“താലിക്കെട്ടി കൊണ്ടുവന്ന പെണ്ണിന്റെ ശരീരം മാത്രമാണ് ഭർത്താവിന് സ്വന്തം…
അവളുടെ സ്വർണ്ണത്തിലും സ്വത്തിലുമൊന്നും ഒരധികാരവും ഇല്ല ഒരു ഭർത്താക്കന്മാർക്കും… അതൊക്കെ എന്തു ചെയ്യണം ആർക്കു കൊടുക്കണമെന്നത് പെണ്ണിന്റെ മാത്രം ഇഷ്ടവും താൽപ്പര്യവുമാണ്…
നീ ധൈര്യമായിട്ടാ മാലയും വളയുമൊക്കെ അലമാരിയിൽ നിന്ന് ഇങ്ങെടുത്തു കൊണ്ടു വാ നീനു…. എനിയ്ക്ക് ചെന്നിട്ടിത്തിരിയധികം തിരക്കുണ്ട്… ”
മുഖത്തെ ചിരിയുടെ ഭംഗിയും സംസാരത്തിലെ തമാശയും ഒട്ടും ചോർന്നു പോവാതെ സ്നേഹത്തിൽ തന്നോടാവശ്യപ്പെടുന്ന ഗോപിക ചേച്ചിയെ നോക്കി വിമ്മിഷ്ടപ്പെട്ടൊന്ന് ചിരിച്ചു നീനു….
നീനുവിന്റെ ഭർത്താവ് ഗോപന്റെ ഏക ചേച്ചിയാണ് ഗോപിക…. ആളൊരു വീട്ടമ്മയാണ്… അത്യാവശ്യം നല്ല രീതിയിൽ ആഢംബര ജീവിതം നയിക്കുന്നൊരു വീട്ടമ്മ… ഗോപികയുടെ ഭർത്താവ് അനിൽ ഗൾഫിലാണ്… അതിന്റെ ധാരാളിത്തം നന്നായുണ്ട് ഗോപികയുടെ ജീവിതത്തിലും…
“എന്റെ പൊന്നു നീനു… നീയിത് എന്താലോചിച്ച് നിൽക്കാണ്…ചെന്നത് എടുത്ത് താ… സമയം വൈകിയാൽ പിന്നെ പണയം വെക്കാനും പൈസ എടുക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടാവും കൊച്ചേ… നീ വേഗം ചെന്നത് എടുത്തോണ്ടു വാ….
ആലോചിച്ചുള്ള നീനുവിന്റെ നിൽപ്പ് അരിശം നിറയ്ക്കുന്നുണ്ട് ഗോപികയിൽ…
‘ആലോചിച്ച് നിന്നതല്ല ചേച്ചീ… സ്വർണ്ണം ഞാൻ ചേച്ചിയ്ക്ക് പണയം വെയ്ക്കാൻ തരുന്നത് ഗോപേട്ടനോടും അമ്മയോടും പറയേണ്ടതല്ലേ… അല്ലെങ്കി അവരെന്തു വിജാരിയ്ക്കും…”
ആശങ്കയൊഴിയാത്ത മനസ്സോടെ നീനു വീണ്ടും അവിടെ തന്നെ നിന്ന് ചോദിച്ചതും ക്ഷമക്കെട്ടിരുന്നു ഗോപികയ്ക്ക്…
“എന്റെ അമ്മയും എന്റെ അനിയനുമാണ് നീനു ഈ വീട്ടിലുള്ളത്.. അവരെ എന്റെയത്ര നിനക്കറിയില്ലല്ലോ… നിന്റെ സ്വർണ്ണമല്ല നിന്നെ തന്നെ ഞാനങ്ങ് എടുത്തോണ്ട് പോയാലും അവരെന്നെ ഒന്നും പറയുകയോ ചോദിക്കാൻ വരുകയോ ചെയ്യില്ല..കാരണം അവർക്കത്രയും പ്രിയപ്പെട്ടവളാണ് ഞാൻ… അതുമല്ല നിന്റെയീ പത്തോ പതിനഞ്ചോ പവന്റെ സ്വർണ്ണം കിട്ടീട്ടൊന്നും വേണ്ടല്ലോ എന്റെ അനിയന് ഭാവിയിൽ ജീവിയ്ക്കാൻ…
” അവന്റെ ജോലിയ്ക്കും ഈ കുടുംബത്തിന്റെ അന്തസ്സിനും ചേർന്നൊരു പെണ്ണേ അല്ല നീ… എന്നിട്ടും ഞങ്ങൾ നിന്നെ ഈ വീടിന്റെ മരുമകളായ് സ്വീകരിച്ചത് നിന്നെ മാത്രമേ കെട്ടുള്ളുവെന്ന് എന്റെ അനിയൻ ഒരേ വാശി പിടിച്ചതുകൊണ്ടാണ്…… ഇപ്പോ അവന്റെ നിന്നോടുള്ള കൊതിയും പൂതിയുമൊക്കെ തീർന്നിട്ടുണ്ടാവും…. നിന്നെ വേണ്ട ഇവിടെ കൊണ്ടുചെന്ന് കളഞ്ഞിട്ടുവാന്ന് ഞാനൊന്ന് വെറും വാക്ക് പറഞ്ഞാൽ മതി അവനോടും എന്റെ അമ്മയോടും.. അപ്പോ അനുസരിയ്ക്കും അവരത്… അത്രയ്ക്കും അവർക്ക് പ്രിയപ്പെട്ടതാണ് ഞാനും എന്റെ വാക്കും…
അതു കൊണ്ടവരെ പറ്റിയൊന്നും നീ തല പുണ്ണാക്കാതെ വേഗം ചെന്നാ സ്വർണ്ണം ഇങ്ങെടുത്ത് വാ….
അതുവരെയും നീനുവിനോട് സ്നോഹത്തിൽ പൊതിഞ്ഞു സംസാരിച്ചിരുന്ന ഗോപിക ക്ഷണനേരം കൊണ്ട് തനി സ്വഭാവം കാണിച്ചതും ഒന്നു ഞെട്ടി നീനു… ആ ഞെട്ടലോടെയും നിറഞ്ഞ മിഴികളോടെയും തങ്ങളുടെ ബെഡ് റൂമിൽ ചെന്നാ ആഭരണങ്ങൾ എടുക്കുമ്പോൾ വിറച്ചിരുന്നു നീനുവിന്റെ കൈകൾ….
തന്നെ ഇഷ്ടപ്പെട്ട്, തന്നെ മാത്രം മതിയെന്നു പറഞ്ഞ് ഗോപേട്ടൻ പെണ്ണാലോചിച്ച് വന്നപ്പോൾ തനിയ്ക്കൊരു നല്ല ജീവിതം കിട്ടുമല്ലോന്ന് കരുതി ഏട്ടനും അച്ഛനും നുള്ളി പെറുക്കി സ്വരുക്കൂട്ടി തന്നതാണ് തന്റെയീ പതിനഞ്ചു പവൻ സ്വർണ്ണം… ബാങ്ക് മനേജരാണ് ചെക്കൻ, അപ്പോ ഇത്തിരിയെങ്കിലും പൊന്ന് നമ്മളിട്ടില്ലേൽ നമ്മുടെ കൊച്ചിനാ അതിന്റെ നാണക്കേടെന്നും പറഞ്ഞ്… അതാണിപ്പോൾ പണയം വെയ്ക്കാൻ ഗോപിക ചേച്ചി ചോദിയ്ക്കുന്നത്… കൊടുത്താൽ തിരിച്ചു കിട്ടുന്ന കാര്യം സംശയമാണ് അവരുടെ സ്വഭാവം വെച്ച്… കൊടുക്കാതിരുന്നാൽ അതിനേലും പ്രശ്നമവർ ഇവിടെ താനുമായ് ഉണ്ടാക്കും… അങ്ങനൊരു സ്ത്രീയാണവർ
ഗോപേട്ടൻ തനിയ്ക്ക് നല്ല എന്തു സാധനം വാങ്ങി തന്നാലും അതിനിയൊരു സ്റ്റിക്കർ പൊട്ടാണെങ്കിൽ പോലും തന്റെ അടുക്കൽ നിന്നെടുത്തു കൊണ്ടു പോവും ചേച്ചി… അതും വളരെ നന്നായ് ചിരിച്ചും സംസാരിച്ചും ഒരാൾക്കും ഒന്നും തോന്നാത്ത വിധത്തിൽ… അതൊന്നും പക്ഷെ തനിയ്ക്ക് പ്രശ്നമില്ല…. അതുപോലെയല്ലല്ലോ ആരോടും ചോദിക്കാതെയും പറയാതെയും സ്വർണ്ണം കൊടുക്കുന്നത്….
എന്തു ചെയ്യണം ആരോടു പറയണമെന്നറിയാതെയുഴറി നീനു…
‘നീ സ്വർണ്ണം ഇവിടെന്ന് കുഴിച്ചെടുക്കുകയാണോ..ഇത്രയും അങ്ങട് താമസിക്കാൻ….?
ഒരു ചോദ്യത്തോടെ അവരുടെ ബെഡ്റൂമിലേക്കെത്തിയ ഗോപിക തട്ടിപ്പറിച്ചെന്ന പോലെ നീനുവിന്റെ കയ്യിൽ നിന്നാ ആഭരണപ്പെട്ടി കൈക്കലാക്കി പുറത്തേയ്ക്ക് നടന്നു… പോവും വഴി മേശയ്ക്ക് മുകളിലുണ്ടായിരുന്ന നീനുവിന്റെ രണ്ട് ഹെയർ ക്ലിപ്പു കൂടി കൈക്കലാക്കാൻ മറന്നില്ല ഗോപിക…
ദിവസങ്ങൾ മുന്നോട്ടു നീങ്ങിയൊരു നാൾ ഗോപികയുടെ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിന് ഗോപികയുടെ വീട്ടിലെത്തിയ നീനുവിനെ കണ്ട് അമ്പരന്നു ഗോപിക….
ഭംഗിയായ് ഏതൊരാളും ശ്രദ്ധിയ്ക്കും വിധം അണിഞ്ഞൊരുങ്ങി വന്ന നീനു അണിഞ്ഞിരിയ്ക്കുന്നതെല്ലാം തന്റെ അമ്മയുടെ ആഭരണങ്ങളാണെന്നു കണ്ട ഗോപികയുടെ കണ്ണുകൾ മിഴിഞ്ഞു
അമ്പത്തുപവനിലേറെ ആഭരണങ്ങളുണ്ട് അമ്മയ്ക്ക്… കൂടാതെ പാരമ്പര്യമായ് കൈമാറി വന്നതു വേറെയും.. ഇന്നല്ലെങ്കിൽ നാളെ തനിയ്ക്ക് കിട്ടുമെന്ന് കരുതി ഗോപിക കാത്തിരിക്കുന്ന ആ ആഭരണങ്ങളിൽ ചിലതാണ് നീനു അണിഞ്ഞു വന്നിട്ടുള്ളത്…
ദേഷ്യവും സങ്കടവും ഒരു പോലെ നിറഞ്ഞു ഗോപികയിൽ…
“അമ്മേ…. അമ്മ ഇതെന്തു ഭാവിച്ചാണ് ഈ സ്വർണ്ണമൊക്കെ ഇവൾക്കിടാൻ കൊടുത്തത്… ഞാൻ ഒന്നിടാൻ ചോദിച്ചിട്ടു പോലും അമ്മ എനിയ്ക്കിതൊന്നും തന്നിട്ടില്ലല്ലോ… പിന്നെന്തിനാ ഇവൾക്കിടാൻ കൊടുത്തത്….?
ദേഷ്യം നിറഞ്ഞ ഗോപികയുടെ സംസാരത്തിനൊന്നു ചിരിച്ചുവളുടെ അമ്മ…
“ഇതു ഞാൻ നീനുവിന് ഇടാൻ വേണ്ടി കൊടുത്തതല്ല ഗോപികേ….
അമ്മ പറഞ്ഞതും ചുളിഞ്ഞവളുടെ നെറ്റി
പിന്നെ…..?
ചോദിക്കുമ്പോൾ വെപ്രാളം നിറഞ്ഞിരുന്നവളിൽ….
എന്റെ കയ്യിലുള്ള സ്വർണ്ണമെല്ലാം നീനുവിന് ഞാൻ സ്വന്തമായ് കൊടുത്തതാണ്… അതെല്ലാം ഇനി അവൾക്കാണ്…
അമ്മയുടെ തുറന്നു പറച്ചിലിൽ ഞെട്ടി ഗോപിക…
അതെങ്ങനെ ശരിയാവും അമ്മേ…അമ്മയുടെ സ്വർണ്ണമെല്ലാം എനിയ്ക്ക് അവകാശപ്പെട്ടതല്ലേ…? പിന്നെന്തിനാ അവൾക്കു കൊടുത്തത്…..?
ചോദിക്കുമ്പോൾ ഗോപികയുടെ ശബ്ദം ഉയർന്നതും അവളുടെ ചുണ്ടിൽ തന്റെ ചുണ്ടുവിരലമർത്തി അമ്മ…
ആ കുട്ടിയ്ക്ക് അവളുടെ വീട്ടുക്കാർ നൽകിയ സ്വർണ്ണം ഒരുളുപ്പും ഇല്ലാതെ അതിനെ ഭീഷണിപ്പെടുത്തി വാങ്ങി പണയം വെച്ച നീയാണോടി എന്നോട് അവകാശത്തെ പറ്റി പ്രസംഗിക്കുന്നത്….?
വെട്ടിത്തുറന്നുള്ള അമ്മയുടെ ചോദ്യവും ആ മുഖത്തെ ദേഷ്യവും… ആദ്യമായാണ് അമ്മയിൽ ഇങ്ങനൊരു ഭാവം…
അമ്മയെ നോക്കാൻ ഭയന്നവൾ
“ഞങ്ങളറിഞ്ഞും അറിയാതെയും നീ നീനുവിനോട് ചെയ്യുന്നതും പറയുന്നതുമെല്ലാം അറിഞ്ഞിട്ടും ഞാൻ നിന്നോടതിനെ പറ്റി പറയാത്തതും ചോദിക്കാത്തതും അതു നിന്റെയും കൂടി വീടായതു കൊണ്ടു മാത്രമല്ല എന്റെയൊരു ചോദ്യം നിനക്കു നേരെ അതിനെ പറ്റി വന്നാൽ പിന്നെയുള്ള ചോദ്യങ്ങളെല്ലാം നീനുവിനു വേണ്ടി നിന്നോടു ചോദിയ്ക്കുന്നത് അവളുടെ ഭർത്താവ് അതായത് നിന്റെ അനിയൻ ഗോപനാവും… അതു നീ താങ്ങില്ല… അതു കൊണ്ടു മാത്രമാണ്… നീനുവിനെ വേദനിപ്പിയ്ക്കാൻ നീ ചെയ്യുന്ന ഓരോന്നും എനിയ്ക്കും ഗോപനും അവളോടുള്ള ഇഷ്ടം കൂടാനും നിന്നോടുള്ള വെറുപ്പുകൂട്ടാനും മാത്രമേ സഹായിക്കൂ എന്നോർത്താൽ നിനക്കു തന്നെയാണത് ഗുണം…. മറക്കണ്ട…”
പറയാനുള്ളത് പറഞ്ഞ് ഗോപികയുടെ
അരികിൽ നിന്ന് തിരിഞ്ഞു നടന്ന അമ്മ ഒന്നവളെ നോക്കി
നാളെ ഞാൻ നീനുവിന് കൊടുത്ത ആഭരണങ്ങൾക്കോ അതുമല്ലെങ്കിൽ അവളുടെ കയ്യിലുള്ള വേററന്തെങ്കിലും ആവശ്യപ്പെട്ടോ നീ ആ വീടിന്റെ പടി കയറിയാൽ പിന്നെ ആ വീടും ആ കുട്ടിയ്ക്ക് എഴുതി കൊടുക്കും ഞാൻ… ചെയ്യിക്കരുത് എന്നെക്കൊണ്ടത്…
മറക്കണ്ട…. നിനക്കവിടെ വരാം എന്റെ മകളായിട്ട്…. ഗോപന്റെ ചേച്ചിയായിട്ട്… അത്രമാത്രം….
അമ്മയുടെ വാക്കുകൾ കേട്ട ഞെട്ടലിൽ ആകെ തരിച്ച് നിൽക്കുമ്പോഴും ഗോപികയുടെ നോട്ടം ചെന്നവസാനിച്ചത് നീനുവിന്റെ ശരീരത്തിലെ ആഭരണങ്ങളിലാണ്… ഒരിക്കലും തനിയ്ക്കിനി തിരികെ കിട്ടാത്ത ആഭരണങ്ങളിൽ….
✍️ രജിത ജയൻ
