ഈ തവണയെങ്കിലും നീയൊരു അമ്മയാവുന്ന് കരുതി ഞാനും സുനിലുമൊക്കെ…. “നമ്മുടെ കുടുംബത്തിൽ നീയൊരുവളെയുള്ളു….

✍️ രജിത ജയൻ

“ഞങ്ങള് മൂന്നാലു ദിവസം താമസിച്ചേ ഇങ്ങെത്തുള്ളു സുനിതേ…..
ഇരുപത്തൊന്ന് അമ്പലത്തിൽ പോവണ്ടേ…?

“നീ പുറത്താവാൻ ഇനിയും ഒരാഴ്ച കൂടിയുണ്ടെന്ന് പറഞ്ഞതു കൊണ്ടാണ് നിനക്കും കൂടി ചേർത്ത് ഞാൻ ബസ്സില് സീറ്റു ബുക്ക് ചെയ്തത്…
ഇതിപ്പോ എല്ലാ പതിവും തെറ്റിച്ച് എട്ടു പത്തു ദിവസം മുമ്പേ പുറത്താവുകയെന്ന് പറഞ്ഞാൽ വല്ലാത്തൊരു കഷ്ടം തന്നെയാണേയ്… ഓരോരോ മാറ്റങ്ങളാണിപ്പോ പെണ്ണുങ്ങളിൽ …..

” ഇനിയിപ്പോ നിന്റെ കാര്യത്തിൽ ഇവിടെയാർക്കും ഒന്നും ചെയ്യാൻ പറ്റില്ല…
ഞങ്ങള് പോയ് മടങ്ങിവരുവോളം നീ നിന്റെ വീട്ടിൽ പോയ് അമ്മയോടൊപ്പം നിൽക്ക്… തിരികെ ഞങ്ങൾ വന്നിട്ട് വന്നാൽ മതി നീ… ഞാൻ വിളിക്കാം…

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നോളം സന്തോഷിന്റെ അമ്മ പറയുമ്പോൾ അവരെ എതിർക്കാൻ കയ്യിലൊരു മറുപടി പോലുമില്ലാതെ വെറുതെ സമ്മതമെന്ന പോലെ തലയാട്ടി സുനിത….

അവളുടെ നോട്ടമൊന്ന് അമ്മയ്ക്കും സഹോദരിമാർക്കും പുറകിലായ് നിന്ന് തന്നെ നോക്കുന്ന ശ്രീകുമാറിനെ തേടിച്ചെന്നു… തന്റെ കാര്യമോർത്തുള്ള നിസ്സഹായതയാണ് ആ മുഖത്തെന്ന് കണ്ടതും ഒരു പുഞ്ചിരി എടുത്തണിഞ്ഞവൾ വേഗം തന്നെ തന്റെ ചുണ്ടിൽ…

തന്നെ താനായിട്ടറിയുന്ന, തന്റെ എല്ലാ സങ്കടങ്ങളും യാതൊരു പരാതിയുമില്ലാതെ നെഞ്ചിലേറ്റി വാങ്ങി തന്നെ ആശ്വസിപ്പിക്കുന്ന ആ പാവത്തെ സങ്കടപ്പെടുത്താൻ വയ്യ…

“ഞങ്ങളിറങ്ങും മുമ്പ് നീ വീട്ടിലേക്ക് ഇറങ്ങിക്കോ സുനീ…. സ്ക്കൂട്ടറെടുത്താൽ മതി…. ഇരുട്ടും മുമ്പ് അങ്ങ് ചെല്ലാലോ….
ശ്രീ നീ സുനിലിനെ ഒന്നു വിളിച്ച് കാര്യം പറഞ്ഞേക്ക്, പെട്ടന്ന് യാത്രയിൽ നമുക്കൊപ്പമല്ലാതെ ഇവളങ്ങ് ചെന്ന് കയറുമ്പോൾ ആധിയാവും അവിടെ ഉള്ളവർക്ക്… കാര്യം നേരത്തെ പറഞ്ഞാൽ ആ ആധിയങ്ങ് ഒഴിവാക്കാലോ…”

സുനിതയെ പറഞ്ഞയക്കുന്നതിനു മുമ്പ് അവളുടെ ചേട്ടൻ സുനിലിനെ വിളിച്ച് കാര്യം പറയാൻ അമ്മ ശ്രീകുമാറിനെ ഏല്പിക്കുന്നത് കേട്ടപ്പോൾ എന്തോ നെഞ്ചൊന്ന് പിടഞ്ഞു അവൾക്ക്…

“ശ്രീയേട്ടാ ഞാനിറങ്ങി ട്ടോ…

ചുണ്ടിലെ ചിരി മായാതെ ശ്രീകുമാറിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞവിടെ നിന്നിറങ്ങിയതും സ്വന്തം വീട്ടിലേക്ക് ഈ ഒരവസ്ഥയിൽ കയറി ചെല്ലുന്നതോർത്തുള്ള അസ്വസ്ഥത തിങ്ങി അവളുടെ നെഞ്ചിൽ….

സ്കൂട്ടർ സ്വന്തം വീടിന്റെ ഗേറ്റു കടക്കുമ്പോഴേ സുനിത കണ്ടിരുന്നു സിറ്റൗട്ടിൽ അവളെ കാത്തെന്ന പോലെയിരിക്കുന്ന പെറ്റമ്മയെ…

ഒന്നിടം വലം ചുറ്റി അവളുടെ കണ്ണുകൾ ആരെയോ തേടി എന്ന പോലെ…

തേടിയ ആളെ കണ്ണിൽ പെടാതെ വന്നതും സ്വയം പുച്ഛിക്കുന്നൊരു ചിരി അവളറിയാതെ തന്നെ തെളിഞ്ഞവളുടെ ചുണ്ടിൽ

“എന്നാലും എന്റെ സുനീ ദൈവങ്ങൾക്കു പോലും ഇത്തിരി കരുണയില്ലല്ലോ നിന്നോട്… ഉണ്ടായിരുന്നേൽ നല്ലോരു കാര്യത്തിന് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം വെച്ച ഈ സമയത്ത് തന്നെ
നീ ഇങ്ങനെ പുറത്താവില്ലല്ലോ…?

സ്കൂട്ടർ നിർത്തി സുനിത ഇറങ്ങും മുമ്പേ തുടങ്ങി വച്ചു അവളുടെ അമ്മ മാലതി…

“നീ നോമ്പും വൃതവുമെല്ലാം നേരെ തന്നെയല്ലേ എടുത്തത്…. ?
എന്തെങ്കിലും പിഴവ് വന്നോ നിന്റെ ഭാഗത്ത് നിന്ന്…?
അതോണ്ടാണോ സുനിതേ നീ നേരത്തെ പുറത്തായത്….?

ചോദ്യങ്ങൾക്കു മേൽ ചോദ്യങ്ങൾ ചോദിയ്ക്കുന്ന അമ്മ തന്നോടൊന്ന് കയറിരിക്കാൻ പോലും പറയുന്നില്ലല്ലോ എന്നോർത്തവൾ സിറ്റൗട്ടിൽ നിന്നകത്തേയ്ക്ക് കയറിയതും കണ്ടു ഡൈനിംഗ് ടേബിളിനടുത്തായ് വെച്ച സ്റ്റാൻഡിലിരുന്ന് തന്നെ സ്നേഹമൂറുന്ന പുഞ്ചിരിയോടെ നോക്കുന അച്ഛന്റെ മാലയിട്ട വലിയ ഫോട്ടോ..

അച്ഛനുണ്ടായിരുന്നെങ്കിൽ…..

ഓർത്തു പോയവൾ…..

“ഏടത്തി അമ്മയും ഏട്ടനും കുഞ്ഞൂട്ടനും എവിടെ അമ്മേ…?

അകത്തെ തുറന്നു കിടക്കുന്ന റൂമിന്റെ വാതിൽക്കലേക്ക് നോട്ടമയച്ച് സുനിത അമ്മയോട് ചോദിച്ചതും ഒന്നിരുണ്ടു അമ്മയുടെ മുഖം വേഗത്തിൽ…

അമ്മയിൽ തന്നെ നോട്ടം വെച്ചിരുന്നവളുടെ കണ്ണുകൾ വളരെ വേഗം കണ്ടു പിടിച്ചു തന്റെ ചോദ്യത്തിൽ ഇരുണ്ടു പോയ അമ്മയുടെ മുഖഭാവം…

“നീ ഇങ്ങ് വന്നു കയറിയതല്ലേയുള്ളു സുനീ…. ഇനിയിപ്പോ അവരു മടങ്ങിവരുവോളം ഇവിടെ തന്നെ ഉണ്ടാവുകയും ചെയ്യും… അവരെ അപ്പോ കാണാലോ …. ഇപ്പോ അവരൊന്നു പുറത്തു പോയതാണ്…”

എന്തോ പറയാൻ വന്നത് മറച്ചെന്ന പോലെവർ പറഞ്ഞതും കൂടുതലൊന്നും പിന്നിടവരോടു ചോദിച്ചില്ല സുനിതയും…

“നിങ്ങൾ ഇത്തവണ ഡോക്ടറെ കാണിച്ചില്ലേ
സുനിതേ…. ഈ മാസം ഞാൻ ചെറിയൊരു പ്രതീക്ഷ വച്ചതായിരുന്നു നിന്റെ കാര്യത്തിൽ…
ഈ തവണയെങ്കിലും നീയൊരു അമ്മയാവുന്ന് കരുതി ഞാനും സുനിലുമൊക്കെ….

“നമ്മുടെ കുടുംബത്തിൽ നീയൊരുവളെയുള്ളു കല്യാണം കഴിഞ്ഞ് വർഷം അഞ്ചായിട്ടും മക്കളൊന്നും ആവാതെ നിൽക്കുന്നത്… ഒന്നും പറഞ്ഞിട്ട് കാര്യമില്ല നല്ല കുടുംബത്തിലേക്ക് കല്യാണം കഴിഞ്ഞ് കെട്ടിക്കേറാനുള്ള ഭാഗ്യമേ നിനക്കുള്ളു… അവിടുള്ളവർക്ക് അവരുടെ പരമ്പരയിൽ ഒന്നിനെ പെറ്റു കൊടുക്കാൻ നിനക്ക് യോഗല്ല… അല്ലാതെന്തു പറയാനാ നിന്റെ കാര്യത്തിൽ….”

അമ്മയുടെ വാക്കുകളോരോന്നും ഹൃദയത്തെ പിളർന്നു കടന്നു പോയിട്ടും കല്ലു പോലവർക്കു മുമ്പിൽ കരയാതെ പിടിച്ചു നിന്നു സുനിത…

കഴിഞ്ഞ രണ്ടു മൂന്നു വർഷമായിട്ടിതെല്ലാം ശീലമാണവൾക്ക് … പരാതി പറഞ്ഞിട്ടില്ല ആരോടും… നൊന്തു പ്രവിച്ച മകളുടെ സങ്കടത്തിൽ അവൾക്കൊപ്പം നിൽക്കുന്നതിനു പകരം കുത്തിനോവിക്കുന്നൊരമ്മ…അതാണ് സുനിതയ്ക്ക് അവളുടെ അമ്മ…

ശ്രീകുമാറിനോടു പോലും പറഞ്ഞിട്ടില്ല, സ്വന്തം വീട്ടിലെ തന്റെ അവസ്ഥ… പറയാതെ പലതും ഊഹിച്ചെടുത്ത ആ മനുഷ്യൻ ഇന്നുവരെ അതൊന്നും അവളോടു ചോദിച്ചവളെ വേദനിപ്പിച്ചിട്ടും ഇല്ല…

” അമ്മേ… ഏട്ടനും ഏടത്തിയും വന്നുവെന്ന് തോന്നുന്നു പുറത്തൊരു വണ്ടീടെ ശബ്ദം…

അമ്മയുടെ പരാതികളിൽ നിന്നൊരു രക്ഷതേടി അവളിരിയ്ക്കും നേരത്താണ് പുറത്തൊരു വണ്ടിയുടെ ശബ്ദം സുനിത കേട്ടത്…

വേഗത്തിലെഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങിയ സുനിതയുടെ കയ്യിൽ അമ്മ കയറി പിടിച്ചത് അവളൊട്ടും പ്രതീക്ഷിക്കാതെയാണ്..

നീയ്യിത് എങ്ങോട്ടാ സുനിതേചാടിത്തുള്ളി പോണത്….?
നിന്നോടെത്ര പ്രാവശ്യം ഞാൻ പറഞ്ഞു തന്നിട്ടുണ്ട് അങ്ങനെയിങ്ങനെ ഓടിച്ചെന്ന് കുഞ്ഞൂട്ടനെ എടുക്കരുതെന്ന്… കാര്യം നിന്റെ ഏട്ടന്റെ കുഞ്ഞാണവൻ… പക്ഷെ നീ വന്നെടുത്തിട്ട് പോവുന്ന ദിവസങ്ങളിലെല്ലാം ആ കുട്ടിയ്ക്ക് വല്ലാത്ത വാശിയും കരച്ചിലുമൊക്കെയാണ്…. നിന്റെ കണ്ണും ദൃഷ്ടിയുമൊന്നും ശരിയല്ല സുനിതേ… നീ കുഞ്ഞിനെ എടുക്കണ്ട തൽക്കാലം… മാറി നിന്ന് നോക്കിയാൽ മതി…
നീ പ്രസവിക്കാത്തവളാണെന്നും അതിന്റെ ദോഷങ്ങൾ നിനക്കുണ്ടെന്നും നീ എപ്പോഴും ഓർക്കണം.. ഇവിടെ മാത്രമല്ല അവിടെ ശ്രീകുമാറിന്റെ വീട്ടിലും…. അവിടെ വേറെയും കുഞ്ഞുങ്ങളുള്ളതല്ലേ… ”

അതിന്റെ ആവശ്യമില്ല സുനിതേടെ അമ്മേ…

അമ്മ പറഞ്ഞു നിർത്തിയതും വാതിൽക്കൽ നിന്നുറക്കെ ഉയർന്നത് ശ്രീകുമാറിന്റെ അമ്മയുടെ ശബ്ദമാണ്…

അമ്മ മാത്രമല്ല, സുനിതയും ഞെട്ടി അവരെ ആ സമയം അവിടെ കണ്ടതും….

താൻ സുനിതയെ പറഞ്ഞതെല്ലാം ശ്രീകുമാറും അവന്റെ അമ്മയും കേട്ടുവെന്നായതും വിളറി വെളുത്തവർ…

നീയെന്താ മോളെ ഫോണെടുക്കാതെ വന്നത്… അതു തരാൻ വേണ്ടി വന്നതാ ഞങ്ങളീ വഴി… അതേതായാലും നന്നായി… ഒരുപാടുസങ്കടങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന സ്വന്തംമകളെ ആശ്വസിപ്പിക്കുന്നൊരു അമ്മയെ കാണാൻ പറ്റിയല്ലോ അത് കൊണ്ട്…കഷ്ടം…. നിങ്ങളെയൊക്കെ അമ്മ എന്ന് പറയാൻ പറ്റ്വോ….?

നിറഞ്ഞിരിക്കുന്ന സുനിതയുടെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു കൊണ്ടവളെ തന്നോടു ചേർത്തു നിർത്തി ശ്രീകുമാറിന്റെ അമ്മ ചോദിച്ചതും വിളറി വിയർത്തു സുനിതയുടെ അമ്മ….

സുനിതേ…. മോളെ… ബാഗെടുക്ക്… നമ്മുക്ക് തിരികെ പോവാം… ബാക്കി കാര്യങ്ങൾ അവിടെ ചെന്ന് തീരുമാനിക്കാം… നീയിനി ഇവിടെ നിൽക്കണ്ട…നിന്നെ തലോടേണ്ട കൈകൾ നിന്നെ തല്ലുന്ന വിവരം ഞാനറിഞ്ഞിരുന്നില്ല മോളെ…. അറിഞ്ഞിരുന്നേൽ നിന്നെ ഇങ്ങോട്ടു ഞാനൊരിക്കലും വിടില്ലായിരുന്നു ….

സുനിതയുടെ കൈ പിടിച്ചവർ നടന്നതും ഒന്നു തിരിഞ്ഞു പെട്ടന്ന് സുനിതയുടെ അമ്മയെ നോക്കി… ഞാനെന്റെ മക്കളെയും മരുമക്കളെയും ഇന്നേ വരെ വേർത്തിരിച്ചു കണ്ടിട്ടില്ല… അതു കൊണ്ടു തന്നെ ഇവർക്ക് കുട്ടികൾ ഇല്ലാത്തതൊരു പോരായ്മയായിട്ടും തോന്നിയിട്ടില്ല… ആ വീട്ടിൽ ഉളള കുട്ടികളെല്ലാം ഞങ്ങളുടേതാണ്… അവിടെ എന്റേയും നിൻ്റേയും ഒന്നുമില്ല… ഞാനിപ്പോഴീ കൊണ്ടു പോവുന്നതു എന്റെ മകന്റെ ഭാര്യയെയാണ്.. അവന്റെ മരണം വരെയും ഇവൾ തന്നെയാവും അവന്റെ ഭാര്യ… അതിന് ഇവർക്കിടയിലൊരു കുഞ്ഞിന്റെ കെട്ടുറപ്പു പോലും വേണം എന്നില്ല… നിങ്ങൾ ഇനി എന്റെ മകന്റെ ഭാര്യയെ കാണാൻ വരുമ്പോൾ ആ ഓർമ്മയുണ്ടാവണം നിങ്ങളുടെ ഉള്ളിൽ…. മറക്കണ്ട….

സുനിതയുടെ കൈ പിടിച്ച് ആ അമ്മ അവിടുന്ന് പടിയിറങ്ങുമ്പോൾ സുനിതയും പൂർണ്ണമായ് മരുമകളിൽ നിന്നവരുടെ മകളായ് മാത്രം മാറിയിരുന്നു..

ജന്മം കൊടുത്തവൾ മറ്റൊരുവൾക്ക് മകളായ് തന്റെ വീടിന്റെ പടി എന്നേയ്ക്കുമായ് ഇറങ്ങി പോവുന്നത് ഒരിക്കലും മാറാത്ത കുറ്റബോധത്തോടെ നോക്കി നിന്നു സുനിതയുടെ അമ്മയും…

രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *