വീട്ടിലുള്ള എല്ലാവരുടെയും അടിവസ്ത്രങ്ങൾ ഉൾപ്പെടെ അലക്ക് കല്ലിലിട്ട് തന്റെ ഭാര്യ കുത്തി പിഴിഞ്ഞ് കഴുകുന്നത് കണ്ട് കൊണ്ടാണ് അജയ്….

പെങ്ങളുടെയും അച്ഛന്റെയും ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരുടെയും അടിവസ്ത്രങ്ങൾ ഉൾപ്പെടെ അലക്ക് കല്ലിലിട്ട് തന്റെ ഭാര്യ കുത്തി പിഴിഞ്ഞ് കഴുകുന്നത് കണ്ട് കൊണ്ടാണ് അജയ് വീട്ടിലേക്ക് വന്നത്.

ഒരു ഇമ്പോർട്ടന്റ് ആയിട്ടുള്ള ഫയൽ എടുക്കാൻ വിട്ട് പോയിട്ട് ഓഫീസിൽ നിന്നും തിരികെ വന്നതാണ് അവൻ.

ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോ തന്നെ കണ്ടത് അലക്ക് കല്ലിൽ അച്ഛന്റെ അടിവസ്ത്രം കുത്തി പിഴിയുന്ന ഭാര്യ അശ്വതിയെയാണ്. അച്ഛന്റെ മാത്രം അല്ല സ്വന്തം പെങ്ങളുടെയും ആങ്ങളയുടെയും ആങ്ങളയുടെ ഭാര്യയുടെയുമൊക്കെ ഉണ്ട്.

വീട്ടിൽ വാഷിംഗ്‌ മെഷീൻ ഉണ്ടായിട്ടും അശ്വതി എന്തിനാണ് എല്ലാവരുടെയും ഡ്രസ്സുകൾ അലക്ക് കല്ലിൽ കഴുകുന്നതെന്ന് അവനു മനസ്സിലായില്ല.

ഒരു വർഷം മുൻപാണ് അശ്വതിയുടെയും അജയന്റെയും വിവാഹം കഴിഞ്ഞത്. അജയൻ അവന്റെ കൂട്ടുകാരന്റെ കല്യാണത്തിന് പോയ സമയത്ത് അവിടെ വച്ച് കണ്ടിഷ്ടപ്പെട്ടതാണ് അശ്വതിയെ.

തീരെ പാവപെട്ട വീട്ടിലെ കുട്ടിയാണ് അശ്വതി. ഡിഗ്രി കഴിഞ്ഞു വീട്ടിലെ പ്രാരാബ്ദം കാരണം അടുത്തുള്ളൊരു തുണിക്കടയിൽ ബില്ലിങ് സ്റ്റാഫ് ആയിട്ട് പോകുമ്പോഴാണ് അശ്വതിയെ പെണ്ണ് ചോദിച്ചു അജയൻ ചെല്ലുന്നത്.

അജയൻ എൽ ഡി ക്ലാർക്ക് ആണ്. അവന് ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ട് നല്ല സ്ത്രീധനം വാങ്ങി വലിയ വീട്ടിൽ നിന്ന് കല്യാണം കഴിപ്പിക്കാൻ ആയിരുന്നു അജയന്റെ അമ്മ സുലോചനയ്ക്ക് താല്പര്യം. അതുകൊണ്ട് അശ്വതിയുടെ വീടും ചുറ്റുപാടുമൊക്കെ കണ്ടപ്പോൾ തന്നെ അവന്റെ അമ്മയും അച്ഛനുമൊക്കെ ഈ ബന്ധം വേണ്ടെന്ന് തറപ്പിച്ചു പറഞ്ഞതാണ്.

പക്ഷേ അജയൻ താൻ ഒരു കല്യാണം കഴിക്കുന്നെങ്കിൽ അത് അശ്വതിയെ മാത്രമായിരിക്കുമെന്ന് പറഞ്ഞ് വാശിയിൽ നിന്നു. അശ്വതിയുടെ വീട്ടുകാർക്കും അജയൻ തങ്ങളെ ക്കാൾ സാമ്പത്തികമായി ഉയർന്ന് നിൽക്കുകയും ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ടും കല്യാണം നടത്താൻ താല്പര്യം ഉണ്ടായിരുന്നില്ല.

അശ്വതിക്ക് താഴെ ഒരു പെൺകുട്ടി കൂടി ഉള്ളത് കൊണ്ട് താമസിക്കുന്ന വീട് പനയപ്പെടുത്തി അവളെ അയക്കാനും വീട്ടുകാർക്ക് മനസ്സ് വന്നില്ല. കൂലിപ്പണി ആയത് കൊണ്ട് വീടിന്റെ അടവ് മുടങ്ങി കിടപ്പാടം നഷ്ടമായാൽ എല്ലാവരും കൂടി തെരുവിലേക്ക് ഇറങ്ങേണ്ടി വരും.

അത് മാത്രം അല്ല അജയന്റെ വീട്ടുകാർ പറയുന്ന രീതിയിൽ ആഡംബരമായി കല്യാണം നടത്താനുള്ള ശേഷിയും അശ്വതിയുടെ വീട്ടുകാർക്ക് ഇല്ല.

ഇതൊന്നും കേട്ടിട്ടും അജയൻ വിവാഹത്തിൽ നിന്നും പിന്മാറിയില്ല. രജിസ്റ്റർ മാര്യേജ് ചെയ്ത ശേഷം അമ്പലത്തിൽ വച്ചൊരു താലികെട്ട് മാത്രം മതിയെന്ന് പറഞ്ഞ് അജയൻ വാശിയിൽ നിന്നത് കൊണ്ട് അവന്റെ വീട്ടുകാർക്ക് താല്പര്യം ഇല്ലെങ്കിലും സമ്മതം മൂളേണ്ടി വന്നു.

അശ്വതിയുടെ വീട്ടുകാർക്കും അവന്റെ സ്നേഹപൂർവ്വമായ ഇടപെടലുകൾ കാരണം സമ്മതിക്കാതെ തരമില്ലായിരുന്നു.

അമ്പലത്തിൽ വച്ച് കല്യാണം നടത്തുന്നതിന്റെ ചിലവുകൾ അജയൻ ആണ് നോക്കിയത്.

അശ്വതിയുടെ അച്ഛനും അമ്മയും അവർ കഷ്ടപ്പെടുന്നതിൽ നിന്ന് ഒരു ഓഹരി മാറ്റി വച്ച് രണ്ട് പെൺകുട്ടികൾക്കും അത്യാവശ്യം വേണ്ട സ്വർണം വാങ്ങി നൽകിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് കല്യാണത്തിന് അശ്വതിക്ക് ധരിക്കാൻ എക്സ്ട്രാ വാങ്ങിയത് ഒരു ജോഡി ജിമിക്കിയും നാല് വളകളും രണ്ട് മാലയും മാത്രമാണ്. അതുവരെ ചേർത്ത് വച്ച സമ്പാദ്യം മുഴുവനും അത് വാങ്ങാൻ തന്നെ ചിലവായി.

പൈസയുടെ വില അറിയാവുന്നത് കൊണ്ട് അശ്വതിയുടെ വീട്ടുകാർ പരമാവധി ചിലവ് ചുരുക്കിയാണ് ജീവിക്കുന്നത്. എന്തായാലും എല്ലാം കൂടി അശ്വതിക്ക് 20 പവൻ സ്വർണ്ണം ഉണ്ടായിരുന്നു. രണ്ട് കൈയ്യിൽ വീതം നാല് വള കാതിൽ കമ്മൽ പൊന്നിന്റെ കുഞ്ഞ് മൂക്കുത്തി രണ്ട് വലിയ മാല ഒരു ചെറിയ നെക്ലസ്. കാലിൽ കൊലുസ്. രണ്ട് കൈയ്യിലെ രണ്ട് വിരലിൽ രണ്ട് മോതിരം വീതം.

പക്ഷേ അജയന്റെ അമ്മയ്ക്ക് അതൊന്നും കണ്ട് തൃപ്തി വന്നില്ല. ആ കൂടെ തന്റെ മകൻ തന്നെയാണ് അമ്പലത്തിലെ കല്യാണ ചിലവ് കൂടെ നടത്തുന്നതെന്ന് കേട്ടപ്പോ അവർക്ക് ഹാലിളകി.

കല്യാണ ശേഷം അടുത്ത ബന്ധുക്കളേം കൂടെ ജോലി ചെയ്യുന്നവരെയും ക്ഷണിച്ചു അജയൻ ചെറിയൊരു റിസപ്ഷൻ കൂടെ നടത്തി.

അജയന്റെ വീടും അശ്വതിയുടെ വീടും വലിയ ദൂരമൊന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് കല്യാണം കഴിഞ്ഞും ജോലിക്ക് പോകാൻ ദൂരമൊരു തടസ്സം ആയിരുന്നില്ല. ഗവണ്മെന്റ് ജോലിക്കാരൻ ആയ മോന്റെ ഭാര്യ തുണികടയിൽ ബില്ലിങ് ന് പോകുന്നത് അജയന്റെ വീട്ടിൽ എല്ലാർക്കും കുറച്ചിൽ ആയിരുന്നു. അജയന് പക്ഷേ അതൊന്നും പ്രശ്നമില്ല.

അജയന്റെ കല്യാണം കഴിഞ്ഞു 9 മാസം കഴിഞ്ഞപ്പോ അവന്റെ അനിയൻ അനിയുടെ കല്യാണം ആഡംബരമായി നടത്തി. അജയന് ഒരു അനിയനും അനിയത്തിയുമാണ്. അനിയൻ എഞ്ചിനീർ ആണ്. കൂടെ ജോലി ചെയ്യുന്ന കാശുകാരിയെ പ്രേമിച്ചു കെട്ടിയതാണ്.

അനിയുടെ കല്യാണം കഴിഞ്ഞ് ഒരു മാസം തികയ്ക്കും മുന്നേ അജയന്റെ അമ്മ ബാത്‌റൂമിൽ വഴുതി വീഴുന്നത് പോലെ അഭിനയിച്ചു അശ്വതി ജോലിക്ക് പോകുന്നത് നിർത്തിച്ചു. തന്നെ നോക്കാൻ ആരേലും വീട്ടിൽ എപ്പോഴും വേണമെന്ന് പറഞ്ഞാണ് അവരത് ചെയ്തത്. അശ്വതി കടയിൽ 3 മാസത്തെ ലീവ് പറഞ്ഞ് അമ്മയെ നോക്കാൻ തുടങ്ങി. 3 മാസം കഴിഞ്ഞിട്ടും അജയന്റെ അമ്മ സുലോചന നടക്കുമ്പോ ഒക്കെ വയ്യായ്ക അഭിനയിച്ചു അവളെ വീട്ടിൽ തന്നെ പിടിച്ചു നിർത്തി.

അശ്വതി മുൻപ് ജോലിക്ക് പോകുന്ന സമയത്ത് രാവിലെ 4 മണിക്ക് എണീറ്റ് പണികൾ ഒക്കെ തീർത്ത് വൈകുന്നേരം വന്നിട്ടും അപ്പോൾ ഉള്ള പണികൾ തീർത്താണ് അവൾ കിടന്നിരുന്നത്. എന്നാൽ ഇപ്പോ മുഴുവൻ സമയവും അശ്വതി വീട്ടിൽ ഉള്ളത് കൊണ്ട് വാഷിംഗ്‌ മെഷീനിൽ കഴുകുന്നത് നിർത്തിച്ചിട്ട് അലക്ക് കല്ലിൽ ഇട്ട് കഴുകാൻ ആണ് അമ്മായി അമ്മയുടെ നിർദേശം.

അജയൻ തന്റെ ഭാര്യ വീട്ടിൽ ഉള്ളവരുടെ വിഴുപ്പ് കഷ്ടപ്പെട്ട് കഴുകുന്നത് ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവളുടെ അടുത്തേക്ക് പോയി മെഷീനിൽ കഴുകിക്കൂടെ എന്ന് ചോദിക്കാൻ നിൽക്കുമ്പോ ആണ് സുലോചന അശ്വതിയുടെ അടുത്തേക്ക് വരുന്നത് അവൻ കണ്ടത്.

“നിന്റെ അലക്ക് ഇതുവരെ കഴിഞ്ഞില്ലേടി.”

ഇല്ലമ്മേ.

ഇത് കഴിഞ്ഞിട്ട് അരിയും ഉഴുന്നും ആട്ട് കല്ലിൽ അരച്ച് വയ്ക്കണം. പിന്നെ കറിക്ക് ഇടാനുള്ള തേങ്ങ അമ്മിയിൽ അരയ്ക്കണം.

അമ്മേ ഇത്രയും ദിവസം ഞാൻ ഇങ്ങനെ തന്നെ അല്ലെ ചെയ്തെ. ഇന്ന് തൊട്ട് ഞാൻ അത്രേം ഭാരിച്ച ജോലികൾ ചെയ്യണോ. എന്റെ വയറ്റിൽ ഒരാൾ കൂടെ ഇല്ലേ?

അശ്വതി സുലോചനയോട് ചോദിക്കുന്നത് കേട്ട് അജയൻ ഞെട്ടി.

“ഈശ്വരാ… എന്റെ ഭാര്യ ഗർഭിണി ആണോ? എന്നിട്ട് ഇവൾ എന്താ ഇക്കാര്യം എന്നോട് നേരത്തെ പറയാതിരുന്നത്?” അജയൻ സ്വയം ചോദിച്ചു.

ഒരു ഗർഭിണി വന്നേക്കുന്നു… ത്ഫൂ..

സുലോചന നീട്ടി തുപ്പി.

അമ്മയുടെ ആ പ്രതികരണം അജയനെ ഞെട്ടിച്ചു.

നീ ഈ കാര്യം അജയനോട് പറഞ്ഞോ?

ഇല്ല… ഇന്ന് അല്ലെ ഞാൻ തന്നെ ഈ വിവരം അറിയുന്നത്. വൈകുന്നേരം അജയേട്ടൻ വരുമ്പോ പറയണം. ”

അശ്വതി മുഖം താഴ്ത്തി നിന്നു.

നീ ഇക്കാര്യം ആരോടും പറയണ്ട. ഇപ്പോൾ നിങ്ങൾക്കൊരു കുഞ്ഞു വേണ്ട. ആദ്യം എന്റെ അനി മോന് കുട്ടി ആവട്ടെ. അത് കഴിഞ്ഞു ആരതിയുടെ കല്യാണവും അവളുടെ പ്രസവവും കൂടെ കഴിഞ്ഞു മതി നീ പെറുന്നത്. അജയന്റെ നക്കാപിച്ച ശമ്പളം കൊണ്ട് വീട്ട് ചിലവ് തന്നെ കഴിയുന്നില്ല. അപ്പഴാ നീ പെറാൻ പോകുന്നത്. ഇതിന്റെ പേരിൽ നിന്റെ വീട്ടുകാർക്ക് പത്ത് പൈസ തന്ന് സഹായിക്കാൻ കഴിയില്ലല്ലോ.

അതുകൊണ്ട് നാളെ തന്നെ നമുക്ക് ഒരു ഡോക്ടറെ പോയി കണ്ട് ഈ ഗർഭം അലസിപ്പിച്ചു കളയാം. അവനോട് ഇതേ കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്.

സുലോചന മരുമകളെ ഭീഷണി പെടുത്തിയിട്ട് പോയി.

തന്റെ അമ്മ തന്നെയാണോ ഇത്രയും ക്രൂരമായ വാക്കുകൾ പറഞ്ഞിട്ട് പോയതെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയൊക്കെ ബുദ്ധിമുട്ട് തന്റെ വീട്ടിൽ തന്റെ ഭാര്യ സഹിക്കുന്നുണ്ടായിരിന്നു എന്ന് താൻ അറിയാതെ പോയതിൽ അജയന് സങ്കടം തോന്നി. ഒരു വഴക്ക് ഒഴിവാക്കാൻ ആയിരിക്കും അശ്വതിയും ഒന്നും തന്നോട് പറയാതിരുന്നതെന്ന് അവൻ ചിന്തിച്ചു.

തന്റെ കുഞ്ഞിനെ കൊ. ന്ന് കളയാൻ പറഞ്ഞ അമ്മയുള്ള ആ വീട്ടിൽ ഇനി അശ്വതിയെ നിർത്താൻ പാടില്ലെന്ന് ആ നിമിഷം അജയൻ തീരുമാനിച്ചു.

റൂമിന്റെ ജനാല വഴി ഫയൽ എടുത്തു ഓഫീസിൽ പോയ അജയൻ അന്ന് തന്നെ ഓഫീസിന്റെ അടുത്ത് ഒരു വാടക വീട് ശരിയാക്കി.

ഇതേസമയം വൈകുന്നേരം അജയൻ വന്നാൽ താൻ ഗർഭിണി ആണെന്ന വിവരം അവനോട് പറയണമെന്ന തീരുമാനത്തിൽ ആയിരുന്നു അശ്വതി. കുഞ്ഞിനെ കൊ. ന്ന് കളയാൻ അമ്മായി അമ്മ പറഞ്ഞത് മാത്രം സഹിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

അന്ന് പതിവിലും നേരത്തെ അജയൻ വീട്ടിൽ എത്തി. അശ്വതി അവനോട് ഗർഭിണി ആണെന്ന വിവരം പറഞ്ഞതും അവൻ താൻ എല്ലാം അറിഞ്ഞെന്നും ഇനി ഒന്നും പറയേണ്ടെന്നും അവളോട് പറഞ്ഞു. അത് കേട്ടതോടെ അശ്വതി അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

അന്ന് തന്നെ അവൻ തങ്ങളുടെ വസ്ത്രങ്ങൾ മാത്രം എടുത്തു കൊണ്ട് അവിടെ നിന്നിറങ്ങി. അച്ഛന്റെ പെൻഷൻ കൊണ്ട് വീട്ട് ചിലവുകൾ നടത്തണമെന്നും തികഞ്ഞില്ലെങ്കി രണ്ടാമത്തെ മോനോട് വാങ്ങിക്കോ എന്നും ഇനി തന്നിൽ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ടെന്നും അജയൻ കർശനമായി പറഞ്ഞു.

അത് കേട്ടതോടെ സുലോചനയ്ക്ക് മുഖം അടച്ചു അടി കിട്ടിയ പോലെ ആയിപോയി.

ഇതൊക്കെ കണ്ടിട്ടും താൻ പ്രതികരിക്കാതെ ഇരുന്നാൽ അവസാനം തന്റെ ജീവിതം തന്നെ കോഞ്ഞാട്ടയാകുമെന്ന് അജയന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയോട് ക്ഷമിക്കാൻ തയ്യാറാവാതെ അജയൻ വീട് വിട്ട് ഇറങ്ങിയത്.

അങ്ങനെ അശ്വതിക്ക് അവളുടെ പ്രിയപ്പെട്ടവനോടൊപ്പം സമാധാനത്തോടെ അവരുടെ കൊച്ചു സ്വർഗ്ഗത്തിൽ ജീവിക്കാൻ സാധിച്ചു.

✍️ അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *