എന്റെ വീട്ടിൽ നിന്ന് എന്നെ പുറത്താക്കീട്ട് എന്റെ മോനെ വശീകരിച്ചു സുഖിച്ചു ജീവിക്കാമെന്ന് വിചാരിച്ചോടി നീ. അങ്ങനെ ഇപ്പോ എന്നെ ഒഴിവാക്കിയിട്ട്…..

“നിന്നോട് ഞാനൊരു കട്ടൻ ചായ ചോദിച്ചിട്ട് എത്ര നേരായടി മൂദേവി. എന്നിട്ട് നീ ഇവിടെ വന്ന് സുഖിച്ചു കിടക്കാ അല്ലേ.

മഴയത്തു മൂടി പുതച്ചു ഉറങ്ങുന്ന മരുമകളെ കണ്ട് സുലോചന വിറഞ്ഞു തുള്ളി.

ശോ… ഇത് വല്യ ശല്യമായല്ലോ.

മൃദുല അവർ കേൾക്കാതെ പിറു പിറുത്തു.

“ഒരു ഗ്ലാസ്‌ കട്ടൻ അമ്മയ്ക്ക് തന്നെ ഇട്ട് കുടിച്ചാലെന്താ. എനിക്ക് തല പൊട്ടി പിളരുന്ന പോലെ വേദന എടുക്കുന്നുണ്ട്. ഇന്നലെ രാത്രി നേരെചൊവ്വേ ഉറങ്ങീട്ടില്ല ഞാൻ. ഇന്ന് രാവിലെ അജിയേട്ടനെ ജോലിക്ക് പറഞ്ഞു വിടാൻ പുലർച്ചെ എണീറ്റതാ. അതുകാരണം കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല. അത്ര വേദനയുണ്ട്. അതോണ്ട് ഇത്തിരി കൂടി കിടന്നിട്ടേ ഞാൻ എണീക്കുന്നുള്ളു. അമ്മയ്ക്ക് ചൂട് കട്ടൻ തന്നെ വേണമെന്ന് ആണെങ്കിൽ അജിയേട്ടന് ഇട്ട് കൊടുത്തതിന്റെ ബാക്കി അടുക്കളയിൽ ഇരിപ്പുണ്ട്. അതെടുത്തു ചൂടാക്കിയോ അല്ലാതെയോ എങ്ങനെയാന്നു വച്ചാ കുടിക്ക്. ദിവസം എന്തിനാ ഓരോന്ന് പറഞ്ഞ് എന്നോട് വഴക്കിന് വരുന്നത്? അമ്മയോട് ഞാനെന്ത് തെറ്റാ ചെയ്തേ.

മൃദുലയുടെ ശബ്ദം ഇടറി.

“അടുക്കളയിൽ ഇരിക്കുന്ന കട്ടൻ നിന്റെ തള്ളയ്ക്ക് കൊണ്ട് കൊടുക്കടി നായിന്റെ മോളേ. എനിക്ക് ഇപ്പോ തന്നെ നീ വേറെ ഇട്ട് തരണം. എന്റെ മോൻ നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ച് കൊണ്ട് വന്നത് എന്റെ കാര്യം നോക്കാനാ. അല്ലാതെ ഇവിടെ അട്ടിപ്പേറി കിടക്കാനല്ല.

സുലോചന ആക്രോശിച്ചു.

“ഈ തള്ളയെ കൊണ്ട് വല്യ ശല്യമായല്ലോ.” മൃദുല മനസ്സിൽ പറഞ്ഞു.

“നിങ്ങളിവിടെ കിടന്ന് എത്ര തൊള്ള തുറന്നിട്ടും കാര്യമില്ല. ഞാൻ ഏഴു മണിക്ക് എണീക്കുമ്പോ വേറെ റ്റ് ഇട്ട് തരാം. ഇപ്പോൾ തത്കാലം അമ്മ അതെടുത്തു കുടിച്ചിട്ട് അവിടെ എങ്ങാനും പോയി അടങ്ങി ഇരിക്ക്.

“അത്രയ്ക്ക് അഹങ്കാരം ആയോടി നിനക്ക്. ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചിട്ട് നിനക്ക് തരാൻ വയ്യല്ലേ. നിന്നെ ഞാൻ കാണിച്ചു തരാടി. ഇന്നത്തോടെ നിന്റെ അഹങ്കാരം ഞാൻ തീർക്കുന്നുണ്ട്.

“നിങ്ങൾ എന്തെങ്കിലും കാണിക്ക്.

തല പൊട്ടി പിളരുന്ന വേദന ഉള്ളതിനാൽ എന്തൊക്കെയോ മുറുമുറുത്ത്‌ കൊണ്ട് മൃദുല പുതപ്പ് തല വഴി മൂടി തിരിഞ്ഞു കിടന്നു.

എട്ട് വർഷമായി മൃദുലയുടെയും അജിയുടെയും വിവാഹം കഴിഞ്ഞിട്ട്. അജി ഡ്രൈവർ ആണ്. മൃദുലയ്ക്ക് ജോലിക്ക് പോകാൻ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും മക്കളെ നോക്കാൻ ആരും ഇല്ലാത്തതും അമ്മായി അമ്മയ്ക്ക് അവൾ ജോലിക്ക് പോകുന്നത് ഇഷ്ടം ഇല്ലാത്തത് കൊണ്ടും അവളുടെ ജീവിതം ആ വീടിനുള്ളിൽ ഒതുങ്ങി പോയിരുന്നു.

ഇരുട്ടി വെളുക്കും വരെ മൃദുലയ്ക്ക് നടുവൊടിയുന്ന പണികളാണ് ആ വീട്ടിൽ ഉള്ളത്. അവളെ കൊണ്ട് അമ്മായി അമ്മ സുലോചന വേണ്ടാണ്ടും പണി എടുപ്പിക്കും. കൂടെ അമ്മായി അമ്മ പോരും നടത്തുന്നുണ്ട്. ആദ്യമൊക്കെ മൃദുല എല്ലാം മാറുമെന്ന് കരുതി സുലോചനയുടെ പോര് സഹിച്ചും ക്ഷമിച്ചും ജീവിച്ചു പോന്നു. ഇടയ്ക്ക് സഹിക്കാൻ പറ്റാതാകുമ്പോ അജയനോട് അവൾ പരാതി പറഞ്ഞു കരയും. അപ്പോഴൊക്കെ അയാൾ സ്വന്തം അമ്മയുടെ ഭാഗം ചേർന്നാണ് സംസാരിക്കുന്നത്.

അമ്മയ്ക്ക് പ്രായമായതല്ലേ. ഷുഗർ ഉള്ളതല്ലേ. എന്തെങ്കിലും പറഞ്ഞാൽ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ക്ഷമിച്ചു കൊടുക്ക അല്ലേ വേണ്ടേ, ഇതൊക്കെ കുറച്ചു കഴിയുമ്പോ മാറും എന്നൊക്കെയാണ് അജയന്റെ ന്യായം പറച്ചിൽ.

പക്ഷേ പോകപോകെ സുലോചനയുടെ പോര് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. അത് കാരണം ക്ഷമ നശിച്ച മൃദുല അമ്മായി അമ്മ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ തിരിച്ചും പറയാൻ തുടങ്ങി. അത് കേൾക്കുമ്പോ തള്ളയ്ക്ക് വിറഞ്ഞു കയറും. ആ സമയം കയ്യിൽ കിട്ടുന്നത് എടുത്തു അവർ അവളെ തല്ലുക വരെ ചെയ്തിട്ടുണ്ട്. എന്തോ ഭാഗ്യത്തിന് അടി കിട്ടും മുന്നേ മൃദുല ഒഴിഞ്ഞു മാറുകയോ തടയുകയോ ഒക്കെ ചെയ്യും. എന്നാലും ഇടയ്ക്ക് അവൾക്ക് നല്ലപോലെ കിട്ടാറുണ്ട്. ദിവസങ്ങൾ ചെല്ലും തോറും ഉപദ്രവം കൂടി വന്നു. അത് കാരണം പലതവണ മൃദുല അജയനോട് പിണങ്ങി രണ്ട് മക്കളേം കൂട്ടി വീട്ടിൽ പോയി നിൽക്കും. കുറച്ചു ദിവസം കഴിയുമ്പോ അജയൻ തന്നെ പോയി അവരെ ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോരും. രണ്ട് ദിവസം നല്ലപോലെ പോകുമെങ്കിലും പിന്നേം പഴയ ബഹളം തുടങ്ങും.

സുലോചനയെ ഓരോന്ന് പറഞ്ഞ് എരി കേറ്റുകയും മരുമകൾക്ക് നേരെ കുത്തിത്തിരിപ്പ് നടത്താൻ പ്രേരിപ്പിക്കുന്നതും തൊട്ട് അയല്പക്കത്തെ കമലാക്ഷിയാണ്. സുലോചനയും കമലാക്ഷിയും ഏകദേശം ഒരേ പ്രായക്കാർ ആണ്. കമലാക്ഷിയുടെ മരുമകൾ അവരെ വക വയ്ക്കാത്തത് കൊണ്ട് ആ ഗതി സുലോചനയ്ക്ക് വരരുതെന്ന് പറഞ്ഞ് മൃദുലയോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞ് കമലാക്ഷി അവർക്ക് ഓരോന്നൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. മരുമകളെ ഭയപ്പെടുത്തി നിർത്തുകയും മകനെ സ്നേഹം കൊണ്ട് കൂടെ നിർത്തുകയും വേണമെന്നാണ് കമലാക്ഷിയുടെ പറച്ചിൽ. സുലോചന അത് അക്ഷരംപ്രതി അനുസരിക്കും. പക്ഷേ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും മൃദുല തന്നെ ഭയന്ന് നിൽക്കാതെ എതിർക്കുകയും പിണങ്ങി പോവുകയും ചെയ്യുന്നത് സുലോചനയുടെ ഉള്ളിൽ മരുമകളോട് പക വളരാൻ കാരണമായി. ആ ദേഷ്യത്തിൽ അവളെ പരമാവധി സ്വൈര്യം കൊടുക്കരുതെന്ന് തന്നെ അവർ തീരുമാനിച്ചു. അതാണ് ഇപ്പോ കണ്ടത്.

ഒരു വലിയ പിണക്കം കഴിഞ്ഞു തലെ ദിവസമാണ് അജയൻ മൃദുലയെ അവളെടെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നത്.

അമ്മയെ താൻ പറഞ്ഞ് മനസ്സിലാക്കിച്ചോളാം ഇനി അവരെ കൊണ്ട് അവൾക്ക് ഉപദ്രവവും ശല്യവും ഉണ്ടാവില്ലെന്ന് മൃദുലയ്ക്ക് ഉറപ്പ് കൊടുക്കേം പഴയ പോലെ മരുമോളോട് പോരെടുത്താൽ അവരെ കൊണ്ട് പോയി മെന്റൽ ഹോസ്പിറ്റലിലോ വൃദ്ധ സദനത്തിലോ ആക്കുമെന്ന് പറഞ്ഞ് അജയൻ സുലോചനയെ പേടിപ്പിക്ക കൂടി ചെയ്തിരുന്നു. ഇത് കാരണം മോൻ പെങ്കോന്തൻ ആയിപോവോ എന്നൊരു പേടിയും സുലോചനയ്ക്കുണ്ട്. ഇതിന്റെ ചൊറുക്കാണ് അവർ ഇപ്പോ മൃദുലയോട് കാണിച്ചത്. എന്നിട്ടും അവൾ തന്നെ അനുസരിക്കാതെ തിരിഞ്ഞ് കിടന്നത് കണ്ടപ്പോ
കലിയോടെ അടുക്കളയിലേക്ക് പോയ സുലോചന ദേഷ്യത്തോടെ അവിടെ ഉണ്ടായിരുന്ന പാത്രത്തിലെ കട്ടൻ ചായ എടുത്തു അടുക്കള മിറ്റത്തേക്ക് ഒഴിച്ച് കളഞ്ഞു.

ആ സമയം മൃദുലയെ വെട്ടി കൊല്ലാനുള്ള ദേഷ്യം അവരിൽ നിറഞ്ഞു. ഇടയ്ക്കിടെ അവർക്ക് അങ്ങനെ തോന്നാറുണ്ട്. അത് കമലാക്ഷിയോട് പറയുമ്പോ നീ അവളെ കൊന്നാലും അവള് രോഗിയായ നിന്നെ നോക്കാറില്ലെന്നും എന്നും ഉപദ്രവം ആണെന്ന് പോലീസിനോട് പറഞ്ഞാൽ നിനക്ക് ശിക്ഷ ഒന്നും കിട്ടാൻ പോണില്ലടി എന്ന് കമലാക്ഷി തമാശ പോലെ പറയും.

അത് ഓർമ്മയിലേക്ക് വന്നതും മൃദുലയോടുള്ള അടങ്ങാത്ത കലിയിൽ സുലോചന അടുക്കളയിൽ ഉണ്ടായിരുന്ന വെട്ട് കത്തിയും എടുത്ത് കൊണ്ട് നേരെ മൃദുല കിടക്കുന്ന മുറിയിലേക്ക് പോയി.

“എന്റെ വീട്ടിൽ നിന്ന് എന്നെ പുറത്താക്കീട്ട് എന്റെ മോനെ വശീകരിച്ചു സുഖിച്ചു ജീവിക്കാമെന്ന് വിചാരിച്ചോടി നീ. അങ്ങനെ ഇപ്പോ എന്നെ ഒഴിവാക്കിയിട്ട് നീ അവന്റെ കൂടെ സുഖിക്കണ്ട. അതിന് ഞാൻ ജീവനോടെ ഇരിക്കുമ്പോ സമ്മതിക്കില്ലടി.

ചത്ത്‌ പോടീ നശൂലമേ…

അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടക്കുന്ന മൃദുലയുടെ കഴുത്ത് നോക്കി സുലോചന ആഞ്ഞു വെട്ടി.

അവരുടെ ആക്രോശം പതിവായത് കൊണ്ട് അത് മൈൻഡ് ആക്കാതെ കിടക്കുകയായിരുന്ന മൃദുല സുലോചനയിൽ നിന്നും ഇങ്ങനെയൊരു പ്രവർത്തി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ കഴുത്തിൽ വെട്ടേറ്റതും അവൾ നിലവിളിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. മൃദുലയുടെ നിലവിളി കേട്ട് ഉറങ്ങി കിടന്ന കുട്ടികൾ എഴുന്നേറ്റു. ചോരയിൽ കുളിച്ചു നിൽക്കുന്ന അമ്മയെയും വെട്ട് കത്തി കയ്യിൽ പിടിച്ചു നിൽക്കുന്ന അച്ഛമ്മയെയും കണ്ട് കുട്ടികൾ ഞെട്ടി വിറച്ചു നിലവിളിക്കാൻ തുടങ്ങി.

ഇതൊന്നും ശ്രദ്ധിക്കാൻ കഴിയാതെ സുലോചനയുടെ അക്രമത്തിൽ നിന്നും തന്റെ ജീവൻ രക്ഷിക്കണമെന്ന ചിന്തയിൽ രണ്ടാമതും വെട്ടാൻ വന്ന അവരെ തള്ളി മാറ്റി കൊണ്ട് മൃദുല മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു.

പക്ഷേ അപ്പോഴും കലിയടങ്ങാതെ നിന്ന സുലോചന വീണിടത്തു നിന്ന് ബാധ കേറിയ പോലെ പാഞ്ഞെണീറ്റ് അവളുടെ പിന്നാലെ ചെന്ന് തോളിലും പുറത്തും കയ്യിലും വെട്ടി. മൃദുല അവളെ കൊണ്ട് കഴിയുന്ന പോലെ തടയാൻ ശ്രമിച്ചെങ്കിലും ആദ്യം തന്നെ കഴുത്തിൽ ഏറ്റ മുറിവ് കുറച്ചു ആഴത്തിൽ ഉള്ളതായിരുന്നതിനാൽ അവൾക്ക് ശക്തിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

ഈ കാഴ്ച കണ്ട് കുട്ടികൾ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു.

ഇതേ സമയം പ്രധാന വാതിൽ കടന്ന് പുറത്തിറങ്ങാൻ ശ്രമിച്ച മൃദുല അവിടെ തന്നെ കുഴഞ്ഞു വീണു. കണ്ണുകൾ അടഞ്ഞു പോകുമ്പോ തന്റെ മുന്നിൽ വന്ന് നിന്ന് കൊല വിളി വിളിക്കുന്ന സുലോചനയുടെ മുഖം അവൾ കണ്ടു. അപ്പോഴാണ് തന്റെ കുട്ടികളെ ഓർത്ത് അവളിലെ അമ്മ മനം തുടിച്ചത്.. ആ പിടപ്പിൽ ആയാസപ്പെട്ട് കണ്ണ് തുറന്ന മൃദുല ചുറ്റിനും നോക്കി. അപ്പോൾ അവൾ കണ്ടു മുറിയുടെ മൂലയിൽ പേടിച്ചു വിറച്ചു നിന്ന് നിലവിളിച്ചു കരയുന്ന മക്കളെ.

താൻ നൊന്ത് പെറ്റ അവരെയും ഈ തള്ള എന്തെങ്കിലും ചെയ്യുമോ എന്നോർത്ത് മൃദുലയുടെ ഹൃദയം പിടഞ്ഞു. അന്നേരം വീണ്ടും അവളെ വെട്ടാനായി പാഞ്ഞുവന്ന സുലോചനയെ കണ്ടതും മൃദുല അവരുടെ കാലിൽ പിടിച്ചു വലിച്ചു നിലത്തിട്ടു. അപ്പോഴേക്കും മൃദുലയുടെ ബോധം നശിക്കാൻ തുടങ്ങിയിരുന്നു. കണ്ണുകൾ പൂർണ്ണമായും അടഞ്ഞു കഴിഞ്ഞ 10 വർഷക്കാലം താൻ ആ വീട്ടിൽ അനുഭവിച്ച ദുരിതങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. തന്റെ രണ്ട് ചെറിയ മക്കളെ ഓർത്ത് പിടയുന്ന ഹൃദയവുമായി മൃദുലയുടെ ബോധം പൂർണമായും മറഞ്ഞു. അവളുടെ ശരീരത്തിൽ നിന്നും രക്തം നിലത്തേക്ക് ഒഴുകി പടർന്നു.

ഇതിനിടെ മൃദുലയെ കൊല്ലാനുള്ള പകയോടെ നിലത്ത് നിന്ന് എഴുന്നേറ്റു കലിയോടെ അവളുടെ അടുത്തേക്ക് വന്ന സുലോചന അനക്കമറ്റ് കിടക്കുന്ന മരുമകളെ കണ്ടതും സന്തോഷിച്ചു.

ഈ സമയം കൊണ്ട് അയല്പക്കത്തെ താമസക്കാർ നിലവിളിയും ബഹളവും കേട്ട് അങ്ങോട്ട് ഓടി വന്നിരുന്നു. ഹാളിലെ വാതിൽ പടിയിൽ അനക്കമറ്റ് കിടക്കുന്ന മൃദുലയെയും അവളുടെ അരികിൽ വെട്ടുകത്തിയും പിടിച്ചുനിൽക്കുന്ന സുലോചനയും കണ്ടു കൊണ്ടാണ് അയൽക്കാർ അവിടെ എത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് തരിച്ചു പോയി.

സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ ആളുകളിൽ ആരൊക്കെയോ പോയി വാർഡ് മെമ്പറെ വിവരം അറിയിക്കുകയും അയാൾ ഉടനെ തന്നെ പോലീസിനെ വിളിക്കുകയും ചെയ്തു.

10 മിനിറ്റിനുള്ളിൽ ആംബുലൻസുമായി പോലീസ് അവിടെ എത്തിച്ചേർന്നു. പക്ഷേ അപ്പോഴേക്കും മൃദുല മരിച്ചു പോയിരുന്നു. മരുമകളെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സുലോചനയെ പോലിസ് കസ്റ്റഡിയിൽ എടുത്ത്‌ എന്താണ് നടന്നതെന്ന് അവരോട് ചോദിച്ചു.

“എന്റെ പൊന്ന് സാറന്മാരെ… ഞാനൊരു പ്രമേഹ രോഗിയാണ്. എന്നും രാവിലെ മോൻ ഇൻസുലിൻ ഇൻജെക്ഷൻ എടുത്തു തന്നിട്ടാ ജോലിക്ക് പോണേ. ഇൻജെക്ഷൻ എടുത്തു കഴിഞ്ഞ എനിക്ക് അപ്പോൾ തന്നെ എന്തെങ്കിലും കഴിക്കണം. ഇല്ലെങ്കിൽ ദേഹമൊക്കെ വിറയ്ക്കാൻ തുടങ്ങും. ഇത് അവൾക്കും അറിയാം. എന്നിട്ടും ആ മൂദേവി ഇന്നെനിക്ക് ഒരിറ്റു വെള്ളം പോലും തന്നില്ല. മിക്കവാറും ദിവസങ്ങളിൽ അവൾ എന്നോട് അങ്ങനെ തന്നെയാണ് പെരുമാറാറ്. ഒരു ഗ്ലാസ് കട്ടൻ ചായ ഇട്ടു തരാം വയ്യാത്തവളാണ് എന്റെ മരുമോള് സാറേ. എത്രയെന്ന് വെച്ചാ ക്ഷമിക്കുന്നത്. അടുക്കളയിൽ ഇട്ടു വെച്ചിരുന്ന കട്ടൻ ചായ ഞാൻ കുടിക്കാൻ പോയപ്പോൾ അവൾ അതെടുത്ത് ഒഴിച്ചു കളഞ്ഞു. എല്ലാം കൂടി ആയപ്പോൾ ദേഷ്യം കേറി ചെയ്ത് പോയതാ സാറേ. മരുന്ന് കുത്തിവെച്ച് കഴിഞ്ഞ പിന്നെ ഉടനെ തന്നെ കുടിക്കാൻ മധുരമിടാത്ത ചായയോ ഭക്ഷണമോ എന്തെങ്കിലും കിട്ടിയില്ലെങ്കിൽ എനിക്കാകെ ഭ്രാന്ത് പിടിച്ചതുപോലെയാകും സാറേ. ആ സമയത്ത് എന്താ ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതെന്നും എനിക്ക് തന്നെ മനസ്സിലാവില്ല. ഇത് ഇവള് ചോദിച്ചു മേടിച്ചതാ സാറെ.

സുലോചന യാതൊരു കൂസലും ഇല്ലാതെ താൻ ചെയ്ത കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു.

” സുലോചന പറയുന്നതൊക്കെ സത്യമാ സാറേ. ഇവരെ മരുമോള് സുലോചനക്ക് നേരെചൊവ്വേ ഭക്ഷണവും വെള്ളവും ഒന്നും കൊടുക്കലില്ല. സ്വന്തമായിട്ട് ഉണ്ടാക്കി കഴിക്കാനും സമ്മതിക്കില്ല. എന്നും അവൾ ഇവരോട് വഴക്കും അടിയും ഒക്കെ തന്നെയാ. മനുഷ്യന്മാർ അല്ലേ എത്രയെന്ന് വെച്ചാ ക്ഷമിക്കുക.

കമലാക്ഷി വളരെ സ്വാഭാവികതയോടെ താടിക്ക് കയ്യും കൊടുത്തു അത് പറയുമ്പോൾ കേട്ടുനിന്ന വീഡിയോസ് അവരുടെ വാക്കുകൾ ഒന്നും വിടാതെ പകർത്തുന്നുണ്ടായിരുന്നു.

“ഇവരീ പറഞ്ഞതൊക്കെ സത്യമാണോ അല്ലയോ എന്ന് ഞങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചോളാം. നിങ്ങളോട് ചോദിച്ചില്ലല്ലോ.

എസ് ഐ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് സുലോചനയെയും കൂട്ടി പോലീസ് ജീപ്പിന്റെ അടുത്തേക്ക് നടന്നു.

“മലപ്പുറത്ത്‌ അമ്മായി അമ്മ ചായ കൊടുക്കാത്തതിന്റെ പേരിൽ മരുമകളെ വെട്ടി കൊന്നു. ഇതിനെ കുറിച്ച് അവരുടെ അയൽവാസി പറയുന്നത് നമുക്കൊന്ന് കേൾക്കാം.

നിമിഷങ്ങൾക്കുള്ള ബ്രേക്കിംഗ് ന്യൂസ് ആയി ആ വാർത്ത നാട് മൊത്തം പരത്തുകയും കമലാക്ഷിയുടെ സാക്ഷ്യപ്പെടുത്തൽ ഞൊടിയിടയിൽ ആവുകയും ചെയ്തു.

ഈ വാർത്ത ആ നാട്ടുകാർ എല്ലാവരും കാണുകയും ചെയ്തു. കമലാക്ഷിക്ക് ഒഴികെ ആ നാട്ടിലുള്ള ഒട്ട് മിക്കവർക്കും മൃദുലയുടെ ഭാഗത്തായിരുന്നു ന്യായം എന്നും സുലോചനയുടെ സ്വഭാവം എങ്ങനെ ആണെന്നും നന്നായി അറിയാം. അതുകൊണ്ട് പോലിസ് സുലോചനയെയും കൂട്ടി തെളിവെടുപ്പിന് കൊണ്ട് വരുമ്പോ മരണ ശേഷം എങ്കിലും മൃദുലയ്ക്ക് നീതി ലഭിക്കണമെന്ന് കരുതി നാട്ടുകാരും മറ്റ് അയല്പക്കക്കാരും ഉള്ള കാര്യം പോലീസിനോട് പറഞ്ഞു.

അതിൽ ഏറ്റവും നിർണായകമായ മൊഴി കമലാക്ഷിയുടെ മരുമോളെ ആയിരുന്നു.

“സാറെ… ഉള്ളത് പറയുവാണേൽ ഈ സുലോചനയെന്ന് പറയുന്നവരെ ഓരോന്ന് പറഞ്ഞ് എരി കേറ്റുന്നത് എന്റെ അമ്മായി അമ്മയാണ്. രണ്ടും കൂടെ എപ്പഴും ആ ഉമ്മറത്തിരുന്ന് നുണ പറയുന്നത് ഇവിടുത്തെ മൃദുലയ്ക്ക് ഓരോ പണി കൊടുക്കണമെന്ന് പറയുന്നത് ഞങ്ങടെ സി സി ടീവി യിൽ റെക്കോർഡ് ആയിട്ടുണ്ട്. അതുപോലെ ആ അടുക്കള പുറത്തെ അലക്ക് മൃദുല തുണി കഴുകി കൊണ്ടിരിക്കുമ്പോൾ അവരുടെ മാക്സി ഒന്നും കഴിക്കാൻ എടുത്തില്ല എന്ന് പറഞ്ഞ് അവളുടെ മുടിക്കുത്തിൽ പിടിച്ചു കവിളിൽ അടിക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ അവൾ പിണങ്ങി അവളുടെ വീട്ടിൽ പോയി നിൽക്കുകയായിരുന്നു. ഇനി മൃദുലയെ ഉപദ്രവിച്ചാൽ ഇവരെ മെന്റൽ ഹോസ്പിറ്റലിലോ വൃദ്ധസദനത്തിലോ കൊണ്ടു വിടുമെന്ന് പറഞ്ഞ് ഇവരുടെ മോൻ ഭീഷണിപ്പെടുത്തിയതിന് പ്രതികാരം ആയിട്ടാണ് ഇവർ മൃദുലയെ കൊന്നത് എന്നാണ് എന്റെ സംശയം. ഇതിനെക്കുറിച്ച് രണ്ടുദിവസം മുമ്പ് സംസാരിക്കുന്നത് സിസിടിവിയിൽ പതിഞ്ഞത് ഞാൻ ഫോൺ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്.

രാവിലെ ഈ സംഭവം നടന്നപ്പോൾ സംശയം തോന്നിയിട്ട് ഞാൻ സിസിടിവി റെക്കോർഡിങ്സ് നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടതും കേട്ടതും.

സുലോചനക്കെതിരെയുള്ള കേസ് ബലപ്പെടാൻ ഇതൊരു നിർണായകമായ മൊഴിയും തെളിവും ആയിരുന്നു. ഗൂഢാലോചനക്ക് ഒരുപക്ഷേ കമ്മലാക്ഷിയുടെ പേരിലും കേസ് വന്നേക്കാം എന്ന് പോലീസ് താക്കീത് ചെയ്തിട്ടാണ് അവിടുന്ന് മടങ്ങിയത്.

കാര്യങ്ങളുടെ സത്യാവസ്ഥ മീഡിയ പുറത്തുവന്നപ്പോൾ ഇതുവരെ മരുമകളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നവർ അവളുടെ ഭക്ഷണം പിടിക്കുകയും സുലോചനയെ തൂക്കിക്കൊല്ലാൻ വിധിക്കണമെന്ന് സോഷ്യൽ മീഡിയയിൽ കിടന്ന് വാദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും കൺമുന്നിൽ അമ്മയെ നഷ്ടപ്പെട്ട ആ കുഞ്ഞുമക്കളുടെ അവസ്ഥ എന്താണെന്ന് ആരെങ്കിലും അന്വേഷിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല.

✍️ ഹേര

Leave a Reply

Your email address will not be published. Required fields are marked *