✍️ രജിത ജയൻ
“സമ്പത്തിന്റെ വലുപ്പവും ബന്ധുക്കളുടെ ബലവും കൊണ്ട് ഈ തോട്ടം മൂലയിലെ ഏറ്റവും വലിയ കുടുംബമാണ് കുന്നുമ്മൽക്കാരെന്ന് ഞാൻ പറയാതെ തന്നെ അറിയാലോ തൊമ്മി നിനക്ക്….?
അവിടുത്തെ ഒറ്റ മകനാണ് ഡെന്നീസെന്നും നിനക്കറിയാം …
ആ ഡെന്നീസാണ് നിന്റെ ഇളയ പെൺക്കുട്ടിയെ കണ്ടു മോഹിച്ചത്… ആൻമരിയയെ… അവൾക്കുള്ള ഡെന്നീസിന്റ കല്യാണ ആലോചനയും കൊണ്ടാണ്
ഇങ്ങോട്ടുള്ള എന്റെയീ വരവ്…”
നീളൻ വരാന്തയിലിട്ട മര ബഞ്ചിൽ കാലുകൾ നീട്ടിവെച്ചിരുന്ന് ബ്രോക്കർ ചന്ദ്രൻ അപ്പച്ചനോടു തന്റെ കല്യാണ കാര്യങ്ങൾ സംസാരിക്കുന്നത് വീടിനകത്തെ തന്റെ കൊച്ചുമുറിയിലിരുന്നു കേട്ടു ആൻ മരിയ….
അപ്പച്ചന്റെ മറുപടി എന്താവുമെന്നറിയാൻ വെറുതെ പോലും അവൾ കാതുകൾ കൂർപ്പിച്ചില്ല… കേൾക്കാതെ തന്നെയറിയാം അപ്പച്ചന്റ മറുപടി….
ഇറച്ചിവെട്ടുക്കാരനായ തന്റെ അപ്പച്ചൻ നല്ല വില വാങ്ങി തന്നെ തന്റെ ഇറച്ചിയും ഡെന്നീസിനു വിൽക്കുമെന്നുറപ്പാണവൾക്ക്…
തന്റെ രണ്ടു ചേച്ചിമാരെയും അപ്പൻ വിറ്റത് അങ്ങനെയാണല്ലോ….
പുച്ഛം തിങ്ങിയൊരു ചിരി അവളുടെ ചുണ്ടിൽ തത്തി കളിയ്ക്കും നേരം ചന്ദ്രൻ ബ്രേക്കറോട് തന്നെ കാണാൻ വരാൻ ഡെന്നീസിന് അപ്പൻ അനുവാദം നൽക്കുന്നത് കൂടി കേട്ടവൾ…
കച്ചവടത്തിന്റെ ലാഭം എത്രയും വേഗം പോക്കറ്റിലെത്തിക്കാനുള്ള തിടുക്കമാണ് അപ്പന്…
മൂന്നു പെൺകുട്ടികളെ പെറ്റിട്ടത് അമ്മച്ചിയുടെ കഴിവുക്കേടാണെന്നു പറഞ്ഞ് എന്നും അമ്മച്ചിയെ ചീത്ത പറയുന്നതും ഒരവസരമെത്താൽ അമ്മച്ചിയെ കൈവെയ്ക്കുന്നതും ഹരമായിരുന്നപ്പന്… അമ്മച്ചിയുടെ മരണം വരെയും അതു തുടരുകയും ചെയ്തിരുന്നപ്പൻ…
പെൺമക്കളുടെ സൗന്ദര്യം തന്റെ പോക്കറ്റ് നിറയ്ക്കുമെന്നറിഞ്ഞതിൽ പിന്നെയാണ് അപ്പൻ തങ്ങൾ മൂന്നു പെൺക്കുട്ടികളെ നോക്കിയൊന്ന് ചിരിയ്ക്കുകയെങ്കിലും ചെയ്തുതുടങ്ങിയത്….
രണ്ടാം കെട്ടുക്കാരനും, പ്രായത്തിലേറെ വ്യത്യാസമുള്ളവനുമെല്ലാം തന്റെ ചേച്ചിമാരുടെ ഭർത്താക്കൻമാരായത് അപ്പൻ അവരെ കച്ചവട കണ്ണിലൂടെ കണ്ടു കല്യാണം നടത്തിയതുകൊണ്ടു മാത്രമാണ്…
ഇനിയപ്പന്റെ ഇര താനാണ്..
ഡെന്നീസ്…. കുന്നുമ്മൽ തറവാട്ടിലെ കോടിക്കണക്കിനു സമ്പത്തിന്റെ ഏക അവകാശി….
ആറടിയിലേറെ ഉയരമുള്ള കരിവീട്ടികളറുള്ളൊരുവൻ…
പുറമേ കാണുന്ന അയാളുടെ കറുത്ത നിറത്തെക്കാൾ ഇരുളിമയുണ്ടയാളുടെ മനസ്സിനകത്തെന്ന് പലരും പറഞ്ഞു കേട്ട് മനസ്സിലാക്കിയിട്ടുണ്ടവൾ….
പതിവിലുമേറെ സമയമെടുത്തൊരുങ്ങി സുന്ദരിയായിരിയ്ക്കുന്ന മകളെ തൊമ്മി നോക്കിയത് നിറഞ്ഞതൃപ്തിയോടെയും സന്തോഷത്തോടെയുമാണ്…
ഡെന്നീസിന്റെ ആലോചനയോടെതിർപ്പു പറയാതെ അവനെ കാണാൻ ചമഞ്ഞൊരുങ്ങിയിരിക്കുന്നവൾ… അവളും ആഗ്രഹിയ്ക്കുന്നുണ്ട് അവനെ പോലൊരു കോടീശ്വരന്റെ ഭാര്യയാവാൻ…. തനിയ്ക്കൊത്ത മകളാണിവൾ…
മുന്നിൽ തെളിഞ്ഞ ചിരിയോടെ വന്നു നിൽക്കുന്ന ആൻമരിയയെ ഡെന്നീസ് മിഴിഞ്ഞ കണ്ണുകളോടെയാണ് നോക്കിയത്.. അവൻ കണ്ടു മോഹിച്ചതിനെക്കാൾ ഇരട്ടി സൗന്ദര്യമുണ്ടവൾക്കിപ്പോൾ…
ഒരു സിനിമാ നടി സ്ക്രീനിൽ നിന്നിറങ്ങി വന്നതു പോലെ….
ഉള്ളിൽ പറഞ്ഞു പോയവനറിയാതെ തന്നെ….
വിലപേശലുകളില്ലാതെ ഏറ്റവും അടുത്തൊരു ദിവസം മിന്നുകെട്ടിനായ് തീർപ്പാക്കി പിന്നെയും പിന്നെയും തന്റെ മകളെ തിരിഞ്ഞു നോക്കി പോവുന്ന ഡെന്നിസ് തൊമ്മിയുടെ സ്വപ്നങ്ങളെ വാനോളം ഉയർത്തിപ്പോൾ അയാളിലെ ആർത്തിപൂണ്ട അപ്പനെ ഉള്ളിൽ പരിഹസിച്ചു ചിരിച്ചു ആൻമരിയ
“മിന്നുക്കെട്ട് കഴിഞ്ഞാൽ ഉടനെ തരും അഞ്ചു ലക്ഷം അവനെനിക്ക്… പിന്നെ നിനക്കുള്ള സ്വർണ്ണവും…അതാണ് ഞങ്ങളുടെ കരാർ… സ്വർണ്ണമെന്തായാലും ഒരു അമ്പതു പവനിൽ കുറയില്ല… കൂടുകയേ ഉള്ളു… മിന്നുകെട്ട് കഴിഞ്ഞിറങ്ങുമ്പോൾ ആ സ്വർണ്ണത്തിൽ പാതി കൊച്ച് അപ്പനഴിച്ചു തന്നിട്ടു വേണം പോകാൻ… അവന്റെ വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോ അതൊക്കെയവൻ തിരികെ വാങ്ങിയാലോ… നമുക്ക് നഷ്ടം പറ്റരുത് കൊച്ചേ… പാതിയും മറക്കാതെ ഊരി തരണം കേട്ടോ… ”
മിന്നുക്കെട്ടിന്റെ അന്ന് രാവിലെ ഒരുങ്ങാൻ വേണ്ടി ബ്യൂട്ടി പാർലറിലേക്ക് ഡെന്നിസ് പറഞ്ഞയച്ച ആൾക്കൊപ്പം പോവാനിറങ്ങിയ ആൻ മരിയയോട്
തൊമ്മി വന്നു പറയുമ്പോൾ അയാളെ നോക്കി സമ്മതത്തിൽ വേഗത്തിൽ ശിരസ്സിളക്കി ആൻ മരിയ എങ്കിലും പള്ളിയിൽ വെച്ച് ഒരുങ്ങി മുന്നിൽ വന്നു നിൽക്കുന്നവളെ കണ്ടതും വാ തുറന്നു നോക്കി നിന്നു പോയ് തൊമ്മി…
ഒരു സ്വർണ്ണക്കട തന്നെ തന്റെ മുമ്പിൽ വന്നു നിൽക്കുന്നതു പോലെ തോന്നി തൊമ്മയ്ക്ക് മകളെ കണ്ടപ്പോൾ…..
ഇരുന്നൂറോ… മുന്നൂറോ… അതോയിനി അഞ്ഞൂറോ…
എത്ര പവനാവും… മനസ്സിലളന്നയാൾ ആർത്തിയോടെ…
അപ്പൻ പറഞ്ഞതു മറക്കണ്ട ട്ടോ അപ്പന്റെ മോള്… ഊരി തന്നേക്കണം പകുതിയും…
അവളെ തന്നോടു ചേർത്തൊന്ന് പുണർന്നു വിടും നേരം മറ്റൊരും കേൾക്കാതെ അവളുടെ കാതിൽ പറഞ്ഞയാൾ….
ഹൃദ്യമായ ചിരിയോടെ തനിയ്ക്ക് അരികിൽ വന്നു നിൽക്കുന്നവളെ ഹൃദയം നിറഞ്ഞു നോക്കി നിൽക്കുമ്പോൾ അവളുടെ മുഖത്തെവിടെയെങ്കിലും തന്നോടുള്ള ഇഷ്ടക്കേടുണ്ടോ എന്നു തിരഞ്ഞു ഡെന്നീസെങ്കിലും ഒരു നോട്ടത്തിലൂടെ പോലും തനിയ്ക്കവനോടുള്ള ഇഷ്ടം അവനെ അറിയിച്ചു കൊണ്ടിരുന്നു ആൻമരിയ…
ഡെന്നീസിന്റെ മിന്നു കഴുത്തിലേറ്റു വാങ്ങി അവനോടു ചേർന്നു നിന്നു ആൻമരിയ..
അവിടെ കൂടിയിരുന്നവരുടെയെല്ലാം കണ്ണുകൾ തന്റെ പെണ്ണിന്റെ സൗന്ദര്യത്തിലാണെന്നു കണ്ടതും അഹങ്കാരം നിറഞ്ഞു ഡെന്നീസിൽ… തന്റെ ഇടം കൈ അവളുടെ ചുമലിലൂടെയിട്ട് അവളെ തന്നിലേക്ക് ചേർത്തു പിടിയ്ക്കുമ്പോൾ ഇവൾ എന്റെയാണെന്നൊരു ഭാവം നിറഞ്ഞു തെളിഞ്ഞു നിന്നു ഡെന്നീസിൽ….
“നീയിവിടെ നിൽക്ക് കൊച്ചേ… ഞാൻ നിന്റെ അപ്പനെയൊന്നു കണ്ടിട്ട് വേഗം വരാം…. ”
തന്റെ ജുബയുടെ പോക്കറ്റിൽ തൊമ്മിയ്ക്കുള്ള ചെക്കുണ്ടെന്നുറപ്പു വരുത്തി അയാളെപുറത്തേക്കിറങ്ങാൻ തുടങ്ങിയ ഡെന്നീസിന്റെ കൈ തണ്ടയിൽ അവനൊട്ടും പ്രതീക്ഷിക്കാതെ ആൻ മരിയയുടെ കൈ മുറുകി…
“ഞാൻ ഡെന്നിച്ചനെ എനിയ്ക്കിഷ്ടമായതുകൊണ്ടു മാത്രമാണ് കല്യാണം കഴിച്ചത്… ഡെന്നിച്ചന്റെ പണമോ സമ്പത്തോ ഞാൻ മോഹിച്ചിട്ടില്ല…മറിച്ച്
ഡെന്നിച്ചനും എന്നെ ഇഷ്ടമാണല്ലോ എന്നു മാത്രമാണ് ഞാൻ കരുതിയത്… ഇന്നിപ്പോൾ എന്നെ കല്യാണം കഴിപ്പിച്ചു തന്നതിന്റെ പേരിൽ എന്റെ അപ്പന് പണം നൽകാനാണ് ഡെന്നിച്ചൻ ഈ പോവുന്നതെങ്കിൽ എന്റെ അപ്പനു പണം നൽകി നിങ്ങളെന്നെ വിലയ്ക്കു വാങ്ങിയതായിട്ടെനിയ്ക്കു തോന്നും… അങ്ങനെ തോന്നിയാൽ ഞാനൊരിക്കലും….ഒരിക്കലുമെന്നു പറഞ്ഞാൽ എന്റെ മരണം വരെ നിങ്ങളെ എന്റേതായ് കണ്ടു സ്നേഹിക്കില്ല… നിങ്ങളോടുള്ള സ്നേഹം മനസ്സിൽ നിറച്ചുവെച്ച് നിങ്ങൾ മോഹിക്കുന്ന എന്റെ ഈ ശരീരം നിങ്ങൾക്കു നൽക്കില്ല…
മറിച്ച് നിങ്ങൾ വിലക്കെടുത്ത ഒരടിമ മാത്രമായ് ജീവിയ്ക്കും എന്റെ മരണം വരെ ഞാൻ നിങ്ങൾക്കൊപ്പം…
അങ്ങനെയൊരു അടിമ ഉടമ ബന്ധമാണ് നമ്മൾ തമ്മിൽ ഡെന്നിച്ചൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ ചെക്ക് അപ്പനു നൽകിക്കോളൂ… തടയില്ല ഞാൻ….”
ഡെന്നീസിന്റെ മുഖത്തു നോക്കി ഉറപ്പോടെ ആൻമരിയ പറഞ്ഞതും അവളെ ഉറ്റുനോക്കി അൽപ്പനേരം നിന്നു ഡെന്നീസ്…
അവളുടെ കണ്ണിലെ തിളക്കം അതു തന്നോടുള്ള പ്രണയമാണെന്ന തിരിച്ചറിവിൽ ഒരു നിറപുഞ്ചിരി തെളിഞ്ഞു അവന്റെ മുഖത്തും
ഭക്ഷണശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ഡെന്നീസിനൊപ്പം കാറിൽ കയറാനൊരുങ്ങുന്ന മകളെയും തന്നെയൊന്ന് നോക്കുക പോലും ചെയ്യാത്ത മരുമകനെയും മിഴിച്ചു നോക്കി തൊമ്മി..
ആൻമരിയ കൊച്ചേ….
ഒരു നോട്ടം കൊണ്ട് തന്നോടു യാത്ര പറഞ്ഞു പോകുന്നവളെ വെപ്രാളത്തോടെ വിളിച്ചു പോയ് തൊമ്മി…..
ഒരു ചിരിയോടെ അയാൾക്കടുത്തെത്തി അവൾ
“അപ്പനാഗ്രഹിച്ച പണവും മോഹിച്ച സ്വർണ്ണവും ഞങ്ങളിൽ നിന്ന് പ്രതീക്ഷിച്ചാണ് അപ്പന്റെ ഈ നിൽപ്പെങ്കിൽ വെറുതെയാ… ഒന്നും കിട്ടാൻ പോകുന്നില്ല അപ്പന് എന്റെ കയ്യീന്ന്…. ഡെന്നിച്ചന്റെ കയ്യീന്നും കിട്ടില്ല… അതും മുടക്കി ഞാൻ…”
മുഖത്തെ ചിരി മായാതെയവൾ പറഞ്ഞതും അവളെ ഞെട്ടി നോക്കി തൊമ്മി…
എടീ…..
ശബ്ദമമർത്തി ദേഷ്യത്തിലയാൾ വിളിച്ചതും മുഖത്തെ ചിരി മായാതെ അയാളെ നോക്കി നിന്നവൾ
“എന്റെ സൗന്ദര്യം കണ്ട് അപ്പന് സ്വപ്നങ്ങൾ കാണാമെങ്കിൽ ആ സൗന്ദര്യം സ്വന്തമായുള്ള എനിയ്ക്ക് എന്താ സ്വപ്നങ്ങൾ കണ്ടൂടെ അപ്പാ…?
ഡെന്നിസിന് എന്റെ ഇനിയുള്ള ജീവിതവും എന്റെയീ ശരീരവും നൽകുന്നത് ഞാനാണ്… അപ്പോഴതിന്റെ ലാഭവും കൈ പറ്റേണ്ടത് ഞാൻ മാത്രമാണ്… എന്റെ ചേച്ചിമാരെ വിറ്റ കാശിനിയും മിച്ചമില്ലേ അപ്പന്റെ കയ്യിൽ… തൽക്കാലം അതുകൊണ്ടുള്ള സ്വപ്നങ്ങൾ കണ്ടാൽ മതി അപ്പൻ… എന്നാൽ ഞാൻ പോട്ടെ അപ്പാ…. ”
കണ്ട നേട്ടങ്ങളെല്ലാം ആൻമരിയയുടെ വാക്കുകളിൽ തട്ടി തകർന്നു വീഴുമ്പോഴും ആ പള്ളിമുറ്റത്ത് വെച്ച് അത്രയും ആളുകൾക്കിടയിൽ വെച്ച്അവളോടൊന്നും പറയാൻ പറ്റാതെ തന്റെ ദേഷ്യം കടിച്ചമർത്തി നിന്നു തൊമ്മി… തികച്ചും നിസ്സഹായനായ്….
ആ ദേഷ്യമറിഞ്ഞു തന്നെ മറ്റുള്ളവർ കാൺകെ അയാളെ ഒന്ന് പുണർന്നു മാറി ഡെന്നിസിനൊപ്പം കാറിൽ കയറുമ്പോൾ മുമ്പോട്ടുള്ള തന്റെ ജീവിതം
ഡെന്നിസിനൊപ്പം എങ്ങനെ ഭദ്രമാക്കണമെന്ന് കൃത്യമായറിവുണ്ടായിരുന്നു ആൻമരിയക്ക്…
അതിനു തനിയ്ക്കും സമ്മതമെന്നതു പോലെ അവളുടെ ഉള്ളംകൈ ഡെന്നിസ് തന്റെ കൈക്കുള്ളിൽ ഭദ്രമായ് മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നന്നേരം….
ശുഭം…..
രജിത ജയൻ
