“വിജിയുടെ വീട്ടിലെ അവളുടെ കിടപ്പുമുറിയിൽ നിന്ന് ഗോപിയെ ഒന്നോ രണ്ടോ വട്ടമൊന്നുമല്ല അവളുടെ വീട്ടുകാരും അവന്റെ വീട്ടുക്കാരും പിടിച്ചടിച്ചിട്ടുള്ളത് …
ഇനിയാവർത്തിക്കില്ല എന്നൊരു വാക്ക് ഗോപിയും വിജിയും പറയുവോളം അവരെ രണ്ടാളെയും മാറി മാറി തല്ലി കൊല്ലാറാക്കും വിധം അടിച്ചിട്ടുണ്ട് വിജിയുടെ അച്ഛൻ വിജയൻ ചേട്ടൻ പണ്ടൊരിക്കൽ…
എത്ര തല്ലിയിട്ടും ചവിട്ടിയിട്ടും അവരു രണ്ടാളുടെയും കാണലിനും കാര്യത്തിനുമൊന്നും ഈ പ്രായത്തിലും യാതൊരു കുറവുമുണ്ടായിട്ടില്ല…..
“അന്നൊക്കെ കാണല് വീട്ടിലു വെച്ചായിരുന്നെങ്കിൽ പിന്നത് പാടത്തും തൊടിയിലും ആളൊഴിഞ്ഞ ഇടങ്ങളിലുമൊക്കെ ആയി മാറീന്നു മാത്രം…
ഇപ്പോഴാണെങ്കിൽ നിയന്ത്രിക്കാൻ വിജയൻ ചേട്ടനുമില്ല…
നാലഞ്ചു കൊല്ലം മുമ്പ് മകളെ കുറിച്ചുള്ള പരാതി തീരാതെയാണ് പുള്ളി പാവം മരിച്ചതു തന്നെ… പെണ്ണൊരുമ്പെട്ടാലെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ഇവിടുത്തെ നാട്ടുക്കാര്… ഇവളായതോടെ അതും കണ്ടു…. അത്ര തന്നെ…. ”
പതിവു നാലു മണി സംസാരത്തിൽ അന്നും അമ്മമ്മയും തന്റെ അമ്മയും സംസാരിരിയ്ക്കുന്നത് മഹിയുടെ അമ്മ വിജിയെ പറ്റിയാണെന്നു കണ്ടതും അവരുടെയാ സംസാരം മുഴുവൻ അവരറിയാതെ മറഞ്ഞു നിന്നു കേട്ടു ശബരി….
ചെന്നൈയിലെ തങ്ങളുടെ ജീവിതം അവസാനിപ്പിച്ച് താനും അമ്മയും അമ്മയുടെ നാടായ പാലക്കാട് എത്തിയിട്ടപ്പോൾ മാസം നാല് ആയതേയുള്ളു… ഇവിടെ വന്ന നാൾ മുതൽ പലരിൽ നിന്നായ് കേട്ടു തുടങ്ങിയതാണീ വിജിയുടെയും ഗോപിയുടെയും അവിഹിത കഥ….
താനും കണ്ടിട്ടുണ്ട് ഇവരീ പറയുന്ന കഥാപാത്രമായ വിജിയെയും ഗോപിയേയും എത്രയോ പ്രാവശ്യം…..
ആണായ് പിറന്ന ആരെയും തന്റെ ആകാര വടിവുക്കാട്ടി വശീകരിക്കാൻ കഴിയുംവിധം സുന്ദരിയാണ് വിജിയെന്ന് അമ്മമ്മ പറഞ്ഞു താനേറെ കേട്ടിട്ടുണ്ടെങ്കിലും നേരിലവരെ കണ്ടപ്പോൾ തനിയ്ക്ക് അങ്ങനെയൊന്നും തോന്നിയില്ല… സാധാരണക്കാരിയിൽ സാധാരണയായൊരു പാവം സ്ത്രീ…
എടുത്തുപറയത്തക്ക ശരീര ഭംഗിയോ ആരെയും ആഘർഷിക്കുന്ന മുഖസൗന്ദര്യമോ അവരിൽ തനിയ്ക്ക് കണ്ടെത്താനായില്ല… തന്റെ അമ്മയുടെ പ്രായമുള്ള ഒരമ്മ…അത്രയേ തോന്നിയിരുന്നുള്ളു….
“വിജി അണിഞ്ഞൊരുങ്ങി വന്നു വിളിച്ചാൽ തങ്കയുടെ കൈകളെ തട്ടിയെറിഞ്ഞ് ഇറങ്ങിയവളുടെ അടുത്തേക്ക് ചെല്ലുംത്രേ ഗോപി…എല്ലാവരും നോക്കി നിൽക്കേ വിജിയുടെ കവിളത്ത് തലോടുകയും മുടിയൊതുക്കി വെയ്ക്കുകയുമൊക്കെ ചെയ്യും ഗോപി… വന്നു വന്നു അവനിപ്പോ നാണോം മാനോം ഒന്നൂല്ല…. അവനാകെ ഉള്ളതിപ്പോ വിജിയാ…. അവൾക്കു വേണ്ടി കെട്ടിയ തങ്കത്തിനേം അതിലുണ്ടായ ചെക്കനെയും വേണോങ്കി ഉപേക്ഷിയ്ക്കും ഗോപി.. അത്രയ്ക്കല്ലേ വിജിയുടെ വശീകരണം… എത്ര മനസ്സ് കല്ലാക്കിയാലും പെണ്ണിന്റെ വശീകരണത്തിൽ വീഴാത്ത ആണുങ്ങളില്ലല്ലോ ഭൂമിയിൽ…”
വിജി പുരാണം നിർത്താൻ ഭാവമില്ലാതെ അമ്മമ്മ തുടർന്നതും മറഞ്ഞിരുന്നിടത്തു നിന്ന് പുറത്തേയ്ക്കിറങ്ങി അമ്മമ്മയുടെ മുമ്പിലേക്ക് ചെന്നു നിന്നു ശബരി
” എന്റെ പൊന്നമ്മമ്മേ… ഇങ്ങനെ നട്ടാൽ മുളയ്ക്കാത്ത നുണയൊന്നും ആ പാവം ചേച്ചിയെ പറ്റി പറയല്ലേ ട്ടോ… ആ ചേച്ചിയെന്തൊരു സാധുവാണെന്നോ അമ്മേ… ഈ അമ്മമ്മ പറയും പോലെ ഒന്നും ഇല്ല….
അമ്മമ്മയ്ക്ക് മുന്നിൽ ചെന്ന് ശബരി അമ്മയോടായ് പറഞ്ഞതും ഇരുന്നിടത്തു നിന്ന് പിടഞ്ഞെണീറ്റു അമ്മമ്മ…
നീയെപ്പോഴാ വിജിയെ കണ്ടത്…?
ചോദിയ്ക്കുമ്പോൾ അമ്മമ്മയുടെ സ്വരത്തിൽ നിറഞ്ഞ ആധി എന്തിനെന്ന് തിരിച്ചറിയാത്തതിന്റെ പകപ്പുണ്ട് ശബരിയിൽ
“ഞാൻ ആ ചേച്ചിയെ ഇവിടെ വന്നതിൽ പിന്നെ പലവട്ടം കണ്ടിട്ടുണ്ട് അമ്മമ്മേ…അവരെ മാത്രമല്ല അവരുടെ മകൻ മഹിയേയും കണ്ടിട്ടുണ്ട്… പിന്നെയവർക്ക് അമ്മമ്മ ഈ പറയുന്ന യാതൊരു വശീകരണ ഭംഗിയുമില്ല… അവരെക്കാൾ എത്രയോ സുന്ദരിയാണ് എന്റെയീ അമ്മ…അവരൊരു പാവം… ഈ നാട്ടുക്കാർ വെറുതെ ഓരോന്നിതു പോലെ പറഞ്ഞു പരത്തിയിട്ടാണ് ആ ചേച്ചിയ്ക്ക് ഈ നാട്ടിൽ ഇത്രയും ചീത്ത പേര്…”
മോളെ നമ്മുടെ കുട്ടീനേം ആ ഒരുമ്പട്ടവൾ വശീകരിച്ചെന്നാണ് തോന്നുന്നത്… പത്തു പതിനേഴ് വയസ്സായ ആൺക്കുട്ടിയെ മതിയായിരിയ്ക്കും ഓൾക്കിനി… അതിനെന്തായാലും നമ്മുടെ കുട്ടിയെ അവൾക്ക് തരമാവില്ല…. നാളെ തന്നെ ചെക്കനെ ഇല്ലത്തൊന്ന് കൊണ്ടുചെന്ന് രക്ഷ കെട്ടിക്കണം തിരുമേനിയെ കൊണ്ട്…”
അമ്മമ്മയ്ക്കുള്ള മറുപടി നൽകി തിരിഞ്ഞു നടന്ന ശബരി അമ്മയോടുള്ള അവരുടെ സംസാരം കേട്ടതും തിരിഞ്ഞു നിന്നു…. അവന്റെ കണ്ണിലന്നേരം എരിഞ്ഞ കനൽ കണ്ടൊന്ന് ഭയന്നു അവന്റെ അമ്മയും….
“അമ്മമ്മേ ….ആളുകളെ തിരിച്ചറിയും വിധം നല്ല രീതിയിലാണെന്നെ എന്റെ അമ്മ വളർത്തിയത്… അമ്മമ്മ ഇപ്പോൾ പറഞ്ഞില്ലേ വിജിയെന്ന സ്ത്രീ എന്നെയും വശീകരിച്ചിട്ടുണ്ടാവുമെന്ന്..എങ്ങനെ പറയാൻ തോന്നിയത് അമ്മമ്മയ്ക്ക്… അവരുടെ മകൻ മഹിയ്ക്കും എനിയ്ക്കും ഒരേ പ്രായമാണെന്നതു പോലും ഓർത്തില്ലല്ലോ നിങ്ങൾ…”
ദേഷ്യം തിങ്ങിയ ശബ്ദത്തിൽ ശബരി വിളിച്ചു പറഞ്ഞത് കേട്ട് തെറ്റുപറ്റിയൊരു ഭാവം തെളിഞ്ഞു അമ്മമ്മയുടെ മുഖത്ത്…
അതിൽ പിന്നെ പലപ്പോഴും പലയിടത്തും വെച്ച് മഹിയോടൊപ്പം വിജിയെ കണ്ടു ശബരി… ആരെയും മുഖമുയർത്തി നോക്കാതെ വിജിയ്ക്കൊപ്പം തല താഴ്ത്തി നടന്നു പോവുന്ന മഹിയിലായിരിക്കും ശബരിയുടെ കണ്ണുകൾ മിക്കപ്പോഴും…
തന്റെ അതേ പ്രായമുള്ളൊരുവൻ…. നല്ല തടിയും പൊക്കവുമെല്ലാം ഉണ്ട് മഹി എന്ന മഹേഷിന്…. അവന്റെ അച്ഛൻ ഗോപിയാണോയെന്നൊരു സംശയം പോലും ആർക്കും ഉണ്ടാവരുതെന്ന് കരുതിയാവും ദൈവം അവനെ ഗോപിയുടെ അതേ രൂപത്തിലും ഭാവത്തിലും സൃഷ്ടിച്ചതെന്ന് തോന്നും അവനെ കണ്ടാൽ….
മഹീ…. എനിയ്ക്കൊപ്പം സൗഹൃദം വെക്കാമോ എന്നൊരു ചോദ്യത്തോടെ ശബരി മഹേഷിന് മുന്നിലേക്ക് ചെന്നതും അവനെ രൂക്ഷമായൊന്ന് നോക്കി വഴി മാറി നടന്നു മഹേഷ്…
“ഞാൻ നിന്നോട് തെറ്റൊന്നും ചെയ്യുകയും പറയുകയും ചെയ്തിട്ടില്ലല്ലോ മഹീ… പിന്നെ നിനക്കെന്തിനാ എന്നോടു ദേഷ്യം….?
തന്നെ ദേഷ്യത്തിൽ നോക്കി വഴി മാറി നടന്നവനുമുമ്പിലേക്ക് കയറി നിന്നവന്റെ വഴി തടഞ്ഞ് ശബരി ചോദിച്ചതും മഹി അവനെ ഒരു മുഴുവൻ നിമിഷവും നോക്കി നിന്നു…. കണ്ണുകൾ പോലും ചിമ്മാതെ…..
“എന്റെ അമ്മ ജീവിതത്തിൽ ഒരാളെയെ സ്നേഹിച്ചിട്ടുള്ളു… രഹസ്യമായിട്ടാണെങ്കിലും അയാൾക്കൊപ്പമേ താമസിച്ചിട്ടും ഉള്ളു… എന്റെ അച്ഛൻ ഗോപിയ്ക്കൊപ്പം മാത്രം… പക്ഷെ എന്നിട്ടും ഈ നാട്ടുകാർക്കെല്ലാം എന്റെ അമ്മ പിഴച്ചവൾ ആണ്…ഞാൻ പിഴച്ചുണ്ടായ സന്തതിയും…. എന്നോടും എന്റെ അമ്മയോടും സൗഹൃദം ഭാവിച്ചു വരുന്ന ഏതൊരാൾക്കും ലക്ഷ്യം ഒന്നേയുള്ളു…. എന്റെ അമ്മയെന്ന ലക്ഷ്യം…. അവിടെ വലിപ്പചെറുപ്പ വ്യത്യാസമൊന്നുമില്ല… അതറിയുന്നതു കൊണ്ടു തന്നെ എനിയ്ക്ക് സൗഹൃദങ്ങളില്ല… എനിയ്ക്കിഷ്ടം എന്റെ അമ്മയ്ക്ക് തണലായ് എന്നും നിൽക്കാനാണ്….. എന്റെ അമ്മയെ എല്ലാവരുടെയും നോട്ടങ്ങളിൽ നിന്ന് പോലും രക്ഷിക്കാനാണ് ഞാനെന്റെ അമ്മയ്ക്കൊപ്പം ഇങ്ങനെ നിഴലായ് നടക്കുന്നത്….”
ശബരിയിൽ ചതിവില്ലെന്നു തോന്നലിൽ തന്റെ മനസ്സ് മഹേഷ് ശബരിയ്ക്ക് മുന്നിൽ തുറന്നിട്ടതും അവനെ തന്നോടു ചേർത്ത് ഇറുക്കി പുണർന്നു ശബരി….
“നിനക്ക് നിന്റെ അച്ഛനോട് ദേഷ്യമില്ലേ നിന്റെ അമ്മയ്ക്ക് ഇങ്ങനൊരവസ്ഥ സൃഷ്ടിച്ച് വേറെ ഒരു വിവാഹം കഴിച്ചതിൽ….?
സംശയങ്ങൾ തീരുന്നേയില്ലായിരുന്നു ശബരിയിൽ…..
” എല്ലാവർക്കും അവരവർ ആഗ്രഹിച്ച ജീവിതം തന്നെ കിട്ടില്ലല്ലോ…
എന്റെ അച്ഛൻ ആഗ്രഹിച്ചത് എന്റെ അമ്മയ്ക്ക് ഒപ്പം ജീവിക്കാനാണെങ്കിലും അച്ഛന്റെ ആ ആഗ്രഹം നടന്നില്ല… നടത്തിയില്ല അച്ഛന്റെ വീട്ടുകാർ… എല്ലാവരും നിർബന്ധിച്ച് അച്ഛനെ വേറെ വിവാഹം കഴിപ്പിച്ചപ്പോൾ അച്ഛൻ എന്റെ അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു… അച്ഛന്റെ മനസ്സിനും ശരീരത്തിനും എന്നും ഒരാളെ അവകാശിയായിട്ട് ഉണ്ടാവുകയുള്ളുവെന്ന്…. അച്ഛന് ഒരാളിൽ മാത്രമേ മക്കൾ ഉണ്ടാവുകയുള്ളൂവെന്ന്…. ഞാനല്ലാതെ ഇനിയൊരാൾ അച്ഛന്റെ ചോരയിൽ പിറക്കില്ലെന്ന്….. എന്റെ അച്ഛൻ അമ്മയ്ക്ക് നൽകിയ ആ വാക്ക് ഇന്നീ നിമിഷം വരെ പാലിച്ചിട്ടുണ്ടച്ഛൻ…. ”
വ്യക്തതയോടെ അതിനൊപ്പം അതിനെക്കാൾ ഉറപ്പോടെ പറയുന്ന മഹേഷിനെ തുറിച്ചു നോക്കി ശബരി… അവൻ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലോർക്കുമ്പോൾ ശബരിയ്ക്കുള്ളിൽ തെളിഞ്ഞത് ഗോപിയുടെ ഭാര്യയായ തങ്കമ്മുവിന്റെയും അവരുടെ ഒപ്പമുള്ള ഗോപികയുടെ മകളെന്ന് എല്ലാവരും വിശ്വസിയ്ക്കുന്ന പെൺകുട്ടിയുടെയും മുഖമാണ്….
തങ്കമ്മു ചേച്ചിയും മോളും…. ചോദിച്ചു പോയ് ശബരി…..
തങ്കമ്മു അച്ഛൻ താലി മാത്രം കെട്ടിയ അച്ഛന്റെ ഭാര്യയാണ്… ആ മകൾ അതിനും ഉണ്ടാവും എന്റെ അച്ഛനല്ലാത്തൊരവകാശി…. മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന അവകാശവാദം ഉന്നയിക്കാൻ സമൂഹത്തെ ഭയക്കുന്ന ഒരവകാശി.. അതാരാണെന്ന് തിരക്കിയിട്ടില്ല ഞാനിന്നുവരെ… അതിന്റെ ആവശ്യമെനിക്കില്ലല്ലോ…. എന്റെ അമ്മയ്ക്കും..”
ശബരിയെ നോക്കി പറഞ്ഞു കൊണ്ട് മഹേഷ് നടന്നകന്നപ്പോഴും അവൻ നൽകിയ ഞെട്ടലിൽ നിന്ന് മോചിതനാവാതെ അവൻ നടക്കും വഴിയേ നോക്കി നിന്നു പോയ് ശബരി..
ഒരേ തെറ്റു ചെയ്ത രണ്ടു സ്ത്രീകൾ താലിയുടെ സുരക്ഷിതത്തിൽ ഒരാൾ ഉത്തമ കുടുംബിനിയായ് തന്റെ വേഷം ആടിയപ്പോൾ അതേ തെറ്റു ചെയ്ത മറ്റൊരുവൾ മാത്രം ഈ സമൂഹത്തിന് പിഴച്ചവളായ്…. ആ മകൻ പിഴച്ചു പെറ്റവനും… ഈ ലോകം എത്ര
വിചിത്രമാണല്ലോ…..
ഒരുപാടു മുഖം മൂടികൾ ആവരണമായ് ഇട്ടു നടക്കുന്ന ഒത്തിരി മനഷ്യർക്കിടയിൽ യാതൊരു മുഖം മൂടികളുമില്ലാത്ത ഒരമ്മയും മകനും… അതാണ് വിജിയും അവരുടെ മകൻ മഹേഷും…..
✍️ രജിത ജയൻ
