ആദ്യത്തെ പ്രസവത്തിന് വേണ്ടി ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനും….

ആദ്യത്തെ പ്രസവത്തിന് വേണ്ടി ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനും കൂടെ നിക്കാൻ അനുവാദമുള്ള ആശുപത്രി ആയതിനാൽ ഞാനും അവളുടെ കൂടെ തന്നെ ലേബർ റൂമിലുണ്ട്.അരികിലായി
മോണിറ്ററുകളുടെ ബീപ്പ് ശബ്ദം,വെളുത്ത ലൈറ്റുകൾ, മരുന്നുകളുടെ ഗന്ധം അങ്ങനെ എല്ലാം കൂടി ചേർന്ന് എനിക്കാകെ തലകറങ്ങുന്ന പോലെ തോന്നി..

അവൾ കിടക്കയിൽ വേദന കൊണ്ട് ശരീരം വളയ്ക്കുമ്പോൾ ഞാൻ
എന്ത് ചെയ്യണം എന്നറിയാതെ, എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തോടെ അവളുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു

ഓരോ കോൺട്രാക്ഷൻ വരുമ്പോഴും അവൾ അലമുറയിട്ട് കരയുന്നുണ്ട്
ആ കരച്ചിൽ കേൾക്കുമ്പോൾ എന്റെ നെഞ്ച് കീറുന്ന പോലെ എനിക്ക് തോന്നി.അവളുടെ
വേദനയുടെ പകുതി പോലും എനിക്ക് ഏറ്റെടുക്കാൻ പറ്റാത്ത ആ ഹെൽപ്‌ലെസ്നെസ്സ് എന്റെ ശരീരം മുഴുവൻ അറിയുന്നുണ്ട്.

വേദന കൂടുന്തോറും അവൾ കൂടുതൽ തളരുന്നുണ്ടായിരുന്നു.ഡോക്ടർ അവളോട്‌
പുഷ് ചെയ്യാൻ പറഞ്ഞ നിമിഷങ്ങളിൽ എല്ലാം അവളുടെ മുഖം വേദന കൊണ്ട് മങ്ങുന്നുണ്ടായിരുന്നു,അതിന്റെ കൂടെ അവളുടെ കണ്ണുകൾ നിറഞ്ഞ്,ശ്വാസംമുട്ടി വല്ലാത്ത ഒരു തരം അവസ്ഥയിലേക്ക് എത്തി.

സമയം നീളുന്നു.ഓരോ മിനിറ്റും എനിക്ക് ഓരോ മണിക്കൂറായി തോന്നി.ലേബർ പെയിൻ പുരോഗമിക്കുമ്പോൾ എന്റെ ഉള്ളിലെ ഭയം കൂടി കൂടി വന്നു.എന്തെങ്കിലും തെറ്റായി സംഭവിച്ചാലോ എന്ന ചിന്ത എന്റെ മനസ്സ് മുഴുവൻ പിടിച്ചെടുക്കുന്നു.

ഡോക്ടർ അവളുടെ വയറിൽ കൈ അമർത്തി ശേഷം പുഷ് ചെയ്യാൻ അവളോട്‌ ആവശ്യപ്പെട്ടു.കുഞ്ഞിന്റെ തല പുറത്തേക്ക് വരാൻ തുടങ്ങുന്ന ‘ക്രൗണിംഗ്’ അവസ്ഥയിൽ എത്തിയിട്ടുണ്ട്.

കുഞ്ഞിന്റെ തലയോട്ടി വ്യക്തമായി എനിക്ക് കാണാം.അതാ എന്റെ കുഞ്ഞ് ഈ ലോകം കാണാൻ ഒരുങ്ങുന്നു…

അതിനൊപ്പം രക്തവും ഒഴുകി,
അമ്നിയോട്ടിക് ദ്രാവകത്തോടൊപ്പം കലർന്ന പുതിയ ചുവന്ന രക്തം.
ഗർഭപാത്രത്തിലെ രക്തക്കുഴലുകൾ തുറന്ന അവസ്ഥയിലാണ്.

കുഞ്ഞിന്റെ തല പുറത്തേക്ക് വന്നപ്പോൾ
എന്റെ നിയന്ത്രണം വിട്ടുപോയി.
കണ്ണുനീർ സ്വയം ഒഴുകി.ആ കാഴ്ച എന്റെ കണ്ണുകൾ നിറച്ച നിമിഷമായിരുന്നു.

അടുത്ത സങ്കോചത്തിൽ
കുഞ്ഞിന്റെ ചുമലുകൾ തിരിഞ്ഞ് പുറത്തേക്ക് വന്നു.ആ കുഞ്ഞു ശരീരം മുഴുവൻ വഴുവഴുപ്പോടെ പുറത്തേക്ക്.നാഭിക്കയർ താളംകൊണ്ട് ഇടിക്കുന്ന അവസ്ഥ.

അവൾ ഉറക്കെ അലറി….ആ നീണ്ട വേദനയുടെ അവസാനത്തിൽ,
ഒരു കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴങ്ങി.

ആ ശബ്ദം കേട്ട നിമിഷം
എന്റെ കണ്ണുകൾ നിറഞ്ഞു.
അത്ര നേരം അടക്കി വെച്ചിരുന്ന എല്ലാ ടെൻഷനും ഒരു നിമിഷം കൊണ്ട് ഒഴുകിപ്പോയ പോലെ.

വേദന കൊണ്ട് ക്ഷീണിച്ച അവളുടെ മുഖത്ത് ഒരു സമാധാനം.
ആ കിടക്കയുടെ അരികിൽ നിൽക്കുന്ന ഞാൻ ഒരു അച്ഛനായി മാറിയ നിമിഷം.അവൾ ഒരു അമ്മയും.

ഞാൻ എന്റെ കണ്ണുനീർ മറയ്ക്കാതെ
ജീവിതത്തിൽ ആദ്യമായി
ഒരു അത്ഭുതം നേരിൽ കണ്ടു.

രണ്ടാൾക്കും ആശംസകൾ,മോനാണ് കേട്ടോ….ഡോക്ടർ അവനെ എടുത്തുയർത്തി എന്നെ കാണിച്ചു.എന്റെ കണ്ണുകൾ നിറഞ്ഞു.

ഡോക്ടറുടെ ആവശ്യപ്രകാരം അവന്റെ പൊക്കിൾ ക്കൊടി മുറിച്ചത് ഞാനാണ്.ശേഷം അവൻ അവന്റെ അമ്മയുടെ മാറിലേക്ക്…ഞാൻ അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു.

അതവിടം കൊണ്ട് തീർന്നില്ല.

കുഞ്ഞ് പൂർണ്ണമായി പുറത്തായതിന് ശേഷം
പ്രസവത്തിന്റെ അടുത്ത ഘട്ടം.
പ്ലാസന്റ ഗർഭപാത്രത്തിൽ നിന്ന് വേർപെട്ട് പുറത്തേക്ക് മറുപിള്ളയായി വന്നു.

മറുപിള്ള പുറത്തേക്ക് വരുമ്പോൾ വീണ്ടും രക്തസ്രാവം ഉണ്ടാകും അതിനോടൊപ്പം ഗർഭപാത്രം ചുരുങ്ങി പഴയ വലിപ്പത്തിലേക്ക് മടങ്ങാൻ തുടങ്ങുന്നു.തുറന്ന രക്തസന്ധികൾ അടയാൻ ശ്രമിക്കുന്നു.എന്നിട്ടും ആ നിമിഷങ്ങളിൽ
ഗണ്യമായ രക്തനഷ്ടം.എല്ലാം അവൾ സഹിച്ചു പാവം..

വേദനയും ക്ഷീണവും കൊണ്ടവൾ കിടക്കുമ്പോഴും അവളുടെ ശരീരം തന്നെയാണ് രക്തസ്രാവം നിയന്ത്രിക്കാനും
ജീവൻ നിലനിർത്താനും അവസാന ശക്തി വരെ ഉപയോഗിക്കുന്നത്.

കുഞ്ഞ് പുറത്തായിട്ടുംവേദന അവിടെ തീരുന്നില്ല.പ്രസവം കഴിഞ്ഞിട്ടും
അവളുടെ ശരീരം ഇപ്പോഴും യുദ്ധഭൂമിയിലാണ്.

പെരിനിയം പൂർണ്ണമായി ക്ഷീണിച്ച അവസ്ഥ.പ്രസവ സമയത്ത് ചെയ്ത മുറിവ്.
ചർമ്മവും മസിലുകളും കീറപ്പെട്ട ഭാഗത്തിലൂടെ രക്തം ഇപ്പോഴും പതിയെ ഒഴുകുന്നു.

കുഞ്ഞിനെ മാറ്റിയതിനു ശേഷം
പ്രസവാനന്തര നടപടികൾ തുടങ്ങി.
മറുപിള്ള പൂർണ്ണമായി പുറത്തായെന്ന് ഉറപ്പാക്കൽ.ഗർഭപാത്രം ശരിയായി ചുരുങ്ങുന്നുണ്ടോ എന്ന പരിശോധന.
അതിനു ശേഷം അവിടെ
തുന്നൽ ഇട്ടു.

ലോക്കൽ അനസ്‌തേഷ്യ കൊടുത്തു
എന്നിട്ടും വേദന പൂർണ്ണമായി ഇല്ലാതാകുന്നില്ലല്ലോ.
ഇതിനുമുമ്പേ അതിരുകടന്ന വേദന സഹിച്ച ശരീരമാണ്.അവൾക്ക് തുന്നൽ ഇടുന്നത് ഞാൻ കാണുന്നുണ്ട്.ചർമ്മത്തിലൂടെയും
മസിലുകളിലൂടെയും ഒന്ന് കഴിഞ്ഞ് മറ്റൊന്ന്.
ഓരോ തുന്നലും അവളിൽ വേദനയുടെ ഓർമ്മ വീണ്ടും ഉണർത്തുന്നു.അവൾ കണ്ണുകൾ അടച്ചു.ശരീരം മുറുക്കിപ്പിടിച്ച് പാവം അതും സഹിക്കുന്നു.

അത് ഞങ്ങളുടെ കുഞ്ഞിനുവേണ്ടിയുള്ള വേദനയല്ല.സ്വന്തം ശരീരഭാഗം തിരികെ കൂട്ടിച്ചേർക്കുന്ന വേദനയാണ്.രക്തനഷ്‌ടം, തുന്നൽ,ക്ഷീണം,വിറയൽ.
അവളുടെ ശരീരം ഇനിയും പോരാടുകയാണ്.

എനിക്ക് ഒന്നും ചെയ്യാനാവില്ല,
അവളുടെ അടുത്ത് നിൽക്കുന്നതൊഴിച്ച്.
ആ കൈ പിടിക്കുന്നതൊഴിച്ച്.
ആ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ പോലും കഴിയാതെ ഞാൻ നിസ്സഹായൻ ആയി.

അവിടെയാണ് എനിക്ക് പൂർണ്ണമായി മനസ്സിലായത് പ്രസവം കുഞ്ഞ് പുറത്തുവരുന്ന നിമിഷത്തിൽ എല്ലാം അവസാനിക്കുന്നില്ല.അത് കഴിഞ്ഞും ഒരു സ്ത്രീയുടെ ശരീരം നീണ്ട സമയം വേദന സഹിക്കുകയാണ്.

തുന്നൽ അവസാനിക്കുമ്പോൾ
അവൾ പൂർണ്ണമായി തളർന്നിരിക്കുന്നു.
ശരീരത്തിലെ ശക്തി മുഴുവൻ തീർന്ന അവസ്ഥ.ഒരു സ്ത്രീ ഇത്രയും കഷ്ടപ്പെട്ട് പ്രസവിക്കുമ്പോളാണ് അതിനെ സുഖപ്രസവം എന്ന് വിളിക്കുന്നതെന്നോർക്കണം.പ്രസവം നേരിട്ട് കണ്ട എനിക്ക് ഇതത്ര സുഖമായി തോന്നുന്നില്ല.

കാരണം രക്തവും വേദനയും
അതിരുകടന്ന സഹനവും
ഒരുമിച്ച് ചേർന്നപ്പോൾ
ഒരു സ്ത്രീ അമ്മയായി പുനർജനിക്കുകയാണ്.

അവൾ കിടക്കയിൽ നിശ്ശബ്ദമായി തളർന്നു കിടക്കുമ്പോൾ ഞാനെന്റെ ഉള്ളിൽ ഒന്നുറപ്പിച്ചു.ഇത്രയും വേദന സഹിച്ച ഒരു സ്ത്രീയെ ഒരിക്കൽ പോലും ഞാനിനി
വേദനിപ്പിക്കില്ല.

പ്രസവമുറിയിൽ ഒരു കുഞ്ഞ് മാത്രമല്ല ജനിക്കുന്നത്.ഒരു ശക്തയായ അമ്മ കൂടിയാണ്.ഒരു സ്ത്രീ രക്തത്തിലും വേദനയിലും സ്വയം പൊളിഞ്ഞു
വീണ്ടും ചേർക്കപ്പെടുകയാണ്.

NB:അമ്മയുടെ ത്യാഗം സ്വന്തം ശരീരത്തിൽ എഴുതപ്പെടുന്ന ആദ്യത്തെ അധ്യായമാണ് പ്രസവം.

രചന ഇഷ്ടമായെങ്കിൽ രണ്ടു വരി കുറിച്ചിട്ടു പോണേ🙏❤️

സ്നേഹപൂർവ്വം
(അർച്ചന)
അച്ചു വിപിൻ
Copyrightprotected

Leave a Reply

Your email address will not be published. Required fields are marked *