✍️ രജിത ജയൻ
ടാ … നീ ഇന്നു രാത്രിയും വരാൻ വൈകുമോ… ഞാനുറക്കം കളഞ്ഞ് നിന്നേം കാത്തിരിക്കണോന്നറിയാനാ ആദ്യം തന്നെ വിളിച്ചു ചോദിക്കുന്നത്…
മകൻ രാജിന് ഫോൺ വിളിച്ചുറക്കെ ചോദിക്കുമ്പോൾ രമയുടെ കണ്ണുകൾ പലവട്ടം അടുക്കള വാതിൽ കടന്നുള്ളിലേക്ക് മറ്റാരുമറിയാതെ ചെന്നിരുന്നു… അടുക്കളസ്ലാമ്പിൽ ചാരിയൊരുവൾ തന്റെ സംസാരവും ശ്രദ്ധിച്ചവിടെ പതുങ്ങി നിൽപ്പുണ്ട് എന്ന് വീണ്ടുമൊന്നുക്കൂടി ഉറപ്പിച്ചതും ഒരു വിജയ ചിരി തെളിഞ്ഞു രമയുടെ ചുണ്ടുകളിൽ..
ആ… എന്നാ ശരി നീ വെച്ചോ… ഞാനിരുന്നോളാം… മീൻ കറിയല്ലേടാ… അതും ഉണ്ടാക്കി വെച്ചേക്കാം.. ഒരു പാട് വൈകാതെ നീ വേഗം വരാൻ നോക്ക് ചെക്കാ…. ശരി എന്നാ….
ആ വീടിനുള്ളിൽ ഉള്ളവർ മുഴുവൻ കേൾക്കും വിധം ഉച്ചത്തിൽ രാജിനോട് സംസാരിച്ച് രമ ഫോൺ വെച്ച് അടുക്കളയിലേക്ക് നടന്നു…
“നിന്റെ ഇവിടുത്തെ പരിപാടിയൊന്നും കഴിഞ്ഞില്ലേ ടീ പെണ്ണേ…?
ഒരല്പം ഗർവ്വ് കലർന്ന ശബ്ദത്തിൽ രമ ചോദിച്ചതും താൻ ചെയ്തു കൊണ്ടിരുന്ന ജോലി വേഗത്തിൽ തീർത്ത് നനഞ്ഞ കൈ തോർത്തിൽ തുടച്ച് അടുക്കളയുടെ ഒരരിക്കിലേക്ക് മാറി നിന്നു വേദ
രമയുടെ കണ്ണുകളൊന്ന് അടുക്കള ചുറ്റി.. താൻ വെച്ചതു പോലെ തന്നെ നീറ്റായിരുപ്പുണ്ട് അടുക്കളയിലെല്ലാം..
ഇതെന്താ അടുപ്പിൽ…?
ഗ്യാസടുപ്പിനു മുകളിലായെന്തോ തിളക്കുന്നത് നോക്കി നിന്നാണ് രമയുടെ ചോദ്യം..
“അത് രാജിന് രാത്രി ചോറുണ്ണാൻ മോരു കറിവെച്ചതാണ്…
പതിഞ്ഞിരുന്നു മറുപടി പറയുമ്പോൾ വേദയുടെ ശബ്ദം
ഒരു പുച്ഛം തെളിഞ്ഞു അവളുടെ മറുപടിയിൽ രമയുടെ മുഖത്ത്…
എന്റെ മോനുള്ള കറിയും ചോറുമെല്ലാം ഉണ്ടാക്കാൻ ഞാനിവിടെ ഉണ്ട്… നീ നിന്റെ ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞെങ്കിൽ ഇറങ്ങിക്കോ എനിക്കവനൊരു മീൻ കറി ഉണ്ടാക്കണം… വൈകിയേ ഞാൻ വരൂ, അമ്മ എനിയ്ക്കായൊരു മീൻ കറി അന്നേരം കൊണ്ട് ഉണ്ടാക്കി കാത്തിരിക്കണേയെന്നു പറഞ്ഞവൻ ഫോൺ വെച്ചതേയുള്ളു ഇപ്പോ…
നിന്നെ വിളിച്ചോ വേദേ അവൻ ….?
വൈകിയേ വരൂള്ളൂന്ന് പറഞ്ഞോ…?
ചോദിക്കുമ്പോൾ അവരുടെ മുഖം തെളിഞ്ഞിരുന്നുവെങ്കിൽ ഇല്ലെന്നുത്തരം പറഞ്ഞ വേദയുടെ മുഖം വല്ലാതെ കുനിഞ്ഞും മങ്ങിയും പോയിരുന്നു…
“അതാണെടീ അമ്മയും ഭാര്യയും തമ്മിലുള്ള വ്യത്യാസം… ഞാനെ അവനെ പ്രസവിച്ചവളാണ്… അവൻ കണ്ണു മിഴിക്കുന്ന പ്രായം തൊട്ട് കാണുന്നവൾ… നീയോ …. നീ അവന്റെ ജീവിതത്തിലേക്ക് ഇപ്പോൾ മാത്രം കയറി വന്നവൾ… എന്റെ സ്ഥാനവും എന്നോടുള്ള അവന്റെ സ്നേഹവുമൊന്നും ഒരു കാലത്തും നിനക്ക് കിട്ടില്ല… നീയിനി അതിനു വേണ്ടി എത്ര ശ്രമിച്ചാലും….
അഭിമാനവും അഹങ്കാരവും ഒരു പോലെ നിറഞ്ഞു നിന്നിരുന്നത് പറയുമ്പോൾ അവരിൽ…
അടുക്കളയിൽ നിന്നിറങ്ങി ബെഡ് റൂമിലേക്ക് നടക്കും വഴി വേദയുടെ കണ്ണുകൾ ഹാളിലിരുന്ന് വാർത്ത കാണുന്ന രാജിന്റെ അച്ഛനിൽ ഒന്നു തങ്ങിയതും അയാളിൽ നിന്നൊരു നേർത്ത പുഞ്ചിരി അവളെ തേടി വന്നു ഒപ്പമൊരു നിശ്വാസം കൂടി ആ പുഞ്ചിരിയ്ക്ക് പുറകെ വന്നതും മിഴികളൊന്നു ചിമ്മിയടച്ച് മുറിയിലേക്ക് കയറി മേശപ്പുറത്തിരുന്ന ലാമ്പ് ഓൺ ചെയ്തു ബെഡ്ഡിലിരുന്നു ഓഫീസിലെ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി… അതിനിടയിൽ ഫോണിൽ വന്ന കോളുകൾക്ക് നിറഞ്ഞ ചിരിയോടെയും പാതി മുറിഞ്ഞ നനുത്ത മൂളലുകളിലൂടെയുമെല്ലാം അവൾ മറുപടി നൽകി കൊണ്ടിരുന്നു… പലപ്പോഴും മറുവശത്തുള്ള ആളുടെസംസാരത്തിലവൾ പരവശയാവുകയും മുഖത്താകെ വിയർപ്പു ചാലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ടിരുന്നു….
ക്ലോക്കിൽ മണി പത്തെന്നു കാണിച്ചതും വീടിനുള്ളിലാകെ കോളിംഗ് ബെല്ലിന്റെ ശബ്ദം മുറുക്കിയതും കാതോരം ചേർന്ന ഫോൺ ചെവിയിൽ നിന്നെടുത്ത് ബെഡ്ഡിലേക്കിട്ട് ധൃതിയോടെ ചെയ്തു കൊണ്ടിരുന്നവർക്ക് പൂർത്തിയാക്കി…
നീ…. കഴിക്കാൻ വരുന്നില്ലേ മോളെ…?
അവൻ വന്നിട്ടുണ്ട്….
വാതിലിനോരം വന്നച്ഛൻ ചോദിക്കുന്നതു കേട്ടതും ഇപ്പോ വരാമെന്നൊരു മറുപടിയോടവൾ മുറിയിൽ നിന്നെഴുന്നേറ്റ് ഹാളിലേക്കു ചെന്നതും കണ്ടു അമ്മയോടെന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിയ്ക്കുന്ന രാജിനെയും അവന്റെ തമാശയ്ക്ക് ചിരിയ്ക്കുന്ന അമ്മയേയും…
ഞാൻ കഴിക്കാനെടുക്കാം മോനെ, നീ പോയൊന്ന് ഫ്രഷായിട്ടുവായോ….
വേദയെ ഹാളിൽ കണ്ടതും രാജിനെ റൂമിലേക്ക് പറഞ്ഞയച്ചു അമ്മ
വേദയെ ഒന്നു നോക്കുക പോലും ചെയ്യാതെ ചുണ്ടിലൊരു മൂളിപ്പാട്ടോടെ രാജ് റൂമിലേക്ക് കയറുന്നതു കണ്ടതും വേദയെ നോക്കി ഒന്നു ചിരിച്ച് ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് നടന്നു അമ്മ… ആ പുറകെ ഒന്നും മിണ്ടാതെ നിശബ്ദയായ് നടന്നു വേദയും…
അമ്മയുടെയും മകന്റെയും സംസാരവും ചിരിയും നിറഞ്ഞു നിന്ന ഡൈനിംഗ് ടേബിളിൽ പൂർണ്ണ നിശബ്ദയായിരുന്നു ഭക്ഷണം കഴിക്കുന്ന വേദയിലേക്ക് ഇടയ്ക്കെല്ലാം പാളി ചെല്ലുന്നുണ്ട് അച്ഛന്റെ കണ്ണുകൾ…
താനുണ്ടാക്കിയ മീൻ കറി മാത്രമെടുത്ത് വേദയുണ്ടാക്കിയതൊന്നും തിരിഞ്ഞു പോലും നോക്കാതെ ഭക്ഷണം കഴിക്കുന്ന രാജിനെ തൃപ്തിയോടെ നിറയെ ഊട്ടി അമ്മയും….
അത്താഴം കഴിഞ്ഞ് അടുക്കളയൊതുക്കി വേദ മുറിയിലേക്ക് നടക്കും നേരം കണ്ടു അമ്മയുടെ തലോടലേറ്റ് അമ്മയുടെ മടിയിൽ കിടക്കുന്ന രാജിനെ…
“നീ ചെന്ന് കിടന്നോ… ഇവനിന്ന് ഞങ്ങളച്ഛന്റെയും അമ്മയുടേയും ഒപ്പമാണ്… പൊക്കോ…. ”
വേദയോട് കല്പന പോലെ അമ്മ പറയുമ്പോഴും അവളുടെ നേരെ വെറുതെ പോലും ചെന്നില്ല രാജിന്റെ ഒരു നോട്ടം പോലും…
രണ്ടു ദിവസം കൂടി നിന്നിട്ടു പോവാം അമ്മേ… ഇനിയെന്നാ നിങ്ങളിത് പോലെയൊക്കെ വരുന്നത്… അമ്മയെ കണ്ടു കൊതി മാറീട്ടു കൂടിയില്ല എനിയ്ക്ക് അറിയ്യോ….
കാറിലേക്ക് കയറാനൊരുങ്ങുന്ന അമ്മയെ ഒന്നു പുണർന്നു രാജ് പറയുന്നതും കേട്ട് സിറ്റൗട്ടിൽ നിന്നു വേദ
നിനക്ക് ലീവൊട്ടും ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾ ഇല്ലാത്ത സമയമുണ്ടാക്കി ഇങ്ങോട്ടു വരുന്നത്.. ഇപ്പോത്തന്നെ ഈ നാലു ദിവസം ഇവിടെ നിന്നതിന്റെ ദോഷങ്ങൾ എത്രയുണ്ടെന്നറിയണമെങ്കിൽ അവിടെ നാട്ടിലെത്തണം… ആ വീടാകെ തിരിച്ചു വെച്ചിട്ടുണ്ടാവും നിന്റെ ചേച്ചിയും അളിയനും കൂടി… ചെന്നിട്ടു വേണം അതിനി ഒന്നേന്ന് പറഞ്ഞു തുടങ്ങാൻ.. അറിയ്യോ നിനക്ക്…”
പരാതിയും പരിഭവവും കലർത്തി പറഞ്ഞു കൊണ്ടമ്മ കാറിലേക്ക് കയറിയിരുന്നതും അച്ഛൻ വന്ന് രാജിനെ നെഞ്ചോടു ചേർത്തു പുണർന്നു…
“കഴിഞ്ഞ തവണത്തെക്കാൾ നന്നായിട്ടുണ്ടെടാ മോനെ ഈ പ്രാവശ്യത്തെ നിന്റെ അഭിനയം… മെഡലൊന്നുരണ്ടെണ്ണം നിനക്ക് വേദ മോള് തരാൻ സാധ്യതയുണ്ട്… ”
നെഞ്ചോടു ചേർന്നവന്റെ കാതോരം അച്ഛൻ മെല്ലെ പറഞ്ഞതും കണ്ണൊന്നിറുക്കിയടച്ചു ചിരിച്ചു രാജ്….
ശരിയെടാ എന്നാൽ….
യാത്ര പറഞ്ഞച്ഛനും കയറിയതോടെ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങി കാർ…
ഒരു മഴ പെയ്തു തോർന്ന ആശ്വാസത്തോടെ രാജ് തിരിഞ്ഞു സിറ്റൗട്ടിലേക്ക് കയറിയതും അവനെ തൊട്ടു തൊട്ടില്ല എന്നതു പോലെ പറന്നു വന്നു നിലത്തു വീണൊരു ഫ്ലവർ ഫേസ്…
ഞെട്ടി മുന്നിലേക്ക് നോക്കിയതും കണ്ടു തനിയ്ക്ക് നേരെ ടീപ്പോയിലെ പേപ്പർ വെയിറ്റ് ഉന്നം പിടിയ്ക്കുന്ന വേദയെ..
വേദമോളെ…. രാജിന്റെ ചക്കരേ…
അതുകൊണ്ടെറിഞ്ഞാൽ നിന്റെ രാജ് ചത്തുപോവും.. നീ വിധവയാകൂടി….
ചിരിയോടെ പറയുന്നതിനൊപ്പം പാഞ്ഞുചെന്നവളെ ഇരു കൈകളിലുമായ് കോരിയെടുത്ത് അകത്തേക്ക് നടന്നു രാജ്…
ഇങ്ങനെ അമ്മയെ പേടിയുള്ള കെട്ടിയവൻ വേണ്ട എനിയ്ക്ക്… ഓ… ലോകത്ത് വേറെ ആർക്കും ഇല്ല അമ്മയൊന്നും….
അവന്റെ കയ്യിൽ നിന്ന് പിടഞ്ഞിറങ്ങാൻ ശ്രമിച്ചവൾ പറയുമ്പോൾ അവളെയും നെഞ്ചിലടക്കി സോഫയിലേക്ക് മറിഞ്ഞു രാജ്….
അമ്മമാരൊക്കെ എല്ലാവർക്കും ഉണ്ട് മോളെ… പക്ഷെ അമ്മയെ എതിർത്ത് ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിയതിന്റെ പേരിൽ നാലും അഞ്ചും മാസങ്ങൾ കൂടുമ്പോൾ ഇതുപ്പോലെ നാടകം കളിച്ച് ചക്രശ്വാസം വലിക്കുന്നത് ഒരു പക്ഷെ ഞാനൊരു മകൻ മാത്രമായിരിക്കും മോളെ ഉണ്ടാവുക… ഉയ്യോ ശരിയ്ക്കും പറഞ്ഞാൽ വല്ലാത്തൊരു ടെൻഷനാണ് ട്ടോ അമ്മ ഉള്ള മൂന്നാലു ദിവസം… അമ്മയുടെ സ്വഭാവം കാരണം നിനക്ക് നല്ല സങ്കടായിന്നൊക്കെ എനിക്കറിയാം… ക്ഷമിച്ചേക്കണം ട്ടോ അമ്മയോട്… എന്നോടുള്ള സ്നേഹവും അമ്മയെക്കാളധികം ഞാൻ നിന്നെ സ്നേഹിക്കുമോ എന്നുള്ള പേടിയും ഒക്കെയാണ് അമ്മയ്ക്ക്… അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല….
തന്റെ നെഞ്ചോരം പതുങ്ങിയ പെണ്ണിനോട് അരുമയോടെ പറഞ്ഞവൻ….
എനിയ്ക്കറിയാം രാജ്… പരാതിയൊന്നുമില്ല എനിയ്ക്ക്… സത്യം പറഞ്ഞാൽ അമ്മയുള്ള
ദിവസങ്ങളിൽ എനിയ്ക്ക് യാതൊരു ജോലിയുമില്ല ഇവിടെ.. ടോട്ടൽ ഫ്രീ ആണ് ഞാൻ… ആകെയുള്ള ബുദ്ധിമുട്ട് ഫോണിലൂടെയുള്ള നിന്റെ കിന്നാരം പറച്ചിലാണ്… എന്തൊക്കെ തോന്ന്യവാസമാണെടാ നീയാ ഫോണിലൂടെ എന്നോടു പറഞ്ഞത് വൃത്തിക്കെട്ടവനെ….?
പറയുന്നതിനൊപ്പം അവന്റെ ചെവിയിൽ അമർന്നു അവളുടെ കൈകൾ…..
“തോന്ന്യവാസോ… അതോ… ?
കണ്ണു മിഴിച്ചവൻ
“അതൊക്കെ ഈ നാലു ദിവസത്തെ കടം വീട്ടാനുള്ള ഏട്ടന്റെ അത്യാവശ്യങ്ങളാണ് മോളെ… മുതലും പലിശയും ചേർത്ത് വീട്ടിയിട്ടേ ഈ പിടിച്ച പിടി മോളെ ഏട്ടൻ വിടൂ…. ”
അവളുടെ ശരീരത്തിലേക്ക് കൂടുതൽ ഭാരത്തോടെ തന്നെ ചേർത്തുവെച്ചവൻ പറയ്യേ അവിടെയാകെ നിറഞ്ഞവരുടെ പൊട്ടിച്ചിരികൾ….
അന്നേരവും അകന്നു പോവുന്ന കാറിനുള്ളിലിരുന്ന് തന്റെ മകനേറ്റവും പ്രിയം തന്നോടു തന്നെയാണെന്ന സന്തോഷത്തോടെ അരികിലിരിക്കുന്ന അച്ഛന്റെ നെഞ്ചോരം ചാഞ്ഞുറങ്ങി തുടങ്ങിയിരുന്നമ്മയും….
ശുഭം….
രജിത ജയൻ
