രേഷ്മയുമായുള്ള ബന്ധം തുടങ്ങിയതിൽ പിന്നെ അവൾക്ക് മനസ്സിലായി, മഹേഷിന് ഈ വീടും കുഞ്ഞും ഒരു ഭാരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്….

“മഹിയേട്ടാ ഇന്നല്ലേ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടത്?? നേരത്തെ വരുമോ??”
​ചിത്ര ചോദിക്കുമ്പോൾ മഹേഷ് അവളെ ഒന്ന് നോക്കിയത് പോലുമില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി ഒതുക്കുന്നതിനിടയിൽ വളരെ ലാഘവത്തോടെ അവൻ മറുപടി പറഞ്ഞു: “എനിക്കിന്ന് കുറെ തിരക്കുണ്ട്, ചിത്രെ നീ മറ്റാരെയെങ്കിലും വിളിച്ച് അവളെ കൊണ്ടുപോകാൻ നോക്ക്!!”

​അത്രയും പറഞ്ഞ് ഒരു നോട്ടം പോലും അവൾക്ക് നൽകാതെ മഹേഷ് ഇറങ്ങിപ്പോയി. അവൻ പടിയിറങ്ങുന്നത് നോക്കി നിന്ന ചിത്രയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഇങ്ങനെ ഒന്നും ആയിരുന്നില്ല മഹേഷ്. കല്യാണം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ തനിക്കും കുഞ്ഞിനും വേണ്ടി അവന്റെ മുഴുവൻ സമയവും അവൻ മാറ്റിവയ്ക്കാറുണ്ടായിരുന്നു. ഓഫീസിൽ നിന്ന് എത്രയും വേഗം വീട്ടിലെത്താൻ വെമ്പൽ കാണിച്ചിരുന്ന ആ പഴയ മഹേഷിന്റെ സ്വഭാവം ആകെ മാറി.. ചിത്രയ്ക്ക് അതുകണ്ട് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു.

ചിത്രയുടെ സങ്കടത്തിന്റെ കാരണം മഹേഷിന്റെ മാറ്റത്തിന്റെ കാരണം അവൾക്ക് അറിയാം എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സങ്കടം. മുമ്പ് വൈകുന്നേരം കൃത്യസമയത്ത് വന്നിരുന്ന മഹേഷ് ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ വരുന്നത് പാതിരാത്രിക്കാണ്.

വരുന്നതാകട്ടെ മദ്യപിച്ച് ലക്കുകെട്ട് നാലു കാലിലും. കഴിഞ്ഞയാഴ്ച അവൻ ബോധമില്ലാതെ കിടന്നപ്പോൾ വെറുതെ അവന്റെ ഫോൺ ഒന്ന് എടുത്ത് പരിശോധിച്ചതാണ് ചിത്ര. അപ്പോഴാണ് തന്റെ സമാധാനം കെടുത്തിയ ആ സത്യം അവൾ തിരിച്ചറിഞ്ഞത്. അവന്റെ ഓഫീസിലെ എച്ച്ആർ വിഭാഗത്തിലുള്ള രേഷ്മയും മഹേഷും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തെളിവുകൾ ആ ഫോണിലുണ്ടായിരുന്നു. അവർ തമ്മിലുള്ള സംസാരങ്ങളും ചാറ്റുകളും കണ്ടപ്പോൾ ചിത്രയുടെ ഉള്ളൊന്ന് പിടഞ്ഞു.

​അതിനെക്കുറിച്ച് മഹേഷിനോട് ചോദിക്കാൻ പോലും അവൾക്ക് ഭയമായിരുന്നു. തന്നെയും ഓട്ടിസം ബാധിച്ച കുഞ്ഞിനെയും അവൻ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയാൽ താൻ എങ്ങോട്ട് പോകും എന്നുള്ള ആധി അവളെ വല്ലാതെ അലട്ടി. മഹേഷിന്റെയും തന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി.

കാത്തിരിപ്പിനൊടുവിൽ രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അവർക്ക് ഒരു മോളുണ്ടായത്. മകൾ ജനിച്ച് കുറച്ചു മാസങ്ങൾ കഴിഞ്ഞിട്ടും അവൾ മറ്റുള്ള കുട്ടികളെ പോലെ പ്രതികരിക്കുകയോ ചിരിക്കുകയോ ചെയ്യാത്തത് കണ്ടപ്പോഴാണ് അവർ ആശങ്കയിലായത്. ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോഴാണ് കുഞ്ഞിന് ഓട്ടിസം ആണെന്ന വിവരം അറിയുന്നത്. ആകെ തകർന്നുപോയ നിമിഷങ്ങളായിരുന്നു അത്. ലോകം മുഴുവൻ തനിക്ക് ചുറ്റും ഇരുളടയുന്നതായി ചിത്രയ്ക്ക് തോന്നി. എന്നാൽ അന്ന് മഹേഷ് അവളെ ചേർത്തു പിടിച്ചു.

​”എന്തുതന്നെയായാലും നമ്മുടെ കുഞ്ഞല്ലേ ചിത്രേ… നമുക്ക് അവളെ പൊന്നുപോലെ നോക്കാം,” എന്നായിരുന്നു മഹേഷ് അന്ന് ആശ്വസിപ്പിച്ചത്. മറ്റൊരു കുഞ്ഞ് ഇനി വേണ്ട എന്ന് അവർ തീരുമാനിച്ചതും ഈ കുഞ്ഞിന് തങ്ങളുടെ മുഴുവൻ സ്നേഹവും സംരക്ഷണവും കിട്ടണം എന്ന് ആഗ്രഹിച്ചത് കൊണ്ടാണ്.
മഹേഷിനും അത് വലിയ കാര്യമായിരുന്നു.

അവന്റെ ആ വാക്കുകളിലും ധൈര്യത്തിലുമാണ് ചിത്ര ഇതുവരെ ജീവിച്ചത്. എന്നാൽ കുറച്ചു മാസങ്ങളായി മഹേഷിൽ വന്ന മാറ്റങ്ങൾ അവളെ തളർത്തുകയാണ്.

​രേഷ്മയുമായുള്ള ബന്ധം തുടങ്ങിയതിൽ പിന്നെ അവൾക്ക് മനസ്സിലായി, മഹേഷിന് ഈ വീടും കുഞ്ഞും ഒരു ഭാരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്. രേഷ്മയോട് കൂടുതൽ അടുക്കുമ്പോൾ മഹേഷിന്റെ ശ്രദ്ധ മകളിൽ നിന്നും ചിത്രയിൽ നിന്നും പൂർണ്ണമായും അകന്നു. കുഞ്ഞിന്റെ മരുന്നിന്റെ കാര്യത്തിലോ ഡോക്ടറെ കാണിക്കുന്ന കാര്യത്തിലോ അവന് മുൻപത്തെ താല്പര്യമില്ലാതായി.

​സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വച്ചാൽ അവിടെ ആരും ചിത്രയെ കാത്തിരിക്കാനില്ല. അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. തന്റെ കല്യാണം കഴിഞ്ഞ് വെറും ആറുമാസം കഴിഞ്ഞപ്പോഴാണ് അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചത്. അത് അമ്മയ്ക്ക് താങ്ങാവുന്നതിലും വലിയ ഷോക്ക് ആയിരുന്നു. അതിനു ശേഷം അമ്മ എപ്പോഴും അസുഖ ബാധിതയായിരുന്നു.

അച്ഛൻ മരിച്ച് ഒരു വർഷം തികഞ്ഞപ്പോൾ അമ്മയും ഈ ലോകം വിട്ടു പോയി. അതോടെ ചിത്രയുടെ ഏക ആശ്രയം നഷ്ടപ്പെട്ടു. ഇപ്പോൾ ഉള്ളത് ഒരു ചേട്ടനാണ്. പക്ഷേ അങ്ങോട്ടേക്ക് പോകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും അവൾക്ക് സാധിക്കില്ല. വല്ലപ്പോഴും അവിടെ ചെന്ന് രണ്ട് ദിവസം നിൽക്കുമ്പോൾ തന്നെ ചേട്ടന്റെ ഭാര്യയുടെ മുഖം ചുളിയും. “ഇനി എന്നാണ് പോവുന്നത്?” എന്ന് ചോദിക്കാതെ ചോദിക്കുന്ന ആ നോട്ടം സഹിക്കാൻ ചിത്രയ്ക്ക് കഴിയുമായിരുന്നില്ല.

​”മഹിയേട്ടൻ ഉണ്ടല്ലോ, ഞങ്ങൾക്ക് ഇവിടെ സ്വന്തമായി ഫ്ലാറ്റ് ഉണ്ടല്ലോ” എന്നുള്ള സമാധാനത്തിലാണ് ഇത്രയും നാൾ അവൾ പിടിച്ചുനിന്നത്. എന്നാൽ ഇപ്പോൾ മഹേഷും തന്നെ കൈ വിടുമോ എന്ന ഭയം അവളെ വിട്ടു മാറുന്നുണ്ടായിരുന്നില്ല..

 

മഹേഷേട്ടനെയും കുറ്റം പറയാൻ പറ്റില്ല… സന്തോഷിക്കാൻ ഒന്നുമില്ലാത്ത ഈ ജീവിതം ആൾക്ക് മടുത്തു കാണും…
​അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന അവൾ തളർച്ചയോടെ കുഞ്ഞിന്റെ അരികിൽ പോയി ഇരുന്നു. കുഞ്ഞ് അവളുടെ ലോകത്ത് എന്തൊക്കെയോ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുകയാണ്. അമ്മയുടെ സങ്കടം അറിയാനുള്ള കഴിവ് പോലും ആ കുഞ്ഞിനില്ലല്ലോ എന്നോർത്തപ്പോൾ ചിത്രയുടെ നെഞ്ച് പിടഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ അപ്പുറത്തെ ഫ്ലാറ്റിലെ ഗീത ചേച്ചിയെ വിളിച്ച് ചിത്ര അന്ന് കുഞ്ഞിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.

​കുഞ്ഞിന് ജനിച്ച സമയം മുതൽ തന്നെ നേരിയ ശ്വാസതടസ്സം ഉണ്ടായിരുന്നു. ഇൻഹേലറും കൃത്യമായ മരുന്നുകളും ഉപയോഗിച്ചാണ് അത് നിയന്ത്രിച്ചു പോന്നിരുന്നത്. ഇപ്പോൾ തണുപ്പുകാലമായതുകൊണ്ട് അസുഖം കുറച്ച് കൂടുതലായിരുന്നു.

അതുകൊണ്ടാണ് ഡോക്ടർ ഇടയ്ക്കിടയ്ക്ക് വരാൻ പറഞ്ഞത്. കഴിഞ്ഞ തവണ കൊണ്ടുപോയപ്പോഴും മഹേഷ് വരാമെന്ന് ഏറ്റിട്ട് വന്നില്ല. ഇന്നും അത് തന്നെ ആവർത്തിച്ചു. ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ഗീത ചേച്ചി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. “ചിത്രേ, നീ വിഷമിക്കണ്ട… പുരുഷന്മാർക്ക് പല പ്രശ്നങ്ങളും ഉണ്ടാകും അതുകൊണ്ട് ആവും മഹേഷ് അങ്ങനെയെല്ലാം പെരുമാറുന്നത്.., എല്ലാം ശരിയാകും,” എന്ന് ചേച്ചി പറഞ്ഞപ്പോൾ ചിത്ര ഒന്നും മിണ്ടിയില്ല. എല്ലാം ശരിയാകുമെന്ന് വിശ്വസിക്കാൻ അവൾ ആഗ്രഹിച്ചു.

​പക്ഷേ വിധി മറ്റൊന്നായിരുന്നു… മഹേഷ് ഇപ്പോൾ രാത്രിയിലും വീട്ടിലേക്ക് വരാറില്ല.. അവനോട് എന്തെങ്കിലും എതിർത്ത് പറയാൻ പോലും ചിത്രയ്ക്ക് പേടിയായി തുടങ്ങി ഒരു ദിവസം മഹേഷ് ഇല്ലാത്ത രാത്രിയിൽ കുഞ്ഞിന് കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട് ചിത്ര ആകെ പരിഭ്രാന്തയായി. മഹേഷ് ഇപ്പോൾ എവിടെ ഉണ്ടാകും എന്ന ചിത്രക്ക് അറിയാമായിരുന്നു..

അവൾ മഹേഷിനെ ഫോണിൽ വിളിച്ചു. ഒരിക്കലല്ല, പലതവണ വിളിച്ചു. പക്ഷേ മഹേഷ് ഫോൺ എടുത്തില്ല. ആ സമയത്ത് അവൻ രേഷ്മയോടൊപ്പം തന്റെ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു. തന്റെ കുഞ്ഞ് മരണത്തോട് മല്ലിടുകയാണെന്ന് അവൻ അറിഞ്ഞില്ല.

​ഫ്ലാറ്റിലെ മറ്റുള്ളവരുടെ സഹായത്തോടെ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. ശ്വാസകോശത്തിൽ അണുബാധ കൂടി ശ്വാസം കിട്ടാതെ ആ പാവം കുഞ്ഞ് ഈ ലോകം വിട്ടുപോയി. കുഞ്ഞിന്റെ മൃതദേഹത്തിന് മുന്നിൽ തകർന്നിരുന്ന ചിത്രയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവരമറിഞ്ഞ് വൈകി എത്തിയ മഹേഷ് താൻ ചെയ്ത തെറ്റ് ഓർത്ത് പൊട്ടിക്കരഞ്ഞു. സ്വന്തം സുഖത്തിന് പിന്നാലെ പോയപ്പോൾ സ്വന്തം രക്തം നഷ്ടപ്പെട്ടത് അവൻ വൈകിയാണ് തിരിച്ചറിഞ്ഞത്.

​ചിത്ര അവനോട് സംസാരിക്കാനോ അവനെ നോക്കാനോ കൂട്ടാക്കിയില്ല. മഹേഷിന്റെ ഉള്ളിലെ കുറ്റബോധം അവനെ വേട്ടയാടാൻ തുടങ്ങി. അവൻ അവളോട് ക്ഷമ ചോദിച്ചു, കാലു പിടിച്ചു. പക്ഷേ ചിത്രയുടെ മനസ്സ് കല്ലുപോലെ ഉറച്ചിരുന്നു. തന്റെയും കുഞ്ഞിന്റെയും അവസ്ഥ അറിഞ്ഞിട്ടും, തങ്ങളെ അവഗണിച്ച് മറ്റൊരു പെണ്ണിന്റെ കൂടെ സമയം കളയാൻ പോയ അവനോട് ക്ഷമിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ അവൾ തന്റെ തീരുമാനമെടുത്തു.

​പഴയ അലമാരയിൽ നിന്ന് തന്റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും കുറച്ചു വസ്ത്രങ്ങളും എടുത്തു കൊണ്ട് അവൾ ആ വീട്ടിൽ നിന്ന് ഇറങ്ങി. മഹേഷ് തടയാൻ ശ്രമിച്ചെങ്കിലും അവൾ ഒരു വാക്ക് പോലും മിണ്ടാതെ പടിയിറങ്ങി. ഗീത ചേച്ചിയായിരുന്നു അവൾക്ക് തണലായത്. ചേച്ചി ജോലി ചെയ്യുന്ന ബാങ്കിന് അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ചിത്രയ്ക്ക് ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലി ശരിയാക്കി കൊടുത്തു. ഒറ്റയ്ക്ക് ജീവിക്കാൻ ആ വരുമാനം ധാരാളമായിരുന്നു. താമസിക്കാൻ അടുത്തുള്ള ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലും അവൾ കണ്ടെത്തി.

​ചിത്ര പോയതോടെ മഹേഷിന്റെ ജീവിതം നരകതുല്യമായി. അവൻ ഓഫീസിൽ പോകുന്നത് നിർത്തി. രേഷ്മ പലതവണ അവനെ വിളിച്ചെങ്കിലും അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. താൻ കാരണം നഷ്ടപ്പെട്ട മകളെ ഓർത്ത് അവൻ രാപ്പകൽ നീറി. കുഞ്ഞ് അവനെ “അച്ഛാ” എന്ന് വിളിക്കുന്നത് പോലെ അവന് തോന്നി. ഒടുവിൽ ആ ഒറ്റപ്പെടലിൽ അവന് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. അവൻ ചിത്രയെ തിരഞ്ഞു ചെന്നു. ഹോസ്റ്റലിന് മുന്നിൽ വച്ച് അവളുടെ കാലുപിടിച്ച് കരഞ്ഞു. “ചിത്രേ, എനിക്ക് തെറ്റുപറ്റിപ്പോയി… നീ കൂടെയില്ലെങ്കിൽ ഞാൻ ചത്തുപോകും,” എന്ന് അവൻ വിലപിച്ചു. പക്ഷേ തന്റെ മകളെ ഇല്ലാതാക്കിയവനോട് ക്ഷമിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.
​അന്ന് അവിടെ നിന്ന് മനംനൊന്ത് മടങ്ങിയ മഹേഷിന്റെ വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ചു. അപകടം ഗുരുതരമായിരുന്നു.

വിവരമറിഞ്ഞപ്പോൾ അവിടെ നിൽക്കാൻ ചിത്രയ്ക്ക് തോന്നിയില്ല. അവൾ ഹോസ്പിറ്റലിലേക്ക് ഓടി. ഐസിയുവിന് മുന്നിലിരുന്ന് അവൾ പഴയ കാര്യങ്ങൾ ഓർത്തു. ഒടുവിൽ മഹേഷിന് ബോധം വന്നപ്പോൾ അവൻ കണ്ണുതുറന്ന് അവളെ നോക്കി. അവന്റെ കണ്ണുകളിൽ നിറയെ പശ്ചാത്താപമായിരുന്നു. അവൻ അവളോട് ആംഗ്യത്തിലൂടെ മാപ്പ് ചോദിച്ചു. പക്ഷേ ആ നിമിഷം തന്നെ അവൻ ഈ ലോകത്തോടും അവളോടും യാത്ര പറഞ്ഞു.

​ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട ചിത്ര വീണ്ടും തനിച്ചായി. പക്ഷേ അവൾ തളർന്നു പോയില്ല. തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെയാണ് അവൾ ഒരു ഓർഫനേജിൽ എത്തിച്ചേരുന്നത്. അവിടെയുള്ള ഓരോ കുഞ്ഞിന്റെ മുഖത്തും അവൾ കണ്ടത് തന്റെ മകളെയായിരുന്നു. തന്റെ മകൾക്ക് നൽകാൻ കരുതിവെച്ച സ്നേഹം മുഴുവൻ അവൾ ആ കുട്ടികൾക്ക് നൽകി. അവർക്ക് ഭക്ഷണം നൽകിയും അവരോടൊപ്പം കളിച്ചും സമയം ചിലവഴിച്ചപ്പോൾ ചിത്രയുടെ മനസ്സിൽ വല്ലാത്തൊരു സമാധാനം നിറഞ്ഞു.

​”ഒരുപക്ഷേ ഇത്രയും കുട്ടികളുടെ അമ്മയാവാൻ ആവാം ദൈവം എനിക്ക് ഇങ്ങനെയെല്ലാം വിധി തന്നത്,” എന്ന് അവൾ സമാധാനിച്ചു. ഇന്ന് ആ അനാഥാലയത്തിലെ കുട്ടികൾക്ക് അവൾ കേവലം ഒരു നഴ്സോ ജോലിക്കാരിയോ അല്ല, അവരുടെ സ്വന്തം അമ്മയാണ്. നഷ്ടപ്പെട്ട സ്നേഹം അവരിലൂടെ തിരികെ കിട്ടിയപ്പോൾ ചിത്ര തന്റെ പുതിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തി.

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *