”എന്താ ജയേഷേട്ടന്റെ പ്രശ്നം?? എന്നോട് പറയാവുന്നതാണെങ്കിൽ ഒന്ന് തുറന്നു പറയാമോ? വിവാഹം കഴിഞ്ഞ് ഏറെ പ്രതീക്ഷയോടെ കേറി വന്നതാണ് ഞാനും!! ആ എന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നതിന്റെ കാരണമാണ് എനിക്ക് അറിയേണ്ടത്!!!”
ശിശിരയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ആ മുറിയിലെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവളുടെ ചോദ്യം അവിടെ അലയടിച്ചു. ജയേഷ് കട്ടിലിൽ നിന്ന് എഴുന്നേറ്റു, ദേഷ്യത്തോടെ അവൾക്ക് നേരെ നോക്കി.
”ശല്യം… എപ്പോഴും ഈ ചോദ്യം തന്നെ. എനിക്ക് മടുത്തു ശിശിരാ, നിന്നെ കണ്ടാൽ തന്നെ എനിക്കെന്തോ പോലെയാണ്. ആ ഒച്ചയും ആ മുഖവും എനിക്ക് സഹിക്കുന്നില്ല.”
അത്രയും പറഞ്ഞ് ജയേഷ് വെറുപ്പോടെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. വാതിൽ ആഞ്ഞടച്ചു. ആ ശബ്ദം ശിശിരയുടെ നെഞ്ചിൽ ഒരു വലിയ വിള്ളൽ വീഴ്ത്തി. അവൾ തറയിൽ ഇരുന്നു പോയി. നിറകണ്ണുകളോടെ താലികെട്ടിയവന്റെ പിന്തിരിഞ്ഞു നടക്കുന്ന ആ രൂപത്തെ അവൾ നോക്കി നിന്നു. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ, പക്ഷേ ഒരു സ്നേഹത്തിന്റെ നുറുങ്ങുവെട്ടം പോലും അവൾക്ക് ലഭിച്ചിട്ടില്ല.
ശിശിരയുടേത് സാധാരണ കുടുംബമാണ്. മൂന്ന് പെൺമക്കളിൽ രണ്ടാമത്തവൾ. മുത്തവൾ ശൈത്യയും ഇളയവൾ ശിഖയും അമ്മയെപ്പോലെ വെളുത്ത് സുന്ദരികൾ. ശിശിര മാത്രം അച്ഛനെപ്പോലെ അല്പം ഇരുനിറം കലർന്നവൾ. പക്ഷേ, ആ മുഖത്ത് ഒരു പ്രത്യേക ആകർഷണീയത ഉണ്ടായിരുന്നു, ഒരു മുഖശ്രീ.
ശൈത്യയുടെ വിവാഹം വളരെ എളുപ്പത്തിൽ നടന്നു. ഒരു സ്കൂൾ മാഷ് അവളെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, ശിശിരയുടെ കാര്യം വരുമ്പോൾ അച്ഛനും അമ്മയും ആശങ്കയിലായിരുന്നു. നിറത്തിന്റെ പേരിൽ പല ആലോചനകളും മുടങ്ങി. മകളുടെ ഭാവി ഓർത്ത് അവർ ആകുലപ്പെട്ടു.
അങ്ങനെയിരിക്കുമ്പോഴാണ് ജയേഷിന്റെ ആലോചന വന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന ജയേഷ് നാട്ടിൽ വന്നപ്പോൾ പെണ്ണു കാണാൻ പോയതൊക്കെ പരാജയപ്പെട്ടിരുന്നു. ജാതകത്തിന് വലിയ വില കൽപ്പിക്കുന്ന ജയേഷിന്റെ വീട്ടുകാർക്ക് ശിശിരയുടെ ജാതകം പെട്ടെന്ന് ചേരുന്നതായി കണ്ടു..
പിന്നീട് വീഡിയോ കോളിലൂടെയാണ് ജയേഷും ശിശിരയും സംസാരിച്ചത്. ആ സംസാരത്തിൽ ജയേഷ് സംതൃപ്തനായിരുന്നെന്ന് തോന്നിയതു കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്.
ജോലിയിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടായതു കൊണ്ട് നിശ്ചയത്തിന് വരാൻ കഴിയാതിരുന്ന ജയേഷ് വിവാഹത്തിന് തലേ ദിവസം മാത്രമാണ് നാട്ടിലേക്ക് എത്തിയത്. ഉടൻതന്നെ അവൻ കൂട്ടുകാരെയും വിളിച്ച് ശിശിരയെ കാണാനായി പോയി ശിശിരയെ അവളുടെ വീട്ടിൽ വെച്ച് നേരിൽ കണ്ടപ്പോൾ ജയേഷിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. വീഡിയോ കോളിലെ വെളിച്ചത്തിൽ കണ്ടതിനേക്കാൾ നിറം കുറവാണ് ശിശിരയ്ക്ക് എന്ന് അപ്പോൾ അവന് തോന്നി. തന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നില്ല അവൾ…
“” എന്തിനാടാ ഇതുപോലെ ഒരു പെണ്ണിനെ എടുപ്പിടി എന്നും പറഞ്ഞ് കല്യാണം കഴിക്കുന്നത്? നിനക്ക് വേറെ നല്ലത് കിട്ടുമായിരുന്നല്ലോ?? “”
എന്ന് സുഹൃത്തുക്കളും കൂടി പറഞ്ഞതോടെ അവന്റെ മനസ്സ് ആകെ ഇടിഞ്ഞു..
കുറച്ചു ദിവസങ്ങൾക്ക് മുൻപ് എങ്കിലും നാട്ടിലേക്ക് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു…
ഇതിപ്പോൾ വിവാഹത്തിന്റെ തലേദിവസം വച്ച് അവന് എന്ത് ചെയ്യാൻ കഴിയും ..
വിവാഹം നടന്നെങ്കിലും, അവന്റെ മനസ്സ് അവളിൽ നിന്ന് പൂർണ്ണമായും അകന്നിരുന്നു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജയേഷിന്റെ അവഗണന സഹിക്കവയ്യാതെ ശിശിര ചോദിച്ചു പോയതായിരുന്നു അത് . ആ ചോദ്യത്തിന് കിട്ടിയ മറുപടി അവളെ വല്ലാതെ തളർത്തി.
”എനിക്ക് നിന്നെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല ശിശിരാ. നിന്നെപ്പോലെ ഒരുത്തിയെ കൂടെക്കൂട്ടി ജീവിക്കാൻ എനിക്ക് താല്പര്യമില്ല,” ജയേഷിന്റെ വാക്കുകൾ ക്രൂരമായിരുന്നു.
അന്ന് രാത്രി തന്നെ ശിശിര ആ തീരുമാനമെടുത്തു. പിറ്റേന്ന് രാവിലെ തന്നെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല എന്നത് അവർക്ക് വലിയ ആശ്വാസമായി. അച്ഛനും അമ്മയും മകളുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.
മറ്റെന്തെങ്കിലും കുറ്റം തന്നിൽ ആരോപിക്കുകയാണെങ്കിൽ സന്തോഷത്തോടെ അവൾ ആ ജീവിതത്തിൽ നിന്ന് മാറി കൊടുക്കുമായിരുന്നു ഇത്.. ഒരു പെണ്ണിന് എന്നല്ല ഒരു ജീവിക്കും സഹിക്കാൻ പറ്റില്ലായിരുന്നു ഇത്തരത്തിലുള്ള ഒരു അപമാനം..
വിവാഹം ഉറപ്പിച്ചതു മുതൽ ജയേഷിനെ അവൾ ഇഷ്ടപ്പെട്ടിരുന്നു ആ പടിയിറക്കം അവൾക്ക് ഏറെ വേദനാജനകമായിരുന്നു എങ്കിലും അതാണ് നല്ലത് എന്ന് അവൾ ഉറപ്പിച്ചു..
അല്ലെങ്കിൽ തന്നെ തന്നെ അംഗീകരിക്കാൻ കഴിയാത്ത ഒരാളുടെ കൂടെ അയാളുടെ ജീവിതത്തിൽ കടിച്ചു തൂങ്ങിയിട്ട് എന്താണ് പ്രയോജനം എന്ന് അവൾ ചിന്തിച്ചു.
. ജയേഷും വൈകാതെ മറ്റൊരു വിവാഹം കഴിച്ചു. സുന്ദരിയായ, ഒരു പെൺകുട്ടിയെ… അവളും ഡിവോഴ്സ് കഴിഞ്ഞ് വീട്ടിൽ നിൽക്കുകയായിരുന്നു. അതിസുന്ദരി ആയ ഒരു പെൺകുട്ടി… അവളെ കണ്ടതും ഇതുതന്നെ മതി എന്ന് ജയേഷ് ആവശ്യപ്പെട്ടു കൂട്ടുകാരുടെ ഇടയിൽ ഗമയുടെ അവളെയും ചേർത്തുപിടിച്ചു നടക്കാലോ എന്ന് അവൻ കരുതി..
അതേസമയം, ശിശിരയ്ക്ക് മറ്റൊരു വിവാഹാലോചന വന്നു. സജീവൻ എന്ന മാഷ്. സജീവൻ നല്ലൊരു മനുഷ്യനാണ്, എന്നാൽ കാലിൽ ചെറിയൊരു മുടന്തുണ്ട്. അതിനാൽ തന്നെ അർഹിക്കുന്ന അംഗീകാരം പലയിടത്തും ലഭിച്ചിരുന്നില്ല. ശിശിര ആദ്യം വിവാഹത്തിന് സമ്മതിച്ചില്ല, ജയേഷിനെ അവൾ അത്രയധികം സ്നേഹിച്ചിരുന്നു.
പക്ഷേ, സജീവൻ അവളെ ആശ്വസിപ്പിച്ചു. “ശിശിരാ, നമുക്ക് സുഹൃത്തുക്കളായി തുടങ്ങാം. ജീവിതത്തിൽ ഒരു കൂട്ട് എനിക്കും അത്യാവശ്യമാണ്.”
അയാളുടെ മാന്യതയും സ്നേഹവും ശിശിരയെ വല്ലാതെ ആകർഷിച്ചു. അവൾ വിവാഹത്തിന് സമ്മതിച്ചു. സജീവൻ അവളെ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അവൾ ഒരു നല്ല ഭാര്യയായി, സജീവന്റെ എല്ലാ പ്രയാസങ്ങളിലും താങ്ങായി നിന്നു.
കുറച്ചുകാലങ്ങൾക്ക് ശേഷം ഒരു ഫാമിലി ഫംഗ്ഷനിൽ വച്ച് അവർ പരസ്പരം കണ്ടുമുട്ടി ..
ജയഷും ഭാര്യയും ഒരിക്കലും സന്തോഷവാന്മാരായിരുന്നില്ല..
ജയേഷ് എന്തുപറഞ്ഞാലും അതിനെ എതിർക്കുന്ന ഭാര്യ…. ലീനക്ക് അവളുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്…
ജയേഷന് അവന്റേതായതും.. എന്നാൽ ലീന അവൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കണം എന്ന് വാശിപിടിക്കുന്ന കൂട്ടത്തിൽ ആണ്.
അത് ജയേഷിനെ ഏറെക്കുഴപ്പിച്ചിരുന്നു പ്രശ്നം ഉണ്ടാവാത്ത ഒരു ദിവസം പോലും അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.. ഇതിനിടയിൽ ഗൾഫിലെ ജോലി നഷ്ടപ്പെട്ടത് കൂടി ആയപ്പോൾ പൂർത്തിയായി.
ലീന ജയേഷിനെ പിന്നെ ഒരു പട്ടിയുടെ വില പോലും കൊടുത്തില്ല.
എന്നാൽ സജീവിനെ തലയിലേറ്റി നടക്കുന്ന ഭാര്യ ആയിരുന്നു ശിശിര അയാളുടെ ഇഷ്ടത്തിന് അയാൾക്ക് ഒരു നല്ല സുഹൃത്തായി അവൾ എന്നും കൂടെ ഉണ്ടായിരുന്നു.
അവളുടെ സപ്പോർട്ട് കൊണ്ട് പലരും കളിയാക്കുന്ന അയാളുടെ വൈകല്യം പോലും അയാൾ മറന്നു പോയിരുന്നു.
സജീവൻ മാഷ് കല്യാണം കഴിച്ച പെൺകുട്ടിയെ കുറിച്ച് എല്ലാവരും പറഞ്ഞറിഞ്ഞിരുന്നു.. അത് താൻ ആദ്യം വിവാഹം കഴിച്ച ശിശിര ആണ് എന്നത് ആ ഫംഗ്ഷനിൽ വച്ചാണ് ജയേഷ് തിരിച്ചറിഞ്ഞത്..
ആളുകൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് അവളുടെ സജീവിനോടുള്ള പെരുമാറ്റം കണ്ടപ്പോൾ ജയേഷിന് മനസ്സിലായി അത്രത്തോളം കരുതലോടെയാണ് അയാളുടെ കൂടെ അവൾ നടക്കുന്നത്.
അയാൾ തിരിച്ച് അവൾക്കും അതേ സ്നേഹം തന്നെയാണ് നൽകുന്നത്.
അയാളുടെ അത്രയും നിർമ്മലമായ സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു അവൾ ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട്.
അവളുടെ ആ എണ്ണ കറുപ്പിനു പോലും വല്ലാത്ത ഒരു ഭംഗി..
ജയേഷ് തന്റെ ഭാര്യയെ ഒന്ന് നോക്കി വെളുത്ത സുന്ദരിയാണ് പക്ഷേ എന്ത് കാര്യം വാ തുറക്കുന്നത് പോലും തന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണ്.
വീട്ടിൽ ഒരു നിമിഷം പോലും അവന് സ്വൈര്യം കൊടുക്കില്ല അവന് മാത്രമല്ല അവന്റെ വീട്ടുകാർക്കും..
അവളെ ഉപേക്ഷിക്കാൻ നോക്കിയതാണ് എന്നാൽ അവളുടെ ആങ്ങളമാർ ഭീഷണിപ്പെടുത്തി.. അതോടെ ആ ഉദ്യമവും വേണ്ട എന്ന് വച്ച് അവളെ പോലെ ഒരുത്തിയെ സഹിച്ച് ജീവിക്കുകയാണ് ജയേഷ് ഒരു നിമിഷം അയാൾക്കായി വിട്ടു കളഞ്ഞത് എത്ര വിലപിടിച്ച ജീവിതം ആയിരുന്നു എന്ന് അയാൾ ഇപ്പോൾ മനസ്സിലാക്കി.
മിന്നുന്നതെല്ലാം പൊന്നല്ല!!!!
സ്റ്റോറി by ചന്ദ്ര
