“ഒന്ന് കെട്ടിയതാണേലെന്താ .. നീ ഇപ്പോഴും നല്ല വെണ്ണക്കൽ ശില്പമല്ലേ മായേ….. ഒന്ന് സഹകരിച്ചാൽ നമുക്കെല്ലാം ശെരിയാക്കാം.. നിന്റെ കെട്ട്യോൻ കടം വാങ്ങിയ തുക ഞാനങ്ങ് മറക്കാം.”
സേവ്യർ വഷളൻ ചിരിയോടെ അത് പറയുമ്പോൾ അവന്റെ നോട്ടത്തിന് മുന്നിൽ ആകെ ചൂളിപ്പോയി മായ.
” നിങ്ങൾ ഇപ്പോ പോ.. ഇത് ശെരിയല്ല.. ഇനി മേലാൽ ഇങ്ങനെ എന്നോട് പെരുമാറരുത്.. കാശ് കടം വാങ്ങിയത് ശെരി തന്നെയാണ് പക്ഷെ അതിങ്ങനെയല്ല തിരികെ വാങ്ങേണ്ടത്. എങ്ങിനെയെങ്കിലും… അതിനി കൂലിവേല ചെയ്തിട്ടാണേലും നിങ്ങടെ കടം ഞാൻ തിരികെ വീട്ടും.. ”
എന്നാൽ ആണ് മറുപടി കേട്ട് പൊട്ടിച്ചിരിച്ചു പോയി സേവ്യർ
” അഞ്ചു ലക്ഷം രൂപ… കൂലി വേല ചെയ്ത്… കൊള്ളാം നടന്നത് തന്നെ.. എനിക്ക് കാശ് വേണ്ടത് എന്റെ ചാവടിയന്തിരം നടത്താനല്ല.. മര്യാദക്ക്… മര്യാദക്ക് എന്റെ ക്യാഷ് തിരികെ തന്നോണം.. ഓരോന്ന് പറഞ്ഞ് കെഞ്ചി കടം വാങ്ങി പോകുമ്പോ കെട്ട്യോന് ഒരു ഉളുപ്പുമില്ലായിരുന്നു. ഒടുക്കം അവൻ ചത്ത് തലയ്ക്കു മുകളിലുമായി .. ഞാനെന്റെ കാശിനു വേണ്ടി തെണ്ടേണ്ട അവസ്ഥയും ആയി… ”
പൊട്ടിച്ചിരിയിൽ തുടങ്ങി പറഞ്ഞവസാനിപ്പിക്കുമ്പോൾ സേവ്യറുടെ മിഴികൾ കുറുകിയിരുന്നു. ആ വാക്കുകൾ ചങ്കിൽ തറയ്ക്കുമ്പോൾ മായയുടെ മിഴികൾ തുളുമ്പി. കാരണം തന്റെ ഭർത്താവിന്റെ മരണം അപ്പോഴും അവൾക്ക് ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല.
” അതേ.. ഇനി ഈ പൂങ്കണ്ണീരു കാണാൻ എനിക്ക് വയ്യ…. കുറെ കണ്ടു ഞാൻ.. അഞ്ചു ദിവസം. അഞ്ചേ അഞ്ചു ദിവസം ഞാൻ സമയം തരാം. അതിനുള്ളിൽ എന്റെ കാശ് മുഴുവനായും തന്നു തീർക്കണം.. ഇല്ലെങ്കിൽ പിന്നേ അടുത്ത ദിവസം നല്ല വാസന സോപ്പിൽ കുളിച്ചൊരുങ്ങി സുന്ദയിയായി നിന്നോ… നല്ല മുല്ലപ്പൂവുമായി വരാം ഞാൻ..”
പറഞ്ഞവസാനിപ്പിക്കുമ്പോൾ മായയുടെ ശരീരം അടിമുടി കണ്ണാലൊന്നുഴിഞ്ഞു സേവ്യർ.
‘ ഇവളെനിക്ക് പണിയുണ്ടാക്കും….’
ഇടം കണ്ണിട്ട് ഒരിക്കൽ കൂടി നോക്കി തന്റെ ബുള്ളറ്റിലേക്ക് കയറി അയാൾ.
സേവ്യർ അവിടെ നിന്നും പോകുമ്പോൾ നടുക്കത്തോടെ അതിലുപരി വേദനയോടെ നോക്കി നിന്നു മായ. ആണ് നിമിഷം ജീവിതമവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോയി അവൾക്ക്.
ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി മായയുടെ ജീവിതത്തിൽ നടന്നത്.
പ്രവാസിയായ അവളുടെ ഭർത്താവ് രാജീവിന്റെ പെട്ടെന്നുള്ള മരണമാണ് എല്ലാം താളം തെറ്റിച്ചത്. വീട് പണി നിന്നു പോകാതിരിക്കാനായിരുന്നു രാജീവ് സേവ്യറിന്റെ കയ്യിൽ നിന്നും കാശ് പലിശയ്ക്കെടുത്തത്.
” ഹാ… താൻ പേടിക്കേണ്ടടോ.. അഞ്ചു ലക്ഷം രൂപയല്ലേ. രണ്ട് വർഷം ഞാൻ അവിടെ നിന്ന് പണിയെടുത്താൽ ഈസി ആയി നമുക്കത് വീട്ടാം.. ഇപ്പോ വീട് പണി മുടങ്ങാതെ നടക്കട്ടെ.. സ്വന്തമായി ഒരു വീട്.. അത് നമ്മുടെ സ്വപ്നമല്ലേ. ”
കാശ് വാങ്ങുമ്പോൾ വല്ലാത്ത ആത്മവിശ്വാസമായിരുന്നു അവന്. എന്നാൽ ലീവ് കഴിഞ്ഞു തിരികെ പോയ രാജീവ് തീർത്തും അപ്രതീക്ഷിതമായാണ് മരണത്തിനു മുന്നിൽ കീഴടങ്ങിയത്. ജോലി ചെയ്തിരുന്നു കമ്പനിയുടെ ഓണർ വന്ന കാർ ഹാൻഡ് ബ്രേക്ക് കേടായി ഇറക്കത്തിൽ പിന്നിലേക്ക് ഉരുണ്ട് നീങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിന്റെ മക്കൾ ഇരിപ്പുണ്ട് എന്ന് മനസിലാക്കി പിന്നിൽ നിന്നും തടുത്ത് നിർത്തി രക്ഷിക്കാൻ ശ്രമിച്ചതാണ് രാജീവ്. എന്നാൽ അവന്റെ ജീവൻ കവർന്നു കൊണ്ടാണ് ആണ് കാർ സുരക്ഷിതമായി നിന്നത്. രാജീവിന്റെ മരണ വാർത്ത കേൾക്കവേ ആകെ ഒരു മരവിപ്പായിരുന്നു മായയ്ക്ക്. ജീവന്റെ പാതി നഷ്ടമായ അവസ്ഥ.. പൊട്ടിക്കരയുവാൻ തോന്നിയെങ്കിലും കണ്ണുനീർ വറ്റിപ്പോയ അവസ്ഥ… കുഞ്ഞിനെയോർത്തു മാത്രം ആത്മഹത്യ ചെയ്തില്ല അവൾ. വീട് പണി അതോടെ നിന്നു. സ്വപ്നങ്ങൾ തകർന്നു. അതിനുശേഷം ഇപ്പോ ദേ തുടരെ തുടരെയുള്ള സേവ്യറിന്റെ ഭീഷണിയും.. മരണം വീണ്ടും അവൾക്കരികിലേക്ക് ചുവടു വച്ചു തുടങ്ങിയ അവസ്ഥ… മനസ്സ് ഒന്ന് താളം തെറ്റുമ്പോൾ മകളുടെ മുഖമോർത്തു കൊണ്ട് പിടിച്ചു നിൽക്കുകയാണ് മായ.
എന്ത് ചെയ്യണമെന്നറിയാതെ ടെൻഷനിൽ അന്നത്തെ ദിവസം ഉറങ്ങിയില്ല അവൾ. രാത്രി ഏറെ വൈകി പല വട്ടം സേവ്യർ അവളുടെ ഫോണിലേക്ക് വിളിച്ചു. ഒരു വട്ടം കോൾ അറ്റന്റ് ചെയ്തെങ്കിലും അയാൾ മദ്യ ലഹരിയിൽ ആണെന്നറിയവേ ഫോൺ തന്നെ സ്വിച്ച് ഓഫ് ചെയ്തു വച്ചു അവൾ .. തന്റെ ഗതികെട്ട അവസ്ഥയോർത്തു പൊട്ടിക്കരയുവാനേ അപ്പോൾ കഴിയുമായിരുന്നുള്ളു. അങ്ങിനെ അന്നത്തെ ദിവസം അവസാനിച്ചു.
പിറ്റേന്ന് നേരം വെളുത്തു അടുക്കള ജോലികളിൽ മുഴുകിയിരിക്കവേയാണ് മായയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. ദുബായ് നമ്പർ കണ്ട് സംശയത്തോടെ അവൾ കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്തു. മറു തലയ്ക്കൽ പാതി ഇംഗ്ലീഷും അറബിയും കലർന്ന സംഭാഷണം കേൾക്കവേ പെട്ടെന്ന് ഒന്ന് പതറി അവൾ.
” ഹ.. ഹലോ.. ആരാ.. ആരാ ഇത്.. ”
എന്ത് ചോദിക്കണമെന്ന് പോകും മായയ്ക്ക് അറിയുമായിരുന്നില്ല. ഒരു പക്ഷെ ആ പതർച്ച മറു തലയ്ക്കൽ സംസാരിച്ച ആളിന് മനസിലായിട്ടുണ്ടാകണം.. അല്പ സമയം പിന്നേ നിശബ്ദതയായിരുന്നു.
” ഹലോ.. രാജീവിന്റെ വൈഫ് മായ അല്ലെ ഇത്… ”
പിന്നേ കേട്ടത് മലയാള ഭാഷ തന്നെയായിരുന്നു.
” ആ.. അതേ .. ഇത്.. ഇത് ആരാണ്… ”
അറച്ചറച്ചാണ് മായ മറുപടി പറഞ്ഞത്..
” നിങ്ങളോട് ആദ്യം സംസാരിച്ചത് രാജീവ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഓണർ ആണ്.. ഞങ്ങടെ അറബാബ്. അദ്ദേഹത്തിന്റെ മക്കളെ രക്ഷിക്കുന്നതിനിടയിലാണ് രാജീവ്…… ”
വാക്കുകൾ മുഴുവപ്പിച്ചില്ല അയാൾ.. എന്നാൽ ആ കേട്ടത് മായയുടെ ഉള്ളിൽ ഒന്ന് കുത്തി. അറിയാതെ അവളുടെ മിഴികൾ തുളുമ്പിപ്പോയി. ഒറ്റനിമിഷം കൊണ്ട് രാജീവിന്റെ ഓർമ്മകൾ വീണ്ടും അവളുടെ മനസിനെ അസ്വസ്തമാക്കി.
” മായ… വിഷമിക്കരുത് സംഭവിക്കാനുള്ളത് സംഭവിച്ചു. അറബാബിനു വല്യ വിഷമമുണ്ട്.. അതിലേറെ കുറ്റബോധവും… നിങ്ങളുടെ നാട്ടിലെ അവസ്ഥ ഞങ്ങടെ കമ്പനിയിൽ ജോലി ചെയ്യുന്ന നിങ്ങടെ നാടിനടുത്തു തന്നെയുള്ള മറ്റൊരു സ്റ്റാഫ് വഴി അദ്ദേഹം അന്വേഷിച്ചറിഞ്ഞു ഒരു പ്രായശ്ചിത്തമെന്നോണം നാട്ടിൽ വന്ന് നിങ്ങളെ കാണാനും ഇനിയുള്ള കാലം നിങ്ങളുടെ സകല ചിലവുകളും കൊടുത്തു തീർക്കുവാനുള്ള കടങ്ങളും വീട് പണിയും എല്ലാം ഏറ്റെടുക്കാൻ അദ്ദേഹത്തിന് അവസരം കൊടുക്കണം.. ഇതൊരു റിക്വസ്റ്റ് ആണ്..ഈ ആഴ്ചയിൽ തന്നെ സകുടുംബം അദ്ദേഹം നാട്ടിലേക്ക് വരുന്നുണ്ട്.. ഞാൻ അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫ് ആണ് ഞാനും ഒപ്പമുണ്ടാകും.. ”
ആ കേട്ടതൊക്കെ കാതുകളിൽ ഒരു മുഴക്കമായി തോന്നി മായയ്ക്ക്.. ഒരു നിമിഷം മരവിപ്പോടെ അങ്ങിനെ നിന്നു പോയി അവൾ.
” ഹലോ.. മായ.. കേൾക്കുന്നുണ്ടല്ലോ അല്ലെ.. ”
അവളുടെ നിശബ്ദത മറു തലയ്ക്കൽ സംസാരിച്ച ആളിൽ സംശയം ജനിപ്പിച്ചു.
” കേ.. കേട്ടു… ”
മറുപടി പറയുവാൻ ഏറെ പണിപ്പെട്ടു അവൾ.
” മായ വിഷമിക്കേണ്ട… സംഭവിക്കാൻ ഉള്ളത് സംഭവിച്ചു പോയി.. പക്ഷെ ഇനി നിങ്ങൾക്ക് വിഷമതകൾ ഉണ്ടാകില്ല.. നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുവാൻ വേണ്ടതെല്ലാം ഇദ്ദേഹം ചെയ്യും.. അത്രമാത്രം കുറ്റബോധമുണ്ട് ആളിന്.. ”
ആ വാക്കുകൾ കൂടി കേൾക്കവേ വിതുമ്പിപ്പോയി മായ.
ഉള്ളിലെ ഇരുൾ മറകൾക്ക് മേൽ ഒരു വെളിച്ചം പടരുന്നത് തിരിച്ചറിഞ്ഞു അവൾ. അല്പം കൂടി സംസാരിച്ച് ആ കോൾ കട്ട് ആകുമ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോയി മായ..
“രാജീവേട്ടാ… ഞങ്ങളെ വിട്ട് പോയിട്ടില്ല അല്ലെ… ഒരു ആപത്തും ഉണ്ടാകാതെ കാക്കാൻ ഒപ്പം തന്നെയുണ്ട് …. അല്ലെ…. ”
ശൂന്യതയിലേക്ക് നോക്കി ചോദിക്കുമ്പോൾ മായയുടെ ഉള്ളം വിങ്ങി… വഴിമുട്ടിപ്പോയ ജീവിതം തിരികെ കിട്ടുമ്പോൾ രാജീവിന്റെ സാമീപ്യം തനിക്കു ചുറ്റുമുണ്ടെന്ന് വിശ്വസിച്ചു അവൾ.. ആണ് വിശ്വാസം ആകണം അവളുടെ സർവ്വ നിയന്ത്രണങ്ങളും നഷ്ടമാക്കി.. നിറഞ്ഞു തുളുമ്പുന്ന മിഴികളെ തടുത്തു നിർത്തുവാൻ കഴിഞ്ഞില്ല അവൾക്ക്..
” അമ്മേ… എന്താ.. എന്താ അമ്മ കരയുന്നെ.. ”
താൻ കരയുന്നത് കണ്ട് വേവലാതിയിൽ ഓടി വന്ന മകളെ വാരിപ്പുണർന്നു മായ..
” ഇല്ല മോളെ.. അമ്മ കരയുവല്ല… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ.. മോളുടെ അച്ഛൻ…. നമുക്ക് കാണാൻ പറ്റില്ലെന്നേ ഉള്ളു.. ഒപ്പം തന്നെയുണ്ട്… ഏത് വിഷമത്തിലും താങ്ങായി.. ”
അപ്പോൽ മുതൽ എന്തെന്നില്ലാത്തൊരു ധൈര്യം ഉള്ളിൽ തോന്നി തുടങ്ങി മായയ്ക്ക് ഒപ്പം എവിടെയും പതറാതെ ഇനിയുള്ള കാലം ജീവിച്ചു തീർക്കണമെന്ന വാശിയും…. അവളുടെ ധൈര്യം.. അത് രാജീവ് തന്നെയായിരുന്നു….
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു.
