടപ്പെട്ടതാണ് ശബരി…
ശബരിയുടെ ഇഷ്ടം അവന്റെ വീട്ടുക്കാർ മാനിച്ചപ്പോൾ അതൊരു വിവാഹാലോചനയായ് നിതയ്ക്കടുത്തെത്തി…
നിധിയെന്ന ഭാരമൊഴുവാക്കാൻ കാത്തിരുന്നവർ അതൊരു അവസരമാക്കിയെടുത്തു.. ഇപ്പോഴൊരു വിവാഹം നടത്താനുള്ള സാമ്പത്തികം തന്റെ കൈവശമില്ലെന്ന നിതയുടെ ഒറ്റവാക്കിൽ രണ്ടൊപ്പിൽ ഇന്നു രാവിലെ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടൊരുവന്റെ ഭാര്യയായ് നിധി….
ദിശയറിയാതെ ലക്ഷ്യമില്ലാതെ ജീവിതം ഇനിയെന്താവും എങ്ങനെയാവും എന്നതൊന്നുമറിയാതെ ശബരിയ്ക്കൊപ്പം അവന്റെ കാറിൽ കയറിയിരുന്നു നിധി….
“കുറച്ചേറെ ദൂരം യാത്രയുണ്ട് മോളെ നമുക്ക്… മോളുറങ്ങിക്കോ…. നമ്മുടെ വീട്ടിലെത്തുമ്പോൾ അമ്മ വിളിയ്ക്കാം മോളെ…..
യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടതും ഒരു മയക്കം പിടികൂടി നിധിയുടെ മിഴികളെ… അതു കണ്ടതും അവളുടെ തല തന്റെ ചുമലിലേക്ക് ചേർത്തു പിടിച്ച് പറഞ്ഞു ശബരിയുടെ അമ്മ…
ആ ചുമലോരം ചേർന്ന് കണ്ണടച്ചിരിയ്ക്കുമ്പോൾ നിധിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി പരക്കുന്നുണ്ടായിരുന്നു….
ഇറങ്ങുമോളെ… വീടെത്തി….
ഒരു മയക്കം കഴിഞ്ഞ് നിധി കണ്ണു തുറന്നത് ശബരിയുടെ അമ്മയുടെ ശബ്ദം കേട്ടാണ്….
യാതൊരു വിധ ചടങ്ങുകളുമില്ലാതെ ആ അമ്മയ്ക്കൊപ്പം വലിയ ആ വീടിന്റെ പടികൾ ചവിട്ടി കയറി നിധി….
“മോള് ചെന്ന് ഒന്ന് ഫ്രഷായിട്ട് വാ…. അതാണ് മോളുടെ റൂം….
അകത്തേക്ക് കയറിയതും ഒരു റൂമിനു നേരെ വിരൽ ചൂണ്ടി അമ്മ പറഞ്ഞതും ഒരു ഭയം അരിച്ചു കയറി നിധിയിൽ… അതേ ഭയത്തോടെ തന്നെയാണവൾ റൂമിലെത്തിയതും….
നിധി റൂമിൽ കയറിയതും അവൾക്കു പുറകെ ആ റൂമിലെത്തി ശബരിയും…
പ്രതീക്ഷിക്കാത്ത ശബരിയുടെ കടന്നുവരവിൽ ഭയന്ന് ചുവരോളം ചാരി നിന്നു നിധി..
നിധീ……
മൃദുവായ ശബ്ദത്തിൽ ശബരി വിളിച്ചതും ഉറക്കെ വിതുമ്പി പൊട്ടി കരഞ്ഞു പോയ് നിധീ..
ദിവസങ്ങളായ് ഉള്ളിൽ നിറഞ്ഞു നിന്നവളെ വീർപ്പുമുട്ടിക്കുന്നതെല്ലാം അവളിലൂടെയൊരു പൊട്ടിക്കരച്ചിലായ് പുറത്തു വന്നു…
ആ കരച്ചിലൊന്നടങ്ങുവോളം അവൾക്കരികിൽ നിന്നു ശബരിയും….
നിധീ….
കരച്ചിലൊന്നടങ്ങിയതും വീണ്ടും നിധിയെ വിളിച്ചവൻ…
നിറമിഴികളോടെ തന്നെ പതറി നോക്കുന്നവളെ ദയവോടെ നോക്കിയവൻ
“ഇതു നിധിയുടെ മാത്രം റൂമാണ്… എന്റെയല്ല… നമ്മുടെ അല്ല….
ശാന്തമായ ശബ്ദത്തിൽ പറയുന്നവനെ മിഴിച്ചു നോക്കിയവൾ
“തന്നെ എനിക്കിഷ്ടമായപ്പോൾ എന്റെ വീട്ടുക്കാരെ കൂട്ടി വന്നു പെണ്ണാലോചിച്ചു ഞാൻ…. അതു സത്യമാണ്… അതിലപ്പുറം തന്നെ ഇത്ര പെട്ടന്ന് ഇങ്ങനെ കല്യാണം കഴിക്കണമെന്ന് ഞാനാഗ്രഹിച്ചിട്ടില്ല…. എന്നാൽ തന്റെ അമ്മയുടെ സംസാരവും തിരക്കും കണ്ടപ്പോൾ ഇതിങ്ങനെ ഞാൻ അവസാനിപ്പിച്ചു എന്നേയുള്ളു….
ശബരി പറയുന്നതെന്താണെന്നു മനസ്സിലാവാതെ അവനെ നോക്കി നിന്നു നിധി
“ഈ നിധിയെ പറ്റി എല്ലാം അറിയാമെനിയ്ക്ക്… ഒരു പാട് സ്വപ്നങ്ങൾ നൽകി ഒരച്ഛൻ വളർത്തി കൊണ്ടുവന്ന മകളല്ലേ താൻ… ആ സ്വപ്നങ്ങളെല്ലാം താൻ നേടിക്കഴിയുമ്പോൾ, തന്റെ സ്വപ്നങ്ങളിലും ജീവിതത്തിലും ഞാൻ മാത്രം നിറയുമ്പോൾ മതിയെടോ നമ്മളൊരുമ്മിച്ചുള്ള ജീവിതം…
എന്റെ ഭാര്യയാവാൻ നിധി തയ്യാറാവുന്ന ദിവസം ഈ കഴുത്തിലൊരു താലിയും ആ നിറുകയിൽ ഒരു നുള്ളു സിന്ദൂരവും ഇട്ടു തന്ന് ഈ നിധിയെ ഞാൻ എന്റേതു മാത്രമാക്കി മാറ്റിക്കോളാം…
” അതു വരെ ഇവിടെ അമ്മയുടെയും പപ്പയുടെയും നിധിയായ് അവരുടെ മകളായ് കഴിഞ്ഞോ താൻ… വെറുമൊരു കാഴ്ചക്കാരനായ് മാത്രം നിന്നോളാം ഞാൻ…”
വിതുമ്പലോടെ നിൽക്കുന്നവളുടെ കവിളത്തൊന്ന് തട്ടി അവളെ നോക്കി കൺചിമ്മി ആ റൂമിൽ നിന്ന് ശബരി ഇറങ്ങി പോയപ്പോൾ അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ചികഞ്ഞവളുടെ ചുണ്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമൊരു ചിരി മിഴിവോടെ തെളിഞ്ഞു വന്നു… ആ ചിരി അതിനിയെന്നും അവളിലുണ്ടാവും….ഉറപ്പ്…
✍️ രജിത ജയൻ
