സ്വന്തം അമ്മ വയസ്സാംകാലത്ത് ഗർഭിണിയായത് മധുരം കൊടുത്ത് ആഘോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ മകൻ നീ ആവും കിരണേ…..

“സ്വന്തം അമ്മ വയസ്സാംകാലത്ത് ഗർഭിണിയായത് മധുരം കൊടുത്ത് ആഘോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ മകൻ നീ ആവും കിരണേ… നിനക്ക് നാണവും മാനവും ഒന്നും ഇല്ലേ… നീ നോക്ക് നിന്റെ കയ്യിൽ നിന്ന് മധുരം മേടിച്ച് നിന്നെ നോക്കുന്ന ഓരോ കുട്ടിയുടെയും മുഖത്തുള്ളത് നിന്നോടുള്ള പരിഹാസചിരിയാണ്… അതുപോലും തിരിച്ചറിയാൻ കഴിവില്ലാത്ത നീയൊക്കെയാണല്ലോ നാളെത്തെ ഡോക്ടർ എന്നോർക്കുമ്പോൾ എനിയ്ക്ക് എന്നോടു തന്നെ വല്ലാത്ത പുച്ഛവും ദേഷ്യവും തോന്നുന്നുണ്ട് കിരൺ… കഷ്ടം… ”

തനിയ്ക്കു മുമ്പിൽ നിന്ന് പരിഹാസത്തിൽ പറയുന്ന ജിതയെ ചുണ്ടിലെ മായാത്ത പുഞ്ചിരിയോടൊന്ന് നോക്കി അവളെ തീരെ അവഗണിച്ചെന്ന വിധം ആ മെഡിക്കൽ കോളേജിന്റെ ഉള്ളിലേക്ക് നടന്നു കിരൺ… നടന്നു പോവും വഴി കൺമുന്നിൽ വരുന്നവർക്കു നേരെയെല്ലാം കയ്യിലെ സ്വീറ്റ് ബോക്സ് നീട്ടുന്നുമുണ്ടവൻ…

ഞാനൊരു ഏട്ടനാവാൻ പോവുന്നതിന്റെ ചിലവാണ്…. എന്റെ അമ്മ ഗർഭിണി ആണെന്നേ… വേണ്ടത്ര മധുരമെടുത്തോ എല്ലാവരും… ”

തന്നെ അവഗണിച്ച് നടന്നു പോവുന്ന കിരണിനെ ഉള്ളിലുയർന്ന ദേഷ്യത്തോടെ നോക്കി നിന്ന ജിതയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു കിരണിന്റെയാ മധുരവിതരണവും കൂടെയുള്ള വിശദീകരണവും….

ദേഷ്യമിരച്ചാർത്തു ജിതയിൽ…..

നാണമില്ലാത്ത ബാസ്റ്റേർഡ്…..

കിരണും കൂടി കേൾക്കാൻ പാകത്തിലുച്ചത്തിൽ ജിത വിളിച്ചു പറഞ്ഞതും മുന്നോട്ടു നടന്ന കിരൺ പിടിച്ചുകെട്ടിയതുപോലെ നിന്നയിടത്തു തറഞ്ഞു നിന്നുപോയല്പ നേരം…. പിന്നൊരു ചിരിയോടവൾക്കരികിലേക്ക് തിരികെ ചെന്നവളുടെ തൊട്ടുമുമ്പിലായ് നിന്നു.. ചിരി മായാത്ത മുഖത്തോടെ തന്നെ….

