വിയർപ്പുകണങ്ങൾ നിറഞ്ഞു നിൽക്കുന്ന സുമേഷിന്റെ പുറത്തേയ്‌ക്കൊരു ശ്വാസതള്ളിച്ച യോടെ വീണു കിടക്കുമ്പോഴും അപർണയുടെ കണ്ണുകൾ ഉടക്കി നിന്നതവന്റെ വെളുത്ത് ചോരയിറ്റും വിധം തെളിഞ്ഞു നിൽക്കുന്ന ശരീര ഭാഗങ്ങളിലാണ്….
വെളുത്ത് ദൃഢമായ സുന്ദര ശരീരമാണ് സുമേഷിന്… ആ വെളുപ്പിന് അഴകേറ്റാനെന്നപ്പോലെ അവന്റെ ശരീരം നിറഞ്ഞു തന്നെ നല്ല കറുത്ത രോമങ്ങളുമുണ്ട്….
അപർണയുടെ നോട്ടം സുമേഷിന്റെ ശരീരത്തിൽ നിന്ന് തെന്നി നീങ്ങി അവന്റെ പുറത്തായിരിക്കുന്ന തന്റെ വലം കയ്യിലെത്തി നിന്നു….
കാക്ക തേങ്ങാപ്പൂളു കൊത്തിയ പോലെ…
തങ്ങളുടെ കല്യാണ ദിവസം തങ്ങളെ ഒരുമിച്ചു കണ്ട തന്റെ അമ്മായി പറഞ്ഞ ഉപമയാണവൾക്കപ്പോൾ ഉള്ളിൽ തെളിഞ്ഞത്…
സുമേഷിന്റെ ശരീരത്തിലെ രോമത്തിനും തനിയ്ക്കും ഒരേ കളറാണെന്ന ചിന്ത വീണ്ടും ഉയർന്നു തെളിഞ്ഞപ്പോഴവളിൽ…
അപ്പൂസേ…. കിതച്ചു തളർന്നോടീ പെണ്ണേ നീ….?
ഒച്ചയനക്കമൊന്നും കേൾക്കുന്നില്ലല്ലോ….. ഉറങ്ങിപോയോ നീ അപ്പൂസേ….?
തന്റെ പുറത്തലസം കിടന്നവളിൽ അനക്കമൊന്നും ഇല്ലാന്നു കണ്ടതും തന്റെ പുറകിലേക്ക് കൈ നീട്ടി അപർണ്ണയെ തട്ടി വിളിച്ചു ചോദിച്ചു സുമേഷ്…
“ഉറങ്ങീല സുമേഷേട്ടാ… ഞാനെ എന്തോ ഓർത്തു കിടന്നു പോയതാണ്….
അവന്റെ പുറത്തൂടെ തന്നെയൊന്നുരുണ്ട് അവനു മുമ്പിലായ് വന്നു കിടന്നു പറഞ്ഞപർണ്ണ…
“ഈ നേരത്ത് എന്താലോചിക്കാൻ ആണെന്റെ അപ്പൂസേ….. ഇതു നമ്മുടെ മാത്രമായ സന്തോഷ നിമിഷങ്ങളല്ലേ… നമ്മൾ നമ്മളെ പറ്റി മാത്രമേ ഈ നേരം ചിന്തിയ്ക്കാൻ പാടുള്ളു… ”
മുന്നിലലസം കിടക്കുന്നവളിലൂടെ കണ്ണോടിച്ച് അവളുടെ ചിതറി കിടക്കുന്ന മുടിയിഴകൾ അത്രയും സ്നേഹത്തിൽ ഒതുക്കി വെച്ചൊരു കുഞ്ഞുമ്മ അവളുടെ കവിളായ് നൽകി സുമേഷ് പറയുമ്പോഴും അപർണയുടെ നോട്ടം ചോര തൊട്ടെടുക്കും വിധം ചുവന്നു കിടക്കുന്ന അവന്റെ മുഖത്തും നിരയൊത്തയവന്റെ പല്ലില്ലും തിളങ്ങുന്ന അവന്റെ വിടർന്ന കണ്ണുകളിലുമാണ്….
“ഈശ്വരാ….. എന്തൊരു ചന്തമാണെന്റ ചെക്കന്… എന്നും എപ്പോഴും ഇനിയുള്ള ജന്മങ്ങളിലും ഈ ചെക്കനെ എനിയ്ക്കു തന്നെ തരണേ ദൈവങ്ങളേ… ”
മനസ്സിലോർത്തപർണ്ണ സുമേഷിനെ വീണ്ടും വീണ്ടും നോക്കി മനസ്സിൽ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചതും ഒന്നു കുറുകി സുമേഷിന്റെ കണ്ണുകളും മുഖവും അവൾക്കു നേരെ…
തന്റെ മുന്നിൽ തന്നിൽ ലയിച്ചെന്ന പോലെ കിടക്കുന്നവളുടെ മനസ്സിലോടുന്നത് കുനുഷ്ട്പിടിച്ച മറ്റേതോ ചിന്തകളാണെന്നൂഹിച്ചവൻ….. ഒന്നൂല്ലെങ്കിലും കൊല്ലം ഒന്നാവാറായില്ലേ ഇങ്ങനൊരുവളെ പ്രാണനായ് നെഞ്ചിൽ കുടിയിരുത്തിയിട്ട്….
സുമേഷിന്റെ നോട്ടവും തന്നിൽ നോട്ടം കൊരുത്തിരിയ്ക്കുന്നവളിലേക്കായൊതുങ്ങി….
‘സുമേഷേട്ടാ…. ഏട്ടന് ലീവ് കിട്ടുന്ന ഒരൂസം നമ്മുക്ക് നല്ലൊരു സ്കിൻ ഡോക്ടറെ കാണാൻ പോണം ട്ടോ… കുറെ വൈകണ്ട…. അടുത്തു തന്നെ പോവാം…… ”
തന്നെ നോക്കുന്ന സുമേഷിനെ അറിഞ്ഞതും തന്റെ ഉള്ളിലെ കള്ളത്തരം ഒളിപ്പിക്കാനെന്ന പോലെയവന്റെ നെഞ്ചിലായ് പറ്റിക്കൂടി കിടന്നാണ് അവളുടെയാ സംസാരം മുഴുവൻ….
തന്നിലേക്ക് പറ്റിച്ചേർന്നണഞ്ഞു പറയുന്നവളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് തന്റെ ശരീരം കൊണ്ട് തൊട്ടറിഞ്ഞു സുമേഷ്…..
“സുമേഷേട്ടന്റെ അപർണ്ണ മോളൊന്ന് ഇവിടെ എഴുന്നേറ്റിരുന്നേ… ഏട്ടനൊന്നു രണ്ടു കാര്യങ്ങൾ ചോദിക്കാനാണ്…
തന്നിലേക്ക് പറ്റി ചേർന്നിരിക്കുന്നവളോട് പറയുന്നതിനൊപ്പം തന്നെ ബലമായവളെ തന്റെ നെഞ്ചിൽ നിന്നടർത്തിമാറ്റി ബെഡ്ഡിലേക്ക് ഇരുത്തിയവൻ….
തന്റെ മുഖത്തേയ്ക്കു പോലും നോക്കാതെ അങ്ങിങ്ങ് നോട്ടമെയ്തിരിക്കുന്നവളെ പ്രണയത്തോടെ നോക്കിയിരുന്നല്പനേരം സുമേഷും…
ഇരുണ്ട നിറമാണ് അപർണയ്ക്കെങ്കിലും സുമേഷിനെ വല്ലാതെ ആഘർഷിയ്ക്കുന്നൊരു വശ്യസൗന്ദര്യമുണ്ട് അപർണ്ണയിൽ… അതവളുടെ കണ്ണാണോ ചുണ്ടാണോ എന്നൊന്നും പറയാൻ അവനും അറിയില്ല… പക്ഷെ അപർണ എന്ന പെണ്ണിലാണിന്ന് സുമേഷിന്റെ ജീവനും ജീവിതവുമെല്ലാം…
സ്കിൻ ഡോക്ടറെ ആർക്കു വേണ്ടിയാണ് അപ്പൂസേ കാണുന്നത്… എനിയ്ക്കു വേണ്ടിയാണോ നിനക്കു വേണ്ടിയാണോ….?
തന്നിൽ നോട്ടമുറപ്പിക്കാതെ അലസം മിഴികൾ അങ്ങിങ്ങ് പായിച്ചു നിൽക്കുന്നവളുടെ തുടുത്തു മലർന്ന ചുണ്ടിലൊന്നു മുത്തി കൊണ്ട് സുമേഷ് ചോദിച്ചതും അവനെ കണ്ണുരുട്ടി നോക്കി അപർണ്ണ….
“സുമേഷേട്ടൻ എന്നെ പോലെ നിറം കുറഞ്ഞിട്ടാണോ ഇരിയ്ക്കുന്നത് സ്കിൻ ഡോക്ടറെയൊക്കെ കാണാൻ….?
ഇതെനിയ്ക്ക് കാണാനാണ്… വല്ല മരുന്നും ഗുളികയും കഴിച്ചാൽ നിറം ഇത്തിരി കൂട്ടി കിട്ടുമോ എന്നറിയാൻ വേണ്ടി….”
ആദ്യം അവനോടു ദേഷ്യപ്പെട്ടെന്ന പോലെ സംസാരിച്ചു വന്നെങ്കിലും ഒടുവിൽ സങ്കടമാണ് അപർണ്ണയുടെ ശബ്ദത്തിൽ നിറഞ്ഞത്….
അതു തിരിച്ചറിഞ്ഞതും തന്റെ പെണ്ണിനെ കണ്ണു മിഴിച്ചെന്ന പോലെ ഒന്നു നോക്കി സുമേഷ്… നോക്കിയതും കണ്ടു നിറയാനൊരുങ്ങുന്ന അവളുടെ മിഴികളെ….
ഇന്നു നിന്റെ വീട്ടീന്നാരാ അപ്പൂ ഇങ്ങോട്ടു വന്നത്….?
നിന്റെ ചേച്ചിയോ…. അതോ അമ്മായിയോ…?
ചോദിക്കുമ്പോൾ ദേഷ്യം പ്രകടമാവും വിധം തെളിഞ്ഞു നിന്നിരുന്നു സുമേഷിന്റെ ശബ്ദത്തിലും…
ചോദിച്ചതു കേട്ടില്ലേ അപ്പൂ….?
അവളുടെ മൗനം കണ്ടതും അവന്റെ ചോദ്യത്തിന് കനമേറി….
രണ്ടാളും വന്നു….
മറുപടിപറയുമ്പോൾ അവനെ നോക്കിയതേയില്ല അപർണ്ണ…
കളിയാക്കിയോ അവരെന്റെ അപ്പൂസിനെ…? അതോ കുറ്റപ്പെടുത്തിയോ….?
അപർണ്ണയുടെ ചേച്ചിയേയും അമ്മായിയേയും നന്നായറിയുന്ന സുമേഷിന്റെ ചോദ്യത്തിൽ അപർണ്ണയോടുള്ള അളവില്ലാത്ത സ്നേഹം മുഴവൻ നിറഞ്ഞു നിന്നിരുന്നു….
ഞാൻ നിറം കുറഞ്ഞതുകൊണ്ട് നമുക്കുണ്ടാവുന്ന കുഞ്ഞുങ്ങളും എന്നെ പോലെ ആവും എന്ന് പറഞ്ഞു കളിയാക്കി ചിരിച്ചു രണ്ടാളും… പിന്നെ…..
വീർപ്പിച്ചു വെച്ച കവിളും ഒഴുകുന്ന കണ്ണുനീരുമായ് പറഞ്ഞു തുടങ്ങിയവൾ പാതിയിൽ നിർത്തിയതും അവളെ നെഞ്ചു വിങ്ങുന്ന സ്നേഹത്തോടെയൊന്നു നോക്കിയവനും….
പിന്നെ…. പിന്നെന്താ പറഞ്ഞതവർ….?
അവൾ നിർത്തിവെച്ചിടത്തു നിന്ന് വീണ്ടും ചോദിച്ചവൻ….
“ഉണ്ടാവണ കുഞ്ഞും എന്റെ പോലെയാവുംന്ന് കരുതിയിട്ടാണെത്രേ സുമേഷേട്ടൻ എനിയ്ക്കൊരു കുഞ്ഞിനെ തരാത്തത്… എന്നോട് ഏട്ടൻ കാണിക്കുന്നതൊക്കെ കള്ള സ്നേഹാന്നും പറഞ്ഞവർ….”
ഓർത്തോർത്തു പറയുന്നവളെ തന്റെ നെഞ്ചിലേക്കമർത്തി പിടിച്ച് ശ്വാസമൊന്നയച്ചവൻ….
എന്റെ പൊന്നുകൊച്ചേ…. നാടുനീളെ നടന്ന് പത്തു പതിനൊന്ന് പെണ്ണുകണ്ടവനാണ് ഞാൻ… അതും വെളുത്തും തുടുത്തും ചുവന്നുമെല്ലാം ഇരിയ്ക്കുന്ന പെൺക്കുട്ടികളെ…. എന്തിന് നിന്റെയീ അമ്മായിയുടെ ആ വെള്ളപ്പാറ്റ മകളെയും ഞാൻ ചെന്ന് പെണ്ണ് കണ്ടിട്ടുണ്ട്… എനിയ്ക്കവരെയൊന്നും എന്റെ ജീവിതത്തിലേക്ക് കൂട്ടാനോ എന്റെ ശരീരവും മനസ്സും പകുത്തു കൊടുത്ത് സ്നേഹിയ്ക്കാനോ തോന്നിയിട്ടില്ല… ഈ പറഞ്ഞതെല്ലാം എനിയ്ക്ക് തോന്നിയത് എന്റെ ഈ അപ്പൂസിനെ കണ്ടപ്പോഴാണ്…കണ്ട നിമിഷം കൂടെ കൂട്ടാനും നെഞ്ചോടു ചേർക്കാനുമെല്ലാം തോന്നിയത് എന്റെയീ കുറുമ്പിയെ ആണ്…
അവളുടെ നിറുകയിൽ ഒന്നൊഴിയാതെ മുത്തി സുമേഷ് പറഞ്ഞു നിർത്തുമ്പോർ പ്രണയം നിറഞ്ഞ വിടർന്ന മിഴികളോടെ അവനെ നോക്കി അപർണ…
ഇതൊക്കെ ഞാനെത്ര വട്ടം പറഞ്ഞതാ പെണ്ണേ നിന്നോട്…. പിന്നെന്തിനാ വല്ലവരും വല്ലതും പറയുന്നത് കേട്ട് ഈ കണ്ണിങ്ങനെ നിറച്ചു വെയ്ക്കുന്നത്….?
അവർക്കുള്ളത് ഞാൻ നാളെ തന്നെ കൊടുത്തോളാം… ഇനിയെന്റെ കൊച്ചിനെ വേദനിപ്പിക്കാൻ അവരീ വീടിന്റെ പടി കയറി വരുന്നത് എനിയ്ക്കൊന്നു കാണണം…. ”
അപർണ്ണയെ ആശ്വസിപ്പിച്ച് പറയുന്നവന്റെ ശബ്ദത്തിൽ അവളെ വേദനിപ്പിച്ചവരോടുള്ള ദേഷ്യം നിറഞ്ഞു നിന്നിരുന്നു….
സുമേഷിന്റെ വാക്കു കേട്ട് ഒരു ചിരിയോടെ അവന്റെ
നെഞ്ചിൽ പതുങ്ങിക്കിടന്നുറങ്ങാൻ അപർണ്ണശ്രമിച്ചതും അവളുടെ ഇടിപ്പിലായ് അമർന്നു സുമേഷിന്റെ കൈകൾ…
“അമ്മയിനേം ചേച്ചിയേയും തിരിച്ച് ഞാൻ വല്ലതും പറയുന്നതിനെക്കാൾ നല്ലതല്ലേ എന്റെ അപ്പൂസ് ഈ കുഞ്ഞു വയറിനകത്ത് എന്റെ കുത്താവയേയും ഇട്ടവരുടെ മുന്നിലൂടെ അങ്ങോളം ഇങ്ങോളം നടക്കുന്നത്…. നമ്മുക്കിപ്പോൾ മുതൽ ആ നടത്തം നടക്കാനുള്ള ശ്രമം ആരംഭിച്ചാലോ അപ്പുവേ…. ”
ഇടുപ്പിലമർന്ന കൈകൾക്കൊപ്പം കാതിൽ സ്വകാര്യം പോലെ പറയുന്നവനെ തന്നിൽ നിന്നടർത്തി മാറ്റാൻ അപർണ്ണ ശ്രമിച്ചതും കൂടുതൽ കരുത്തോടെ വീണ്ടും അവളിലേയ്ക്കു തന്നെ വന്നവൻ…
അവരുടെ സ്നേഹ കൊട്ടാരം പണിയാൻ….
ആ മുറിയ്ക്കുള്ളിലവരുടെ ചിരിയുയർന്നതും അങ്ങ് ദൂരെ ആകാശത്തൊരു കുഞ്ഞു നക്ഷത്രം ആ സ്നേഹ കൊട്ടാരത്തിലെ കുഞ്ഞതിഥിയായ് വരാനുള്ള യാത്രയും തുടങ്ങിയിരുന്നു…..
ശുഭം
✍️ രജിത ജയൻ
