എന്റെ പ്രതികാരം
————————————–
“ദേഹത്ത് തോണ്ടുന്നോടാ ഞെരമ്പ് രോഗി ” എന്ന് പറഞ്ഞു കവിളത്തു ആഞ്ഞു ഒരടി കിട്ടിയപ്പോൾ എന്റെ കണ്ണിൽ നിന്നും പൂമ്പാറ്റ പറന്നു.
എന്താ സംഭവിച്ചത് എന്നൊരു പിടിയും കിട്ടിയില്ല എനിക്ക്. സ്ഥലകാല ബോധം വന്നപ്പോൾ ബസിൽ എന്റെ മുന്നിൽ നിന്ന കുട്ടിയുടെ ശബ്ദം കേൾക്കാം .
“ഓരോരുത്തന്മാർ രാവിലെ ഇറങ്ങിക്കോളും തിരക്കുള്ള ബസിൽ കയറിയിട്ട് പെണ്ണുങ്ങളെ തോണ്ടാനും പിടിക്കാനും. കണ്ടാൽ മാന്യന്മാർ ഇവനൊന്നും വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ ?”
ബസിലെ ആളുകൾ മുഴുവനും എന്നെ നോക്കുന്നുണ്ട്. അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. തിരക്കിനിടയിൽ ആരോ ആ കുട്ടിയെ ശല്യം ചെയ്തു. ഞാനാണെന്ന് തെറ്റിദ്ധരിച്ചു അവൾ എന്നെ അടിച്ചു. ബസിൽ ഉള്ളവരിൽ ചിലർ എന്നെ കുറ്റപ്പെടുത്താനും തുടങ്ങി. ആളുകൾ കൈവയ്ക്കും മുന്നേ എന്റെ അടുത്ത് നിന്ന ഒരു ചേച്ചി പറഞ്ഞു.
“ഇവനല്ലാ മോളെ നിന്നെ ശല്യം ചെയ്തത്. ഇവന്റെ അടുത്ത് നിന്ന കിളവനാണ്. നീ ഇവനെ അടിക്കുന്ന കണ്ടിട്ട് അയാൾ ആ സ്റ്റോപ്പിൽ ഇറങ്ങി. ”
ഭദ്രകാളിയെ പോലെ നിന്നവൾ ഒരു നിമിഷം കൊണ്ട് അങ്ങ് വല്ലാതെ ആയി. കുറ്റബോധം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
“സോറി ചേട്ടാ ഞാൻ ആളറിയാതെ…. ”
ഞാൻ ഒന്നും മിണ്ടാതെ ആ സ്റ്റോപ്പിൽ തന്നെ ഇറങ്ങി. ഇറങ്ങുന്നതിനിടയിൽ ആളുകൾ അവളെ കുറ്റപ്പെടുത്തുന്നത് കേട്ടു.
അടിയും കൊണ്ട് കവിളും ചുവന്നു വീട്ടിൽ ചെന്ന് കേറിയപ്പോൾ അനിയത്തിയുടെ വക ഒരു ചോദ്യം.
“ആരാടാ ചേട്ടാ നിന്റെ കവിളിൽ തലോടിയെ…
ദേ അമ്മേ ഇവൻ ആരിൽ നിന്നോ അടിയും മേടിച്ചു വന്നേക്കുന്നു ”
അനിയത്തി ആണെങ്കിലും അവളുടെ വർത്തമാനം കേട്ടാൽ എന്റെ ചേച്ചി ആണെന്ന് തോന്നും.
“അവൻ ആണല്ലേ ഒരടി ഒക്കെ കൊള്ളുന്നത് നല്ലതാ ”
അമ്മയുടെ മറുപടി കേട്ടു ഞാൻ അന്തംവിട്ടു പോയി. അടുക്കളയിൽ ചെന്ന് നടന്ന സംഭവങ്ങൾ അതേപോലെ പറഞ്ഞു.
“ആ കൊച്ചു കൊള്ളാമല്ലോടാ ”
“അമ്മ കൊള്ളാല്ലോ ഒരു തെറ്റും ചെയ്യാത്ത എന്നെ അടിച്ച അവളെയാണോ അമ്മ സപ്പോർട്ട് ചെയ്യുന്നേ ”
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ മുഖം ആയിരുന്നു മനസ്സിൽ. അവൾക്കിട്ട് രണ്ട് പൊട്ടിക്കും വരെ ഒരു സമാധാനവും ഇല്ല. നാളെയാണെങ്കിൽ പെണ്ണ് കാണാനും പോണം. കവിളിലെ പാട് നാളത്തേക്ക് മാറാൻ പ്രാർത്ഥിച്ചു കിടന്നു.(പെണ്ണ് കാണൽ എനിക്ക് അല്ല കേട്ടോ എന്റെ കൂട്ടുകാരന് ആണ്. പിന്നെ അവിടെ പെണ്ണിന്റെ കൂട്ടുകാരികളോ അനിയത്തിയോ കാണുമല്ലോ എന്നൊരു പ്രതീക്ഷ )
ചായയുമായി വന്നവളുടെ മുഖം കണ്ടു ഞാൻ ഞെട്ടി. എന്നെ തല്ലിയവൾ. എന്നെ കണ്ടു അവളും ഞെട്ടി. ഞാൻ പതിയെ ഫോണും എടുത്തു അവിടെ നിന്നും മുങ്ങി.
“ടാ ഹരി നിനക്ക് ആ കുട്ടിയെ അറിയുവോ ?”
ഞാൻ അന്തംവിട്ടു നിന്നു.
“അവൾ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു. അവൾക്കു എന്തോ നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു. നാളെ കോഫി ഷോപ്പിൽ നീയുമായി ഒന്ന് വരാൻ അവൾ പറഞ്ഞു. ”
അവൾക്കു എന്താകും പറയാനുള്ളത്. തല്ലിയതിനു മാപ്പ് പറയാൻ ആയിരിക്കും. എന്നൊക്കെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് മയിൽപ്പീലി കളർ സാരി ഉടുത്തു അവൾ എന്റെ മുന്നിലേക്ക് വന്നത്. കണ്ടിട്ട് കണ്ണേടുക്കാൻ തോന്നിയില്ല. പക്ഷേ ഗൗരവം നടിച്ചു ഞാൻ ഇരുന്നു.(കൂട്ടുകാരന്റെ പെണ്ണിനെ നമ്മൾ സ്വന്തം പെങ്ങളെ പോലെ കാണണം അല്ലോ )
“ചേട്ടന് കോഫി പറയട്ടെ”
“വേണ്ട… എന്താ പറയാനുള്ളത് ”
“അത് പിന്നെ…. അന്ന് ഞാൻ…. ആളറിയാതെ…. സോറി… ”
“കഴിഞ്ഞോ എങ്കിൽ ഞാൻ പൊയ്ക്കോട്ടേ ”
ഞാൻ അവിടെ നിന്നു എഴുന്നേറ്റതും അരുൺ (ഇവളെ കെട്ടാൻ പോകുന്ന എന്റെ കൂട്ടുകാരൻ ) അവിടെ വന്നു.
“ടാ നീ പോകാതെ. എനിക്കൊരു കാര്യം പറയാനുണ്ട് ”
“എന്താടാ ”
“എനിക്ക് പെണ്ണ് കാണാൻ അല്ല ഇന്നലെ നമ്മൾ അവിടെ പോയത്. നിനക്ക് വേണ്ടി ആയിരുന്നു. നിന്റെ കാര്യം എന്ന് പറഞ്ഞാൽ നീ വരില്ലല്ലോ അതാ കള്ളം പറഞ്ഞത്. അവിടെ എത്തിയിട്ട് സത്യം പറയാം എന്ന് കരുതിയപ്പോൾ നീ മുങ്ങി. അതാ ഇന്ന് ഇവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് . ചെയ്ത തെറ്റിന് ക്ഷമ പറയണം എന്നും അവൾ പറഞ്ഞു. ”
എന്റെ മനസ്സിൽ രണ്ടു ലഡ്ഡു പൊട്ടി .
സുന്ദരിയായ പെണ്ണ്, മാത്രവുമല്ല എന്റെ കവിളത്തു അടിച്ചതിന്റെ പ്രതികാരം ഉണ്ട് എനിക്ക്.
“ടാ നീ എന്താ ആലോചിക്കുന്നേ ”
“ഏയ് ഒന്നുമില്ലെടാ ”
“നിനക്ക് സമ്മതമാണോ ”
ഞാൻ ഒന്നും മിണ്ടാതെ വീട്ടിലേക് പോയി. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.
അങ്ങനെ കല്യാണ ദിവസം എത്തി. അവൾ എന്റെ മുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നിന്നു. അവളുടെ കഴുത്തിൽ താലി ചാർത്തുന്നതിന് ഇടയിൽ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.
“അന്ന് നീ എന്നെ തല്ലിയതിനു പകരം ആയിട്ടാണ് ഇന്ന് ഞാൻ നിന്റെ കഴുത്തിൽ ഈ താലി ചാർത്തുന്നത്. ”
അവൾ നിറ കണ്ണുകളോടെ ദയനീയമായി എന്നെ നോക്കി. ഞാൻ വിജയിച്ച ഭാവത്തിൽ അവളെ നോക്കി ചിരിച്ചു.
“ദേ മോനെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോണ്ടേ ഇന്നലെ ചെക്ക് അപ്പ്. നീ എന്ത് ചിന്തിച്ചു നിക്കുവാ ”
അവൾക്കു ഇപ്പോൾ ഏഴാം മാസം ആണ്.
“ഡി റെഡി ആയോ നീ ”
“നിങ്ങളും കൂടെ ഒന്ന് വന്നു സഹായിക്ക് മനുഷ്യാ. ഈ രണ്ടെണ്ണത്തിനെ സ്കൂളിൽ വിടണ്ടേ. ഞാൻ അപ്പോഴേ പറഞ്ഞതാ രണ്ടെണ്ണം മതിയെന്ന്. നിങ്ങൾക്ക് ഒന്നും അറിയണ്ടല്ലോ ”
അവളുടെ ബുദ്ധിമുട്ട് കണ്ടു എനിക്ക് വിഷമം തോന്നിയെങ്കിലും ഞാൻ ഉള്ളിൽ ചിരിച്ചു എന്റെ പ്രതികാരം പൂർത്തിയാക്കിയതിന്റെ സന്തോഷം.
✍️പ്രവീണ കൃഷ്ണ
