മനമറിയാതെ
രചന.. ഇന്ദ്ര
ഇത് ഇന്നേലും നടക്കുവോ… അഭിയുടെ തോളിൽ തട്ടിക്കൊണ്ട് ശരത്ത് ചോദിക്കവേ അഭിയുടെ ചുണ്ടിൽ പരിഭവം നിറഞ്ഞു….
“പോടാ ഞാൻ ഇന്ന് എന്തായാലും അവളോട് എന്റെ ഇഷ്ട്ടം പറയും… നീ നോക്കിക്കോ….
“ഉവ്വ നടന്നത് തന്നെ… ശരത്ത് പുച്ഛിച്ചു
ദാണ്ടടാ ആരതി വരുന്നുണ്ട്…. ശരത്ത് ചൂണ്ടിയ ഇടത്തേക്ക് കണ്ണുകൾ ചെല്ലവേ അഭിയുടെ ഹൃദയം തളിർത്തു… ഇളം പിങ്ക് ചുരിദാറിൽ വളരെ മനോഹരി ആയിരുന്നു അവൾ…
“ചെല്ല് പോയി പറഞ്ഞിട്ട് വാ… ഓൾ ദി ബെസ്റ്റ് ശരത്ത് അവനെ ഉന്തിത്തള്ളി വിട്ടു….
അൽപ്പം മടിച്ചിട്ട് ആണേലും അവൻ അവളുടെ അടുത്തേക്ക് ചെന്നു….
അകലെ നിന്നുതന്നെ ആരതി അവൻ വരുന്നത് കണ്ടിരുന്നു… അതിനാൽ തന്നെ അവൾ നടത്തം കുറച്ച് വേഗത്തിൽ ആക്കി….
ഇത്രയും ദിവസം അഞ്ജലി കൂടെ ഉണ്ടായിരുന്നത് കൊണ്ടാവാം ദൂരെ നിന്ന് താൻ പോകുന്നത് നോക്കി നിൽക്കുന്നത് അല്ലാതെ അടുത്തേക്ക് വന്നിട്ടില്ല അഭി….
തനിക്ക് കൂട്ടിന് ആരും ഇല്ലന്ന് ഓർക്കേ ആരതിക്ക് കുറച്ച് പേടി തോന്നി… കാഴ്ച്ചയിൽ പാവം ആണെന്ന് തോന്നുന്നു…. പക്ഷെ എല്ലാവരുടെയും മനസ്സിലിരിപ്പ് നമുക്ക് അറിയില്ലല്ലോ…
അവൾ തന്റെ തോളിൽ കിടന്ന ബാഗ് ഒന്നൂടെ നേരെ ഇട്ടിട്ട് വേഗത്തിൽ നടന്നു…. അവൻ അടുത്ത് എത്തിയിട്ടും ശ്രദ്ധിക്കാത്തത് പോലെ അവൾ മുന്നോട്ടേക്ക് നടന്നു…
തന്നെ അവളൊന്ന് നോക്കുമെന്ന് പ്രധീക്ഷിച്ച അഭിക്ക് നിരാശ ആയിരുന്നു ഫലം…. തന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ ആണ് പോയത്…അവളുടെ അവഗണന അവന്റെ ആത്മവിശ്വാസം കുറച്ചു….
അവൻ സങ്കടത്തോടെ ശരത്തിനെ തിരിഞ്ഞ് നോക്കി….
“എന്താടാ…. അങ്ങോട്ട് ചെന്ന് പറ… ഇന്ന് നടന്നില്ലേൽ പിന്നെ ഒരിക്കലും അവസരം കിട്ടില്ല…. ശരത്ത് കയ്യ്കൊണ്ട് ആംഗ്യം കാണിച്ച് പറഞ്ഞു….
അഭിയൊന്ന് ദീർഘമായി നിശ്വസിച്ചു…. അവൻ രണ്ടും കല്പിച്ച് മുന്നോട്ടേക്ക് നടന്നു…
“ആരതി… പിന്നിൽനിന്ന് അവന്റെ സ്വരം കേട്ടപ്പോൾ അവളൊന്ന് നിന്നു…
പക്ഷെ തിരിഞ്ഞ് നോക്കാൻ മടി തോന്നി… എന്നും കാണുന്നതാണെങ്കിലും അയാളുടെ സ്വഭാവം അറിയാത്തതുകൊണ്ട് ഉള്ളിലൊരു ഭയമുണ്ട്…. അയാളും കൂട്ടുകാരനും കൂടെ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് അവളുടെ മനസ്സ് ഭയന്നു…..
ചുറ്റിനും വീടോ വണ്ടികളോ ഇല്ല…. റോഡിന്റെ രണ്ട് വശത്തും റബ്ബർ തോട്ടമാണ്… ഒന്ന് ഒച്ചവെച്ചാൽ പോലും ആരെങ്കിലും കേൾക്കുമോ എന്ന് സംശയമാണ്…
ഇന്നലെ മഴ പെയ്യ്തത് കൊണ്ട് തന്നെ ഇന്ന് ആരും റബ്ബർ വെട്ടാനും വരില്ല… മെയിൻ റോഡിലേക്ക് ആണെങ്കിൽ ഇനിയും പതിനഞ്ചു മിനിറ്റ് നടക്കാൻ ഉണ്ട്…അവളുടെ മനസ്സിൽ ഭയത്തിന്റെ കണികകൾ ഉരുണ്ട് കൂടി…
അഭി നടന്ന് അവൾക്ക് മുൻപിൽ വന്നു നിന്നു…. അവൾ അവനെ ഒന്ന് മുഖമുയർത്തി നോക്കി… ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം ആണോ… അവൾക്ക് സംശയം തോന്നി….
അവരുടെ നിൽപ്പും ഭാവവും ദൂരെ നിന്ന് ശരത്ത് വീക്ഷിക്കുന്നുണ്ടായിരുന്നു…. അവന് ചിരി വന്നു…
“ആ പെണ്ണിനെ പറ്റി പറയുമ്പോൾ നൂറ് നാക്കാണ് ചെക്കന്… എന്നിട്ടിപ്പോ അവളുടെ മുന്നിൽ പോയി നിന്ന് നാണം കുണുങ്ങുന്ന കണ്ടില്ലേ… ശരത്ത് മനസ്സിൽ ചിരിച്ചു…. കൂട്ടുകാരന്റെ പ്രണയം എങ്ങനെയെങ്കിലും സാഭല്യം ആവണേയെന്ന് അവൻ മനമുരുകി പ്രാർത്ഥിച്ചു….
“ഞാ… ഞാൻ അഭി…. ഇവ്ടെ അടുത്താണ് വീട്…. കൊറേ നാളായി ഞാൻ തന്നെ കാത്ത് ഇവ്ടെ നിക്കുന്നു…. ഒരു കാര്യം പറയണം എന്നുണ്ട്….. അഭിയുടെ സ്വരത്തിലെ വിറയൽ വ്യക്തമാണ്… എങ്കിലും അവൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു…. അവളെങ്ങനെ പ്രതികരിക്കും എന്ന പേടികാരണം ശരീരമെല്ലാം തണുത്തുറഞ്ഞു….. ആദ്യമായി ഒരാളോട് പ്രണയം തുറന്നുപറയുന്നതിന്റെ എല്ലാ ടെൻഷനും അവന്റെ പെരുമാറ്റത്തിലുണ്ട്….
