നിന്റെ വയറ്റിൽ വളരുന്നത് എന്റെ തന്നെ കൊച്ചാണെന്ന് എന്താടി ഉറപ്പ്.. … നീ ആർക്കൊക്കെയാടി കിടന്നു കൊടുത്തിട്ടുള്ളത് ….

” നിന്റെ വയറ്റിൽ വളരുന്നത് എന്റെ തന്നെ കൊച്ചാണെന്ന് എന്താടി ഉറപ്പ്.. … നീ ആർക്കൊക്കെയാടി കിടന്നു കൊടുത്തിട്ടുള്ളത് .”

മദ്യ ലഹരിയിൽ അലറിക്കൊണ്ട് ചിപ്പിയുടെ വയറിൽ ആഞ്ഞു ചവിട്ടി മഹേഷ്‌. അപ്രതീക്ഷിതമായ ആണ് ചവിട്ടേറ്റ് പിന്നിലേക്ക് വേച്ചു വീണുപോയി അവൾ.

” അയ്യോ മോളെ…. ”

അമ്മയുടെ അലർച്ച മാത്രമാണ് ആ നിമിഷം ചിപ്പിയുടെ കാതുകളിൽ പതിച്ചത്. ആകെ മൊത്തത്തിൽ ഒരു മരവിപ്പ്.. വസ്ത്രത്തിൽ ചോരയുടെ നനവ് പടരവേ. അറിയാതെ അവളുടെ ബോധം നഷ്ടമായി…

” കൈ വിട്ടു പോയി കേട്ടോ.. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി പോയി.. ”

കാതിൽ ഒരു മുഴക്കം പോലെ ആണ് ശബ്ദം കേൾക്കവേയാണ് ചിപ്പി പതിയെ മിഴികൾ തുറന്നത്. ഒരു നിമിഷം താൻ എവിടെയാണെന്ന് പോലും മനസിലായില്ല. അടി വയറ്റിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു അവൾക്ക്. ഒപ്പം തലയിൽ ഒരു മരവിപ്പും. ചുറ്റുമൊന്ന് കണ്ണോടിക്കവേ താൻ ഒരു ഹോസ്പിറ്റലിൽ ബെഡിൽ ആണെന്നും തനിക്ക് മുന്നിൽ നിൽക്കുന്നത് ഒരു ഡോക്ടർ ആണെന്നും തിരിച്ചറിഞ്ഞു ചിപ്പി. ഒരു നിമിഷം ഒന്ന് കണ്ണടച്ച് തനിക്കെന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുത്തു അവൾ ആ നിമിഷമാണ് മറ്റൊരു ചിന്ത ഉള്ളിൽ ഒരു നടുക്കമായത്.

” എ.. എന്റെ കുഞ്ഞ് .. ”

അടിവയറ്റിൽ കൈ വച്ചു കൊണ്ട് ചാടിപ്പിടഞ്ഞെഴുന്നേൽക്കുവാൻ ശ്രമിച്ചെങ്കിലും അമിതമായ വേദനയിൽ ആണ് ശ്രമം പരാജയപ്പെട്ടു.

” മോളെ.. അനങ്ങല്ലേ നീ.”

നിരകണ്ണുകളോടെ അമ്മ തന്നെ പിടിച്ചു തിരികെ കിടത്തുമ്പോൾ വേദനയോടെ ആ മുഖത്തേക്ക് നോക്കി പോയി ചിപ്പി

” അമ്മേ.. എന്റെ കുഞ്ഞ്… ”

ദയനീയമായ ആ ചോദ്യത്തിന് മുന്നിൽ അമ്മയ്ക്ക് പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.

“പോയി മോളെ… അതിനു ജനിക്കാൻ വിധിയില്ലാതെ പോയി.. എന്റെ മോള് തളരല്ലേ….”

മറുപടിക്കൊപ്പം അവർ അലമുറിയിട്ട് കരയുകയായിരുന്നു. ആ കേട്ട വാക്കുകൾ തന്റെ കാതുകളിൽ കൂരമ്പുകളായി തറച്ചു കയറുന്നത് പോലെ തോന്നിപ്പോയി ചിപ്പിക്ക്..

” എന്റെ കുഞ്ഞ്….. ”

പൊട്ടിക്കരഞ്ഞു അവൾ.

” ഒറ്റ ചവിട്ടിനാ സാറേ അവൻ…. ”

ഒരു ഏങ്ങലോടെ അമ്മ കാര്യങ്ങൾ ഡോക്ടരുടെ മുന്നിൽ വിശദീകരിക്കുന്നത് അവ്യക്തമായി കേട്ടു ചിപ്പി.

പിന്നെ നടന്നതെല്ലാം അവ്യക്തമായി തന്നെ തോന്നി അവൾക്ക്. ആരൊക്കെയോ തന്നെ കാണാൻ വരുന്നു എന്തൊക്കെയോ പറയുന്നു. സഹതാപം.. പിന്തുണ…അതിനിടയിൽ പോലീസ് വരുന്നു എന്തൊക്കെയോ ചോദിക്കുന്നു അവർക്കുള്ള മറുപടി അമ്മ തന്നെ നൽകുന്നു…. അങ്ങിനങ്ങിനെ പലതും നടന്നു. ഒന്നിലേക്കും ശ്രദ്ധ കൊടുത്തില്ല ചിപ്പി.. ‘തന്റെ കുഞ്ഞ്… ‘ അവളുടെ ഉള്ളിലെ നീറ്റൽ അത് മാത്രമായിരുന്നു.

തിരികെ വീട്ടിലെത്തിയിട്ടും ആ ഷോക്കിൽ നിന്നും മുക്തയായില്ല അവൾ. ഇതിനോടകം മഹേഷിനെ പോലീസ് പിടികൂടിയിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ചർച്ചകൾ കൊടുംബിരി കൊണ്ടു.

” ഇല്ലില്ല… ഇനി പറ്റില്ല.. എന്റെ കൊച്ചിനെ കൊല്ലാൻ കൊടുക്കാൻ ഞാനില്ല… എന്തോ ഭാഗ്യത്തിന് അതിന്റെ ജീവൻ തിരിച്ചു കിട്ടി. എന്നിട്ടും കുഞ്ഞ് പോയ വിഷമത്തിൽ നിന്നും എന്റെ മോള് ഓക്കേ ആയിട്ടില്ല ഇതുവരെ.. ”

അച്ഛന്റെ കടുത്ത വാക്കുകൾ ഉമ്മറത്ത് കേട്ടു ചിപ്പി.

” എന്ന് പറഞ്ഞാൽ എങ്ങിനാ.. ശെരിയാണ് അവൻ ചെയ്തത് വെറും പോക്രിത്തരമാണ് പക്ഷെ ബന്ധം പിരിച്ചു വിടുക ന്ന് ഒക്കെ പറഞ്ഞാൽ അത്ര എളുപ്പം ആണോ അവൻ കെട്ടിയ താലി അല്ലെ അവളുടെ കഴുത്തിൽ കിടക്കുന്നെ… അപ്പോ കാര്യങ്ങൾ ഒരു മയത്തിൽ പറഞ്ഞ് ഒത്തുതീർപ്പ് ആക്കുന്നതല്ലേ നല്ലത്…. ചെറുക്കൻ ഇപ്പോ പോലീസ് സ്റ്റേഷനിൽ ആയിട്ട് ദിവസം മൂന്ന് ആകുന്നു…. തത്കാലം കേസില്ല ന്ന് പറഞ്ഞ് അവനെ ഇറക്കാം.. എന്നിട്ട് സംസാരിച്ചു ഒരു തീരുമാനം ആക്കാം അതാണ് നല്ലത് ”

കാരണവന്മാർ വട്ടം കൂടി ഇരുന്നു അച്ഛനെ ഉപദേശിക്കുകയാണെന്ന് മനസിലാക്കി അവൾ . മഹേഷിന്റെ ഒരു അമ്മാവൻ കൂടി ഉണ്ടായിരുന്നു സദസ്സിൽ. എങ്ങിനെയും അവനെ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തു കൊണ്ട് വരുക എന്ന ലക്ഷ്യത്തിൽ എത്തിയതാണ് അയാൾ.

” എടോ.. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ.. ഒരു ആൺതുണയില്ലാതെ ഒറ്റയ്ക്ക് നിങ്ങടെ മോൾക്ക് ജീവിക്കാൻ പറ്റോ.. ചിലതൊക്കെ ഒന്ന് സഹിച്ചും ക്ഷമിച്ചും നിന്നാലേ മുന്നോട്ട് പോകാൻ പറ്റുള്ളൂ.. കുടുംബ ജീവിതം അല്ലെ… അവനിനി പ്രശ്നത്തിനൊന്നും വരില്ല കള്ളുകുടിയൊക്കെ നമുക്ക് നിർത്തിക്കാം.. ജോലിക്ക് പോയി കുടുംബം നോക്കിക്കോളും. ”

പ്രശ്നങ്ങൾ എങ്ങിനെയും പരിഹരിക്കുവാൻ അയാൾ പരമാവധി ശ്രമിച്ചു. തിരിച്ചു അച്ഛന്റെ മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ ഇനി താൻ പുറത്തേക്ക് ഇറങ്ങിയേ പറ്റുള്ളൂ എന്ന് മനസിലാക്കി ചിപ്പി. ആ നിമിഷം അവൾ ഉമ്മറത്തേക്ക് നടന്നു.

” അതേ.. എല്ലാവരും കേൾക്കുവാൻ പറയുവാ… ഇനി ഒരു പരീക്ഷണത്തിന് ഞാനില്ല.. ആഗ്രഹിച്ചു കൊതിച്ചു കിട്ടിയ എന്റെ കുഞ്ഞാണ് നഷ്ടമായത് അതിനെ കൊന്നതോ.. സ്വന്തം അച്ഛൻ തന്നെ.. അയാളെ ഇനി എനിക്ക് പറ്റില്ല.. കുറെ സഹിച്ചു ഞാൻ.ആട്ടും തുപ്പും അടിയും തൊഴിയും എല്ലാം.. കള്ളുകുടിച്ചു ബോധമില്ലാതെ എന്തെല്ലാം പറഞ്ഞ് എന്നെ.. ഒക്കെയും ക്ഷമിച്ചു. പക്ഷെ ഇത്… ഇപ്പോൾ ഒരു കൊലപാതകി ആണയാൾ സ്വന്തം കുഞ്ഞിനെ കൊന്നവൻ. എന്റെ സ്വപ്‌നങ്ങൾ തകർത്തവൻ.. ആ അവനെ ഇനി എനിക്ക് വേണ്ട. ”

ഏറെ ഉറച്ചതായിരുന്നു ആ വാക്കുകൾ. ഒന്ന് നിർത്തി അച്ഛനെ നോക്കുമ്പോൾ ആ മുഖത്ത് കണ്ട തെളിച്ചം ചിപ്പിക്ക് ഊർജ്ജമായി. എന്നാൽ മാധ്യസ്ഥതയ്ക്ക് വന്ന അമ്മാവന് അതൊട്ടും ഇഷ്ടമായില്ല.

” ഇതെന്താണ് ഇത്… വലിയവർ സംസാരിക്കുന്നത് കണ്ടില്ലേ.. അതിനിടക്ക് കേറി ഇങ്ങനെ പക്വത ഇല്ലാത്ത മറുപടികൾ പറയാൻ നിൽക്കരുത്. ആവേശം കാണിക്കാൻ എളുപ്പം ആണ് പിന്നെ അതോർത്തു ദുഖിക്കേണ്ടി വരും. അച്ഛനുമമ്മയും ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകില്ല അതോർത്താൽ നല്ലത്. ”

ചെറിയൊരു ഭീക്ഷണിയോടെയാണ് അയാൾ പറഞ്ഞ് നിർത്തിയത് എന്നാൽ അത് കേൾക്കെ പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു അവൾ.

“അച്ഛനുമമ്മയും ഒപ്പമില്ലെങ്കിലും നല്ല അന്തസ്സോടെ ജോലിയെടുത്തു ജീവിക്കാൻ എനിക്ക് പറ്റും അതിനുള്ള വിദ്യാഭ്യാസം നേടാൻ എന്റെ അച്ഛൻ എന്നെ സഹായിച്ചിട്ടുണ്ട്…. ”

ഒന്ന് നിർത്തി അച്ഛന്റെ അരികിലേക്ക് ചെന്നു ചിപ്പി.

” അച്ഛാ ഇനി എനിക്ക് അയാളെ വേണ്ട… പലതും നിങ്ങളോട് പോലും പറയാതെ സഹിച്ചു ഞാൻ പക്ഷെ ഇനി വയ്യ… ഇപ്പോ കേസിനും വഴക്കിനും പോകാനൊന്നും വയ്യ എനിക്ക് എന്റെ കുഞ്ഞ് പോയി.. അത് എന്റെ മാത്രം നഷ്ടമാണ്.. അത് ഞാൻ സഹിച്ചോളാം.. അയാളെ സ്റ്റേഷനിൽ നിന്നും ഇറക്കി വിട്ടേക്കാൻ പറയ്.. എവിടേലും പോയി തുലയട്ടെ.. എനിക്ക് പരാതി ഒന്നും ഇല്ല. പക്ഷെ.. ഇനി മേലിൽ അയാൾ എന്റെ നിഴൽ വെട്ടത്തിൽ വരരുത്. ഡിവോഴ്സ് ഫയൽ ചെയ്യണം നമുക്ക്.. എത്രയും വേഗം പറ്റുമോ അത്രയും വേഗം അയാളിൽ നിന്നും അച്ഛൻ എന്നെ രക്ഷിക്കണം ”

ആ വാക്കുകൾ കേൾക്കെ മകളെ തന്നോട് ചേർത്ത് നിർത്തി ആ അച്ഛൻ.

” അച്ഛൻ ഉണ്ട് മോളെ നിനക്ക് ഒപ്പം. ഞാൻ ചെയ്ത തെറ്റാണ് മഹേഷ്‌ എന്ന നിന്റെ ദുരിതം. അത് ഇറക്കി വെയ്ക്കാൻ ഞാൻ തന്നെ സഹായിക്കാം.. ”

ഒക്കെയും കേട്ടിരുന്ന അമ്മാവന് വീണ്ടും ഹാലിളകി.

” അച്ഛനും മോളും കടിച്ചാൽ പൊട്ടാത്ത തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നേ പലവട്ടം ചിന്തിക്കുന്നത് നല്ലതാണ് കേട്ടോ.. രക്ഷകർത്താക്കൾക്ക് എന്നും മകൾക്ക് താങ്ങായി നിൽക്കാൻ പറ്റി ന്ന് വരില്ല.. ”

പരമാവധി ചൊറിഞ്ഞു അയാൾ. എന്നാൽ പതിയെ അയാൾക്ക് അരികിലേക്ക് ചെന്നു ചിപ്പി

” നിങ്ങടെ അനന്തിരവനെ സ്റ്റേഷനിൽ നിന്നിറക്കണം.. അതല്ലേ നിങ്ങടെ ഈ വരവിന്റെ ഉദ്ദേശം.. അത് ഞങ്ങൾ ഓക്കേ പറഞ്ഞല്ലോ.. ഇനി പൊയ്ക്കോളൂ… പക്ഷെ അയാളോട് ഇനി മേലിൽ എന്നേ കാണണോ സംസാരിക്കാനോ വന്നേക്കരുത് എന്ന് പറയണം. പിന്നേ നിങ്ങൾ കരുതുന്ന പോലെ ഡിവോഴ്‌സും വാങ്ങി ശിഷ്ടകാലം ഈ ചുവരുകൾക്കുള്ളിൽ ഞാൻ ഒതുങ്ങുവൊന്നുമില്ല
.ഞാൻ വേറെ കെട്ടും.. എന്റെ പോറ്റാൻ എനിക്കൊപ്പം നിൽക്കാൻ ചങ്കുറപ്പുള്ള ആണൊരുത്തൻ വന്നാൽ ഉറപ്പായും ഞാൻ പുതിയൊരു ജീവിതം തുടങ്ങും.. ”

മകളുടെ പക്വതയാർന്ന ആ മറുപടി കേൾക്കെ അഭിമാനം തോന്നി ചിപ്പിയുടെ അച്ഛന്. ചർച്ചയിൽ മൗന സാക്ഷിയായിരുന്ന അമ്മയും ഏറെ സന്തോഷിച്ചു അവളുടെ ആത്മധൈര്യമോർത്ത് എന്നാൽ ഒക്കെയും കേട്ടിരുന്ന അമ്മാവനാകട്ടെ ആകെ ചൂളി പോയി. ഇനി ഒത്തു തീർപ്പിന് അവസരം ഇല്ലെന്ന് മനസിലാക്കിയ അയാൾ പതിയെ എഴുന്നേറ്റു..

” നിങ്ങൾക്കൊക്കെ എടുത്തു ചാട്ടം അല്പം കൂടുതൽ ആണ്. ഒരു കുഞ്ഞ് പോയാൽ മറ്റൊരു കുഞ്ഞ് വരും.. ഒരു കുടുംബജീവിതം ആൺ നിഷ്പ്രയാസം ഇല്ലാണ്ടാക്കി കളയാൻ പോകുന്നത്. ഇനീപ്പോ എന്താന്ന് വച്ചാൽ വിധി പോലെ വരട്ടെ.. ഞാൻ ഇറങ്ങുവാ.. ”

കാര്യങ്ങൾ കൈവിട്ടു എന്ന് മനസിലായത് കൊണ്ടാകണം..യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ പോലും അവർക്കിട്ട് ഒന്ന് കുത്താൻ മറന്നില്ല അയാൾ.

” എടോ പന്ന.. മോനെ.. തന്തയില്ലായ്മത്തരം പറഞ്ഞാൽ അടിച്ചു ചെകിടു പുകയ്ക്കും ഞാൻ.. എത്ര സിമ്പിൾ ആയാണ് താൻ പറഞ്ഞത് ഒരു കുഞ്ഞ് പോയാൽ അടുത്ത കുഞ്ഞു വരും എന്ന്.. കഷ്ടം.. വിവരമില്ലാത്ത നാറി.. ഇനി ഒരു സെക്കൻഡ് ഇവിടെ നിന്ന് പോകരുത് ”

കലി കയറി അച്ഛൻ മുന്നിലേക്ക് ആയുമ്പോൾ പിടിച്ചു നിർത്തിയത് ചിപ്പി തന്നെയാണ്.

“വേണ്ടച്ഛാ… വിട്ടേക്ക് അയാള് പോട്ടെ… ”

മകളുടെ മുന്നിൽ ആ അച്ഛൻ ശാന്തനായി. ആകെ മൊത്തത്തിൽ നാറിയ അമ്മാവൻ ആകട്ടെ പുറത്തേക്ക് പോകുമ്പോൾ ഒരു വട്ടം പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല.

“മോളെ ആദ്യം നല്ലൊരു ജോലി വാങ്ങണം നീ… സ്വന്തം കാലിൽ അന്തസ്സോടെ നിൽക്കണം. ഈ കാലത്ത് ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടത് ഒരു ജോലിയും സ്വന്തമായി വരുമാനവും ആണ്. അച്ഛൻ ഉണ്ട് നിന്റെ പിന്നിൽ.. പിന്നേ അതിനിടയിലോ ശേഷമോ നീ പറഞ്ഞ പോലെ ആണൊരുത്തനെ കണ്ടാൽ… കെട്ടിക്കോ .. ഇത്തവണ അഭിപ്രായങ്ങളും തീരുമാനങ്ങളും നിന്റെയാണ്.. നിന്റെ മാത്രം..എന്തിനും അച്ഛൻ ഒപ്പമുണ്ട്. ”

ചേർത്ത് പിടിച്ചുള്ള അച്ഛന്റെ ആ വാക്കുകൾ മാത്രം മതിയാരുന്നു ഇനിയുള്ള ജീവിതത്തിൽ ചിപ്പിക്ക് ഊർജ്ജമാകുവാൻ. അമ്മ കൂടി ഒപ്പമെത്തവേ ആ ഊർജ്ജം ഇരട്ടിയായി..

അപ്പോൾ മുതൽ അവളൊരു പുതിയ ജീവിതമാരംഭിച്ചു.
‘സ്വന്തമായി എന്തേലുമൊക്കെ ആകുക എന്നൊരു ദൃഢനിശ്ചയത്തോടെ… ‘

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *