‘ എന്റെ മോള്… അവള് മരിച്ചു പോവും സാറുന്മാരെ നിങ്ങളു മൂന്നാളും കൂടിയവളെ ഉപദ്രവിച്ചാൽ … ഒന്നും ചെയ്യാതെ വെറുതെ വിട്ടേക്ക് സാറെ എന്റെ കൊച്ചിനെ… ഇനി ഞാനും എന്റെ മോളും ഒരാളെയും ഉപദ്രവിക്കാതെ നിങ്ങളുടെയൊന്നും കൺമുന്നിൽ പോലും വരാതെ എവിടേലും പോയ് ജീവിച്ചോളാം… ഞങ്ങളെ വെറുതെവിടണേ സാറെ… ഇനിയൊരു തെറ്റും ഞങ്ങൾ ചെയ്യില്ല സാറെ….
ഗോവിന്ദിന്റെ കാലിൽ ഇരുകൈയും ചുറ്റിപ്പിടിച്ച് കരഞ്ഞു കേഴുന്നതിനിടയിലും മെറീനയുടെ ദയനീയമായ നോട്ടം അകത്തെ മുറിയിൽ ബോധം മറഞ്ഞു കിടക്കുന്ന തന്റെ മകൾ നേഹയിലും അവൾക്കടുത്തവളെ കണ്ണു ചിമ്മാതെ നോക്കി നിൽക്കുന്ന രണ്ടു പുരുഷന്മാരിലും കൂടിയാണ്….
“നിങ്ങളിങ്ങനെ കരഞ്ഞു വിളിച്ച്എന്റെയോ ആ നിൽക്കുന്ന അവന്മാരുടെയോ ഒന്നും കാലു പിടിച്ചിട്ടൊരു കാര്യവുമില്ല…
ഞങ്ങൾ ഇന്നിവിടെ വന്നതെന്തിനാണോ അത് നടപ്പിലാക്കിയിട്ടേ ഇവിടുന്നൊരു മടക്കം ഞങ്ങൾക്കുള്ളു…
അതുറപ്പിച്ചു തീരുമാനിച്ചു തന്നെയാണ് നിന്റെയീ വലിയ കൊട്ടാരത്തിനുള്ളിലേക്ക് ഞങ്ങൾ വന്നതും ഡോക്ടർ മെറീനാ….
പല്ലുകൾ കടിച്ചമർത്തി ദേഷ്യമടക്കി ഗോവിന്ദ് പറഞ്ഞു നിർത്തിയതും അകത്ത് നേഹയ്ക്കരികിൽ നിന്നിരുന്നവനിലൊരാൾ തന്റെ ശരീരത്തിൽ നിന്ന് ഷർട്ടൊന്ന് വേഗത്തിൽ അഴിച്ചുമാറ്റി തുടങ്ങി…
ആ കാഴ്ചയിൽ ഡോക്ടർ മെറീനയുടെ ശരീരം നന്നായൊന്ന് ഞെട്ടിയതും കറണ്ടടിച്ച പോലെ അവരുടെ ശരീരമൊന്ന് വിറച്ചതും അവർ തന്റെ കാലിൽ പിടിച്ച കൈകളിലൂടെയറിഞ്ഞു ഗോവിന്ദെങ്കിലും അവന്റെ മുഖത്തവരോട് യാതൊരു ദയവും പ്രകടമായില്ല….
“നീയാണോ ഷെഫിക്കേ ആദ്യം….?
അവളെ കണ്ടതോടെ നിന്റെ മുഴുവൻ നിയന്ത്രണവും നിനക്ക് നഷ്ടമായതു പോലെയാണല്ലോ നിന്റെ മുഖവും പ്രവർത്തിയും…?
ഇത്രയ്ക്കും ആക്രാന്തം വേണോടാ ….
ഷെഫീക്കിനെ കളിയാക്കി ഗോവിന്ദിന്റെ ശബ്ദം ഉയർന്നവിടെയെങ്കിലും അതിലൊന്നു പോലും തനിയ്ക്ക് ഏൽക്കില്ലെന്ന പോലെ ആ ബെഡ്ഡിനരികിലേക്ക് ചെന്നു നിന്ന ഷെഫീക്ക് അലസം തന്റെ മിഴികളുയർത്തി ബോധം മറഞ്ഞ് ബെഡ്ഡിൽ കിടക്കുന്നവളെയൊന്നുഴിഞ്ഞു നോക്കിയാദ്യം….
” ഗോവിന്ദേ…അപ്പോ ഞാൻ തന്നെയാണ് ഇവളുടെ ഇന്നത്തെ ആദ്യ ആള്…
നീ ആ തള്ളയേയും പിന്നെയിവളെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി വെള്ളമിറക്കി നിൽക്കുന്ന ഇവനെയും ഒന്നീ റൂമിൽ നിന്ന് കുറച്ചു നേരത്തേയ്ക്ക് മാറ്റിതാ…
ഒപ്പം നീയുമൊന്ന് പുറത്തു നിൽക്ക് കുറച്ചു നേരം…
എന്റെ ഊഴം കഴിഞ്ഞ് ഞാനങ്ങു പെട്ടന്നിറങ്ങാന്ന്… അതു കഴിഞ്ഞ് പിന്നെ നിങ്ങളെന്തു വേണോ ചെയ്തോ… ഫസ്റ്റ് ചാൻസ് അതെനിയ്ക്ക് വേണം… ഒന്നൂല്ലെങ്കിലും ഇവളുക്കാരണം ഹോസ്പ്പിറ്റലിൽ മരണവക്കത്തു കിടക്കുന്നതെന്റെ അനിയൻ സാദ്ദികല്ലേ… അവനു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ ഞാനിവളോട് ….”
അഴിച്ചു മാറ്റിയ ഷർട്ട് അവിടെ കിടന്ന കസേരയിലേക്കിട്ട് ആ ബെഡ്ഡിലവൾക്കടുത്ത് അമർന്നിരുന്ന് ഷെഫീക്ക് പറഞ്ഞതു കേട്ടതും കൂടംകൊണ്ടടി തലയ്ക്കു കിട്ടിയ പോലൊരു തരിപ്പോടെ ഷെഫീക്കിനെ തുറിച്ചു നോക്കി മെറീന….
എസ് കെ ഹോസ്പ്പിറ്റൽ ഐസിയുവിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന സാദിഖിന്റെ ഏട്ടനാണോ സാറേ അയാൾ…..?
ഗോവിന്ദിന്റെ കാലിൽ ചുറ്റിപ്പിടിച്ചിരുന്ന തന്റെ കൈകൾ വേഗത്തിൽ വേർപ്പെടുത്തി നിലത്തു നിന്നെഴുന്നേറ്റവർ ഗോവിന്ദിനോട് തിരക്കിയതും അവരുടെ കരണം പുകച്ച് തന്റെ വലതുകൈ ശക്തിയിൽ ആഞ്ഞുവീശിയിരുന്നു ഗോവിന്ദ്….
“അതേ ടീ…. സാദിഖിന്റെ ഏട്ടൻ ഷഫീക്ക് ആണത്… രക്തബന്ധം കൊണ്ട് ഷഫീക്ക് അവന് ഏട്ടനായ് തീർന്നപ്പോൾ സ്നേഹ ബന്ധം കൊണ്ടവന് സഹോദരനായ് തീർന്നവരാണ് ഞാനും ദേ ആ നിൽക്കുന്ന സാജനുമെല്ലാം….’
“നിന്റെയും നിന്റെ മകളുടെയും കള്ളങ്ങൾ ജനങ്ങളും നിയമങ്ങളും വിശ്വസിച്ചപ്പോൾ ചെയ്യാത്ത കുറ്റം ഏൽക്കേണ്ടി വന്നു ഞങ്ങളുടെ അനിയന്… അതും ആ കിടക്കുന്ന നിന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം… എന്തിനു വേണ്ടിയായിരുന്നെടി നിങ്ങളമ്മയും മകളും ചേർന്നങ്ങനെയൊരു നുണക്കഥ ആ പാവത്തിനു മേൽ പടച്ചുവിട്ടത്…?
ദേഷ്യമിരച്ചു കയറിമുരളും വിധം ഗോവിന്ദ് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാനാകാതെ അവനെയും തന്റെ മകൾക്ക് അരികെ നിൽക്കുന്നവരെയും പകപ്പോടെ നോക്കി ഡോക്ടർ മെറീന….
“ഞങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായൊരുത്തരം നീ ഇപ്പോൾ തന്നില്ലെങ്കിൽ ഇവിടെയിപ്പോ നിന്റെ മുമ്പിൽ വെച്ച് പിച്ചി കീറും നിന്റെ മകളെ ഞങ്ങളോരോരുത്തരും…. നീയും നിന്റെ മകളും ഈ ലോകത്തോട് വിളിച്ചു പറഞ്ഞ കള്ളമങ്ങനെ സത്യമാവുകയും ചെയ്യും… ഞങ്ങളുടെ അനിയന് കിട്ടാത്ത നീതിയും മര്യാദയും അവനെ ഉപദ്രവിച്ച നിങ്ങൾക്കും തരില്ല ഞങ്ങൾ… അതു കൊണ്ട് സത്യം സത്യമായിട്ടു പറഞ്ഞാൽ ജീവനെങ്കിലും ബാക്കി വെയ്ക്കും ഞങ്ങൾ ….”
ഗോവിന്ദിനരികിലേക്ക് വന്നതു മെറീനയോടു പറയുമ്പോൾ സാജന്റെ മുഖത്ത് ഏതൊരാളും ഭയപ്പെടുംവിധം ദേഷ്യമാളിയിരുന്നു…
“തെരുവിൽ ജനിച്ചു വളർന്നവരാണ് ഡോക്ടറെ ഞങ്ങളൊക്കെ… തന്തയ്ക്കും തള്ളയ്ക്കുമൊന്നും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടവർ…
നിങ്ങളെ പോലെ വലിയ കൊമ്പത്തു ജീവിക്കുന്നവർക്ക് ഞങ്ങളോടൊക്കെ എന്നും പുച്ഛമാണല്ലോ…
അതു കൊണ്ടു തന്നെയാണ് ഞങ്ങളിലൊരുവനാണെന്ന് പുറംലോകമറിയാത്ത വിധം ഞങ്ങൾ ഞങ്ങളുടെ അനിയനെ വളർത്തിയതും പഠിപ്പിച്ചതും…
പാവമാണവൻ… ഒരാൾക്കും ഒരു ദ്രോഹവും ചെയ്യാത്തവൻ… ആ അവനെ എന്തിനാടീ നീയും നിന്റെ മകളും കൂടി കേസിൽ പെടുത്തിയത്…?
നിങ്ങൾ നൽകിയ പെണ്ണുപിടിയൻപട്ടം കാരണമാണവൻ മരണത്തെ
സ്വീകരിക്കാൻ നോക്കി കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി ഇന്നത്തെയീ അവസ്ഥയിലെത്തിയത്… എന്തിനു വേണ്ടിയാണ് നിങ്ങൾ ഞങ്ങളുടെ അനിയനെ തെറ്റുക്കാരനാക്കിയത്…?
സാജൻ ശബ്ദമുയർത്തിയതും നേഹയ്ക്കരികിലിരുന്ന ഷെഫീക്കിന്റെ കൈകൾ നേഹയുടെ വസ്ത്രങ്ങളിലമർന്നു…. അവയെ അവളിൽ നിന്ന് വേർപ്പെടുത്താൻ വേണ്ടി തന്നെ….
“വേണ്ട…. ഒന്നും ചെയ്യരുത്… ഞാൻ പറയാം….
ഷെഫീക്കിന്റെ നീക്കത്തിൽ പകച്ച് മെറീന കരഞ്ഞുറക്കെ പറഞ്ഞതും അവരുടെയെല്ലാം നോട്ടം മെറീനയിലേക്കായ്….
“എന്റെ മകൾ ഇതുവരെ പഠിച്ച ക്ലാസിലെല്ലാം അവളായിരുന്നു ക്ലാസ് ഫസ്റ്റ് എപ്പോഴും.. എന്നാൽ സാദിഖിന്റെ വരവോടെ ആ അവസ്ഥ മാറി.. ക്ലാസിലും കോളേജിലുമെല്ലാം അവനായ് ഒന്നാമൻ… അതുവരെ എന്റെ മകളെ പുകഴ്ത്തിയവരെല്ലാം പിന്നെയവനെ പുകഴ്ത്താൻ തുടങ്ങി… അതു സഹിക്കാൻ വയ്യാത്തതു കൊണ്ട് അവനെ സാദിഖിനെ ആ കോളേജിൽ നിന്നു തന്നെ പറഞ്ഞയക്കാൻ വേണ്ടി ഞങ്ങൾ ചെയ്തതാണെല്ലാം…”
ഏറ്റു പറഞ്ഞു മെറീന….
“ചെയ്തത് എന്താണെന്ന് പറയെടി വേഗം….?
കയ്യിലെ ഫോൺ ക്യാമറ ഒന്നുക്കൂടി അവർക്കു നേരെ തിരിച്ചലറി ഗോവിന്ദ്….
ഒരു രഹസ്യം പറയാനുണ്ടെന്നു പറഞ്ഞു സാദിഖിനെ മുറിയിൽ വിളിച്ചു കയറ്റിയത് നേഹയാണ്.. പിന്നീട് അവൻ കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു ബഹളം വെച്ചാളെ കൂട്ടിയതും അവളാണ്… സാദിഖ് അവളെ ഒന്നും ചെയ്തിരുന്നില്ല സത്യം….
പൊട്ടി കരഞ്ഞുറക്കെ മെറീന പറയുന്ന സത്യങ്ങൾ കേട്ട് പുറം ലോകം ഞെട്ടി…
അവർ മൂന്നു പേരും ആ വീട്ടിൽ നിന്നിറങ്ങും നേരം അവിടെയാകെ തടിച്ചുകൂടിയ ജനങ്ങളെ കണ്ടാണ് താനും അവരുമായുള്ള
സംസാരമത്രയും നേരം ലൈവ് പോയി കൊണ്ടിരിക്കുകയായിരുന്നെന്ന് മെറീന അറിഞ്ഞതു പോലും….
തനിയ്ക്കു നേരെ ചീറി വരുന്ന ചെരിപ്പിൽ നിന്നും കല്ലേറിൽ നിന്നും രക്ഷപ്പെടാൻ മെറീന പല വഴി ഓടുമ്പോൾ തങ്ങളുടെ അനിയന്റെ നിരപരാധിത്തം പുറം ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയ സംതൃപ്തിയോടെ ഇനി വരുന്നതെന്തും നേരിടാനുറച്ച് തലയുയർത്തി ആ വീടിന്റെ പടിയിറങ്ങി അവർ മൂവരും… ഞങ്ങളിലൊരുവനുവേണ്ടി പൊരുതാൻ തങ്ങളേ ഉള്ളുവെന്ന തിരിച്ചറിവോടെ…
✍️ രജിത ജയൻ