“അതു നീ വിളിച്ചത് നൂറു ശതമാനം ശരിയാണ് ജിതേ… ബാസ്റ്റേർഡ് തന്നെയാണ് ഞാൻ… നല്ല പച്ച മലയാളത്തിൽ പറഞ്ഞാൽ തന്തയില്ലാത്തവൻ തന്നെയാണ് ഞാൻ…
വയസ്സ് പത്തിരുപത്തഞ്ച് ആയിട്ടും ഇന്നല്ലെങ്കിൽ നാളെ പഠനം കഴിഞ്ഞിറങ്ങുമ്പോൾ ഒരു ഡോക്ടറായ് ജനങ്ങളെ സേവിക്കാൻ ഇറങ്ങുന്നവനായിട്ടും എനിയ്ക്കിപ്പോഴും അറിയില്ല ജിതേ എന്റെ അമ്മയുടെ വയറ്റിൽ എന്നെ ബീജമായ് നിഷേപിച്ചവനാരാണെന്ന്…. എന്റെ അമ്മയ്ക്കും അറിയില്ല ആരാണ് ഞാനെന്ന മകനെ അമ്മയ്ക്ക് നൽകിയതെന്ന്… അതു കൊണ്ടു തന്നെ നീ എന്നെ വിളിച്ച തന്തയില്ലാത്തവനെന്ന പേര് അതിന്റെ എല്ലാ ബഹുമാനത്തോടെയും ഞാൻ സ്വീകരിച്ചിരിക്കുന്നു… സന്തോഷമായിരിക്ക് ട്ടോ…. ”

അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞവളിൽ നിന്നകന്ന് കിരൺ പോയിട്ടും അവനേല്പിച്ച വാക്കുകളുടെ ഞെട്ടലിൽ കുരുങ്ങിക്കിടന്നു ജിത….

“ഡാ… കിരണേ നീയെന്തൊക്കെയാടാ ആ പെണ്ണിനോട് വിളിച്ചു പറഞ്ഞത്…? നിനക്ക് വല്ല ഭ്രാന്തും ഉണ്ടോ അവളെ പോലെ ഒരുത്തിയോട് ചെന്നതെല്ലാം വിളിച്ചു കൂവാൻ…?

കിരണിന്റെ പുറത്തൊന്ന് പൊട്ടിച്ചിട്ട് എബിൻ ചോദിച്ചതും അവനെ നോക്കി ചിരിച്ചു കിരൺ…

“ഞാനവളോട് മനപ്പൂർവ്വം പറഞ്ഞതാണെടാ അതെല്ലാം… ഉള്ള കാര്യമല്ലേ ഞാനാ പറഞ്ഞത്…
ഇന്നും എന്ന പറ്റി നാട്ടിൽ നന്നായൊന്നന്വേഷിച്ചാൽ നമ്മുടെ നാട്ടുകാരു തന്നെ ആരോടും വിളിച്ചു പറയും വർഷങ്ങൾക്കു മുമ്പ് ആരോ പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചൊരു പതിനഞ്ചു വയസ്സുക്കാരിയെ പറ്റിയും അവൾ പ്രസവിച്ച അച്ഛനാരാണെന്നറിയാത്ത എന്നെ പറ്റിയും… എനിയ്ക്കോ എന്റെ അമ്മയ്ക്കോ ഇതൊന്നും കേട്ടാൽ ഒന്നും തോന്നില്ല… കാരണം സംഭവിച്ചു പോയതിനൊന്നും കാരണക്കാർ ഞങ്ങളല്ലല്ലോ…

“പക്ഷെ ഈ പഴംക്കഥകൾ കേട്ടാൽ വേദനിയ്ക്കുന്ന ഒരാളുണ്ട് എന്റെ വീട്ടിലിപ്പോൾ…. എന്റെ അച്ഛൻ… ഞാനച്ഛന്റെ മോനല്ലെന്ന് ആരും പറയുന്നത് കേൾക്കുന്നതു പോലും ഇഷ്ടമില്ല എന്റെ അച്ഛന്… ഞാൻ അച്ഛന്റെയാണ്… അച്ഛൻ എന്റേതും… അല്ലെങ്കിൽ പിന്നെ അച്ഛനാരാണെന്നു പോലുമറിയാത്ത എനിയ്ക്ക് വേണ്ടി എനിയ്ക്കു തരുന്ന സ്നേഹം പകുത്ത് പോവാതിരിക്കാൻ വേണ്ടി സ്വന്തമായൊരു കുഞ്ഞെന്ന സ്വപ്നംവേണ്ടാന്നു വെയ്ക്കുമോ ആരെങ്കിലും.. എന്റെ അച്ഛൻ എനിയ്ക്കു വേണ്ടി അതും ചെയ്തു….

അച്ഛനോടുള്ള സ്നേഹത്താൽ നിറഞ്ഞുതൂവുന്ന മിഴികളോടെ പറയുന്ന കിരണിനെ തന്നിലേക്ക് ചേർത്തു പിടിച്ചു എബി…. അവനറിയാലോ അവന്റെ കിരണിന് അച്ഛനെന്നു വെച്ചാൽ ഭ്രാന്താണെന്ന്…

ഈ ഒരു കുഞ്ഞു പോലും ഒരു കൂടപ്പിറപ്പു വേണം ഇനിയെങ്കിലും കൂട്ടിനെന്ന അവന്റെ വാശിയ്ക്ക് തോറ്റവന്റെ അച്ഛൻ നടത്തി കൊടുത്തതാണ്… അവന്റെ അച്ഛന് അവനോളം പ്രിയപ്പെട്ടതൊന്നുമില്ല ഈ ഭൂമിയിൽ….

ജിതയ്ക്ക് തന്നോടുള്ള ചായ്‌വറിഞ്ഞാണ് കിരണവളോടെല്ലാം തുറന്നു പറഞ്ഞത്… തന്റെ കുടുംബത്തിലേക്ക് അവളെ പോലൊരുത്തി വന്നു കയറരുതെന്ന് അവനത്രയും ആഗ്രഹിക്കുന്നുണ്ട്….

ക്ലാസ് കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയതും കിരണോടിയത് അവന്റെ പൊന്നമ്മ കാണാനാണ്….

അച്ഛന്റെ നെഞ്ചിലായ് മുഖം അമർത്തി തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ചാരിക്കിടക്കുന്ന അമ്മയെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പോൾ തന്റെ കണ്ണുകൾ പെയ്തിറങ്ങുന്നത് കിരണറിഞ്ഞതേയില്ല…

“എന്നെ നോക്കില്ലെന്ന് വാശിയാണോ അച്ഛാ അമ്മയ്ക്ക്….?
ഈ അമ്മയെ കാണാൻ എത്ര കൊതിച്ച് ഓടിവന്നതാണ് ഞാൻ… എന്നിട്ടണമ്മ ഇങ്ങനെ

അമ്മയുടെയും തന്റെയും നേർക്ക് മാറി മാറി നോട്ടമയച്ചിരിക്കുന്ന അച്ഛനോടവൻ ചെറുചിരിയോടെ ചോദിച്ചതും അവനെ നോക്കി തന്റെ ഇരു മിഴികളും ചിമ്മിയടച്ചു അച്ഛനും… അന്നേരം അച്ഛന്റെ മുഖത്തും കണ്ണുകളിലും തെളിഞ്ഞു നിന്നത് തന്നോടുള്ള അളവറ്റ സ്നേഹമാണെന്ന തിരിച്ചറിവ് കിരണിന്റെ ഹൃദയത്തെ വല്ലാതെ ത്രസിപ്പിയ്ക്കുന്നുണ്ട്…

രണ്ടാമതൊരു കുട്ടി വരാൻ പോണതേയുള്ളു അപ്പോഴേയ്ക്കും ഈ അമ്മയെന്നെന്നോട് പിണങ്ങി അച്ഛാ… ഇതു ശരിയാവില്ലാട്ടോ… ഇങ്ങനാണേൽ ഈ പെണ്ണ് വാവ പുറത്തു വന്നു കഴിഞ്ഞാൽ ഞങ്ങളേട്ടനും അനിയത്തിയും ഒറ്റ സെറ്റായി നിന്നിട്ടമ്മയോടും പിണങ്ങും.. പിന്നെ എത്ര പുന്നാരിച്ചിട്ടും കിന്നാരം പറഞ്ഞു വന്നിട്ടുമൊന്നും കാര്യമുണ്ടാവില്ല… തെറ്റിയാൽ തെറ്റിയതാ…
പിന്നെ മിണ്ടുന്ന പ്രശ്നമേ ഇല്ല അല്ലേ കുഞ്ഞിയേ… ?

അമ്മയെ ശുണ്ഠി പിടിപ്പിക്കാനോരോന്നും പറഞ്ഞു തുടങ്ങിയവനൊടുക്കം അമ്മയുടെ വയറിൽ ഇരു കൈകളും ചേർത്തുവെച്ചതിനുള്ളിലുള്ള കുഞ്ഞിനോടെന്ന പോലെ ചോദിച്ചതും അവനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് നിറുകയിൽ ചുണ്ടു ചേർത്തിരുന്നു അമ്മയും…

കുഞ്ഞിയാണെന്ന് നിനക്കെന്താ ഇത്രയ്ക്കുറപ്പ്…?
ചിലപ്പോ നിന്നെ പോലെ കുരുത്തംകെട്ടൊരു ചെറുക്കനാണെങ്കിലോ പിറക്കുന്നത്…?

തന്നെ നിറമിഴികളോടെ നോക്കുന്ന മകനെ ശുണ്ഠി പിടിപ്പിക്കാനെന്നോണം അമ്മ ചോദിച്ചതും കിരണിന്റെ ചുണ്ടിലൊരു കുസൃതിച്ചിരിതെളിഞ്ഞു…

അവനച്ഛനെ ഒന്നു പാളി നോക്കി മെല്ലെ അമ്മയ്ക്ക് അരികിൽ നിന്നൊന്നു നീങ്ങിയിരുന്നതും അവൻ പറയാൻ പോവുന്ന മറുപടി തല്ലുക്കൊള്ളിത്തമാണെന്നുറപ്പിച്ചു അമ്മ…. അവനെ നോക്കുന്ന അമ്മയുടെ മിഴികളൊന്നു കൂർത്തു….

ഇത് കുഞ്ഞിയാണെന്നെനിയ്ക്ക് ഉറപ്പാണമ്മേ… എന്റെ ഏതാവശ്യവും എന്റെ ഇഷ്ടത്തിനനുസരിച്ച് നടത്തി തരുന്ന എന്റെയീ അച്ഛനോട് ഞാനാദ്യമേ തന്നെ പറഞ്ഞു സെറ്റാക്കി വെച്ചിട്ടുണ്ടായിരുന്നു എനിയ്ക്ക് വേണ്ടതൊരു അനിയത്തിയായതുകൊണ്ട് അതിനുള്ള പണി വേണം എടുക്കാനെന്ന്… എന്റെ പൊന്നച്ഛൻ ഞാനാ പറഞ്ഞത് കൃത്യമായിട്ട് അനുസരിച്ചിട്ടും ഉണ്ടാവും… അല്ലേ അച്ഛാ… ഞാൻ പറഞ്ഞത് സത്യല്ലേ….?

തനിയ്ക്കു നേരെ കയ്യോങ്ങുന്ന അമ്മയുടെ കയ്യിൽ നിന്ന് വെട്ടിയൊഴിഞ്ഞ് അച്ഛന്റെ മടിയിലേക്ക് നീണ്ടു നിവർന്നു കിടന്നൊരു പൊട്ടിച്ചിരിയോടെ കിരൺ ചോദിച്ചതും തന്റെ മടിയിൽ കിടക്കുന്നവനെ തന്നിലേക്കണച്ചുപിടിച്ചു ആ അച്ഛൻ…

അച്ഛന്റെ വയറിലേക്ക് മുഖം അമർത്തി ആ ശരീരത്തിന്റെ ഗന്ധം ഇഷ്ടത്തോടെ വീണ്ടും വീണ്ടും വലിച്ചെടുത്തു ശ്വസിക്കുന്ന തന്റെ മകനെയും അവനെ ചേർക്കാവുന്ന പരമാവധി തന്നോടു ചേർത്തു പിടിയ്ക്കുന്ന ആ അച്ഛനെയും നിറഞ്ഞ സന്തോഷത്തോടെ നോക്കിയിരുന്നു ആ അമ്മ… അവരമ്മയുടെയും മകൻ്റെയും വേദനകൾക്കും സങ്കടത്തിനും പരിഹാരമായ് ഈശ്വരനവർക്ക് കൊടുത്ത പുണ്യമാണ് ആ അച്ഛനെന്ന് കിരണിനോളം തന്നെ അറിയാവുന്ന ആ അമ്മ അവർക്കു വേണ്ടി എന്നും നന്ദി പറഞ്ഞു കൊണ്ടേയിരിക്കും ഈശ്വരനോട്….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *