“എന്റെ ഭർത്താവിന് വേണ്ടതെന്താണെങ്കിലും അതു കൊടുക്കാനിവിടെ ഞാനുണ്ടിപ്പോൾ… നീ ചെന്ന് നിന്റെ ഭർത്താവിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചറിഞ്ഞ് അതു ചെയ്തു കൊടുക്കാൻ നോക്ക്… ഉം… ചെല്ല്… ”
നിളയുടെ കയ്യിലെ കാപ്പി ഗ്ലാസ്സിൽ ബലമായ് പിടുത്തമിട്ട് ഗൗരവത്തോടെ പറയുന്ന അമ്മയെ കണ്ടു കൊണ്ടാണ് അനൂപ് അടുക്കളയിലേക്കെത്തിയത്….
അമ്മയുടെ ഗൗരവം നിറഞ്ഞ മുഖത്തു നിന്നവന്റെ കണ്ണുകൾ നിളയിലേക്ക് നീങ്ങിയതും കണ്ടു കണ്ണു നിറച്ച് തന്നെ ദയനീയമായ് നോക്കുന്നവളെ…
“എന്റെ പൊന്നമ്മേ ….അച്ഛനൊരു ഗ്ലാസ് കാപ്പി വേണം… അതച്ഛൻ ഇവളോടു ചോദിച്ചു… ഇവളതുണ്ടാക്കുകയും ചെയ്തു… പിന്നെയതൊന്ന് അച്ഛനിവൾ കൊണ്ടു കൊടുത്താലെന്താ പ്രശ്നം….?
അമ്മ എന്തിനാ വെറുതെയിങ്ങനെ ഓരോ നിസാര കാര്യങ്ങൾക്കും വാശി പിടിക്കുന്നത്….?
നിളയിൽ നിന്ന് കാപ്പി ഗ്ലാസ് പിടിച്ചു വാങ്ങിയതുമായ് ഉമ്മറത്തിരിയ്ക്കുന്ന അച്ഛന്റെ അടുത്തേയ്ക്ക് വേഗത്തിൽ പോവുന്ന അമ്മയുടെ കൈകളിൽ പിടിച്ചവരെ തടഞ്ഞു നിർത്തി അനൂപ് ചോദിച്ചതും അവനെ ദേഷ്യത്തിൽ നോക്കി അമ്മ…
“രാവിലെ തന്നെ ഭാര്യയുടെ വക്കാലത്തും വാങ്ങി അവൾക്കു വേണ്ടി സംസാരിക്കാൻ എന്റെ അടുത്തോട്ട് വരല്ലേ അനൂപേ…അവളോടു പറഞ്ഞതു തന്നെയേ എനിയ്ക്ക് നിന്നോടും പറയാനുള്ളു, അച്ഛന്റെ കാര്യങ്ങളന്വേഷിക്കാനുംവേണ്ടതു ചെയ്തു കൊടുക്കാനും ഇവിടെ ഞാനുണ്ട്… ഞാൻ അന്വോഷിച്ച് ചെയ്തു കൊടുത്തോളും അച്ഛനു വേണ്ടതെല്ലാം… നിന്റെ ഭാര്യ ബുദ്ധിമുട്ടണ്ട അതിന്… അവളോട് നിന്റെ കാര്യങ്ങൾ എന്താണെന്നു വെച്ചാൽ നോക്കീം കണ്ടും നേരാവണ്ണം ചെയ്യാൻ പറഞ്ഞേക്ക്…. ”
തനിയ്ക്ക് മാർഗതടസം സൃഷ്ടിച്ചു മുമ്പിൽ നിൽക്കുന്ന മകനെ നിസാരമയ് തള്ളി നീക്കി നടന്നമ്മ പറഞ്ഞതും അമ്മയ്ക്കു നേരെ കൂർത്തു അനൂപിന്റെ നോട്ടം…..
അടുക്കളയിൽ നിറക്കണ്ണുമായ് നിൽക്കുന്ന നിളയെ ഓർത്തതും വേഗത്തിൽ അങ്ങോട്ടു ചെന്നവൻ കണ്ടു ഒഴുകുന്ന മിഴികളുമായ് വേഗത്തിൽ അടുക്കള ജോലികൾ ചെയ്യുന്നവളെ….
എന്തു പറഞ്ഞവളെ ആശ്വസിപ്പിക്കണമെന്നറിയാതെ പതറി നിന്നു പോയ് അവനൊരു നിമിഷം….
സോറി നിള…..
നിളയ്ക്ക് പിന്നിൽ ചെന്നു നിന്നവളെ ഇറുക്കെ പുണർന്നവൻ പറഞ്ഞതും നിളയിൽ നിന്നൊരു കരച്ചിലുയർന്നവിടെ…
എനിയ്ക്കെന്റെ അച്ഛനെ പോലെ തന്നെയല്ലേ അനുപേട്ടാ ഇവിടുത്തെ അച്ഛനും… എന്റെ സ്വന്തം അച്ഛന്റെ സ്നേഹം ഒരുപാടൊന്നും ഞാനനുഭവിച്ചിട്ടില്ല… അതിനു മുമ്പേ ഒരപകടത്തിലൂടെ അച്ഛനങ്ങ് പോയില്ലേ… ഇവിടെ അനുപേട്ടന്റെ അച്ഛനിൽ ഞാൻ കാണുന്നത് എന്റെ അച്ഛനെയാണ്…. അതു കൊണ്ടാണ് അച്ഛന്റെ ഓരോ കാര്യങ്ങളും ഞാൻ ചെയ്യാൻ ശ്രമിയ്ക്കുന്നതും… പക്ഷെ അമ്മ…. അമ്മ അതിനെ എതിർത്ത് എന്തൊക്കയോ പറയുന്നു അനൂപേട്ടാ….എനിയ്ക്കതൊന്നും മനസ്സിലാവുന്നില്ല…. ഞാനെന്തു ചെയ്തിട്ടാണ്….”
കരച്ചിലിനിടയിലൂടെ നിളയോരോന്നായ് പറഞ്ഞുറക്കെ കരഞ്ഞു തുടങ്ങിയതും ആശ്വാസ
വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു ശ്വാസം മുട്ടി അനൂപിന്….
എല്ലാം നമുക്ക് ശരിയാക്കാം…. തൽക്കാലം അനൂപേട്ടന്റെ നിളക്കുട്ടി ഈ കരച്ചിലൊക്കെയൊന്ന് നിർത്തി വേഗം റെഡിയാവ്… എനിയ്ക്ക് ഓഫീസിൽ പോവാൻ സമയമായ്… പോവും വഴി കൊച്ചിനെ ഞാൻ വീട്ടിലാക്കാം… തിരികെ വരുമ്പോ കൂടെ കൂട്ടാം… ഇന്ന് കോച്ചിംഗ് ക്ലാസ് ലീവല്ലേ… ചെല്ല് ചെന്ന് റെഡിയാവ്…. ”
നിളയെ മാറ്റാനായ് മുറിയിലേക്ക് പറഞ്ഞയച്ച് ഉമ്മറത്തേയ്ക്ക് നടന്ന അനൂപ് കണ്ടു ചായ കുടിച്ച് തൊടിയിലെ പച്ചക്കറികൾ പറിയ്ക്കുന്ന അച്ഛനെയും അച്ഛനു പിന്നാലെ സംസാരിച്ചു നീങ്ങുന്ന അമ്മയേയും….
“അച്ഛാ….. ഞാൻ ഓഫീസിലേക്കിറങ്ങുവാണ്… പോവും വഴി അവളെ ഞാൻ അവിടെയാക്കി പോവും… എന്റെ കാര്യങ്ങൾ മാത്രം നോക്കാനാണല്ലോ എനിയ്ക്ക് ഭാര്യ… അപ്പോ പിന്നെ ഞാനിവിടെ ഇല്ലാത്തപ്പോൾ അവളും ഇവിടെ നിൽക്കേണ്ട ആവശ്യമില്ലല്ലോ…. ”
നിള ഡ്രസ് മാറ്റിയിറങ്ങി വന്നതും അച്ഛനോടു മാത്രമായ് വിളിച്ചു പറഞ്ഞ് അനൂപ് കാറു മുന്നോട്ടെടുത്തതും അമ്മയൊരു ദീർഘനിശ്വാസമയക്കുന്നത് സൈഡ് മിററിലൂടെ വ്യക്തമായ് കണ്ട അനൂപിന്റെ നെഞ്ചൊന്നു വല്ലാതെ പിടഞ്ഞു….
നിളയെ അവളുടെ വീട്ടിലാക്കി അനൂപ് നേരെ പോയത് തന്റെ ചേച്ചിയുടെ വീട്ടിലേക്കാണ്…
അവൻ ചെല്ലുന്നതും കാത്തെന്ന പോലെ മുറ്റത്തു തന്നെ നിന്നിരുന്ന അവന്റെ ചേച്ചി അനുപമ അവനെ കണ്ടതേനോക്കിയതവന്റെ സങ്കടം നിറഞ്ഞു നിൽക്കുന്ന മുഖത്തേക്കാണ്…
എന്താണെടാ സങ്കടം…. ഇന്നും അമ്മ അച്ഛന്റെ പേരിൽ നിളയുമായിട്ട് വഴക്കിട്ടോ…?
വ്യക്തമായറിയുന്നൊരു കാര്യം കൃത്യമായ് തിരക്കും പോലെ അനുപമ ചോദിച്ചതും ചേച്ചിയ്ക്ക് മുമ്പിലവൻ ഇന്നു വീട്ടിൽ നടന്നതെല്ലാം തുറന്നു പറഞ്ഞു….
“നമ്മുടെ അമ്മ എന്താണ് ചേച്ചി ഇങ്ങനെ… ?
അച്ഛനോടമ്മയ്ക്ക് അതിരില്ലാത്ത സ്നേഹവും ഇഷ്ടവുമെല്ലാം ഉണ്ടെന്നു വെച്ച് നിളയ്ക്കൊന്ന് അച്ഛനോട് മിണ്ടാൻ പോലും പാടില്ലേ…?
അവൾക്ക് നമ്മുടെ അച്ഛൻന്ന് വെച്ചാൽ ജീവനാണ്… അവളുടെ അച്ഛനെ പോലെയാണ്…അതൊന്നും പക്ഷെ അമ്മയ്ക്ക് മനസ്സിലാവുന്നില്ല… അമ്മയുടെ പെരുമാറ്റവും സംസാരവും കണ്ടാൽ തോന്നും നിളയെന്തോ അച്ഛനെ വശീകരിക്കാൻ ശ്രമിക്കുവാണെന്ന്… ഒരു ഗ്ലാസ് വെള്ളം പോലും അവളച്ഛന് എടുത്തു കൊടുക്കാൻ അമ്മ സമ്മതിക്കില്ല… ഇതൊക്കെ പോട്ടെ ഇത്രയും വർഷം പഠിച്ചു നടക്കുകയല്ലായിരുന്നോ ഇനി കുറച്ചു നാൾ വീട്ടിലിരുന്ന് റെസ്റ്റെടുത്തിട്ടേ പഠിക്കുന്നുള്ളുവെന്ന് പറഞ്ഞവളെ സ്വൈര്യം പോലെ വീട്ടിലിരിക്കാൻ സമ്മതിച്ചില്ല അമ്മ… ഏതു നേരം മുള്ളും മുനയും വെച്ച് സംസാരിച്ചൊടുവിൽ ഞാനതിനെ ഇപ്പോൾ പിഎസ്സി കോച്ചിംഗിനു ചേർത്തു… ഇതിങ്ങനെ മുന്നോട്ടു പോയാലെങ്ങനെ ശരിയാവും ചേച്ചി…. അമ്മയുടെ സ്വഭാവം കാരണം നിള മാത്രമല്ല അച്ഛനും ആകെ പെട്ടിരിയ്ക്കുവാണിപ്പോൾ… ”
സങ്കടവും ദേഷ്യവും എല്ലാം കൂടിക്കലർന്ന് അനൂപ് തന്റെ വിഷമങ്ങൾ ചേച്ചിയോടു പറഞ്ഞു തീർക്കുമ്പോൾ അവനെ നിസ്സഹായതയോടെ നോക്കി അനുപമ….
നിളയോടു മാത്രമല്ല സ്വന്തം മകളായ തന്നോടും അമ്മ അങ്ങനെ തന്നെയാണെന്ന് പറയാൻ കഴിയാതെ, സ്വന്തം അച്ഛന്റെ നെഞ്ചിലൊന്ന് സ്നേഹത്തോടെ ചേർന്നു നിന്നതിന് പിഴച്ചവളെന്ന് വിളിച്ച് തന്നെ അമ്മ ആരുമറിയാതെ തല്ലിയത് അവനോടു പറയാൻ കഴിയാതെ വീർപ്പുമുട്ടി അനുപമയും…. തന്നെ കുഞ്ഞു നാൾ മുതൽ സ്നേഹത്തോടെ പൊതിഞ്ഞു പിടിച്ചു നടന്നിരുന്ന അമ്മയ്ക്ക് ഈടെയായ് താൻ വീട്ടിലേക്ക് ചെല്ലുന്നതു പോലും ഇഷ്ടമില്ലെന്ന് അനൂപിനോടു പറയുമ്പോൾ നിള കരഞ്ഞതിനെക്കാൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു അനുപമയും…
പെട്ടന്നെന്തേ അമ്മയ്ക്കിങ്ങനെയൊരു സ്വഭാവമെന്നോർത്ത് കരഞ്ഞവർ രണ്ടു മക്കളും…
ഈ കാര്യമിനിയും ഇങ്ങനെ നീട്ടികൊണ്ടുപോവാൻ പറ്റില്ലെന്നുറച്ച് അമ്മയോടു സംസാരിക്കാൻ തീരുമാനിച്ച് അനൂപും അനുപമയും ഒരുമിച്ച് വീട്ടിലേക്ക് ചെന്നു കയറുമ്പോൾ തുറന്നു കിടക്കുകയായിരുന്നു വീടിന്റെ ഉമ്മറ വാതിൽ
ഇവരിതെവിടെപോയെന്ന ചിന്തയോടെ വീടിനകത്തേയ്ക്ക് കയറി ചെന്നതും തന്റെ ബെഡ് റൂമിൽ നിന്നുയർന്നുകേൾക്കുന്ന അമ്മയുടെ ശബ്ദം കേട്ടവിടേയ്ക്ക് ചെന്ന അനൂപ് കൺമുന്നിൽ കാണുന്ന കാഴ്ചയിൽ ആകെ ഞെട്ടി…
അച്ഛനു നേരെ വെട്ടുകത്തി ഓങ്ങി നിൽക്കുന്ന അമ്മ….
അമ്മേ….
കൺമുന്നിലെ കാഴ്ചയിൽ ഭയന്ന് അനുപമ ഉറക്കെ വിളിച്ചതും അമ്മഞെട്ടി തിരിഞ്ഞവളെ നോക്കി… ആ സമയം കൊണ്ട് അച്ഛൻ വേഗത്തിൽ മുറിയ്ക്ക് പുറത്തേക്കോടി….
മോനെ…അനൂ… അയാളെ വിടരുത്… അയാളുടെ കയ്യിലെ ഫോണിൽ നിള മോളുടെ മോശം ഫോട്ടേകളുണ്ടെടാ… അയാളൊരു വൃത്തിക്കെട്ടവനാണെടാ….
മുളചീന്തും പോലെ പൊട്ടി പിളർന്നു കരഞ്ഞമ്മ പറഞ്ഞതും ഞെട്ടി അച്ഛനെ
നോക്കിയ അനൂപ് വ്യക്തമായ് തന്നെ കണ്ടു അച്ഛൻ വെപ്രാളത്തോടെ ഫോണൊളിപ്പിക്കാൻ നോക്കുന്നതും വേഗത്തിൽ പുറത്തേയ്ക്കു കടക്കാൻ ശ്രമിയ്ക്കുന്നതും…
അമ്മയുടെ കരച്ചിലും അച്ഛന്റെ ഭാവമാറ്റങ്ങളും… അനൂപിനപ്പോൾ എന്തുകൊണ്ടോ വിശ്വസിക്കാൻ തോന്നിയത് അമ്മയെയാണ്…
ചെറിയൊരു ബലം പിടുത്തത്തിലൂടെ അച്ഛന്റെ കയ്യിലെ ഫോൺ കൈക്കലാക്കി അതിലേക്കു നോക്കിയ അനൂപ് ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധം ഞെട്ടിപകച്ചു നിന്നു പോയ്…
ഫോണിൽ നിറയെ നിളയുടെ വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോയും നിറഞ്ഞിരിപ്പുണ്ട്… ഇന്നു രാവിലെ നിള ഡ്രസ് മാറ്റുന്നതുൾപ്പെടെ അതിലുണ്ട് എന്നു കണ്ടതും നിയന്ത്രണം വിട്ട അനൂപിന്റെ കൈ അയാളുടെ മുഖത്ത് അതിശക്തമായ് പതിച്ചു… ഒരിക്കലല്ല പല തവണ….
അനുപമയും തിരിച്ചറിയുകയായിരുന്നു സ്നേഹനിധിയായിരുന്നു തങ്ങളുടെ അമ്മയുടെ ഇപ്പോഴത്തെ മാറ്റത്തിന്റെ കാരണം…
“ഇയാൾ ഇത്രയ്ക്കും വൃത്തിക്കെട്ടവനായിരുന്നെന്ന് ഒന്ന് തുറന്നു പറഞ്ഞൂടായിരുന്നോ അമ്മേ….?
അനൂപ് ചോദിച്ചതും പൊട്ടി കരഞ്ഞവന്റെ നെഞ്ചിലേക്കു വീണു അമ്മ…
നിസ്സഹായ ആയിരുന്നവർ… പേടിയായിരുന്നവർക്ക്… അതിലുപരി തങ്ങളെ ഈ നാട്ടുകാർ മോശക്കാരായ് കാണുമോ എന്ന ഭയവും….
ഒന്നും സംഭവിക്കില്ലെന്ന് അമ്മയ്ക്കുറപ്പു നൽകി അമ്മയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ ഉറച്ചൊരു തീരുമാനമെടുത്തിരുന്നു അനൂപ്… തങ്ങളുടെ ജീവിതത്തിലിനി അയാളെ പോലൊരുവൻ ഉണ്ടാവില്ല എന്ന ഉറച്ച തീരുമാനം…
✍️ രജിത ജയൻ
