✍️ ജെയ്നി റ്റിജു
കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു വെള്ളം കോരിയൊഴിച്ച് കുളിയാവസാനിപ്പിച്ച്, ആദ്യം കണ്ട ഡ്രെസ്സുമെടുത്തിട്ട് വേഗമിറങ്ങി. ക്വാട്ടേഴ്സിൽ താമസിക്കുന്നത് കൊണ്ട് പത്തുമിനുട്ട് മതി ഹോസ്പിറ്റലിൽ എത്താൻ. പോകുന്ന വഴിയിൽ ലേബർ റൂമിൽ വിളിച്ചു പേഷ്യന്റ്ന്റെ വിവരം അന്വേഷിച്ചു. ആദ്യത്തെ ഗർഭമാണ്. ഹെൽത്തി ആയിരുന്നു ഇതുവരെ. അപ്പോഴാണ് ഈ വീഴ്ച്ച. ഇപ്പോൾ നല്ല ബ്ലീഡിങ് ഉണ്ട്, വൈറ്റൽസ് ഇപ്പോൾ സ്റ്റേബിൾ ആണ്. കുഞ്ഞിന്റെയും ഹാർട്ട് ബീറ്റ് ഇപ്പോൾ കുഴപ്പമില്ല. കൂടുതൽ വിവരം സ്കാൻ കഴിഞ്ഞിട്ടേ അറിയൂ.
ഗൈനക്കോളജി വിഭാഗം ഹെഡ് ആയ സറീന മാഡത്തിന്റെ പേഷ്യന്റ് ആണ്. മാഡം ലീവിലായതിനാൽ ഞാനാണ് ചാർജ്. ഇന്നിത്തിരി തിരക്കുള്ള ദിവസം ആയിരുന്നു ഓപിയിലും ലേബർ റൂമിലും. ഉണ്ടായിരുന്ന നാലു ഡെലിവറിയും കഴിഞ്ഞു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പിച്ച ശേഷമാണ് ഞാൻ ക്വാർട്ടേഴ്സിലേക്ക് പോയത്. വല്ലാത്ത തലവേദന തോന്നിയത് കൊണ്ട് ചെന്ന് കുളിച്ചു ഭക്ഷണം കഴിച്ചൊന്ന് കിടക്കണം എന്ന് കരുതിയതാണ്. അപ്പോഴാണ് ഈ കോൾ വന്നത്.
ലേബർ റൂമിലേക്ക് കടക്കുമ്പോൾ അതിന് മുന്നിൽ ആകുലതയോടെ കൂടി നിൽക്കുന്ന അഞ്ചാറുപേർ. ഞാൻ അമ്പരപ്പോടെ കണ്ടു, അതിലൊന്ന് നിസ്സാറിക്കയാണ്. ഒരു കാലത്തെന്റെ ഭർത്താവ് ആയിരുന്നയാൾ.. ഞാൻ അയാളെ മൈൻഡ് ചെയ്യാതെ നേരെ അകത്തേക്ക് നടന്നു. അപ്പോഴേക്കും സ്കാൻ കഴിഞ്ഞിരുന്നു. യൂടെറസ് റപ്ചർ ആയിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പറ്റിയതാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയുള്ള അവസ്ഥയാണ്.
പേഷ്യന്റ് നെ കാണാനായി ചാർട്ടുമെടുത്ത് ഞാൻ ബെഡിനടുത്തേക്ക് നടന്നു.
” സൈറ നിസാർ. ”
പേര് കണ്ട് ഞാൻ നടുങ്ങി. തെറ്റിയില്ല. നിസാറിക്കയുടെ ഭാര്യ. ആ മുഖം കണ്ടപ്പോൾ ഒന്നുകൂടെ. ഞാൻ അവരുടെ വീട്ടിൽ ആയിരുന്നപ്പോൾ എന്റെ പുറകെ ഇത്താത്ത എന്ന് വിളിച്ചു ഓടിനടന്നിരുന്ന കുറുമ്പിയായ പാവാടക്കാരി. നിസ്സാറിക്കയുടെ മാമയുടെ മകൾ. അന്നവൾ പ്ലസ്ടുവിനോ മറ്റൊ പഠിക്കുകയായിരുന്നെന്ന് തോന്നുന്നു. അവളെയാണോ നിസ്സാറിക്ക രണ്ടാമത് വിവാഹം ചെയ്തത്?
” ഇത്താത്ത.. ” എന്നെ കണ്ടതും വേദനയുടെ ഇടയിലും അവൾ അത്ഭുതത്തോടെ നോക്കി.
” ഇത്താത്ത, എനിക്ക് തീരെ വയ്യ. ഞാൻ മരിച്ചുപോകുമെന്ന് തോന്നുവാ. എന്റെ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം, പ്ലീസ്.. ”
അവൾ കരഞ്ഞു. ഞാനാ കൈകളിൽ മുറുക്കെ പിടിച്ചു.
“പേടിക്കണ്ട.ധൈര്യമായി രിക്ക്. ഒന്നും സംഭവിക്കില്ല.ഞാനില്ലേ.. ” അത്രയും പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.
എത്രയും പെട്ടെന്ന് തീയേറ്റർ സെറ്റ് ചെയ്യാൻ നേഴ്സ്മാർക്ക് നിർദേശം കൊടുത്തിട്ട് ഞാൻ വിവരം അറിയിക്കാനും സമ്മതപത്രം ഒപ്പിടിവിക്കുവാനുമായി ലേബർ റൂമിലെ സീനിയർ സിസ്റ്റർ സതിയുമായി പുറത്തേക്ക് നടന്നു.
എന്നെക്കണ്ട് കൂടിനിന്നവർ ഞെട്ടിയിട്ടുണ്ടെന്ന് അവരുടെ മുഖഭാവം കണ്ടാലറിയാം.
“സറീന മാഡം ലീവായത് കൊണ്ട് ഡോക്ടർ ലെനയാണ് സൈറയെ നോക്കുന്നത്.”
സതി സിസ്റ്റർ അവരോടായി പറഞ്ഞു. അവർ അമ്പരപ്പോടെ എന്നെ നോക്കി. ആറുവർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ മുഖാമുഖം നിൽക്കേണ്ടി വന്നത്. മുന്നിൽ നില്ക്കുന്നവരെല്ലാം പരിചിതർ. ഒരുകാലത്ത് എന്റെ ബന്ധുക്കൾ ആയിരുന്നവർ, പിന്നീട് ശത്രുക്കൾ ആയിപ്പോയവർ.. അവസാനം കാണുമ്പോഴും കടിച്ചു കീറാൻ നിന്നിരുന്നവർ. ഇപ്പോൾ ദയനീയമുഖത്തോടെ മുന്നിൽ.
എംബിബിഎസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് ഉപ്പയുടെ സുഹൃത്തിന്റെ മകനായ നിസാറിന്റെ ആലോചന വരുന്നത്.. അവരുടേത് ഒരു യാഥാസ്ഥിതിക കുടുംബം ആയിരുന്നു. സന്തോഷകരം തന്നെയായിരുന്നു ജീവിതം എനിക്ക് ആദ്യത്തെ അബോർഷൻ സംഭവിക്കുന്നത് വരെ.കുഞ്ഞ് നഷ്ടപ്പെട്ടത് ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്നും ജോലി ഉപേക്ഷിക്കണമെന്നും വീട്ടിൽ നിന്നും പ്രെഷർ ഉണ്ടായി. കുടുംബത്തെ സമാധാനത്തിനു വേണ്ടി ഞാൻ അതും അനുസരിച്ചു. രണ്ടാമതും അബോർഷൻ ആയപ്പോഴാണ് കൂടുതൽ പരിശോധന നടത്തിയത്. എന്റെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ വഹിക്കാനുള്ള ബലമില്ല. നൂതന ചികിത്സവിധികൾ എല്ലാം ഉണ്ടെങ്കിലും ഒന്നിലും വിജയസാധ്യത കാണുന്നില്ല. പിന്നെ ഉള്ള ഓപ്ഷൻ വാടകഗർഭമോ ദത്തെടുക്കലോ ആണ്. അതിനെ വീട്ടുകാർ നഖശിഖാന്തം എതിർത്തു. അവരുടെ ഭാഗത്തു ന്യായമുണ്ട്. അവരുടെ മകൻ പൂർണ ആരോഗ്യമുള്ള പുരുഷൻ ആകുന്നിടത്തോളം അവർക്കിങ്ങനെയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ലല്ലോ. അതുവരെയും എന്റെ കൂടെയുണ്ട് എന്ന് ഞാൻ കരുതിയ ഇക്കയിലും മാറ്റങ്ങൾ കണ്ടപ്പോൾ ആ പടിയിറങ്ങാൻ ഞാൻ തീരുമാനിച്ചു. ഒരു മനുഷ്യന് ആദ്യം ഇടം വേണ്ടത് മറ്റുള്ളവരുടെ മനസ്സിലാണ്, അതില്ലാത്തിടത്തു നിന്നും എത്രയും പെട്ടെന്ന് ഇറങ്ങി നടക്കണം എന്ന് പറഞ്ഞത് എന്റെ ഉപ്പച്ചിയാണ്.
ഡിവോഴ്സ് സൈൻ ചെയ്തതിനു ശേഷം ഞാൻ നാട്ടിൽ നിന്നില്ല. ഡൽഹിക്ക് പറന്നു. പോസ്റ്റ് ഗ്രാജുവേഷൻ എന്തുകൊണ്ടോ ഗൈനക്കോളജിയാണ് എടുത്തത്. പിന്നെ മൂന്നുവർഷത്തോളം അവിടെ തന്നെ ജോലി ചെയ്തു. നല്ല ഡോക്ടർ എന്ന പേര് സമ്പാദിച്ചു. ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
” നോക്കൂ വീഴ്ചയിൽ കാര്യമായി ഗര്ഭപാത്രത്തിനു മുറിവുണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ആപത്താണ്. പിന്നെ, തുറന്നു പറയണമല്ലോ. ഗര്ഭപാത്രത്തിന്റെ തകരാർ എത്രമാത്രമുണ്ടെന്ന് സർജറി ചെയ്യുമ്പോഴേ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ ഗര്ഭപാത്രം തന്നെ എടുത്തു കളയേണ്ടി വന്നേക്കാം..ഉത്തരവാദിത്തപ്പെട്ടവർ സൈൻ ചെയ്തു തരണം. ”
ഞാൻ ആധികാരികമായാണ് സംസാരിച്ചത്..
അവരൊന്നു ആലോചിച്ചു നിൽക്കുന്ന പോലെ തോന്നിയപ്പോൾ സിസ്റ്ററെ സൈൻ ചെയ്യിക്കാൻ ഏൽപ്പിച്ചു ഞാൻ അകത്തേക്ക് നടന്നു.
” മോനെ, നമുക്ക് കുഞ്ഞിനെ ഇവിടെ നിന്ന് വേറെ എവിടേക്കെങ്കിലും കൊണ്ടുപോകാം. ഇവൾ പഴയ വൈരാഗ്യം വെച്ച് നമ്മുടെ കുഞ്ഞിനോട് എന്തെങ്കിലും ചെയ്താലോ.”
ആരുടെയോ വാക്കുകൾ ചിതറിത്തെറിച്ച് എന്റെ കാതുകളിൽ വീണു. ഞാൻ തിരിഞ്ഞു നിന്നു.
” വൈരാഗ്യമോ എന്ത് വൈരാഗ്യം. പഴയ കാര്യങ്ങളോർത്താണ് പറയുന്നതെങ്കിൽ അതൊന്നും ഇപ്പോഴെന്റെ മനസ്സിലേ ഇല്ല. ഞാൻ ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു ഡോക്ടർ ആണ്. സൈറ എനിക്ക് മുന്നിലെത്തുന്ന ഏതൊരു രോഗിയെയും പോലൊരാൾ മാത്രമാണ്. എന്ത് കഷ്ടപ്പെട്ടിട്ടായാലും തന്റെ രോഗികളെ രക്ഷിക്കാനേ ഏത് ഡോക്ടറും ശ്രമിക്കൂ. പിന്നെ ഞാൻ സർജറി ചെയ്യണോ അവളെ വേറെ എങ്ങോട്ടെങ്കിലും മാറ്റണോ എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷെ,എന്തായാലും പെട്ടന്ന് വേണം. അകത്തു ജീവനുവേണ്ടി പിടയുന്നത് ഒരാളല്ല, രണ്ടുപേരാണ്. അത് മറക്കണ്ട.”
ഞാൻ പിന്നെ അവിടെ നിന്നില്ല. തൊട്ടുപുറകെ നിസാർ എന്നെഴുതി ഒപ്പിട്ട സമ്മതപത്രവുമായി സതിസിസ്റ്റർ കയറി വന്നു..പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ശിശുരോഗവിഭാഗം ഹെഡ് ഫിലിപ്പ് സാറിനെ ഞാൻ തന്നെ നേരിട്ട് വിളിച്ചു. ജൂനിയഴ്സ് പോരാ സാർ തന്നെ വരണമെന്ന് റിക്വസ്റ്റ് ചെയ്തു. സിസേറിയൻ ചെയ്തു കുഞ്ഞിനെ എടുത്തു ഐസിയുവിലേക്ക് മാറ്റി. ബ്ലീഡിംഗ് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞതിനാൽ ഗര്ഭപാത്രം എടുത്തു കളയേണ്ടി വന്നില്ല. എങ്കിലും ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുള്ളതിനാൽ സൈറയെയും ഐസിയു വിലേക്ക് മാറ്റി.
അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തു എന്നറിഞ്ഞതിൽ പിന്നെയാണ് ഞാൻ പുറത്തേക്ക് ചെന്നത്. അവിടെ വേവലാതിയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു എല്ലാവരും. ഇപ്പോൾ അവരുടെ കണ്ണിൽ പേടിയില്ല, നന്ദി മാത്രം. ഒരുനിമിഷം തെറ്റിദ്ധരിച്ചു പോയതിന് കുറ്റബോധവും.
” അമ്മയും കുഞ്ഞും ഇപ്പോൾ സേഫ് ആണ്. പക്ഷെ, കുറച്ചു കോംപ്ലിക്കേറ്റഡ് ആയതിനാൽ രണ്ടുദിവസം ഐസിയു വിൽ കിടക്കേണ്ടിവരും. തത്കാലം ആവശ്യമായ രക്തം ബ്ലഡ് ബാങ്കിൽ നിന്ന് എടുത്തിട്ടുണ്ട്. പകരം ബ്ലഡ് അറേഞ്ച് ചെയ്യേണ്ടിവരും. അതെല്ലാം നേഴ്സ് പറയും. കുഞ്ഞിന്റെ കാര്യം ഇനി പീഡിയാട്രിഷൻ ആണ് നോക്കുന്നത്. സൈറയുടെ യൂടെറസ് റിപ്പയർ ചെയ്തിട്ടുണ്ട്, പക്ഷെ അതിന് ഇനിയൊരു പ്രെഗ്നൻസി താങ്ങാൻ കഴിയണമെന്നില്ല.
പിന്നെ, സർജറിക്ക് മുൻപ് സൈറ എന്നോട് പറഞ്ഞു, രണ്ടിൽ ഒരാളെയെ രക്ഷിക്കാൻ കഴിയൂ എന്ന് വന്നാൽ കുഞ്ഞിനെ രക്ഷിക്കണമെന്ന്. അവൾക്കറിയാമല്ലോ കുഞ്ഞും യൂടെറസും നഷ്ടപ്പെട്ടാൽ പിന്നെ അവൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമുണ്ടാവില്ല എന്ന്. ഞാൻ പക്ഷെ രണ്ടു ജീവനും തിരിച്ചു കിട്ടാൻ വേണ്ടി പരിശ്രമിച്ചു. എല്ലാം പടച്ചവന്റെ കൃപ. നിങ്ങൾ വിഷമിക്കണ്ട. എന്തായാലും സറീന മാഡം നാളെ തിരിച്ചെത്തും. പിന്നെ മാഡത്തിന്റെ കെയറിൽ ആയിരിക്കും സൈറ. ”
അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ പുറകിൽ ഓടിയെത്തിയിരുന്നു നിസ്സാറിക്ക.
” ലെനാ, നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരു നിമിഷം സംശയിച്ചു പോയെങ്കിൽ മാപ്പ്. കഴിഞ്ഞു പോയതിനെക്കുറിച്ച് ഇനി പറയുന്നതിൽ കാര്യമില്ലെന്നറിയാം. എങ്കിലും തെറ്റ് പറ്റിയത് എനിക്കാണ്..സൈറയെയും കുഞ്ഞിനേയും വെച്ചൊരാളെ തിരഞ്ഞെടുക്കണമെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ, സത്യമായും ഞാൻ എന്റെ സൈറയെ മാത്രമേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ. അത് അവൾ മനസ്സിലാക്കാഞ്ഞത് അവളുടെ തെറ്റല്ല, എന്റെയാ. കുഞ്ഞുങ്ങൾ പടച്ചവന്റെ വരദാനം തന്നെയാ. പക്ഷെ
അതിലും എത്രയോ വലുതാണ് ഭാര്യയും ഭർത്താവുമായുള്ള ആത്മബന്ധം എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.. ”
നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.. കാലം മാറ്റം വരുത്താത്ത മനുഷ്യർ ഇല്ലല്ലോ. ഇതിനിടയിൽ പകയ്ക്കും പ്രതികാരത്തിനും എന്ത് സ്ഥാനം…..
ജെയ്നി റ്റിജു
