ദേവൻ ഇട്ടിരിക്കുന്ന സ്റ്റാറ്റസ് കണ്ടതും അരുണിമയുടെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ കടന്നുപോയി അവളുടെ കണ്ണുകൾ നിറഞ്ഞു… എങ്കിലും ആരും കാണാതെ അത് തുടച്ചു മാറ്റി, അപ്പോഴേക്കും അവളുടെ കൂടെ ജോലി ചെയ്തിരുന്ന അമൃത അവളുടെ അരികിലേക്ക് ഓടിവന്നു..
”” എടീ ദേവൻ സാർ ഇട്ടിരിക്കുന്ന സ്റ്റാറ്റസ് നീ കണ്ടോ?? ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചുമ്മാ അയാളുടെ പുറകെ നടക്കേണ്ട എന്ന്!! അയാളുടെ പ്രേമം പൊട്ടി പാളിസായപ്പോൾ തൽക്കാലം ഒരു ആശ്വാസം അതായിരുന്നു നീ! വീണ്ടും ആ പെണ്ണ് തന്നെ നാണമില്ലാതെ അയാളുടെ അരികിലേക്ക് തിരികെ വന്നപ്പോൾ അയാൾ നിന്നെ മറന്നു!!””
അമൃത പറയുന്നത് അക്ഷരംപ്രതി ശരിയാണ് എന്നറിയാം എങ്കിലും അവളുടെ ഹൃദയം അവളോട് അങ്ങനെയൊന്നും അല്ല എന്ന് വെറുതെ തർക്കിച്ചു.
ചുറ്റുമുള്ള ബഹളങ്ങൾ അരുണിമയുടെ കാതുകളിൽ എത്തുന്നില്ലായിരുന്നു. ആ സ്റ്റാറ്റസിലെ ചിത്രം അവളുടെ കണ്ണുകളിൽ തറച്ചു നിന്നു. ഒരു പാർട്ടി ഗൗൺ ആണ് ദേവന്റെ കാമുകി ആയിരുന്ന ഷെറിൻ ധരിച്ചിരിക്കുന്നത്. അവൾ ആ വേഷത്തിൽ അതിസുന്ദരി ആയിരുന്നു. അവളെ ചേർത്തു പിടിച്ച് ചിരിയോടെ നിൽക്കുന്ന ദേവൻ… അത് കാണും തോറും അവളുടെ ഹൃദയം പിടഞ്ഞു.
അമൃത വീണ്ടും തുടർന്നു, “നീ എന്തിനാ ഇങ്ങനെ തളർന്നിരിക്കുന്നത്? അവൾ പോയപ്പോൾ അയാൾക്ക് താങ്ങായി നിന്നത് നീയല്ലേ? എന്നിട്ടിപ്പോൾ കണ്ടില്ലേ, അവൾ ഒന്ന് വിരൽ ഞൊടിച്ചപ്പോഴേക്കും അയാൾ അവളുടെ അടുത്തേക്ക് ഓടിപ്പോയി. ഇതിനെയാണ് അരുണിമ സ്വാർത്ഥത എന്ന് പറയുന്നത്. അയാൾ നിന്നെ വെറുമൊരു കളിപ്പാവയാക്കി.”
അരുണിമ ഒന്നും മിണ്ടിയില്ല. അമൃതയും അരുണിമയും ഒരു പ്രൈവറ്റ് ഫോമിൽ ആണ് വർക്ക് ചെയ്യുന്നത്. അവരുടെ വിങ്ങ് ഹെഡ് ആണ് ദേവൻ. ദേവനെ പരിചയപ്പെടുമ്പോൾ തന്നെ അയാളിൽ എന്തൊക്കെയോ പ്രത്യേകത അരുണിമയ്ക്ക് തോന്നിയിരുന്നു.
ഗാംഭീര്യമുള്ള നടത്തവും, ശാന്തമായ സംസാരവും എല്ലാം അവളെ ആകർഷിച്ചു. അറിയാതെ ഒരു ഇഷ്ടം അവളുടെ മനസ്സിൽ ഉണ്ടായി. അപ്പോഴാണ് അയാൾ ഒരു മോഡലിനെ പ്രണയിക്കുന്നുണ്ട് എന്നും അവർ തമ്മിൽ വിവാഹം കഴിക്കാൻ പോവുകയാണ് എന്നും ഒക്കെ അറിഞ്ഞത്.
അത് അറിഞ്ഞപ്പോൾ അവൾ ആകെ വിഷമിച്ചു.
“അല്ലെങ്കിലും ഒരു നാട്ടിൻപുറത്തുകാരിയായ തന്നിൽ ദേവനെപ്പോലെ സമ്പന്നനായ സുന്ദരനായ ഒരാൾക്ക് ഇഷ്ടപ്പെടാൻ മാത്രം ഒന്നും ഇല്ലല്ലോ,” എന്ന് സ്വയം പറഞ്ഞ് അവൾ ആശ്വസിച്ചു. കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന തന്റെ സാധാരണ രൂപവും ഷെറിന്റെ ഗ്ലാമറും തമ്മിലുള്ള വ്യത്യാസം അവൾക്ക് നന്നായി അറിയാമായിരുന്നു.
ഇതിനിടയിലാണ് ദേവന്റെ ലവർ ആയ ആ മോഡൽ മറ്റൊരാളെ തേടിപ്പോയി എന്നുള്ള കാര്യം എല്ലാവരും അറിയുന്നത്. ദേവൻ അതോടെ ആകെ തകർന്നു കാണപ്പെട്ടു. ക്യാബിനിൽ നിന്ന് പുറത്തിറങ്ങാതെ, ആരോടും സംസാരിക്കാതെ അയാൾ ഒറ്റപ്പെട്ടു.
അന്ന് അരുണിമ അയാൾക്ക് ആശ്വാസമായി കൂടെ നിന്നു. അവൾ ഉണ്ടാക്കി കൊണ്ടു വരുന്ന ചായയും, ചെറിയ തമാശകളും അയാളുടെ മുഖത്ത് പതുക്കെ ചിരി വരുത്തിത്തുടങ്ങി. അവർ തമ്മിൽ കൂടുതൽ അടുത്തു. ദേവൻ അവളോട് പ്രണയമാണ് എന്നൊന്നും പറഞ്ഞിരുന്നില്ല എങ്കിലും അയാൾ അവൾക്ക് തന്റെ ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകി.
തന്റെ കുടുംബകാര്യങ്ങളും വ്യക്തിപരമായ സങ്കടങ്ങളും അയാൾ അവളോട് പങ്കുവെച്ചു.
ഒടുവിൽ എന്തു മറുപടി പറയും എന്ന് അറിയില്ലെങ്കിലും തന്റെ പ്രണയം തുറന്നു പറയാൻ അവൾ തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു സ്റ്റാറ്റസ് കണ്ടത്.
അതോടെ അരുണിമ ആകെ തകർന്നു. ഇനിയും അവിടെ നിൽക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല.. കാരണം അവളും ദേവൻ സാറും തമ്മിൽ ഇപ്പോൾ കൂടുതൽ അടുത്ത് ഇടപെടുന്നത് കണ്ടു എല്ലാവരും അവർ തമ്മിൽ പ്രേമമാണ് എന്ന് ഉറപ്പിച്ചിരുന്നു..
ഇപ്പോൾ ദൈവം സ്റ്റാറ്റസ് എല്ലാവരും കണ്ടിട്ടുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്..
ദേവൻ രണ്ടുദിവസം ലീവ് ആണ് അവളോടൊപ്പം കറങ്ങാൻ ആണ് എന്ന് അവിടെയുള്ളവർ പറഞ്ഞു പരത്തി.
ഓരോ സഹപ്രവർത്തകരുടെയും ദയനീയമായതും പരിഹസിച്ചുള്ളതും ആയ നോട്ടം അവളെ കൂടുതൽ നോവിക്കുന്നതു പോലെ തോന്നി. പെട്ടെന്ന് തന്നെ ലോങ്ങ് ലീവ് എഴുതിക്കൊടുത്ത അവൾ ആരോടും യാത്ര പറയാതെ നാട്ടിലേക്ക് വണ്ടി കയറി.
ട്രെയിനിലിരിക്കുമ്പോൾ അവളുടെ ഫോൺ തുടരെത്തുടരെ ശബ്ദിച്ചു. ദേവൻ സാറാണ്. അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. “ഇനി എന്തിനാണ് വിളിക്കുന്നത്? എല്ലാം അവസാനിച്ചില്ലേ?” അവൾ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു.
നാട്ടിലെത്തിയ അരുണിമ വീട്ടുകാരോട് സുഖമില്ലെന്ന് പറഞ്ഞ് മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടി. പഴയ വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ പോലും അവളുടെ ചിന്തകൾ ആ ഓഫീസിലും ദേവനിലുമായിരുന്നു. എന്നാൽ അടുത്തദിവസം അരുണിമയെ തേടി ഒരു അതിഥി എത്തി. മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്ക് നോക്കി. അത് ദേവനായിരുന്നു!
അവൾ ഞെട്ടിപ്പോയി. അവന്റെ മുന്നിൽ പോയി നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവൾക്ക്. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അമ്മ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അവൾ പൂമുഖത്തേക്ക് വന്നു. ദേവൻ അവളെ കണ്ടതും കസേരയിൽ നിന്ന് എഴുന്നേറ്റു.
”നീ എന്തിനാ അരുണിമ ആരോടും പറയാതെ ഇങ്ങനെ പോന്നത്? നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ്?” ദേവൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.
അരുണിമ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകൾ താഴേക്ക് തറച്ചുനിന്നു.
”മറുപടി പറയ് അരുണിമ… ഓഫീസിൽ നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ? അതോ ഞാൻ എന്തെങ്കിലും ചെയ്തോ?”
”നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്? ആ ഷെറിന്റെ അടുത്തേക്ക് തന്നെ പോകാമായിരുന്നില്ലേ?” അവൾ വിങ്ങലോടെ ചോദിച്ചു.
ദേവൻ ഒരു നിമിഷം നിശബ്ദനായി. പിന്നെ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു. “ഓ… അപ്പോൾ കാര്യം അതാണല്ലേ? ആ സ്റ്റാറ്റസ് കണ്ടിട്ടാണോ നീ ഇങ്ങനെ പേടിച്ചുപോയത്?”
അരുണിമ തലയുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ സങ്കടവും ദേഷ്യവും കലർന്നിരുന്നു. “പേടിക്കാനൊന്നുമില്ല. എനിക്ക് സത്യം മനസ്സിലായി. അവൾ തിരിച്ചുവന്നപ്പോൾ എന്നെ നിങ്ങൾക്ക് ആവശ്യമില്ലാതായി. അതല്ലേ സത്യം?”
ദേവൻ ഒന്ന് ദീർഘശ്വാസം എടുത്തു. ഒടുവിൽ അവൻ എല്ലാം തുറന്നുപറയാൻ തീരുമാനിച്ചു.
“അരുണിമ, നീ കാണുന്നത് പോലെയല്ല കാര്യങ്ങൾ. ഒരു പണക്കാരനെ കണ്ട് എന്റെ കാമുകി ആയിരുന്ന ഷെറിൻ കല്യാണം കഴിച്ചു പോയി. അത് നിനക്കും അറിയാമല്ലോ? പക്ഷേ അവൾ പോകുന്നതിന് മുൻപ് എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു. അവളുടെ ബാച്ചിലേഴ്സ് പാർട്ടിക്ക് എന്നെയും വിളിച്ചു. അത് അവസാനമായി എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അവൾക്ക് അവളുടെ ജീവിതം കിട്ടി. അവൾ പോയി.”
അരുണിമ അവിശ്വസനീയതയോടെ അവനെ നോക്കി. “അപ്പോൾ… ആ ഫോട്ടോ?”
”അതൊരു യാത്രയയപ്പ് മാത്രമായിരുന്നു. പക്ഷേ എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ കഴിയില്ല അരുണിമ. നീ ലീവ് എടുത്ത് പോയപ്പോഴാണ് എനിക്ക് മനസ്സിലായത് നീ എന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന്. ഇനി ഷെറിൻ അല്ല വേറെ ആരു വന്നാലും കാര്യമില്ല. എന്റെ മനസ്സിൽ ഒരു നാട്ടിൻപുറത്തുകാരി കേറി കൂടിയിട്ട് കുറച്ചുദിവസമായി എന്ന്…” ദേവൻ വളരെ ആർദ്രമായി പറഞ്ഞു.
അത് കേട്ടതും കണ്ണീരോടെ അവൾ നിന്നു. തന്റെ കാതുകളെ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസ്സിലെ ഭാരമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി.
അപ്പോഴേക്കും ദേവൻ മുന്നോട്ട് വന്ന് അവളുടെ കൈകൾ പിടിച്ചു, മെല്ലെ അവളെ ചേർത്ത് പിടിച്ചു.
”ഇനി ഒരിക്കലും ഇങ്ങനെ ഓടിപ്പോകരുത്. നിന്റെ ഈ നിഷ്കളങ്കതയാണ് എനിക്ക് വേണ്ടത്. നമുക്ക് ഒന്നിച്ച് ജീവിക്കണം അരുണിമ,” അവൻ അവളുടെ കാതിൽ മന്ത്രിച്ചു.
അരുണിമ അവന്റെ നെഞ്ചിൽ തല ചായ്ച്ചു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിൽ പടർന്നു. പക്ഷേ ആ കണ്ണുനീരിന് ഇപ്പോൾ മധുരമായിരുന്നു. പ്രണയത്തിന്റെ മനോഹരമായ ഒരു പുതിയ തുടക്കം അവിടെ കുറിക്കുകയായിരുന്നു.
സ്റ്റോറി ബൈ ചന്ദ്ര
