“ടീച്ചറെ… ഈ ശാരീരിക ബന്ധം ന്ന് വച്ചാൽ എന്താ.. ”
ലഞ്ച് ബ്രേക്ക് കഴിഞ്ഞു ക്ലാസ്സ് തുടങ്ങവേ മൂന്നാം ക്ലാസ്സുകാരൻ ആദിത്യന്റെ ചോദ്യം കേട്ട ക്ലാസ്സ് ടീച്ചർ മീര ആകെ അമ്പരന്നു പോയി.
“മോനെ.. ഇതെന്താ ഈ ചോദിച്ചേ.. ഇതെവിടുന്നാ ഈ വാക്കൊക്കെ പഠിച്ചേ.. ഇതൊക്കെ ബാഡ് വേർഡ്സ് ആണ് കേട്ടോ ഇങ്ങനൊന്നും ആരോടും പറയാൻ പാടില്ല.. ”
അവനെ അരികിലേക്ക് പിടിച്ചു ചേർത്ത് നിർത്തി സ്നേഹത്തിൽ ഒന്ന് ഉപദേശിച്ചു മീര. അവൾക്കൊരു ഞെട്ടലായിരുന്നു ആ കേട്ടത്.
” അതെന്താ അങ്ങിനെ.. ടീച്ചറേ.. ബാഡ് വേഡ് ആണേൽ സജു മാമൻ ഇത് അമ്മയോട് പറഞ്ഞല്ലോ.. അപ്പൊ അമ്മയോട് ബാഡ് ആണോ മാമൻ പറഞ്ഞത് ”
അടുത്ത ചോദ്യം വീണ്ടും മീരയുടെ നെറ്റി ചുളിച്ചു.
“സജു മാമനോ ആരാ അത്. ”
” അത് എന്റെ വീടിന്റെ അപ്പുറത്തെ മാമനാ.. ”
നിഷ്കളങ്കമായ ആ മറുപടി കേൾക്കെ അല്പസമയം മൗനമായി മീര.. അവന്റെ അമ്മ ഈ ചെയ്തത് ഒരു വലിയ തെറ്റ് ആണെന്ന് അവൾ ഓർത്തു. മാത്രമല്ല ഒരു നിമിഷം അവരുടെ സ്വഭാവത്തെ പറ്റി പോലും ചിന്തിച്ചു പോയി അവൾ.
‘ ഒരിക്കലും കുട്ടികൾ കേൾക്കെ ഇത്തരം കാര്യങ്ങൾ പറയാനേ പാടില്ല… ഇത് പറഞ്ഞ് വിലക്കേണ്ട കാര്യമാണ്.’
ഒരു വിധം ആദിത്യനെ പറഞ്ഞ് മനസിലാക്കി ഇനി അവൻ ആരോടും അത് ചോദിക്കില്ല എന്ന ഉറപ്പ് വാങ്ങി മീര.
ആ പീരിയഡ് തീരുമ്പോൾ സ്റ്റാഫ് റൂമിലെത്തിയ അവൾ നേരെ പോയത് സുഹൃത്ത് മായയുടെ അരികിലാണ്.
“മായ ടീച്ചറേ… ഇന്നെന്റെ ക്ലാസിലെ ആദിത്യൻ വന്നൊരു ചോദ്യം ചോദിച്ചു. കേട്ടിട്ട് ഞാൻ തന്നെ വല്ലാണ്ടായി പോയി ”
“എന്താ അത്രക്ക് വലുതായി ആ കുട്ടി.. ചോദിച്ചേ ”
കേട്ടപ്പോൾ മായയ്ക്കും ആകാംഷയായി.
” ടീച്ചറേ. അവൻ ചോദിക്കുവാ ഈ ശാരീരിക ബന്ധം ന്ന് വച്ചാൽ എന്താണെന്ന്… ”
” ങേ.. അങ്ങിനെ ചോദിച്ചോ. അതും മൂന്നാം ക്ലാസിൽ പഠിക്കുന്ന ചെക്കൻ.. ”
മായ ടീച്ചർക്കും അത് അതിശയമായി.
” അതേ ടീച്ചറേ.. അവൻ എന്നോട് വന്ന് ചോദിച്ചതാ. എവിടുന്ന് കിട്ടി ഈ വാക്കെന്ന് ചോദിച്ചപ്പോ പറയുവാ.. വീടിനടുത്തെങ്ങാണ്ടുള്ള സജുമാമൻ അമ്മയോട് സംസാരിച്ചത് കേട്ടതാ ന്ന്… ഇവർക്ക് ഇതൊക്കെ പിള്ളേരു കേൾക്കാത്ത രീതിയിൽ പറഞ്ഞൂടെ.. ”
മീരയുടെ വാക്കുകളിൽ വിയോജിപ്പ് നിറഞ്ഞു.
” പിന്നല്ലാണ്ട്.. അല്ലേലും ഒന്ന് ഓർത്തു നോക്ക്യേ ടീച്ചറെ.. ഇങ്ങനൊക്കെ അടുത്തുള്ളവരുമായി സംസാരിക്കണേൽ അവന്റെ അമ്മയുടെ സ്വഭാവം എങ്ങിനെ ആയിരിക്കും.. കഷ്ടം തന്നെ.. ”
മായയ്ക്കും ദേഷ്യം തോന്നി….
” ഞാൻ എന്തായാലും നാളെ അവന്റെ അമ്മയോട് ഒന്ന് സ്കൂളിൽ വരാൻ പറഞ്ഞേക്കുവാ… ഇങ്ങനുള്ള കാര്യങ്ങൾ കുട്ടികൾ കേൾക്കെ പറയാനോ പ്രവർത്തിക്കാനോ പാടില്ല എന്ന് അവരെ പറഞ്ഞ് മനസിലാക്കിക്കണം.. നാളെ ഇവൻ ഇത് പോലെ ഓരോന്ന് കേട്ട് മറ്റു കുട്ടികളോട് പറഞ്ഞാൽ എന്താകും അവസ്ഥ ”
മീര വളരെ സീരിയസ് ആയി തന്നെ ഈ പ്രശ്നത്തെ കണ്ടു. അവളുടെ തീരുമാനം ശെരിയാണെന്ന് മായയ്ക്കും തോന്നി
പിറ്റേന്ന് അറിയിച്ച പ്രകാരം ആദിത്യന്റെ അമ്മ രേഖ സ്കൂളിൽ എത്തി. മീരയെ കാണാനവർ നേരെ സ്റ്റാഫ് മുറിയിലേക്ക് ആണ് പോയത്.
” ആ ആദിത്യന്റെ അമ്മയാണ് അല്ലെ.. ”
മായയും അവർക്കൊപ്പം ചേർന്നു.
” എന്താ ടീച്ചറേ കാണണം ന്ന് പറഞ്ഞത്. മോൻ എന്തേലും കുരുത്തക്കേട് ഒപ്പിച്ചുവോ. ”
ആ ചോദ്യം കേൾക്കേ മീരയും മായയും ഒന്ന് മുഖാമുഖം നോക്കി.
” കുരുത്തക്കേട് ഒപ്പിച്ചത് മോനല്ല.. നിങ്ങളാണ് അതും അവന്റെ മുന്നിൽ വച്ചിട്ട്… ”
മീരയുടെ മറുപടി കേൾക്കെ രേഖയുടെ നെറ്റി ചുളിഞ്ഞു.
” ഞാനോ.. കുരുത്തക്കേടോ.. എന്ത് കുരുത്തക്കേട് അതും മോന്റെ മുന്നിൽ വച്ച്…. എന്താ ടീച്ചർ ഉദ്ദേശിച്ചത്.”
സംശയത്തോടെ അവർ രണ്ടാളെയും മാറി മാറി നോക്കവേ തലേന്നത്തെ കാര്യം വിശദീകരിച്ചു മീര. രേഖയും ഒന്ന് നടുങ്ങി കേട്ടപ്പോൾ..
” ദൈവമേ… ”
അറിയാതെ മൂക്കത്തു വിരൽ വച്ചു പോയി അവൾ..
” ഇനി ഞെട്ടിയിട്ട് കാര്യമില്ല… ഇതൊക്കെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് കുട്ടികൾ ഇപ്പോ വളരുന്ന പ്രായം അല്ലെ… കേൾക്കുന്നതൊക്കെ അവർ ഓർത്തു വയ്ക്കും പലയിടത്തും പറയും.. നിങ്ങൾ എന്ത് വേണോ പറഞ്ഞോളൂ.. ചെയ്തോളൂ.. പക്ഷെ ഇതൊക്കെ കുട്ടികളുടെ മുന്നിൽ വച്ച് ആകാതെ ശ്രദ്ധിക്കണം… നാളെ അവരുടെ വായിൽ നിന്നും ഇതൊക്കെ പുറത്ത് വന്നാൽ നാണക്കേട് നിങ്ങൾക്ക് തന്നെയാണ്.. ”
അല്പം. അനിഷ്ടത്തോടെയാണ് മായ അത് പറഞ്ഞത് എന്നാൽ ആ കേട്ടത് തെല്ലൊന്ന് വേദനിപ്പിച്ചു രേഖയെ..
” ടീച്ചർ പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായി. പക്ഷെ നിങ്ങൾ കരുതുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ… ഞാനിത് പോലെ കണ്ടവന്മാരോടൊപ്പം ഓരോന്ന് പറഞ്ഞ് നടക്കുന്ന ആളുമല്ല.. ദയവ് ചെയ്ത് ഒന്നും അറിയാതെ മുൻവിധി ഉണ്ടാക്കരുത് ”
അത് പറയുമ്പോൾ അവളുടെ ശബ്ദമിടറി
” ഏയ്.. അങ്ങിനല്ല ഞാൻ ഉദ്ദേശിച്ചേ.. ”
ആ മറുപടി കേൾക്കെ താൻ പറഞ്ഞത് കൂടി പോയോ എന്നൊരു സംശയം മായയിലും ഉടലെടുത്തു.
” ടീച്ചറേ നിങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. കേൾക്കുന്നവർക്ക് ഇങ്ങനൊക്കെയെ തോന്നുള്ളു…. പക്ഷെ നിങ്ങൾ കരുതുന്നത് പോലല്ല കാര്യങ്ങൾ ഞാനും ആദിത്യന്റെ അച്ഛനും രണ്ട് മാസം മുന്നേ സെപ്പറേറ്റഡ് ആയി…. ഇപ്പോ മോനും ഞാനും ഒറ്റയ്ക്ക് ആണ്.”
രേഖ പറയുന്നത് കേൾക്കെ അവളെ തന്നെ നോക്കി നിന്നു മീരയും മായയും.
” ഡിവോഴ്സ് ആയാൽ പിന്നേ പൊതുവെ പെണ്ണുങ്ങൾ നേരിടുന്ന ഒരു പ്രശ്നം ഉണ്ട്… സഹതാപം.. പിന്നേ അതിൽ പിടിച്ചു കയറി മറ്റു പല പല സംസാരങ്ങളും… ഡിവോഴ്സ് ആയ സ്ത്രീകളോട് എന്തും കേറി പറയാം അവർ എന്തോ കിട്ടിക്കൊണ്ടിരുന്നത് നഷ്ടപ്പെട്ട് വല്ലാണ്ട് നിരാശയിൽ നിൽക്കുന്നവരാണ് എന്നൊക്കെയാണ് നാട്ടിലെ ചിലവന്മാരുടെ വിചാരം.. പട്ടികൾ ”
പറഞ്ഞ് നിർത്തുമ്പോൾ പല്ല് ഞെരിച്ചു രേഖ. എന്നാൽ അത്രയും കേട്ടതിൽ നിന്നും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നൊരു ഊഹം മീരയ്ക്കും മായയ്ക്കും ഉണ്ടായി. അവരെ ഒന്ന് നോക്കി തുടർന്നു രേഖ.
” വീടിനയൽക്കാരൻ ആണ് ഈ പറഞ്ഞ സജു. ചേച്ചി ന്ന് വിളിച്ചു നടന്നവനാ.. ഇപ്പോ അവന്റെ പോലും മട്ടുമാറി മോനുമായി പുറത്ത് പോയി വന്നപ്പോ വഴിയിൽ കാത്തുനിന്ന് ചോദിച്ചതാണ് നിങ്ങൾ ഈ പറഞ്ഞ കാര്യം. മോനുള്ളത് കൊണ്ട് അന്നേരം അധികം ഒന്നും പറഞ്ഞില്ല ഞാൻ പക്ഷെ പിന്നീട് കണക്കിന് കൊടുത്തു വീട്ടിൽ ചെന്ന് അവന്റെ രക്ഷകർത്താക്കളുടെ മുന്നിൽ വച്ച് തന്നെ.. അത് പക്ഷെ എന്റെ കൊച്ച് അറിഞ്ഞില്ല .. അതാകും അവൻ പാതി കാര്യം മാത്രം വന്ന് ടീച്ചറോട് ചോദിച്ചത്.. ”
ഒക്കെയും കേട്ട് കഴിയവേ ഉള്ളിൽ ഒരു കുറ്റബോധം തോന്നിപ്പോയി മീരയ്ക്ക്.
” രേഖ ക്ഷമിക്കണം.. ഞങ്ങൾ വ്യക്തമായി അറിയാതെ നിങ്ങളെ തെറ്റിദ്ധരിച്ചു… ഇന്നലെ മോൻ അത് വന്ന് ചോദിക്കുമ്പോ സത്യത്തിൽ ഞാനും ഞെട്ടിപ്പോയി… പക്ഷെ വിഷമിക്കേണ്ട അവൻ ഇനി അത് ആരോടും പറയില്ല ഞാൻ വ്യക്തമായി പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. ”
” സാരമില്ല ടീച്ചറെ.. സത്യത്തിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ മോനെ നിങ്ങൾ ഇത്രമാത്രം കെയർ ചെയ്യുന്നുണ്ടല്ലോ… അവന്റെ വായിൽ നിന്ന് മോശമായ ഒരു കാര്യം കേട്ട ഉടനെ തന്നെ അത് തിരക്കാനും പറഞ്ഞ് തിരുത്തുവാനും നിങ്ങൾ ശ്രമിച്ചല്ലോ.. അതിൽ വലിയ സന്തോഷമുണ്ട് ”
വളരെ സംതൃപ്തിയോടെയാണ് രേഖ അത് പറഞ്ഞത്. പതിയെ പതിയെ അവർ സംസാരിച്ചു പരസ്പരം നല്ല പരിചയമായി. പിന്നീട് ആ വിഷയം തന്നെ മാറി ആദിത്യന്റെ പഠന കാര്യങ്ങളിലേക്ക് കടന്നു. ഒടുവിൽ രേഖ തിരികെ പോകാൻ നേരം ഒരിക്കൽ കൂടി അവളോട് ക്ഷമാപണം നടത്തി മീരയും മായയും. പുഞ്ചിരിയോടെ തന്നെ രേഖ തിരികെ പോയി.
” കഷ്ടമായി പോയി അല്ലെ ടീച്ചറേ… വെറുതേ ഈ പാവത്തിനെ തെറ്റിദ്ധരിച്ചു. ”
മീരയുടെ ഉള്ളിൽ അപ്പോഴും ചെറിയൊരു കുറ്റബോധം ബാക്കിയായി.
” ആ പോട്ടെ ടീച്ചറേ.. ഇപ്പോ കാര്യങ്ങളാണ് അറിഞ്ഞല്ലോ.. ഇനീപ്പോ അതോർത്തു വിഷമിക്കണ്ട.. ”
മറുപടി പറഞ്ഞ് കൊണ്ട് മായ സ്റ്റാഫ് റൂമിലേക്ക് തിരിഞ്ഞു അവൾക്ക് പിന്നാലെ മീരയും.
സ്കൂൾ ഗേറ്റ് കടന്നു പുറത്ത് വന്ന രേഖ ഒരു നിമിഷം ടീച്ചർമാർ പറഞ്ഞത് തന്നെ ഓർത്തു അങ്ങിനെ നിന്നു പോയി.
‘ഭാഗവാനേ.. മോൻ ഇനി ഇത് വേറെ ആരോടും പോയി ചോദിക്കരുതെ..’
അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു അവൾ.. ശേഷം തന്റെ ഫോൺ കയ്യിലെക്കെടുത്ത് ഒരു നമ്പറിലേക്ക് കോൾ ചെയ്തു.
” ടാ ചെറുക്കാ.. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കൊച്ച് കൂടെ ഉള്ളപ്പോ കിന്നാരം പറഞ്ഞോണ്ട് വന്നേക്കരുത് ന്ന്… അപ്പോ കേട്ടില്ല നീ.. ദേ മോൻ ഓരോന്ന് കേട്ടിട്ട് ചെന്ന് ക്ലാസ്സ് ടീച്ചറോട് പറഞ്ഞിട്ട് അവരിപ്പോ എന്നെ വിളിപ്പിച്ചേക്കുന്നു.. മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി. ഒരു വിധം ഓരോന്ന് പറഞ്ഞ് രക്ഷപ്പെട്ട് വന്നതാ.. ഇനി മേലിൽ കൊച്ച് കൂടെ ഉള്ളപ്പോ ഇതുമാതിരി വഷളത്തരവും പറഞ്ഞ് വന്നേക്കരുത്.. വന്നാൽ പിന്നേ അടുപ്പിക്കില്ല നിന്നെ ഞാൻ…കേട്ടല്ലോ.. ഒടുക്കം പാതിരാത്രി വെളുക്കുന്നത് വരെ വീടിനു ചുറ്റും കിടന്ന് വട്ടം കറങ്ങേടി വരും.. വാതിൽ തുറക്കില്ല ഞാൻ…. അവന്റെ ഒരു ചാരിരിക ബന്ധം.. ”
പല്ലിറുമ്മിക്കൊണ്ടാണ് രേഖ പറഞ്ഞ് നിർത്തിയത്. മറു തലയ്ക്കൽ ക്ഷമാപണം തുടങ്ങവേ കലിയിൽ കോൾ കട്ട് ആക്കി അവൾ..
“മനുഷ്യന്റെ ഓരോരോ ഗതികേടുകൾ.. ചെറുക്കൻ എന്തേലും പറഞ്ഞാൽ അവനെ പറഞ്ഞു വിലക്കണം.. അതും കൂടാതെ തള്ളയെ ഉപദേശിക്കാൻ വിളിച്ചേക്കുന്നു…. ഓരോരോ ടീച്ചറ് മാര്.. ”
കലി തുള്ളി പിറു പിറുത്തു കൊണ്ട് രേഖ നടന്നകലുമ്പോൾ സ്റ്റാഫ് മുറിയിൽ അപ്പോഴും അവളുടെ അവസ്ഥയോർത്തു വിഷമിച്ചിരിക്കുകയായിരുന്നു മീര..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
