ടീ ശിവേ… മനയ്ക്കലെ കിച്ചേട്ടൻ ഏതോ മദാമ്മ കൊച്ചുമായി ലോഹ്യത്തിലാണെന്ന് പറയുന്നത് കേട്ടു…പെണ്ണെ സത്യാണോടീ ….

ഭദ്രനന്ദനം

ടീ ശിവേ… മനയ്ക്കലെ കിച്ചേട്ടൻ ഏതോ മദാമ്മ കൊച്ചുമായി ലോഹ്യത്തിലാണെന്ന് പറയുന്നത് കേട്ടു…പെണ്ണെ സത്യാണോടീ ….

അത് വരെ കിലുക്കാം പെട്ടി പോലെ സംസാരിച്ചിരുന്ന ശിവഭദ്ര പെട്ടെന്ന് നിശബ്ദമായി…

അമ്മയാ പറഞ്ഞത്… ഇന്നലെ കുടുംബശ്രീ കൂടിയപ്പോ അവിടന്ന് കിട്ടിയതാ… നേരാണോടീയേ…

നിക്കറിയില്ല കല്യാണി… ഞാനാവക കാര്യങ്ങളിലൊന്നും ഇടപെടാറില്ല….ന്നോട് ഒന്നും ചോദിക്കേം വേണ്ടാ

ശിവഭദ്രയുടെ കണ്ണൊക്കെ നിറഞ്ഞ് വന്നു…മൂക്കിൻ തുമ്പ് വല്ലാണ്ട് ചുവന്നു.. അധരം തെല്ലു വിറ കൊണ്ടു.. കല്യാണി കാണാതെ  ഇട്ടിരുന്ന ചുരിദാറിൻ്റെ തട്ടത്തലപ്പ് കൊണ്ടവൾ കണ്ണ് തുടച്ചു….

അല്ലേലും പഠിക്കാനെന്നും ജോലിക്കെന്നും ഒക്കെ പറഞ്ഞ് വല്യ വീട്ടിലെ കുട്ട്യോളൊക്കെ പോകുന്നത് ഇതിനൊക്കെ തന്ന്യാ… മൂത്തവർ പറയുന്നത് അക്ഷരം പ്രതി ശരി തന്നെയാ ട്ടൊ

ഇരുപത് വയസ്സ് മാത്രം പ്രായമുള്ള കല്യാണി പത്തൻപത്ത് വയസ്സ് പിന്നിട്ട മുത്തശ്ശിയെ പോലെ പറഞ്ഞു…

ഞാൻ പോവാ… ലക്ഷ്മിയമ്മ എന്നെ തിരക്കുന്നുണ്ടാവും…നേരം കുറച്ചു അയീല്ലോ… ഇനിയൊന്നും കേൾക്കാൻ ത്രാണിയില്ലാത്ത പോലെ ശിവ ഭദ്ര മനയ്ക്കലേക്കോടി…

ൻ്റെ കൃഷ്ണാ… എന്താ ഞാനീ കേട്ടതൊക്കെ…

കിച്ചേട്ടനേതോ കൊച്ചുമായി ലോഹ്യത്തിലത്രേ…സത്യാണോ കണ്ണാ,, അതൊ…
അവൾക്ക് ചങ്ക് പൊട്ടി
എന്തൊക്കെയായിരുന്നു വർത്താനം…

ഭദ്രേ നിന്നെ എനിക്കിഷ്ടാണ്… നീയെൻ്റെ പെണ്ണാണ്… നീയില്ലാതെ എനിക്ക് പറ്റില്ല.. ഓരോ നിമിഷവും തള്ളി നീക്കാൻ പാട് പെടുന്നു…അടുത്ത തവണ ഞാൻ വരുമ്പോ നിന്നെ താലി കെട്ടു….ഇതൊക്കെ ന്റെ കിച്ചേട്ടൻ എന്നോട് പറഞ്ഞത് പൊയ് വാക്കായിരുന്നോ …

അതൊ,,,
ഇനിയിപ്പോ ആ കുടുംബശ്രീ പെണ്ണുങ്ങളെങ്ങാനും കള്ളം പറഞ്ഞതായിരിക്കുമോ…

പറയാൻ പറ്റില്ല…

കുടുംബശ്രീ പെണ്ണുങ്ങളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല… മൊത്തം നുണച്ചികളാ… ആകേ കൂടി വിശ്വസിക്കാവുന്നത് പടിയത്തെ സരസുവേട്ടത്തിയെ മാത്രമാണ്.. അവരോട് പോയ്‌ ചോദിക്കാനും പറ്റില്ല…വല്ലത്ത കഷ്ടം തന്നേ..

പണ്ടെങ്ങാണ്ടോ ആ രാധ ടീച്ചറെ പറ്റി എന്തൊക്കെയാ ഈ പെണ്ണുങ്ങൾ എല്ലാം കൂടി പറഞ്ഞ് പരത്തിയത്..ഒടുക്കം എന്നിട്ടെന്താ ഉണ്ടായേ… ഒരു അവി ഹി തവുമില്ല… മണ്ണാങ്കട്ടയുമില്ല… അവരിപ്പോ തറവാട്ടിൽ പിറന്നൊരു മാഷിനെയും കെട്ടി സുഖായി ജീവിക്കുന്നു…. കഴിഞ്ഞ തവണ വന്നിറങ്ങിയത് കാണണം… അവരുടെ അത്തർ ന്റെ മണം ഇന്ന് തന്റെ മൂക്കിൻ തുമ്പിലുണ്ട്. പട്ടണത്തിൽ പോയി ജോലി ചെയ്യുന്നതിൻ്റെ കുശുമ്പായിരുന്നു അവറ്റകൾക്ക്…

ഇതും അത് പോലെ തന്നെയാവുമല്ലെൻ്റെ കൃഷ്ണാ…അവറ്റകൾ നുണ പറയുന്നതല്ലേ… ന്റെ,,കിച്ചേട്ടൻ അമേരിക്കയിലൊക്കെ പോയി ജോലി ചെയ്യുന്നതിൻ്റെ കുശുമ്പ്…അല്ലാണ്ട് ഇപ്പൊ ഞാൻ എന്തേ പറയുക…

ഒന്നൂടെ പെണ്ണ് ആലോചിച്ചു നോക്കി..

ഞാനങ്ങനെ വിശ്വസിച്ചോട്ടെൻ്റെ കൃഷ്ണാ… .എന്നേ പറ്റിയ്ക്കാൻ തോന്നിക്കല്ലേ.. സഹിക്കാൻ വയ്യ..അതോണ്ടാ..

ശിവഭദ്ര വിളക്കിൽ തിരി തെളിയിച്ചു…

എന്താ ശിവ ഈ നേരത്തൊരു പരിഭവം പറച്ചിൽ…. നേരം കുറച്ചു അയീല്ലോ…

പതിവിലും നേരത്തെ വിളക്ക് തെളിയിച്ചത് കണ്ടാവാം ലക്ഷ്മിയമ്മയുടെ ആ ചോദ്യം…

ഒന്നുമില്ല ലക്ഷ്മിയമ്മേ… ഈ കള്ള കൃഷ്ണന് പല നേരത്ത് പല സ്വഭാവമാ…. അതെപ്പറ്റി ചോദിച്ചന്നെ ഒള്ളു… ആളോട് മിണ്ടാനും പറയാനും ഈ പാവം ഞാനല്ലേ ഒള്ളു… അവൾ വിളക്കും കൊണ്ട് ഉമ്മറത്തേക്ക് നടന്നു…

കൃഷ്ണപുരത്തെ പേര് കേട്ട തറവാടാണ് മനയ്ക്കൽ കുടുംബം… അവിടത്തെ അടുക്കളക്കാരിയാണ് ശിവഭദ്ര… അടുക്കളക്കാരിയാണെങ്കിലും അവിടുള്ളോർക്ക് മനയ്ക്കലെ സ്വന്തം കുട്ടിയെ പോലെയാണവൾ..

അതിനൊരു കാരണവുമുണ്ട് മനയ്ക്കലെ അകന്ന ബന്ധത്തിലെ കുട്ടി കൂടിയാണവൾ… അവളെ പ്രസവത്തിൽ അമ്മ മരിച്ചു… പത്താം പിറന്നാളിന് അഛനും പോയി…

പിന്നീട് മുത്തശ്ശിയുടെ  തണലിലാണവൾ വളർന്നത്… അവൾക്ക് പതിനെട്ട് പൂർത്തിയായ ദിവസം മുത്തശ്ശിയും പോയി…അതോടെ അവൾ തനിച്ചായി…

മൂന്നാളും പോയത് ശിവ ഭദ്രയുടെ ജാതക ദോഷമാണെന്നും പറഞ്ഞ് അടുത്ത ബന്ധുക്കളൊക്കെ അവളെ കയ്യൊഴിഞ്ഞപ്പോ മനയ്ക്കലെ ലക്ഷ്മിയമ്മയാണവളെ ഇങ്ങോട്ട്
കൊണ്ട് വന്നത്…

ശിവേ… നല്ല മഴക്കോളുണ്ട് … വിരിച്ചിട്ട തുണിയെടുത്തില്ലലോ…

ദാ… വരണൂ ….

ഉമ്മറത്ത് നിന്നും ലക്ഷ്മിയമ്മയുടെ നീട്ടിയുള്ള വിളി കേട്ട് വെയിൽ കൊള്ളാനിട്ടിരുന്ന വിറക് വേഗം തന്നെ വിറക് പുരയിലേക്ക് കൊണ്ട് വെച്ച് ശിവ ഭദ്ര ഉമ്മറത്തേക്ക് ചെന്നു…

ആരാപ്പാ ഈ നേരത്ത്…

അയയിൽ വിരിച്ചിട്ട തുണി എടുക്കുമ്പോഴാണ് ഒരു കറുത്ത ബെൻസ് കാർ പടിപ്പുര കടന്ന് വന്നത്…

ഈശ്വരാ… ന്റെ
കിച്ചേട്ടൻ…

മുടിയൊന്നൊതുക്കി സ്പെക്സും ശെരിയാക്കി വരുന്ന ഗൗതം കൃഷ്ണയെ കണ്ടതും ശിവ ഭദ്രയുടെ മുഖം തിളങ്ങി….

അവളുടെ ഉള്ളം പ്രണയത്താൽ പൂത്തു.. അടിവയറ്റിൽ എന്തൊക്കെയോ ആളി പടരും പോലെ…. ശ്വാസം പോലും എടുക്കാൻ മറന്നു കൊണ്ട് അവനെ നോക്കി നിന്നുപോയി പെണ്ണ്..

പെട്ടന്ന് ആയിരുന്നു പിന്നിൽ നിന്നും ഡോർ തുറക്കുന്ന ശബ്ദം..

കിച്ചനെ പിന്നിട്ട് കൊണ്ട് പെണ്ണിന്റെ മിഴികൾ വീണ്ടും ആ കറുത്ത കാറിലെയ്ക്കു നീണ്ടു..

മുട്ടിന്റെ മേൽ മാത്രം ഇറക്കമുള്ള ഇറുകിയ ഡ്രസ്സുമിട്ട് മറുവശത്തെ ഡോർ തുറന്നിറങ്ങിയ പെണ്ണിനെ കണ്ടതും ശിവ ഭദ്രയുടെ മുഖം വാടി….

ഒറ്റ ഉടുപ്പ് പോലെ എന്തോ ഇട്ടിരിക്കുന്നു. ശരീരം അവിടിവിടമാകെ കാണാം… ചുണ്ടിൽ ചായം പുരട്ടി കൈയില്ലാത്ത ഉടുപ്പും ഇട്ടു, കക്ഷോം കാണിച്ചു വരുന്ന മദാമ്മ..

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…
ചുണ്ടുകൾ വിതുമ്പി.. അടിവയറ്റിൽ പൂത്ത തിരകൾ എവിടേക്ക് പോയ്‌ ഒളിച്ചു..

കണ്ണും നിറച്ച് നിൽക്കുന്നവളെ ഗൗതം കണ്ടെങ്കിലും മുഖത്തൊരു കള്ളച്ചിരി വിരിയിച്ചവൻ ഉമ്മറത്തേക്ക് കയറി..

അച്ഛമ്മേന്നും വിളിച്ചു കൊണ്ട് ഓടി ചെന്നിട്ട് ലക്ഷ്മിയമ്മയെ കെട്ടിപ്പിച്ചു…

അപ്പൊ അയലത്തെ കല്യാണി പറഞ്ഞതൊക്കെ സത്യാണല്ലേ… കിച്ചേട്ടൻ ഏതോ മദാമ്മയുമായി അടുപ്പത്തിലാണെന്ന്….
അല്ലേലും ഞാനാ പൊട്ടി…
മനയ്ക്കലെ കൊച്ചു തമ്പുരാൻ പഞ്ചാര വാക്കും പറഞ്ഞ് മോഹിപ്പിച്ചപ്പോ അടുക്കളക്കാരിയെന്ന് പോലും ഓർക്കാതെ ഒക്കെ വിശ്വസിച്ച ഞാനാ പൊട്ടി…

ഒക്കെ ൻ്റെ തെറ്റാ….

കണ്ണുകൾ തുടച്ച് കൊണ്ട് നനഞ്ഞ തുണിയും കൊണ്ട് പിന്നാമ്പുറത്ത് കൂടെ ശിവ ഭദ്ര അകത്തേക്ക് പോയി…

ശിവേ… മോളേ…..  രണ്ട് ഗ്ലാസ് ജ്യൂസിങ്ങെടുത്തേ…. ൻ്റെ കിച്ചുട്ടൻ വന്നൂട്ടോ.. ഒപ്പം കൂട്ടുകാരിയും വന്നിട്ടുണ്ട്…

ലക്ഷമിയമ്മയുടെ ശബ്ദം..

ഹാ… ഇപ്പൊ കൊണ്ട് വരാം…
അവൾ വിളിച്ചു പറഞ്ഞു

മോളേ.. പെട്ടന്ന് ആയിക്കോളുട്ടൊ.. കുട്ടികൾ മടുത്തു…ആ കൂട്ടുകാരി മടുത്തുപോയ്‌…

രാധമ്മ ഉമ്മറത്ത് നിന്ന് അടുക്കള നോക്കി  പറഞ്ഞതും ശിവ രാവിലെ തൊടിയിലെ മൂവാണ്ടൻ മാവിൽ നിന്നും വാസുവേട്ടൻ പറിച്ച് തന്ന നല്ല മുഴുത്ത രണ്ട് മാങ്ങയെടുത്തു…

ലക്ഷ്മിയമ്മയുടെ മരുമകളാണ് രാധ… നാല് ആൺമക്കളാണ് ലക്ഷ്മിയമ്മക്ക്… നാലാളും വിദേശത്താണ്… മൂന്ന് പേരുടെയും ഭാര്യമാരും കുട്ടികളും അവർക്കൊപ്പമാണ്… ഇളയ മകൻ്റെ ഭാര്യയായ രാധ മാത്രമാണ് ലക്ഷ്മിയമ്മയോടൊപ്പമുള്ളത്…

രാധമ്മയുടെ ഏക സന്തതിയാണ് ഗൗതം കൃഷ്ണ ….

പിന്നെ ഒരു കൂട്ടുകാരി… ഏതോ മദാമ്മ കൊച്ചിനെയും കൂടെ കൂട്ടി വന്നിട്ട് കൂട്ടുകാരിയെന്ന് പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാവില്ലെന്നാ വിചാരം…

ശിവ ഭദ്ര അവളുടെ മനസ്സിലെ സങ്കടവും ദേഷ്യവും അടുക്കളയിലെ പാത്രങ്ങളോട് തീർത്ത് കൊണ്ട് കുടിക്കാനുള്ളതുണ്ടാക്കി അതുമായി ഉമ്മറത്തേക്ക് നടന്നു….

ഉമ്മറത്ത് ആട്ട് കട്ടിലിൽ ആടിയിരിപ്പാണ് ഗൗതമും ആ മദാമ്മ കൊച്ചും… തൊട്ടപ്പുറത്ത് സോപാനത്തിൽ ലക്ഷ്മിയമ്മയിരിപ്പുണ്ട്… രാധമ്മ ഉമ്മറപ്പടിയിലും…

ദാ ജ്യൂസ്…

ഇഷ ദിസ് ഈസ് മൈ കസിൻ ശിവഭദ്ര…

ശിവ മദാമ്മ കൊച്ചിന് ജ്യൂസ് കൊടുക്കാനായി ചെന്നതും ഗൗതം ശിവയെ അവൾക്ക് പരിചയപ്പെടുത്തി…

ഹലോ… ശിവ… ആം ഇഷ…നൈസ് ടൂ മീറ്റ് യു….

ഇഷ ശിവയ്ക്ക് നേരെ കൈ നീട്ടി…

കയ്യിൽ ജ്യൂസ് ട്രേ ഉള്ളതിനാൽ അവളൊന്ന് ചിരിച്ചെന്ന് വരുത്തി ഹലോ പറയുന്നതോടൊപ്പം ജ്യൂസ് ഇഷയ്ക്ക് കൊടുത്തു…

താങ്ക്സ് ശിവ…താങ്ക് യു സൊ മച്ച് മൈ ഡിയർ..

ഓഹ്… അവളുടെ  ഒരു താങ്ക്സ്… ആർക്ക് വേണമതൊക്കെ… ഒരു വളിച്ച ഇംഗ്ലീഷും കൊണ്ട് വന്നിരിക്കുന്നു…എങ്ങും ഇല്ലാത്ത പോലെ

ചുണ്ടുകൾ കോട്ടി ശിവ പിറുപിറുത്തു അകത്തേക്ക് നടന്നു…

അവളുടെ ഈ കുശുമ്പും ദേഷ്യവും ഒക്കെ കണ്ട് ഗൗതം കൃഷ്ണ അവളെ തന്നെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ട്….

_______________________

മോളെ… നമ്മുടെ മൂവാണ്ടൻ മാവിൽ ന്നു പഴുത്ത കുറച്ചു മാമ്പഴം എടുപ്പിക്കണം.. കിച്ചൂട്ടന് മാമ്പഴ പുളിശ്ശേരി കൂട്ടാൻ കൊതിയായി എന്നു പറഞ്ഞുട്ടൊ..

ലക്ഷ്മിഅമ്മ പറയുന്നത് കേട്ട് തൊഴുത്തിന്റെ അരികിൽ നിൽക്കുകയായിരുന്നു ഭദ്ര ഒന്ന് തല കുലുക്കി..
.

നന്ദിനി പശുവിന് വൈക്കോൽ ഇട്ട് കൊടുത്തിട്ട് അവളുടെ നെറ്റിയിൽ വെറുതെ തലോടി നിൽക്കുകയായിരുന്നു ഭദ്ര..
അത് ആസ്വദിച്ച് എന്നോണം നന്ദിനി അനങ്ങാണ്ട് അവളോട് ചേർന്ന് അങ്ങനെ നിൽപ്പുണ്ട്..

കണാരൻ വന്നുന്നു തോന്നുന്നു.. അങ്ങട് ചെല്ലു കുട്ടിയെ.
ലക്ഷ്മിഅമ്മ പറഞ്ഞതും നന്ദിനിയെ ഒന്നോടൊന്നു തടവിയ ശേഷം അവൾ മാവിന്റെ ചുവട്ടിലേക്ക് നടന്നു…

നേരെ ചെന്നു പെട്ടത് കിച്ചുവേട്ടന്റെ മുമ്പിലേക്ക്..
മുറ്റത്ത് നിൽക്കുന്ന ചെമ്പകവും പീച്ചിയും ഒക്കെ ഇഷ്യ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
ഇംഗ്ലീഷിൽ ആണത്രെ ഇരുവരുടെയും സംസാരം..

രണ്ടാളും കുട്ടിനിക്കറും ബനിയനും ഇട്ടുകൊണ്ടാണ് നിൽപ്പ്….

പരിഷ്കാരം… ഒപ്പം അഹമ്മതിയും ധിക്കാരും കൂടി ഉണ്ടെങ്കിൽ പറയുകയേ വേണ്ട… ന്റെ ഭഗവാനെ,,, നീ തന്നേ തുണ.
പിറു പിറുത്തുകൊണ്ടാണ് അവളുടെ പോക്ക് എങ്കിലും കിച്ചൻ പെണ്ണിന്റെ പതം പറച്ചിൽ ശരിക്കും കേട്ടിരുന്നു…

നല്ല പഴുത്ത മാമ്പഴം എടുത്ത് വാസനിച്ചു നോക്കുകയാണു ഭദ്ര..

ഇത് മതിയോ മോളേ…
കണാരേട്ടൻ ചോദിച്ചതും മതിയെന്ന് അവൾ ഉച്ചത്തിൽ അയാളോട് വിളിച്ചുപറഞ്ഞു.

ഒരു കുട്ട നിറയെ മാമ്പഴവും ആയിട്ട് ഉമ്മറത്തേക്ക് വരുന്ന ഭദ്രയെ ഇഷ കണ്ണെടുക്കാതെ നോക്കി നിന്നു.

ടി.. ഒരെണ്ണം ഇയാൾക്ക് കൊടുക്ക്..

ഗൗരവത്തിൽ കിച്ചുവേട്ടൻ പറഞ്ഞതും ഭദ്ര മാമ്പഴക്കുട്ട ഇഷയുടെ നേർക്ക് നീട്ടി.

ഇത് കഴിക്കേണ്ട വിധം ഒക്കെ എങ്ങനെയാണെന്ന് മദാമ്മ യ്ക്കു ഒന്ന് പറഞ്ഞു കൊടുക്കു മോനെ..

ചിരിയോടെ പറഞ്ഞുകൊണ്ട് കണാരേട്ടൻ മാവിന്റെ ച്ചില്ലയിലൂടെ ഊർന്നു താഴോട്ട് ഇറങ്ങുകയാണ്.

അമ്മയും രാധമ്മയും ഒക്കെ അവരുടെ സംസാരം കേട്ട് ചിരിക്കുന്നുണ്ട്.

പരിഷ്കാരികൾ എല്ലാരും ഇംഗ്ലീഷ് പഠിച്ചോ ആവോ… ഹും.

ഭദ്ര അടുക്കളയിലേക്ക് കയറിപ്പോയി.

മാമ്പഴ പുളിശ്ശേരിയും, വരിക്കച്ചക്കയുടെ മൂത്ത ചക്കക്കുരു എടുത്ത് നാളികേര കൊത്തിട്ട് മെഴുക്കുപുരട്ടി വെച്ചതും, പള്ളത്തി വറുത്തതും, പച്ച ചീര തോരൻ വെച്ചതും ഒക്കെ കൂട്ടി മദാമ്മയും കിച്ചേട്ടനും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് അടുക്കള കോലയിലൂടെ അകത്തളത്തിലേക്ക് നോക്കി ഭദ്ര കാണുന്നുണ്ടായിരുന്നു..

കഴിക്കുന്ന കഴിപ്പ് കണ്ടില്ലേ…. ദുഷ്ടൻ… വഞ്ചകൻ..
അല്ലേലും താൻ വെറുമൊരു വാല്യക്കാരി പെണ്ണ്… മോഹിപ്പിച്ചപ്പോൾ ഒക്കെ വിശ്വസിച്ചു പോയ്‌.. മോഹിച്ചു പോയതും തെറ്റ് തന്നെയാണ്… തന്നെ പറഞ്ഞാൽ മതി…. അടിച്ച് തളിക്കാരി കൊച്ചമ്മയാകാൻ മോഹിച്ചാൽ ഇങ്ങനെ ഇരിക്കും..

ഓർത്തു കൊണ്ട് പിന്നാമ്പുറത്ത് വെറുത ഇരിക്കുകയാണ് പെണ്ണ്.

ഭദ്ര… മോളെ മഴ യ്ക്ക് ആണെന്ന് തോന്നുന്നു… ആ തുണിയൊക്കെ ഒന്ന് എടുക്കുമോ…

രാധമ്മ വിളിച്ചു ചോദിച്ചതും ചാടിപിരണ്ടു എഴുന്നേറ്റ് അവൾ ഓടി..

ശിവാ…

അലക്കിയുണക്കിയ തുണികൾ അലമാരയിൽ മടക്കി വെക്കുകയായിരുന്നു ശിവ

നാളെ താൻ ടെമ്പിളിൽ പോകുമ്പോ ഞാൻ കൂടെ വരുന്നുണ്ട്ട്ട….

വാതിൽക്കൽ നോക്കിയതും മദാമ്മ…
ൻ്റെ കൃഷ്ണാ മദാമ്മ കൊച്ച് മലയാളം പറയുന്നു… നിക്ക് തോന്നിയതല്ലല്ലോൻ്റെ കൃഷ്ണാ…

ശിവാ.. താനെന്താ തിങ്ക് ചെയ്യുന്നത്… ഞാൻ മലയാളം സ്പീക്ക് ചെയ്തത് കൊണ്ടാണോ…

ശിവയുടെ അന്തം വിട്ടുള്ള നിൽപ്പ് കണ്ടാവാം ആ കൊച്ചങ്ങനെ ചോദിച്ചത്… അവളത്തിനൊന്ന് ഇളിച്ചു…

നിക്ക് മലയാളമറിയാം … ഞാൻ ജനിച്ചതും വളർന്നതുമൊക്കെ യു എസ് എ യിലാണെങ്കിലും പപ്പയും മമ്മയും ഒക്കെ മലയാളീ യാണ്..

ഓക്കെ ഡിയർ… ഡീറ്റെയിൽഡ് ആയി നാളെ പരിചയപ്പെടാം… കിച്ചു റൂമിൽ വെയ്റ്റ് ചെയ്യുന്നുണ്ട്… ഓക്കെ… ബൈ… ഗുഡ് നൈറ്റ് ഡിയർ….

ശിവയ്ക്കൊരു ഫ്ലൈയിംഗ് കിസ്സും നൽകി കൊണ്ടവൾ നാണത്തോടെ ഓടി…

അയ്യേ… നാണവും മാനവുമില്ലേ ആ കുട്ടിക്ക്… ന്താ ആ കുട്ടി കാട്ടീട്ട് പോയത്… ഫ്ലൈയിംഗ് കിസ്സൊക്കെ തരാന്ന് വെച്ചാ… ചെ.. ചെ.. അമേരിക്കയിലൊക്കെ വളർന്നതിൻ്റെ ഓരോ പരിഷ്കാരങ്ങളെ…

അല്ല.. ആ കുട്ടി എന്താപ്പോ പറഞ്ഞിട്ട് പോയത്…
ൻ്റെ… കൃഷ്ണാ… കിച്ചേട്ടൻ കാത്തിരിക്കാന്നല്ലേ… അയ്യേ ഇവരൊരു റൂമിലാണോ കിടക്കുന്നത്… കല്യാണം പോലും കഴിയാതെ….

ശിവ ശബ്ദമുണ്ടാകെ അവൾക്ക് പിറകെ പോയി….

ഞാനാ കുട്ടിക്ക് തെക്കിനിയിലെ റൂം വൃത്തിയാക്കി ഇട്ടതാണല്ലോ… അവിടെയെങ്ങാനും കിടന്നാൽ പോരെ…

ഇഷ ഗൗതമിൻ്റെ റൂമിലേക്ക് കയറി പോകുന്നത് കണ്ട് ശിവ പിറുപിറുത്തു…

ഗൗതമിൻ്റെ റൂമിൽ നിന്നും ഗൗതമിൻ്റെയും ഇഷയുടെയും പതിഞ്ഞ ശബ്ദത്തിലുള്ള വർത്തമാനം കേൾക്കാമായിരുന്നു…  ശിവ അതെന്താണെന്നറിയാനായി ചെവിയോർത്ത് ഗൗതമിൻ്റെ റൂമിനെ ചുറ്റി പറ്റി നിന്നു…

ഒന്നും കേൾക്കാനും വയ്യല്ലോ ൻ്റെ കൃഷ്ണാ… കേൾക്കാൻ പാകത്തിൽ സംസാരിച്ചൂടെ …

ശിവ കലി തുള്ളി റൂമിലേക്ക് നടന്നു…

പാതി ചാരയ വാതിൽ വിടവിലൂടെ ഗൗതം അവളുടെ കാട്ടിക്കൂട്ടലൊക്കെ കാണുന്നുണ്ടായിരുന്നു….

ൻ്റെ കൃഷ്ണാ… ആ കുട്ടിയും കിച്ചേട്ടനും ഒന്നിച്ചാണോ കിടന്നിട്ടുണ്ടാവുക….

ഉറക്കം വരാതെ ശിവ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

ഒന്ന് നോക്കീട്ട് വന്നാലോ….. എല്ലാരും ഉറങ്ങിയോ ആവോ…
ഹേയ് അല്ലെങ്കിൽ വേണ്ട… ആരേലും കണ്ടാൽ മോശമല്ലേ…

ശിവ കട്ടിലിൽ ചെന്ന് മൂടിപ്പുതച്ച് കണ്ണടച്ചു കിടന്നു….

നേരം കുറെ എടുത്തു ഒന്നുറങ്ങൻ..

എപ്പോളോ പെണ്ണ് നിദ്രയിലേക്ക് പോയ്‌.

ശിവ…എണീറ്റെ.. നമ്മുക്ക് പോകാം…

ൻ്റെ… കൃഷ്ണാ… ഇതാരാ… ഞാൻ സ്വപ്നം കാണുകയൊന്നുമല്ലോ…

ശിവ കണ്ണുകൾ ഒന്ന് തിരുമ്മി നോക്കി…

രാവിലെ  അമ്പലത്തിൽ പോകാനായി കുളിച്ചൊരുങ്ങി സെറ്റ് സാരിയും ചുറ്റി വന്നതാണ്

ദേ മുന്നിൽ നിൽക്കുന്ന നമ്മുടെ മദാമ്മ കൊച്ച്….

നല്ല ഭംഗിയിൽ സെറ്റ് സാരിയൊക്കെ ഞൊറിഞ്ഞുടുത്ത്… തലയിൽ മുല്ലപ്പൂവും ചൂടി… നെറ്റിയിൽ കുറിയൊക്കെ തൊട്ട്… നല്ല അസ്സൽ മലയാളി ലുക്കിൽ…

ഇന്നലെ തുണി തികയാത്ത പോലെ കുട്ടിയുടുപ്പ് ഇട്ടുകൊണ്ട് വന്ന് കയറിയ പെണ്ണാണ്…  ഇപ്പൊ ദാ,,ഈ തനി മലയാളി ലുക്കിൽ നിൽക്കണത്…

ഭദ്രേ… ആ വാ അടക്ക്…. ഈച്ച വല്ലതും കയറി പോകും…

അവിടേക്ക് കടന്ന് വന്ന ഗൗതം ആ നിൽപ്പ് കണ്ട് ശിവയുടെ തലയിലൊരു തട്ട് കൊടുത്തു….

ഇഷാ.. പോകാം.. വാടോ.
ഗൗതം പറഞ്ഞതും ഇഷ വീണ്ടും അവളെ നോക്കി.

എന്നിട്ട് പുറത്തേക്ക് ഇറങ്ങി..

ഇഷാ.. നിൽക്ക് ഞാനുണ്ട്..
പെട്ടന്ന് അവൾ ചാടിപ്പിരണ്ട് എണീറ്റു.. എന്നിട്ട് ഉടുത്തു മാറാൻ ഉള്ള തുണീം എടുത്തു വാഷ് റൂമിലേക്ക് ഓടി ക്കയറി.

ഒരുങ്ങി ഇറങ്ങി വന്നപ്പോൾ
Isha അവളെ കാത്ത് നിൽക്കുന്ന.

പോകാം…
ഇഷ ചോദിച്ചതും ശിവ തല കുലുക്കി.

ലക്ഷ്മി അമ്മയോടും രാധമ്മ യോടും യാത്രപറഞ്ഞു കൊണ്ട് രണ്ടാളും പടിപ്പുര കടന്ന് അമ്പലത്തലേക്ക് പോയി

പാടവും, നെല്ലും, കതിരും, കുരുവി യും,, കശുമാവും ഒക്കെ കണ്ടു കൊണ്ട് ഇഷ ശിവയുടെ കൂടെ നടന്നു

അല്ല… ശിവ… നിക്കൊരു സംശയം…

അമ്പലത്തിലേക്കുള്ള വഴിയാണ് രണ്ടാളും…

ന്താ….

ശിവയുടെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല…

കാവിലെ ദേവിക്ക് മ്മടെ കൈ കൊണ്ടെന്നെ തുളസി മാലയിണ്ടാക്കി ചാർത്തി പ്രാർത്ഥിച്ചാൽ മ്മളെ മനസ്സിലെ ആഗ്രഹങ്ങളൊക്കെ നടക്കുന്ന് കേട്ടല്ലോ… അത് സത്യാണോ…

മ്മ്… നടക്കും…

ഇഷ ഇതൊക്കെ ചോദിക്കുന്നതിൻ്റെ പൊരുൾ ശിവയ്ക്ക് നന്നായി തന്നെയറിയാവന്നത് കൊണ്ട് ശിവയുടെ ഓരോ മറുപടിയും കടുപ്പിച്ചാണ്

ശിവ അങ്ങനെ എന്തേലും ദേവിയൊട് ചോദിച്ചിട്ടുണ്ടോ..എപോളെകിലും.?

ഇല്ല… നിക്കങ്ങനെ വല്യ ആഗ്രഹങ്ങളൊന്നുമില്ലായിര്ന്നു..

നിക്കൊരു മോഹോണ്ട്… നമ്മുക്ക് നാളെയെന്ന് തുളസിമാലയുണ്ടാക്കി പോയി ദേവിയോട് ചോദിച്ചാലോ…

ഞാനില്ല… ഇയാൾക്കല്ലേ മോഹം… അതിന് ഞാനെന്തിനാ ദേവിക്ക് മാലയിടുന്നത്…

നിക്ക് ഒറ്റയ്ക്ക് പോവാൻ പേടിയാ… നീ കൂടെ വാ ൻ്റെ ശിവകുട്ടി…

മ്മ്… ശിവ കടുപ്പിച്ചൊന്ന് മൂളി…

നേരം വെളുക്കും മുമ്പുള്ള പതിവ് നീരാട്ടും കഴിഞ്ഞ് കുളപ്പടവിലേക്ക് കയറിയും മുമ്പിൽ ദേ നിൽക്കണു സാക്ഷാൽ മനയ്ക്കലെ ഗൗതം കൃഷ്ണ…

ലോഹ്യം പറയാൻ വന്നതാവും… ഇനിയതിന് ഈ ശിവ ഭദ്രയെ കിട്ടില്ല… കൂടെ കൊണ്ട് വന്നിട്ടുണ്ടല്ലോ ഒരു മദാമ്മ കൊച്ച് അതിനോട് പോയി കിന്നാരം പറയട്ടെ…

ശിവ ഭദ്ര മനസ്സിൽ പിറുപിറുത്ത് കൊണ്ട് മുഖം കനപ്പിച്ച് കുളപ്പുരയിലേക്ക് നടന്നു…

ഭദ്ര കൊച്ച് കോപത്തിലാണെന്ന് തോന്നുന്നു….

ഗൗതം കുളപ്പടവിൽ നിന്നെഴുന്നേറ്റ് അവൾക്ക് മുമ്പിൽ തടസ്സമായി നിന്ന്….

മാറി നിന്നേ… നിക്ക് പോണം…

എങ്ങോട്ടാ ൻ്റെ ഭദ്ര കുട്ട്യേ ഇത്ര ധൃതിപ്പെട്ട്…

നിക്ക് കണ്ട മദാമ്മ കൊച്ചുങ്ങളെ പോലെ കിന്നാരം പറയാനൊന്നും നേരയില്ല്യ… അടുക്കളേൽ പണിപ്പത് ജോലി കെടക്കണിണ്ട്…

ൻ്റെ ഭദ്രേ… നീയീ ഉണ്ടക്കവിളും വീർപ്പിച്ചിങ്ങനെ നിക്കുമ്പോ ദേ ഇങ്ങനെ കടിച്ച് തിന്നാനാ തോന്നണത്….

ൻ്റെ കൃഷ്ണാ…. എന്താപ്പോ ണ്ടായത്…. ഞാൻ വല്ല പകൽ കിനാവും കണ്ടതാണോ….

ഗൗതം ചുവന്നു തുടുത്ത ശിവയുടെ കവിളിൽ കടിച്ചു പടവുകൾ ഓടി കയറി പോയെങ്കിലും ശിവ അവൻ്റെ പല്ലുകൾ പതിഞ്ഞിടത്ത് കയ്യും വെച്ച് നിൽക്കാണ്…

ശിവേ… ശിവേ….

കാവിൽ പോകാനായി ശിവയെ തിരഞ്ഞിറങ്ങിയതാണ് ഇഷ… അവൾ കണ്ട കാഴ്ചയോ … കുളപ്പടവിൽ കവിളിൽ കയ്യും വെച്ചിരിക്കുന്ന ശിവ ഭദ്രയെ…

അല്ല… എന്ത് നിപ്പാ കൊച്ചെ ഇത്… പകൽ കിനാവ്… കാണാണോ ….കാവിൽ പോണ്ടെ….

ഇഷ അവളുടെ മുമ്പിൽ നിന്ന് ഞൊട്ടയിട്ടപ്പോഴാണ് പെണ്ണ് സ്വബോധത്തിലേക്ക് വന്നത്….

ൻ്റെ ദേവ്യേ… ഞാനിത് നിന്നോട് ഒന്നും തന്നെ ചോദിച്ചിട്ടില്ല…. ചോദിക്കാത്തതല്ല അങ്ങനെ വല്യ മോഹങ്ങളൊന്നും ഉണ്ടായിട്ടില്ലാന്ന് പറയുന്നതാവും ഭേദം …

പക്ഷേ ഇന്നെൻ്റെ മനസ്സിൽ ഒരു മോഹമുണ്ട്… കിച്ചേട്ടൻ്റെ പെണ്ണാവണമെന്ന്… ലക്ഷ്മിയമ്മയുടെയും രാധമ്മയുടെയും കുട്ടിയായി എന്നും ആ വീട്ടിൽ തന്നെ കഴിയണമെന്ന്….

ആഗ്രഹിക്കാൻ പാടുണ്ടോന്നറിയില്ല… അടുക്കളക്കാരിയായ ഈ പൊട്ടിപ്പെണ്ണ് മനയ്ക്കലെ കൊച്ചു തമ്പുരാനെ… ന്നാലും ആഗ്രഹിച്ചു പോവാ…

കാവിൽ ചെന്ന് ദേവിക്ക് തുളസി മാല ചാർത്തി കൈകൂപ്പി നിന്നു….

അതെ പ്രാർത്ഥന തന്നെയായിരുന്നു ഇഷയിലും …

ശിവേ… വിളക്ക് വെക്കാൻ നേരായില്യേ കുട്ട്യേ…

ആ… വരണൂ ലക്ഷ്മിയമ്മേ….

അകത്ത് നിന്നുള്ള ലക്ഷ്മിയമ്മയുടെ വിളി കേട്ട് ശിവ വേഗം അയയിൽ നിന്നും ഉണക്കാനിട്ട തുണികളെടുത്ത് വെച്ച് വിളക്കുമായി ഉമ്മറത്തേക്ക് ചെന്നു ….

കിച്ചു… നിക്കൊരു കാര്യം പറയാനുണ്ടായിര്ന്നു …..

ന്താ… പറഞ്ഞോളൂ…

ഹാളിലെ ആട്ട് കട്ടിലിൽ ഇരിക്കുകയാണ് ഇഷയും ഗൗതവും… ഗൗതം കാര്യമായ വായനയിലാണ്… തലയുയർത്താതെ തന്നെയാണ് അവനിഷയ്‌ക്ക് മറുപടി നൽകിയത്…

നാളെ ൻ്റെ പപ്പ നാട്ടിൽ വരും… നമ്മളെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ….

ന്താ….

ഗൗതം തലയുയർത്തി നോക്കി…

ഞാൻ പപ്പയോട് പറഞ്ഞിട്ടുണ്ട്… മ്മടെ കാര്യം… പപ്പ പറഞ്ഞു ലീവ് കഴിഞ്ഞ് പോകുന്നതിന് മുമ്പേ തന്നെ മോതിര മാറ്റം നടത്താന്ന്… നാളെ ഇവിടെ വന്ന് ലക്ഷ്മിയമ്മയോടും രാധമ്മയോടും സംസാരിക്കാന്ന്….

ൻ്റെ കൃഷ്ണാ… ഞാൻ… ഞാനെന്തൊക്കെയാ കേട്ടത്… കിച്ചേട്ടനും ആ കുട്ടിയും തമ്മിലപ്പോ ഇഷ്ടത്തിലാണോ…. ന്നെ കിച്ചേട്ടൻ പറ്റിച്ചതാണോ….

ശിവയുടെ കണ്ണുകൾ നിറഞ്ഞു വന്നു….

നാമ ജപവും പ്രാർഥനയും കഴിഞ്ഞ് വിളക്കുമായി പൂജാ മുറിയിലേക്ക് പോകുകയായിരുന്നു ശിവ….

ന്തിനാ…. ന്തിനാ… നീ ന്നെ ഇങ്ങനെ പരീക്ഷിക്കണതെൻ്റെ കൃഷ്ണാ…

വേണ്ടാന്ന് വെക്കുന്തോറും വീണ്ടും ഓരോ മോഹങ്ങളെൻ്റെ മനസ്സിൽ ഇട്ട് തരുന്നത് നീ തന്നെയല്ലേ…

നിക്കുള്ളതെങ്കിൽ പിന്നെന്തിനാ വീണ്ടും വീണ്ടും ന്നെ മോഹിപ്പിച്ചത്….

മുടങ്ങാതെ നിൻ്റെ മുമ്പിൽ വന്നിങ്ങനെ തിരി തെളിയിക്കുന്നതിനാണോ….

ശിവ കണ്ണുകളടച്ച് കൃഷ്ണൻ്റെ മുമ്പിൽ പരിഭവം പറഞ്ഞു….ഒക്കെ കേട്ടുകൊണ്ട് കള്ളക്കണ്ണൻ അപ്പോഴും ശ്രീകോവിലിന്റെ ഉള്ളിൽ പുഞ്ചിരി തൂകി നിൽപ്പുണ്ടായിരുന്നു.

ശിവേ…

രാവിലേക്കുള്ള ദോശ മാവ് അരച്ചു വെക്കുകയായിരുന്നു ശിവ .. പെട്ടിയും ബാഗുമായി വരുന്ന ഇഷയെ കണ്ട് സംശയത്തോടെ നോക്കി

ഞാൻ പോവാണൂട്ടാ ….

ന്താപ്പോ ഇത്ര പെട്ടെന്ന്….

അന്തി നേരം വരെ പോകുന്ന കാര്യങ്ങളൊന്നും തന്നെ ഇഷ പറഞ്ഞില്ലായിരുന്നു… അത് കൊണ്ടാണ് ശിവയുടെ ഈ ചോദ്യം…

പോണം… നാളെ പപ്പ വരുന്നുണ്ട്… ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് പപ്പയോട്….

ഇഷ മുന്നിലേക്ക് വീണ് കിടക്കുന്ന മുടി പിന്നിലേക്കിട്ടു…

എന്നാൽ ശെരി…. ഇറങ്ങട്ടെ….

മ്മ്….. ഇനിയെന്നാ വരാ…

ചോദിക്കാതിരിക്കാനായില്ല ശിവയ്ക്ക്

ഗൗതമും ഇഷയും തമ്മിലുള്ള ലോഹ്യം അവൾക്ക് പാരയാണെങ്കിലും ഈ രണ്ട് ദിവസം കൊണ്ട് തന്നെ എന്തോ ഒരടുപ്പം ശിവയ്ക്കവളോട് തോന്നിയിരുന്നു….

ശിവയ്ക്കെന്തോ സങ്കടം തോന്നി അവൾ പോകുന്നതിൽ….

കല്യാണത്തിന്….

അല്പം കുസൃതിയോടെ ഇഷ പറഞ്ഞതും ശിവയുടെ മുഖം മങ്ങി….

ഗൗതം പറഞ്ഞ് ഇഷക്കറിയാമായിരുന്നു ഗൗതമും ഇഷയും തമ്മിൽ ഇഷ്ടത്തിലാണെന്നാണ് ശിവ ധരിച്ച് വെച്ചിരിക്കുന്നതെന്ന്… അത് കൊണ്ട് തന്നെ പെണ്ണിനെ ഒന്ന് വട്ടം കറക്കാൻ കൂടിയാണ് ഇഷയത് പറഞ്ഞത്….

കാണാം… കാണണം….

അവൾക്കൊന്ന് സൈറ്റടിച്ചു കാണിച്ച് ഇഷ ഒരു ഫ്ലൈയിംഗ് കിസ്സും കൊടുത്തതും ശിവയും അവൾക്ക് തിരികെ ഫ്ലൈയിംഗ്  കൊടുത്തു…

രണ്ട് ദിവസം മുമ്പൊരു ഫ്ലൈയിംഗ് കിസ്സ് കൊടുത്തതിൻ്റെ പേരിൽ പരിഷ്ക്കാരിന്നൊക്കെ വിളിച്ച പെണ്ണണിപ്പോ ഇത് ചെയ്തിരിക്കുന്നത്….

ചാരിയാൽ ചാരിയതും മണക്കുമെന്ന് പറഞ്ഞ കണക്കെ രണ്ട് ദിവസം കൊണ്ട് തന്നെ ഒരു പരിഷ്‌കാരി പെണ്ണിനൊപ്പം കൂടി അവളും അത് പഠിച്ചൂന്നു വേണം പറയാൻ…

ശിവയുടെ ഫ്ലൈയിംഗ് കിസ്സ് കണ്ട് അതെത്തി പിടിക്കും പോലെ കാണിച്ച് നെഞ്ചിലേക്ക് ചേർത്ത് ഒരു കുസൃതി ചിരി ചിരിച്ചും കൊണ്ട് ഇഷ ഉമ്മറത്തേക്ക് പോയി…

അവൾക്ക് പിറകെ  കയ്യും കഴുകി ശിവയും ചെന്നു….

വരട്ടെ….

ഗൗതമിനെ കെട്ടിപ്പിച്ച് ഇഷ യാത്ര പറഞ്ഞു…. ഇഷയുടെ കണ്ണുകൾ പോയോ എന്നൊരു സംശയം ശിവയ്ക്ക് തോന്നാതിരുന്നില്ല…

ബൈ… കാണാം….

ഒന്നൂടെ രാധമ്മയെയും ലക്ഷ്മിയമ്മയെയും ശിവയേയും ചേർത്ത് പിടിച്ച് ഇഷ പടിപ്പുര കടന്ന് പോയി…

മോളേ ശിവേ… വീടൊക്കെ  മാറാലയൊക്കെ ഒന്ന് തട്ടി ക്ലീൻ ചെയ്യണേ… നാളെ നന്ദേട്ടനും ഏട്ടന്മാരുമൊക്കെ വരും….

രാത്രി ശിവ ആട്ടി വെച്ച ദോശ മാവെടുത്ത് രാധമ്മ ഗ്യാസിൽ ദോശ ചട്ടി വെച്ചു അതിലൊഴിച്ചു….

രാധമ്മയ്ക്ക് മുട്ടിന് വയ്യാത്തത് കൊണ്ട് ഭാരമുള്ള ജോലികളൊന്നും ചെയ്യില്ല… എന്നാലും ശിവയെ ഒറ്റയ്ക്ക് ഒക്കെ ചെയ്യിപ്പിക്കാറില്ല… ചെറിയ ചെറിയ ജോലികളിൽ സഹായിക്കും…

ഓ… ആയ്ക്കോട്ടെ രാധമ്മേ….

ദോശയ്ക്കുള്ള ചമ്മന്തിക്ക് തേങ്ങ ചിരകുകയായിരുന്ന ശിവ അതിൽ നിന്ന് അല്പമെടുത്ത് വായിലിട്ടു…

ഹാ പിന്നെ…. പൊടിക്കാനുള്ള അരിയും മുളകും മല്ലിയുമൊക്കെ ഒന്ന് കഴുകി വെയിലത്തിടണേ… വൈന്നേരം വാസുവേട്ടൻ വന്ന് കൊണ്ടോയ്ക്കോളും….

ശെരി രാധമ്മേ…

ശിവ ചിരകിയ തേങ്ങയെടുത്ത് അല്പം കാന്താരിയും പുളിയും ഇഞ്ചിയും ചേർത്ത് ജ്യൂസ് ജാറിലിട്ടു…..

നാളെ രാവിലെ ഭവാനിയമ്മ വരാന്ന് പറഞ്ഞിട്ടുണ്ട് സഹായത്തിന്… ഇന്ന് അവരുടെ മോളെ കുട്ടിൻ്റെ പിറന്നാളാണ് പോലും… അത് വരെയെൻ്റെ ശിവ കുട്ടി ഒക്കെ ഒന്ന് നോക്കണേ….

ൻ്റെ രാധ തമ്പുരാട്ടി… ഒക്കെ ഞാൻ നോക്കിക്കോളാം….

അവൾ  ദോശ ചുട്ടോണ്ടിരുന്ന രാധമ്മയുടെ കവിളിൽ പിച്ചി….

ടീ…ടീ… ആ കാന്താരി തൊട്ട കൈ കൊണ്ടൻ്റെ കവിളിൽ തൊടല്ലേ…. നീറും…

രാധമ്മ കപട ദേഷ്യം നടിച്ചതും ശിവ കണ്ണ് ചിമ്മി…

സാധാരണ എന്തെങ്കിലും വിശേഷം ഉണ്ടാകുമ്പോഴാണ് എല്ലാരും കൂടെ മനയ്ക്കലേക്ക് വരാറുള്ളത്… ഇപ്പൊ എന്താണാവോ വിശേഷം… അറിയില്ല… രാധമ്മയോട് ചോദിച്ചാലോ… ഹേയ് വേണ്ട… എന്തേലും ണ്ടെങ്കി രാധമ്മ ഇങ്ങോട്ട് പറയാറുണ്ടല്ലോ…
ഓരോന്ന് ആലോചിച്ച് അരച്ച് വെച്ച തേങ്ങാക്കൂട്ടെടുത്ത് എണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് ചമ്മന്തിയുണ്ടാക്കി…

ശ്ശ്…. ശ്ശ്…

കഴുകിയ അരി തുണി വിരിച്ച് വെയിലത്തിട്ട ശേഷം മുളകും മല്ലിയും കഴുകി വെയിലത്തിടാൻ കൊണ്ട് വന്നതാണ് ശിവ…

അപ്പൊ ദേ നമ്മുടെ കാക്കക്കറുമ്പികൾ അവരുടെ പണി തുടങ്ങി… ചുറ്റിലുമൊന്ന് ആരേലും വരുന്നുണ്ടോന്ന് നോക്കി അരിമണികൾ കൊത്തി കഴിക്കുകയാണവർ….

ശിവ കാക്കയെ ആട്ടിയോടിച്ചു അവറ്റകൾ പറന്ന് പോയി തൊട്ടടുത്തുള്ള മരക്കൊമ്പിലിരുന്നു…

ശിവ തുണി വിരിച്ച് മുളക് വെയിലത്തിടാനായി കുനിഞ്ഞിരുന്നതും കാക്കക്കറുമ്പികൾ വീണ്ടും പണി തുടങ്ങി….

തൊട്ടപ്പുറത്ത് തന്നെ കാറ് കഴുകുകയാണ് ഗൗതം…. ഗൗതം ഒളികണ്ണിട്ടു ശിവയെ നോക്കുന്നുണ്ട്… ശിവയാണെങ്കിൽ അവനെ നോക്കില്ലെന്ന വാശിയിലാണ്…

ൻ്റെ കണ്ണാ… ഈ കാക്കകളെ കൊണ്ട് വല്യ ബുദ്ധിമുട്ടായല്ലോ…. ഒരു വസ്തു വെയിലത്തിടാൻ പറ്റൂലാന്നെച്ചാ ന്താ ചെയ്യാ….

ഹാ ഒരു വഴിയുണ്ട്…..

ശിവ പുറത്തെ മുറിയിൽ ചെന്ന് പൊട്ടിയ രണ്ട് മൂന്ന് കണ്ണാടികളെടുത്ത് വെയിൽ തട്ടി പ്രതിഫലിക്കും രീതിയിൽ അരിക്ക് വശത്തായി വെച്ചു….

ഇനി എങ്ങനെ നിങ്ങൾ വരുന്ന് കാണണമല്ലോ… ഈ ശിവ ഭദ്രയോടാ നിങ്ങളുടെ കളി….

ന്താണ് ശിവേ പിറുപിറുക്കുന്നത്….

പറമ്പിൽ നിന്നും  മെഴുക്ക് പുരട്ടിക്കുള്ള പയറും കൊണ്ട് വന്നതാണ് വാസുവേട്ടൻ…

ഒന്നുല്ല്യ വാസുവേട്ടാ…. ഈ കറുമ്പികൾക്കിതിരി കള്ളത്തരം കൂടുതലാ…. ഒന്ന് കണ്ണ് തെറ്റ്യാൽ മതി കൊത്തി തിന്നാൻ…. എന്നാലോ നമ്മൾ കണ്ടുന്നായാൽ ഞാനൊന്നും ചെയ്തില്ലേ എന്ന ഭാവവും….

ശിവ ചുരിദാറിൻ്റെ തുമ്പിൽ കൈ തുടച്ച് വാസുവേട്ടൻ്റെ കയ്യിൽ നിന്നും പയർ വാങ്ങി….

അത് കാക്കയ്ക്ക് അവകാശപ്പെട്ടതായോണ്ട വാസുവേട്ടാ ഇടയ്ക്കിടയ്ക്ക് വന്നത് തിന്നിട്ട് പോന്നത്….

ഗൗതം വിളിച്ച് പറഞ്ഞതും അത് തനിക്കെന്തോ കൊള്ളിച്ചു പറഞ്ഞതാണോന്നൊരു തോന്നൽ…

താൻ കിച്ചേട്ടന് അവകാശപ്പെട്ടതാണെന്നാണോ ഈ പറഞ്ഞതിൻ്റെ പൊരുൾ….

ഹേയ്… ആയിക്കാണില്ല… ഞാൻ വെറുതെ ഓരോന്ന് ചിന്തിക്കുന്നതാ…

ഇന്നലെ ആ കുട്ടിയും കിച്ചേട്ടനും സംസാരിക്കുന്നത് ഞാൻ കേട്ടതാണല്ലോ… ചിലപ്പോ ഇവിടത്തെ തമ്പ്രാന്മാരെല്ലാം വരുന്നതും ആ കല്യാണം ഉറപ്പിക്കാനാവും… ഞാൻ വെറുതെ വീണ്ടും ഓരോ മോഹങ്ങളെൻ്റെ മനസ്സിനിട്ട് കൊടുക്കുന്നതെന്തിനാ…

ശിവ പയർ വൃത്തിയാക്കി മെഴുക്ക് പുരട്ടിയുണ്ടാക്കി….

ശിവേ… ഞാൻ ചെയ്തോളാം… മോള് പോയി ആ മാറാലയൊക്കെ ഒന്ന് തട്ടി വൃത്തിയാക്കിക്കോ

രാധമ്മയ്ക്ക് വയ്യാത്തതല്ലേ ഞാനിത് കഴിഞ്ഞ് ചെയ്തോളാം….

സമ്പറുണ്ടാക്കാനായി പറമ്പിൽ നിന്ന് തന്നെയുള്ള അഞ്ചാറിനം പച്ച കറികൾ അരിയുകയായിരുന്നു ശിവ….

ഇന്നൊരോസമല്ലേ ഞാൻ ചെയ്തോളാം… ഒരുപാട് ജോലിയുള്ളതല്ലെന്റെ കുട്ടിക്ക്…

രാധമ്മ കത്തി വാങ്ങി പച്ചക്കറി അറിയാൻ തുടങ്ങിയതും ശിവ ചൂലുമായി അകത്തേക്ക് നടന്നു….

എവിടന്ന് തുടങ്ങുമെൻ്റെ ഭഗവാനെ….

കൈ ഇടുപ്പിൽ കെട്ടി ആലോചിക്കുകയാണ് ശിവ…

ഹാ എന്തായാലും മുകളിലത്തെ നിലയിൽ നിന്നെന്നെ തുടങ്ങാം…

ശിവ ഗോവണിപ്പടി കയറി….

റൂമിൽ ചെന്ന് മൊത്തത്തിലൊന്ന് കണ്ണാടിച്ചു ശിവ പണി തുടങ്ങി…

ആഹ്…. ൻ്റെ കൃഷ്ണാ …. കാത്തോളണേ….

ഷെൽഫിൻ്റെ മുകൾ ഭാഗത്തെ പൊടിയൊക്കെ തട്ടാനായി സ്റ്റൂൾ വെച്ച് കയറിയതാണ് ശിവ….

എന്നിട്ടും എത്താതെ വന്നപ്പോൾ ഏന്തി വലിഞ്ഞ് തുടക്കാൻ ശ്രമിച്ചതും സ്റ്റൂൾ ചെറുതായൊന്ന് ചെരിഞ്ഞു…

ഇപ്പൊ താഴെ കിടക്കും എന്ന് കരുതിയവൾ ഭഗവാനെയും വിളിച്ച് കണ്ണടച്ചു….

ഭഗവാൻ കൃഷ്ണൻ വിളി കേട്ടതാണോ അതോ ഇനി ഗൗതം കൃഷ്ണൻ വിളി കേട്ടതാണോന്നറിയില്ല…

പെണ്ണെന്തായാലും ഒറ്റയ്ക്ക് താഴെ വീണില്ല… കൂട്ടിന് കൃഷ്ണനും ഉണ്ടായിരുന്നു… ഭഗവാൻ കൃഷ്ണനല്ല… സാക്ഷാൽ ഗൗതം കൃഷ്ണ…. ഭദ്രയുടെ കിച്ചേട്ടൻ…

ശിവ സ്റ്റൂളിൽ നിന്നും വീഴുന്നത് കണ്ട് വല്യ ഹീറോയെ പോലെ പിടിക്കാൻ ചെന്നതാണ് ഗൗതം… എന്നിട്ടെന്തായി സിനിമയിലും സീരിയലിലും കാണുമ്പോലെ ഈസിയല്ല നായിക വീഴുമ്പോ നായകൻ പിടിക്കുന്നതെന്ന് അവന് മനസ്സിലായി…

രണ്ടും കൂടെ ദേ കിടക്കണു താഴെ….

വീഴുമ്പോ പിടിച്ച് ഹീറോയിസം കാട്ടാൻ പറ്റിയില്ലെങ്കിലും നല്ലൊരു സീനിൽ തന്നെയാ രണ്ടും വീണ് കിടക്കുന്നത്…

ൻ്റീശ്വരാ… ഇതെങ്ങനെ കിച്ചേട്ടൻ ൻ്റെ മേലെ വന്നു… വീണപ്പോ ഞാൻ മാത്രായിരുന്നല്ലോ…

ദേവ്യേ… നിക്ക് കൺട്രോൾ തരണേ… കിച്ചേട്ടനിങ്ങനെ ൻ്റെ കണ്ണിൽ നോക്കുമ്പോ നിക്കെന്തോ പോലെ തോന്നാ…

ആകെയൊരു വല്ലായ്മ… നെഞ്ചൊക്കെ പടപടയിടിക്കും പോലെ… കയ്യും കാലൊക്കെ വിറക്കും പോലെ…

ന്താ നിക്ക് സംഭവിക്കണത് … കിച്ചേട്ടൻ്റെ കണ്ണിന്ന് കണ്ണ് മാറ്റാൻ തോന്നണില്ലല്ലോ

ഭദ്രേ…..

ബോധം പോയ പോലെ അവനെ നോക്കി കിടന്ന പെണ്ണ് അവൻ്റെ വിളിയിൽ സ്വബോധത്തിലേക്ക് വന്നു….

കിച്ചേട്ടാ…. ണീറ്റേ…. നിക്ക് പോണം….

പൊക്കോ… ഞാൻ ഇന്നലെ തന്നതെനിക്ക് തിരിച്ച് തന്നിട്ട്…

ഗൗതമിൻ്റെ ചുണ്ടിൽ കുസൃത്ത് ചിരി…

ന്ത്…..

ഇന്നലെ കുളപ്പടവിൽ വെച്ച് തന്നതായിരിക്കും… കിച്ചേട്ടനിപ്പോ ചോദിക്കുന്നത്…. കൃഷ്ണാ…. ഞാൻ പെട്ടോ… കിച്ചേട്ടൻ ണീറ്റിര്ന്നെങ്കിൽ നിക്ക് പോവായ്ര്ന്നു… ന്താപ്പൊ ചെയ്യാ…

ശിവ മനസ്സിൽ പിറുപിറുത്തു…

മ്മ്…. മ്മ്മു

ഗൗതം കവിളിലേക്ക് തൊട്ടു കാണിച്ചു….

നിക്കൊന്നും വയ്യ… ങ്ങളെ മദാമ്മ കൊച്ചിനോട് ചോദിക്ക്…

ശിവ ഗൗതമിനെ തള്ളി മാറ്റാൻ ശ്രമിച്ചതും ഗൗതം അവളുടെ കയ്യിൽ പിടിച്ചു കവിളിൽ ചുംബിച്ചു……

ഇതും കൂടി ഒൻപതാമത്തെയാ…. വരവ് വെച്ചോ… മുതലും പലിശയടക്കം ഞാൻ തിരിച്ച് മേടിച്ചോളാം… മ്മ് ….

ഗൗതം സൈറ്റടിച്ചു കാണിച്ച് റൂമിൽ നിന്നും പുറത്തേക്ക് പോയി…

ൻ്റെ… കണ്ണാ… ന്താപ്പോ ണ്ടായെ… കിച്ചേട്ടൻ ന്താപ്പോ കാണിച്ചിട്ട് പോയത്….

നിക്കൊന്നും മനസ്സിലാവണില്ല …. നിൻ്റെ ഓരോ ലീലാ വിലാസങ്ങൾ കാട്ടി വീണ്ടും ഈ പെണ്ണിനെ പൊട്ടിയാക്കല്ലേ കൃഷ്ണാ..

കണ്ണനോട് പരിഭവം പറഞ്ഞ് കൊണ്ട് അവളവളുടെ ജോലി തുടർന്നു….

രാവിലെ പതിവിലും നേരത്തെ എണീറ്റ് കുളത്തിലെ നീരാട്ടും കഴിഞ്ഞ് ശിവ അടുക്കളയിൽ കയറി….

ഹാ… മോളിന്ന് നേരത്തെ അടുക്കളയിൽ കേറിയോ

ഇഡലി ചെമ്പിൽ ഇഡലി മാവൊഴിച്ച് അടുപ്പിൽ വെച്ച് സാമ്പാറിനുള്ള പച്ചക്കറി അരിയുമ്പോഴേക്കും രാധമ്മ അടുക്കളയിലേക്ക് വന്നു…

മ്മ്… ഇന്ന് ഇച്ചിരി പണി കൂടുതലല്ലേ… അതോണ്ട് ഇച്ചിരി നേരത്തെ തുടങ്ങി…

പരിപ്പും സാമ്പാർ കഷ്ണങ്ങളും ഉപ്പും മഞ്ഞപ്പൊടിയും പുളിയും ഇട്ട് വേവിക്കാനായി കുക്കറിലേക്കിട്ടു….

മ്മ്…. ഭവാനിയമ്മ എട്ട് മണിയാകുമ്പോ വരും….

പ്ലാസ്ക്കിൽ നിന്നും ചായ കപ്പിലേക്ക് പകർന്ന് രാധമ്മ ഉമ്മറത്തേക്ക് നടന്നു….

ശിവ ഇഡലിയും സാമ്പാറും റെഡിയാക്കി കഴിഞ്ഞപ്പോഴേക്കും  ഭവാനിയമ്മയെത്തി…

ഭവാനിയമ്മേ… ഞാൻ പറമ്പത്ത് പോയി തോരൻ വെക്കാൻ എന്തേലും കിട്ടുമോന്ന് നോക്കട്ടെ… വാസുവേട്ടൻ ഇച്ചിരി വൈകുന്ന്…. വാസുവേട്ടനേം കാത്തിരുന്നാൽ ഉച്ചയ്ക്ക് മുമ്പ് ഊണ് കാലാവൂല…..

ശിവ തൻ്റെ കൈ കൊണ്ട് മെടഞ്ഞുണ്ടാക്കിയൊരു ഓല കുട്ടയും കൊണ്ട് പറമ്പത്തേക്കിറങ്ങി…

കോവയ്ക്കയായാലോ….

പന്തലിൽ നിറഞ്ഞ് നിൽക്കുന്ന കോവയ്ക്ക കണ്ട് ഇന്നത്തെ തോരൻ കോവയ്ക്ക തന്നെയാവാമെന്ന് വിചാരിച്ച് അവളങ്ങോട്ട് നടന്നു…

ഇതെന്തിനാപ്പോ ഇത്ര ഉയരത്തിൽ കൊണ്ട് പോയി പന്തലിട്ടത്… നിക്കിത് കിട്ടണില്ലല്ലോ ദേവി…. പൊക്കമില്ലാത്ത ഞാൻ കൂടെ ഈ പറമ്പത്ത് കേറണ്ടതാണല്ലോന്നോർത്ത് ഇവർക്കല്പം താഴ്ത്തി പന്തലിട്ടൂടെ…

ശിവ ഏന്തി വലിഞ്ഞ് കോവയ്ക്ക കയ്യെത്തി പിടിക്കാൻ ശ്രമിച്ചതും ചെറുതായൊന്ന് വീഴാൻ പോയെങ്കിലും ഭാഗ്യം കൊണ്ട് വീണില്ല…

ഹാ…. അങ്ങനെ വഴിക്ക് വാ….

അവൾ തുള്ളി ചാടി ഒന്ന് രണ്ട് കോവയ്ക്ക പറിച്ചെടുത്തു….

വീണ്ടും ശ്രമം നടത്തുമ്പോൾ ആരോ അവളെ എടുത്ത് പൊക്കി….  ആരെന്നല്ലേ… മറ്റാരുമല്ല… നമ്മുടെ ഗൗതം തന്നെ…..

വിട് കിച്ചേട്ടാ…. പറമ്പാണ്… ആരേലും കാണും….

നിന്ന് പിടയാതെ കോവയ്ക്ക പറിക്കെൻ്റെ ഭദ്രേ…..

ശിവ നിന്ന് പിടയാൻ തുടങ്ങിയതും ഗൗതം ഒന്നൂടെ അവളെ ഉയർത്തി പിടിച്ചു…

ൻ്റെ കണ്ണാ… ഈ കിച്ചേട്ടൻ ങ്ങനെ അടുത്ത് നിക്കുമ്പോ നിക്കെന്തോ പോലെ തോന്നാ… ആകെയൊരു പരവേശം….

ഞാനെങ്ങനെയാ കൈ വിറച്ചിട്ടി  കോവയ്ക്ക പറിക്കാ….

നിക്കിപ്പോ പറിക്കാതെയും വയ്യ…. വാസുവേട്ടൻ വരും വരെ കാത്തിരുന്നാൽ ഊണ് കാലത്തിനാവൂല…

ആവശ്യം തൻ്റേതായിപ്പോയില്ലേന്ന് കരുതി ശിവ കോവയ്ക്ക പറിച്ചു…

ആരെങ്കിലും കാണുന്നുണ്ടാവോ എന്തോ…. കുടുംബശ്രീ പെണ്ണുങ്ങളെങ്ങാനും കണ്ടാ മതി… നാട്ടിൽ പാട്ടാക്കാൻ… ന്തേലും കിട്ടാൻ കാത്തിരിക്കാവും അവറ്റകൾ…. ഉള്ളതും ഇല്ലാത്തതും ഒക്കെ കൂട്ടി നാട്ടിൽ പറഞ്ഞ് നടക്കാൻ…  നിക്കറിയാത്തതല്ലോ അവറ്റകളെ…. എത്ര പെൺ കൊച്ചുങ്ങളുടെ ഇല്ലാ കഥകളാ അവരീ നാട്ടിൽ പറഞ്ഞ് പരത്തിയത്….

ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കിയാണ് ശിവ കോവയ്ക്ക പറിക്കുന്നത്…

മതി… കിച്ചേട്ടാ…. തോരനുള്ളതായി….

ശിവ പറഞ്ഞതും ഗൗതം അവളെ പതിയെ നിലത്തിറക്കി….

ഗൗതമിൻ്റെ നോട്ടം പന്തിയല്ലെന്ന് തോന്നിയതും ശിവ വേഗം തന്നെ താഴെ വീണ് കിടക്കുന്ന കോവയ്ക്കയൊക്കെ കുട്ടയിലേക്കിട്ടു വീട്ടിലേക്കോടി….

സാമ്പാറും ചോറും അവിയലും പുളിശ്ശേരിയും കക്കിരി പച്ചടിയും ബീറ്റ്‌റൂട്ട് കിച്ചടിയും കോവയ്ക്ക തോരനും പയർ മെഴുക്ക് പുരട്ടിയും വഴുതന ഫ്രൈയും അടക്കം വിഭവ സമൃദ്ധമായ സദ്യ തന്നെയുണ്ടാക്കി ശിവയും ഭവാനിയമ്മയും കൂടെ….

കൂട്ടത്തിൽ നല്ല തേങ്ങാ കൊത്തും അണ്ടി പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്ത പരിപ്പ് പായസവും ഉണ്ടാക്കാൻ മറന്നില്ല….

ശിവേ…. അവരെത്തി…. കുടിക്കാനുള്ളതെടുത്തോളൂട്ട…..

ഉമ്മറത്ത് നിന്നും ലക്ഷ്മിയമ്മ വിളിച്ച് പറഞ്ഞതും ശിവ നേരത്തെ തയ്യാറാക്കി വെച്ച പറമ്പിൽ നിന്നും പറിച്ചെടുത്ത അവോക്കാഡോയും നല്ല മിൽമ പാലും കൂട്ടിയിടിച്ച അവോക്കാഡോ ജ്യൂസ് അവർക്ക് കൊണ്ട് കൊടുത്തു….

ന്താമ്മേ അർജൻ്റായി വിളിപ്പിച്ചത്…..

അത്… കിച്ചൂട്ടൻ്റെ കാര്യം പറയാനാ…

കിച്ചൂട്ടൻ്റെ കാര്യമോ…. ന്ത് കാര്യം…

അവനൊരു കുട്ടിയുമായി ഇഷ്ടത്തിലാ…. ഞാനതങ്ങുറപ്പിച്ചാലോന്നാലോചിക്കുകയാ….

ഉമ്മറത്ത് ചർച്ച പൊടി പൊടിപൊടിക്കുകയാണ് …

ഊണിന് നേരായത് കൊണ്ട് ഊണ് വിളമ്പട്ടേന്ന് ചോദിക്കാൻ വന്ന ശിവ കേൾക്കുന്നത് അവരുടെ ഈ ചർച്ചയാണ്….

നേരത്തെ അറിയാവുന്നതാണ് ഇഷയും കിച്ചേട്ടനും തമ്മിലുള്ള ബന്ധം… ഇഷ പോകുമ്പോ കല്യാണത്തിന് കാണാന്ന് പറഞ്ഞപ്പോ തന്നെ ഊഹിച്ചതാണ് കല്യാണം പെട്ടെന്നുണ്ടാവുമെന്ന്…

എന്നാലും പെട്ടെന്ന് ഒക്കെ കേക്കുമ്പോ എന്തോ ഒരു വയ്യായ്ക…. ഒരുപാട് മോഹിച്ച് പോയതല്ലേ …. കൊറേ കാലം മനസ്സിൽ കൊണ്ട് നടന്നതല്ലേ… അതിൻ്റെയാവാം…

ൻ്റെ കണ്ണാ ൻ്റെ നെഞ്ചൊക്കെ നീറും പോലെ തോന്നാ…. ഹൃദയം പൊട്ടി പോകും പോലെ…

ശിവ എങ്ങനെയൊക്കെയോ മനസ്സിനെ നിയന്ത്രിച്ചു….

ലക്ഷ്മിയമ്മേ…. ഊണ് വിളമ്പട്ടെ….

ശിവ നിറഞ്ഞ് വന്ന കണ്ണൊക്കെ തുടച്ചു…. ശബ്ദമിടറാതിരിക്കാൻ നന്നേ പാട് പെട്ടു പെണ്ണ്…

വിളിമ്പിക്കോളൂട്ടോ….

ഇനി ഊണ് കഴിഞ്ഞിട്ടാവാം….

ശിവയ്ക്ക് മറുപടി നൽകി ചർച്ചയ്ക്കിരിക്കുന്നവരോടായി പറഞ്ഞു ലക്ഷിയമ്മ എഴുന്നേറ്റു….

എല്ലാവരും കയ്യൊക്കെ കഴുകി ഫ്രഷാവാൻ പോയതും ശിവ ഇല വിരിച്ചു….

ഭവാനിയമ്മേ ചോറ് കൊണ്ട് വന്നോളൂട്ടോ…

ശിവ അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചതും ഭവാനിയമ്മ ചോറുമായി വന്നു….

ശിവയും ഭവാനിയമ്മയും കൂടെ നിരത്തി വെച്ച ഇലകളിൽ ചോറും കൂട്ടാനും വിളമ്പി… സഹായത്തിന് രാധമ്മയും ഉണ്ടായിരുന്നു…

ഊണും കഴിഞ്ഞ് മുതിർന്നവരെല്ലാം വീണ്ടും ചർച്ചയ്ക്കിരുന്നു…. കുട്ടികളൊക്കെ കലപില കൂട്ടി തൊടിയിലേക്കും…. നല്ല മുഴുത്ത മാങ്ങയും നെല്ലിക്കയും പേരയ്ക്കയും ഒക്കെ തന്നെയാണ് അവരുടെ ലക്ഷ്യം…

ശിവയും ഭാവനിയമ്മയും കഴിച്ചതൊക്കെ വൃത്തിയാക്കി അടുക്കളയും ഒതുക്കി വെച്ചു…..

ഭവാനിയമ്മേ…. ഞാനൊന്ന് കുളിച്ചിട്ട് വരാ…. ചായക്ക് കപ്പപ്പുഴുക്കുണ്ടാക്കാം…. മുറിച്ച് കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്…. ഒന്ന് വേവിക്കാൻ വെച്ചേക്ക്…..

ശിവ ഉടുത്ത് മാറാനുള്ള ഡ്രസ്സുകെടുത്ത് തറവാട് കുളത്തിലേക്കോടി….

ഒന്ന് ഒറ്റയ്ക്കിരിക്കണം… ഉള്ളിലെ വിഷമമൊക്കെ കരഞ്ഞ് തീർക്കണം… അതിനാണ് കുളിക്കാനെന്നും പറഞ്ഞുള്ള ഈ ഓട്ടം…..

ൻ്റെ കൃഷ്ണാ…. ഒരുപാട് മോഹിച്ച് പോയി… തെറ്റാണ്… ൻ്റെ മാത്രം തെറ്റ്…. വേണ്ടാത്തതൊക്കെ മോഹിച്ച് പോയി ഈ പൊട്ടി പെണ്ണ്…. നിനക്കെങ്കിലും തിരുത്തിക്കൂടായിരുന്നോ ന്നെ… ങ്കിൽ ഞാനിപ്പോ ങ്ങനെ കെടന്നു കരയണയിരുന്നോ ….

അല്ലേലും നിനക്കിപ്പോ ഇത്തിരി കുസൃതി കൂടുതലാ… ന്നെ കരയിപ്പിക്കലല്ലേ നിൻ്റെ വിനോദം….

കണ്ണനോട് പരിഭവവും പറഞ്ഞ് സങ്കടങ്ങളെയൊക്കെ കരഞ്ഞ് തീർത്ത് നീരാട്ടും കഴിഞ്ഞ് കുളിപ്പുരയിൽ നിന്ന് ഒരു ധാവണിയും മാറിയുടുത്ത് കുളപ്പടവിൽ വെറുതെ ഓരോന്നോർത്തിരുന്നു….

ഭദ്രേ…. നീ ഇവിടിരിക്ക്യായിര്ന്നോ …. ഞാൻ എവ്ടെയൊക്കെ നോക്കി…. ഭവാനിയമ്മയാ പറഞ്ഞത് ഇവിടെണ്ടാവൂന്ന്

ഗൗതം തൊട്ട് മുകളിലുള്ള പടവിൽ വന്നിരുന്നു….

കല്യാണമൊർപ്പിച്ചോ….

മ്മ്…. അട്ത്തയാഴ്ച നിശ്ചയം…. വര്ന്ന ചിങ്ങത്തി കല്യാണം…

മ്മ്….

ശിവ വെറുതെ ചെറു കല്ലുകളെടുത്ത് കുളത്തിലേക്കെറിഞ്ഞു… അതും നോക്കിയിരുന്നു…

ഭദ്രേ….

മ്മ്….

വരവ് കണക്കിലേക്ക് ഒരെണ്ണം തരട്ടെ….

കുസൃതിയോടെ ഗൗതം കൈ കുത്തി പിടിച്ച് ശിവ ഇരിക്കുന്ന പടവിലേക്കിരുന്നു…

ന്താ….

അരുതാത്തതെന്തോ കേട്ട മട്ടായിരുന്നു പെണ്ണിന്….

ആദ്യായി ഈ കുളപ്പടവിൽ വെച്ചെൻ്റെ ഭദ്രയ്ക്ക് തന്ന പോലൊരെണ്ണം ഇപ്പൊ തരട്ടേന്ന്….

കണ്ണുകളിൽ പ്രണയം നിറച്ച് ഗൗതം ശിവയെ നോക്കി….

ശിവ പുറകിലോട്ട് നീങ്ങിയിരുന്നു….

ഇപ്പൊ തന്നെ തിരിച്ച് തര്ണോന്നില്ല….

ശിവ നീങ്ങിയിരിക്കുന്നതിനുസരിച്ച് ഗൗതമും അവൾക്കരിലേക്ക് നീങ്ങി ഇരുന്നു….

കിച്ചേട്ടാ…. വേണ്ടാട്ടോ…..

ശിവയവനെ തള്ളി മാറ്റാൻ ശ്രമിച്ചതും അത് മുൻകൂട്ടി മനസ്സിലാക്കി ഗൗതം അവളെ കയ്യിൽ പിടിച്ച് നെഞ്ചോട് ചേർത്തു അവളുടെ കവിളിൽ പല്ലുകൾ പതിപ്പിച്ചു….

ഇതും കൂടെ വരവിൽ വെച്ചോ…. ഒക്കെ ആദ്യ രാത്രി മുതലും പലിശയും ചേർത്ത് തന്നാൽ മതി…. തന്നില്ലെങ്കി ഞാൻ മേടിച്ചോളാം…..

ന്താ… ന്താ പറഞ്ഞത്…. ആദ്യ രാത്രിയോ….

ആഹ്…. നമ്മളെ കെട്ട് കഴിഞ്ഞ് ആദ്യ രാത്രി നിക്കിതൊക്കെ മുതലും പലിശയും ചേർത്ത് തിരിച്ച് തരണോന്ന്… ന്താ മനസ്സിലായില്ലെന്നുണ്ടോ ഭദ്ര കൊച്ചിന്…

നേ…നേരാണോ… പറഞ്ഞത്…. ന്നെ….  ന്നെ … പറ്റിക്കാൻ … വേണ്ടി… പറയ്ണതല്ലല്ലോ…

ഗൗതം തന്നെയാണ് കെട്ടാൻ പോകുന്നതെന്നവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല…

അല്ലെൻ്റെ പെണ്ണേ…. നേരെന്ന്യാ പറഞ്ഞത്…

ഗൗതം കണ്ണിറുക്കി…. സന്തോഷം കൊണ്ട് ശിവയുടെ കണ്ണ് നിറഞ്ഞു….

അപ്പൊ മദാമ്മ കൊച്ചോ… അല്ല ഇഷയോ….

അബദ്ധത്തിൽ ഗൗതമിനോട്  മദാമ്മ കൊച്ചെന്ന് പറഞ്ഞതോർത്ത് അവൾ വിരൽ കടിച്ചു….

അവളെൻ്റെ ഫ്രെണ്ടാ…..

ഞാൻ ഇന്നലെ വിളക്ക് വെക്കാന്നേരം ആ കുട്ടി കിച്ചേട്ടനെ ഇഷ്ടാണെന്ന് പറഞ്ഞത് ഞാൻ കേട്ടായിര്ന്നല്ലോ…

മ്മ്… അവളങ്ങനെയൊരിഷ്ടം പറഞ്ഞൂന്നുള്ളത് നേരാ… പക്ഷേ ങ്കില്… നിക്കെൻ്റെ ഭദ്ര കാളി കൊച്ചുണ്ട്… അവളെ മാത്രേ ഗൗതം താലി കെട്ടൂന്ന് പറഞ്ഞവളോട്….

അവളോട് മാത്രമല്ല അച്ചമ്മയോടും പറഞ്ഞു…. അക്കാര്യം സംസാരിക്കാനാ അച്ചമ്മ എല്ലാരേയും വിള്ച്ചു വര്ത്തിയത്….

കാര്യമറിഞ്ഞപ്പോ സുമ വല്ല്യമ്മ എതിർത്തു…. അവർക്ക് അടുക്കളക്കാരി കൊച്ച് വീട്ടിലെ മരുമോളായി വന്നാൽ കുറച്ചിലാണത്രെ….

പക്ഷേ അച്ഛമ്മയുണ്ടോ വിട്ട് കൊട്ക്കുന്നു… അടുക്കളക്കാരിയായല്ല ഞാനവളെ കൊണ്ട് വന്നതെന്നും കൊച്ചു മോളായിട്ടാന്നും പറഞ്ഞു…

മാത്രമല്ല എൻ്റെ ശിവകുട്ടി തന്നെ കിച്ചൂട്ടൻ്റെ പെണ്ണായി വരൂന്ന് തറപ്പിച്ച് പറഞ്ഞു…

പറ്റാത്തോർ കല്യാണത്തിന് കൂടണ്ടാന്നൂടെ പറഞ്ഞു….

മാസ്സ് സീനായ്രുന്നു… നിനക്കതൊന്നും കാണാനുള്ള ഭാഗ്യോണ്ടായില്ലല്ലോ ൻ്റെ ഭദ്രേ…

ഗൗതം ശിവയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു….

ഞാനിപ്പോ വരാം….

ഗൗതമിൻ്റെ കൈ തട്ടി മാറ്റി ശിവ പടി കയറി പോയി….

ഭദ്രേ… നിക്ക്…. എങ്ങോട്ടാ നീ… ഭദ്രേ… നിക്ക്…. ഞാനും വരണൂ….

ശിവയ്ക്ക് പിറകെ ഗൗതമും പോയി….

ൻ്റെ കണ്ണാ…. ൻ്റെ പരിഭവങ്ങളൊക്കെ നീ കേട്ടല്ലോ…. നീ അറിഞ്ഞില്ലേ…. ൻ്റേം കിച്ചേട്ടൻ്റെയും കല്യാണമുറപ്പിച്ചു… നിക്ക് സന്തോഷമായെൻ്റെ കൃഷ്ണാ….

ഇടയ്ക്ക് ഇത്തിരി വികൃതിയൊക്കെ കാട്ടി നീ ന്നെ കരയിപ്പിച്ചെങ്കിലും നിക്ക് ൻ്റെ കിച്ചേട്ടനെ തന്നല്ലോ….

സന്തോഷം കൊണ്ടവളുടെ കണ്ണ് നിറഞ്ഞു…

ശിവ പൂജാ മുറിയിൽ ചെന്ന് കണ്ണനോട് സന്തോഷം പങ്ക് വെച്ചു….

ൻ്റെ കണ്ണാ… എന്നും ഇവളുടെ പരിഭവം മാത്രം കേട്ട് മട്ത്തൂലെ നിനക്ക്…. നിക്കും ണ്ട് നിന്നോട് പരിഭവം പറയാൻ… ഈ നിക്കുന്ന നിൻ്റെ ഭക്തയുണ്ടല്ലോ ശിവ ഭദ്ര… എപ്പോഴും അതിനെ വരവിൽ വെക്കാ…. ഒന്നെങ്കിലും ഇപ്പൊ ഈ സന്തോഷത്തിൽ തിരിച്ച് തരാൻ പറ… പ്ലീസ് കണ്ണാ….

കണ്ണുമടച്ച് നിന്ന ശിവ കണ്ണനോട് ഗൗതം പരിഭവം പറയുന്നത് കേട്ട് ചിരിച്ചു പോയി…

ദാ…. കണ്ണൻ ചിരിക്കണത് കണ്ടോ… സമ്മതം തന്നതാ….  ഒന്ന് തായെൻ്റെ ഭദ്രേ…. പ്ലീസ്….

ഗൗതം കണ്ണടച്ച് ഭദ്രയ്ക്ക് നേരെ മുഖം നീട്ടി…

ഒക്കെ… താലി കെട്ടിക്കഴിഞ്ഞിട്ട്….

ശിവ അവൻ്റെ മുഖം പതിയെ ഒന്ന് തള്ളി…

എന്നാലെ ഇതും കൂടി ചേർത്ത് തന്നാൽ മതി…..

ഗൗതം ശിവയെ പിടിച്ച് നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടുകൾ ചേർത്തു…

അവരുടെ കുസൃതികൾ കണ്ട് ഉണ്ണികണ്ണൻ ചിരി തൂകി നിന്നു….

രാധേ…. കഴിഞ്ഞില്ലേ ഒരുക്കം….

ഹാ… കഴിഞ്ഞമ്മേ… ദാ വരണൂ…

ഇന്നാണ് ശിവ ഭദ്രയുടെയും ഗൗതം കൃഷ്ണയുടെയും താലി കെട്ട്… അതിനുള്ള ഒരുക്കത്തിലാണവർ… കൃഷ്ണൻ്റെ അമ്പലത്തിലാണ് കെട്ട്….

പെണ്ണും ചെക്കനും ഒരേ വീട്ടിൽ നിന്ന് തന്നെയായത് കൊണ്ട് ഒരുമിച്ചാണ് ഇറങ്ങുന്നത്…

സുന്ദരിയായിട്ടുണ്ട്… ൻ്റെ ശിവ കുട്ടി…

കണ്ണാടിക്ക് മുമ്പിൽ നിൽക്കുന്ന ശിവയുടെ സാരി ഞൊറി ഒന്നൂടെ സെറ്റ് ചെയ്ത് രാധമ്മ ശിവയുടെ കവിളിൽ തട്ടി…

രാധേ… മുഹൂർത്തത്തിന് സമയാവണൂ..

ദാ… വന്നൂ…

ലക്ഷ്മിയമ്മ ഉമ്മറത്ത് നീട്ടി വിളിച്ചതും രാധ ശിവയേയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നു….

ൻ്റെ…. കണ്ണാ… ഈ പെണ്ണിത്രയും മൊഞ്ചുണ്ടായ്ര്ന്നോ… കണ്ണെടുക്കാൻ തോന്നണില്ലല്ലോ….

കല്ല് വെച്ച പച്ച ബ്ലൗസും ചുവന്ന സാരിയും മുല്ലപ്പൂവും അണിഞ്ഞ് ചെറിയ രീതിയിൽ ചായവും ഇട്ട് വരുന്ന ശിവയെ ഗൗതം നോക്കി നിന്ന് പോയി…

മുഹൂർത്തായി…. കെട്ടിക്കോളൂ…

കൊട്ടും കുരവയും മുഴങ്ങി…

അവരുടെ ഇഷ്ട ദേവനായ കൃഷ്ണനെ സാക്ഷി നിർത്തി ഗൗതം അവളുടെ കഴുത്തിൽ താലി ചാർത്തി …

ശിവേ… ചെല്ല്….

രാധമ്മ ശിവയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് നൽകി കണ്ണുകൾ ചിമ്മി കാണിച്ചു….

രാധമ്മ… ഞാനെൻ്റെ റൂമിൽ കിടന്നാൽ പോരെ….

പേടിയോടെ ശിവ ചോദിച്ചതും ലക്ഷ്മിയമ്മയടക്കം എല്ലാവരും ചിരിച്ച് പോയി….

നിന്ന് ചിണുങ്ങാതെ പോയെന്റെ ശിവ കുട്ടി….

രാധ അവളെ തള്ളി വിട്ടു…

ൻ്റെ… കണ്ണാ… നിക്കെന്തോ പോലെ… ഇത്രയും ദിവസം ഇല്ലാത്തൊരു പരവേശം… ഞാൻ കിച്ചേട്ടൻ്റെ കൂടെ… അയ്യേ… നിക്കെന്തോ ഓർക്കുമോ തന്നെ എന്തോ പോലെ….

ഗൗതമിൻ്റെ റൂമിലേക്ക് പോകും വഴി ശിവ പൂജാ മുറിയിലേക്കൊന്ന് എത്തി നോക്കി….

ആ ഇയാൾക്ക് എപ്പോഴും ഇങ്ങനെ ചിരിച്ചോണ്ടിരുന്നാൽ മതിയല്ലോ… ൻ്റെ അവസ്ഥ നീ വല്ലതും അറിയണുണ്ടോ… എവ്ടെ … ഞാൻ കരഞ്ഞാലും ചിരി… ഞാൻ പരിഭവം പറഞ്ഞാലും ചിരി… ഒക്കെത്തിനും ങ്ങനെ അങ്ങ് ചിരിച്ചോളും… നീ കള്ള കണ്ണൻ തന്നെയാ…

ശിവ അവളുടെ കള്ളക്കണ്ണനോട് പരിഭവം പറഞ്ഞ് റൂമിലേക്ക് ചെന്നു….

ഈ കിച്ചേട്ടൻ ഇതെവിടെ പോയി….

റൂമിൽ ഗൗതമിനെ കാണാത്തത് കൊണ്ടവൾ ചുറ്റിലുമൊന്ന് നോക്കി…

ഹാ… നിക്കെന്തായാലും നന്നായി…. കിച്ചേട്ടൻ വരും മുമ്പേ കിടന്നുറങ്ങിയാലോ… ചിലപ്പോ ഇതും ൻ്റെ കണ്ണൻ്റെ ലീലാ വിലാസങ്ങളാണെങ്കിലോ…. ഇപ്പൊ ഞാൻ പറഞ്ഞിട്ട് വന്നല്ലേയുള്ളൂ…

ന്തായാലും കണ്ട പൈങ്കിളി ബുക്കൊക്കെ വായ്ച്ചത് കാര്യായി… അവിടന്നാണല്ലോ ഇതൊക്കെ നിക്ക് കിട്ടിയേ… ഈ ആദ്യ രാത്രീന്ന് മുങ്ങാനുള്ള ഐഡിയയൊക്കെ…

ഭദ്രേ….

പിറകിൽ നിന്നും ഗൗതം ചേർത്ത് പിടിച്ചപ്പോഴാണ് താൻ ഇത് വരെ ചിന്തിച്ച് കൂട്ടിയ ആഴ്ചപ്പതിപ്പിലെ വിദ്യകളൊന്നും ജീവിതത്തിൽ നടക്കൂലാന്ന് ശിവയ്ക്ക് മനസ്സിലായത്…

ഭഗവാനെ പെട്ടോ… ന്തൊക്കെയാ ഞാൻ ചിന്തിച്ച് കൂട്ടിയത്… ഹാ… അപ്പൊ ഈ ആഴ്ചപ്പതിപ്പിലൊക്കെ ചുമ്മാ എന്തൊക്കെയോ എഴ്തി കൂട്ടണതാണല്ലേ …

ഭദ്രേ…

ശ്ശ്….

ഗൗതം ഒന്നൂടെ ചേർന്ന് നിന്ന് ശിവയുടെ തോളിൽ താടി രോമങ്ങൾ കൊണ്ട് ഇക്കിളി കൂട്ടിയതും അവളൊന്ന് പുളഞ്ഞു…

ൻ്റെ… കൃഷ്ണാ… ൻ്റെ നെഞ്ചാകെ ന്താ ങ്ങനെ ഇടിക്കുന്നത്… പ്പൊ… പൊട്ടിപ്പോകൂന്ന് തോന്നാ…. ന്താ… കിച്ചേട്ടൻ അട്ത്ത് വരുമ്പോ മാത്രം ങ്ങനെ… നിക്കറിഞ്ഞൂടാ…

ശിവയുടെ ഹൃദയ പടപടാ ഇടിക്കുകയാണ്…

ആദ്യം…. മ്മളെ വരവ് കണക്കൊന്ന് തീർത്താലോ ൻ്റെ ഭദ്ര കുട്ട്യേ…

ശിവയെ പിടിച്ച് ഗൗതം തിരിച്ച് നിർത്തി…

ഒന്ന്… പോ… കിച്ചേട്ട….

ശിവയുടെ മുഖമാകെ ചുവന്ന് വന്നു… നാണത്തോടെ അവൾ മുഖം താഴ്ത്തി…

അതേ… ഭദ്ര പെണ്ണേ… നീ തന്നില്ലേൽ ഞാൻ എട്ക്കും.. വേണോ…

ഗൗതം ശിവയുടെ താടിത്തുമ്പ് പിടിച്ച് മുഖമുയർത്തി അവളിലേക്ക് മുഖമടുപ്പിച്ചു…

കിച്ചേട്ടാ…. വേണ്ടാട്ടോ…

ശിവ ചിരിയോടെ അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. ഗൗതം ശിവയെ ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു….. പിന്നീട് പതിയെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തിലും, ഇരു മിഴികളിലും പതിഞ്ഞു. ശേഷം അവളുടെ കവിളുകൾ ചുംബിച്ചു കൊണ്ട് ആ തുടുത്ത അധരത്തിൽ എത്തി നിന്നു… അപ്പോളേക്കും പെണ്ണവൾ എവിടെയെങ്കിലും വീണു പോകുമോ എന്നോർത്ത് പോയ്‌..

ഒരു നിമിഷം കൊണ്ടവൻ അവളുടെ അധരം കവർന്നെടുത്തതും ശരീരത്തിൽ ആകെ കൂടെ എന്തൊക്കെയോ പ്രകമ്പനം…

മെല്ലെ മെല്ലെ തുടങ്ങിയ മുത്തം പിന്നീട് ഒരു ദീർഘ ചുംബനത്തിനു വഴി മാറി

അപ്പോഴും പൂജാ മുറിയിലിരുന്ന് ശിവഭദ്രയുടെ കള്ളകണ്ണൻ ചിരി തൂകി നിന്നു….

ശുഭം.

രചന വരികളുടെ പ്രണയിനി

Leave a Reply

Your email address will not be published. Required fields are marked *