നിന്റെ ഭാര്യയെ ട്രൈ ചെയ്യാനും മാത്രം ഫ്രോഡ് അല്ല ഞാൻ… പിന്നേ ചതി എനിക്കും ഇഷ്ടമല്ല… അവൾക്ക് അങ്ങനൊരു റിലേഷൻ ഉണ്ട് എങ്കിൽ….

“എന്റെ നീതു…. അവള് പെഴയാടാ… അവൾക്ക് ഞാൻ അറിയാതെ വേറെ സെറ്റപ്പ് ഉണ്ട്.. ”

നീരജ് പറഞ്ഞത് കേൾക്കെ നടുക്കത്തോടെ അവനെ നോക്കിപ്പോയി വിഷ്ണു.

” എടാ.. എന്താ ടാ നീ ഈ പറയുന്നേ… അവള് നിന്റെ ഭാര്യയാണ് അത് മറക്കരുത്.. ഇങ്ങനെ തോന്ന്യവാസം വിളിച്ചു പറയല്ലേ… ”

“തോന്ന്യവാസം ഒന്നും അല്ലടാ… ഞാൻ നേരിട്ട് അറിഞ്ഞതാ.. നീ ഒന്നുടെ ഒഴിച്ചേ… ”

പറഞ്ഞ് നിർത്തി തന്റെ കയ്യിൽ ഇരുന്ന ഒഴിഞ്ഞ ഗ്ലാസ് വിഷ്ണുവിന് നേരെ നീട്ടി നീരജ്.

രണ്ടാളും നല്ല സുഹൃത്തുക്കൾ ആണ്. അന്നൊരു ദിവസം പതിവില്ലാതെ മദ്യവുമെടുത്തു മൊട്ട മലയുടെ മുകളിൽ കൂടാം എന്ന് നീരജ് പറഞ്ഞപ്പോഴേ വിഷ്ണു ഊഹിച്ചു എന്തോ പ്രശ്നം ഉണ്ട് ന്ന്. പക്ഷെ അതിപ്പോ ഇങ്ങനെ ആകും ന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു പെഗ്ഗ് കൂടി അകത്ത് ആക്കവേ കൂടുതൽ ഫോമിലായി നീരജ്.

” ടാ നിനക്ക് അറിയോ… ഞാൻ ഇല്ലാത്തപ്പോൾ അവൾ വീട്ടിൽ വേറൊരുത്തനെ കേറ്റുന്നുണ്ട്… എനിക്ക് അത് മനസ്സിലായി. കുറച്ചു നാളായി അവളുടെ പെരുമാറ്റത്തിൽ മാറ്റം ഉണ്ട്. അത് കണ്ട് സംശയിച്ചു ഒന്ന് അന്വേഷിച്ചപ്പോ ആണ് കാര്യങ്ങൾ മനസിലായത്. ”

” എടാ.. തോന്നലാകും ഇതൊക്കെ… നീ അവളോട് ചോദിച്ചോ. അല്ലേൽ അവള് എന്തേലും പറഞ്ഞോ… ”

വിഷ്ണുവിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല എന്ന് അവന്റെ സംസാരത്തിൽ വ്യക്തമായിരുന്നു.

” അവളോട് ചോദിച്ചില്ല ടാ.. പക്ഷെ എനിക്ക് മനസ്സിലായി… എനിക്ക് അവളുടെ ജാരനെ കണ്ട് പിടിക്കണം എന്നിട്ട് എന്തേലും പറഞ്ഞ് പറ്റിച്ചു ഇവിടെ ഈ കുന്നിന്റെ മണ്ടയ്ക്ക് കൊണ്ട് വരണം…. ഒറ്റ തള്ള്… താഴെ എത്തുമ്പോ അവൻ ശവമാകും… ചോദിച്ചാൽ അടിച്ചു പൂസായി കാല് തെറ്റി വീണെന്ന് പറഞ്ഞാൽ പോരെ.. സിമ്പിൾ… ”

കൂടുതൽ കേൾക്കും തോറും വിഷ്ണുവിന്റെ ഭയം ഇരട്ടിയായി

” എന്റെ പൊന്ന് നീരജെ… കേട്ടിട്ട് എനിക്ക് തന്നെ പേടി ആകുന്നുണ്ട് … നീ ഒന്ന് അടങ്ങ് അങ്ങിനെ ഒന്നും ഉണ്ടാകില്ല ടാ കള്ളും പുറത്ത് നീ ഓരോന്ന് വിളിച്ചു പറയല്ലേ… ”

അത്രയും പറഞ്ഞ് ഒരു പെഗ്ഗ് ഒഴിച്ച് അവനും അകത്താക്കി. എന്നാൽ അടങ്ങാൻ തയ്യാറല്ലായിരുന്നു നീരജ്.

” വിഷ്ണു.. നീ അവളോട് സംസാരിച്ചിട്ടില്ലേ… ഒരു കുഴച്ചിൽ ആവൾക്ക് എല്ലാരോടും ഉണ്ട്…. നീ കുറച്ചു അടുത്ത് ഇടപെഴകിയാൽ നിന്നോടും അവളത് കാണിക്കും.. അവളെങ്ങനെയാ ടാ.. അതാ ഞാൻ പറഞ്ഞെ പെഴയാണ് എന്ന് സംശയം ഉണ്ടേൽ നീ ഒന്ന് ട്രൈ ചെയ്ത് നോക്ക് അവളെ.. അപ്പോ മനസിലാകും..”

ഇത്തവണ മൗനമായില്ല വിഷ്ണു. കലിയോടെ നീരജിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു അവൻ.

” ടാ പന്നെ… കുടിച്ചാൽ വയറ്റിൽ കിടക്കണം… നിന്റെ ഭാര്യയെ ട്രൈ ചെയ്യാനും മാത്രം ഫ്രോഡ് അല്ല ഞാൻ… പിന്നേ ചതി എനിക്കും ഇഷ്ടമല്ല… അവൾക്ക് അങ്ങനൊരു റിലേഷൻ ഉണ്ട് എങ്കിൽ.. നിനക്ക് ഉറപ്പ് ആണേൽ അത് ആരെന്ന് നമുക്ക് കണ്ട് പിടിക്കാം… എന്നിട്ട് നീ പറയുന്ന പോലെ ഇവിടിട്ട് തൂക്കാം അവനെ… ഞാൻ ഉണ്ട് നിനക്ക് ഒപ്പം ”
ആ വാക്കുകൾ കേൾക്കെ അല്പസമയം അവന്റെ മുഖത്തേക്ക് നോക്കി നിന്നു നീരജ്…

” എടാ.. നമ്മൾ രണ്ടാഴ്ച മുന്നേ എല്ലാരും കൂടെ ഒന്ന് കൂടിയത് ഓർമ ഇല്ലേ.. അന്ന് ഞാൻ അടിച്ചു പൂസായി അജിത്തിന്റെ വീട്ടിൽ കിടന്ന് ഉറങ്ങി പോയത്…. അന്നത്തെ ദിവസം ആണ് അവൾ മറ്റവനെ വിളിച്ചു എന്റെ വീട്ടിൽ കയറ്റിയത്… ”

ആ പറഞ്ഞത് കേൾക്കേ സംശയത്തോടെ ഒരു നിമിഷം ചിന്തയിലാണ്ടു വിഷ്ണു അപ്പോഴേക്കും ഒരു പെഗ്ഗ് കൂടി അകത്താക്കി നീരജ്.

” എടാ… നിനക്ക് ഉറപ്പ് ആണോ അങ്ങിനെ ഒരാളുണ്ട് എന്ന്.. എനിക്കെന്തോ.. ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.. നീതു അത്രക്ക് നല്ല പെരുമാറ്റം ഒക്കെ ആണെടാ നമ്മളോട് ഒക്കെ.. ഒരു സഹോദരനെ പോലെയൊക്കെയാണ് കാണുന്നതും പെരുമാറുന്നതും…”

വീണ്ടും സംശയത്തോടെ തന്നെ നോക്കി വിഷ്ണു.

” ആണോ… നല്ല സ്വഭാവം ആണോ… സഹോദരനെ പോലെ ആണോ പെരുമാറുന്നത്… എന്നിട്ടും പിന്നെന്തിനാടാ പന്ന കഴുവേറി നീ അവളോട് പോക്രിത്തരം കാണിച്ചത്…. ”

ഇത്തവണ നീരജിന്റെ ഒച്ചയൊന്ന് ഉയർന്നു. ആ പറഞ്ഞത് കേൾക്കെ നടുങ്ങി തരിച്ചു പോയി വിഷ്ണു.

” പോ… പോക്രിത്തരമോ.. ഞാ… ഞാനോ.. ടാ അവള് വെറുതെ.. അങ്ങിനൊന്നും ഉണ്ടായിട്ടില്ല അ… അതൊക്കെ ചുമ്മാതെയാ…”

അവന്റെ പരുങ്ങലും പതർച്ചയും കണ്ട് പതിയെ നീരജിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു.

” എങ്ങിനൊന്നും ഉണ്ടായിട്ടില്ല…. എന്ത് ചുമ്മാതെയാന്ന്.. നീ എന്തിനാ വിഷ്ണു പതറുന്നത് മാത്രല്ല.. ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ.. ഇതിപ്പോ ഞാൻ പറയാത്ത കാര്യത്തിനുള്ള മറുപടി നീ ഇങ്ങട് പറയുവല്ലേ…”

പണി പാളിയത് മനസിലാക്കി വിഷ്ണു വേഗത്തിൽ ഒരു ഉപായവും കണ്ടെത്തി….

” അ.. അല്ല ടാ.. അവളെന്തേലും പറഞ്ഞ് കാണില്ലേ.. അതല്ലേ നീ… ”
പരമാവധി ഉരുണ്ടു മറിയുമ്പോൾ അവന്റെ നെറ്റിയിൽ വിയർപ്പ് കിനിഞ്ഞു. എന്നാൽ ചിരിച്ചു നിന്നിരുന്ന നീരജിന്റെ മുഖം പെട്ടെന്ന് കുറുകി.

” എടാ പന്ന കോപ്പേ… ഒരു കൂടപ്പിറപ്പിനെ പോലല്ലേ ഞാൻ നിന്നെ കണ്ടിട്ടുള്ളത്.. അവളും അങ്ങിനല്ലാരുന്നോ… ആ അവളോട് അല്ലേടാ നീ.. എന്റെ ബോധം മറഞ്ഞ ആ ദിവസം പാതി ബോധത്തിൽ നീ എന്റെ വീട്ടിൽ ചെന്ന് കേറിയതും എന്റെ നീതുവിനെ….. പറഞ്ഞെടാ അവളെല്ലാം എന്നോട്.. ഉള്ളു പിടയുന്ന വേദനയിൽ എല്ലാം പറഞ്ഞു …. നീ എന്ത് കരുതി നിന്റെ ഭീക്ഷണിയിൽ പേടിച്ചു അവളെന്നോട് ഒന്നും പറയില്ലെന്നോ.. നിന്റെ ഭാഗത്തൂന്ന് അങ്ങനൊരു മോശം അനുഭവം ഉണ്ടായ ഷോക്കിലായിരുന്നു പാവം.അതൊന്ന് ഓക്കേ ആയപ്പോൾ നടന്ന കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞ് ”

ഇത്തവണ മൊത്തത്തിൽ പതറി പോയി വിഷ്ണു.

” ടാ… എ..എന്തൊക്കെയാ നീ ഈ പറയുന്നേ.. ചുമ്മാതാണ്… ”

എന്നാൽ ആ നിമിഷം അടങ്ങാത്ത കലിയിൽ അവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു നീരജ്

” അഭിനയിക്കല്ലേ വിഷ്ണു… കുറെ നേരമായി ഞാനത് കാണുന്നു. ഇനി മതി. അമ്മയ്ക്ക് വയ്യാതായതിൽ പിന്നേ ഇടക്കിടക്ക് തല കറങ്ങി വീഴുന്നത് കൊണ്ട് ജോലിക്കിടയിലും ഞങ്ങൾക്ക് രണ്ട് പേർക്കും ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി ഞാൻ വീടിന്റെ അകത്തെ ഹാളിൽ ക്യാമറ വച്ചിട്ടുണ്ടെടാ കോപ്പേ.. നീ അത് അറിഞ്ഞില്ലാരുന്നു… നീതു എല്ലാം പറഞ്ഞതിന് ശേഷം ഒരു വട്ടം അന്നത്തെ വീഡിയോസ് ഒന്ന് നോക്കി ഞാൻ… ”

ഇത്തവണ താൻ പൂർണ്ണമായും പെട്ടുവെന്ന് മനസിലായി വിഷ്ണുവിന്.

” ടാ… അത്.. ക്ഷമിക്കെടാ.. കള്ളിന്റെ പുറത്ത് പറ്റിപ്പോയതാ ടാ.. നിന്നോട് എങ്ങിനാ ഞാൻ ഇത് പറയുക… ഇത്രേം നാളും ആ വിഷമത്തിലും കുറ്റബോധത്തിലുമായിരുന്നെടാ ”

കെഞ്ചി അവൻ…

” കള്ളിന്റെ പുറത്തോ.. ഇതേ കള്ളിന്റെ തന്നെ പുറത്ത് നിനക്ക് നിന്റെ അമ്മയെ അമ്മയായി തന്നെ കാണാൻ പറ്റിയില്ലേ.. പിന്നേ എന്റെ നീതുവിനെ മാത്രമെന്താ ടാ… ”

അത്രയും പറഞ്ഞ് കൊണ്ട് അടങ്ങാത്ത കലിയോടെ വിഷ്ണുവിനെ ആഞ്ഞു തള്ളി നീരജ്. ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നത് കൊണ്ട് തന്നെ അവന്റെ അടി തെറ്റി. കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് വീണു പോയി..
വെപ്രാളത്തിൽ ഒരു മരക്കുറ്റിയിൽ പിടിച്ചു നിന്ന വിഷ്ണു ഭയത്താൽ ഉച്ചത്തിൽ വിളിച്ചു കൂവി..

” ടാ നീരജേ .. ക്ഷമിക്കെടാ.. പറ്റിപ്പോയി എനിക്ക്. നീതുവിന്റെ കാല് പിടിക്കാമെടാ..ഞാൻ.. എന്നെ ഒന്ന് രക്ഷിക്ക് ടാ ”

ജീവന് വേണ്ടി കേഴുകയായിരുന്നു അവനപ്പോൾ പക്ഷെ മൗനമായി നോക്കി നിന്നതേ ഉള്ളു നീരജ്. അവന്റെ ഉള്ളിലെ രോഷം അത്രമേലായിരുന്നു. അധിക സമയം പിടിച്ചു നിൽക്കുവാൻ വിഷ്ണുവിനും കഴിഞ്ഞില്ല.. പിടി വിട്ട് അലറി കരഞ്ഞവൻ താഴേക്ക് പോകുമ്പോൾ അടങ്ങാത്ത പ്രതികാര ദാഹത്തിൽ അങ്ങിനെ നോക്കി നിന്നു നീരജ്.

‘ മൊട്ട മലയിൽ അപകട മരണം. സമീപവാസിയായ വിഷ്ണുവാണ് മരണപ്പെട്ടത്. മദ്യപിക്കുവാൻ സുഹൃത്തുമായി മലയുടെ മുകളിൽ കയറിയ വിഷ്ണു. മദ്യലഹരിയിൽ തന്നെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരിരുന്ന സുഹൃത്ത്‌ വിളിച്ചറിയിച്ച പ്രകാരം പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കൂടെ മദ്യപിക്കുവാൻ ഉണ്ടായിരുന്ന സുഹൃത്ത്‌ നീരജിനെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും കാര്യങ്ങൾ ചോദിച്ചറിഞ്ഞു ജാമ്യത്തിൽ വിട്ടു. മല മുകളിലെ മദ്യപാനം അപകടം വിളിച്ചു വരുത്തുന്ന സാഹചര്യത്തിൽ മുകളിലേക്കുള്ള പ്രവേശനം തത്കാലികമായി നിരോധിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. ‘

ചാനലിൽ ആ വാർത്ത കാണുമ്പോൾ നീരജിന്റെ ചുമലിൽ ചാഞ്ഞു കിടന്നിരുന്നു നീതു.

” നീതു… ഇപ്പോ നീ ആഗ്രഹിച്ചത് ഇതല്ലെ…. ”

ആ ചോദ്യം കേൾക്കെ പതിയെ നിവർന്നു നീതു

” ഒരാളുടെ മരണത്തിൽ ഒരിക്കലും സന്തോഷിക്കാൻ പാടില്ല ന്ന് ആണ്. പക്ഷെ ഈ മരണം അതെനിക്ക് സന്തോഷവും ആശ്വാസവും ആണ്. കാരണം അവന്റെ കാമ വെറിക്ക് മുന്നിൽ എന്റെ ശരീരമല്ല… മനസ്സ് ആണ് തോറ്റു പോയത് ”

അത് പറയുമ്പോൾ നീതുവിന്റെ മിഴികളിൽ അഗ്നിയെരിഞ്ഞു. അവളെ വീണ്ടും ചേർത്ത് പിടിക്കുമ്പോൾ അറിയാതെ ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ തോന്നാത്തിരുന്നില്ല നീരജിന്.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *