“കണ്ടില്ലേ രണ്ടും കൂടെ പോകുന്നത്… ഒരു കൊച്ചു ചെക്കന്റെ കൂടെ ഇറങ്ങിപ്പോരാൻ ഇവൾക്ക് നാണമില്ലല്ലോ…”
നാട്ടുകാരുടെ ആ അടക്കം പറച്ചിൽ ദേവിയുടെയും അമലിന്റെയും കാതുകളിൽ എത്തി. ആ വാക്കുകളിൽ പരിഹാസവും പുച്ഛവും കലർന്നിരുന്നു. ദേവി തന്റെ തല താഴ്ത്തിപ്പിടിച്ചു, അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ അമൽ അവളുടെ കൈകൾ കൂടുതൽ മുറുക്കിപ്പിടിച്ചു. അവൻ ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞുനിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
“ഇറങ്ങിപ്പോന്നത് നിങ്ങളുടെ മകളോ ഇറക്കിക്കൊണ്ടുവന്നത് നിങ്ങളുടെ മകനോ അല്ലല്ലോ. പിന്നെ എന്തിനാണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? ഒരു പെണ്ണിന് ഈ നാട്ടിൽ അന്തസ്സായി ജീവിക്കാൻ കഴിയാത്ത സാഹചര്യം വരുമ്പോൾ കൈപിടിക്കാൻ ഒരാളുണ്ടാകുന്നത് തെറ്റാണോ?”
അമലിന്റെ ആ ചോദ്യത്തിന് മുന്നിൽ നാട്ടുകാർ ഒരു നിമിഷം പകച്ചുപോയി. അവന്റെ കണ്ണുകളിലെ ആത്മവിശ്വാസം അവരെ അലോസരപ്പെടുത്തി. അവർ പിറുപിറുത്തുകൊണ്ട് പിരിഞ്ഞുപോയെങ്കിലും, ആ വാക്കുകൾ ദേവിയുടെ മനസ്സിൽ ഒരു മുറിവായി ശേഷിച്ചു.
ദേവിക്ക് മുപ്പത് വയസ്സായിരുന്നു. മൂന്ന് വർഷം മുൻപ് ഒരു അപകടത്തിൽ അവളുടെ ഭർത്താവ് രഘു മരിച്ചതോടെ അവളുടെ ലോകം ഇരുട്ടിലായി. രഘുവിന്റെ അകന്ന ബന്ധുവായിരുന്നു അമൽ. പഠനത്തിന് വേണ്ടി അവിടെ വന്നപ്പോൾ ആയിരുന്നു ദേവിയുടെ ദുരവസ്ഥ അവൻ അറിഞ്ഞത്.
രഘു മരിക്കുന്നതിന് മുൻപ് ബിസിനസ് ആവശ്യങ്ങൾക്കായി നാട്ടിലെ വലിയ പലിശക്കാരനായ വർക്കിയുടെ കയ്യിൽ നിന്നും വലിയൊരു തുക കടം വാങ്ങിയിരുന്നു. രഘുവിന്റെ മരണശേഷം വർക്കി ആ തുകയുടെ പലിശ ചോദിച്ച് ദേവിയെ ശല്യം ചെയ്യാൻ തുടങ്ങി. പണമില്ലെന്ന് കരഞ്ഞു പറഞ്ഞ ദേവിയോട് വർക്കി മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
“പണം ഇല്ലെങ്കിൽ എന്താ പണത്തിനേക്കാൾ മൂല്യമുള്ള ഒന്ന് നിന്റെ കൈവശം ഉണ്ടല്ലോ. നിന്റെ ഈ വെണ്ണക്കുടം പോലത്തെ ശരീരം. നീ ഒന്ന് മനസ് വച്ചാൽ ഈ കടങ്ങൾ ഒക്കെ ഞാൻ വേണ്ട എന്ന് വയ്ക്കും പകരം നിനക്ക് ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള വകയും ഞാൻ തരും. എന്താ നിനക്ക് സമ്മതമാണോ?”
ഇതും പറഞ്ഞു അവൻ അവളുടെ സാരിയിൽ പിടി മുറുക്കി.. വർക്കിയെ പേടിച്ച് നാട്ടുകാർ ആരും ആ ഭാഗത്തേക്ക് വന്നില്ല.
പെട്ടെന്ന് ഇരുട്ടിൽ നിന്നും ഒരാൾ വർക്കിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. അത് അമൽ ആയിരുന്നു.
“ഇനിയൊരു വട്ടം ഇവരുടെ നിഴലിനെപ്പോലും തൊടാൻ നീ മുതിരരുത്,” അമൽ ഗർജ്ജിച്ചു. ആ രാത്രി തന്നെ വർക്കിയുടെ ഗുണ്ടകൾ അമലിനെ ആക്രമിച്ചെങ്കിലും അവൻ പതറിയില്ല. ദേവിയെ ആ നരകത്തിൽ നിന്നും രക്ഷിക്കാൻ അവൻ തീരുമാനിച്ചു.
നാട്ടുകാർ ഇതിനെ ഒരു ഒളിച്ചോട്ടമായി വ്യാഖ്യാനിച്ചപ്പോഴാണ് അമൽ ആൾക്കൂട്ടത്തിന് മറുപടി നൽകിയത്. അവൻ ദേവിയെയും കൂട്ടി തന്റെ സ്വന്തം ഗ്രാമമായ നീലഗിരിയിലേക്ക് തിരിച്ചു.
അമലിന്റെ വീട്ടിൽ അവന്റെ ജ്യേഷ്ഠൻ ആദർശും അമ്മയും മാത്രമാണുണ്ടായിരുന്നത്. ആദർശ് ശാന്തനും പക്വതയുള്ളവനുമായിരുന്നു. അമൽ ദേവിയെ വീട്ടിലെത്തിച്ചപ്പോൾ വീട്ടുകാർക്ക് ആദ്യം അത്ഭുതമായിരുന്നു. അമൽ തന്റെ ജ്യേഷ്ഠനെ മാറ്റിനിർത്തി ദേവിയുടെ ജീവിതത്തിലെ ഓരോ സത്യവും വെളിപ്പെടുത്തി.
“ഏട്ടാ, ദേവി അനുഭവിച്ച നരകം നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ പെണ്ണിനെ ലോകം മുഴുവൻ ക്രൂശിക്കുകയാണ്. അവൾക്ക് വേണ്ടത് ഒരു തുണയാണ്. നമ്മുടെ വീട്ടിൽ അവൾക്ക് സുരക്ഷിതമായി കഴിയാം,” അമൽ പറഞ്ഞു.
ദേവിയെ അവന്റെ വീട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
വർഷം രണ്ട് കടന്നുപോയി. പതിയെ പതിയെ ദേവി ആ വീട്ടിലെ ഒരു അംഗമായി മാറി.. എന്നാൽ ഒരു അന്യ സ്ത്രീയെ രണ്ട് ആണ്മക്കൾ മാത്രമുള്ള വീട്ടിൽ നിർത്തുന്നതിൽ അമലിന്റെ അമ്മയ്ക്ക് ഒരു മടി വന്നു തുടങ്ങി.. അത് മറ്റൊന്നും കൊണ്ടല്ല നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പലതും പറയുന്നത് അവരുടെ കാതുകളിൽ എത്തിയിരുന്നു.
“മോനെ ദേവിയെ നമുക്ക് മറ്റെവിടെയെങ്കിലും താമസിപ്പിച്ചാലോ. ഇപ്പോൾ ലേഡീസ് ഹോസ്റ്റൽ ഒക്കെ ഉണ്ടല്ലോ അങ്ങനെ എന്തെങ്കിലും നോക്കിയാലോ ” അവർ അമലിനോട് പറഞ്ഞു.
“പെട്ടെന്ന് എന്താ അമ്മ ഇങ്ങനെ പറയാൻ.. ഇത്രയും നാൾ ദേവി ചേച്ചി നമ്മുടെ കൂടെ അല്ലേ നിന്നത് ഇനിയും അത് അങ്ങനെ തന്നെ മതി ”
“ഇനി അത് ശരിയാകില്ല മോനേ. നാട്ടുകാർ പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എനിക്ക് നിങ്ങളുടെ ഭാവിയാണ് വലുത് ”
“എന്റെ അമ്മ നാട്ടുകാർ പലതും പറയും അതിനൊക്കെ ചെവികൊടുക്കാൻ നിന്നാൽ അതിനെ നേരം കാണു. ഇനി നാട്ടുകാരുടെ വായടപ്പിച്ചേ പറ്റു എന്നാണെങ്കിൽ നമുക്ക് ഏട്ടനെ കൊണ്ട് ദേവി ചേച്ചിയെ കെട്ടിക്കാം അമ്മ എന്ത് പറയുന്നു ” അമൽ ഉറച്ച സ്വരത്തിൽ പറഞ്ഞു.
“ദേവി എനിക്ക് മരുമകൾ ആയി വരുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ പക്ഷെ മോനേ ആദർശിനോട് ഒന്ന് ചോദിക്കാതെ എങ്ങനാ ”
“എനിക്ക് സമ്മതമാണമ്മേ ” ആദർശ് പുറത്ത് നിന്ന് ഈ സംസാരം എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ആദ്യം എതിർത്തെങ്കിലും ദേവിയും ഈ വിവാഹത്തിന് സമ്മതം മൂളി.
ഗ്രാമത്തിലെ ചെറിയൊരു ക്ഷേത്രത്തിൽ വെച്ച് ആദർശും ദേവിയും വിവാഹിതരായി. അമൽ ആയിരുന്നു എല്ലാത്തിനും മുന്നിൽ നിന്നത്. നാട്ടിൽ പ്രചരിച്ച അപവാദങ്ങളെല്ലാം ആ വിവാഹത്തോടെ അസ്തമിച്ചു.
ജനാലയ്ക്ക് പുറത്ത് മഴ കനത്തു പെയ്യുകയായിരുന്നു. മുറിക്കുള്ളിലെ ചെറിയ ചിമ്മിനി വെളിച്ചത്തിൽ ദേവി തളർന്നിരുന്നു. പഴയ ഓർമ്മകളും വർക്കിയുടെ ക്രൂരമായ സ്പർശനത്തിന്റെ നടുക്കവും അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
ആദർശ് മുറിയിലേക്ക് വന്നപ്പോൾ ദേവി വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ അരികിൽ വന്നിരുന്നു. “ഭയപ്പെടേണ്ട ദേവി, നീ ഇവിടെ സുരക്ഷിതയാണ്,” അവൻ മൃദുവായി പറഞ്ഞു. അവൻ അവളുടെ തണുത്ത കൈകളിൽ തന്റെ കൈകൾ ചേർത്തു പിടിച്ചു. ആ സ്പർശനത്തിൽ വർക്കിയുടേതുപോലെയുള്ള വന്യതയോ കാമമോ ആയിരുന്നില്ല, മറിച്ച് ഒരു തണൽ മരത്തിന്റെ കരുതലായിരുന്നു.
പതിയെ അവൻ അവളുടെ മുഖം കൈവെള്ളയിലെടുത്തു. അവളുടെ കണ്ണുകളിൽ പ്രണയവും ഭയവും കലർന്ന ഒരു തിളക്കം. ആദർശ് അവളുടെ നെറ്റിയിൽ ദീർഘമായി ചുംബിച്ചു. ആ നിമിഷം അവളുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി. അവൻ അവളുടെ മുടിയിഴകൾ മാറ്റി കഴുത്തിൽ തന്റെ ചുണ്ടുകൾ അമർത്തി. ദേവിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. വർഷങ്ങളായി തളച്ചിടപ്പെട്ട അവളുടെ വികാരങ്ങൾ പതുക്കെ ഉണരുകയായിരുന്നു.
പിറ്റേന്ന് രാവിലെ സൂര്യപ്രകാശം ജനാലയിലൂടെ അകത്തേക്ക് കടന്നപ്പോൾ, ദേവി ഉണർന്നത് ആദർശിന്റെ കൈകൾക്കുള്ളിലായിരുന്നു. അവളുടെ മുഖത്തെ ആ പഴയ ഭയം മാഞ്ഞുപോയിരുന്നു. പകരം ഒരു വല്ലാത്ത സംതൃപ്തി അവിടെ നിഴലിച്ചു.
അമൽ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൻ അവരെ നോക്കി ചിരിച്ചു. താൻ ചെയ്തത് ശരിയായ കാര്യമാണെന്ന് അവന് ഉറപ്പായിരുന്നു. ദേവിയെ സംരക്ഷിക്കാനായി അവൻ എടുത്ത ഓരോ തീരുമാനവും ഇന്ന് അവൾക്ക് ഒരു പുതിയ ജീവിതം നൽകിയിരിക്കുന്നു.
✍️ പ്രവീണ കൃഷ്ണ
