“””ചിറ്റപ്പൻ എന്തിനാ അമ്മേ കൂടെക്കൂടെ ഇവിടേക്ക് വരുന്നത്??” ആറാം ക്ലാസുകാരി മകൾ ചോദിച്ചപ്പോൾ ദേഷ്യത്തോടെ അവൾക്കിട്ട് ഒന്ന് പൊട്ടിച്ചു ഇന്ദു.
അതോടെ കുഞ്ഞിന് ആകെ പേടിയായി. കവിളിൽ കൈവെച്ച് വിങ്ങിപ്പൊട്ടുന്ന മകളെ നോക്കി ഇന്ദു വീണ്ടും ആക്രോശിച്ചു.
”നിന്റെ അച്ഛൻ വിളിക്കുമ്പോൾ എങ്ങാനും ഇത് പറഞ്ഞു കൊടുത്താൽ!! അറിയാലോ നിനക്ക് എന്റെ സ്വഭാവം. രണ്ട് ചൂരൽ ആണ് ഞാൻ വാങ്ങി വെച്ചിരിക്കുന്നത്!”
അത് കേട്ടതും ഒന്നും മിണ്ടാതെ അനു മോൾ മുറിയിലേക്ക് ചെന്നു. വെറും ഒരു ആറാം ക്ലാസ്സുകാരിക്ക് തനിക്ക് ചുറ്റിലും നടക്കുന്നത് എന്താണ് എന്ന് ഒന്നും അറിയുന്നുണ്ടായിരുന്നില്ല. എങ്കിലും തന്റെ അമ്മ എന്തോ ഒരു തെറ്റ് ചെയ്യുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി.
അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു അനിയൻ, രാജീവ്. അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ വീട്ടിൽ വരുന്നുണ്ട്. അതും താൻ സ്കൂളിൽ പോകുന്ന സമയം നോക്കി. തിരികെ വരുമ്പോഴേക്കും പോകാൻ ഇറങ്ങും. ആ സമയത്ത് അമ്മയുടെ മുടിയൊക്കെ പാറിപ്പറന്ന് വളരെ ക്ഷീണത്തിൽ ആയിരിക്കും അമ്മ നിൽക്കുക. ചിറ്റപ്പൻ ചെവിയിൽ എന്തൊക്കെയോ പറയും, അത് കേട്ട് അമ്മ നാണിച്ചു ചിരിക്കും. ആ കുഞ്ഞു മനസ്സിന് ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതൊന്നും ശരിയല്ല എന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നു.
ഇന്ദുവിന്റെ ഭർത്താവ് പ്രതാപൻ ഗൾഫിലാണ്. അത്ര നല്ല ജോലി ഒന്നുമല്ല. നാട്ടിലെ ഒരു ടൈലർ ഷോപ്പ് നടത്തിയിരുന്ന പ്രതാപന് അതിൽ നിന്ന് ഒരു മെച്ചവും ഉണ്ടായിരുന്നില്ല. കടം പെരുകിയപ്പോഴാണ് എങ്ങനെയെങ്കിലും ഒരു വിസ ഒപ്പിച്ചു അവൻ മറുനാട്ടിലേക്ക് കടന്നത്.
നാട്ടിലെ പ്രാരാബ്ദം കാരണം രണ്ടുവർഷം കഴിയാതെ ലീവും കിട്ടില്ല. ഇന്ദു ഇരു നിറം ആയാലും കാണാൻ സുന്ദരിയാണ്. അധികം ഉയരം ഇല്ലാതെ അല്പം തടിച്ചിട്ടാണ് ഇന്ദു. എങ്കിലും അതൊരു ഒതുങ്ങിയ തടി ആയിരുന്നു. ആർക്കും കണ്ടാൽ ഇഷ്ടം തോന്നുന്ന ഒരു തരം ദേഹപ്രകൃതി.
രാജീവിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അവസരമായിരുന്നു. പ്രതാപൻ പോയതോടെ അവൻ ഇന്ദുവിനെ വലയിലാക്കാൻ ശ്രമിച്ചു തുടങ്ങി. ആദ്യം അവൾ എതിർത്തെങ്കിലും രാജീവിന്റെ ചക്കരവാക്കുകളിലും അവൻ കൊണ്ടുവരുന്ന സമ്മാനങ്ങളിലും അവൾ വീണുപോയി. പതുക്കെ പതുക്കെ അവൻ ആ വീട്ടിലെ നിത്യസന്ദർശകനായി.
ഒരു ശനിയാഴ്ച രാജീവ് വീട്ടിലിരിക്കുമ്പോൾ അനു മോൾ അവിടേക്ക് വന്നു.
”മോളെ, നീ എന്തിനാ എപ്പോഴും ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്? ചിറ്റപ്പൻ നിനക്ക് മിഠായി കൊണ്ടുവന്നിട്ടുണ്ടല്ലോ,” രാജീവ് അവളെ അടുത്തേക്ക് വിളിച്ചു.
അവൾ മിണ്ടിയില്ല. അമ്മ കിച്ചണിൽ ചായയിടുകയായിരുന്നു. രാജീവ് പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. “നീ ഇതൊന്നും അച്ഛനോട് പറയാൻ നിൽക്കണ്ട കേട്ടോ. അങ്കിൾ ഇവിടെ വരുന്ന കാര്യം മോള് പറഞ്ഞിട്ട് അച്ഛൻ അറിഞ്ഞാൽ… ഈ അങ്കിൾ ഇങ്ങോട്ട് ഒരു വരവ് വരും. വലിയ തോക്ക് ഉണ്ട് അങ്കിളിന്റെ കയ്യിൽ അത് വച്ച് നിന്നെയും നിന്റെ അച്ഛനെയും കൊല്ലും!! ” ചെറിയ കുഞ്ഞാണ് എന്നുപോലും നോക്കാതെ അയാൾ ആ കുഞ്ഞിനെ ഭീഷണിപ്പെടുത്തി..
അനുമോൾ അയാളെ രൂക്ഷമായി ഒന്ന് നോക്കി മുറിയിലേക്ക് ഓടി. മുറിക്കുള്ളിലിരുന്ന് അവൾ വിങ്ങിപ്പൊട്ടി. സ്കൂളിൽ പോയാലും അവൾക്ക് സമാധാനമില്ലായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന ആ കുട്ടി പെട്ടെന്ന് ഒന്നും അറിയാത്തവളെ പോലെ പെരുമാറാൻ തുടങ്ങിയത് ക്ലാസ് ടീച്ചറായ ധന്യ ശ്രദ്ധിച്ചു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോൾ ടീച്ചർ അവളെ അടുത്തേക്ക് വിളിച്ചു. “അനു മോളെ, നിനക്ക് എന്തുപറ്റി? നീ പഴയതുപോലെയല്ലല്ലോ. എന്തെങ്കിലും വിഷമമുണ്ടോ?” ടീച്ചർ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു
അനുമോൾ തലതാഴ്ത്തി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “ഒന്നുമില്ല ടീച്ചർ,” അവൾ വിറയലോടെ പറഞ്ഞു.
”ടീച്ചറോട് പറ മോളെ. നമ്മുക്ക് എല്ലാം പരിഹരിക്കാം. ടീച്ചർ കൂടെയില്ലേ?” ധന്യ ടീച്ചർ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
ആ സ്നേഹം കണ്ടപ്പോൾ അനുമോൾക്ക് നിയന്ത്രിക്കാനായില്ല. അവൾ കരഞ്ഞുകൊണ്ട് വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം പറഞ്ഞു.
അമ്മയും രാജീവ് ചിറ്റപ്പനും തമ്മിലുള്ള അടുപ്പവും, അമ്മ തന്നെ ഉപദ്രവിക്കുന്നതും എല്ലാം കേട്ടപ്പോൾ ടീച്ചർ സ്തംഭിച്ചുപോയി.
”ടീച്ചറെ, എനിക്ക് പേടിയാകുന്നു. അച്ഛൻ വരുമ്പോൾ എന്നെ അമ്മ അടിക്കും എന്ന് പറഞ്ഞു,” അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു.
ധന്യ ടീച്ചർക്ക് ആകെ വിഷമമായി. ഇതൊരു കുടുംബപ്രശ്നമാണ്, തനിക്ക് ഇതിൽ ഇടപെടുന്നതിന് ലിമിറ്റേഷൻസ് ഉണ്ട്. എങ്കിലും ആ കുഞ്ഞിന്റെ അവസ്ഥ കണ്ടില്ലെന്ന് വെക്കാൻ അവർക്ക് കഴിഞ്ഞില്ല. “മോളെ, നീ ഒരു കാര്യം ചെയ്യ്. അമ്മയുടെ ഫോൺ നോക്കി അച്ഛന്റെ നമ്പർ ഒന്ന് ടീച്ചർക്ക് എടുത്തു തരണം. ടീച്ചർ അച്ഛനോട് സംസാരിക്കാം.” അത് കേട്ടതും കുഞ്ഞ് ഭയന്ന് ടീച്ചറെ നോക്കി ഒന്നുമില്ല എന്ന് പറഞ്ഞ് ടീച്ചർ അവൾക്ക് ധൈര്യം കൊടുത്തു
അടുത്ത ദിവസം അനുമോൾ അമ്മ കുളിക്കാൻ കയറിയ നേരം നോക്കി ഫോണിൽ നിന്ന് നമ്പർ കുറിച്ചെടുത്തു ടീച്ചർക്ക് കൊടുത്തു. ടീച്ചർ ഉടനെ പ്രതാപനെ വിളിച്ചു.
”ഹലോ, ഇത് അനുമോളുടെ അച്ഛൻ അല്ലേ ? ഞാൻ അനുമോളുടെ ക്ലാസ് ടീച്ചറാണ്,” ടീച്ചർ പറഞ്ഞു.
”അതെ, ടീച്ചർ… ഞാൻ അനുമോളുടെ അച്ഛനാണ് എന്താ ഇപ്പോൾ വിളിച്ചത് അവിടെ എന്തെങ്കിലും കുഴപ്പമുണ്ടോ?” പ്രതാപൻ പരിഭ്രമത്തോടെ ചോദിച്ചു.
ടീച്ചർ പതുക്കെ കാര്യങ്ങൾ സൂചിപ്പിച്ചു. “അനുമോൾ വലിയ മാനസിക വിഷമത്തിലാണ് പ്രതാപൻ. നിങ്ങളുടെ റിലേറ്റീവ് ആയ രാജീവ് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്നത് അവൾക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല.. അത് മാത്രമല്ല നിങ്ങളുടെ ഭാര്യ അവളെ അനാവശ്യമായി ഉപദ്രവിക്കുന്നു.
ആ കുഞ്ഞിന്റെ മനസ്സ് ഒരുപാട് സഹിക്കുന്നുണ്ട്.. വീട്ടിലെ സാഹചര്യങ്ങൾ അവൾക്ക് ശരിയല്ലെന്ന് തോന്നുന്നുണ്ട്. കൂടുതൽ ഞാൻ പറയുന്നില്ല, പക്ഷേ മോളുടെ ഭാവി ഓർത്ത് നിങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തണം. നിങ്ങളുടെ കുടുംബത്തിന്റെ സമാധാനം പോയിക്കൊണ്ടിരിക്കുകയാണ്.” ഇത്രയും പറഞ്ഞ് ധന്യ ടീച്ചർ നിർത്തി.
പ്രതാപൻ ആകെ തകർന്നുപോയി. താൻ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത് ഇവർക്ക് വേണ്ടിയല്ലേ എന്നോർത്തപ്പോൾ അവന്റെ ഉള്ളു പൊള്ളി. “ടീച്ചർ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഉടനെ എത്തും,” അവൻ പറഞ്ഞു.
ആരും അറിയാതെ പ്രതാപൻ നാട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അവനെ തളർത്തിക്കളഞ്ഞു. ഇന്ദുവും രാജീവും ഹാളിൽ ഇരിക്കുന്നു.. അതും വെറുതെ ഒരു ഇരുത്തം അല്ല രാജീവിന്റെ മടിയിൽ കയറിയാണ് ഇന്ദു ഇരിക്കുന്നത്.. പരിസരം പോലും മറന്നു രണ്ടുപേരും ചുംബിക്കുകയാണ്.
പെട്ടെന്നാണ് കയ്യിലുള്ള ബാഗ് പ്രതാപൻ നിലത്തേക്ക് വലിച്ചെറിഞ്ഞത് അത് കേട്ടതും അവർ ഞെട്ടി എഴുന്നേറ്റു പ്രതാപനെ മുന്നിൽ കണ്ടതും ഇന്ദു വിറച്ചു.
”പ്രതാപേട്ടാ.. നിങ്ങൾ.. നിങ്ങൾ എങ്ങനെ ഇപ്പോൾ?” ഇന്ദു വിക്കി.
രാജീവ് പതുക്കെ എഴുന്നേറ്റു. “അല്ല ഏട്ടാ, ഇത് എപ്പോഴാ വന്നത്? പറഞ്ഞില്ലല്ലോ?”
പ്രതാപൻ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും സ്കൂൾ വിട്ട് അനുമോൾ വന്നു.
. പ്രതാപൻ അനുമോളെ ചേർത്തുപിടിച്ചു.
അച്ഛനെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. “അച്ഛാ.. എന്നെ കൊണ്ടുപോകുോ ഇവിടുന്ന്?”
പ്രതാപന്റെ കണ്ണുകൾ ചുവന്നു. അവൻ പുറത്തിറങ്ങി രാജീവിനെ നോക്കി. “നീ എന്റെ അനിയനാണെന്ന് കരുതിയാണ് ഞാൻ ഇവരെ നിന്നെ ഏൽപ്പിച്ചത്. പക്ഷേ നീ ചെയ്തത്…”
രാജീവ് എന്തൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു. പ്രതാപൻ അവനെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കി. പിന്നെ ഇന്ദുവിനെ നോക്കി.
“നിനക്ക് വേണ്ടി ഞാൻ സഹിച്ച കഷ്ടപ്പാടുകൾക്ക് നീ തന്ന പ്രതിഫലം ഇതാണല്ലേ? എന്റെ കുഞ്ഞിന്റെ മനസ്സ് പോലും നീ വേദനിപ്പിച്ചു ഇനി നിനക്ക് എന്റെ മനസ്സിലും ഈ വീട്ടിലും സ്ഥാനമില്ല.”
ഇന്ദു കരഞ്ഞു കാലുപിടിക്കാൻ നോക്കി. പക്ഷേ പ്രതാപൻ മാറിയില്ല. അവൻ അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കി. അവളുടെ വീട്ടുകാർ പോലും അവളെ കൈവിട്ടു… തിരികെ വന്നു അവൾ പ്രതാപന്റെ കാലുപിടിച്ചു
”ഇനി നീ നിന്റെ വീട്ടിൽ പോയി നിന്നാൽ മതി. എനിക്ക് എന്റെ മോളെ നോക്കാൻ അറിയാം,” പ്രതാപൻ കടുപ്പിച്ചു പറഞ്ഞു.
ഗൾഫിലെ ജോലി ഉപേക്ഷിച്ചു പ്രതാപൻ നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. നഷ്ടപ്പെട്ടത് ഒരുപാട് ഉണ്ടെങ്കിലും തന്റെ മകളുടെ ആാാ പഴയ പുഞ്ചിരി തിരികെ കിട്ടിയതാണ് പ്രതാപന് ഏറ്റവും വലിയ ആശ്വാസം. അനുമോൾ ഇപ്പോൾ പഴയതുപോലെ സന്തോഷവതിയാണ്. അവൾക്ക് ഇപ്പോൾ അവളുടെ അച്ഛനുണ്ട്, കൂട്ടിന് ധന്യ ടീച്ചറുടെ സ്നേഹവും.
സ്റ്റോറി by ചന്ദ്ര
