“കെട്ടിപ്പിടിക്കലും ഉമ്മവെക്കലുമൊക്കെ ഞങ്ങളും ചെയ്യാറുണ്ട് മോനെ ജിതിനേ… പക്ഷെ അതു നീ നൽക്കുന്ന പോലെ നിന്റെ രണ്ടാനമയ്ക്ക് അതായത് അച്ഛന്റെ രണ്ടാം ഭാര്യയ്ക്കല്ല ഞങ്ങൾ നൽകാറ്…മറിച്ച് ഞങ്ങളെ പ്രസവിച്ച് പാലൂട്ടി ഇത്രയും വളർത്തിയ ഞങ്ങളുടെ സ്വന്തം അമ്മയ്ക്കാണ്… നാണമില്ലല്ലോ നിനക്ക് രണ്ടാനമ്മയെ കെട്ടി പിടിക്കാനും ഉമ്മ വെയ്ക്കാനുമൊന്നും… ഒന്നൂല്ലെങ്കിലും അവർ നിനക്ക് തികച്ചും അന്യയായൊരു സ്ത്രീയാണെന്നെങ്കിലും ഓർക്കണ്ടേ നീ… മോശം…. വളരെ മോശം ജിതിനെ…. ”
ആവോളം പരിഹാസം ശബ്ദത്തിൽ കലർത്തി ജിതിന്റെ മുഖത്തു നോക്കി റോണി പറഞ്ഞതു കേട്ടേറ്റു പിടിച്ചു അവനൊപ്പമുള്ള അവന്റെ സുഹൃത്തുക്കൾ…
ജിതിനിൽ പക്ഷെ ഭാവമാറ്റമൊന്നുമില്ല… സ്ഥിരമായ് കേൾക്കുന്നൊരു കാര്യം അന്നേരവും കേട്ടു എന്നതിനപ്പുറം തനിയ്ക്ക് മുമ്പിൽ നിന്ന് തന്നെ കളിയാക്കി പരിഹസിക്കുന്നവരോടൊന്നും ഒരു തരി ദേഷ്യം പോലുമില്ല അവന്റെ മുഖത്ത്…
തങ്ങളുടെ സംസാരം യാതൊരു വിധത്തിലും ജിതിനെ ബാധിച്ചില്ല എന്നറിവിൽ റോണി ഏറ്റില്ല എന്നൊരു ഭാവത്തിൽ തനിയ്ക്ക് കുറച്ചപ്പുറം മാറി അവരുടെ സംസാരമെല്ലാം കേട്ടു നിൽക്കുന്നൊരുവളെ കാവ്യയെ നോക്കി…
അവളിലും നിരാശയാണ്….റോണിയുടെ പരിഹാസം കേട്ട് പരിസരം മറന്നവനോട് പൊട്ടിത്തെറിയ്ക്കുന്ന ഒരു ജിതിനെയായിരുന്നു അവൾക്കും ആവശ്യം…
റോണിയെ അവനറിയാതെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ജിതിനും കണ്ടിരുന്നു കാവ്യയുടെയും അവന്റെയും നോട്ടം കൊണ്ടുള്ള സംസാര സന്ദേശങ്ങൾ… അവരോടുള്ള സഹതാപവും പുച്ഛവുമാണത് കണ്ടപ്പോൾ അവനിലുണ്ടായത്…
അലസം ഒന്നു കാവ്യയെ നോക്കി ജിതിൻ ടേബിളിലിരുന്ന തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങിയതും അവനൊപ്പം ഓടിച്ചെന്നു കാവ്യ…
ജിതീ….. വൺ മിനിറ്റ്….
ഓഫീസ് കെട്ടിടത്തിൽ നിന്നിറങ്ങി പാർക്കിംഗിലേക്ക് ജിതിൻ തിരിയുമെന്നായതും അവനു പുറകിൽ നിന്നവൾ അല്പം ശബ്ദം കൂട്ടി വിളിച്ചതുംതും പ തിരിഞ്ഞൊന്നവളെ നോക്കുക കൂടി ചെയ്യാതെ പോക്കറ്റിൽ നിന്ന് ബൈക്കിന്റെ കീയുമെടുത്ത് പാർക്കിംഗിലേക്ക് തന്നെ നടന്നവൻ….
ഞാനും… കയറിക്കോട്ടെ ജിതീ… പോവുന്ന വഴി ഇറക്കിവിട്ടാൽ മതി നീയെന്നെ…
തന്നെ അവഗണിച്ച് ബൈക്കുമെടുത്ത് പോകുന്നവന്റെ മുന്നിലേക്ക് കയറി നിന്ന് വശ്യമായൊരു ചിരിയോടെ കാവ്യ ചോദിച്ചതും അത്ര നേരംജിതിന്റെ മുഖത്തുണ്ടായിരുന്ന സൗമ്യഭാവം പറ്റെ ഇല്ലാതെയായ്…
ദേഷ്യമിരച്ചെത്തി ചുവന്ന മുഖത്തോടെ തന്നെ നോക്കുന്ന ജിതിന്റെ പെട്ടന്നുള്ള ഭാവമാറ്റം ഒന്നു ഭയപ്പെടുത്തി കാവ്യയെ എങ്കിലും പിന്മാറാനൊരുക്കമല്ലാതെ അവനുമുമ്പിൽ തന്നെ നിന്നവൾ
“നിനക്കെന്നോട് നല്ല ദേഷ്യമുണ്ടെന്ന് എനിക്കറിയാം ജിതി… തെറ്റ് എന്റെ ഭാഗത്തു തന്നെയാണ്… നീ വേണേ എന്നെ രണ്ടു തല്ല് തല്ലിക്കോ… എന്നാലും എന്നെ ഉപേക്ഷിച്ച് പോവല്ലേടാ… നീയ്യില്ലാതെ മുന്നോട്ടു ജീവിക്കാൻ പറ്റില്ലെനിയ്ക്ക് ഒരു ദിവസം പോലും… ഞാൻ പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം തെറ്റാണ്… ആ തെറ്റിനി ഞാനൊരിക്കലും ആവർത്തിക്കില്ല ജിതീ… എന്നോട് ക്ഷമിച്ച് പഴയ പോലെ എന്നോട് കൂട്ടാവ് ജിതിൻ… പ്ലീസ്….”
ഓഫിസ് വിട്ടിറങ്ങിയവരുടെ ശ്രദ്ധ കൂടി തങ്ങളിലേക്ക് വരുന്നുണ്ടെന്നറിഞ്ഞുതന്നെയാണ് കാവ്യയുടെ പ്രകടനമെല്ലാം…
എന്റെ ജിതിനെ നീയൊന്നവളോട് ക്ഷമിച്ചേക്കെടാ… അല്ലെങ്കിൽ തന്നെ നിനക്കിത്രയും ദേഷ്യം അവളോടുതോന്നാൻ മാത്രമുള്ള തെറ്റൊന്നും അവൾ നിന്നോട് ചെയ്തിട്ടും പറഞ്ഞിട്ടും ഇല്ലല്ലോ… എല്ലാവരും നിന്നെ പറ്റി രഹസ്യമായ് പറഞ്ഞു നടക്കുന്നൊരു കാര്യം നീ വിവാഹം കഴിക്കാൻ പോവുന്നൊരു കുട്ടിയെന്ന നിലയിൽ അവൾ നിന്നോടു തുറന്നു പറഞ്ഞു… അതൊരു തെറ്റാണോ….?
കാവ്യയുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന് കാര്യ ഭാവത്തിൽ റോണി ചോദിച്ചതും അവനെ പരിഹാസത്തോടെ നോക്കി ജിതിൻ
“നിന്നോടാരാ റോണി പറഞ്ഞത് ഞാൻ വിവാഹം കഴിക്കാൻ പോവുന്ന പെണ്ണാണിവളെന്ന്…? ഒരിക്കലും അങ്ങനൊരു വാക്ക് ഞാനിവൾക്ക് നൽകിയിട്ടില്ല…. കുറച്ചു നാൾ മുമ്പുവരെ എന്റെ നല്ലൊരു സുഹൃത്തായിരുന്നു ഇവൾ… എന്നാലിപ്പോൾ ഇവളുമായുള്ള ആ സൗഹൃദം പോലും ഉപേക്ഷിച്ചു ഞാൻ… കാവ്യ എന്റെ ആരുമല്ല ഇപ്പോൾ… ഇനിയൊരിക്കലും ആരുമായ് തീരുകയുമില്ല… ”
ഉറപ്പുള്ള വ്യക്തമായ ശബ്ദത്തിൽ റോണിയോട് ജിതിൻ പറഞ്ഞതും ഒരു കൂട്ടത്തിനു നടുവിൽ നാണംകെട്ടതു പോലെ നിന്നു കാവ്യ…
“നീയും നിന്റെ അച്ഛന്റെ രണ്ടാം ഭാര്യയും തമ്മിലുള്ള ബന്ധം എനിയ്ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്ലല്ലേ നീയെന്നെ വേണ്ടാന്ന് വെച്ചത്… ?
ഞാനല്ല മറ്റേത് പെൺക്കുട്ടി നിന്റെ ജീവിതത്തിലേക്ക് വന്നാലും പറയുന്നതെ ഞാനും പറഞ്ഞിട്ടുള്ളു… നിന്നോടുള്ള അവരുടെ സംസാരവും കെയറിങുമൊന്നും ഒരു പെണ്ണിനും ഉൾക്കൊള്ളാൻ പറ്റില്ല… അതുപോലെ അവരോട് നീ കാണിക്കുന്ന താൽപര്യവും സ്നേഹവുമെല്ലാം ഇന്നത്തെ ഈ സമൂഹം മോശമായിട്ടേ കാണൂ…
അതല്ലേ ഞാൻ നിന്നോട് അവരുമായിട്ടുള്ള നിന്റെ അടുപ്പം കുറയ്ക്കാൻ പറഞ്ഞത്… നീ കേട്ടില്ലല്ലോ ഞാനാ പറഞ്ഞത്… പകരം എന്നെ വെല്ലുവിളിയ്ക്കും പോലെ നീ അവരോട് കൂടുതൽ അടുപ്പം കാണിച്ചു… അവരെ കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും ഫോട്ടെയെടുത്ത് സോഷ്യൽ മീഡിയയിലിട്ട് ആഘോഷിച്ചു….”
മറ്റുള്ളവർക്കിടയിൽ കൂടി ജിതിനെയൊരു മോശക്കാരനാക്കി സ്വന്തം നാണക്കേട് മാറ്റാനെന്ന പോലെ ഉറക്കെയവനോട് കാവ്യയോരോന്നും വിളിച്ചു പറയുന്ന നേരത്തു തന്നെയാണ് ഓഫീസ് ഗേറ്റു കടന്നൊരു കാറവിടെ വന്നു നിന്നത്…
ജിത്തേട്ടാ…..
വന്ന കാറിൽ നിന്നിറങ്ങിയൊരു സുന്ദരി പെൺക്കുട്ടി വേഗത്തിൽ ജിതിനടുത്തേയ്ക്ക് വിളിച്ചു ചെന്നതും വിടർന്നു തെളിഞ്ഞൊരു ചിരിയോടെ അവളെ നെഞ്ചോടു ചേർത്തു നിറുകയിൽ മുത്തി ജിതിൻ…
അമ്മേ…..
കാറിന്റെ മറുവശത്തെ ഡോർ തുറന്ന് തന്റെ അച്ഛനൊപ്പം ഇറങ്ങി നിറചിരിയോടെ തന്റെ അടുത്തേയ്ക്ക് വന്നവരെ തന്റെ വലം കയ്യിലൊതുക്കി ജിതിൻ വിളിച്ചതും അരുതാത്ത കാഴ്ചയൊന്ന് കൺമുന്നിൽ പെട്ടന്നു കണ്ടതുപോലെ രക്തം വാർന്നു വിളറി കാവ്യ…
“ഇതാണ് കാവ്യ നീയെന്നെ ഇത്രനാളും കളിയാക്കിയ എന്റെ രണ്ടാനമ്മ… എന്റെ അച്ഛന്റെ രണ്ടാം ഭാര്യ….
“എന്നെയും അച്ഛനെയും ഉപേക്ഷിച്ച് കുറച്ചു ദിവസങ്ങൾ മാത്രം പരിചയമുള്ള
ഒരുത്തനൊപ്പം എന്നെ പ്രസവിച്ച സ്ത്രീ പോയപ്പോൾ എന്നെ നോക്കാനായ് എന്റെ വീട്ടിൽ വന്നതാണെന്റെ അമ്മ.. അതും എന്റെ നാലാം വയസ്സിൽ… അന്നു മുതൽ ഈ ഇരുപത്തഞ്ചാം വയസ്സിലും എനിക്കമ്മ എന്നു പറഞ്ഞാൽ ഇവരാണ്… അവിടെ ഒന്നാനമ്മ, രണ്ടാനമ്മ പിന്നെ പ്രസവിച്ചു പാലൂട്ടി വളർത്തിയ കണക്ക് അങ്ങനൊന്നും എനിയ്ക്കില്ല… ഒറ്റയൊരു അമ്മ… എൻ്റെ അമ്മ….
എന്റെ അച്ഛനും അതുപോലെ ഇവരാണ് ഭാര്യ… ഇവർക്കു മുമ്പൊരു സ്ത്രീ അച്ഛന്റെ ഭാര്യയായിരുന്നു എന്നോർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല എന്റെ അച്ഛനും ഞാനും… ഞങ്ങളുടെ…. എന്റെ കുടുംബമാണിത്….. എന്റെ ആ കുടുംബത്തിനുള്ളിൽ ഞാനാരെ കെട്ടി പിടിക്കുന്നു ഉമ്മ വെയ്ക്കുന്നു എന്നതൊന്നും ഞാനുമായ് യാതൊരു ബന്ധവുമില്ലാത്ത നീയോ നിന്റെയീ ശിങ്കിടികളോ അന്വോഷിക്കേണ്ടതില്ല…. ”
രൂക്ഷമായിരുന്നു അതു പറയുമ്പോൾ കാവ്യയ്ക്കും റോണിയ്ക്കും നേരെയുള്ള ജിതിന്റെ നോട്ടം പോലും… തിരിച്ചൊരു മറുപടി അവനോടു പറയാനില്ലാതെ വിളറിയവർ നിൽക്കെ തന്റെ ഇടംകയ്യിൽ നെഞ്ചോടു ചേർന്നു നിൽക്കുന്ന പെൺകുട്ടിയെ മെല്ലെയൊന്ന് മുന്നോട്ടു നീക്കി നിർത്തി ജിതിൻ…
റോണീ നേരത്തെ നീ പറഞ്ഞില്ലേ ഞാൻ വിവാഹം കഴിക്കാൻ പോവുന്നവളെന്ന്, അതിവളാണ് …മേഘ…
എന്റെ പ്രണയം…
എന്റെ അമ്മ എനിയ്ക്കായ് കണ്ടെത്തി തന്നവൾ… ബന്ധങ്ങളെ ബന്ധനമാക്കി മാറ്റാതെ എന്നും എനിയ്ക്കായൊരിടം ഹൃദയത്തിൽ നൽകിയവൾ…. എന്റെ പെണ്ണ്….
നാടകീയമെന്നോണം കാവ്യയേയും കൂട്ടരെയും നോക്കി പറഞ്ഞ് തന്റെ ഇരുവശത്തുമായ് അമ്മയേയും മേഘയേയും ചേർത്തു പിടിച്ച് ജിതിൻ നിന്നതും താൻ കെട്ടി പൊക്കിയ സങ്കല്പ സ്വപ്ന സൗധം കൺമുന്നിൽ തകർന്നു വീഴുന്നത് നാണംകെട്ടെന്ന വിധം നോക്കി ആൾക്കൂട്ടത്തിനിടയിൽ നിന്നു കാവ്യ….
✍️ RJ
