ഈ അടുപ്പം ഒളിച്ചും പാത്തുമുള്ള കൂടി കാഴ്ചകളായി. ബിസിനസ്‌ ആവശ്യവുമായി സോമൻ പുറത്ത് പോകുമ്പോഴൊക്കെ ബൈജു….

“എടി … എന്റെ ഹൃദയമിടിപ്പ് ഇപ്പോൾ മിനിറ്റിൽ 135-ന് മുകളിലാണ്. ഇത് നിന്റെ സൗന്ദര്യം കണ്ടിട്ടാണോ അതോ നിന്റെ കെട്ടിയവന്റെ കാർ പാർക്കിംഗിൽ കയറി എന്ന് സ്മാർട്ട് വാച്ചിൽ നോട്ടിഫിക്കേഷൻ വന്നത് കൊണ്ടാണോ എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല!”

കൊച്ചിയിലെ ആഡംബര അപ്പാർട്ട്‌മെന്റിന്റെ B-12 നമ്പർ ഫ്ലാറ്റിലെ ബാൽക്കണിയിൽ എസിയുടെ ഔട്ട്‌ഡോർ യൂണിറ്റിന് പുറകിൽ നൂണ്ട് ഇരുന്നുകൊണ്ട് ഷൈജു ഇത് പറയുമ്പോൾ, ബിന്ദു തന്റെ ഫോണിലെ സെക്യൂരിറ്റി ആപ്പ് നോക്കി വിറയ്ക്കുകയായിരുന്നു.

“ഷൈജു പതുക്കെ പറയൂ! അയാൾ ലിഫ്റ്റിൽ കയറി.”

അപ്പോഴും ബൈജുവിന്റെ സ്മാർട്ട്‌ വാച്ച് വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു.

“ഈ നശിച്ച വാച്ച് എന്തിനാ ഇങ്ങനെ വൈബ്രേറ്റ് ചെയ്യുന്നത്? അത് ഊരി എറിയൂ മനുഷ്യാ!” ബിന്ദു പരിഭ്രമത്തോടെ പറഞ്ഞു.

ഷൈജു ഒരു ഇൻഷുറൻസ് ഏജന്റാണ്. ബിന്ദുവിന്റെ ഭർത്താവ് സോമൻ ഒരു ‘സീരിയസ്’ ബിസിനസ്സുകാരനും. സോമന് 50 ലക്ഷത്തിന്റെ ടേം ഇൻഷുറൻസ് എടുക്കാൻ വേണ്ടി ഷൈജുവിനെ വിളിച്ചതാണ് വില്ലനായത്. സോമൻ പോളിസി എടുത്തോ ഇല്ലയോ എന്ന് ഉറപ്പില്ല, പക്ഷേ ഷൈജുവും ബിന്ദുവും തമ്മിൽ ഒരു ‘അനൗദ്യോഗിക’ പോളിസി സൈൻ ചെയ്തു കഴിഞ്ഞിരുന്നു.

ഇന്നത്തെ കാലത്തെ പ്രണയം പണ്ടത്തെപ്പോലെയല്ല. കത്തുകളില്ല, ജനലിലൂടെയുള്ള നോക്കുകളില്ല. എല്ലാം വാട്സാപ്പിലെ ‘വ്യൂ വൺസ്’ മെസ്സേജും സ്മാർട്ട് വാച്ചിലെ നോട്ടിഫിക്കേഷനുകളുമാണ്. പക്ഷേ സാങ്കേതികവിദ്യ എത്ര വളർന്നാലും ഈ ‘പിടിക്കപ്പെടുമോ’ എന്ന പേടി തരുന്ന ഒരു ലഹരിയുണ്ടല്ലോ, അതാണ് ഷൈജുവിനെ ഇതിൽ പിടിച്ചുനിർത്തുന്നത്.

തിരക്കുള്ള ബിസിനസ്‌ മാൻ ആയതുകൊണ്ട് തന്നെ സോമന് ബിന്ദുവിനെ ശ്രദ്ധിക്കാനോ സ്നേഹിക്കാനോ സമയം ഇല്ലായിരുന്നു.
അത് ബിന്ദുവിന് ഒരു തീരാ ദുഃഖം ആയിരുന്നു. അപ്പോഴാണ് മാലാഖയെ പോലെ ബൈജു പോളിസിയുമായി അവിടേക്ക് വരുന്നത്.

പോളിസിയുടെ പേരും പറഞ്ഞ് ബൈജു വരുമ്പോഴുള്ള മൗന സംവാദങ്ങളും പിന്നെ രാത്രിയിലെ മെസ്സേജ് അയക്കലും ആണ് ബിന്ദുവും ബൈജുവും കൂടുതൽ അടുക്കാൻ കാരണം. ഈ അടുപ്പം ഒളിച്ചും പാത്തുമുള്ള കൂടി കാഴ്ചകളായി. ബിസിനസ്‌ ആവശ്യവുമായി സോമൻ പുറത്ത് പോകുമ്പോഴൊക്കെ ബൈജു അങ്ങോട്ടേക്ക് എത്തി തുടങ്ങി.

അന്ന് ഉച്ചയ്ക്ക് സോമൻ പാലക്കാട് ഒരു മീറ്റിംഗിന് പോയതായിരുന്നു. ഈ തക്കം നോക്കിയാണ് ഷൈജു രണ്ട് എഗ്ഗ് പഫ്‌സും ഒരു കുപ്പി തണുത്ത ജ്യൂസുമായി B-12-ൽ എത്തിയത്.

“നമുക്ക് ഇന്ന് സമാധാനമായി ഒന്ന് സംസാരിക്കാം ബിന്ദു. ഈ ഒളിച്ചുകളി എനിക്ക് മടുത്തു,” ഷൈജു പഫ്‌സിന്റെ കവർ പൊട്ടിച്ച് വായിലേക്ക് വച്ചതേയുള്ളു , അപ്പോഴാണ് ബിന്ദുവിന്റെ ഫോൺ അപായസൂചന നൽകിയത്.

സോമനാണ്! വീഡിയോ കോൾ!

ഷൈജുവിന്റെ തൊണ്ടയിൽ പഫ്‌സ് കുടുങ്ങി. ബിന്ദു അവനെ ഒറ്റ തള്ളലിന് ബാത്റൂമിലേക്ക് കയറ്റി.

“ഹലോ ഏട്ടാ… ആ… ഞാൻ ഇവിടെ അടുക്കളയിലായിരുന്നു. എന്താ പെട്ടെന്ന് ഒരു കോൾ?” ബിന്ദു ശ്വാസം അടക്കിപ്പിടിച്ചു.

“എടീ… പാലക്കാട് ഭയങ്കര മഴയാ. മീറ്റിംഗ് മാറ്റിവെച്ചു. ഞാൻ അപ്പാർട്ട്‌മെന്റിന്റെ ബേസ്‌മെന്റിൽ എത്തി. നിനക്ക് എന്തെങ്കിലും വേണോ?”

“വേണ്ട ഏട്ടാ ” ബിന്ദു വെപ്രാളത്തിൽ പറഞ്ഞു പോയി.

അപ്പോഴേക്കും ഫോൺ കട്ടായി. ബാത്റൂമിൽ നിന്ന് ഷൈജു പകുതി തിന്ന പഫ്‌സുമായി തല പുറത്തേക്കിട്ടു. “എന്റെ പൊന്നു ബിന്ദു… ഞാൻ എങ്ങനെ പുറത്തിറങ്ങും? നിന്റെ കെട്ടിയവൻ ബേസ്‌മെന്റിൽ എത്തിയാൽ പിന്നെ ആകെ ഉള്ള വഴി ഈ ബാൽക്കണിയാണ്! നിനക്ക് എന്തെങ്കിലും വേണം എന്ന് പറഞ്ഞ് അയാളെ പുറത്തേക്ക് വിടാൻ പാടില്ലാരുന്നോ?”

“ഞാൻ അന്നേരത്തെ ടെൻഷനിൽ അത് ഓർത്തില്ല ” ബിന്ദു പറഞ്ഞു

പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കിയ ഷൈജുവിന്റെ കണ്ണ് തള്ളി. താഴെ സെക്യൂരിറ്റി ചേട്ടൻ കൃത്യമായി മുകളിലേക്ക് നോക്കി പല്ലു കുത്തി നിൽക്കുന്നു.

“ഷൈജു… വേഗം ആ എസിയുടെ പുറകിൽ ഒളിച്ചിരിക്ക്! അയാൾ വന്നാൽ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് താഴേക്ക് വിടാം,” ബിന്ദു അവനെ നിർബന്ധിച്ചു.

ഷൈജു തന്റെ വിലപിടിപ്പുള്ള സ്മാർട്ട് വാച്ചും എടുത്ത് മുണ്ടും മടക്കിക്കുത്തി എസിയുടെ പുറകിൽ കുത്തിയിരുപ്പായി. ഉച്ചവെയിൽ തലയ്ക്ക് മുകളിൽ കത്തുന്നു. എസിയുടെ ചൂട് കാറ്റ് കൂടി മുഖത്തടിച്ചപ്പോൾ ഷൈജുവിന് തോന്നി, ഇൻഷുറൻസ് ഏജന്റായ താൻ സ്വന്തം പേരിൽ ഒരു ‘ആക്‌സിഡന്റ് ബെനഫിറ്റ്’ കൂടി ചേർക്കേണ്ടതായിരുന്നു എന്ന്.

സോമൻ അകത്തേക്ക് വന്നു. അയാൾ വല്ലാതെ ക്ഷീണിതനായിരുന്നു. “ബിന്ദു… ഈ എസിക്ക് എന്തോ കുഴപ്പമുണ്ടല്ലോ. പുറത്ത് നിന്ന് ഒരു വല്ലാത്ത മൂളൽ കേൾക്കുന്നു.”

ഷൈജു പുറത്ത് ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. അവന്റെ സ്മാർട്ട് വാച്ച് പെട്ടെന്ന് ഉറക്കെ മിടിക്കാൻ തുടങ്ങി. ‘High Heart Rate Detected (140 bpm)! Are you working out?’ എന്ന് വാച്ച് സ്ക്രീനിൽ തെളിഞ്ഞു. സ്പീക്കറിൽ നിന്ന് ഒരു ചെറിയ ബീപ്പ് ശബ്ദവും വന്നു.

“എന്താ ബിന്ദു ആ കേൾക്കുന്ന ശബ്ദം?” സോമൻ ബാൽക്കണിയിലേക്ക് നടന്നു.

ഷൈജു പ്രാർത്ഥിച്ചു. “ദൈവമേ… ഈ ആപ്പിളിന്റെ വാച്ച് എന്നെ ഇന്ന് പപ്പടം പോലെ പൊരിക്കും!”

ഭാഗ്യത്തിന് ആ സമയം ബിന്ദുവിന്റെ കയ്യിലിരുന്ന ചായക്കപ്പ് മനപ്പൂർവ്വം അവൾ താഴെ ഇട്ടു. “അയ്യോ ഏട്ടാ… നോക്കി നിൽക്കാതെ ഇതൊന്നു തുടയ്ക്കാൻ സഹായിക്കൂ! എന്റെ കൈ പൊള്ളി!” സോമന്റെ ശ്രദ്ധ ഉടനെ അങ്ങോട്ടേക്ക് മാറി.

സോമൻ തുണി എടുക്കാൻ പോയ തക്കത്തിന് ബിന്ദു ബാൽക്കണിയിലേക്ക് പാഞ്ഞെത്തി. “ഷൈജു… ഇപ്പോൾ തന്നെ ചാടിക്കോ… അല്ല, ഓടിക്കോ! അയാൾ ഇപ്പോൾ എസി മെക്കാനിക്കിനെ വിളിക്കുമെന്ന് പറയുന്നു.”

“പന്ത്രണ്ടാം നിലയിൽ നിന്ന് ചാടാനോ? ഞാൻ ഇൻഷുറൻസ് വിൽക്കുന്നവനാ ബിന്ദു, സ്വന്തം ക്ലെയിം ഫോം പൂരിപ്പിക്കാൻ എനിക്ക് വയ്യ!”

അപ്പോഴാണ് ഷൈജു ഒരു ‘മാസ്റ്റർ പ്ലാൻ’ ഇട്ടത്. അവൻ തന്റെ ബാഗിലുണ്ടായിരുന്ന ഒരു പഴയ പോളിസി ഫോം കയ്യിലെടുത്തു. എന്നിട്ട് പതുക്കെ ബാൽക്കണി വഴി അടുത്ത ഫ്ലാറ്റിലെ ഏരിയയിലൂടെ പുറത്തിറങ്ങി, നേരെ മെയിൻ ഡോറിലേക്ക് വന്ന് ബെല്ലടിച്ചു.

സോമൻ വാതിൽ തുറന്നു. വിയർത്തു കുളിച്ചു നിൽക്കുന്ന ഷൈജുവിനെ കണ്ട് അയാൾ അത്ഭുതപ്പെട്ടു.

“സോമൻ സാറേ… ഞാൻ ആ പത്താം നിലയിലെ സാറിന് ഒരു പോളിസി കൊടുക്കാൻ വന്നതാ. ലിഫ്റ്റ് കേടാണോ എന്ന് അറിയില്ല, പന്ത്രണ്ടാം നിലയിൽ എത്തിയപ്പോഴാണ് സാറിനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതിയത്. ദാ ഈ ഫോമിൽ ഇവിടെ ഒന്നുകൂടി ഒപ്പിടണം.”

സോമൻ ചിരിച്ചു. “എടാ ഷൈജു… നീ ഒരു കില്ലാടി തന്നെ! ഈ കൊടും വെയിലത്ത് ലിഫ്റ്റ് ഉണ്ടെങ്കിലും പടികൾ കയറി വരുമല്ലോ നീ. വാ അകത്തേക്ക് വാ, ഒരു ചായ കുടിക്കാം.”

പുറകിൽ നിന്ന് ബിന്ദു അന്തംവിട്ടു നിൽക്കുന്നു. ഷൈജു പുഞ്ചിരിയോടെ അകത്തേക്ക് കയറി സോമന്റെ അടുത്തുതന്നെ ഇരുന്നു വായിലൊതുക്കിയ പഫ്‌സിന്റെ ബാക്കി പതുക്കെ വിഴുങ്ങി.

അന്ന് വൈകുന്നേരം ഷൈജു തിരികെ പോകുമ്പോൾ സോമൻ അവനെ തോളിൽ തട്ടി. “ഷൈജു… നിന്റെ ഈ ആത്മാർത്ഥത എനിക്ക് ഇഷ്ടപ്പെട്ടു. നമുക്ക് ഒരു മൂന്ന് ലക്ഷത്തിന്റെ പോളിസി കൂടി നോക്കാം.”

ലിഫ്റ്റിൽ കയറിയപ്പോൾ ഷൈജു തന്റെ സ്മാർട്ട് വാച്ചിലേക്ക് നോക്കി. പൾസ് ഇപ്പോൾ ശാന്തമായി 72-ൽ എത്തിയിരിക്കുന്നു. അവൻ ബിന്ദുവിന് ഒരു മെസ്സേജ് അയച്ചു:

“എടി … ഇനി വരുമ്പോൾ ഞാൻ ഹെൽമെറ്റും കയറും കരുതിക്കോളാം. ഈ സ്മാർട്ട് വാച്ച് തരുന്നതിനേക്കാൾ വലിയ ഹൃദയമിടിപ്പ് നിന്റെ കെട്ടിയവൻ തരുന്നുണ്ട്!”

ബിന്ദുവിന്റെ മറുപടി ഉടനെ വന്നു: “നാളെ അയാൾ ദുബായിലേക്ക് പോകുന്നുണ്ട്. പൾസ് കുറയ്ക്കണ്ട, നമുക്ക് നാളെ കാണാം!”

ഷൈജു ചിരിച്ചു. അവിഹിതത്തിന്റെ സുഖം ആ റിസ്കിലാണെന്ന് അവൻ തിരിച്ചറിഞ്ഞു. പക്ഷേ അടുത്ത തവണ വരുമ്പോൾ ആപ്പിൾ വാച്ച് വീട്ടിൽ വെച്ചിട്ട് വരണമെന്ന് അവൻ ഉറപ്പിച്ചു.

✍️പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *