”നീ കൂടുതൽ ഒന്നും സംസാരിക്കേണ്ട… ഏതു തൊഴിൽ എടുത്താണ് ഞങ്ങളെ ഇതുവരെ പോറ്റിയത് എന്നൊക്കെ ഞങ്ങൾക്ക് നന്നായി അറിയാം. കണ്ടവർക്ക് സുഖിക്കാൻ വേണ്ടി കിടന്നു കൊടുത്ത് പൈസയും വാങ്ങി ഇപ്പോൾ വലിയ വർത്താനം പറയുന്നോ??”
സ്വന്തം അനിയൻ ചന്തു മുഖത്ത് നോക്കി അത്രയും പറഞ്ഞപ്പോൾ, ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് വീണുപോകുമെന്ന് നീലിമയ്ക്ക് തോന്നി. ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ.
ഭിത്തിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആരൊക്കെ തന്നെ കുറ്റം പറഞ്ഞാലും, ലോകം മുഴുവൻ തന്നെ കല്ലെറിഞ്ഞാലും സ്വന്തം അനിയനും അനിയത്തിയും കൂടെ നിൽക്കുമെന്ന അവളുടെ ഉറച്ച വിശ്വാസമാണ് ആ നിമിഷം തകർന്നുപോയത്.
”ചന്തൂ… നീ എന്താ ഈ പറയുന്നത്? നിനക്ക് നിന്റെ ചേച്ചിയെ അറിയില്ലേടാ?” വിറയ്ക്കുന്ന ശബ്ദത്തിൽ നീലിമ ചോദിച്ചു. കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.
”എനിക്ക് നിന്നെ നന്നായി അറിയാം നീലിമ. നിനക്ക് പണത്തോടുള്ള ആർത്തി കാരണമാണ് നീ ആ രാഘവൻ മാഷുടെ കൂടെ പോയി കിടന്നത് എന്ന് നാട്ടുകാർ പറയുമ്പോൾ ഞങ്ങൾക്ക് തലയുയർത്താൻ പറ്റുന്നില്ല. ആ അവിഹിത ബന്ധത്തിന് കൂലിയായി നിനക്ക് കിട്ടുന്ന പണം കൊണ്ടല്ലേ നീ ഈ വീട് പണിതതും ഞങ്ങളെ പഠിപ്പിച്ചതും? ഞങ്ങൾക്ക് അങ്ങനത്തെ പണം വേണ്ട.” ചന്തു പുച്ഛത്തോടെ മുഖം തിരിച്ചു.
അടുക്കളയിൽ നിന്ന് അനിയത്തി നന്ദന പുറത്തേക്ക് വന്നു. അവളുടെ മുഖത്തും പുച്ഛം തന്നെയായിരുന്നു. “ചേട്ടൻ പറഞ്ഞത് ശരിയാ ചേച്ചി. കോളേജിൽ പോകുമ്പോൾ ഓരോരുത്തർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് വയ്യ.
നിന്റെ ചേച്ചിക്ക് ആ വയസൻ മാഷുമായിട്ട് എന്താ ബന്ധമെന്ന് അവർ ചോദിക്കുമ്പോൾ ഞാൻ എവിടെപ്പോയി ഒളിക്കണം? നിന്റെ ഈ അഴുക്ക പണം കൊണ്ട് ഇനി ഞങ്ങളെ പഠിപ്പിക്കണ്ട.” നന്ദന കൂടി അങ്ങനെ പറഞ്ഞപ്പോൾ
നീലിമ ശരിക്കും തകർന്നുbപോയി. അച്ഛനും അമ്മയും മരിക്കുമ്പോൾ അനിയൻ ചന്തു അന്ന് മൂന്നാം ക്ലാസിലായിരുന്നു, നന്ദന രണ്ടിലും. എട്ടാം ക്ലാസ്സിൽ വച്ച് പഠിപ്പ് നിർത്തുമ്പോൾ അവൾക്ക് വെറും പതിമൂന്ന് വയസ്സ്. അന്ന് മുതൽ ഈ നിമിഷം വരെ ഈ രണ്ടുപേരെയും പൊന്നുപോലെ വളർത്താൻ അവൾ എടുത്ത കഷ്ടപ്പാടുകൾ ഇവരിപ്പോൾ മറന്നുപോയിരിക്കുന്നു.
”നിങ്ങൾ രണ്ടുപേരും ഒന്ന് ഓർത്തു നോക്ക്…” നീലിമ വിറയലോടെ പറഞ്ഞു. “അച്ഛനും അമ്മയും പോയ അന്ന് മുതൽ നമുക്ക് ആരുണ്ടായിരുന്നു? മാഷുടെ വീട്ടിൽ പണിക്ക് പോയത് കൊണ്ടാണ് നമുക്ക് അന്ന് കഞ്ഞി കുടിക്കാൻ വകയുണ്ടായത്. മാഷും ഭാര്യയും എന്നെ സ്വന്തം മകളെപ്പോലെയാണ് കണ്ടത്.
ടീച്ചർ മരിച്ചപ്പോൾ മാഷ് തളർന്നു പോയി. ആ സമയത്ത് അദ്ദേഹത്തെ നോക്കിയത് ഒരു മകളുടെ സ്ഥാനത്തു നിന്നാണ്… അദ്ദേഹം മരിക്കുന്നതിന് മുൻപ് എനിക്ക് തന്ന പണം അദ്ദേഹത്തിന്റെ മകൾക്ക് കൊടുക്കുന്നതുപോലെ അദ്ദേഹം തന്നതാണ് അല്ലാതെ, കൂടെ കിടന്നതിനല്ല!!””
”നിർത്തൂ ചേച്ചി!” ചന്തു ആക്രോശിച്ചു. “നിന്റെ ഈ ഉപദേശം ഒന്നും ഇനി ഇവിടെ ചെലവാകില്ല. മാഷ് മരിച്ചപ്പോൾ ആ പണമെല്ലാം നിന്റെ പേരിൽ ആക്കിയതിൽ തന്നെയില്ലേ കള്ളത്തരം..
ആരുമില്ലാത്ത ഒരാൾക്ക് ഇത്രയും പണം ഒക്കെ ഒരാൾ വെച്ച് നീട്ടണം എന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ നാട്ടുകാർ പറയുന്ന പോലെ എന്തെങ്കിലും ഉണ്ടാവും? നിനക്ക് അയാളുമായി അവിഹിതം ഉണ്ടായിരുന്നു എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ആ പണം കൊണ്ട് ഉണ്ടായ ഈ ചോറ് ഞങ്ങൾക്ക് ഇനി വേണ്ട.”
നാട്ടുകാർ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത് നീലിമയ്ക്ക് അറിയാമായിരുന്നു. ആരും ഇല്ലാത്തപ്പോൾ അവളുടെ ശരീരത്തിന് വിലയിടുന്നവർ തന്നെയാണ് പുറത്ത് അവളെ കുറിച്ച് കഥകൾ മെനയുന്നത്. പക്ഷേ സ്വന്തം രക്തം അത് വിശ്വസിക്കുമെന്ന് അവൾ കരുതിയില്ല.
”ഞാൻ നിങ്ങളുടെ ജീവിതത്തിന് വേണ്ടിയാണ് എന്റെ കൗമാരവും യൗവനവും കളഞ്ഞത്. എനിക്ക് വന്ന വിവാഹാലോചനകൾ ഞാൻ വേണ്ടെന്ന് വെച്ചത് നിങ്ങളെ ഓർത്തു മാത്രമാണ്.” നീലിമ കരഞ്ഞുകൊണ്ട് പറഞ്ഞു.
”അതൊക്കെ നിന്റെ ഇഷ്ടം. ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ നീ ചെയ്തത്. ഇപ്പോൾ ആ നാട്ടുകാർ പറയുന്ന ചീത്തപ്പേര് ഞങ്ങൾക്ക് കൂടി വേണ്ട. നീ ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയി തരുമോ?” നന്ദനയുടെ ആ ചോദ്യം നീലിമയുടെ നെഞ്ചിൽ തുളച്ചു കയറി.
തന്റെ ജീവിതത്തിലെ നല്ല സമയം മുഴുവൻ അവർക്ക് വേണ്ടിയാണ് ചെലവാക്കിയത് എന്നിട്ട് തനിക്ക് തിരിച്ചു കിട്ടിയത് എന്താണ് എന്ന് അവൾ ചിന്തിച്ചു. പഴയ കാലത്ത് അവൾ വേണ്ടെന്ന് വെച്ച ഒരു പ്രണയമുണ്ടായിരുന്നു, മധു . അവൻ ഇപ്പോഴും അവൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. വിവാഹം ആലോചിച്ചു വരട്ടെ എന്ന് എല്ലാ തവണയും പറയുമ്പോൾ അനിയന്റെയും അനിയത്തിയുടെയും കാര്യം പറഞ്ഞ് മധുവിനെ ഒഴിവാക്കി വിടുകയായിരുന്നു അവൾ ചെയ്തിരുന്നത്…
ഇനിയും അനിയനെയും അനിയത്തിയെയും നോക്കി തന്റെ നല്ല ജീവിതം കളയാൻ അവൾ ഒരുക്കമായിരുന്നില്ല.
അന്ന് വൈകുന്നേരം തന്നെ നീലിമ മധുവിനെ വിളിച്ചു. “മധുവേട്ടാ… നിങ്ങൾ അന്ന് പറഞ്ഞ ഇഷ്ടം എന്നോട് ഇപ്പോഴുമുണ്ടോ? എന്നെ ഇവിടുന്ന് കൊണ്ടുപോകുമോ?”
എന്ന് അവൾ ദയനീയമായി അവനോട് ചോദിച്ചപ്പോൾ എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് മധുവിന് തോന്നി സ്വന്തം അനിയത്തിക്കും അനിയനും വേണ്ടി ജീവിക്കുന്നവളെ ബഹുമാനമായിരുന്നു അവന്…
അതുകൊണ്ടുതന്നെയാണ് മറ്റൊരുവളെ ആസ്ഥാനത്ത് കാണാൻ കഴിയാതിരുന്നത് എന്നെങ്കിലും അവൾ തന്റെ കൂടെ വരും എന്ന് അയാൾക്ക് ഉറപ്പായിരുന്നു…
എല്ലാം അറിഞ്ഞപ്പോൾ പുച്ഛത്തോടെ അയാൾ അവളെ നോക്കി ചിരിച്ചു.
”
കൊള്ളാടീ നിന്റെ വിയർപ്പിന്റെ പങ്ക് പറ്റിയിരുന്നവർക്ക്, നിന്നെ എന്റെ അത്ര പോലും വിശ്വാസമില്ല അല്ലേ?? എന്നയാൾ ചോദിക്കുമ്പോൾ സങ്കടം കൊണ്ട് അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. പൂർണ്ണ മനസ്സോടെ അടുത്ത നിമിഷം തന്നെ അവൻ അവളെ ഒരു താലി കൊണ്ട് സ്വന്തമാക്കി
നീലിമ അയാളെ വിവാഹം കഴിച്ച് ആ വീട്ടിൽ നിന്ന് മാറി. അവൾ പോയപ്പോൾ ചന്തുവിനും നന്ദനയ്ക്കും ആശ്വാസമായിരുന്നു. “ശല്യം ഒഴിഞ്ഞല്ലോ” എന്നായിരുന്നു അവരുടെ ഭാവം.
മാസങ്ങൾ കടന്നുപോയി. ചന്തുവിന്റെ എഞ്ചിനീയറിംഗ് ഫീസ് അടയ്ക്കേണ്ട സമയം വന്നു. കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. നാട്ടുകാർ ആരും പണം കടം കൊടുക്കാൻ തയ്യാറല്ല. വീട്ടിൽ അരി വാങ്ങാൻ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലായി അവർ. അപ്പോഴാണ് അവന് മനസ്സിലായത്, മാഷുടെ പണം മാത്രമല്ല, നീലിമ രാപ്പകൽ പണിയെടുത്തുണ്ടാക്കിയ തുക കൂടിയാണ് അവരുടെ ആഡംബരങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന്.
ഗതികെട്ട ചന്തു നീലിമയുടെ പുതിയ വീട്ടിലെത്തി വാതിലിൽ മുട്ടി. നീലിമയാണ് വാതിൽ തുറന്നത്. അവളുടെ മുഖത്ത് പഴയ ആ പാവം ഭാവമില്ലായിരുന്നു.
”ചേച്ചി… ഫീസ് അടയ്ക്കാൻ സമയമായി. ഒരു അയ്യായിരം രൂപ വേണമായിരുന്നു. നന്ദനയ്ക്കും കോളേജിൽ കൊടുക്കാൻ പണമില്ല. വീട്ടിൽ ഒന്നിനും വകയില്ല ചേച്ചി.” ചന്തു തല താഴ്ത്തി പറഞ്ഞു.
നീലിമ ശാന്തമായി അവനെ നോക്കി. “എന്റെ കയ്യിൽ ഇപ്പോൾ പണമില്ല ചന്തൂ. നീ എന്നോട് പറഞ്ഞ ആ പണി ഞാനിപ്പോൾ നിർത്തി. പിന്നെ ഇവിടെ ഉള്ള പണം മധുവേട്ടന്റെ അധ്വാനമാണ്. അത് നിനക്ക് തരാൻ എനിക്ക് അവകാശമില്ല.
പിന്നെ, ഞാൻ നിങ്ങളെ പോറ്റുന്നത് മോശമായ വഴിയിലൂടെ ആണെന്നല്ലേ നീ പറഞ്ഞത്? ആ അഴുക്ക പണം കൊണ്ട് ഇനി പഠിക്കണ്ട എന്ന് നീ തന്നെയല്ലേ അന്ന് തീരുമാനിച്ചത്? അതുകൊണ്ട് നിന്റെ വഴി നീ തന്നെ നോക്കുക.. മാന്യമായ പണം നീ തന്നെ ഉണ്ടാക്കിക്കോ. എന്നെ ഒന്ന് മനസ്സിലാക്കാനോ മറ്റോ തയ്യാറാകാത്ത നിങ്ങൾക്ക് ഇനി ഒരു സഹായവും ഞാൻ ചെയ്യില്ല.”
ചന്തുവിന്റെ ഉള്ളിലെ അഹങ്കാരം വീണ്ടും പുറത്തുവന്നു. “നീ ശരിക്കും ചീത്ത തന്നെയാണ് നീലിമ. നിനക്ക് പണത്തോടാണ് സ്നേഹം. സ്വന്തം അനിയനെ സഹായിക്കാത്ത നീ എന്ത് പെണ്ണാണ്?”
അപ്പോഴേക്കും മധു പുറത്തേക്ക് വന്നു. അവൻ നീലിമയെ ചേർത്തുപിടിച്ചു. “എടാ ചന്തൂ… നീ പഠിച്ച പുസ്തകത്തിൽ നന്ദിയെന്നൊരു വാക്കുണ്ടോ? നിന്റെ ചേച്ചി അനുഭവിച്ച കഷ്ടപ്പാടുകൾ നിനക്ക് അറിയില്ല. ഈ നാട്ടുകാർ പറയുന്നതാണോ നിനക്ക് വലുത്? നിന്റെ അഹങ്കാരത്തിന് കൂട്ടുനിൽക്കാൻ നീലിമയെ ഇനി കിട്ടില്ല. ഇറങ്ങിക്കോ ഇവിടുന്ന്!”
ചന്തു ദേഷ്യത്തോടെ പടികൾ ഇറങ്ങിപ്പോയി. നീലിമയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ മധു അവളുടെ കൈകൾ മുറുകെ പിടിച്ചു. “കരയണ്ട നീലിമ. നീ നിന്റെ കടമകൾ എല്ലാം ഭംഗിയായി ചെയ്തു. ഒന്നുമില്ലെങ്കിലും അധ്വാനിക്കാനുള്ള ഈ പ്രായം വരെ നീ അവരെ നോക്കി..
ഇനി അക്കാര്യം ഓർത്തു നീ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല നിന്റെ കടമകൾ മുഴുവൻ നീ ചെയ്തു കഴിഞ്ഞു..
ഇനി എങ്ങനെയാണ് എന്ന് വെച്ചാൽ അവർ ജീവിക്കട്ടെ അവർക്ക് ഇനി തനിയെ ജീവിക്കുമ്പോൾ മനസ്സിലാകും ജീവിതം എന്താണെന്ന്.”
നീലിമ മാധവന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു. ലോകം മൊത്തം അവളെ ചീത്ത എന്ന് വിളിച്ചപ്പോഴും, തന്നെ വിശ്വസിക്കുന്ന ഒരാൾ കൂടെയുണ്ടെന്ന ആശ്വാസത്തിൽ അവൾ കണ്ണുകളടച്ചു. താൻ ആർക്കുവേണ്ടിയാണോ ജീവിതം ഉഴിഞ്ഞുവെച്ചത്, അവർക്ക് ഇനി തന്റെ തണൽ വേണ്ടെങ്കിൽ അവർ അത് സ്വയം കണ്ടെത്തട്ടെ എന്ന് അവൾ മനസ്സിലുറപ്പിച്ചു.
സ്റ്റോറി ബൈ ചന്ദ്ര
