“എന്തിനാ ഏട്ടത്തി എന്നെ കാണുമ്പോ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നത്? ഒന്നുല്ലേലും കുറേനാൾ പ്രേമിച്ചു നടന്നവരല്ലേ നമ്മൾ.
ഏട്ടന്റെ ഭാര്യ ഭാമയേ ഒറ്റയ്ക്ക് കിട്ടിയപ്പോ അവൾക്കടുത്തേക്ക് വന്ന വിനു പറഞ്ഞു.
വിനു… ഞാനിപ്പോ നിന്റെ ഏട്ടന്റെ ഭാര്യയാണ്. അതുകൊണ്ട് എന്നെ നീ മറ്റൊരു കണ്ണിലൂടെ കാണരുത്. അത് മഹാ പാപമാണ്.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഭാമ പറഞ്ഞു.
എന്റെ ഏട്ടൻ നിനക്ക് തരാത്ത സുഖം ഞാൻ തരാം ഭാമേ. ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടാ. നീയൊന്ന് മനസ്സ് വച്ചാ ആരും അറിയാതെ നമുക്കീ ബന്ധം മുന്നോട്ട് കൊണ്ട് പോകാം.
മീശ തുമ്പൊന്ന് പിരിച്ചു കൊണ്ട് അവനവളെ കണ്ണുകൾ കൊണ്ട് അടിമുടി ഉഴിഞ്ഞു.
വിനു ഇപ്പോ പുറത്ത് പോ. എനിക്ക് ഡ്രസ്സ് മാറണം.
കുളിച്ചു ഈറനോടെ കച്ച കെട്ടി നിൽക്കുകയാണ് അവൾ. ആ സമയത്താണ് അപ്രതീക്ഷിതമായി വിനു വാതിൽ തുറന്ന് മുറിയിലേക്ക് ഇടിച്ചു കയറി വന്നത്.
മാറി ഇടാനുള്ള ഡ്രസ്സ് ഹാങ്കറിൽ നിന്ന് വെള്ളത്തിൽ വീണ് പോയത് കൊണ്ടാണ് ഭാമയ്ക്ക് ഈ വേഷത്തോടെ മുറിയിലേക്ക് വരേണ്ടി വന്നത്. വാതിൽ ചേർത്തടച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അവളത് ബോൾട് ഇടാൻ പോകുമ്പോഴാണ് വിനു വാതിൽ തുറന്ന് അകത്തേക്ക് വന്നത്.
എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറിക്കോ. ഞാൻ നിന്നെ നന്നായി ഒന്ന് കാണട്ടെ.
അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു.
എന്നോട് ഇങ്ങനെ ഒന്നും പറയരുത് വിനു.
ഭാമയ്ക്ക് പേടിയായി തുടങ്ങി.
എന്റെ ഏട്ടൻ നിന്നെ ഒന്ന് തൊട്ട് പോലും നോക്കീട്ടില്ല എന്നെനിക്ക് അറിയാം. നിനക്കും ഉണ്ടാവില്ലേ പല ആഗ്രഹങ്ങളും. അതൊക്കെ ഞാൻ സാധിപ്പിച്ചു തരാം. നീയൊന്ന് മൂളുക മാത്രം ചെയ്ത മതി.
വിനു ഭാമയുടെ അടുത്തേക്ക് ചുവടുകൾ വച്ചു. അത് കണ്ട് പിന്നോട്ട് നടന്ന അവൾ ചുമരിൽ തട്ടി നിന്നു.
“വിനു… മര്യാദയ്ക്ക് ഇറങ്ങി പൊയ്ക്കോ. അല്ലെങ്കിൽ ഞാൻ അമ്മേ വിളിക്കും.
അതിന് അമ്മ ഇവിടെ ഇല്ലല്ലോ.. അമ്മ കുടുംബശ്രീക്ക് പോയത് കണ്ട ഞാൻ നിന്റെ റൂമിലേക്ക് വന്നത്. ഇനിയിപ്പോ നമുക്ക് ഒരു മണിക്കൂർ സമയമുണ്ട്. ഇവിടെ നമ്മൾ എന്ത് കാണിച്ചാലും ആരും അറിയാൻ പോണില്ല.
ഭാമയുടെ നഗ്നമായ ചുമലുകളിൽ കൈവച്ചു കൊണ്ട് പ്രത്യേക ഭാവത്തിൽ അവളെ നോക്കി.
വിനു… കയ്യെടുക്ക്.
ഭാമ ദേഷ്യത്തോടെ അവന്റെ കൈ വിടുവിക്കാൻ നോക്കി.
പക്ഷേ അതോടെ വിനുവിന്റെ കൈകളുടെ മുറുക്കം കൂടി.
ഇന്ന് നിന്നെ അനുഭവിച്ചിട്ടേ ഞാൻ ഈ മുറിയിൽ നിന്ന് പുറത്ത് പോകു. നിന്നെ എങ്ങനെ എന്റെ വരുതിക്ക് കൊണ്ട് വരണമെന്ന് എനിക്കറിയാം.
അവൻ കുനിഞ്ഞു അവളെ ചുമ്പിക്കാൻ ശ്രമിച്ചു. ഭാമ സർവ്വ ശക്തിയും സംഭരിച്ചു വിനുവിനെ തള്ളി മാറ്റാൻ ശ്രമിച്ചു.
പക്ഷേ അവന്റെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.
ഭാമയുടെ ചുണ്ടുകളെ വിനുവിന്റെ ചുണ്ടുകൾ സ്പർശിക്കാൻ തുടങ്ങുമ്പോഴാണ് അമ്മയുടെ ഉറക്കെയുള്ള ശബ്ദം അവർ ഇരുവരും കേട്ടത്.
ഒരു നിമിഷം ഞെട്ടിപ്പിടിഞ്ഞ വിനു അവളെ വിട്ട് തിരിഞ്ഞു നോക്കി. അവിടെ വാതിൽക്കൽ അമ്മയെ കാണാതിരുന്നപ്പോഴാണ് അവന് സമാധാനമായത്. ഭാമയ്ക്കും ശ്വാസം അപ്പോഴാണ് നേരെ വീണത്.
അപ്പോൾ തന്നെ താഴെ നിന്ന് വീണ്ടും അടുത്ത വിളി വന്നു. അടുത്തൊരു വിളിക്ക് അവസരം കൊടുക്കും മുന്നേ അവളെ കണ്ണുകൾ കൊണ്ടൊന്നു ഉഴിഞ്ഞിട്ട് നിരാശയോടെ അവൻ മുറിക്ക് പുറത്തേക്ക് പോയി. കുടുംബശ്രീയുടെ എന്തോ രജിസ്റ്റർ എടുക്കാൻ മറന്നിട്ടു തിരിച്ചു വന്നതാണ് ഭാമയുടെ അമ്മായി അമ്മ സരസ്വതി. അത് അലമാരയുടെ മുകളിൽ നിന്നൊന്ന് എടുത്തു കൊടുക്കാനാണ് അവർ വിനുവിനെ വിളിച്ചത്.
മാനം തിരിച്ചു കിട്ടിയ സമാധാനത്തിൽ ഭാമ ഓടിച്ചെന്ന് വാതിൽ അടച്ച് കുറ്റി ഇട്ടു. കുറച്ചേറെ സമയം വാതിലിൽ ചാരി നിന്ന് അവൾ തന്റെ വിധി ഓർത്ത് പൊട്ടിക്കരഞ്ഞു.
വെണ്ണക്കൽ ശില്പം പോലെ സുന്ദരിയാണ് ഭാമ. ഒരിക്കൽ ക്ഷേത്രത്തിൽ വച്ച് അവളെ കണ്ട് ഇഷ്ടപ്പെട്ട സരസ്വതി തന്റെ മൂത്ത മകൻ മനു ശങ്കർ ന് വേണ്ടി അവളെ പെണ്ണ് ചോദിച്ചു വീട്ടിൽ ചെന്നു.
രണ്ടാനമ്മയുടെ കാരുണ്യത്തിലാണ് ഭാമ സ്വന്തം വീട്ടിൽ ജീവിച്ചിരുന്നത്. സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞ് ഒരു ആലോചന അവൾക്ക് വന്നപ്പോൾ രണ്ടാനമ്മ ആ കല്യാണം നടത്താൻ ഭാമയുടെ അച്ഛനെ നിർബന്ധിച്ചു. അങ്ങനെ നടന്നതാണ് മനുവിന്റേം ഭാമയുടെയും വിവാഹം. താൻ കോളേജിൽ പഠിക്കുമ്പോ സ്നേഹിച്ചിരുന്ന വിനുവിന്റെ ചേട്ടനാണ് മനു എന്നറിഞ്ഞു ഭാമ അവളാൽ കഴിയുംവിധം വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ആരും അവളെ വാക്ക് കേട്ടില്ല.
സ്നേഹിക്കുന്ന സമയത്ത് വിനു അവളോട് ശാരീരികമായി അടുത്തിടപഴകാനും മറ്റ് പലതിനും നിർബന്ധിക്കുകയൊക്കെ ചെയ്തത് കൊണ്ടാണ് അവൾ അവനെ ഒഴിവാക്കിയത്. താൻ ആത്മാർത്ഥമായി സ്നേഹിച്ചത് ഒരു വഷളനെ ആയിപോയല്ലോ എന്നോർത്ത് ഭാമ കല്യാണത്തിന് മുൻപ് എപ്പോഴും സങ്കടപ്പെടുമായിരുന്നു. അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ മുൻ കാമുകന്റെ ചേട്ടന്റെ ഭാര്യയായി ആ വീട്ടിലേക്ക് തന്നെ പോകേണ്ടി വന്നത്.
മനുവിന് ഒട്ടും ഇഷ്ടമില്ലാതെ നടന്ന വിവാഹമാണത്. പണ്ട് അവന്റെ കാമുകി ചതിച്ചതറിഞ്ഞ നിമിഷം മുതൽ പെണ്ണുങ്ങളെ അവന് വെറുപ്പാണ്. അപ്പോഴാണ് ആത്മഹത്യാ ഭീഷണി മുഴക്കി സരസ്വതി ഈ കല്യാണം നടത്തിയത്.
കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് ആയിട്ടേ ഉള്ളു. ആദ്യ രാത്രി തന്നെ വിനുവിന്റെ കാര്യം മനുവിനോട് പറയാൻ അവൾ ശ്രമിച്ചെങ്കിലും അവളെ ഒന്ന് കേൾക്കാൻ പോലും മനു നിന്നില്ല.
സരസ്വതി കുടുംബശ്രീക്ക് പോയിട്ട് വരുന്നത് വരെ ഭാമ താഴേക്ക് പോയില്ല. പിന്നീടുള്ള ദിവസങ്ങളിൽ വിനുവിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറിയാണ് ഭാമ നടന്നത്.
അവളിലെ ഈ മാറ്റങ്ങൾ സരസ്വതി ശ്രദ്ധിച്ചില്ലെങ്കിലും മനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇഷ്ടമില്ലാതെയാണ് അവൻ അവളെ കല്യാണം കഴിച്ചത് എങ്കിലും ഭാമ ഒരു ഭാവം പെൺകുട്ടിയാണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്നും തോന്നിയത് കൊണ്ട്മനു അവളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതവൻ പുറമേ പ്രകടിപ്പിക്കുന്നുണ്ടായിരുന്നില്ല.
അങ്ങനെ കുറച്ചു ദിവസത്തെ നിരീക്ഷണത്തിനോടുവിൽ ഭാമ വിനുവിനെ ഭയക്കുന്നുണ്ടെന്ന് മനു കണ്ടുപിടിച്ചു. അതിന്റെ കാരണം നേരിട്ട് ചോദിച്ചറിയാൻ ശ്രമിക്കാതെ അവൻ വീട്ടിൽ ആരും അറിയാതെ സിസിടിവി വെച്ചു. സംസാരം റെക്കോർഡ് ആവുന്ന ക്യാമറ ആണ് വച്ചത്.
ഇത് അറിയാതെ വിനു ഭാമയുടെ പിന്നാലെ നടന്ന് അവളെ വളയ്ക്കാനും വേണ്ടി വന്നാൽ ബാലപ്രയോഗം നടത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രണ്ടാം നിലയിലെ പാസ്സേജിൽ വച്ച് വിനു ഭാമയേ കടന്ന് പിടിച്ചു.
ഈ വീട്ടിൽ കഴിയുമ്പോ എന്റെ നിന്ന് നിനക്ക് എത്ര നാൾ രക്ഷപ്പെട്ടു ജീവിക്കാൻ കഴിയും ഭാമേ. ഇനിയും നീ എനിക്ക് വഴങ്ങിയില്ലെങ്കി നീ എന്റെ കാമുകി ആയിരുന്നു എന്നും ഇപ്പോഴും നമ്മൾ തമ്മിൽ ബന്ധം ഉണ്ടെന്നും ഞാൻ മനു ഏട്ടനോട് പറയും. അതോടെ നിന്റെ ജീവിതം തീർന്ന് മോളെ…
വിനു അവളെ ഭീഷണിപ്പെടുത്തി.
നീ ഇങ്ങനെ ഒരു ചെറ്റ ആയത് കൊണ്ടാണ് പണ്ടേ നിന്നെ ഞാൻ ഒഴിവാക്കിയത്.
ഭാമ പറഞ്ഞു.
നിന്റെ വിരൽ തുമ്പിൽ പോലും നീ തൊടാൻ സമ്മതിക്കാത്തത് കൊണ്ടാണ് എനിക്കും വാശി. നിന്നെ എനിക്ക് മൊത്തത്തിൽ അനുഭവിക്കണം ഭാമേ. എന്റെ ഏട്ടൻ എന്തായാലും നിന്നെ ഈ ജന്മം സ്നേഹിക്കില്ല. അപ്പോ നിനക്ക് വേണ്ട ശാരീരിക സുഖം ആര് തരാനാണ്. നീയും ഒരു പെണ്ണല്ലേ നിനക്കും കാണില്ലേ ആഗ്രഹങ്ങൾ.
അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല വിനു. പിന്നെ എന്റെ കഴുത്തിൽ താലികെട്ടിയ ഭർത്താവിനെ വഞ്ചിക്കുന്ന ഒരു പെണ്ണല്ല ഞാൻ. ഈ ജന്മം മുഴുവൻ അദ്ദേഹം എന്നെ സ്നേഹിച്ചില്ലെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ശരീരത്തിന്റെ മനസ്സിന്റെ വിശുദ്ധി മാത്രമേ അദ്ദേഹത്തിന് നൽകാൻ എന്റെ കയ്യിൽ ഉള്ളൂ. എന്റെ സമ്മതമില്ലാതെ എന്നെ നീ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും ഈ ഭാമ ജീവിച്ചിരിക്കില്ല. കാരണം ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് അവളുടെ അഭിമാനമാണ്. ഇനി നിനക്ക് നിന്റെ ചേട്ടനോട് എല്ലാം പറയണമെന്നാണെങ്കിൽ പോയി പറഞ്ഞോ. എനിക്കിത്രയേ ദാമ്പത്യ ജീവിതം വിധിച്ചിട്ടുള്ളൂ എന്ന് ഞാൻ സമാധാനിച്ചോളാം.
അത്രയും പറഞ്ഞിട്ട് അവന്റെ കൈകൾ കുടഞെറിഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
ഈ നടന്നതെല്ലാം സിസിടിവി വഴി കണ്ടും കേട്ടും അറിഞ്ഞ മനുവിന് ഭാമയോടുള്ള സ്നേഹം കൂടി. അഭിമാനമുള്ളവളാണ് അവൾ എന്ന് അവന് ബോധ്യമായി. അതുകൊണ്ടുതന്നെ തന്റെ അനിയൻ ചെയ്ത തെറ്റിനെ തക്ക ശിക്ഷ നൽകണമെന്ന് മനു മനസ്സിൽ ഉറപ്പിച്ചു. അന്ന് രാത്രി സരസ്വതിയും ഭാമയും ഉറങ്ങിയശേഷം മനു വിനുവിനെ നന്നായി പെരുമാറി. ഇനി അവൻ ഭാമയെ ശല്യം ചെയ്ത് കയ്യും കാലും തല്ലിയൊടിക്കും എന്ന് മനു അവനെ ഭീഷണിപ്പെടുത്തി. മനു പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് അറിയാവുന്ന വിനു പിന്നീട് അവളെ ശല്യം ചെയ്യാൻ പോയില്ല. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവൻ ബാംഗ്ലൂരിൽ ജോലി കണ്ടുപിടിച്ച് അങ്ങോട്ട് പോവുകയും ചെയ്തു.
ഭാമ ഇതൊന്നും അറിഞ്ഞതുമില്ല. വിനുവിന്റെ ശല്യം ഒഴിവായതിൽ അവൾ ആശ്വസിച്ചു. ഒരു ദിവസം മനു നല്ലപോലെ ഇരിക്കുന്ന സമയം നോക്കി അവൾ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു. എല്ലാം തനിക്കറിയാമെന്നും ഇനി വിനുവിന്റെ ശല്യം ഒരിക്കലും ഉണ്ടാവില്ല എന്ന് പറഞ്ഞു മനു അവളെ ആശ്വസിപ്പിച്ചു ചേർത്തുപിടിച്ചു. താൻ ആഗ്രഹിച്ച ഭർത്താവിന്റെ സ്നേഹവും കരുതലും പ്രതീക്ഷിക്കാതെ കിട്ടിയതിൽ ഭാമ സന്തോഷിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
✍️ അഞ്ജലി
