“എന്നാലും സ്വന്തം കുഞ്ഞിനെയൊക്കെ കൊന്ന് കളയാൻ ആർക്കേലും മനസ്സ് വരോ അതും ഒരു അമ്മ തന്നെ… കേട്ടിട്ട് തന്നെ അതിശയം തോന്നുന്നു ”
അന്നത്തെ ദിവസം കോടതിയ്ക്ക് മുന്നിൽ പൊതുവായ ചർച്ചാ വിഷയം അത് തന്നെയായിരുന്നു.
സംഭവം നടന്നിട്ട് ഒരാഴ്ച ആകുന്നു. പ്രതി ബിന്ദുവിനെ ഇന്നാണ് കോടതിയിൽ ഹാജരാക്കുന്നത്. കുഞ്ഞു മരണപ്പെട്ട ശേഷം വിഷം കഴിച്ചിരുന്നതിനാൽ അവർ ചികിത്സയിൽ ആയിരുന്നു.
കേരള ജനതയെ ഞെട്ടി തരിപ്പിച്ച വാർത്തയായിരുന്നു അത്. ബിന്ദു അഞ്ചു വയസ്സ് പ്രായമുള്ള തന്റെ മകൾക്ക് ആഹാരത്തിൽ വിഷം കലർത്തി കൊടുത്തു കൊന്നു. ഭർത്താവ് സുരേഷ് വീട്ടിൽ എത്തുമ്പോൾ മകൾ മരണത്തിനു കീഴടങ്ങിയിരുന്നു. മകൾക്കൊപ്പം തന്നെ വിഷം കഴിച്ച ബിന്ദുവിനെ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് സുഖപ്പെട്ടു വന്ന ബിന്ദു കോടതിയ്ക്ക് മുന്നിൽ എല്ലാം സ്വയം സമ്മതിക്കുകയായിരുന്നു. കാരണമെന്ത് എന്നത് മാത്രം ആർക്കും അറിയുവാൻ കഴിഞ്ഞില്ല. അവളൊട്ടു പറഞ്ഞുമില്ല. ഇതിനിടയിൽ ബിന്ദുവിനു മറ്റൊരു രഹസ്യ ബന്ധമുണ്ടായിരുന്നു എന്നും അയാൾക്കൊപ്പം ഇറങ്ങി പോകാൻ മകൾ ഒരു ബാധ്യതയായത്തിനാലാണ് ഇങ്ങനെ ചെയ്തത് എന്നും ഒരു കഥ പ്രചരിച്ചു.
” അവളെ കൊന്ന് കളയണം.. കാമവെറി മൂത്ത് സ്വന്തം കൊച്ചിനെ കൊന്ന് കളഞ്ഞേക്കുന്നു”
” അതേ.. ഇതിനെയൊക്കെ സർക്കാർ ചിലവിൽ തീറ്റി പോറ്റരുത്”
വാർത്താ വിവരങ്ങൾ അറിഞ്ഞ പലരും രോഷത്താൽ പല്ലു ഞെരിച്ചു.
പത്ത് വർഷം തടവ് ആണ് കോടതി ബിന്ദുവിനായി വിധിച്ച ശിക്ഷ. ഒരു ഭാവ മാറ്റവുമില്ലാതെ പോലീസുകാർക്കൊപ്പം പുറത്തേക്ക് പോയ അവളെ ചീമുട്ടയെറിഞ്ഞാണ് പുറത്തുള്ളവർ വരവേറ്റത്.
” എന്റെ ജീവിതം തുലഞ്ഞു. എന്റെ മോള് പോയി… എനിക്ക് ആരുമില്ലാതായി.. ”
വേദനയോടെ മീഡിയാസിനു മുന്നിൽ നിന്നു സുരേഷ്.
സ്വന്തം മകളെ കൊന്നുകളഞ്ഞ കുറ്റത്തിന് ജയിലിൽ എത്തിയ ബിന്ദുവിനു ക്രൂരമായ വരവേൽപ്പ് തന്നെയാണ് അവിടുള്ളവരും നൽകിയത്. പലരും അവളെ ക്രൂരമായി ആക്രമിച്ചു. പക്ഷെ പൊട്ടിക്കരയുകയല്ലാതെ തിരികെ ഒന്നും ചെയ്തില്ല അവൾ.. പതിയെ പതിയെ ബിന്ദുവും അവരിൽ ഒരാളായി മാറി.