എന്താണ് പറയാനുള്ളത് എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി….
“അത്…..ആരതി എ..നിക്ക്… എനിക്ക് തന്നെ ഇഷ്ട്ടമാണ്… വിക്കി വിക്കി ഒരു വിധത്തിൽ അവൻ പറഞ്ഞു ഒപ്പിച്ചു…
കൂടെ കയ്യിൽ ഉണ്ടായിരുന്ന കടലാസ് കഷ്ണം അവൾക്ക് നേരെ നീട്ടി… അതിന്റെ കൂടെ ഒരു ഡയറി മിൽക്ക് കൂടെ ഉണ്ടായിരുന്നു…
അവൾ മുഖമുയർത്തി അവനെ നോക്കി… അത് വാങ്ങിക്കാൻ ഹൃദയം ശാട്യം പിടിക്കുന്നുണ്ടെങ്കിലും മറ്റെന്തോ ഒന്ന് അവളുടെ കൈകളെ പിന്നോട്ട് വലിച്ചു….
“വേണ്ട… ചേട്ടൻ പൊക്കൊളു…. അവൾ വീണ്ടും കണ്ണുകൾ താഴ്ത്തി…
“ആരതി ഞാൻ…. അവനെന്തോ പറയാൻ ഒരുങ്ങുമ്പോഴേക്കും ഒരു വണ്ടി വരുന്നതിന്റെ ശബ്ദം കേട്ടു…
“പ്ലീസ് ചേട്ടൻ പൊക്കൊളു… ആരേലും കണ്ടാൽ അച്ഛനോട് പറയും പിന്നെ എന്നെ പുറത്തേക്ക് പോലും വിടില്ല…. അതുമല്ല അച്ഛൻ ചേട്ടനെയും എന്തെങ്കിലും ചെയ്യും…. ഉപദ്രവിക്കരുത് പ്ലീസ്…. അത്രയും പറഞ്ഞുകൊണ്ട് അവൾ അവനെ മറികടന്നു മുന്നോട്ട് നടന്നു….
അഭി നിസ്സഹായനായി അവൾ പോകുന്നതും നോക്കി നിന്നു… ദൂരെ നിന്ന് ശരത്തും ഇത് കാണുന്നുണ്ടായിരുന്നു… അവൻ ഇത് പ്രധീക്ഷിച്ചതാണ്…
എങ്കിലും ഉറ്റ ചങ്ങാതിയെ അവന് ആദ്യമായി തോന്നിയ ഇഷ്ടത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വയ്യായിരുന്നു… അഭിയുടെ ആഗ്രഹം അറിഞ്ഞപ്പോൾ തന്നെ ആരതിയെ പറ്റി അന്വേഷിച്ചിരുന്നു….
ആ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്ക് കാരണക്കാരനായ ഗോവിന്ദന്റെ മകളാണ് ആരതി… അയാളൊരു വാടക ഗുണ്ടയാണ്… കയ്യിൽ ഇല്ലാത്ത തോന്നിവാസങ്ങൾ ഇല്ല അയാൾക്ക്…. കുറെ നാൾ ജയിലിൽ ആയിരുന്നു….
പാർട്ടിയുടെ എല്ലാ കൊള്ളരുതായിമയ്ക്കും കൂട്ട് നിൽക്കും… ശിക്ഷ കിട്ടി കുറച്ച് ദിവസം ജയിലിൽ കഴിയും… അതെ പാർട്ടിയുടെ സഹായത്തോടെ ഊരി പോരുകയും ചെയ്യും… ഇതാണ് അയാളുടെ ദിനചര്യ…
അറിഞ്ഞുകൊണ്ട് ആരും അയാളുടെ നേരെ വിരൽ ചൂണ്ടാറില്ല… ചൂണ്ടിയാൽ പിന്നെ തല കാണില്ലെന്ന് എല്ലാവർക്കും അറിയാം…
പണ്ട് തമിഴ് നാട്ടിൽ എങ്ങാണ്ടോ ആയിരുന്നു…. അവിടുന്ന് ഒരു പെണ്ണിനേയും കൊണ്ട് വന്ന് ഈ നാട്ടിൽ താമസിക്കാൻ തുടങ്ങിയതാണ്…
വേലപ്പ എന്നായിരുന്നു അവിടുത്തെ പേര് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…. ആ സ്ത്രീയിൽ നിന്ന് ഉണ്ടായതാണ് ആരതി…
കഴിഞ്ഞതിന്റെ മുന്നിലത്തെ വർഷം… അതായത് ആരതി ഡിഗ്രി പഠിക്കുന്ന സമയത്ത്…. ഒരു ഉത്സവ രാത്രി ആരതിയുടെ അമ്മയെ ആരോ വീട്ടിൽ കയറി ഉപദ്രവിച്ചു…. ആവിശ്യം കഴിഞ്ഞപ്പോൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലുകയും ചെയ്യ്തു….
അന്ന് ഗോവിന്ദൻ ജയിലിൽ ആയിരുന്നു… കൂട്ടുകാരുടെ ഒപ്പം ഉത്സവം കാണാൻ പോയി വന്ന ആരതി കാണുന്നത് അമ്മയുടെ കത്തി കരിഞ്ഞ ശരീരം ആണ്…
അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…
പാർട്ടിയുടെ സഹായത്തോടെ ആളെ കണ്ടുപിടിച്ചു…. തമിഴ് നാട്ടിൽ നിന്ന് വന്ന ഒരു സെന്തിൽ ശിവൻ…അയാളുമായി വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുമ്പോഴാണ് ആരതിയുടെ അമ്മയുമായി ഗോവിന്ദൻ നാട് വിടുന്നത്….
തുടർന്ന് ഒരുപാട് വർഷം അയാൾ ഇവരെ രണ്ടുപേരെയും അന്വേഷിച്ചു നടന്നു… അവസാനം കണ്ടത്തി അവരെ കൊന്നു….
ജയിലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു… അതുവരെ അയാൾ കരഞ്ഞു ആരും കണ്ടിട്ടേ ഇല്ല… എന്നാൽ പിന്നീട് അയാളൊരു ഹൃദയം ഇല്ലാത്തവനായി മാറി…. ശിവനെ കയ്യിൽ കിട്ടിയപ്പോൾ അയാളൊരു കാലന്റെ രൂപം ആയി മാറിയിരുന്നു….
എന്തൊക്കെ ആണേലും അയാൾക്ക് ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീകളും ആയിട്ട് ബന്ധങ്ങൾ ഒന്നുമില്ല….ഇപ്പോൾ ആകെ അയാൾക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ തന്റെ മകൾ മാത്രമേ ഒള്ളു…
പക്ഷെ ആരതിയെ അയാൾ സ്നേഹത്തോടെ ചേർത്ത് നിർത്തിയിട്ടില്ല… ഭാര്യ പോയതിൽപ്പിന്നെ അയാൾക്ക് ആരോടും സ്നേഹമില്ല…. അച്ഛനും മകളും ആവശ്യത്തിന് അല്ലാതെ പരസ്പരം സംസാരിക്കാറില്ല….
ഇപ്പോഴും ആ ഗുണ്ടാ പണിയാണ് അയാളുടെ തൊഴിൽ…. അതുകൊണ്ടുതന്നെ ആരതിക്ക് ഒറ്റക്ക് നടക്കാനും ഭയമാണ്….
ശരത്ത് അഭിയെ നോക്കി… നിരാശയോടെ തന്റെ അടുത്തേക്ക് നടന്നു വരികയാണ്….
“ഒന്നും നടന്നില്ലലെ…. അവന്റെ നിരാശ മാറ്റനെന്നവണ്ണം ശരത്ത് തമാശയായി ചോദിച്ചു…
“ഇല്ല… അത് പോട്ടെ സാരമില്ല…നീ വണ്ടി എടുക്ക് നമക്ക് പോകാം… അവൾ തന്റെ ഇഷ്ടം നിരസിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും നേരിട്ട് അങ്ങനെ പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം…
എങ്കിലും അവളെ മറക്കാൻ അവന് കഴിയുമായിരുന്നില്ല… പിറ്റേന്ന് മുതൽ ഇതൊരു സ്ഥിരം പരുപാടി ആയി മാറി…
ഇപ്പൊ ആരതി ഒറ്റക്കല്ല… കൂട്ടിന് അവളുടെ കൂട്ടുകാരി അഞ്‌ജലിയും ഉണ്ട്…. അതുകൊണ്ട് ആരതിക്ക് പറയാനുള്ള മറുപടി അഞ്ജലി ആണ് പറയുക…
എന്നും അവൾ ഒഴിഞ്ഞു മാറും… എന്നാലും വിട്ടുകൊടുക്കൻ അവനും തയാറായിരുന്നില്ല…. അവൾക്ക് അവന്റെ ഉള്ളിലുള്ള സ്ഥാനം അത്രയും വലുതായിരുന്നു….
പിന്നീടുള്ള ദിവസങ്ങളിൽ അവൾക്കായി എന്തെങ്കിലും സമ്മാനങ്ങളും ആയിട്ടാണ് അവൻ ചെന്നിരുന്നത്…. കുപ്പിവളകളും ജിമിക്കി കമ്മലും പാദസ്വരവും മാലയും ചോക്ലേറ്റും പാവക്കുട്ടിയും എന്നുവേണ്ട എല്ലാം… എന്നാൽ ഒന്നും അവൾ സ്വീകരിച്ചിരുന്നില്ല…. എങ്കിലും ഓരോ ദിവസവും അവൻ അവൾക്കായി ഓരോന്ന് വാങ്ങിക്കൊണ്ട് ചെല്ലും….
“എടി…. എനിക്ക് ഉറപ്പാണ്… അയാൾ ഭയങ്കര ആത്മാർത്ഥമായി ആണ് നിന്നെ സ്നേഹിക്കുന്നത്…. ഇപ്പൊ ദാ ഒരു വർഷം ആവാൻ ആയി ഈ പുറകെ നടത്തം തുടങ്ങിയിട്ട്…. വേറെ വെല്ലോരും ആയിരുന്നെങ്കിൽ അപ്പോഴേ ഇട്ടിട്ട് പോയേനെ…. നിനക്കെന്താ നിന്റെ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞാൽ….
പതിവ് പോലെ അഭിയെ ഒഴിവാക്കി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിന് ഇടക്ക് അഞ്ജലി ചോദിച്ചു…
“അഞ്ചു നിനക്ക് അറിയില്ലേ എന്റെ അവസ്ഥ…. അച്ഛൻ എങ്ങാനും അറിഞ്ഞാൽ എന്നെ ആയിരിക്കില്ല അയാളെ ആയിരിക്കും കൊല്ലുക… ഞാൻ ആയിട്ട് എന്തിനാ ആ പാവത്തിന്റെ ജീവൻ വെച്ച് കളിക്കുന്നെ….
നിനക്കറിയാലോ… അച്ഛന് പ്രേമം എന്ന് കേട്ടാൽ ഭ്രാന്തിളകും…. അങ്ങനെ ഉള്ള അച്ഛന്റെ അടുത്ത് ഞാൻ എങ്ങനെയാ…. അവൾ പാതി നിർത്തി….
“ഹ്മ്മ്… അതും ശരിയാ പക്ഷെ എന്നാലും…. ” അഞ്ചുവിനും ഇനിയെന്താണെന്ന് വേണ്ടതെന്നു അറിയില്ലായിരുന്നു….
നിനക്ക്…. നിനക്കും ശരിക്ക് ഇഷ്ടമല്ലേ അയാളെ…. അഞ്ചു ചോദിച്ചപ്പോൾ ആരതി ഒന്ന് നെടുവീർപ്പെട്ടു….
“പണ്ട്…. അമ്മ മരിക്കുന്നതിന് മുൻപേ ഉത്സവത്തിനൊക്കെ പോകുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് അഭിയേട്ടനെ…. ഉത്സവ കമ്മറ്റിക്കാരോട് ഒപ്പം ഓരോ കാര്യങ്ങൾ ചെയ്യാൻ ഓടി ഓടി നടക്കുമ്പോ എത്ര വായിനോക്കി നിന്നിട്ടുണ്ടെന്ന് അറിയാമോ…ആഗ്രഹം ഉണ്ടായിരുന്നു പണ്ട് മുതലേ…. പക്ഷെ പിന്നെ…. അവൾ ഒന്ന് നിർത്തി….
ജീവിതത്തിൽ ഇതുവരെ ആഗ്രഹിച്ചതൊന്നും കിട്ടി ശീലമില്ല…. അതുകൊണ്ട് ഒന്നും ആഗ്രഹിക്കുന്നില്ല ഇപ്പോൾ…. മനസ്സറിഞ്ഞു ചിരിക്കാൻ പേടിയാ എനിക്കിപ്പോ…. തൊട്ടടുത്ത നിമിഷം എന്തെങ്കിലുമൊക്കെ അനിഷ്ടം സംഭവിക്കും….
ആഗ്രഹം ഉണ്ട് എന്റെ ഇഷ്ടവും അഭിയേട്ടനോട് പറഞ്ഞ് അഭിയേട്ടന്റെ ഭാര്യ ആയി ജീവിക്കണമെന്ന്… പക്ഷെ അച്ഛനോട് പറയാൻ പേടിയാ….
അമ്മ മരിച്ചതിനു ശേഷം ഒരുപാട് പറഞ്ഞിട്ട വീണ്ടും പഠിക്കാൻ വിട്ടത്… ഇനി ഇതുകൂടെ അറിഞ്ഞാൽ അച്ഛൻ പഠിത്തവും നിർത്തിക്കും അതുറപ്പാണ്….
“ഹ്മ്മ്… സാരോല്യ പെണ്ണെ…. ഭഗവാൻ എന്തേലും വഴി കണ്ടത്തി തരും…. അഞ്‌ജലിക്ക് മറ്റൊന്നും പറഞ്ഞു അവളെ സമാധാനിപ്പിക്കാൻ അറിയില്ലായിരുന്നു….
“ദാ ആ കാണുന്നതാ അഭിയേട്ടന്റെ വീട്….മെയിൻ റോഡിലേക്ക് കടക്കുന്നതിന് മുൻപുള്ള ഒരു വളവിലെ വീട് ചൂണ്ടി അഞ്ജലി പറഞ്ഞു….
“ഹ്മ്മ് ചെറുപത്തിൽ അമ്മമ്മയുടെ കൂടെ ഒരിക്കൽ ഞാൻ അവിടെ പോയിട്ടുണ്ട് അവടെ മരിക്കാറായി കിടക്കുന്ന ഒരു അമ്മുമ്മയുണ്ട്… നമ്മുടെ അഭിയേട്ടന്റെ അച്ഛന്റെ അമ്മയാ… എന്റെ അമ്മേടെ വലിയ കൂട്ടുകാരി ആയിരുന്നു….
ആരതി അവിടേക്ക് നോക്കി…. ഇരു വശത്തും കവുങ്ങും വാഴയും തെങ്ങുമൊക്കെ ഉള്ള വഴിയുടെ ഒരറ്റതായി ഒരു കൊച്ചു വീട്… ആ മനോഹരമായ പരിസരം ആ വീടിന്റെ ഭംഗി കൂടുതൽ കൂട്ടി… അവൾക്ക് അവിടം നന്നേ ബോധി ച്ചു….
“നിനക്ക് ഭാഗ്യം ഉണ്ടേൽ ഈ വീട്ടിലെ മരുമകളായി ആ പടി കയറാം…. അഞ്ജലി പറഞ്ഞപ്പോൾ ആരതിയുടെ മുഖം ചുവന്നു…. അവൾ ആ വീട്ടിലേക്ക് ഒന്നുകൂടെ നോക്കി മുന്നോട്ട് നടന്നു…..
അന്ന് രാത്രി ആരതിക്ക് ഉറക്കം വന്നേ ഇല്ല…. ചിന്തകൾ മുഴുവൻ അഭിയെക്കുറിച്ചായിരുന്നു…. ചെറുപ്പത്തിൽ തനിക്ക് അഭിയേട്ടനോട് ഇഷ്ട്ടം തോന്നിയതുപോലെ അഭിയേട്ടനും തിരിച്ച് ഇഷ്ട്ടപെടണമെങ്കിൽ അത് ഒരു നിമിത്തം ആയിരിക്കുമോ…. എന്റെയാവാൻ എന്തെങ്കിലുമൊരു വഴി കാണിച്ചു തരണേ ദൈവമേ….
പക്ഷെ അച്ഛന്റെ തീരുമാനത്തെ എതിർക്കാൻ തനിക്കാവില്ല…. എന്റെ ഇഷ്ടത്തിന്റെ പേരിൽ അഭിയേട്ടനെ കൊലക്ക് കൊടുക്കാൻ പാടില്ല…. അർഹതയില്ലെങ്കിൽ അത് ആ വഴി പൊക്കോട്ടെ…. വിധിച്ചിട്ടുണ്ടാവില്ല…. മറ്റൊരാൾക്ക് സ്വന്തമാകുന്നത് കാണാൻ കഴിയില്ല എന്നാലും ജീവിതകാലം മുഴുവൻ എന്നേ ഓർത്ത് ഇരിക്കാൻ പറ്റില്ലല്ലോ…. നല്ലൊരാളെ ദൈവം കൊടുക്കട്ടെ…. ” വിട്ട് കൊടുക്കാൻ ഹൃദയം തയാറല്ല എങ്കിലും ചേർത്തുനിർത്താൻ യാതൊരു മാർഗവുമില്ല….
അവൾ ചെറിയ ശബ്ദത്തിൽ സ്വയം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു…. ക്ലാസ്സിൽ പോകുന്ന വഴിക്ക് അഞ്ജലിയോട് മിണ്ടുന്നതല്ലാതെ മാറ്റാരോടും സംസാരിക്കാറില്ല… അച്ഛൻ പോലും എന്തേലും ചോദിച്ചാൽ മാത്രം മറുപടി പറയും….
ശെരിക്കും ഇതൊരു തടവറയാണ്…. ഈ ചുവരുകൾ തന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു…. പറയാൻ ഏറെ ഉണ്ടായിട്ടും കേൾക്കാൻ ആരും ഇല്ലാത്തതുകൊണ്ടാണ് സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നത്…..
അവൾ കട്ടിലിലേക്ക് തലവെച്ച് മെല്ലെ കണ്ണുകൾ അടച്ചു…. അഭിയേട്ടൻ തന്റെ കഴുത്തിൽ താലി ചാർത്തുന്നതും നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതും വെറുതെ മനസ്സിൽ കണ്ടു…. ചുണ്ടുകൾ ചെറുതായി വിടർന്നു….കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ ചാലുകൾ തീർത്തു…. നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹങ്ങൾ സ്വപ്നങ്ങളിലൂടെ എങ്കിലും കണ്ട് നിവർത്തിയണയാൻ വിധിക്കപ്പെട്ട ചില ജന്മങ്ങൾ…..
ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി….
“എടാ അത് വേണോ അവളുടെ തന്തപ്പടി ആള് ചില്ലറക്കാരൻ അല്ല…. നീ ഒറ്റക്ക് പോവണ്ട…. നാളെ നമുക്ക് ഒന്നിച്ച് പോവാം…ശരത്ത് അവനെ പിന്തിരിപ്പിക്കാൻ നോക്കി….
“ഞാനും അത്ര ചില്ലറക്കാരൻ അല്ല… അയാളെ പേടിച്ചിട്ടാവും അവള് എന്നെ തള്ളി കളയുന്നെ… അപ്പൊ അയാളെ അല്ലെ ആദ്യം ചാക്കിൽ ആക്കണ്ടേ…. എന്നെപ്പോലെ ഇത്രയും സൗന്ദര്യവും പഠിപ്പും ജോലിയും ഉള്ള ഒരു പയ്യൻ മോളെ കെട്ടിച്ചു തരുവോന്ന് ചോദിക്കുമ്പോൾ ആരാ വേണ്ടന്ന് പറയുന്നേ….അവൻ ഗമയോടെ പറഞ്ഞു….
“അതെ അതെ…. നിന്റെ ചോരത്തിളപ്പ് എനിക്ക് മനസ്സിലാവും പക്ഷെ ജീവൻ വെച്ചുള്ള കളിയാ മോനെ….നിനക്ക് നാളെ പോയാൽ പോരെ അതാവുമ്പോ ഞാനും വരാം… ഇന്നിപ്പോ ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത തിരക്കായി പോയി…. നാളെ ഞായറാഴ്ച അല്ലെ…ശരത്ത് ഫോണിന്റെ മറുവശത്തുനിന്ന് ചോദിച്ചു…
“ഇത്ര നാളും നിന്നേം കൊണ്ട് പോയിട്ടാണ് ഒന്നും നടക്കാത്തത്… ഇന്ന് ഞാൻ ഒറ്റക്ക് പോയി നോക്കട്ടെ…. നീ വെച്ചോ… അല്ലേൽ ആ മാനേജർ കഴുത്തിനു പിടിച്ചു പുറത്താക്കും….” ആരതിയുടെ അച്ഛൻ ഉപദ്രവിച്ചാൽ അത് ശരത്തിനെ ബാതിക്കരുത് എന്ന് കരുതിയാണ് അഭി അവനെ ഒപ്പം കൂട്ടാത്തത്…. തന്റെ കൂടെ നടന്നെന്ന് വെച്ച് അവന്റെ ജീവൻ വെച്ച് കളിക്കാൻ താൻ തയാറല്ല…. എന്തെങ്കിലും വരുന്നുണ്ടെങ്കിൽ തനിക്ക് വന്നോട്ടെ….
“ഹ്മ്മ് ശരി ശരി പോയി നിന്റെ അമ്മായപ്പനെ ചാക്കിട്ട് പിടി… എന്ത് ആവിശ്യം ഉണ്ടേലും വിളിക്കണം കേട്ടല്ലോ…. അയാളോട് അധികം ഉടക്കാൻ നിക്കണ്ട….വിജയിച്ചു വരൂ മകനെ…. അവർ ഇരുവരും ചിരിച്ചു….
“ആരതിയുടെ അച്ഛൻ കുഴപ്പക്കാരൻ ആയതുകൊണ്ട് ശരത്തിന് അഭിയെ ഒറ്റക്ക് വിടാൻ നല്ല പേടിയുണ്ടായിരുന്നു…. പക്ഷെ അഭി രണ്ടും കല്പിച്ച മട്ടാണ്…. കുഴപ്പമൊന്നും ഉണ്ടാവില്ല എന്ന പ്രധീക്ഷയോടെ അവൻ ഇരുന്നു…
( രണ്ട് ദിവസങ്ങൾക്ക് ശേഷം )
അഞ്‌ജലിക്ക് പനി ആയതുകൊണ്ട് ഇന്ന് ആരതി ഒറ്റക്കെ ഒള്ളു… രണ്ട് ദിവസമായി അവൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്…. ശനിയും ഞായറും ആയതിനാൽ അവളെ ഒന്ന് കാണാൻ പോലും പോകാൻ പറ്റില്ല…. അവധി ആയ ദിവസങ്ങൾ വീടിന്റെ ഉള്ളിൽ കതകടച്ച് ഇരിക്കലാണ് ആരതിയുടെ പണി… പുറത്തൊന്നും പോവാനോ മറ്റുള്ളവരുമായി കൂട്ട് കൂടാനോ അച്ഛൻ സമ്മതിക്കില്ല… അതുകൊണ്ടുതന്നെ അഞ്ജലി അല്ലാതെ മറ്റൊരു സൗഹൃദങ്ങളും തനിക്കില്ല….
അഞ്ജലി അച്ഛന്റെ പഴയൊരു സുഹൃത്തിന്റെ മകളായതുകൊണ്ട് മാത്രമാണ് അവളോട് എങ്കിലും കുറച്ച് അടുപ്പം കാണിക്കാൻ പറ്റുന്നത്….
കയ്യിലൊരു ഫോൺ പോലും ഇല്ലാത്തതുകൊണ്ട് വീട്ടിൽ ഇരിക്കുമ്പോൾ പുസ്തകങ്ങളാണ് മടുപ്പില്ലാതെയാക്കുന്നത്…. അത്ര വലിയ വായനക്കാരി ഒന്നുമല്ല പിന്നെ സമയം പോകാനായി വെറുതെ വായിച്ചിരിക്കും….
ചിലപ്പോഴൊക്കെ തന്റെ ഈ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളതെന്ന് അവൾ ആലോചിക്കും…. വെറുതെ പഠിക്കുന്നതാണ്… ജോലിക്കൊന്നും പോകാൻ അച്ഛൻ സമ്മതിക്കില്ല… കൂട്ടിലിട്ട കിളിയെപ്പോലെ വളർത്തുന്നതിന് പകരം ഒറ്റയടിക്ക് അങ്ങ് കൊന്നിരുന്നെങ്കിലെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്… സ്വയം മരിക്കാൻ ഭയമാണ്…. മരണത്തെപ്പറ്റി ഓർക്കുമ്പോൾ അമ്മയെ ഓർമ്മവരും….
അന്നത്തെ ആ രാത്രി ഇപ്പോഴും പേടിസ്വപ്നമാണ്…. കത്തി കരിഞ്ഞ് രൂപം പോലും തിരിച്ചറിയാൻ കഴിയാത്ത അമ്മയുടെ ശരീരം….!!
ഓർക്കുമ്പോൾ ഈ ലോകത്തോട് മുഴുവൻ അറപ്പ് തോന്നും…. ഈ ലോകത്ത് താൻ അത്രയേറെ സ്നേഹിച്ചത് തന്റെ അമ്മയെയാണ്…. ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു അമ്മ…. അച്ഛനും അമ്മയെന്നാൽ ജീവനായിരുന്നു…. തന്നോട് ചെറുപ്പം മുതലേ അകൽച്ചയിൽ ആയിരുന്നെങ്കിലും അമ്മയോട് അച്ഛനൊന്ന് ദേഷ്യപ്പെട്ട് പോലും കണ്ടിട്ടില്ല….
അമ്മയെ കൊന്നവനെ അങ്ങേയറ്റം മൃഗയമായി ആണ് അച്ഛൻ കൊന്നത്… പിന്നീട് എത്രയോ വർഷം ജയിലിൽ ആയിരുന്നു…. സെൽവം എന്നോ മറ്റോ ആയിരുന്നു അയാളുടെ പേര്… അയാൾ പക്കാ ക്രിമിനലും പോലീസിന്റെ പിടികിട്ടാ പുള്ളിയും ആയിരുന്നതിനാൽ അച്ഛന് ശിക്ഷയിൽ ഇളവ് കിട്ടി… എങ്കിലും ഒരുപാട് വർഷം അച്ഛൻ ജയിലിൽ കിടന്നു….
അന്ന് എനിക്ക് ആയമ്മ ആയിരുന്നു കൂട്ടിന് ഉണ്ടായിരുന്നത്…. അച്ഛന്റെ ചേച്ചി…. കഴിഞ്ഞ കൊല്ലം അവരും പോയി….
സ്നേഹിക്കപെടുക എന്നതൊരു ഭാഗ്യമാണ്…. അതില്ലാത്തവർക്കേ അതിന്റെ വിലയറിയു…. ചുറ്റുമുള്ളവരാൽ അവഗണിക്കപെടുമ്പോൾ നാം ഒന്നുമല്ലെന്ന് ഒരു തോന്നൽ വരും…. ഒറ്റപ്പെടൽ എത്രത്തോളം ഭയാനകമാണെന്ന് അനുഭവിച്ചവർക്കറിയാം….. മടുപ്പിക്കുന്ന ദിവസങ്ങൾ മറികടക്കാൻ പെടുന്നപാട്…!!
ഓരോന്ന് ഓർത്തുകൊണ്ട് അവൾ ആ റബ്ബർ തോട്ടത്തിലൂടെ നടന്നു….
“അഭി എന്നും നിൽക്കാറുള്ള സ്ഥലം എത്തിയപ്പോൾ അവൾ നടത്തതിന്റെ വേഗത കുറച്ചു… ഇതിപ്പോ രണ്ട് ദിവസമായി കണ്ടിട്ട്….. എന്നും പതിവായി ഇവിടെ നിൽക്കുന്നതല്ലേ…? ഇനി തന്നെ മറന്നുകളഞ്ഞോ… അതോ താൻ അങ്ങോട്ട് ചെല്ലുമെന്ന് കരുതി വരാത്തതാണോ… ആരതിക്ക് ഉള്ള് നീറി…. അധികമൊന്നും മിണ്ടിയില്ലെങ്കിലും അടുത്തൊന്നു കാണുന്നത് തന്നെ വളരെ സന്തോഷമായിരുന്നു…. ആ വരവും സംസാരവും കേൾക്കാൻ മാത്രമാണ് ഇപ്പോൾ എന്നും ക്ലാസ്സിൽ പോകുന്നത്…. പക്ഷെ മനസ്സ് തുറക്കാൻ ഭയമാണ്….
അവൾ വീണ്ടും മുന്നോട്ട് നടന്നു…. അഭിയുടെ വീടിന്റെ അടുത്ത് എത്തിയപ്പോൾ ആ വീടിന് ചുറ്റും വണ്ടിയും ആൾക്കാരും…
ആദ്യം മനസ്സിലൊരു മിന്നൽപിണർ പാഞ്ഞു പോയെങ്കിലും പിന്നെയാണ് അഭിയേട്ടന്റെ അമ്മുമ്മയുടെ കാര്യം ഓർമ്മ വന്നത്…. പാവം മരിച്ചു കാണും… അതാവും അഭിയേട്ടനെ പുറത്ത് കാണാത്തത്
അവൾ കുറച്ച് മുന്നോട്ട് നടന്നപ്പോൾ ആരൊക്കെയോ ചേർന്ന് ഒരു ബാനർ ആ വീടിന്റെ മുന്നിൽ കെട്ടാൻ തുടങ്ങുന്നുണ്ടായിരുന്നു…. അമ്മുമ്മയുടെ ഫോട്ടോ കണ്ടിട്ട് പോകാമെന്നു കരുതി അവൾ നടത്തം പയ്യെയാക്കി…
എന്നാൽ അപ്പോഴേക്കും അവളുടെ മുന്നിലേക്ക് ഒരു ജീപ്പ് വന്ന് നിന്നു….
“എന്താ നീ നടന്ന് ഇവിടം വരെയേ എത്തിയൊള്ളോ… ഗോവിന്ദൻ ചോദിച്ചപ്പോൾ ആരതി ഒന്ന് പരുങ്ങി…
“അത് ചെരുപ്പ് പൊട്ടി അച്ഛാ… അതുകൊണ്ട് പതുക്കെയാ നടന്നത്…. അവൾ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…
“ഹ്മ്മ് കയറ്… ഞാൻ കോളേജിൽ ആക്കി തരാം…. അയാൾ പറഞ്ഞത് അനുസരിച്ചുകൊണ്ട് അവൾ ജീപ്പിന്റെ മുൻഭാഗത്തേക്ക് കയറി ഇരുന്നു… അയാൾ വണ്ടി മുന്നോട്ട് എടുത്തു…
പുറകോട്ട് തിരിഞ്ഞ് ആ ബാനറിലേക്ക് നോക്കണം എന്ന് ഉണ്ടെങ്കിലും അച്ഛനെ പേടിച്ചു അവൾ നോക്കിയില്ല…. അവൾക്ക് സങ്കടം തോന്നി….
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു അച്ഛന്റെ കൂടെ തന്നെയാണ് അവൾ തിരികെ വന്നത്…. ഇപ്പൊ കുറച്ച് നാളായിട്ട് അച്ഛൻ ഗുണ്ടാ പണിക്കൊന്നും പോകാറില്ല… കോളേജിന്റെ കുറച്ച് അപ്പുറത്തായുള്ള വർക്ക് ഷോപ്പിൽ ആണ് പണിയെടുക്കുന്നത്….
വീട്ടിൽ എത്തിയപ്പോൾ അവൾ ഇറങ്ങി…
“ഇതാ ഇതൂടെ കൊണ്ടുപൊക്കോ…. ഞാൻ വരാൻ വൈകും കതക് നന്നായി അടച്ചിട്ട് ഇരുന്നോണം ആര് വിളിച്ചാലും തുറക്കേണ്ട കേട്ടല്ലോ…അയാൾ ഒരു പൊതി അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .. അവളത് വാങ്ങി തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു…
കുളിച് വേഷം മാറി ചായയും വെച്ച് അവൾ ആ പൊതി അഴിച്ചു… ചൂടുള്ള ഉള്ളിവടയിൽ ഒരെണ്ണം എടുത്ത് കയ്യിൽ പിടിച്ചിട്ട് ബാക്കി പാത്രത്തിൽ ആക്കി…
പലഹാരം പൊതിഞ്ഞുകൊണ്ട് വന്ന വാഴയിലയും പത്രവും കളയാനായി ഒരുങ്ങുമ്പോഴാണ് തനിക്ക് വളരെ പരിചിതമായ ആ മുഖം ആ പത്ര താളുകളിൽ കണ്ടത്….
അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…. വിറയലോടെ അവൾ ആ പത്രകടലാസ് നിവർത്തി വായിച്ചു….
എന്നാൽ എണ്ണയിൽ കുതിർന്ന ആ താളുകളിലെ മുഖം അവ്യക്തമായിരുന്നു…. പക്ഷെ അതിലെ മുഖത്തിന്റെ രൂപം വളരെ പരിചിതമാണെന്ന് തോന്നുന്നപോലെ….
“ഈശ്വര അഭിയേട്ടൻ ആയിരിക്കല്ലേ….. ഈ ഭാഗ്യദോഷിക്ക് തന്നില്ലെങ്കിലും കുഴപ്പമില്ല… ജീവൻ തിരിച്ചു തരണേ…..
ഇന്ന് അഭിയുടെ വീടിന്റെ മുന്നിൽ കണ്ട ബാനറും ഈ പത്ര കടലാസ്സിലെ അവ്യക്തമായ മുഖവും കൂടെ കണ്ടപ്പോഴേക്കും ആരതിയുടെ നെഞ്ചിൽ തീയായി…. ഈ സമയത്ത് ആരോട് ചോദിക്കാനാണ്… അവിടം വരെ പോയിനോക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ…. അച്ഛനോട് ചോദിച്ചാലോ… പക്ഷെ അവൻ നിന്റെ ആരാണെന്നുള്ള മറുചോദ്യം ചോദിച്ചാൽ എന്ത് പറയും….?
അവൾക്കൊന്നും കഴിക്കാനോ കുടിക്കാനോ തോന്നിയില്ല…. ശില പോലെ മരവിച്ച് അവളാ അടുക്കളതിണ്ണയിൽ ഇരുന്നു…. സമയം പോകുന്നതോ അച്ഛൻ വരാറായി എന്നതോ അവളുടെ ചിന്തയിൽ ഇല്ലായിരുന്നു….
അവളാ പത്രം വീണ്ടും എടുത്ത് നോക്കി…. നേരത്തെ അത്രയും പോലും വ്യക്തത ഇപ്പോൾ അതിന് ഇല്ല…. ഒരു ചെറിയ പത്രകടലാസ്സാണ്… അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പോലും മനസ്സിലാവുന്നില്ല…. എങ്ങനെയെങ്കിലും നാളെ ആയിരുന്നെങ്കിൽ ക്ലാസ്സിൽ പോകുന്ന വഴിക്കെങ്കിലും ആരോടെങ്കിലും ചോദിക്കാമായിരുന്നു….
പെട്ടന്ന് പുറത്തൊരു ജീപ്പിന്റെ ഒച്ച കേട്ടു…. ചിന്തകളിൽ നിന്ന് അവൾ ഞെട്ടിയുണർന്നു… അപ്പോഴാണ് താൻ വേഷം പോലും മാറിയില്ല എന്ന് അവൾ ഓർത്തത്… കിട്ടിയതെല്ലാം എടുത്തുകൊണ്ട് അവൾ കുളിക്കാൻ കയറി….
ഷവറിന്റെ അടിയിൽ നിന്ന് ഒരുപാട് നേരം കരഞ്ഞു…. അത് അഭിയാകരുതേ എന്ന് അവളുടെ ഹൃദയം കേണു…അവസാനമായി അവനെയൊരുനോക്ക് കാണാൻ പോലും തനിക്ക് കഴിഞ്ഞില്ലാലോ എന്നോർത്ത് അവളുടെ ഹൃദയം നൊന്തു….
ഇനിയും വൈകിയാൽ അച്ഛന്റെ ചീത്തവിളി കേൾക്കാം…. പതിവ് പോലെ കുടിച്ചിട്ടാവും വരുന്നത്…. ഇനി അച്ഛന്റെ വക കൂടെ താങ്ങാൻ കഴിയില്ല…. അവൾ മുഖം നന്നായി കഴുകി മനസ്സ് നിയന്ദ്രിച്ച് പുറത്തിറങ്ങി….
മുറിയിൽനിന്ന് ഇറങ്ങുമ്പോൾ തിണ്ണയിൽ ആരുടെയോ സംസാരം കേട്ടു…. വെള്ളമടിക്കാൻ വന്നതാവും…. അത് കാണാനും കേൾക്കാനും താല്പര്യം ഇല്ല… അതുകൊണ്ട് ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല… നേരെ അടുക്കളയിലേക്ക് പോയി….
ഒന്നും ചെയ്യാൻ തോന്നുന്നില്ല… പക്ഷെ വേറെ വഴിയില്ല…. അച്ഛന് കുളിക്കാൻ ചൂടുവെള്ളം അടുപ്പത്ത് വെച്ചു…..
“മോളെ അമ്മു….!!!
ആ വിളി കേട്ടപ്പോൾ ഞെട്ടി പോയി….. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ നാവിൽനിന്ന് തന്നെ പേരെടുത്ത് വിളിച്ചിരിക്കുന്നു…. മറുപടി കൊടുക്കാൻ ആവാതെ തറഞ്ഞു നിന്നു…. സന്തോഷം കൊണ്ടാണോ അതോ അത്ഭുതം കൊണ്ടാണോ എന്നറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു….. ഓടിച്ചെന്ന് അച്ഛന്റെ നെഞ്ചിൽ കിടന്ന് കൊച്ചു കുട്ടികളെപ്പോലെ കരയാൻ തോന്നി…..
“മോളെ…. ഉമ്മറത്തേക്ക് രണ്ട് ഗ്ലാസ് ചായ എടുത്തോളൂ…. വീണ്ടും ആ സ്വരം കേട്ടപ്പോൾ പിന്നെയൊരു വെപ്രാളം ആയിരുന്നു…. വറ്റി വരണ്ട നദി യിലേക്ക് ഒരുതുള്ളി ജലം വീണപോലെ സന്തോഷവും ഒപ്പം ദുഖവും എല്ലാം കലർന്ന ഒരു വികാരം അവളെ പൊതിഞ്ഞു…. ഇപ്പോൾ അഭിയേട്ടന്റെ കാര്യം ചോദിച്ചാലോ…. അച്ഛന് ദേഷ്യം വരില്ലായിരിക്കും…. ചോദിക്കാം…!!
തിടുക്കത്തിൽ രണ്ട് ഗ്ലാസ് ചായ തിളപ്പിച്ചു ഗ്ലാസ്സിലാക്കി ഉമ്മറത്തേക്ക് നടന്നു…. ആരാണ് വന്നതെന്ന് പോലും ചിന്തിച്ചില്ല…. അച്ഛന്റെ അടുത്ത് നിന്ന് ആ വിളി ഒന്നുകൂടെ കേൾക്കാൻ മനസ്സ് ആഗ്രഹിച്ചു…. അതിനാൽ നടത്തം വേഗത്തിലായിരുന്നു….
വാതി ല്പടിയിൽ എത്തി അച്ഛന് ചായഗ്ലാസ് നീട്ടി അടുത്ത ആൾക്കും നേരെ നീട്ടിയപ്പോൾ അവൾ നിശ്ചലയായിപ്പോയി…. പിടിച്ചുവെച്ച കണ്ണുനീർ താനേ കവിളിനെ നനയിച്ചു പുറത്തുചാടി….
“അഭിയേട്ടൻ…!! അവളുടെ ചുണ്ടുകൾ ചലിച്ചു…..
“ഈ പയ്യൻ നമ്മുടെ വടക്കുമ്പറമ്പിലെ വിജയന്റെ മോനാ…. ഞാനും നിന്റെ അമ്മയും ഒരു ഗതിയും ഇല്ലാതെ ഇവിടെ വന്ന സമയത്ത് ഈ ഭൂമി ചെറിയ വിലക്ക് തന്ന് സഹായിച്ചത് വിജയനാണ്…. രണ്ടൂസം മുന്നേ ഇവനെന്നോട് ഒരു കാര്യം വന്ന് ചോദിച്ചു…. അന്ന് വൈകുന്നേരം ഇവന്റെ അച്ഛമ്മ മരണപെട്ടതിനാൽ പിന്നെ ബാക്കി ഒന്നും പറയാൻ പറ്റിയില്ല…. ഇവൻ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു…. നിന്റെ അമ്മയും ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാ… അന്ന് എനിക്കവളുടെ അച്ഛനോട് ചോദിക്കാൻ ധൈര്യം ഇല്ലായിരുന്നു…. അതുകൊണ്ട് അവളേം കൊണ്ട് ഇങ് പോരണ്ടിവന്നു…. അവസാനം അവളും പോയി…. അയാളൊന്ന് നെടുവീർപ്പെട്ടു…..
ഇവനിൽ ഞാൻ ആ എന്നേ കാണുന്നു…. അതുകൊണ്ട് ഇന്ന് നിന്റെ അഭിപ്രായം കൂടെ ചോദിച്ചിട്ട് അച്ഛൻ തീരുമാനം എടുക്കാം…. ഇതുവരെ നിന്നെ ഞാൻ അകറ്റി നിർത്തിയിട്ടേ ഉള്ളു…. ഇന്നോ നാളെയോ എന്ന രീതിയിൽ ആണ് എന്റെ ജീവിതം… എന്റെ മോളെ വിശ്വസിച്ച് ഏൽപ്പിക്കാൻ എനിക്ക് ആരുമില്ല… പക്ഷെ വിജയന്റെ മോനെ എനിക്ക് വിശ്വാസമാണ്….
നിനക്ക് ഇവനൊപ്പം ജീവിക്കാൻ സമ്മതമാണോ….?
ആ ചോദ്യത്തിന് അവൾ തലയാട്ടുക മാത്രം ചെയ്യ്തു…. കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല….. സന്തോഷം കൊണ്ട് താനിപ്പോൾ മരിച്ചുപോകുമെന്ന് അവൾക്ക് തോന്നി…..
കൈവിട്ട് പോയെന്ന് കരുതിയ പ്രണയവും ഇത്രനാൾ അവഗണിച്ച അച്ഛനെയും ഇന്ന് തിരികെ ലഭിച്ചിരിക്കുന്നു….. അവൾക്ക് അമ്മയെ മിസ്സ് ചെയ്യ്തു…. ഈ സന്തോഷം കാണാൻ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു….
അധികം വൈകാതെ തന്നെ ആതിര അഭിജിത്തിന്റെ ഭാര്യയായി…. ലളിതമായ ചടങ്ങുകൾ ആയിരുന്നെങ്കിലും എല്ലാവരും സന്തോഷവാന്മാരായിരുന്നു…..
വിവാഹം കഴിഞ്ഞ് അഭിയുടെ വീട്ടിലേക്ക് മാറിയതോടെ ആതിരക്ക് പുതിയൊരു വിശാലമായ ലോകം തുറന്നുകിട്ടി…. തന്റെ വീടിന്റെ നാല് ചുവരുകൾ പോലെയല്ല…. ഇവിടെ സ്നേഹവും സമാധാനവും സന്തോഷവും ആയിരുന്നു അവൾക്ക് ലഭിച്ചത്….
അഭിയുടെ അമ്മ ആതിരയെ സ്വന്തം മകളെപ്പോലെ പരിചരിച്ചു….. പെണ്മക്കൾ ഇല്ലാത്ത വിഷമം ആതിര വന്നതോടെ അവർക്ക് മാറി….
ഒരു കൊച്ചു കുഞ്ഞിനെ കൊണ്ടുനടക്കുന്നതുപോലെ അഭി ആതിരയെ സ്നേഹിച്ചു…. ഇരുപത്തിരണ്ട് വർഷം അവൾക്ക് അന്യമായിരുന്ന പലതും അവൾക്ക് ലഭിച്ചുതുടങ്ങി…. ഒരു വീട് കുടുംബം ആകുന്നത് അവിടെ സ്നേഹവും സമാധാനവും നിറയുമ്പോഴാണ്….
അഭി ആതിരക്ക് നല്ലൊരു ഭർത്താവായിരുന്നു…. എല്ലാ കാര്യങ്ങളിലും അവൻ അവൾക്ക് താങ്ങും തണലുമായി നിന്നു….ആദ്യമൊക്കെ അവൾക്ക് തുറന്നു സംസാരിക്കാൻ മടിയായിരുന്നു…..പഴയ ഓർമ്മകൾ അവളെ വേട്ടയാടി…. ആ ഓർമ്മകളിൽ നിന്നും അവളെ കൈപിടിച്ചുയർത്താൻ അഭി കൂടെയുണ്ടായിരുന്നു…..അവന്റെ സാന്നിധ്യം അവളുടെ എല്ലാ ഭയങ്ങളെയും ഇല്ലാതാക്കി…..
”എന്താ അമ്മു… നിനക്ക് ഇപ്പോഴും മനസ്സ് തുറന്ന് ചിരിക്കാൻ പേടിയാണോ…..
ഒരിക്കൽ അഭിജിത്ത് ചോദിച്ചു….
”എനിക്കിപ്പോഴും എന്റെ അമ്മയെ….ആ ഭയങ്ങൾ എന്നെ വിട്ടുപോയിട്ടില്ല,” അവൾ വിതുമ്പി.
അഭിജിത്ത് അവളെ ചേർത്തുപിടിച്ചു.
“നമ്മുടെ ജീവിതം പുതിയ സ്വപ്നങ്ങളുടേതാണ്. ഇനി നീ ഭയപ്പെടേണ്ട. സന്തോഷത്തോടെ ജീവിക്കാം…. ഒരുപാട് നാളായി നീ ആഗ്രഹിച്ചതല്ലേ ഇതെല്ലാം. നിന്റെ സന്തോഷം കണ്ടുകൊണ്ട് അമ്മ നമ്മുടെ ഒപ്പം ഉണ്ട്..
അവൻ അവളെ ചേർത്തു പിടിച്ചു ആ നെറുകയിൽ ചുമ്പിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ആതിര നിറഞ്ഞ് ചിരിക്കാൻ പഠിച്ചു. അഭിജിത്തിനൊപ്പം സിനിമ കണ്ടും യാത്രകൾ നടത്തിയും അവൾ ജീവിതം ആഘോഷിച്ചു…. അവന്റെ സ്നേഹം അവൾക്ക് പുതിയൊരു ലോകം തുറന്നു കൊടുത്തു. അവരുടെ വീട് നിറയെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ശബ്ദങ്ങളായി…..
മക്കളുടെ സന്തോഷം ആ മാതാപിതാക്കളുടെയും മനസ്സ് നിറച്ചു….
ഗോവിന്ദൻ ഇടയ്ക്കിടെ അവരെ കാണാൻ വരും. മകളുടെ സന്തോഷം കാണുമ്പോൾ അയാൾക്ക് തന്റെ ജീവിതത്തിൽ ഇത്രയും നാൾ നഷ്ടപ്പെട്ട സ്നേഹത്തെക്കുറിച്ച് ഓർമ്മ വന്നു.
അഭിജിത്തിന്റെ അച്ഛൻ വിജയനും ഗോവിന്ദനുമായി നല്ല സൗഹൃദത്തിലായി.
ഗോവിന്ദനും സ്നേഹമുള്ള ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അവർക്ക് താങ്ങും തണലുമായി.
അങ്ങനെ, ഭയത്തിൽനിന്നും ഒറ്റ പ്പെടലിൽ നിന്നും ആതിരയുടെ ജീവിതം വഴിമാറി.
അഭിജിത്തുമൊത്തുള്ള ഓരോ നിമിഷവും അവൾക്ക് അവന്റെ പ്രണയത്താൽ നിറയുകയായിരുന്നു…. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞതിഥി അവരുടെ സന്തോഷത്തിന്റെ മധുരം കൂട്ടാൻ എന്നപോലെ വരവറിയിച്ചു…. പിനീട് അവരെല്ലാം മത്സരിച്ചു ആതിരയെ പരിചരിക്കുന്ന തിരക്കിൽ ആയിരുന്നു….
സ്നേഹിക്കപ്പെടാൻ കൊതിച്ചവൾക്ക് ഇന്ന് ചുറ്റിനും സ്നേഹം പകരാൻ നിറയെ ആളുകളാണ്…. തന്റെ മകളുടെ സന്തോഷം കണ്ട് ദൂരെയിരുന്ന ഒരു അമ്മ മനവും ആനന്ദത്താൽ നിറഞ്ഞു……
ആതിരയുടെ ഏകാന്തതയ്ക്ക് മറുമരുന്നായി അഭിജിത്ത് മാറിയപ്പോൾ അവന് അവളൊരു നല്ലപാതിയായി…. ഇനിയുള്ളകാലം അവർ സന്തോഷമായി ജീവിക്കട്ടെ….
അവസാനിച്ചു….
✍️ സുബിഷ
