ഇനി കല്യാണം അന്വേഷിച്ച് വരുന്നോര് നിശ്ചയം കയിഞ്ഞ പെണ്ണാന്ന് അറിയുമ്പോ വേണ്ടന്ന് വെച്ചിട്ട് പോവുലെ…. ” അവർക്ക് തന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…..

മാംഗല്യം തന്തുനാനേന

” ന്നാലും എന്റെ ദേവ്യേ, ഓൾടെ പ്രായത്തിലുള്ള പെമ്പിള്ളേരൊക്കെ കല്യാണം കഴിഞ്ഞ് കുടുംബായി താമസിക്കുമ്പോ ന്റെ കുട്ടി മാത്രം ഇങ്ങനെ നിന്ന് പോവാണലോ…. ” ഞെഞ്ചത്തടിച്ച് പതം പറഞ്ഞു കരയുകയാണ് ജാനുവമ്മ

” ഇങ്ങനെ കരയാതിരിക്ക് നാത്തൂനെ, ഓൾക്ക് വിധിച്ചത് സമയാവുമ്പോ വരുന്നേ…. നിങ്ങളിങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം…. ” അവരെ ആശ്വസിപ്പിച്ചുകൊണ്ട് നാരായണിയേടത്തി ഉമ്മറത്തിരുന്നു….

” ഞാൻ എങ്ങനെ ആശ്വസിക്കാനാ ഏടത്തി, ആ രാഗവന്റെ ചെക്കനുമായുള്ള നിച്ഛയം വരെ കഴിഞ്ഞതല്ലേ…. അടുത്ത മാസം കല്യാണം നടക്കേണ്ട കുട്ടിയല്ലാരുന്നോ…. ഇനി കല്യാണം അന്വേഷിച്ച് വരുന്നോര് നിശ്ചയം കയിഞ്ഞ പെണ്ണാന്ന് അറിയുമ്പോ വേണ്ടന്ന് വെച്ചിട്ട് പോവുലെ…. ” അവർക്ക് തന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…..

നാരായണിക്ക് അവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലാരുന്നു….

” വയസ്സ് ഇരുപത്തി എട്ടായി…. ഗവണ്മെന്റ് സ്കൂളിൽ ഉദ്യോഗം ഉണ്ട്, കാണാൻ ചേലും നല്ല അന്തസ്സായിട്ട് കെട്ടിച്ച് വിടാനുള്ള പൊന്നും പണവും ഇണ്ട്…. എന്നിട്ടും എന്റെ കുട്ടിക്ക് മാത്രം എന്താ ഇങ്ങനെ ഒരു വിധി….. ” ജാനകി ഇരുന്ന് കിതച്ചു…. അവരുടെ കണ്ണുകൾ തോർന്നതേയില്ല….

” ഒന്നും നമ്മടെ കുഴപ്പം കൊണ്ടല്ലല്ലോ നാത്തൂനെ, മ്മളെ കുട്ടിന്റെ കല്യാണം ആരോ മുടക്കുന്നുണ്ട്…. എന്നാ ഇന്നാട്ടിൽ നിങ്ങളോട് ശത്രുത ആർക്കാ ഉള്ളതെന്നാണ് എനിക്കറിയാൻപാടില്ലാത്തത്…. തങ്കം പോലത്തെ കുട്ടിയല്ലേ ചിത്ര, ഓളോട് ആർക്കാണ് വിരോധം തോന്നുക…. ന്റെ കൃഷ്ണ ഈ പാവങ്ങളുടെ കണ്ണീര് കാണാതെ കണ്ണടച്ച് കളഞ്ഞോ നീയ്…. ” നാരായണി മേലേക്ക് നോക്കി നെഞ്ചിൽ കൈവെച്ച് പറഞ്ഞു….

” പാവല്ലേ ന്റെ കുട്ടി, ഒരു ഈച്ചകുഞ്ഞിനെ പോലും നോവിക്കില്ല അത്…. എത്ര സന്തോഷത്തോടെയാണ് ഈ വീട്ട് മുറ്റത്തു നിശ്ചയത്തിന് അവള് നിന്നതെന്ന് ഓർമ്മയില്ലേ ഏട്ടത്യേ….? ആ സന്തോഷം ന്റെ കുഞ്ഞിന്റെ ജീവിതകാലം മുഴുവൻ ഇണ്ടാവുന്ന് ഞാൻ ആഗ്രഹിച്ചുപോയി…. ”

വീടിന്റെ പടി കടന്ന് ഉമ്മറത്തേക്ക് നടന്നുവന്ന ചിത്ര അമ്മയുടെ സങ്കടമത്രയും കേൾക്കുന്നുണ്ടായിരുന്നു…. നിറഞ്ഞ കണ്ണുകൾ അമ്മ കാണാതെ അവൾ സാരി തലപ്പുകൊണ്ട് തുടച്ചു കളഞ്ഞു….

” മതി കരഞ്ഞത് നാത്തൂനെ, ചിത്ര കുഞ്ഞ് വരുന്നുണ്ട്, വെറുതെ ഓരോന്ന് പറഞ്ഞ് കരഞ്ഞു അവളെ കൂടെ വിഷമിപ്പിക്കണ്ട പാവം കുട്ടി അതിന് നമ്മളെക്കാൾ നോവുന്നുണ്ടാവില്ലേ…. ” തന്റെ സാരിത്തുമ്പ് കൊണ്ട് ജാനുവിന്റെ മുഖം തുടച്ച് നാരായണി പറഞ്ഞു…. അവർ ചിത്ര കാണാതെ തന്റെ സങ്കടം ഉള്ളിലൊതുക്കി നിന്നു….

” മേല് വല്ലാണ്ട് വേദനിക്കുന്നു വല്യമ്മേ, പുറത്താവാൻ ആയിന്ന് തോന്നുന്നു കുറച്ച് വെള്ളം ചൂടാക്കി തരുവോ ഞാനൊന്ന് കുളിച്ചിട്ട് വരാം…. ” മുഖത്ത് വരുത്തിയ ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി…. മനഃപൂർവ്വം അവൾ അമ്മയെ നോക്കിയില്ല… ആ മുഖം കണ്ടാൽ താൻ കരഞ്ഞു പോകുമെന്ന് അവൾക്ക് അറിയാം…..

” ദാ മോൾടെ മുഖം കണ്ടാൽ അറിയാം ഉള്ള് നീറുന്നുണ്ടെന്ന്, നീ ഇനി അവളോട് ഓരോന്ന് ചോദിച്ചും പറഞ്ഞും അതിനെ കൂടുതൽ സങ്കടപ്പെടുത്തരുത് കേട്ടോ…. ഓള് ഒറ്റക്ക് ഇരുന്ന് കരഞ്ഞോട്ടെ, അത് കഴിയുമ്പോ ആശ്വാസം ആയിക്കോളും… ബാക്കി ഒക്കെ പിന്നീട് സംസാരിക്കാം…. ഞാൻ കൊച്ചിന് വെള്ളം തിളപ്പിക്കട്ടെ, ശിവ ശിവ ന്റെ കുട്ട്യോളെ കാത്തോണേ…. ” നടുവിന് കൈ കൊടുത്ത് ഉമ്മറപടിയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് നടക്കുമ്പോൾ അവരുടെ ഉള്ളിലും ചിത്രയെപ്പറ്റിയുള്ള ആധിയായിരുന്നു…. പക്ഷെ താൻ കൂടെ കരഞ്ഞു നിലവിളിച്ചുകൊണ്ടിരുന്നാൽ പിന്നെ ഇതൊരു മരണ വീടിന് തുല്യമായിപ്പോകും അതുകൊണ്ട് മനസ്സിനെ കല്ലാക്കി കൂടെയുള്ളവർക്ക് താങ്ങായി നിൽക്കുകയാണ് അവർ…..

നാരായണി എഴുന്നേറ്റ് പോയിട്ടും, ജാനുവമ്മ അതേ ഇരിപ്പ് തുടർന്നു…. ശില കണക്കെ ദൂരേക്ക് മിഴി പായിച്ചുകൊണ്ട് മറ്റേതോ ലോകത്തെന്നപോലെ ഇരിക്കുമ്പോൾ ഇക്കഴിഞ്ഞ ഇരുപതിമൂന്ന് പെണ്ണുകാണലിന്റെയും അവസാനം കഴിഞ്ഞ നിശ്ചയത്തിന്റെയും ദിവസമായിരുന്നു അവരുടെ ഉള്ളിൽ…. ഇന്ന് നടക്കും നാളെ നടക്കും എന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം ആവുന്നു….

തന്റെ മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ട് കഴിഞ്ഞപ്പോൾ ചിത്രയുടെ മുഖത്തെ ചിരി മാഞ്ഞുപോയി….
അവളുടെ ഹൃദയം നുറുങ്ങി .

” കഴിഞ്ഞ പെണ്ണുകാണലിൽ ഒന്നും താൻ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നില്ല, കാരണം അവസാനത്തേതു പോലെ ഇതും മുടങ്ങിപ്പോകുമെന്ന് ഉറപ്പായിരുന്നു . എന്നാൽ നാല് ദിവസം മുൻപ് ആദർശുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ താനും ഒരു കുടുംബജീവിതം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…
ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല എന്ന് പറയുന്നതിന് മുൻപ് വരെ ആദർശ് തന്നോട് വളരെ സ്നേഹത്തോടുകൂടിയാണ് പെരുമാറിയത്, അയാൾ മാത്രമല്ല അയാളുടെ വീട്ടുകാരും….
എത്ര സന്തോഷത്തോടെയാണ് ഇരു വീട്ടുകാരും നിശ്ചയത്തിന് പങ്കെടുത്തത്…. എന്നാൽ അത്രയും സന്തോഷം തന്നത് അതിന്റെ പത്തിരട്ടി ദുഃഖം തരാനായിരുന്നോ എന്റെ കൃഷ്ണ….? ”

” ഇതിന് മാത്രം എന്ത് പാപമാണ് ഞാൻ നിന്നോട് ചെയ്തത്…. അറിഞ്ഞുകൊണ്ട് ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല… ഒരു വാക്ക് കൊണ്ട് പോലും ഞാൻ ആരെയും മുറിവേൽപ്പിച്ചിട്ടില്ല…. എന്നിട്ടും എനിക്ക് മാത്രം എന്തിനാണ് ഈ വിധി….” അവൾ ഭിത്തിയിലൂടെ ഊർന്ന് ഉള്ളിലെ സങ്കടം തീരുവോളം കരഞ്ഞു….

” മോളെ കുളിക്കാനുള്ള വെള്ളം എടുത്തു വച്ചിട്ടുണ്ട് പോയി കുളിച്ച് മാറ്റിയിട്ട് വാ വല്യമ്മ കഴിക്കാൻ എടുത്ത വയ്ക്കാം… നിനക്ക് ഇഷ്ടപ്പെട്ട ഇലയട ഉണ്ടാക്കി വെച്ചിട്ടുണ്ട്…. ” അടുക്കളയിൽ നിന്ന് വല്യമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് അവൾ സ്ഥലകാലബോധം വീണ്ടെടുത്ത് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്….

ഏറെനേരം കരഞ്ഞിരുന്നത് കൊണ്ട് മുഖമെല്ലാം വീർത്തു… അവൾ വേഗം മുഖം തുടച്ച് അടുക്കളയിൽ പോയി കുളിക്കാനുള്ള വെള്ളം എടുത്തു വന്നു…. താൻ കരഞ്ഞതായി ആരും കാണാതിരിക്കാൻ അവൾ ആർക്കും മുഖം കൊടുക്കാൻ പോയില്ല…. കുളിമുറിയിൽ കയറി കുറെ തണുത്ത വെള്ളം മുഖത്തേക്ക് ഒഴിച്ചപ്പോൾ തന്നെ ഒരുപാട് ആശ്വാസം തോന്നി…. ചൂടുവെള്ളത്തിൽ മേല് കഴുകിയപ്പോൾ പകുതി ക്ഷീണവും കുറഞ്ഞിരുന്നു…..

പിന്നിടുള്ള ദിവസങ്ങൾ വളരെ വേഗം കടന്നു പോയി നിശ്ചയം കഴിഞ്ഞ് ഒരു മാസം പിന്നിടുന്നു..
ആ സങ്കടത്തിൽ നിന്ന് കരകയറുന്നതിനു മുൻപ് തന്നെ ഒന്ന് രണ്ട് വിവാഹ ആലോചനകൾ ചിത്രയ്ക്ക് വന്നെങ്കിലും അവൾക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പെണ്ണ് കാണലിന് ഒന്നും നിൽക്കാതെ, വരുന്ന കൂട്ടർക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വിവാഹം നടത്താമെന്ന് ചിത്രയുടെ അച്ഛൻ എല്ലാവരോടും പറഞ്ഞിരുന്നു….

ബ്രോക്കർമാർ ചിത്രക്ക് ഓരോ ആലോചനകൾ കൊണ്ടുവരും…. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ അത് താനെയും മുടങ്ങിപ്പോകും…. ഇത് തന്നെ പിന്നെയും തുടർന്നു…. ആരോ പിന്നിൽ നിന്ന് ഇതെല്ലാം മുടക്കുന്നതാണ് എന്ന് അവർക്കറിയാമായിരുന്നു എങ്കിലും ചിത്രയോട് ആർക്കും യാതൊരു ദേഷ്യവും ഇല്ലാത്തതിനാൽ ആരാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ആർക്കും ഒരു ഊഹവും ഇല്ലായിരുന്നു….

ഒരു ഡിസംബർ മാസത്തിൽ പതിവ് പോലെ അവൾ ഉണർന്നു, പ്രഭാത കൃത്യങ്ങൾ ചെയ്ത് വെറുതെ മുറ്റത്തൂടെ നടന്നു….

അടുക്കളയിൽ പലഹാര മേള നടക്കുകയാണ്…. അതിന്റെ കാരണം ചിത്രയുടെ പെണ്ണുകാണലാണ്….

എന്നാൽ അവളുടെ മനസ്സ് ശൂന്യമായിരുന്നു…. എന്തിനാണ് ഈ ആത്മാർത്ഥത കാണിക്കുന്നതെന്ന് ആയിരുന്നു അവളുടെ മനസ്സിൽ…

“ഇതും നടക്കാൻ പോവുന്നില്ല…”സ്വയം പറഞ്ഞുകൊണ്ട് അവൾ മുറ്റത്തെ തുളസിയിൽനിന്ന് ഒരില പൊട്ടിച്ചെടുത്ത് കുളിപ്പിന്നലിട്ട മുടിയുടെ ഇടയിലേക്ക് തിരുകി വെച്ചു…. കറപ്പും വെള്ളയും കലർന്ന സെറ്റും മുണ്ടും ആയിരുന്നു അവളുടെ വേഷം….

മുറ്റത്തേക്ക് പാഞ്ഞു കേറിയ സ്കോർപിയോ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി….

ചുറ്റും പൊടി പറത്തികൊണ്ട് ആ കാർ അവളുടെ തൊട്ട് മുന്നിൽ സഡൺ ബ്രേക്ക്‌ ഇട്ട് നിന്നു….

ചിത്ര ഞെട്ടിക്കൊണ്ട് പുറകോട്ടേക്ക് മാറി…. അവൾ നെഞ്ചിൽ കൈവെച്ചുകൊണ്ട് ശ്വാസം അടക്കാൻ പാടുപെട്ടു . അപ്പോഴേക്കും കാറിന്റെ ഡ്രൈവിംഗ് സീറ്റ് തുറന്നുകൊണ്ട് സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി…. കറുപ്പു ഷർട്ടും കറുത്ത കരയും ഉള്ള വെള്ളമുണ്ടുമായിരുന്നു അവന്റെ വേഷം… വിരിഞ്ഞ നെഞ്ചിൽ ഓം ചിഹ്നത്തിൽ ഒരു ലോക്കറ്റ് ഉണ്ടായിരുന്നു….

നന്നായി ട്രിം ചെയ്ത താടിയും മീശയും അവന്റെ പൗരുഷത്തെ ഒന്നുകൂടി എടുത്തു കാണിച്ചു….ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകുന്ന അത്രയും ആകർഷണമുണ്ടായിരുന്നു അവന്….

തന്റെ മുന്നിൽ നിൽക്കുന്ന ചിത്രയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു….അവൻ തന്റെ സൺഗ്ലാസ് മാറ്റിക്കൊണ്ട് അവളെ നോക്കി ഭംഗിയിൽ പുഞ്ചിരിച്ചു…. ചിത്രയുടെ കണ്ണുകൾ ചുരുങ്ങി,
” തന്നെ പെണ്ണുകാണാൻ വന്നത് ഇയാളാണോ “എന്ന്  അവളുടെ മനസ്സിൽ സംശയം തോന്നി…..

അപ്പോഴേക്ക് മറ്റൊരു കാറിൽ വേറെ കുറച്ചു പേർ വന്ന് ആ മുറ്റത്തിറങ്ങി…. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ വീടിനുള്ളിൽ നിന്ന് ചിത്രയുടെ അച്ഛനും അമ്മയും അച്ഛന്റെ ചേട്ടനും ഭാര്യയും അവരുടെ മോളും ഇറങ്ങിവന്നു

അതിഥികളെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അച്ഛനും മറ്റുള്ളവരും പോയപ്പോൾ അമ്മ, ചിത്രയെയും അകത്തേക്ക് വിളിച്ചു

അതിഥികളെല്ലാം ഹാളിൽ ഇരുന്നപ്പോൾ അമ്മ ചിത്രയെ കൂട്ടി അടുക്കളയിലേക്ക് നടന്നു… പിന്നീട് പതിവ് അനുസരിച്ച് ചായ കൊടുക്കലും ബന്ധുക്കൾ തമ്മിലുള്ള സംസാരവും ഒക്കെ ആയിരുന്നു….

ചെറുക്കനും പെണ്ണിനും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ എന്ന് ആരോ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ചിത്ര തന്നെ പെണ്ണുകാണാൻ വന്ന ചെറുക്കനെ കൂട്ടി മുറ്റത്തേക്ക് ഇറങ്ങി….

” ഞാൻ അഭിമന്യു…. ” അവളുടെ നേരെ തന്റെ കൈ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു….

” ചിത്ര…. ” ആ കയ്യിൽ കൈ ചേർത്ത് അവൾ പറഞ്ഞപ്പോൾ അവളുടെ കയ്യുടെ മൃതുലത അവന് നന്നായി ഇഷ്ട്ടപെട്ടു….

” തന്റെ നിശ്ചയം വരെ കഴിഞ്ഞതാണ് എന്ന് എനിക്കറിയാം . എന്തുകൊണ്ടാണ് അത് മുടങ്ങി പോയത് എന്നൊന്നും ഞാൻ ചോദിക്കുന്നില്ല പക്ഷേ എനിക്ക് തന്നെ ഇഷ്ടമായി…  അതും ഇപ്പോൾ തുടങ്ങിയ ഇഷ്ടമല്ല എനിക്ക് തന്നെ പണ്ടേ അറിയാം…. പിന്നെ ചില സാഹചര്യങ്ങൾ കാരണം ഇപ്പോഴാണ് വന്ന് പെണ്ണ് ചോദിക്കാൻ പറ്റിയത്….. ”

” ഹ്മ്മ്‌…. എന്നേ എങ്ങനെ നേരത്തെ അറിയാം… ”

” താൻ ഈ നാട്ടുകാരി തന്നെയല്ലേ, അങ്ങനെ അറിയാം…. ”

” ഓ… ” അവൾക്ക് കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല കാരണം ഇതിൽ കൂടുതൽ തുറന്ന് സംസാരിച്ചിട്ട് അത് മുടങ്ങിപ്പോയ ചരിത്രമാണ് തനിക്കുള്ളത് അതുകൊണ്ട് അവൾക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല….

അന്നവർ പോയതിനു ശേഷം ചിത്രയ്ക്ക് വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ അവളുടെ വീട്ടുകാർക്ക് അങ്ങനെ അല്ലായിരുന്നു….

പക്ഷേ ഇത് ബ്രോക്കർ കൊണ്ടുവന്ന ആലോചന അല്ലാത്തതിനാൽ അവർക്ക് അഭിമന്യുവിനെ പറ്റി നാട്ടിലൊക്കെ അന്വേഷിക്കേണ്ടതായി വന്നു

എന്നാൽ അവന്റെ പഴയ കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ കല്യാണം വേണോ വേണ്ടയോ എന്നായിരുന്നു അവരുടെ ചിന്ത….

കോളേജിൽ പഠിക്കുന്ന കാലം മുതൽ അഭിമന്യു രാഷ്ട്രീയത്തിൽ ചില അടിപിടി കേസുകളിലൊക്കെ പെട്ടിട്ടുണ്ട് എന്ന് അവർ അറിഞ്ഞു . അല്ലറചില്ലറ തരികിട പരിപാടിയൊക്കെ ഉള്ളതിനാൽ അത്ര നല്ല പേരല്ല നാട്ടിൽ അഭിമന്യുവിനുള്ളത്….

അതുകൊണ്ട് അഭിമന്യുവിനെ ഒന്നുകൂടെ കണ്ട് സംസാരിക്കാൻ ചിത്രയുടെ അച്ഛൻ തീരുമാനിച്ചു….

അഭിമന്യുവിനെ കണ്ടു വന്ന അന്ന് വൈകുന്നേരം അച്ഛന്റെ തീരുമാനം അറിയാൻ വേണ്ടി ആയിരുന്നു ആ വീട്ടുകാരെല്ലാം കാത്തിരുന്നത്….

എന്നാൽ ഈ വിവാഹം മുടങ്ങും എന്ന് കരുതിയിരുന്ന ചിത്രയുടെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത രണ്ടാഴ്ചക്കുള്ളിൽ തന്നെ അവരുടെ കല്യാണം നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചു

അച്ഛൻ വന്നു ചിത്രയുടെ സമ്മതം ചോദിക്കുമ്പോൾ എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു അഭിമന്യുവിനോട് അവൾക്കിഷ്ടം കൂടുതലും കുറവുമില്ല അതുകൊണ്ടുതന്നെ അവൾ സമ്മതം അറിയിച്ചു

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു കല്യാണത്തിന് വസ്ത്രം എടുക്കുന്നതും പന്തൽ ബുക്ക് ചെയ്യുന്നതും എല്ലാം അവളുടെ അച്ഛൻ വളരെ സന്തോഷത്തോടെ ഓടിനടന്നു ചെയ്തു…

ചിത്രയ്ക്കും ഇപ്പോൾ ചെറിയ പ്രതീക്ഷകൾ മൊട്ടിട്ടു കാരണം എല്ലാ ദിവസവും അഭിമന്യു അവളെ ഫോൺ വിളിക്കും… അയാൾ വളരെ നന്നായി സംസാരിക്കുന്ന ആളാണ് എന്ന് അവന്റെ ഫോൺകോളിലൂടെ അവൾക്ക് മനസ്സിലായി…. പക്ഷേ തന്റെ വിവാഹ ചരിത്രങ്ങൾ മനസ്സിൽ നിന്നും മായാത്ത അവൾക്ക് ഒരുപാട് പ്രതീക്ഷകൾ മനസ്സിലാഗ്രഹിക്കാൻ കഴിഞ്ഞില്ല

അത് അവൾ അഭിമന്യുവിനോട് തുറന്നു പറഞ്ഞു….

അവളുടെ സംശയങ്ങൾക്കും സങ്കടങ്ങൾക്കും ഉള്ള മറുപടി തങ്ങളുടെ വിവാഹത്തിന്റെ അന്ന് അവളുടെ കഴുത്തിൽ താൻ താലി ചാർത്തുമ്പോൾ പറയാം എന്ന് ആയിരുന്നു അവന്റെ മറുപടി….

അതിൽ അവൾക്ക് കുറച്ച് പ്രതീക്ഷകൾ മുളച്ചു എങ്കിലും 100% അവൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല….

അങ്ങനെ ആ ദിവസം വന്നെത്തി സർവ്വാഭരണ വിഭൂഷിതയായി ചിത്ര കല്യാണ മണ്ഡപത്തിലേക്ക് കയറി…. വളരെ ആർഭാടത്തോടുകൂടി തന്നെ ചിത്രയുടെ വീട്ടുകാർ അവരുടെ വിവാഹം നടത്തി…..

അഭിമന്യുവിന്റെ തെളിഞ്ഞ മുഖം കണ്ടപ്പോൾ ചിത്രയുടെ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഭയവും വിട്ടു മാറി…. സന്തോഷത്തോടുകൂടി അവന്റെ താലി അവൾ സ്വീകരിച്ചു…. അഭിമന്യുവിന്റെ വിരലിനാൽ നെറുകയിൽ സിന്ദൂരം ചാർത്തപ്പെട്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…. അവളുടെ കണ്ണീരുകൾ തന്റെ കൈകളാൽ തുടച്ചു കൊണ്ട് അഭിമന്യു ചിത്രയുടെ കവിളിൽ ചുംബിച്ചു…..

അങ്ങനെ ഒരുപാട് സങ്കടങ്ങൾക്കൊടുവിൽ ചിത്രയേ അഭിമന്യു പ്രാണന്റെ പാതിയായി തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി….

തങ്ങളുടെ ആദ്യരാത്രിയിൽ അഭിമന്യുവിന്റെ നെഞ്ചോട് ഒട്ടി കിടക്കുമ്പോൾ ഇത്ര കാലം തനിക്ക് കണ്ണീരുള്ള ജീവിതം സമ്മാനിച്ചത് ഈ മനോഹര ജീവിതത്തിലേക്ക് ആയിരുന്നോ എന്ന് പറഞ്ഞുകൊണ്ട് അവൾ ദൈവത്തോട് നന്ദി പറഞ്ഞു….

അന്ന് മുതൽ നവ വധു വരുന്മാരുടെ കാലമായിരുന്നു… ബന്ധുമിത്രാദികളുടെ വീട്ടിൽ എല്ലാം വിരുന്നിനു പോയി രണ്ടാളും ക്ഷീണിച്ചു…..

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം അവർ അഭിമന്യുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ വീട്ടിൽ വിരുന്നിന് പോയി . ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് തിരികെ ചിത്രയുടെ വീട്ടിലേക്ക് വരാനായിരുന്നു അവരുടെ പ്ലാൻ….

ചിത്ര, അഭിമന്യുവിന്റെ സുഹൃത്തിന്റെ ഭാര്യ അമ്പിളിയുടെ കൂടെ അടുക്കളയിൽ ആയിരുന്നു…

” അമ്പിളി…. ആ ചിക്കൻ വറുത്തത് കൂട്ട് കുറച്ച് ഇങ്ങോട്ട് എടുക്കണേ…. “അഭിമന്യുവിന്റെ കൂട്ടുകാരൻ ജയേഷ് തന്റെ ഭാര്യയോട് വിളിച്ചുപറഞ്ഞു….

മുറ്റത്ത് ഒരു ബെഞ്ചിൽ ഇരുന്ന് മദ്യപിക്കുകയാണ് രണ്ടുപേരും…. അഭി ഒരു മുഴുകുടിയൻ അല്ലെങ്കിലും കൂട്ടുകാരോടൊത്ത് കൂടുമ്പോൾ മദ്യപിക്കാറുണ്ട്…. കോളേജിൽ പഠിക്കുന്ന കാലത്ത് അത് അല്പം കൂടുതലായിരുന്നു ഇപ്പോൾ അവൻ ഏകദേശം ആ ശീലം നിയന്ത്രിച്ചു വരുന്നുണ്ട്….

അവർക്കുള്ള ചിക്കനുമായി ചിത്രയാണ് മുറ്റത്തേക്ക് പോയത് മുറ്റത്തിന്റെ ഒരു സൈഡിലായി ആയിരുന്നു അവർ ഇരുന്നത്….

” അല്ല മോനെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസം ആയില്ലേ നീയാണ് നിന്റെ ഭാര്യയുടെ ഇതുവരെയുള്ള കല്യാണം മുടക്കിയത് എന്ന് അവളോട് തുറന്നു പറഞ്ഞോ…..? ” ജയേഷന്റെ ആ ചോദ്യം കേട്ടുകൊണ്ടാണ് ചിത്ര അവരുടെ അടുത്തേക്ക് നടന്നത് എന്നാൽ അത് കേട്ടപ്പോൾ അവൾ നടത്തം നിർത്തി ഭിത്തിയുടെ ഒരു സൈഡിലേക്ക് ചാരി നിന്ന് അയാൾ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു കേട്ടു….

” ഇല്ലടാ എനിക്ക് ശരിക്കും പേടിയാണ് അവളോട് അത് പറയാൻ ഒന്നുമില്ലെങ്കിലും രണ്ടുവർഷം ഞാൻ കാരണമല്ലേ അവളും അവളുടെ വീട്ടുകാരും അത്രത്തോളം വിഷമിച്ചത് അപ്പോൾ ഞാൻ എങ്ങനെയാണ് ഇതെല്ലാം ചെയ്തിരുന്നത് ഞാനാണെന്ന് അവളോട് പറയുന്നത്…. ”

” അതിനിപ്പോ എന്താടാ അവളുടെകൂടെ നല്ലതിന് വേണ്ടിയല്ലേ നീ അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത്…. ഹോ ആ നിശ്ചയം മുടങ്ങിയ ചെറുക്കനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ നമ്മൾ എത്ര കഷ്ടപ്പെട്ടു… അതുകൊണ്ടാണ് അത് നിശ്ചയം വരെ എത്തിയത് അല്ലെങ്കിൽ എപ്പോഴത്തെയും പോലെ അതും  പെണ്ണുകാണലിന്റെ പിറ്റേ ദിവസം മുടങ്ങിയേനെ…. അതുമാത്രമാണ് എനിക്കുള്ള ഒരു വിഷമം…. ”

” ഹ്മ്മ്‌…. പറയണം…. പാവം അവൾ അന്ന് ഒരുപാട് വിഷമിച്ചിട്ടുണ്ട്… ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തുന്നത് വരെ അവൾക്ക് ഈ വിവാഹം നടക്കുമോ എന്ന് സംശയമായിരുന്നു….. ”

അവരുടെ സംസാരം കേൾക്കുംതോറും ചിത്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു….

“എന്തിനാണ് അഭിയേട്ടൻ തന്നോട് ഇങ്ങനെ ചെയ്തത്, തന്നെ ഇഷ്ടമായിരുന്നുവെങ്കിൽ അത് നേരത്തെ വന്നു പറഞ്ഞുടെ …. എന്നേ വിഷമിപ്പിച്ചതിനേക്കാൾ ഏറെ എന്റെ വീട്ടുകാരെ അല്ലെ ഇത്രനാൾ ഇവരെല്ലാം പൊട്ടൻമാർ ആക്കിയത്…. ”

അവൾക്ക് അത് ആലോചിക്കുംതോറും അഭിയോട് ദേഷ്യം തോന്നി… കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് അവൾ ആ ചിക്കൻ അവർക്ക് കൊടുത്തിട്ട് തിരികെ വന്നു…. അന്ന് രാത്രിയിലും അവൾ അതിനെപ്പറ്റി അവനോട് ഒന്നും ചോദിച്ചില്ല…. ജയേഷിന്റെ വീട്ടിൽവെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു….

എന്നാൽ പിറ്റേന്ന് തിരികെ തന്റെ വീട്ടിൽ വന്നപ്പോൾ അവൾ അഭിയെ കൂട്ടി തങ്ങളുടെ റൂമിൽ വന്ന് കതക്ക് കുറ്റിയിട്ടിട്ട് അവന്റെ കരണം നോക്കി കൈ വലിച്ച് അടിച്ചു….

തുടരും 🌸

എരിയുന്ന കണ്ണുകളോടെ തന്നെ നോക്കുന്നവളെ കാൺകെ അഭിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി….

അവൻ തലകുനിച്ച് നിന്നു…. താനായിട്ട് അവളോട് മയത്തിൽ പറഞ്ഞു മനസ്സിലാക്കാൻ വെച്ചതൊക്കെ അവൾ അറിഞ്ഞിരിക്കുന്നു….

ഇനി എന്ത് പറഞ്ഞ് അവളെ സമാധാനിപ്പിക്കും…? അവന് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല….

തന്റെ ദേഷ്യമൊന്ന് അടങ്ങിയപ്പോളേക്ക് ചിത്രയുടെ കണ്ണുകൾ നിറഞ്ഞുവന്നു…. താനും തന്റെ വീട്ടുകാരും അനുഭവിച്ച വേദന ഓർക്കേ അവൾക്ക് നെഞ്ചുപൊട്ടി….

” എന്ത് തെറ്റാടോ ഞാനും എന്റെ വീട്ടുകാരും തന്നോട് ചെയ്തത്… ഏഹ്ഹ്…. എന്തിനായിരുന്നു ഈ നാടകമെല്ലാം…. തന്റെ നാടകത്തിൽ എന്തായിരുന്നു ഞങ്ങളുടെ വേഷം…. പൊട്ടന്മാരോ… അതോ കോമാളികളോ…. ഒന്നും രണ്ടും മാസമല്ല, വർഷമാണ് താൻ ഞങ്ങളെ കണ്ണീര് കുടുപ്പിച്ചത്…..എന്നേ മാത്രമല്ല പാവം എന്റെ അച്ഛനേം അമ്മേം താൻ കബളിപ്പിച്ചു…. ആ പാവങ്ങൾ എന്നേ ഓർത്ത് എത്ര കണ്ണുനീർ പൊഴിച്ചിട്ടുണ്ടെന്ന് അറിയാമോ…..? പറ… എന്തിനാ, എന്തിനാ ഞങ്ങളോട് ഈ ചതി ചെയ്തത്…. ഏഹ്ഹ്….? ” അവൾ അഭിയുടെ കോളറിൽ പിടിച്ച് കുലുക്കി….

” അത് പൊന്നേ, ഞാൻ എല്ലാം പറയാം… നീ ആദ്യം കരച്ചില് നിർത്ത്, ദേ അപ്പറത്തു അച്ഛനും അമ്മയുമൊക്കെ ഇല്ലേ അവര് കേൾക്കും… വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട…. ” അൽപ്പം ബലം പ്രയോഗിച്ച് അവൻ അവളെ ചേർത്തു പിടിക്കാൻ നോക്കിയെങ്കിലും അവൾ കുതറി മാറി….

” വേണ്ട തൊടരുത് എന്നേ…. എന്തിനാണ് കഴിഞ്ഞ രണ്ട് കൊല്ലം ഞങ്ങളെ കോമാളികൾ ആക്കിയതെന്ന് അറിയാതെ ഇനി എന്നേ തൊടാൻ പോലും വരരുത്…. ”

” ശരി, നീ ഒന്ന് സമാധാനപ്പെടു…. ഞാൻ എല്ലാം പറയാം…. ” അവനൊന്നു ദീർഘമായി ശ്വസിച്ചു…..

” നിനക്കറിയാലോ കോളേജിൽ പഠിക്കുമ്പോ മുതൽ ഞാൻ അത്യാവശ്യം തരികിട ആയിരുന്നു… അങ്ങനെ ഒരു പാർട്ടി പരിപാടിക്കിടെ അടിയും പിടിയും ആയി ലാസ്റ്റ് എന്റെ കൂടെ ഉണ്ടായിരുന്നവൻ ഒരുത്തനെ കേറി വെട്ടി… വെട്ട് കൊണ്ടവൻ രണ്ടൂസം കഴിഞ്ഞപ്പോ തട്ടിപ്പോയി…. അങ്ങനെ വെട്ടിയവൻ കൊലപാതകത്തിന് അകത്തായി കൂട്ട് പ്രതികളായി ഞങ്ങൾ കുറച്ചുപേരും…. പിന്നെ പത്ത് പതിനൊന്ന് മാസത്തേക്ക് ഞാൻ ജയിലിൽ ആയിരുന്നു…. അത് ഈ നാട്ടിൽ മുഴുവൻ അറിയാവുന്ന കാര്യമാണ്….”

” താൻ ജയിലിൽ ആയതും എന്റെ കല്യാണവും തമ്മിൽ എന്താ ബന്ധം…. ഏഹ്ഹ് ”

” അത്….. നിനക്ക് ഓർമ്മയുണ്ടാവാൻ സാധ്യത ഇല്ല….. പണ്ട് ഒരു കുന്നേൽ കാവിലെ കോടിയേറ്റത്തിന് ആണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്…. അന്ന് ഞാൻ പത്തിലും നീ എട്ടിലും ആയിരുന്നു…. ആദ്യ കാഴ്ചയിൽ തന്നെ എന്റെ ചങ്കിലാണ് നിന്റെ രൂപം വന്ന് പതിച്ചത്…. പിന്നെ നിന്നെ മറക്കാനോ മറ്റൊരാളുടെ കൂടെ നിന്നെ കാണുന്നത് സങ്കൽപ്പിക്കാനോ പോലും എനിക്ക് കഴിഞ്ഞില്ല…. നീ അറിയാതെ ഇക്കഴിഞ്ഞ പതിനഞ്ചു വർഷം ദാ ഈ നെഞ്ചിൽ കൊണ്ട് നടക്കുകയായിരുന്നു ഞാൻ…. പറയാൻ പേടിയായിരുന്നു…. എന്നെപോലൊരു തെമ്മാടി ചെക്കനെ നിനക്ക് ഇഷ്ട്ടമാവില്ലെന്ന് അറിയാം…. അതുകൊണ്ട് ആണ് പറയാതെ ഇരുന്നത്….. കല്യാണ പ്രായം ആവുമ്പോൾ നിന്റച്ഛനോട് വന്ന് അന്തസ്സായി പെണ്ണ് ചോദിക്കാൻ ഞാൻ ആ പ്രായത്തിൽ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്… പക്ഷെ പിന്നീട് ഈ കേസും കോടതിയും ജയിലും ഒക്കെയായ എന്നേ ഇവർ എനിക്ക് തരില്ലെന്ന് ഉറപ്പായിരുന്നു… അതുകൊണ്ടാണ് ആ ജയിൽവാസത്തിന്റെ സമയത്തും പിന്നെ അതിന് ശേഷവുമെല്ലാം നിനക്ക് വരുന്ന ആലോചനകൾ ഞാൻ എന്റെ കൂട്ടുകാർ വഴി മുടക്കിയത്….. നിനക്ക് നല്ലത് വരാൻ മാത്രം ചെയ്തതാണ് ഞാൻ അല്ലാതെ മനഃപൂർവ്വം ആരെയും വേദനിപ്പിക്കണോന്ന് വിചാരിച്ചില്ല….. എന്നോട് ക്ഷമിക്ക് പൊന്നേ…. ” പറയുമ്പോൾ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു….

” എന്നോട് ചെയ്തതിന് ക്ഷമിച്ചാലും ഇത്ര നാൾ എന്റെ അമ്മയുടെയും അച്ഛന്റെയും കണ്ണീര് വീഴിച്ചതിന് എനിക്ക് ഷമിക്കാൻ ആവില്ല അഭിയേട്ട…. നമുക്ക് പിരിയാം…. തല്ക്കാലം ഇപ്പോൾ ആരും അറിയണ്ട…. ആറ് മാസം വെയിറ്റ് ചെയ്യണോലോ…. എല്ലാം തീരുമാനം ആകുമ്പോൾ വീട്ടുകാർ അറിഞ്ഞാൽ മതി…. ” മനസ്സിനെ കല്ലാക്കികൊണ്ട് അത്രയും പറയുമ്പോൾ തന്നെപ്പറ്റി പറഞ്ഞു കരയുന്ന അമ്മയുടെയും, ഓരോ വിവാഹം മുടങ്ങിയെന്ന് നെഞ്ചും തിരുമ്മി പറയുന്ന അച്ഛന്റെയും മുഖമായിരുന്നു അവളുടെ മനസ്സിൽ….

എന്നാൽ ആ വാക്കുകൾ ഇടിത്തീ പോലെയാണ് അഭിയുടെ കാതുകളിൽ ചെന്ന് പതിച്ചത്…. കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ ചിത്രയേ നോക്കി….

” മോളെ നീ എന്തൊക്കെയാ പറയുന്നത്… ഏഹ്ഹ് വിവാഹം വേർപെടുത്താനോ…? അത്രയേ ഒള്ളോ നമ്മൾ തമ്മിൽ… ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒന്നായവർ അല്ലെ നമ്മൾ…. ഇത് പറഞ്ഞു തീർക്കാം പൊന്നേ…. ദാ ഞാൻ എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു കാലിൽ വീണ് മാപ്പ് അപേക്ഷിക്കാം വാ….” അവൻ അവളുടെ കൈ പിടിച്ച് നടക്കാൻ ആഞ്ഞു….

” ഇല്ല അഭിയേട്ടാ…. ഈ തെറ്റിന് മാപ്പില്ല…. ഞാൻ ഇനി ഒരിക്കലും അഭിയേട്ടനോട് ഷമിക്കാൻ പോകുന്നില്ല….. നിയമപരമായി വിവാഹ മോചനം കിട്ടുന്നത് വരെ നമുക്ക് ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കാം….. ” കൂടുതലൊന്നും പറയാതെ അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി….

അഭി എന്ത് ചെയ്യണമെന്ന് അറിയാതെ തലക്ക് കയ്യും കൊടുത്ത് ബെഡിലേക്ക് ഇരുന്നു….

“മറ്റാർക്കും അവൾ സ്വന്തമാകാതിരിക്കാൻ വേണ്ടിയാണ് താൻ ഇത്രയും വർഷം ഇതൊക്കെ ചെയ്തത് പക്ഷേ അവളുടെകൂടെ നന്മയ്ക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത്? അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ടല്ലേ….?

അന്ന് എന്റെ സാഹചര്യം അങ്ങനെ ആയിപ്പോയി . അന്ന് ഞാൻ എന്റെ ആ അവസ്ഥയിൽ അവളുടെ വീട്ടുകാരോട് വന്ന് സംസാരിച്ചിരുന്നെങ്കിൽ ഒരിക്കലും ഞങ്ങളുടെ വിവാഹം നടക്കില്ലായിരുന്നു.ഇനിയിപ്പോൾ എന്തു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിക്കും….

ഈ കാര്യത്തിന് അവൾ ചാടിക്കയറി ഡിവോഴ്സ് ചോദിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല അവളുടെ മനസ് അത്രത്തോളം വിഷമിച്ചിട്ടുണ്ട്. ശരിയാണ് ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയാം. പക്ഷേ ഈ ഒരു നിമിഷത്തിൽ വിവാഹബന്ധം വേർപ്പെടുത്തുകയാണ് എന്നൊക്കെ പറഞ്ഞാൽ ഞാനതെങ്ങനെ ഉൾക്കൊള്ളും…? ഇങ്ങനെ വലിച്ചെറിഞ്ഞിട്ട് പോകാൻ വേണ്ടിയാണോ ഇത്ര കഷ്ടപ്പെട്ട് ഞാൻ അവളെ സ്വന്തമാക്കിയത്..
എല്ലാം അവളോടുള്ള സ്നേഹം കൊണ്ടല്ലേ അവൾക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ…..” ചിത്രയുടെ തീരുമാനം അഭിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും അവളെ പിരിയാൻ അവന് ഒരിക്കലും തയാറാവില്ല ഇനി എന്ത് ചെയ്യണം എന്ന് അവന് യാതൊരു പിടിയും ഇല്ലായിരുന്നു….

………

” എന്റെ ഊഹം വെച്ച് നമ്മൾ ഇവിടെ സംസാരിക്കുമ്പോൾ ചിക്കൻ കൊണ്ടുവരാൻ വേണ്ടി അവൾ വന്നില്ലേ അപ്പോൾ ആയിരിക്കും അവൾ നമ്മുടെ സംസാരം കേട്ടത് അല്ലാതെ വേറെ എവിടുന്നാണ് കേൾക്കാൻ സാധ്യത.
ഞാൻ എന്റെ ഭാര്യയോട് ചോദിച്ചിരുന്നു അവൾ ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്….” ചിത്രയുടെ വീട്ടിൽ നിന്ന് നടന്ന കാര്യങ്ങൾ എല്ലാം ജനേഷിനോട് പറയാൻ അവന്റെ വീട്ടിലേക്ക് വന്നതാണ് അഭി….

” അത് ശരിയാ നീ അതിനെപ്പറ്റി പറഞ്ഞതിനുശേഷം ആണ് അവൾ വന്നത് അപ്പോൾ അവൾ അത്രയും നേരം നമ്മളുടെ സംസാരം മറഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു….”

” ഹ്മ്മ്‌…. എനിക്ക് ഒരു ഐഡിയ ഇല്ല എന്ത് ചെയ്യണം എന്ന് ഞാൻ ആകെ തളർന്നു നിൽക്കുകയാണ് എനിക്ക് ആവളില്ലാതെ പറ്റില്ല എന്ന് നിനക്കറിയില്ലേ….
എന്റെ മനസ്സിൽ അവൾ എത്രത്തോളം ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത് എന്ന് എനിക്ക് മാത്രേ അറിയൂ…..ഒന്നും രണ്ടും വർഷമല്ല പതിനഞ്ചു വർഷമായി ഞാനിത് ഉള്ളിലിട്ട് നടക്കാൻ തുടങ്ങിയിട്ട് അവൾ പോലും ഇന്നാണ് അത് അറിയുന്നത്… നീ അല്ലാതെ ഉള്ള് തുറന്ന് സംസാരിക്കാൻ എനിക്ക് വേറെ ആരും ഇല്ല…. നീ എങ്ങനെയെങ്കിലും അവളുടെ തീരുമാനം മാറ്റാനുള്ള ഒരു വഴി പറഞ്ഞു തരണം….

” ഇതിപ്പോ ഞാൻ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നാണ് എന്റെ സംശയം ? കാരണം ചിത്രയുടെ ഭാഗത്തുമുണ്ട് ശരി അവളും ഒരു മകളല്ലേടാ ? അവളുടെ അച്ഛന്റെയും അമ്മയുടെയും കണ്ണീര് വീഴ്ത്തിയിട്ടല്ലേ നീ
കല്യാണത്തിനുള്ള ഐഡിയ ഉണ്ടാക്കിയത്….

“പിന്നെ ഞാൻ എന്തു വേണമായിരുന്നുന്നാ നീ പറയുന്നത്…? ഇഷ്ടപ്പെട്ട പെണ്ണിനെ മറ്റൊരുത്തന്റെ കൂടെ സന്തോഷത്തോടെ പറഞ്ഞുവിടുന്നത് കണ്ടു നിൽക്കണമായിരുന്നോ ഞാൻ….എന്നെക്കൊണ്ട് അതിന് പറ്റില്ല… അഭിമന്യു ജീവിതത്തിൽ ഒരു പെണ്ണിനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ അതെന്റെ ചിത്രയെയാണ് അവളെ ഒരിക്കലും കൈവിടാൻ എന്നെക്കൊണ്ട് പറ്റില്ല മറ്റൊരാളെ അവളുടെ ഭർത്താവായി സങ്കൽപ്പിക്കാൻ പോലും എനിക്ക് പറ്റില്ല…. ” അവന് തന്നോട് തന്നെ ദേഷ്യം തോന്നി . എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ട് വിവാഹം നടത്തിയാൽ മതിയായിരുന്നു എന്ന് അപ്പോളവന് തോന്നി….

” അഭി നിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും,… ഹ്മ്മ്മ്, ഞാൻ പറയാം,
അതായത് ഒരു പെണ്ണിന്റെ മനസ്സലിയിക്കാൻ അവൾക്കുവേണ്ടി കുറച്ച് എഫർട്ട് ഇട്ടാ മതി…അതായത് നീ അവളെ പരിഗണിക്കുന്നുണ്ടെന്ന്, അവളെ നന്നായി സ്നേഹിക്കുന്നുണ്ട് എന്ന് അവൾക്ക് ബോധ്യമാവണം…. വെറുതെ വായ കൊണ്ട് പറഞ്ഞാൽ പോരാ അത് അവൾക്ക് തോന്നണം അതിനുവേണ്ടി കുറച്ച് അധികം കഷ്ടപ്പെടണം കാരണം അവളിപ്പോൾ നിന്നോട് ഡിവോഴ്സ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത് ആ ഒരു മെന്റൽ സ്റ്റേജിൽ ആണ് അവൾ ഇപ്പോൾ ഉള്ളത് അതിൽ നിന്ന് അവളെ നമുക്ക് തിരികെ നിന്റെ ഭാര്യയായി തിരിച്ചു കൊണ്ടു വരണം…. ”

” അതിന് എന്താ നിന്റെ ഐഡിയ… ” അഭിക്ക് ജനേഷിന്റെ മറുപടി കേൾക്കാൻ തിടുക്കമായി….

…….

ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ് ഇപ്പോൾ 20 ദിവസമായിരിക്കുന്നു…. അവർ തിരിച്ച് അഭിയുടെ വീട്ടിലേക്ക് തന്നെ വന്നു. ഇരു വീട്ടുകാരുടെ മുൻപിലും അവർ രണ്ടാളും നല്ല ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും സ്വന്തം ബെഡ്റൂമിൽ എത്തി കഴിയുമ്പോൾ ഇരുവരും ഇരു ചുവരിന് നേരെയാണ് കിടക്കാറ്…..

ആദ്യമൊക്കെ ഒന്ന് രണ്ട് ദിവസം അഭി ചിത്രയോട് സംസാരിക്കാൻ പോയെങ്കിലും അവൾ അതിനൊന്നും കൂട്ടാക്കിയില്ല പിന്നെ ജനേഷ് പറഞ്ഞ ഐഡിയ ചെയ്യാനുള്ള ദിവസത്തിനായി അവൻ കാത്തിരുന്നു…..

ചിത്ര ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അഭി എഴുന്നേറ്റ് തങ്ങളുടെ മുറിയിൽ നിന്ന് പുറത്തുവന്നു. അവൻ പ്രധാന ഹോളിൽ എത്തി താൻ മേടിച്ച് വെച്ച സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു.

ഒരുപാട് അലങ്കാര സാധനങ്ങളായിരുന്നു ഒരു കവർ നിറയെ.അവൻ അവയെല്ലാം കൊണ്ട് ഹാൾ മുഴുവൻ അലങ്കരിച്ചു.പിന്നീട് കുറേ മെഴുകുതിരികൾ എടുത്ത് അവരുടെ മുറിയുടെ വാതിൽക്കൽ മുതൽ ഹോളിന്റെ ചുറ്റും വരെ ഒട്ടിച്ചു വെച്ചു. ഒരു വലിയ കവർ നിറയെ ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ ഉണ്ടായിരുന്നു തങ്ങളുടെ മുറിയുടെ വാതിൽക്കൽ മുതൽ പ്രധാന ഹോൾ വരെ അവൻ റോസാപ്പൂവിന്റെ ഇതളുകൾ മുഴുവൻ വിതറി.

കുറേനേരത്തെ പരിശ്രമത്തിനൊടുവിൽ അതെല്ലാം അവൻ ഒരുക്കി വെച്ചു അപ്പോഴേക്കും മുറ്റത്തൊരു കാറ് വന്നു നിന്നു. ചിത്രയുടെ അച്ഛനും അമ്മയും അനിയനും ആയിരുന്നു ആ കാറിൽ ഉണ്ടായിരുന്നത് അഭി വാതിൽ തുറന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു. ചിത്രയുടെ അനിയനോട് പറഞ്ഞ് ചിത്രയ്ക്ക് ഇഷ്ടപ്പെട്ട കേക്ക് അവൻ മേടിപ്പിച്ചിരുന്നു… പിന്നെ അഭി ചെന്ന് തന്റെ അച്ഛനെയും അമ്മയെയും വിളിച്ചുണർത്തി ഹാളിലേക്ക് കൊണ്ടുവന്നു സമയം രാത്രി 11:50 ആയി…..

” ഞാൻ ചെന്ന് അവളെ വിളിച്ചിട്ട് വരാം പറഞ്ഞുകൊണ്ട് അഭി മുകളിലത്തെ നിലയിലേ തങ്ങളുടെ മുറിയിലേക്ക് നടന്നു. സ്റ്റെപ്പിന്റെ ഇരു സൈഡിലും ചുവന്ന നിറത്തിലുള്ള മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു അവൻ ബാക്കിയെല്ലാ വെട്ടങ്ങളും ഓഫാക്കി.ഇപ്പോൾ മെഴുകുതിരിയുടെ വെട്ടം മാത്രമായി ആ വീട്ടിൽ.

ബാക്കിയുള്ളവരെല്ലാം ഓരോ വശത്തേക്ക് മാറിനിന്നു. അഭി പോയി വാതിൽ തുറന്നു . അപ്പോഴേക്കും സമയം 11: 55 ആയിട്ടുണ്ടായിരുന്നു അവൻ തങ്ങളുടെ മുറിയിലെ വെള്ള ഡിം ലൈറ്റ് ഓൺ ചെയ്ത് ചിത്രയുടെ അരികിലേക്ക് നടന്നു . ആ ചെറിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ വളരെ മനോഹരമായിരുന്നു. അവൻ കുറച്ചുനേരം ആ മുഖത്തേക്ക് നോക്കിയിരുന്നു…..

അവളെ വിളിച്ചുണർത്തുന്നതിന് മുൻപ് അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു എന്നിട്ട് ചെവിയിൽ വളരെ പതുക്കെ

” ഹാപ്പി ബെർത്ഡേയ് പൊന്നേ…. ” എന്ന് പറഞ്ഞു…..

ആ ഉറക്കത്തിനിടയിലും ചിത്രയുടെ ചുണ്ടുകൾ ചെറുതായി പുഞ്ചിരി തൂകി. അഭി അവളുടെ കവിളിൽ തട്ടി ചിത്രയെ എഴുന്നേൽപ്പിച്ചു….

“എന്താ “…. ആ സമയത്ത് പതിവില്ലാതെ അഭി തന്നെ വിളിച്ചത് കേട്ട് ചിത്ര ചാടി പിടഞ്ഞ് എഴുന്നേറ്റു

” അത് പിന്നെ അമ്മയ്ക്ക് ഒരു വയ്യായ്ക പോലെ ഒന്ന് താഴെവരെ വരുമോ…. “?അത്രയും പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റു

എന്നാൽ അമ്മയ്ക്ക് വയ്യ എന്ന് കേട്ടപ്പോൾ ചിത്ര വേഗം മുടിവാരി കെട്ടി പോയി വാതിൽ തുറന്നു….

വാതിൽ തുറന്നു മുറിയുടെ പുറത്തേക്ക് കാലു വച്ചപ്പോഴേക്കും തന്റെ മുന്നിൽ കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാനാവാത്തതായിരുന്നു. തങ്ങളുടെ മുറിയുടെ തുടക്കം മുതൽ അങ്ങ് താഴെ പ്രധാന ഹോള് വരെ വളരെ മനോഹരമായി ഇരുവശത്തും മെഴുകുതിരികൾ ജ്വലിച്ചു നിൽക്കുന്നു അതിന്റെ വെട്ടത്തിൽ നിലത്തു കിടക്കുന്ന റോസാപ്പൂവിനെ ദളങ്ങളും അവൾ കണ്ടു…..

” ഹാപ്പി ബർത്തഡേ പൊന്നേ…. ” ചിത്രയുടെ കയ്യിലേക്ക് ഒരു വലിയ റോസാ പൂവിന്റെ ബൊക്ക വെച്ചു കൊടുത്തുകൊണ്ട് അഭി പറഞ്ഞു…. അവൾക്കത് നിരസിക്കാൻ ആയില്ല അവൾ അത് വാങ്ങി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു….

” വാ താഴേയ്ക്ക് നടക്ക് ” അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് താഴേക്ക് നടന്നു എന്നാൽ സ്റ്റെപ്പ് ഇറങ്ങി താഴെ എത്തിയപ്പോഴേക്കും ഹാളിലുള്ള വലിയ അലങ്കാരം കണ്ട് ചിത്രയുടെ കണ്ണ് തള്ളി അവൾ ഞെട്ടി അഭിയെ നോക്കി അവൻ ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു….. ചിത്രയുടെ ചെറുപ്പത്തിൽ ഉള്ള ചിത്രങ്ങൾ മുതൽ ഇന്നലെ അവൾ അറിയാതെ അവൻ പകർത്തിയ അവളുടെ ചിത്രം വരെ ഹാളിൽ ഉണ്ടായിരുന്നു…. അതെല്ലാം കണ്ട് ചിത്രക്ക് താൻ മറ്റേതോ മായിക ലോകത്ത് എത്തിയത് പോലെ തോന്നി….

ഉടനെ ചുറ്റുമുള്ളവരെല്ലാം പാട്ടുപാടിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. ചിത്രയ്ക്ക് കണ്ണുകൾ നിറഞ്ഞു വന്നു അവളുടെ ജീവിതത്തിൽ ഇന്നേവരെ ഇതുപോലെ ഒരു പിറന്നാൾ ആഘോഷം അവൾ ആഘോഷിച്ചിട്ടില്ല അവളുടെ ഹൃദയവും നിറഞ്ഞു. പിന്നീട് അവിടെ വലിയൊരു ആഘോഷമായിരുന്നു കേക്ക് മുറിക്കലും ഓരോരുത്തരുടെ വക സമ്മാനം കൊടുക്കലും ഒക്കെ ആയപ്പോൾ ചിത്രയ്ക്ക് വളരെ പുതിയൊരു അനുഭവമായിരുന്നു അത്…..

ഒരു ഡയമണ്ട് നെക്ലൈസ് ആണ് അഭി ചിത്രക്ക് വേണ്ടി സമ്മാനമായി തിരഞ്ഞെടുത്തത് അവിടെ വെച്ച് തന്നെ അവൻ അത് ചിത്രയെ അണിയിച്ചു…..

ആ സമയത്ത് തന്നെ ചെറിയ ഒരു ലഘുഭക്ഷണം അവിടെ തയ്യാറാക്കിയിരുന്നു എല്ലാവരും അത് കഴിച്ച് ഹാളിൽ ഒത്തുകൂടി…..

” മോളെ അച്ഛന് ഒരു കാര്യം പറയാനുണ്ട് ” ചിത്രയുടെ അച്ഛൻ ഒരു സംസാരത്തിന് തുടക്കം ഇട്ടു .

എന്താണ് എന്നുള്ള അർത്ഥത്തിൽ അവൾ അച്ഛനെ നോക്കി…

” അത് നിനക്കുവേണ്ടി ഇത്രയും കാര്യങ്ങളൊക്കെ ചെയ്തത് അഭിയാണ് അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അത് നീ കാണാതെ പോകരുത് പിന്നെ കുറച്ചു വർഷങ്ങൾക്കു മുൻപ് അവൻ ചെയ്ത ഒരു തെറ്റ് അത് നമുക്ക് എല്ലാവർക്കും വിഷമമുണ്ടാക്കി എന്നത് നേരാണ്…..
പക്ഷേ ഇപ്പോൾ നോക്കൂ, നീ എത്ര സന്തോഷവതിയാണ് ഇതുവരെയുള്ള നിന്റെ വിവാഹങ്ങളെല്ലാം മുടക്കിയത് നിനക്ക് നല്ലത് വരാൻ വേണ്ടി തന്നെയാണ്.
അഭിയുടെ ഭാഗത്തുനിന്ന് നമ്മൾ ചിന്തിക്കുമ്പോൾ അവൻ തന്നെയാണ് ശരി . കാരണം അന്ന് ചിലപ്പോൾ അവൻ നമ്മളോട് വന്ന് നിന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ തറവാടിന്റെ മഹിമയോർത്ത് ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു.അപ്പോൾ അവന് തോന്നിയ ബുദ്ധി ഇതായിരിക്കും ഇതൊക്കെ നിങ്ങൾ കുട്ടികളുടെ പ്രായത്തിന്റെ ചെറിയ തമാശയായി മാത്രമേ ഇപ്പോൾ ഞങ്ങൾ കാണുന്നുള്ളൂ .

പിന്നെ മോള് അവനോട് വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് ഞാൻ അറിഞ്ഞു. മോൾക്ക് തോന്നുന്നുണ്ടോ അച്ഛനും അമ്മയ്ക്കും അത് സന്തോഷം ആകുമെന്ന്? അവന് ഒരു തെറ്റുപറ്റി അത് ക്ഷമിക്കാൻ ആവുന്ന തെറ്റാണ്…. നിന്റെ അച്ഛനും അമ്മയ്ക്കും വിഷമമാകും എന്ന് കരുതി അല്ലേ നീ അവനുമായുള്ള ബന്ധം വേണ്ട എന്ന് വെക്കുന്നത് എന്നാൽ ഞങ്ങൾ അവനോട് ക്ഷമിച്ചു കഴിഞ്ഞു…. മോളും അഭിയോടു പൊറുത്ത് നല്ലൊരു ജീവിതം ഇനി മുന്നോട്ട് നയിക്കണം ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യത്തിൽ ബന്ധം മുറിക്കാൻ നിന്നാൽ പിന്നെ അതിനു മാത്രമേ സമയം ഉണ്ടാകു……

” പൊന്നേ, എന്റെ ഭാഗത്താണ് തെറ്റ് ഞാനത് അംഗീകരിക്കുന്നു പക്ഷേ അത് കാരണം നീ എന്നെ ഉപേക്ഷിച്ചിട്ട് പോവല്ലേഡീ…എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ…. ഒന്നും രണ്ടുമല്ല 15 വർഷമായി നീ എന്റെ ഉള്ളിൽ ഉണ്ട്.
നിന്നെ ഞാൻ എങ്ങനെ ചതിക്കാനാണ്. ഇതാ നിന്റെ മുൻപിൽ വെച്ച് തന്നെ ഞാൻ അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് മാപ്പ് അപേക്ഷിക്കുന്നു…. “അങ്ങനെ പറഞ്ഞുകൊണ്ട് അഭി ചിത്രയുടെ അച്ഛന്റെം അമ്മയുടെയും കാലിൽ വീണു…

എന്നാൽ അവർ അവനെ വേഗം പിടിച്ച് എഴുന്നേൽപ്പിച്ചു

“വേണ്ട മോനെ നിന്നോട് ഞങ്ങൾ എപ്പോഴേ ക്ഷമിച്ചു കഴിഞ്ഞു… ഇതൊക്കെ നിങ്ങൾ കുട്ടികളുടെ പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ് എന്ന് ഞങ്ങൾ കരുതുന്നു . ഞങ്ങളുടെ മകൾ നിന്റെ കൂടെ എന്നും സന്തോഷവതി ആയിരിക്കും…അതെനിക്ക് ഉറപ്പാണ് ” പറഞ്ഞുകൊണ്ട് അയാൾ ചിത്രയെ അടുത്തേക്ക് വിളിച്ചു….

” എല്ലാ പിണക്കങ്ങളും മറന്ന് സന്തോഷത്തോടെ ഒരുപാട് കാലം നിങ്ങൾ ഒന്നിച്ചു ജീവിക്കണം ” അയാൾ ചിത്രയുടെ കരം അഭിയുടെ കരത്തോട് ചേർത്തു….

അങ്ങനെ തെറ്റുകളെല്ലാം ക്ഷമിച്ച് ചിത്രയും അഭിയും വീണ്ടും ഒന്നായി….

The End

✍️ ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *