” എടാ ലോഡ്ജിൽ മുറി എടുക്കാം ന്ന് ഒക്കെ പറയുമ്പോ സേഫ് ആണോ.. പുറത്തറിഞ്ഞാൽ പിന്നേ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. പോലീസെങ്ങാൻ വന്നാലോ..”
ഭയത്തിൽ ജോർജിന്റെ മുഖത്തേക്ക് തന്നെ നോക്കി ഗേളി.. അവളുടെ ടെൻഷൻ കണ്ടിട്ട് കലി കയറി അവന്.
“എന്റെ ഗേളി നീ വെറുതേ ടെൻഷൻ ആകേണ്ട.. ഇതൊന്നും വല്യ കാര്യം അല്ല.. നാളെ പകൽ നമ്മൾ ലോഡ്ജിൽ മുറി എടുക്കുന്നു. കാര്യം കഴിഞ്ഞ് നൈസിന് ഇറങ്ങുന്നു. ഒരുത്തരും ഒന്നും അറിയില്ല.. സേഫ് ആണ്. എനിക്ക് പരിചയം ഉള്ള ലോഡ്ജ് ആണ്. മാത്രല്ല ജംഗ്ഷനിൽ നിന്നും കുറച്ചു ഉള്ളിലേക്ക് ആണ് ലൊക്കേഷൻ. അവരും ഒന്നും വെളീൽ പറയില്ല കാര്യം കഴിഞ്ഞാൽ നീ പറഞ്ഞ കാശ് തരും ഞാൻ അത് ഉറപ്പ്.. ”
ആ പറഞ്ഞത് കേൾക്കെ ഉള്ളിൽ ചെറിയൊരു സമാധാനം തോന്നി അവൾക്ക്
” മോന്റെ പറച്ചിൽ കേട്ടിട്ട് ഇത് ആദ്യമായൊന്നുമല്ല എന്ന് തോന്നുന്നല്ലോ.. ”
കുസൃതി ചിരിയോടെയുള്ള ആ കമന്റ് കേട്ട് ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു ജോർജ്ജ്. ശേഷം അവളെ അടി മുടിയൊന്ന് നോക്കി അവൻ.
” നാളെ ഈ ചുരിദാറോ ദാവണിയോ ഒന്നും ഇട്ട് വരേണ്ട കേട്ടോ.. ജീൻസ് ആണ് നല്ലത് അല്ലേൽ അത് പോലത്തെ ശരീരത്തിൽ ചേർന്ന് കിടക്കുന്ന എന്തേലും.. ”
മറുപടി പറഞ്ഞില്ല ഗേളി.. ഒരു ചെറു ചിരിയോടെ പതിയെ തിരിഞ്ഞു നടന്നു അവൾ.
” അതേ മറക്കേണ്ട.. രാവിലെ ഒൻപത് മണിക്ക് ബസ് സ്റ്റോപ്പിൽ വരണം അവിടുന്ന് പിക്ക് ചെയ്യാം ഞാൻ ”
പിന്നിൽ നിന്നും ജോർജ്ജ് വിളിച്ചു പറയുമ്പോൾ തല കുലുക്കി ഓക്കേ പറഞ്ഞ് നടന്നു നീങ്ങി അവൾ .
പിറ്റേന്ന് പ്ലാൻ ചെയ്ത പ്രകാരം ബസ് സ്റ്റോപ്പിൽ കൃത്യ സമയത്ത് എത്തി രണ്ടാളും.
” ഹാ.. ജീൻസും ടീ ഷർട്ടും ഒക്കെ ഇട്ട് ആള് ലുക്ക് ആയല്ലോ.. ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും കേട്ടോ.. ”
അവൾ അടുത്ത് വന്നപാടെ ജോർജിന്റെ വക കമന്റ് എത്തി
” മോൻ വേണ്ടാത്തത് നോക്കാതെ വണ്ടി എടുക്ക് വേഗം… പരിചയക്കാർ ആരേലും കാണുന്നെന്നു മുന്നേ രക്ഷപ്പെടണം ”
അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്ത് ബൈക്കിന്റെ പിന്നിലേക്ക് കയറി ഗേളി. നിമിഷങ്ങൾക്കകം അവർ അവിടെ നിന്നും പാഞ്ഞു.
ലോഡ്ജിന്റെ മുന്നിലാണ് പിന്നേ ആ ബൈക്ക് നിന്നത്. ജോർജ്ജ് പറഞ്ഞ പോലെ ജംഗ്ഷനിൽ നിന്നും കുറച്ചു മാറിയ പ്രദേശമായിരുന്നു അത്. ഉള്ളിൽ ചെറിയൊരു ആശ്വാസം തോന്നി ഗേളിക്ക്. റിസപ്ഷനിൽ ചെന്ന പാടെ അവിടുണ്ടായിരുന്ന പയ്യൻ ഒന്ന് പുഞ്ചിരിച്ചു.
“ഇത് പുതിയ ആളാണോ ജോർജ്ജെ.. മുന്നേ നിനക്കൊപ്പം കണ്ടിട്ടില്ലാലോ… ”
ആ ചോദ്യം കേട്ട് പതിയെ ജോർജിന്റെ പിന്നിലേക്ക് ഒന്ന് ഒളിച്ചു ഗേളി.
” അതേ അളിയാ.. നീ കീ താ. ”
മറുപടിയ്ക്കൊപ്പം തിരിഞ്ഞു കയ്യിലെ ബാഗ് അവളുടെ കയ്യിൽ നൽകി കീ വാങ്ങി സ്റ്റെയർ കേസിനു അരികിലേക്ക് നടന്നു ജോർജ്ജ്. പടികൾ കയറുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞു അവൻ.
“അളിയാ.. പോലീസെങ്ങാൻ വരുന്നേൽ സിഗ്നൽ തരണേ.. കോളേജിലെങ്ങാൻ വച്ച് പറ്റാഞ്ഞിട്ടല്ല.. കൂടുതൽ സേഫ്റ്റി നോക്കി ആണ് ഇത്രേം ദൂരം ഓടി വന്നത്”
” ഞാൻ ഏറ്റു ജോർജെ.. നീ ധൈര്യമായി പൊയ്ക്കോ.. ”
ആ ഉറപ്പ് കിട്ടവേ പുഞ്ചിരിയോടെ പടികൾ കയറി അവൻ പിന്നാലെ ഗേളിയും.
” എടാ നീ ഇത് സ്ഥിരം പരിപാടിയാ അല്ലെ.. ആ ചേട്ടൻ ചോദിച്ചത് കേട്ടില്ലേ ഞാൻ പുതിയ ആളാണോ എന്ന്.. ”
അവളുടെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് തന്നെ മുന്നേ നടന്നു ജോർജ്ജ്. ഒന്നാമത്തെ നിലയിലെ മുറി തുറന്ന് ഉള്ളിലേക്ക് കയറി നേരെ ബെഡിലേക്ക് ഇരുന്നു അവൻ. പിന്നാലെ കേറിയ ഗേളിയാകട്ടെ മുറി അടി മുടിയൊന്ന് നോക്കി..
” കൊള്ളാലോ സെറ്റപ്പ് പുറമെ നോക്കിയാൽ ഇത്രേം നീറ്റ് ആണെന്നൊന്നും തോന്നില്ല കേട്ടോ. ”
മുറി ചുറ്റി നോക്കി കാണുകയായിരുന്നു ഗേളിയുടെ കയ്യിൽ പിടിച്ചു ബെഡിലേക്ക് ഇരുത്തി ജോർജ്ജ്.
“ഇരിക്ക് പെണ്ണെ നീ.. നോക്ക് നമുക്ക് അധികം സമയം ഇല്ല കേട്ടോ.. കാര്യം കഴിഞ്ഞു പെട്ടെന്ന് പോണം.”
അവളുടെ കയ്യിൽ ഇരുന്ന ബാഗ് ബെഡിലേക്ക് വച്ച് മുഖത്തേക്ക് തന്നെ നോക്കി അവൻ.
” മ്… മനസിലായി.. ”
ഗേളിയും പതിയെ ജോർജിന് അഭിമുഖമായി ഇരുന്നു.
” പേടി ഉണ്ടോ നിനക്ക് കയ്യൊക്കെ നല്ല തണുപ്പ് ആണല്ലോ.. ”
ആ ചോദ്യം കേൾക്കെ ഒന്ന് പുഞ്ചിരിച്ചു അവൾ.
” ആദ്യമായിട്ട് അല്ലേ.. ഇതും ഇപ്പോ കാശിനു അത്രേം അത്യാവശ്യം വന്നത് കൊണ്ടാ.. പോക്കറ്റ് മണി ചോദിച്ചാൽ തരാൻ അച്ഛനും അല്പം മടിയാണ്… ”
” മ്.. മനസിലായി.. നമുക്ക് എല്ലാം സെറ്റ് ആക്കാം.. ഒന്ന് വേണ്ട പോലെ നിന്നാൽ ക്യാഷ് ആവശ്യം പോലെ കിട്ടും നിനക്ക്.. ഇതൊക്കെ ഈ കാലത്ത് പോക്കറ്റ് മണിക്കായി എല്ലാരും ചെയ്യുന്ന പണി തന്നെയാണ്.. അത് കൊണ്ട് തെറ്റ് ചെയ്യുന്നു എന്നൊരു ചിന്ത വേണ്ട..”
മറുപടി പറഞ്ഞ് കൊണ്ട് പതിയെ എഴുന്നേറ്റു ജോർജ്ജ്. ശേഷം ബെഡിൽ അവർക്ക് നടുക്കായി കിടന്നിരുന്ന ബാഗ് കയ്യിലെക്കെടുത്തു. പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.
ഒരു നിമിഷം ആ മിഴികൾ കുറുകി. വിളിച്ചത് റിസപ്ഷനിലെ പയ്യനായിരുന്നു
” അളിയാ പണി പാളി.. പോലീസ്… നിങ്ങൾ വേഗം വെളീൽ ചാടിക്കോ…. അല്ലേൽ പിടി വീഴും ”
കോൾ അറ്റന്റ് ചെയ്ത പാടെ വെപ്രാളത്തിൽ അവൻ പറഞ്ഞു . അത് കേട്ട് ആകെ പരിഭ്രാന്തിയിലായിപ്പോയി ജോർജ്ജ്.
” ഗേളി.. പണി പാളി.. പോലീസ്.. വേഗം വാ നമുക്ക് വെളീൽ. ചാടണം… ”
അലറിക്കൊണ്ട് കയ്യിൽ ഇരുന്ന ബാഗ് ചുമലിലേക്കിട്ട് വാതിലിനരികിലേക്ക് പാഞ്ഞു അവൻ.
ഒരു നിമിഷം സ്ഥബ്ധയായി അങ്ങിനെ നിന്നു പോയി ഗേളി. ‘പോലീസ്.. ‘ ആ വാക്ക് കേൾക്കവേ അടി മുടി വിറച്ചു പോയി അവൾ.
” നോക്കി നിൽക്കാതെ ഓടി വാ ഗേളി.”
വീണ്ടും ജോർജ്ജ് ഉച്ചത്തിൽ വിളിക്കുമ്പോഴാണ് അവൾ ഞെട്ടി തിരിഞ്ഞത്..
പിന്നേ ഒരു പാച്ചിൽ ആയിരുന്നു. സ്റ്റെയർ കേസ് വഴി ഇറങ്ങാൻ പറ്റാത്തതിനാൽ പിൻ ഭാഗത്തുള്ള വേസ്റ്റ് വെള്ളം പോകുന്ന പൈപ്പിൽ തൂങ്ങി ഷെയ്ഡിൽ ഇറങ്ങി അത് വഴി അടുത്തുള്ള മതിലിനു മുകളിൽ ചാടി അവിടെ നിന്നും നിലത്തേക്ക് ചാടി ഇറങ്ങി ഓടി രണ്ടാളും… ബൈക്ക് എടുക്കാൻ പോകുന്നത് സേഫ് അല്ല എന്ന് മനസിലാക്കിയതിനാൽ തന്നെ ഓടി രക്ഷപെടാൻ ആണ് ശ്രമിച്ചത് ജോർജ്ജ്. ഗേളിയും അവന്റെ പിന്നാലെ തന്നെ പാഞ്ഞു..
” സ്പീഡിൽ ഓടിക്കോ.. പോലീസിന്റെ കയ്യിൽ പെടാതെ എങ്ങിനെയും രക്ഷപ്പെടണം ”
ഓട്ടത്തിനിടയിൽ ജോർജ്ജ് വിളിച്ചു പറയുമ്പോൾ ആകെ ഭയന്ന് പിന്നാലെ തന്നെ പാഞ്ഞു ഗേളിയും.
പക്ഷെ പോലീസ് അതിനു തടയിട്ടു.. റോഡിലൂടെ അവർ രണ്ടാളും ഓടുന്നത് കണ്ട പോലീസുകാർ പിന്നാലെ കുതിച്ചു. കുറച്ചു ദൂരം എത്തവേ തന്നെ രണ്ടാളും പോലീസ് പിടിയിലായി.
“സാറേ… രണ്ടിൽ ഒന്ന് പെണ്ണാണ്.. വനിതാ കോൺസ്റ്റബിൾ ഇല്ലല്ലോ.. നമ്മുടെ കൂടെ..സീൻ ആകോ..”
കോൺസ്റ്റബിളിൽ ഒരാൾ വിളിച്ചു ചോദിക്കുമ്പോൾ അവർക്കരികിലേക്ക് ചെന്നു എസ് ഐ.
” സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് ഒന്നും അല്ലാലോ രണ്ടിനേം തൂക്കുന്നത് വനിതാ പോലീസ് ഒന്നും വേണ്ടടോ.. തൊണ്ടിയുണ്ടോ എന്ന് നോക്ക്.. ”
പിന്നേ എല്ലാം പെട്ടെന്ന് ആയിരുന്നു. അതിനിടയിൽ പ്രാദേശിക ചാനലുകാർ വാർത്ത ലൈവ് ആയി തന്നെ ടെലികാസ്റ്റ് ചെയ്തു.
‘ സിറ്റിയിൽ വീണ്ടും ലഹരി വേട്ട.. രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. കൈ വശമുണ്ടായിരുന്ന ബാഗിൽ നിന്നും എം ഡി എം എ പിടികൂടിയാതായി പോലീസ്. പിടിയിലായവരിൽ ഒരാൾ പെൺകുട്ടിയാണ്. സിറ്റിയിൽ നിന്നും മാറി ഒരു ലോഡ്ജിൽ വച്ച് കൈവശമുള്ള മയക്കുമരുന്ന് രണ്ടായി പാക്ക് ചെയ്ത് രണ്ട് ദിശകളിലേക്ക് പോകുവാനുള്ള ശ്രമത്തിനിടയിലാണ് രഹസ്യ വിവരം കിട്ടിയെത്തിയ പോലീസ് ഇവരെ കുടുക്കിയത് …. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വിശദ വിവരങ്ങൾ അറിയുവാൻ കഴിയുള്ളു എന്ന് എസ് ഐ അറിയിച്ചു.’
എല്ലാ പ്രതീക്ഷകളും കെട്ടടങ്ങി നിരാശയിൽ നാണക്കേടോടെ പോലീസ് ജീപ്പിന്റെ പിൻ സീറ്റിൽ മുഖാ മുഖം നോക്കി ഇരുന്നു ജോർജ്ജും ഗേളിയും.
” എന്തോരം കഷ്ടപ്പെട്ട് വന്നതാ.. എന്നിട്ടും ഏത് നാറിയാണോ എന്തോ ഒറ്റിയത്…. അവന്റെ തലേൽ. ഇടിത്തീ വീഴട്ടെ… ”
തൊഴുതു പ്രാകി ജോർജ്ജ്. തിരിച്ചു ഒന്നും പറയാൻ കഴിയാതെ വിറളി വെളുത്തിരിക്കുകയായിരുന്നു ഗേളി അപ്പോൾ. സംഭവിക്കുന്നതൊന്നും അപ്പോഴും അവൾക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.
“പോക്കറ്റ് മണി… ചിലവ് തേങ്ങ.. എല്ലാം തുലഞ്ഞു ഇനീപ്പോ സുഖല്ലേ. ചിലവൊന്നും ഇല്ല ഫുഡ് ഒക്കെ സർക്കാർ വക.. ”
വീണ്ടും അരിശത്തിൽ പിറുപിറുത്തു അവൻ.
” ജോർജ്ജെ… നീ ജീൻസ് ഇടാൻ പറഞ്ഞത് ഈ ഓട്ടവും ചാട്ടവും ഒക്കെ മുന്നിൽ കണ്ടിട്ടാ അല്ലെ… നീ പറഞ്ഞത് പോലെ ഇട്ടോണ്ട് വന്നത് നന്നായി… അതോണ്ട് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഒപ്പം ഓടാൻ പറ്റി. അല്ലാരുന്നേൽ എന്നെ മുന്നേ തന്നെ പിടിച്ചേനെ.. ”
പെട്ടെന്ന് അത് ഓർത്തിട്ട് അവന്റെ മുഖത്തേക്ക് നോക്കി ഗേളി. നിഷ്കളങ്കമായ ആ നോട്ടം കണ്ട് ദയനീയമായി തലയിൽ കൈവച്ചു പോയി അവൻ
“ദൈവമേ വാഴ… മരവാഴ……. ”
കൂടുതൽ മറുപടി പറഞ്ഞില്ല ജോർജ്ജ്.. ഉള്ളിൽ ഇരച്ചു കയറിയ അരിശം കടിച്ചു പിടിച്ചു നിയന്ത്രിച്ചു അവൻ.
” ദേ പിള്ളേരെ അടങ്ങി ഇരിക്ക് കേട്ടോ.. കോളേജിൽ പഠിക്കാൻ വിട്ടാൽ പഠിക്കണം… അല്ലാണ്ട് വേണ്ടാത്ത പണിക്ക് പോകരുത്.. ഇതൊക്കെ നിന്റെൽ തന്നു വിടുന്നവൻ മാര് തന്നെ നിന്നെയൊക്കെ പോലീസിന് ഇട്ടു കൊടുക്കുന്നത്. അതൊക്കെ ഇനിയെങ്കിലും മനസിലാക്കി സ്വയം നന്നാവാൻ നോക്ക്.. ”
മുന്നിൽ ഇരുന്ന പോലീസുകാരൻ അരിശത്തോടെ ഒച്ചയെടുത്തതോടെ നിശബ്ദരായി ജോർജ്ജും ഗേളിയും…
പോലീസ് ജീപ്പ് പതിയെ സ്റ്റേഷനിലേക്ക് നീങ്ങി..
” നമ്മളെ സ്റ്റേഷനിൽ കൊണ്ട് ചെന്നിട്ട് വിടുമായിരിക്കും അല്ലെ ജോർജ്ജെ… എനിക്ക് വേഗം വീട്ടിൽ പോണം പഠിക്കാൻ ഉണ്ട്.നാളെ ടെസ്റ്റ് പേപ്പർ ആണ് കോളേജിൽ ”
നിശബ്ദതയെ കീറി മുറിച്ച ഗേളിയുടെ ആ നിഷ്കളങ്കമായ ചോദ്യം വീണ്ടും ജോർജ്ജിനെ വട്ട് കയറ്റി…
“നീ ജന്മനാ ഇങ്ങനെയാണോ ഗേളി.. സമ്മതിക്കണം കേട്ടോ ”
തൊഴു കയ്യോടെ അവൻ പറയുമ്പോൾ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു ഗേളി..
‘ഇനിയിപ്പോ എളുപ്പമായി പോക്കറ്റ് മണിയുടെ പ്രശ്നം വരുന്നില്ല ഫുൾ ചിലവ് സർക്കാർ വക.. ‘
ലഹരി ഉപയോഗം ഒരിക്കലും ഒരു നല്ല ശീലം അല്ല.. ആദ്യം കിട്ടുന്ന സുഖം പിന്നീട് തകർക്കുന്നത് നമ്മുടെ ജീവിതം തന്നെയാണ്..
(ശുഭം…)
✍️ പ്രജിത്ത് സുരേന്ദ്രബാബു.