വർഷങ്ങൾ അങ്ങിനെ കടന്നു പോയി… ബിന്ദുവിനെയും മകളെയും എല്ലാവരും മറന്നു. ഒരിക്കൽ പോലും ഒരു പരോളിന് പോലും ശ്രമിച്ചില്ല അവൾ. പലവട്ടം അവളെ കാണുവാൻ സുരേഷ് ജയിലിൽ ചെന്നെങ്കിലും കാണുവാനും കൂട്ടാക്കിയില്ല ബിന്ദു. നിരാശയിൽ മടങ്ങുവാനെ അയാൾക്കും കഴിഞ്ഞുള്ളു.
അങ്ങിനെ ഒടുവിൽ എട്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ജയിലിലെ നല്ല നടപ്പ് പരിഗണിച്ചു ശിക്ഷ ഇളവ് കിട്ടി അവൾ പുറത്ത് ഇറങ്ങി. നേരെ പോയത് വീട്ടിലേക്ക് ആണ്.
” കൊച്ചിനെ കൊന്ന് കളഞ്ഞിട്ട് ആർക്കൊപ്പം പോകാനാടി ഒരുമ്പെട്ടോളെ നീ തീരുമാനിച്ചത്.. എങ്ങിനെ മനസ്സ് വന്നെടി നിനക്ക് ഇത് ചെയ്യാൻ..”
വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അമ്മയുടെ കുത്തുവാക്കുകൾ ബിന്ദുവിനെ വേദനിപ്പിച്ചില്ല കാരണം അവളത് പ്രതീക്ഷിച്ചിരുന്നു. അമ്മ മാത്രമായിരുന്നില്ല. അയൽക്കാരും ബന്ധുക്കളും അങ്ങിനെ ഒരു കൂട്ടം തന്നെ അവളുടെ വരവ് അറിഞ്ഞു അവിടെ ഉണ്ടായിരുന്നു. അവർക്കൊപ്പം സുരേഷും….
” വല്ലാത്ത ജാതി തന്നെ ഒരു ഉളുപ്പും ഇല്ലാണ്ട് തിരികെ വന്നേക്കുന്നത് നോക്കിയേ.. ”
അയൽക്കാരിൽ ചിലർ അടക്കം പറഞ്ഞു.
” കണ്ടില്ലേ ഈ പാവം അന്ന് മുതൽ ഇവന്റെ ജീവിതം തകർന്നതാ… കള്ള് കുടിച്ചു കുടിച്ചു ഇപ്പോ ജീവിതം നശിപ്പിക്കുവാ പാവം നിന്നെ കാരണം.. ”
സുരേഷിനെ ചൂണ്ടി അമ്മ തുടരുമ്പോൾ പതിയെ അയാളുടെ മുഖത്തേക്ക് നോക്കി ബിന്ദു. അവളെ അഭിമുഖീകരിക്കുവാൻ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നു സുരേഷിന്. അയാൾ തല കുമ്പിട്ടു നിൽക്കവേ പതിയെ അരികിലേക്ക് ചെന്നു അവൾ.
” വല്യ വിഷമം ആണല്ലേ…. നിങ്ങൾക്ക്… കുഞ്ഞു പോയതിന്റെ വേദന ഇതുവരെ മാറിയില്ലേ..”
ആ ചോദ്യം കേൾക്കെ പതിയെ ബിന്ദുവിനെ ഒന്ന് മുഖമുയർത്തി നോക്കി സുരേഷ്.
“അവനോട് തർക്കിക്കുവാൻ പോയേക്കുന്നോ.. ഇറങ്ങി പോടീ ഒരുമ്പെട്ടോളെ….”
അമ്മ വീണ്ടും ചീറിയടുത്തു എന്നാൽ ആ നിമിഷം കയ്യിലെ ബാഗിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്തു സുരേഷിന്റെ നെഞ്ചിൽ ആഞ്ഞു കുത്തി ബിന്ദു. ഒരു നിമിഷം എല്ലാവരും പകച്ചു പോയി..
“ആ…..”
അമിതമായ വേദനയിൽ പിന്നിലേക്ക് ആഞ്ഞു പോയി സുരേഷ്.
” എന്റെ ഭഗവതി.. ഇവൾക്ക് ഇതെന്താ… ”
ചുറ്റും കൂടി നിന്നവർ അന്ധാളിപ്പോടെ നോക്കിപ്പോയി ആ നിമിഷം കത്തി വലിച്ചൂരി ഒരിക്കൽ കൂടി കുത്തി ബിന്ദു.
” അയ്യോ.. ഭഗവതിയെ.. ”
അലറിക്കരഞ്ഞു കൊണ്ട് ഓടിയെത്തി അമ്മ അവളെ പിടിച്ചു തള്ളി. നിലത്തേക്ക് വീണു പോയ സുരേഷിനെ താങ്ങി പിടിച്ചു
” മോനെ… സുരേഷേ.. ”
നിലത്തു കിടന്ന് പിടയുകയായിരുന്നു അയാൾ അപ്പോൾ.
” ആരും ഞെട്ടണ്ട.. എട്ടുവർഷമായി നെഞ്ചിൽ എരിഞ്ഞ കനലാണ് ഞാൻ ഇന്ന് കെടുത്തിയത് ഇവൻ ഈ നാറി ചാവണം…. ആർക്കും ഒന്നും അറിയില്ല.. ആരോടും ഞാൻ പറഞ്ഞുമില്ല ഇതുവരെയും.. കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയാണ്.. കള്ളുകുടിച്ചു കഞ്ചാവും വലിച്ചു സ്വന്തം കുഞ്ഞെന്ന ബോധം പോലുമില്ലാതെ എന്റെ മോളെ ഇവൻ…. ”
ഇത്തവണ ബിന്ദു പറഞ്ഞത് എല്ലാവർക്കും ഞെട്ടൽ ആയി. ആ നിമിഷം തന്നെ ഒന്ന് പിടഞ്ഞു കൊണ്ട് സുരേഷ് മരണത്തിനു കീഴടങ്ങിയിരുന്നു.
” എന്താ.. എന്താ നീ പറഞ്ഞെ.. ”
ആരോ കാര്യങ്ങൾ വ്യക്തമായി അറിയാൻ ചോദിച്ചു.
അതോടെ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു പോയി ബിന്ദു..
” ആരും വിശ്വസിക്കില്ല.. അത്രക്ക് വലിയ നടനായിരുന്നു ഇയാൾ. പല സ്ത്രീകളുമായും ഇയാൾക്കുള്ള ബന്ധങ്ങൾ അറിഞ്ഞിട്ടും ക്ഷമിച്ചു ഞാൻ എന്നാൽ കള്ളും കഞ്ചാവും വലിച്ചു കയറ്റി എന്റെ കുഞ്ഞിനെ ഇവൻ.. ഒക്കെയും അറിഞ്ഞപ്പോ ഉള്ളു പൊട്ടുന്ന വേദനയിൽ കുഞ്ഞുമായി ഈ ലോകത്തിൽ ന്ന് പോകാനാ ഞാൻ നോക്കിയെ പക്ഷെ എന്റെ മോള് മാത്രം.. എന്നിട്ട് രാഷ്ട്രീയ പിടിപാട് വച്ചിട്ട് എന്റെ കൊച്ചിന്റെ പോസ്റ്റുമോർട്ടം ഒഴിവാക്കിച്ചു ഇവൻ.. പോസ്റ്റുമോർട്ടം ചെയ്താൽ കള്ളി വെളിച്ചത്താവില്ലേ… പാവം എന്റെ മോള്… ”
ഒന്ന് വിതുമ്പി അവൾ..
“അന്ന് തൊട്ടുള്ള പകയാണ്…. മനസ്സിൽ ഇട്ട് ഊതിയാറ്റി ഇപ്പോ തീർത്തു ഞാൻ. ഇനി സന്തോഷത്തോടെ വീണ്ടും ജയിലിലേക്ക് തന്നെ പോകാം എനിക്ക് .”
ആ കേട്ടത് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
” ദൈവമേ.. ഇങ്ങനൊക്കെ നടന്നിരുന്നോ ”
വാർത്ത വൈകാതെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഞെട്ടലോടെ കേരള ജനത ഒക്കെയും കേട്ടു.. എന്നാൽ വർഷങ്ങൾക്കിപ്പുറം കുറ്റപ്പെടുത്തിയവർ തന്നെ ബിന്ദുവിനെ വാഴ്ത്തിപ്പാടി.
” അവളാണ് അമ്മ..”
ഹാഷ് ടാഗുകൾ ഉയർത്തു. പക്ഷെ നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങി.. വീണ്ടും ജയിലിലേക്ക് പോകുമ്പോൾ ബിന്ദുവിൽ കുറ്റബോധം തെല്ലുമില്ലായിരുന്നു. കാരണം തന്റെ മോൾക്കായി അവൾ നീതി നടപ്പിലാക്കിയിരുന്നു
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു
