അച്ഛനിതെന്തിന്റെ കേടാണ് വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്… ഇപ്പോഴോ ഓരോരുത്തർ കുത്തി കുത്തി ചോദിച്ചു…

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“അറിഞ്ഞോ നമ്മുടെ മാധവൻ നായർ വീണ്ടും പെണ്ണ് കെട്ടാൻ പോണെന്ന്.. എവിടെങ്ങാണ്ടോ പെണ്ണ് റെഡിയായിട്ടുണ്ട് ന്ന് കേൾക്കുന്നു. ”

” ങേ.. ഈ വയസാംകാലത്ത് അങ്ങേർക്ക് ഇതെന്തിന്റെ കേടാണ്.. വെറുതേ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ”

” കിളവന് പൂതി മൂത്ത് കാണും… പെണ്ണുംപിള്ളയാണേൽ മരിച്ചു പോയി. പെണ്മക്കൾ രണ്ട് പേരെയും കെട്ടിച്ചും വിട്ടു കയ്യിൽ ആണേൽ പൂത്ത കാശും.. പിന്നെന്ത് ആയിക്കൂടാ… അങ്ങേരുടെ ടൈം.. ”

അന്നത്തെ ദിവസം കളറാക്കുവാനുള്ള വാർത്ത രാവിലെ തന്നെ എത്തി.

” ഇപ്പോ കെട്ടാൻ പോണ പെണ്ണുംപിള്ളയുടെ ആൺമക്കൾ രണ്ടും ഗൾഫിൽ ആണ്. തള്ള അവന്മാർക്ക് ഒരു ബാധ്യതയായി നിന്നപ്പോ ആണ് ഇങ്ങേരു കേറി ചെല്ലുന്നേ… അതോടെ അവര് ഹാപ്പി ആയി.. ”

അഭിപ്രായങ്ങളും വിശദ വിവരങ്ങളും ഒന്നൊന്നായി വന്നു.. കരക്കമ്പിയ്ക്ക് കുറവില്ലാത്തതിനാൽ ഒന്നിനെ പത്താക്കി പെരുപ്പിച്ചു കഥകൾ ഓരോന്നായി ഇറങ്ങി തുടങ്ങി.

“മാധവാ… നിന്റെ മക്കൾ ഇതറിയുമ്പോൾ വലിയ പുകിലാവില്ലേ.. ആ കാര്യത്തെ പറ്റി ചിന്തിച്ചോ നീ…”

സുഹൃത്ത് രാമചന്ദ്രന്റെ ചോദ്യം കേട്ട് ഒരു നിമിഷം മൗനമായി ഇരുന്നു മാധവൻ ശേഷം പതിയെ അയാളെ നോക്കി

” അവർ അറിയട്ടെ… എല്ലാവരും അറിയട്ടെ.. മക്കൾ അറിഞ്ഞിട്ട് എന്തേലും പ്രശ്നം ഉണ്ടേൽ എന്നോട് തന്നെ നേരിട്ട് വന്നു ചോദിക്കട്ടെ.. അവർക്കുള്ള മറുപടി ആൾറെഡി എന്റെ കയ്യിൽ ഉണ്ട്.. ”

ആ മറുപടിയിൽ നിന്നും എല്ലാം വ്യക്തമായി ചിന്തിച്ചു ഉറപ്പിച്ചാണ് അയാൾ ആ തീരുമാനം എടുത്തത് എന്ന് രാമചന്ദ്രൻ മനസിലാക്കി.

എന്തായാലും വാർത്ത നാട്ടിൽ പരന്നത്തോടെ ആകെ നാണക്കേടിലായി മാധവന്റെ മക്കൾ ആര്യയും ആർച്ചയും. അധികം വയ്ക്കാതെ തന്നെ അവർ കുടുംബ സമേതം മാധവനെ വിചാരണ ചെയ്യുവാനായി എത്തുകയും ചെയ്തു.

” അച്ഛനിതെന്തിന്റെ കേടാണ് വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്… ഇപ്പോഴോ ഓരോരുത്തർ കുത്തി കുത്തി ചോദിച്ചു തുടങ്ങി ”

ആര്യ കലിതുള്ളുകയായിരുന്നു.

” ഇത് നടക്കില്ല അച്ഛാ ഞങ്ങൾ സമ്മതിക്കില്ല… ”

ആർച്ചയും വിട്ടു കൊടുത്തില്ല..

എന്നാൽ മക്കളുടെ രോഷത്തിന് മുന്നിൽ പുഞ്ചിരി തൂകി ശാന്തനായി തന്നെ നിന്നു മാധവൻ.

“അച്ഛൻ എന്താ ഒന്നും മിണ്ടാത്തത്.. ”

അയാളുടെ ശാന്തത ആര്യയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

” അച്ഛൻ എന്ത്‌ പറയണം.. മക്കള് പറയ്… എനിക്കിപ്പോ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. എന്നെ ചീത്ത പറയാൻ വേണ്ടിയെങ്കിലും നിങ്ങൾ ഇവിടേക്ക് ഒന്ന് വന്നല്ലോ… കഴിഞ്ഞ ഓണത്തിനാണ് നിങ്ങൾ അവസാനമായി ഇവിടേക്ക് വന്നത് ഇപ്പോ ദേ ഒരു വർഷം ആകാൻ പോണ്.. ”

” അച്ഛൻ വിഷയത്തിൽ നിന്നും തെന്നി മാറേണ്ട… ഇപ്പോ ഇങ്ങനൊരു തീരുമാനം എടുക്കാനും വേണ്ടി എന്ത് പ്രശ്നം ആണ് അച്ഛനുള്ളത്. നാട്ടുകാര് പറയുന്ന പോലെ അച്ഛനെന്താ ഇത്രക്ക് മുട്ടി നിൽക്കുകയാണോ ”

ആർച്ച വീണ്ടും കലി തുള്ളി. രണ്ടാളുടെയും ഭർത്താക്കന്മാർ മൗനമായി തന്നെ ഇരിക്കുനത് കണ്ട് ചിരിച്ചു പോയി മാധവൻ.

” നിങ്ങൾക്ക് എന്തേ അഭിപ്രായങ്ങൾ ഒന്നും ഇല്ലേ… ഇവര് മാത്രം ഇങ്ങനെ ബഹളം വയ്ക്കുന്നു.”

ആ ചോദ്യം കേട്ട് അവർ മൗനമായി തലകുമ്പിടുമ്പോൾ ആര്യ ഇടയ്ക്ക് കേറി.

“അച്ഛാ.. അച്ഛൻ ഞങ്ങളെ എന്താ കളിയാക്കുകയാണോ… കുറെ നേരമായി ഞങ്ങൾ ചോദിക്കുന്നു.. അച്ഛന് എന്തിന്റെ കേടാണ്.. അച്ഛന് എന്ത് കുറവാണ് ഇവിടെ ഉള്ളത് ഇങ്ങനെ വീണ്ടും കെട്ടാൻ നടക്കാൻ.. ”

” മോളെ കുറവുകളെ ഉള്ളു…. ഇപ്പോ എന്നെ ചീത്ത പറയാൻ നിങ്ങൾ കുടുംബസമേതം ഓടി വന്നു. ഇതേ ഞാൻ ഒരു മാസം മുന്നേ പനി പിടിച്ചു എഴുന്നേൽക്കാൻ പോലും കഴിയാതെ പുതച്ചു മൂടി ഇവിടെ കിടന്നിരുന്നു ഒരാഴ്ചയോളം…. നേരെ ആഹാരം പോലും തരാൻ ആരും ഇല്ലായിരുന്നു. നിങ്ങൾ രണ്ട് പേരോടും വിളിച്ചു പറഞ്ഞില്ലേ ഞാൻ എന്നിട്ട് ആരേലും ഒരാൾ ഒന്ന് വന്നോ എന്നെ കാണാനെങ്കിലും..”

മാധവൻ നായരുടെ ഒച്ച അല്പം ഉയർന്നിരുന്നു അതോടെ ഒന്ന് പരുങ്ങി രണ്ട് പെണ്മക്കളും..

“അ.. അത് അച്ഛാ.. ഞങ്ങൾ ഓരോ തിരക്കിൽ… ”

“തിരക്ക്…. സ്വന്തം തന്തയെ നോക്കാൻ നിങ്ങൾക്കൊക്കെ സമയം ഇല്ല അല്ലെ.. അന്ന് മാത്രമല്ല കെട്ടി പോയെ പിന്നേ നിങ്ങൾ രണ്ടാളും ഇങ്ങട് നേരെ തിരിച്ചു നോക്കീട്ടില്ല… പല സാഹചര്യങ്ങളിലും നിങ്ങളുടെ സാമീപ്യം ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ കിട്ടിയിട്ടില്ല.. ആഴ്ചയിലെ ഒരു ഫോൺ കോൾ മാത്രമായി നിങ്ങൾക്ക് അച്ഛൻ ”

പറഞ്ഞ് നിർത്തുമ്പോൾ ഒന്ന് കിതച്ചു പോയി അയാൾ.

” എന്ന് വച്ച്… ഇതാണോ ഒരു പരിഹാരം.. ജോലിക്ക് ഒരാളെ വച്ചാൽ അച്ഛന് സഹായം ആകില്ലേ… ”

ചോദിച്ചത് മൂത്ത മരുമകൻ ആയിരുന്നു.

” മോനെ.. നിങ്ങളുടെ മകളും വളർന്നു വരികയാണ്.. നാളെ എന്റെ ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ… അന്നും ഇത്പോലെ ചിന്തിക്കോ.. ”

ആ ചോദ്യത്തിന് മുന്നിൽ അവനും നിശബ്ദനായി. അതോടെ മക്കൾക്കും മരുമക്കൾക്കും അഭിമുഖമായി നിന്നു മാധവൻ നായർ.

” ഞാൻ ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചു… അതിപ്പോ നാട്ടുകാരും നിങ്ങളും പറയുന്ന പോലെ വയസാം കാലത്ത് എനിക്ക് പൂതി മൂത്തിട്ട് അല്ല… മറിച്ചു എവിടേലും ഒന്ന് വീണുപോയാൽ എനിക്കൊരു കൈത്താങ്ങ് വേണം എന്ന് തോന്നിയത് കൊണ്ടാണ്. എന്റെ ജീവനായി കണ്ട് സ്നേഹിച്ചാണ് നിങ്ങൾ രണ്ട് പെണ്മക്കളെയും ഞാൻ വളർത്തിയത്. നിങ്ങളുടെ അമ്മ പോയിട്ടും അന്നൊന്നും ഞാൻ ഒരു വിവാഹത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല കാരണം എനിക്ക് നിങ്ങൾ ഉണ്ട് എന്നൊരു വിശ്വാസം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോ എനിക്കതില്ല.. സ്വന്തമായി കുടുംബമായപ്പോൾ നിങ്ങൾ രണ്ടാളും ഈ അച്ഛനെ മറന്നു. അതുകൊണ്ട് തന്നെ ഇപ്പോ എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശവും ഇല്ല.. തരാനുള്ളതെല്ലാം രണ്ടാൾക്കും ഞാൻ തന്നിട്ടുണ്ട്. ഇനി അല്പം സ്നേഹം എന്നോട് ഉണ്ട് എങ്കിൽ സഹകരിക്കാം. അല്ലെങ്കിൽ പിന്നേ നിങ്ങടെ ഇഷ്ടം പക്ഷെ എന്നെ വന്ന് ഭരിക്കാമെന്നു ആരും കരുതേണ്ട… കേട്ടല്ലോ. ”

ദൃഢമേറിയ ആ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ പരുങ്ങി പോയി മക്കളും മരുമക്കളും..

” അച്ഛാ… എന്നാലും.. നാട്ടുകാര്.. ”

വീറും വാശിയുമെല്ലാം ഒടുങ്ങി വളരെ പതിഞ്ഞ സ്വരത്തിൽ ആണ് ആര്യ അത് ചോദിച്ചത്…

” നാട്ടുകാരോ… ബ്ഭാ …!!! ഏത് നാട്ടുകാര്.. പോകാൻ പറയ് എല്ലാവന്മാരോടും.. അവന്മാര് എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ഞാൻ എവിടേലും വീണു കിടന്നാലും ഒരുത്തനും തിരിഞ്ഞു നോക്കില്ല.. അതെനിക്ക് അറിയാം.. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ ഒരുത്തന്റെയും അഭിപ്രായം എനിക്ക് ആവശ്യം ഇല്ല .. പിന്നേ ഡേറ്റ് അറിയിക്കും.. നിങ്ങൾക്ക് വരാൻ മനസ് ഉണ്ട് എങ്കിൽ മാത്രം വരിക … ആരെയും നിർബന്ധിക്കില്ല.. ഈ കാര്യത്തിൽ മറ്റൊന്നും എനിക്ക് പറയാൻ ഇല്ല.. ”

മാധവൻ നായരുടെ ഒച്ച കടുത്തതോടെ മക്കൾ ശാന്തരായിരുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് ഉള്ളത് കൊണ്ട് തന്നെ കൂടുതൽ തർക്കിക്കുവാനോ ബഹളം വയ്ക്കുവാനോ ഒന്നും അവർക്ക് കഴിയുമായിരുന്നില്ല.

” അ… അച്ഛൻ അറിയിച്ചാൽ മതി ഞങ്ങൾ വരാം… ”

ഒടുവിൽ പത്തി താഴ്ത്തി യാത്ര പറഞ്ഞ് അവർ തിരികെ പോകുമ്പോൾ പുഞ്ചിരിയോടെ നോക്കി നിന്നു അയാൾ..

“നാട്ടുകാര്… പട്ടികള്….”

പുച്ഛത്തോടെ പിറുപിറുത്തു കൊണ്ടാണ് മാധവൻ വീടിനുള്ളിലേക്ക് പോയത്

ചില തീരുമാനങ്ങൾ അങ്ങിനെയാണ്… മറ്റുള്ളവരെന്ത് കരുതും ന്ന് കരുതി നാം മാറ്റി വയ്ക്കുന്നതിൽ പലതും പിന്നീട് വലിയ നഷ്ടങ്ങളായി മാറും… എന്നാൽ എന്തിനെയും നേരിടാൻ മണക്കരുത്തോടെ നമ്മൾ മുന്നിട്ട് നിന്നാൽ അതിന്റെ ഗുണം നമുക്ക് തന്നെയാണ്..

ശുഭം…

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *