“അയ്യേ…ഇതെന്തോന്ന് റോസാപ്പൂവൊക്കെയായിട്ട് നീ എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നതാണോ.. ”
അലക്സ് ചോദിച്ചത് കേട്ട് നാണത്താൽ ഒന്ന് പുഞ്ചിരിച്ചു നീനു.
” എന്തെ..ഞാൻ പ്രൊപ്പോസ് ചെയ്താൽ നീ സ്വീകരിക്കില്ലേ… നാള് കുറെ ആയില്ലേ നമ്മൾ ഇങ്ങനെ… ഇന്നീ വാലന്റൈൻസ് ഡേ യിൽ നമുക്ക് അതങ്ങ് ഒഫീഷ്യൽ ആക്കാം അലക്സ്… ”
തനിക്ക് നേരെ റോസാപൂവും നീട്ടി നീനു അത് പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോയി അവൻ .
” കൊള്ളാം.. കൊള്ളാം …. രാവിലെ കുളിച്ചൊരുങ്ങി പ്രൊപോസൽ ചെയ്യാൻ വന്നതാണോ നീ.. കണ്ണാടി നോക്കാറുണ്ടോ നീനു നീ… എന്നെ പ്രൊപ്പോസ് ചെയ്യാനും മാത്രം എന്താ നിന്നിൽ ഉള്ളത്.. ഇടക്കൊക്കെ കണ്ണാടി നോക്കണം കേട്ടോ… ഞാൻ ഇതൊരു ടൈം പാസ്സ് റിലേഷൻ ആയി മാത്രേ കണ്ടിട്ടുള്ളു.. ”
ഇൻസൾട്ട് ചെയ്തുകൊണ്ടുള്ള ആ മറുപടി നീനുവിന് വല്ലാത്ത ഞെട്ടലുണ്ടാക്കി. അതിലുപരി വേദനയും.
” ടാ.. നീ.. നീ കളി പറയുവാണോ.. ”
അവിശ്വസനീയമായി അവൾ നോക്കുമ്പോൾ പുച്ഛത്തോടെ അരികിലേക്ക് ചെന്നു അലക്സ്.
” ഇതാ ഞാൻ നിന്നോടും ചോദിക്കുന്നെ. നീ എന്താ എന്നോട് കളി പറയുവാണോ… എന്റെ നീനു നമുക്ക് നമ്മളെ പറ്റി ഒരു ബോധ്യം വേണ്ടേ നിനക്ക് അതില്ലേ… നീ ഇതൊക്കെ വിട്ടേ എന്നിട്ട് വന്നു വണ്ടീൽ കേറ് വാലന്റൈൻസ് ഡേ അല്ലെ.. നമുക്കൊന്ന് അറുമാദിച്ചു വരാം. ”
ഒക്കെയും കേട്ട് നടുക്കം മാറാതെ അങ്ങിനെ നിന്നുപോയി നീനു. താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാകവേ ഉള്ളിലെ വിഷമം താങ്ങാൻ പറ്റിയില്ല അവൾക്ക് എന്നാൽ അലക്സ് ആകട്ടെ കാമവെറിയിൽ വീണ്ടും അവളുടെ അരികിലേക്ക് മുഖമടുപ്പിച്ചു
” കഴിഞ്ഞ ആർട്സ് ഡേ ഓർമയുണ്ടോ… എസ്റ്റേറ്റ് ഗസ്റ്റ് ഹൌസിൽ നമ്മൾ രണ്ടാളും മാത്രം . ഒരു ബിയറും അടിച്ചിട്ട് അന്നത്തെ നിന്റെ പെർഫോമൻസ്… ഹോ.. ഓർക്കുമ്പോ എനിക്ക് കുളിരു കോരുന്നു…. നീ വന്ന് വണ്ടീൽ കേറ് നീനു ബിയർ ഒക്കെ സെറ്റ് ആണ് നമുക്ക് ഇന്ന് പൊളിക്കാം… ”
ആ വാക്കുകൾ കേൾക്കെ ഉള്ളിലെ വേദനകൾക്കും അപ്പുറം വല്ലാത്ത വെറുപ്പ് തോന്നിപ്പോയി നീനുവിന്.
” നീ അപ്പോ എന്നെ വെറും.. മറ്റവൾ ആയിട്ടാണല്ലേ അലക്സേ കണ്ടത്.. നീ കാട്ടുന്നത് ആത്മാർത്ഥ സ്നേഹമാണെന് തെറ്റിദ്ധരിച്ചു പോയി ഞാൻ. എന്റെ തൊലിപ്പുറത്തെ കറുപ്പിനുമപ്പുറം മനസ്സ് കണ്ട് നീ എന്നെ ഇഷ്ടപ്പെടുവാ എന്ന് വിശ്വസിച്ചു പോയി ഞാൻ.. അന്ന് കൂടെ കിടന്നതല്ലാതെ ഈ ഒരു വർഷത്തിനിടയിൽ നമുക്കിടയിൽ ഉണ്ടായിട്ടുള്ള മറ്റൊരു നിമിഷങ്ങളും നിനക്ക് ഓർമയില്ല അല്ലെ.. സ്നേഹം നടിച്ചു നല്ലത് പോലെ മുതലാക്കി നീ എന്നെ. തെറ്റ് പറ്റിപ്പോയി എനിക്ക് ”
കുറ്റബോധവും വെറുപ്പും ഒക്കെയും കലർന്ന് വല്ലാത്തൊരു മരവിച്ച മാനസികാവസ്ഥയിലായിരുന്നു അവൾ അപ്പോൾ
” നീനുവേ.. നീ അങ്ങ് കാട് കയറല്ലേ… എനിക്കൊപ്പം കിടന്നിട്ടുണ്ടേൽ അതിനു നിനക്ക് ഗുണവും ഉണ്ടായിട്ടുണ്ട്. കയ്യിൽ ഇരിക്കുന്ന ഫോൺ ഉൾപ്പെടെ അതിനുള്ള തെളിവാണ്… അതുകൊണ്ട് മോള് കൂടുതൽ ഷോ ഓഫ് ഇറക്കേണ്ട. ”
മറുപടി പറഞ്ഞില്ല നീനു. അവളുടെ ഉള്ളം നീറുകയായിരുന്നു അപ്പോൾ. തിരികെ നടക്കുമ്പോൾ പിന്നിൽ നിന്നും അലക്സ് വിളിക്കുന്നത് അവൾ ശ്രദ്ധിച്ചില്ല.. ചുറ്റുമുള്ളതൊന്നും തന്നെ അവളുടെ ശ്രദ്ധയിൽ വന്നില്ല.. ഉള്ളം നുറുങ്ങുന്ന വേദനയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് തന്നെ പോയി അവൾ.
” മോളെ… നീ അത് വിട്… എല്ലാ പുരുഷന്മാരും തൊലിവെളുപ്പ് മാത്രമല്ല നോക്കുന്നത്. നല്ലവരും ഉണ്ട്. നിനക്ക് പറഞ്ഞിട്ടുള്ള ചെക്കൻ അവനല്ല.. അങ്ങിനെ കരുതിയാൽ മതി. ”
അമ്മയുടെ ആശ്വാസ വാക്കുകൾക്ക് അവളുടെ ഉള്ളിലെ വേദനയെ തണുപ്പിക്കുവാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ മരണ ശേഷം അമ്മ നീനുവിന് ഒരു ബെസ്റ്റ് ഫ്രണ്ട് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയറിയാത്ത രഹസ്യങ്ങളും അവൾക്കില്ലായിരുന്നു.
“അമ്മേ.. ഞാൻ ആത്മാർത്ഥമായി അവനെ സ്നേഹിച്ചു പോയി.. ഇങ്ങനെ ചതിക്കും ന്ന് വിചാരിച്ചില്ല… അതും.. എന്നെ വെറും.. ”
ബാക്കി പറയുവാൻ നീനുവിന് കഴിഞ്ഞില്ല വിതുമ്പി പോയി അവൾ.
” എന്ന് വച്ച്. ഇനീപ്പോ ചാവാൻ പോവാണോ നീ.. ആണൊരുത്തൻ വേണ്ടാ ന്ന് പറഞ്ഞാൽ അതോടെ തീരോ പെണ്ണിന്റെ ജീവിതം.”
അമ്മയുടെ ചോദ്യ ശരങ്ങൾ നീനുവിന്റെ ഉള്ളിൽ തന്നെ തറച്ചു.
” അമ്മ.. അത്… ”
അവളൊന്നു പതറിയപ്പോൾ പതിയെ ചുമലിൽ കൈ വച്ചു അമ്മ..
” മോളെ.. ഇതാണ് ജീവിതം ജയവും പരാജയങ്ങളും സന്തോഷവും ദുഖവും എല്ലാം ഉണ്ടാകും…. പക്ഷെ തോൽപ്പിക്കാൻ നോക്കിയവരുടെ മുന്നിൽ തോറ്റിട്ടില്ല എന്ന് കാണിച്ചു കൊടുക്കണം. അതാണ് വേണ്ടത്.. പിന്നേ ഈ തൊലിവെളുപ്പ് ഒന്നും അല്ല ജീവിതം.. ഇന്നത്തെ കാലത്ത് എല്ലാവരും അപ്ഡേറ്റഡ് ആണ് മോളെ… നീ പഠിച്ചു നല്ലൊരു ജോലി നേടി നല്ലൊരു നിലയിൽ ആയാൽ ചിലപ്പോ നിന്നെ കെട്ടാൻ ചുള്ളന്മാർ ക്യൂ നിൽക്കും. ഇപ്പോ ഈ ഏറ്റ അപമാനം ഒരു വാശിയായി കാണ്.. എന്നിട്ട് ജയിച്ചു കാണിച്ചു കൊടുക്ക്. ”
അമ്മയുടെ വാക്കുകൾ ഏറെ ഊർജ്ജമായി നീനുവിന്.
‘ അതേ.. ജയിച്ചു കാണിച്ചു കൊടുക്കണം..’
വാശിയോടെ ഉള്ളിൽ ഉറപ്പിച്ചു അവൾ.
” അമ്മേ… ഇനി കരയില്ല ഞാൻ. അമ്മ പറഞ്ഞപോലെ ഒരു വാശി.. അത് ഇന്ന് മുതൽ എന്നിൽ ഉണ്ട്… എന്നെ പുച്ഛിച്ചു തള്ളിയവനെ കൊണ്ട് എന്റെ വളർച്ചയിൽ അതിശയത്തോടെ മൂക്കത്ത് വിരൽ വയ്പ്പിക്കും ഞാൻ അത് ഉറപ്പ്.. ”
ആ വാക്കുകൾ അമ്മയ്ക്കും സന്തോഷം നൽകി. നീനുവിനെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു അവർ.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
