“എന്റെ അനിയന്റെ കൂടെ കിടന്നു മതിയായിട്ടാണോടീ നീയെന്റെ ഭർത്താവിനെ കൂടി വശീകരിച്ചു കൂടെ കിടത്താൻ നോക്കുന്നത്….?
പരിഹാസം നിറച്ച ചന്ദ്രിക ചേച്ചിയുടെ ചോദ്യം കേട്ടതും ആകെ വിളറി പോയ് രേവതി… അവൾ മെല്ലെ തല തിരിച്ച് മുറ്റത്തിനരികിലേക്കൊന്ന് പാളി നോക്കി…
മുറ്റത്തിനരികിൽ ഇവിടേയ്ക്ക് നോക്കി ചിരിയോടെ നിൽക്കുന്ന മാധവിയെ കണ്ടതും തന്റെ പ്രതീക്ഷ തെറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു രേവതി…..
മകളെ തനിയ്ക്കെതിരെ വഴക്കിനു പറഞ്ഞയച്ച് ഇവിടുത്തെ കാഴ്ച കാണാനുള്ള കൗതുകത്തിൽ ചിരിയോടെ നിൽക്കുന്ന അവരെ കൊല്ലാനുള്ള കലിയോടെ നോക്കി രേവതി….
”ചേച്ചി വെറുതെ അമ്മയുടെ വർത്തമാനം കേട്ടെന്നോട് വഴക്കിനു വരരുത്… നിങ്ങളുടെ ഭർത്താവ് രമേശന് നിങ്ങളുടെ കൂടെ മാത്രം കിടന്നിട്ട് തൃപ്തി പോരാഞ്ഞിട്ടാണയാൾ നാട്ടിലുള്ള പല പെണ്ണുങ്ങളുടെയും പിന്നാലെ പോവുന്നതെന്ന് അയാളെയും നിങ്ങളെയും അറിയുന്നവരെല്ലാം ഇഷ്ടത്തിനനുസരിച്ച് പാടി നടക്കുന്നത് നിങ്ങളും കേട്ടിട്ടില്ലേ…?
അയാൾ, അയാളുടെ ആ സ്വഭാവം കൊണ്ടെന്റെ അടുത്തും വന്നു… അയാളുടെ മുഖത്തു നല്ല സിലായ് ഞാനൊന്ന് കൈ വീശി കൊടുക്കുകയും ചെയ്തിട്ടുണ്ട്… അത് നിങ്ങളുടെ അമ്മ നല്ല വൃത്തിയ്ക്ക് കാണുകയും ചെയ്തതാണ്… എന്നിട്ടതെല്ലാം മറച്ചുവെച്ച് നിങ്ങളെ എരിക്കേറ്റിയവർ വിട്ടതെന്തിനാണന്നെല്ലാം എനിയ്ക്കറിയാം… നന്നായിട്ടറിയാം…”
“നിങ്ങളുടെ ആങ്ങളയുടെ കൂടെ ജീവിക്കാൻ തുടങ്ങിയതോടെ ജീവിക്കാനുള്ള കൊതിയേ തീർന്നതാണ് എനിയ്ക്ക്….
പിന്നെയല്ലേ ഇനി നിങ്ങളുടെ ഭർത്താവിനെ വശീകരിച്ച് അയാളുടെ കൂടെ ഞാൻ ജീവിക്കാൻ പോണത്…
“പെറ്റ തള്ളയുടെ വാക്കു വിശ്വസിച്ച്
വെറുതെ എന്നോട് വഴക്കിന് നിൽക്കാതെ ചേച്ചി ചെല്ലാൻ നോക്ക് വീട്ടിലേക്ക്… ഞാനിനി എന്തായാലും ആ വീട്ടിലേക്ക് വരില്ല…
കൂടെ കഴിയുന്ന സ്വന്തം ഭാര്യയെ ഒരിത്തിരി പോലും വിശ്വാസമില്ലാതെ അമ്മയുടെയും പെങ്ങളുടെയും വാക്കുകൾ മാത്രം വിശ്വസിച്ച് എന്നെയൊരു പുഴുവിനെ പോലെ കാൽകീഴിലിട്ടരച്ചു രസിക്കുന്ന നിങ്ങളുടെ ആങ്ങളെയെയും വേണ്ട എനിയ്ക്കെന്റെ ഇനിയുള്ള ജീവിതത്തിൽ… എല്ലാം ഉപേക്ഷിച്ചാണ് നിങ്ങളുടെ വീട് വിട്ട് ഞാനിറങ്ങി പോന്നത്.. ഇനിയെങ്കിലും എന്നെ എന്റെ വഴിയ്ക്ക് വിട്… ഞാനെങ്ങനെയെങ്കിലും ജീവിച്ചോളാം… പ്ലീസ്….”
തീരെ ഗതിക്കെട്ടെന്ന വിധം രേവതി പറഞ്ഞതും പാഞ്ഞുചെന്നു രേവതിയുടെ നീണ്ട മുടിക്കെട്ടിൽ പിടിച്ചവളെ ചുമരിനോടു ചേർത്തു നിർത്തി ചന്ദ്രിക….
“അപ്പോ എന്റെ അമ്മ പറഞ്ഞതു സത്യം തന്നെയാണല്ലേടീ… നിനക്കെന്റെ അനിയനെ മടുത്തു അല്ലേടി… അതു കൊണ്ട് പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ഒറ്റയ്ക്ക് പൊറുതി തുടങ്ങാൻ വന്നേക്കുവാണ് നീ… അതല്ലേ നീ
ഇപ്പോ പറഞ്ഞതിന്റെ അർത്ഥം….?
അങ്ങനെ നിന്നെ ഒറ്റയ്ക്കിവിടെ സുഖിക്കാൻ ഞങ്ങൾ വിടില്ലെടി… അവിടെ ഞങ്ങളുടെ വീട്ടിൽ എന്റേം… എന്റെ അനിയന്റെയും കാൽച്ചുവട്ടിൽ വേണമെടി നിന്നെ ഞങ്ങൾക്കെന്നും… നിന്നെയും കൊണ്ടേ ഇവിടുന്ന് ഞാനും എന്റെ അമ്മയും മടങ്ങി പോകൂ… അതുറപ്പിച്ചു തന്നെയാണ് ഞങ്ങളിങ്ങോട്ടു വന്നതും… കേട്ടോ ടീ…. ”
രേവതിയുടെ ശരീരത്തിൽ തന്റെ കൈ മുറുക്കി ചന്ദ്രിക പറഞ്ഞതും അവളുടെയാ പിടുത്തത്തിൽ ശ്വാസം മുട്ടി രേവതിയ്ക്ക്……
തന്റെ മുഴുവൻ ശക്തിയുമെടുത്തവൾ ചന്ദ്രികയെ കുടഞ്ഞെറിഞ്ഞതും രേവതിയിൽ നിന്ന് പിടുത്തമയഞ്ഞ് സിറ്റൗട്ടിലിട്ട സോഫയിൽ ഇടിച്ചു നിന്നു ചന്ദ്രിക….
എടീ…..
അയ്യോ നാട്ടാരേ എന്റെ മോളെ ഈ മൂധേവി വീഴ്ത്തിയിട്ട് കൊല്ലാൻ നോക്കുന്നേ… ഓടി വരണേ
രേവതിയുടെ പ്രതിരോധത്തിൽ ചന്ദ്രിക വീഴുമെന്ന് തോന്നിയതും അത്ര നേരം കാഴ്ചക്കാരിയായ് നോക്കി ദൂരെ മാറി നിന്ന മാധവി ഉറക്കെ നെഞ്ചത്തടിച്ച് അവർക്കടുത്തേയ്ക്ക് ഓടി ചെന്നതും ആകെ തകർന്നതു പോലെ ചുമർ ചാരി നിന്ന് ശ്വാസമെടുത്തു രേവതി….
എന്റെ മോളെ കൊന്നിട്ട് അവളുടെ ഭർത്താവിന്റൊപ്പം ജീവിക്കാനാണോ ടീ നീ അവളെ തള്ളി താഴെയിട്ടത്…?
തന്റെ കരച്ചിൽ കേട്ടവിടേയ്ക്ക് അയൽവാസികൾ വന്നു തുടങ്ങിയതും നിർത്തിയിടത്തു നിന്ന് തന്റെ നാടകം വീണ്ടും തുടങ്ങി മാധവി…
” എന്താണ് മാധവി ചേച്ചി… എന്താണിവിടെ പ്രശ്നം…?
തൊട്ടടുത്ത് താമസിയ്ക്കുന്ന ഗോപാലേട്ടൻ രേവതിയെ ഒന്നു നോക്കി മാധവിയോട് തിരക്കിയതും മാധവി ഇടംക്കണ്ണാൽ ചന്ദ്രികയെ ഒന്നു നോക്കി ആരും കാണാതെ… അമ്മയുടെയാ നോട്ടം കണ്ടതും ആരോ അടിച്ചെന്ന വിധം ഉറക്കെ കരഞ്ഞു നിലത്തേക്കിരുന്നു ചന്ദ്രികയും….
“നീ ഇങ്ങനെ കരഞ്ഞോരോ അസുഖം വരുത്തിവെക്കല്ലേ എന്റെ മോളെ….. നമ്മുടെ സങ്കടങ്ങൾ നമ്മുക്കീ നാട്ടുക്കാരോട് പറയാം അവർക്കു മനസ്സിലാവും നമ്മളെ….’
ചന്ദ്രികയെ ആശ്വസിപ്പിച്ച് മാധവി പറഞ്ഞ വാക്കുകൾ രേവതിയിലൊരു നടുക്കം തന്നെ സൃഷ്ടിച്ചു…. അറിയാം അവർ പറയാൻ പോവുന്നതെന്താണെന്ന്….
എല്ലാം അവസാനിപ്പിച്ചുപേക്ഷിച്ച് തിരികെ വന്നിട്ടും ഈ ദുഷ്ട കൂട്ടങ്ങൾ തന്നെ വെറുതെ വിടുന്നില്ലല്ലോ ഈശ്വരായെന്ന് നിശബ്ദം തേങ്ങി രേവതി…..
“എന്റെ പൊന്നുമക്കളെ എന്റെ ആങ്ങളയുടെ മോളായ ഇവളെ ഞാനെന്റെ മോനെ കൊണ്ട് വിവാഹം കഴിപ്പിച്ചത് ഇവളെനിയ്ക്കെന്റെ മകളെ പോലെ ആയതു കൊണ്ടല്ലേ….
“അച്ഛനും അമ്മയും മരിച്ചു പോയ ഇവളെ ആ സങ്കടമൊന്നും ഞാനും എന്റെ മോനും അറിയിച്ചിട്ടില്ല… കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇവളെ അവൻ കൊണ്ടു നടക്കുന്നത്… അത്രയ്ക്കിഷ്ടാണ് ഇവളെ അവന്….
“ഇവൾക്കു പക്ഷെ എന്റെ ചെക്കനെ വേണ്ട… വേണ്ടത് എന്റെ മരുമോനെയാണ്… ദാ ഇവളുടെ ഭർത്താവിനെ… അതങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റ്വോ നമ്മുക്ക്… അതു കൊണ്ടതിനെ പറ്റി ചോദിച്ച് ഒന്നും രണ്ടും പറഞ്ഞ് വഴക്കായ് ഇവളും എന്റെ മോനും… ദേഷ്യപ്പുറത്ത് അവൻ ഇവളെ ഒന്നു കൈ നീട്ടി അടിച്ചു പോയി… അതിനുടനെ വീട് വിട്ടിറങ്ങുകയാണോ ഇവൾ ചെയ്യേണ്ടത്….?
ചുറ്റും കൂടി നിൽക്കുന്ന ആളുകളെ നോക്കി മാധവി കരഞ്ഞും വിളിച്ചും പറഞ്ഞതും അവിടെ വന്നു കൂടിയവരുടെയെല്ലാം നോട്ടം തന്നിലേക്കെത്തുന്നതറിഞ്ഞ് നിശബ്ദയായവിടെ നിന്നവൾ…
അവരമ്മയുടേയും മകളുടെയും നാവിനോട് ഏറ്റുമുട്ടി ജയിക്കാൻ തനിയ്ക്കാവില്ലെന്നുറപ്പാണ് രേവതിയ്ക്ക്…
ഒരു കാര്യം ഉറപ്പായവൾക്ക് തനിക്ക് തന്റെ സ്വന്തം വീട്ടിലും ഒരു തരി സമാധാനം തരില്ലിവരെന്ന്… തന്റെ നാശം കണ്ടേ അടങ്ങൂ തള്ളയും മക്കളും….
ആ ചിന്തയിൽ പോലും നിറഞ്ഞു രേവതിയുടെ കണ്ണുകൾ…
‘ഇവരീ പറയുന്നതെല്ലാം ശരിയാണോ രേവതീ…?
നീ ഇവരുടെ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി വന്നതാണോ ഇങ്ങോട്ട്…?
മാധവിയ്ക്ക് അരികിൽ നിന്നിരുന്ന ഗോപാലേട്ടൻ രേവതിയോട് തിരക്കിയതും അയാളെ മിഴികളുയർത്തിയൊന്ന് അലസം നോക്കിയവൾ…
ചോദിക്കാനും പറയാനും അവകാശവും അധികാരവും ഉള്ളവർ തന്നെ തന്നെ വട്ടം കൂടി ക്രൂശിച്ച് രസിക്കുമ്പോൾ
ഈ കൂടി നിൽക്കുന്നവരിലൊരാൾ പോലും താൻ പറയുന്നത് നേരാവണ്ണം കേൾക്കുകയോ തനിയ്ക്കു വേണ്ടി ഒരു വാക്കു ഇവരോടു സംസാരിക്കുകയോ ഇല്ല…
വെറുതെയൊരു കോമാളിയായ് പോവും താനിവരുടെ ഇടയിൽ…
അങ്ങനൊരു ചിന്ത ഉള്ളിൽ വന്നതും ഗോപാലേട്ടൻ ചോദിച്ചതിനുത്തരം പറയാതെ രേവതി നിശബ്ദം അവർക്കിടയിൽ നിന്നതും മാധവിയും മകളും പറയുന്നതാണ് ശരിയെന്ന് നാട്ടുകാരും വിധിച്ചു…. അതു തന്നെയായിരുന്നു മാധവിയുടെയും ചന്ദ്രികയുടെയും ആവശ്യവും…
“നോക്ക് കുട്ടി…. അച്ഛനും അമ്മയും
മരിച്ചുപോയ നിനക്കൊരാശ്രയം തന്ന് സ്വന്തം മകനെ കൊണ്ട് നിന്നെ വിവാഹവും കഴിപ്പിച്ച് നിനക്കൊരു ജീവിതം ഉണ്ടാക്കി തന്നവളാണ് ഈ നിൽക്കുന്ന മാധവി ചേച്ചി… അങ്ങനെയുള്ള ഇവരെയും ഇവരുടെ കുടുംബത്തെയും ഉപേക്ഷിച്ച് നീയെത്ര നാൾ ഇവിടെ നിൽക്കും… ഈ വീടു പോലും കടത്തിലല്ലേ ഉള്ളത്…… എപ്പഴാണ് ബ്ലേഡ് അവറാൻ ഇങ്ങോട്ടു കയറി വന്നിവിടെ താമസം ആക്കുന്നതെന്ന് പോലും പറയാൻ പറ്റില്ല….. മഹാമോശമാണ് അയാളുടെ സ്വഭാവം.. കുട്ടി ഒറ്റയ്ക്കിവിടെ താമസിച്ചിട്ട് എന്തെങ്കിലും അപകടം നടന്നാൽ ഞങ്ങൾ അയൽവാസികൾക്ക് വയ്യ പിന്നെ അതിന്റെ പിന്നാലെ തൂങ്ങാൻ.. .അതു കൊണ്ട് കുട്ടി തൽക്കാലം ഇവരുടെ കൂടെ പോ …”
ഒരു തീരുമാനമെന്നതു പോലെ ഗോപാലേട്ടൻ പറഞ്ഞതും അതു ശരി വെച്ച് തലയാട്ടി മറ്റുള്ള അയൽവാസികളും…
വാ…. രേവതീ…. നമുക്ക് വീട്ടിൽ പോവാം….
അത്ര നേരവും അവിടെ നടന്നതോരോന്നും കണ്ടു രസിച്ച് ആ വീടിനു പുറത്തു നിന്നിരുന്ന ചന്ദ്രൻ, രേവതിയുടെ ഭർത്താവ് ആൾക്കൂട്ടത്തിനിടയിലൂടെ അവൾക്കരികിലെത്തി പറഞ്ഞതും അയാളെ പേടിയോടെ നോക്കി രേവതി… കഴിഞ്ഞു പോയ നാളുകളിൽ അവൻ തന്നിലേല്പിച്ച ദേഹോപദ്രവങ്ങളുടെ വേദന ആ നിമിഷവും സ്വന്തം ശരീരത്തിലറിഞ്ഞവൾ…
“നമ്മുടെ കുടുംബത്തിനകത്ത് തീരേണ്ട നമ്മുടെ കുടുംബകാര്യം ഇങ്ങനെ നാട്ടുകാർക്കിടയിലെത്തിക്കേണ്ട വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ… പറഞ്ഞു തീർക്കാലോ നമുക്കത്… ഇപ്പോ നീ വാ…. ”
രേവതിയുടെ ചുമലിലൂടെ കയ്യിട്ട് അവളുടെ ശരീരം ഞെരിച്ചുകൊണ്ടുള്ള ചന്ദ്രന്റെ സംസാരത്തിൽ വേദനയിൽ പുളഞ്ഞു രേവതി….
എന്നാൽ രേവതിയുടെ ചുമലിലിരുന്ന ചന്ദ്രന്റെ കൈ ശക്തിയിൽ ആരോ കുടഞ്ഞെറിഞ്ഞതു ഒരു ഞരക്കത്തോടെ ഞെട്ടി തിരിഞ്ഞു നോക്കി ചന്ദ്രനും മറ്റുള്ളവരും….
സ്ഥലം എസ് ഐ ദീപക് ദേവ്…
മിഴിഞ്ഞവരുടെ കണ്ണുകൾ…
“അങ്ങനെ നിനക്കും നിന്റെ വീട്ടുകാർക്കും തോന്നും പോലെ തട്ടി കളിക്കാൻ ഇവൾ നിങ്ങളുടെയൊന്നും അടിമ അല്ല ചന്ദ്രാ… നിന്റെയും നിന്റെ വീട്ടുകാരുടെയും ഉപദ്രവം സഹിക്കാതെ മരണം ഭയന്ന് നിന്റെ വീട് വിട്ടിറങ്ങി വന്ന പെണ്ണാണ്… അവളെ നിനക്കങ്ങനെ നിന്റെ ഇഷ്ടത്തിന് കൊണ്ടുപോവാൻ പറ്റില്ല.. പ്രത്യേകിച്ച് നീയും നിന്റെ വീട്ടുകാരും അവളെ കൊല്ലുമെന്ന് ഭയക്കുന്നുണ്ടെന്ന്പറഞ്ഞവൾ പോലീസ് സ്റ്റേഷനിൽ പരാതി കൂടികൊടുത്തത് കൊണ്ട് ഒരിക്കലും ഇനി നിനക്കവളെ കൊണ്ടുപോവാനും പറ്റില്ല….. നിങ്ങളു തന്നെയിനി വീടു കാണുമോയെന്ന് ആർക്കറിയാം… അത്രയ്ക്കുണ്ടല്ലോ ചെയ്ത തെറ്റുകൾ…..”
എസ് ഐയുടെ വരവിലും സംസാരത്തിലും ആകെ ഞെട്ടി പകച്ചു നിന്ന മാധവിയും മക്കളും തങ്ങൾക്കെതിരെ രേവതി പരാതിക്കൂടി നൽകിയിട്ടുണ്ടെന്നറിഞ്ഞതും ഭയന്നു വിറച്ചു പോയിരുന്നു…
ആ കൂടെയാണ് ഇതെല്ലാം കണ്ടുവിടെ നിന്നിരുന്ന അവറാൻ അവർക്കു മുന്നിലേക്ക് കടന്നു വന്നത്…..
“ഒരു പെൺക്കുട്ടി തന്റെ ജീവൻ കയ്യിൽ പിടിച്ച് ഇതുപോലെയുള്ള ചെന്നായക്കൂട്ടങ്ങളുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ടോടി വരുമ്പോൾ ചേർത്തു നിർത്താൻ പറ്റിയില്ലെങ്കിലും തളർത്തി, തകർത്ത് മരണത്തിലേക്ക് പറഞ്ഞു വിടരുത് ഗോപാലാ…. ഈ വീടും സ്ഥലവുമെല്ലാം ആ കുട്ടിയുടെ പേരിൽ തന്നെയാണ്… അതിനെയാരും ഇവിടുന്നിറക്കി വിടില്ല… ആ വീട്ടിൽ നിന്നിറങ്ങി വരാൻ, ജീവിക്കാൻ ഇവൾ കാണിച്ച തന്റേടത്തിന് ഞാനിവൾക്ക് കൊടുത്ത സമ്മാനമാണിത്…..
രേവതിയുടെ ചുമലിലൊന്ന് തട്ടി അവറാൻ പറയുമ്പോൾ തലയും താഴ്ത്തി ആൾക്കൂട്ടത്തിനിടയിലൂടെ കൈ വിലങ്ങുമായ് നടന്നു നീങ്ങി മാധവിയും മക്കളും…
അന്നേരം അതു കണ്ട് കയ്യടിച്ച് കൂവിവിളിയ്ക്കാനുമുണ്ടായിരുന്നു അവിടെ കൂടിയിരുന്ന ഓരോരുത്തരും… അല്ലെങ്കിലും തെറ്റും ശരിയും ചികയാതെ അതാണല്ലോ ഇന്നത്തെ ഈ സമൂഹത്തിലവരാകെ ചെയ്യുന്നതും…
✍️ രജിത ജയൻ
