””എന്റെ പൊന്ന് അമ്മേ ഒരു ദിവസം കൂടുതൽ ഞാൻ എന്റെ ഭാര്യ വീട്ടിൽ ഒന്നു നിന്നു പോയി അത് ഇത്ര വലിയ പ്രശ്നമാണോ??”” അഭിജിത്ത് അല്പം അസ്വസ്ഥതയോട അമ്മയോട് ചോദിച്ചു..
.
””അതേടാ അത് അത്ര വലിയ പ്രശ്നം തന്നെയാണ്!! നീ മിനിഞ്ഞാന്ന് എന്തും പറഞ്ഞാണ് ഇവിടെ നിന്ന് പോയത് നാളെ രാവിലെ തിരിച്ചുവരാം എന്ന് അല്ലേ?? എന്നിട്ട് വന്നോ? ഇന്നലെ വന്നില്ല എന്ന് മാത്രമല്ല ഇന്ന് ഈ നേരം വരെ അവിടെ തന്നെയായിരുന്നു!! ഇതിനുമാത്രം എന്തോ കാണിച്ചാണ് ഇവൾ നിന്നെ മയക്കുന്നത്??”” കാർത്യായനി കസേരയിൽ നിന്ന് എഴുന്നേറ്റ് ശബ്ദമുയർത്തി ചോദിച്ചു.
അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം അഭിജിത്ത് തന്റെ ദേഷ്യം അടക്കിപ്പിടിച്ചു. തന്റെ മുന്നിൽ നിൽക്കുന്നത് സ്വന്തം അമ്മയല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതിനുള്ള മറുപടി അവൻ നല്ല രീതിയിൽ തന്നെ കൊടുത്തേനെ. പക്ഷേ ഇത് തന്റെ അമ്മയാണ്, ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥ. അവൻ ഒരു ദീർഘശ്വാസം എടുത്തു.
””അമ്മയുടെ മകൾ ഒരുത്തി ഭർത്താവിനെയും കൊണ്ട് ഇവിടെ വരാറുണ്ടല്ലോ? എന്നിട്ട് ആഴ്ചകളോളം നിൽക്കും അതിനൊന്നും അമ്മയ്ക്ക് യാതൊരു പ്രശ്നവും ഇല്ലേ??”” സഹി കെട്ടപ്പോൾ അവൻ തിരിച്ചടിച്ചു.
അപ്പോഴേക്കും അവന്റെ പെങ്ങൾ അഭിരാമി പല്ലിരുമ്മി.. അകത്ത് ഒളിഞ്ഞു നിന്ന് അവർ പറയുന്നത് കേൾക്കുകയായിരുന്നു. സഹോദരന്റെ മറുപടി കേട്ടതും അവൾ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിവന്നു.
””കണ്ടോ കണ്ടോ അമ്മേ അവൻ പറഞ്ഞത്?? ഇപ്പോൾ ഞാൻ ഇവിടെ വന്നു നിൽക്കുന്നതാണ് അവന്റെ പ്രശ്നം!! തലയണ മന്ത്രത്തിന് ഇത്രയും ശക്തിയുണ്ട് എന്ന് എനിക്ക് അറിയാൻ പാടില്ലായിരുന്നു!”” അവൾ പുച്ഛത്തോടെ പറഞ്ഞു.
അഭിജിത്ത് പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി. ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ കണ്ണീർ വാർത്തുകൊണ്ട് തന്റെ പുറകിൽ നിൽക്കുന്നുണ്ട് മേഘ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. മേഘ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ്. ബാങ്കിൽ നല്ല ജോലിയുള്ള അഭിജിത്തിന് വലിയ തറവാട്ടിൽ നിന്നും പണമുള്ള വീട്ടിൽ നിന്നും വിവാഹം കഴിപ്പിക്കണം എന്നായിരുന്നു കാർത്യായനിയുടെ വലിയ ആഗ്രഹം. എന്നാൽ മേഘയെ ഒരു കല്യാണത്തിനു കണ്ട് ഇഷ്ടപ്പെട്ട അഭിജിത്ത് അവൾ മതി എന്ന് ഒറ്റക്കാലിൽ നിന്നു. അവൻ വാശി പിടിച്ചപ്പോൾ അമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. പക്ഷേ വിവാഹം കഴിഞ്ഞ അന്നു മുതൽ മേഘയോട് വല്ലാത്ത ദേഷ്യവും വിദ്വേഷവുമായിരുന്നു കാർത്യായനിക്ക്. അതിന് കൂട്ട് നിൽക്കാൻ മകൾ അഭിരാമിയും എപ്പോഴും കൂടെയുണ്ടാകും..
ആങ്ങള കൊമ്പത്തെ വീട്ടിൽ നിന്ന് കല്യാണം കഴിച്ചു കൊണ്ടു വരുന്നത് കാത്ത് ഇരിക്കുകയായിരുന്നു അഭിരാമി അതും പറഞ്ഞ് തന്റെ ഭർത്താവിന്റെ വീട്ടിൽ ഒന്ന് വിലക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം അതും കൂടി ആണ് അഭിജിത്ത് മേഖയെ കല്യാണം കഴിച്ചതോടെ തകർന്നത്.
മേഘ ആ വീട്ടിൽ വന്നതിനുശേഷം അവിടെയുള്ള ജോലികളെല്ലാം അവർ അവളെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. അവളുടെ സ്വന്തം വീട്ടിലേക്ക് പോകാൻ പോലും അവർ സമ്മതിക്കില്ല. ശരിക്കും പറഞ്ഞാൽ കൂലി കൊടുക്കേണ്ടാത്ത ഒരു ജോലിക്കാരിയെപ്പോലെയാണ് അവർ അവളെ കണ്ടിരുന്നത്. അഭിജിത്ത് ഓഫീസിൽ പോയിക്കഴിഞ്ഞാൽ മേഘ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവൻ അറിഞ്ഞിരുന്നില്ല. മേഘയാകട്ടെ അവരെ ഭയന്ന് ഒന്നും അവനോട് പറഞ്ഞതുമില്ല.
മേഘയുടെ കാര്യത്തിന് എന്തെങ്കിലും കൂടുതൽ പ്രാധാന്യം അഭിജിത്ത് കൊടുക്കുന്നത് കണ്ടാൽ അന്ന് ആ വീട്ടിൽ വലിയ പ്രശ്നമാകും. അതുകൊണ്ട് അവൻ കണ്ടറിഞ്ഞ് മാത്രമേ ഓരോ കാര്യങ്ങളും ചെയ്യുകയുള്ളൂ. അല്ലെങ്കിൽ അവൾക്ക് അവിടെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാകും എന്ന് അവന് നന്നായി അറിയാമായിരുന്നു.
ഇതിനിടയിലാണ് മേഘ ഗർഭിണിയായത്. അഭിരാമിക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. സ്വന്തം മകൾക്ക് ഇല്ലാത്ത ഭാഗ്യം മരുമകൾക്ക് ലഭിച്ചു എന്നത് കാർത്യായനിയിൽ അസൂയയും ദേഷ്യവുമാണ് ഉണ്ടാക്കിയത്. അവർ മേഘയെ മാനസികമായി തളർത്താൻ തുടങ്ങി. ഒടുവിൽ ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് പറഞ്ഞ് മേഘയെ അബോർഷന് അവർ നിർബന്ധിച്ചു.
””അഭിജിത്തിനോട് നിനക്ക് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് നീ തന്നെ പറയണം. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ അവന്റെ കൂടെ സുഖമായി ജീവിക്കാം എന്ന് നീ കരുതണ്ട.”” കാർത്യായനി ഭീഷണിപ്പെടുത്തി.
അഭിജിത്തിനെ നഷ്ടപ്പെടുമെന്ന ഭയത്താൽ മേഘ ഒടുവിൽ അവനോട് തനിക്ക് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് ആവശ്യപ്പെട്ടു. മേഘയ്ക്ക് അഭിജിത്ത് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു..
അവൾ പറഞ്ഞത് കേട്ടതും അഭിജിത്തിന് വല്ലാത്ത ദേഷ്യം വന്നു. അവളോട് കയർത്ത അവൻ, പലരീതിയിൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..
എന്നാൽ തനിക്ക് അഭിയേട്ടനെ വിട്ടുപിരിഞ്ഞു പോകേണ്ടി വരുമോ എന്ന് പറയുന്ന അവൾ അബോർഷൻ എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു..
“” എന്റെ കുഞ്ഞ് നിന്റെ വയറ്റിൽ ഉള്ളത് അതിനെ കൊല്ലണം എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല മേഘ!!””
എന്ന് പറഞ്ഞ് അഭിജിത് അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കി.
””എന്റെ സമ്മതത്തോടെ അബോർഷൻ നടത്തില്ല. നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം.”” ദേഷ്യത്തോടെ ഇത് പറഞ്ഞ് അവളെ വീട്ടിലാക്കി അവൻ തിരികെ പോന്നു.
വീട്ടിലെത്തിയ അഭിജിത്ത് തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അമ്മയുടെയും പെങ്ങളുടെയും ഫോൺ സംഭാഷണം ശ്രദ്ധിച്ചത്.
””അവളെക്കൊണ്ട് തന്നെ സമ്മതിപ്പിച്ചടീ… അഭിജിത്തിനോട് അവൾക്ക് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് അവള് അവന്റെ മുഖത്ത് നോക്കി പറഞ്ഞു എന്തായാലും നിന്റെ ഐഡിയ കൊള്ളാം!!
ശരിക്കും അത് ഏറ്റു ഇപ്പോ അവള് അവളുടെ വീട്ടിലാണ്.. അവൻ അവളെ വീട്ടിൽ കൊണ്ടാക്കി.. അവിടെയിരുന്ന് അവൾ കരയട്ടെ… ഇനി എന്താ വേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം അവനെ കൊണ്ട് തന്നെ അവളെ വേണ്ട എന്ന് ഞാൻ പറയിപ്പിക്കും..”” അമ്മ ചിരിച്ചു കൊണ്ട് ഫോണിന് അപ്പുറത്തുള്ള തന്റെ പെങ്ങൾ അഭിരാമിയോട് പറയുന്നത് കേട്ടപ്പോൾ അഭിജിത്ത് ആകെ തകർന്നു പോയി.
അമ്മ പറഞ്ഞിട്ടാണ് മേഘ അബോർഷൻ വേണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും, തന്റെ കൂടെ ജീവിക്കാൻ വേണ്ടിയാണ് അവൾ ആ പാവം ആ കടുംകൈക്ക് മുതിർന്നതെന്നും അറിഞ്ഞപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നി. ഒരു നിമിഷം പോലും വൈകാതെ അവൻ നേരെ മേഖയുടെ വീട്ടിലേക്ക് പോയി. കരഞ്ഞു തളർന്നിരുന്ന അവളെ അവൻ കെട്ടിപ്പിടിച്ചു ക്ഷമ ചോദിച്ചു. അവളെയും കൂട്ടി അവൻ തിരികെ വീട്ടിലെത്തി.
അമ്മയുടെയും മുന്നിൽ ചെന്ന് അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “”എന്റെ കുഞ്ഞിനെ തൽക്കാലം കൊല്ലാൻ എനിക്ക് പറ്റില്ല. ഇത്രയും കാലം നിങ്ങൾ അവളെ ദ്രോഹിച്ചിട്ടും അമ്മയല്ലേ എന്നൊരു പരിഗണനയിലാണ് ഞാൻ ഇവിടെ കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ നിന്നത്. ഇനി അതിന്റെ ആവശ്യമില്ല.. നിങ്ങളും ഒരു സ്ത്രീയല്ലേ ഇതുപോലെ ഒരു പ്രവർത്തി ഒരിക്കലും ഞാൻ നിങ്ങളുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല.. ഇനി എന്തായാലും ഞങ്ങൾ ഒരു നിമിഷം പോലും ഇവിടെ നിൽക്കുന്നില്ല അമ്മയ്ക്ക് കൂട്ടിന് അമ്മയുടെ മകൾ ഉണ്ടല്ലോ.. അതുമതി .””
അത്രയും പറഞ്ഞു
മേഘയെയും കൂട്ടി അഭിജിത്ത് ആ നിമിഷം തന്നെ ആ വീട്ടിൽ നിന്നും ഇറങ്ങി. അവർ ടൗണിൽ ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. അഭിജിത്ത് പോയതോടെ കാർത്യായനി ആ വലിയ വീട്ടിൽ തനിച്ചായി..
കുറച്ചു മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം കാർത്യായനി കുളിമുറിയിൽ കാൽ വഴുതി വീണു. അവർക്ക് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ആ സമയത്ത് അവർ അഭിരാമിയെ വിളിച്ച് കൂടെ നിൽക്കാൻ പറഞ്ഞു. എന്നാൽ എപ്പോഴും വീട്ടിൽ തിന്നും കുടിച്ചും സുഖവാസത്തിനു വന്നിരുന്ന അഭിരാമി, അമ്മയ്ക്ക് വയ്യാതായതോടെ അവിടുത്തെ ജോലികൾ മുഴുവൻ താൻ ചെയ്യേണ്ടി വരും എന്ന് ഭയന്ന് പല കാരണങ്ങൾ പറഞ്ഞ് വരാതിരുന്നു. താൻ സ്നേഹിച്ച മകൾ തന്നെ കൈവിട്ടത് കാർത്യായനിയെ വല്ലാതെ വേദനിപ്പിച്ചു.
ഒരു ദിവസം രാവിലെ ആരോ വരുന്നത് കണ്ട് കാർത്യായനി നോക്കിയപ്പോൾ അത് അഭിജിത്തായിരുന്നു. അവന്റെ കൂടെ മേഘയുമുണ്ട്. മേഘയ്ക്ക് ഇപ്പോൾ ഏഴാം മാസമാണ്. വയറൊക്കെ വല്ലാതെ വന്നിട്ടുണ്ട്. എന്നിട്ടും അമ്മയ്ക്ക് വയ്യ എന്നറിഞ്ഞപ്പോൾ അവൾക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല.
മേഘ അവിടെ വന്നത് മുതൽ കാർത്യായനിയെ പൊന്നുപോലെ നോക്കി. അവർക്ക് വേണ്ട ഭക്ഷണവും മരുന്നും എല്ലാം സമയത്തിന് നൽകി. തന്റെ ഗർഭാവസ്ഥ പോലും കണക്കാക്കാതെ അവൾ അവർക്ക് വേണ്ടി അധ്വാനിക്കുന്നത് കണ്ടപ്പോൾ കാർത്യായനിയുടെ കണ്ണുകൾ നിറഞ്ഞു. താൻ ഇത്രയും കാലം ദ്രോഹിച്ച പെൺകുട്ടിയാണ് തനിക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നത് എന്ന തിരിച്ചറിവ് അവരുടെ ഉള്ളുലച്ചു.
ഒരു ദിവസം രാത്രി മേഘ കാർത്യായനിയുടെ കാലുകൾ തടവിക്കൊടുക്കുമ്പോൾ അവർ അവളുടെ കൈകളിൽ പിടിച്ചു. “”എന്നോട് ക്ഷമിക്കണം മോളെ… ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു. സ്വന്തം മകൾ പോലും നോക്കാത്ത നേരത്ത് നീ എനിക്ക് തുണയായി.”” അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
മേഘ ചിരിച്ചുകൊണ്ട് അവരുടെ കൈകളിൽ ചുംബിച്ചു. പഴയ പിണക്കങ്ങളെല്ലാം മറന്ന് കാർത്യായനി തന്റെ മരുമകളെ നെഞ്ചോട് ചേർത്തുപിടിച്ചു. അഭിജിത്ത് ദൂരെ നിന്ന് അത് കണ്ട് സന്തോഷത്തോടെ പുഞ്ചിരിച്ചു. ആ വീട് വീണ്ടും സമാധാനമുള്ള ഒരിടമായി മാറി.
സ്റ്റോറി by ചന്ദ്ര
