ഇവിടുത്തെ ആ മൂധേവിയെ വിളിച്ചതാ… നേരം വെളുത്തപ്പോഴേക്കും ആരെ കാണാൻ പോയതാണൊ എന്തോ… അശ്രീകരം…” അവരുടെ സംസാരത്തിലും മുഖത്തും അറപ്പ് തെളിഞ്ഞു…

(രചന: ശിവപദ്മ)

“ശ്രീദേവി… എടീ… ശ്രീദേവി… ഹോ… ഈ നശൂലം പിടിച്ചവൾ ഇത് എവിടെ പോയി കിടക്കാ?… എടീ ശ്രീദേവി…” നടുത്തളത്തിലാകെ വിലാസിനി അമ്മയുടെ ശബ്ദം മുഴങ്ങി…

” എന്താമ്മേ.. അമ്മയെന്തിനാ രാവിലെ ഇങ്ങനെ ഒച്ചയിടുന്നത്… ” പ്രകാശൻ അവരുടെ അടുത്തേക്ക് വന്നു.

” ഇവിടുത്തെ ആ മൂധേവിയെ വിളിച്ചതാ… നേരം വെളുത്തപ്പോഴേക്കും ആരെ കാണാൻ പോയതാണൊ എന്തോ… അശ്രീകരം…” അവരുടെ സംസാരത്തിലും മുഖത്തും അറപ്പ് തെളിഞ്ഞു… പ്രകാശനിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല.

” എൻ്റെ കുറുഞ്ഞി നീയിങ്ങനെ എന്നേം കൊണ്ട് ഓടല്ലേ… ദേ അവിടെ വിളിതുടങ്ങീട്ടുണ്ടാവും… ഒന്ന് നിക്ക് കുറുഞ്ഞി… ” ശ്രീ ദേവി ഒരുവിധം പശുവിനെ കയറിൽ പിടിച്ചു അടുത്ത കുറ്റിയിലേക്ക് കെട്ടി…

” ഹോ… രാവിലെ നിൻ്റയീ ഓട്ടം കുറച്ചു കഷ്ടാണ് കുറുഞ്ഞി… ” നടു നിവർത്തി കൊണ്ട് ശ്രീ ദേവി പറഞ്ഞു.

” അല്ല ശ്രീ ദേവി എന്താ രാവിലെ തന്നെ പശൂനോട് ഒരു കിന്നാരം പറച്ചില്… ” അയൽ വക്കത്തെ സ്ത്രീ ചോദിച്ചു.

“ഏയ് ഒന്നൂല്ലേച്ചി ഞാൻ വെറുതെ… ” അവൾ നേര്യതിൻ്റെ തുമ്പ് ഇടുപ്പിൽ നിന്ന് അഴിച്ചിട്ടു.

“എടീ ശ്രീദേവി…. ” അകലെ നിന്ന് വിലാസിനിയുടെ ഒച്ച കേട്ടു.

“അയ്യൊ അമ്മ വിളിക്കുന്നു ഞാൻ പോവാണേ ചേച്ചി… ” അവൾ വേഗം പറമ്പിൽ നിന്നും വീട്ടിലേക്ക് ഓടി.

“പാവം… ” ആ സ്ത്രീ ശ്രീദേവിയുടെ പോക്ക് കണ്ട് മനസാലെ പറഞ്ഞു.

” ഇങ്ങ് വരട്ടെ എരണംകെട്ടവള്… ” ഡൈനിംഗ് ടേബിളിന് അരികിൽ ചെയർ വലിച്ചിട്ട് അതിലേക്ക് ഇരുന്നു ആയമ്മ.

” അമ്മ എന്നെ വിളിച്ചോ… ” ശ്രീദേവി അവരുടെ അടുത്തേക്ക് വന്നു.

” ഓ… തമ്പുരാട്ടി എഴുന്നുള്ളിയോ… എവിടെ പോയ് കിടക്കായിരുന്നേടി ഒരുമ്പെട്ടോളെ… രാവിലെ മനുഷ്യന് ഒരു ഗ്ലാസ് ചായ കുടിക്കണേ, നിന്റെ സമയവും നോക്കിയിരിക്കണൊ ഏഹ്…” വിലാസിനിയമ്മ ഉറഞ്ഞ് തുള്ളി.

” അത് നേരത്തെ അമ്മ എണീറ്റില്ലായിരുന്നല്ലൊ… അതാ ഞാൻ പശൂനെ പറമ്പിലേക്ക് മാറ്റി കെട്ടാൻ…” ശ്രീദേവി തലകുനിച്ചു.

” ഓഹോ ഞാനിനി നിൻ്റെ സമയത്തിനാണൊ എഴുനേൽകണ്ടത്…”

” അയ്യൊ ഞാൻ അങ്ങനെ ഒന്നും… ”

” നിന്ന് കഥാപ്രസംഗം നടത്താതെ പോയ് ചായ കൊണ്ട് വാടി… ” വിലാസിനി വീണ്ടും ഒച്ചയെടുത്തതും ശ്രീദേവി വേഗം അടുക്കളയിലേക്ക് പോയി.

അൽപ സമയത്തിനകം അവർക്കുള്ള ചായയുമായി അവൾ വന്നു… ചായ അവരുടെ മുന്നിലേക്ക് വച്ച് ശേഷം തിരികെ അടുക്കളയിലേക്ക് നടന്നു. വിലാസിനി ചായയെടുത്ത് ഒന്ന് മൊത്തി…

” എടി… നിക്കടിവിടെ… ” അവർ വിളിച്ചതും ശ്രീദേവി അവരുടെ അടുത്തേക്ക് വന്നു.

” എന്താമ്മേ… ” അവൾ ചോദിച്ചതും വിലാസിനി കൈയിലിരുന്ന ചൂട് ചായ അവളുടെ മുഖത്തേക്ക് വീശിയൊഴിച്ചു.

“ആഹ്… അമ്മേ… ” ശ്രീദേവി കുനിഞ്ഞിരുന്നു പോയ്..

“അമ്മേ… ” പിന്നിൽ നിന്ന് ദേഷ്യത്തിലുള്ള വിളികേട്ട് വിലാസിനി തിരിഞ്ഞ് നോക്കി. കോപം കൊണ്ട് വിറയ്ക്കുന്ന കാവേരിയെയാണ് അവർ കണ്ടത്.
അത്

” അമ്മയെന്ത് പണിയാ ഈ കാണിച്ചത്…. ” ശ്രീദേവിയെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു. അപ്പോഴേക്കും പ്രകാശനും അവിടെ എത്തിയിരുന്നു.

” പിന്നെ രാവിലെ വഴക്ക് പറഞ്ഞതിൻ്റേ ദേഷ്യത്തിൽ ഇവള് വായ്ക്ക് വയ്ക്കാൻ കൊള്ളാത്ത ചായേം കൊണ്ട് വന്നാ ഞാനെന്ത് വേണം.. ” വിലാസിനി സ്വന്തം തെറ്റിനെ ന്യായീകരിക്കുവാണ്.

” ഏട്ടത്തിയ്ക്ക് അങ്ങനെ ഒരു മനസ് ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ അമ്മയും മോനും എന്നേ നേരെയായേനെ… കുറച്ചു നേരമായി ഇവിടെ നടക്കുന്നത് എല്ലാം കണ്ട് കൊണ്ട് നിൽക്കാ ഞാൻ… എന്നെ കൊണ്ട് കൂടുതൽ പറയിക്കരുത്..” കാവേരി അവരുടെ നേരെ ചീറി.

“ആഹാ അത്രയ്ക്ക് ആയോ നീ… ” വിലാസിനി അവളുടെ നേരെ കൈയുയർത്തി ചെന്നു..

” ദേ എൻ്റെ ദേഹത്തെങ്ങാനും തൊട്ടാൽ, ഏട്ടത്തിയല്ല ഞാൻ… പറഞ്ഞേക്കാം.. ” അവൾ ചൂണ്ട് വിരൽ ഉയർത്തി ദേഷ്യത്തോടെ പറഞ്ഞു. അതിൽ അവരൊന്നടങ്ങി

” നിങ്ങൾക്ക് ഇത് എന്തിന്റെ കേടാ ഈ പാവത്തിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ… സമയാസമയങ്ങളിൽ വെച്ച് വിളമ്പിതരുന്നത് കൊണ്ടാണൊ… ” അപ്പോഴും അവൻ ശ്രീദേവയിൽ നിന്ന് പിടി വിട്ടിരുന്നില്ല..

“ഈ എരണംകെട്ടവളെ എൻ്റെ കണ്ണിന് നേരെ കാണുന്നത് എനിക്ക് ഇഷ്ടമല്ല…” അറപ്പോടെ വിലാസിനി പറയുന്നത് കേട്ടു ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ചുണ്ടുകൾ കടിച്ചു പിടിച്ചു അവൾ വിതുമ്പലടക്കി.

” പിന്നെ എന്തിനാ നിങ്ങള് ഇവരെ നിങ്ങളുടെ മകനെ കൊണ്ട് കെട്ടിച്ചത് ഇങ്ങനെ ഇട്ട് നരകിപ്പിക്കാനൊ…”

” അതിന് ഞാനല്ലല്ലൊ ഇവളെ എൻ്റെ മോനെ കൊണ്ട് കെട്ടിച്ചത്.. ചത്ത് മലച്ച നിങ്ങളുടെ തന്തയല്ലേ… ”

” ദേ… ”

” മതി കാവേരി ഇനിയൊന്നും പറയല്ലേ… ” ശ്രീദേവി അവളോട് പറഞ്ഞു.

” ഓ… എൻ്റെ മോളെ കൊണ്ട് ഇത്രയൊക്കെ പറയിച്ചിട്ട് അവളൊരു ശീലാവതി ചമയുന്നു, മ്ഹും…” അവർ പറയുന്നതിന് മറുപടി നൽകാതെ ശ്രീദേവി അടുക്കളയിലേക്ക് നടന്നു.

അവരെയൊന്ന് ചിറഞ്ഞ് നോക്കി കൊണ്ട് കാവേരി നടന്നു.. ഇതെല്ലാം വെറുതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പ്രകാശൻ.

“ഒരു കാര്യം ചോദിക്കട്ടെ ഏട്ടാ…” പ്രകാശൻ അവളെ നോക്കി.

“മ്? ”

” നിങ്ങളുടെ നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണൊ… ” അവൾ പുശ്ചത്തോടെ ചോദിച്ചു.

” ഡീ… ” പ്രകാശൻ അവളെ ചീറി.

“ഹാ… ഏട്ടൻ്റെ ചീറക്കം ഒക്കെ അകത്തേക്ക് പോയ ആ പാവമില്ലേ അതിനോടേ ചെലവാകൂ… എൻ്റെനേരെയെങ്ങാനും കൈ പൊങ്ങിയ ആ കൈ ഞാൻ തല്ലിയൊടിക്കും…”

” പ്ഫാ അസത്തെ ഏട്ടനോടാണോടി നീ ഇങ്ങനെ ഒക്കെ പറയുന്നേ… ” വിലാസിനി അവരുടെ അടുത്തേക്ക് വന്നു.

” ഹ്മ്… ഏട്ടനൊ ഇയാളോ… ആദ്യം ഒരു മനുഷ്യനാവട്ടെ എന്നിട്ട് മതി.. നാണമില്ലല്ലൊ നിങ്ങൾക്ക് താലി കെട്ടിയ ഭാര്യയെ ഇവര് ഇത്രയൊക്കെ അപമാനിച്ചിട്ടും ഇങ്ങനെ മരം കണക്കെ നിൽക്കാൻ…” അയാളെ നോക്കി പറഞ്ഞു കൊണ്ട് കാവേരി അകത്തേക്ക് കയറി പോയ്…

” കണ്ടോ കണ്ടോ എല്ലാം ആ ഒരുമ്പെട്ടോള് കൊടുത്ത കൈവിഷാ… ശരിയാക്കുന്നുണ്ട് ഞാൻ… ” വിലാസിനി മനസിൽ എന്തൊക്കെയൊ കണക്ക് കൂട്ടി…

ശ്രീദേവി ജോലികൾ എല്ലാം തീർത്ത് മുറിയിലേക്ക് എത്തിയപ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞിരുന്നു…

ചായ വീണ് പൊള്ളിയ പാടിലേക്ക് ഓയിൻമെൻ്റ് തേച്ചു, ചെറു നീറ്റലിൽ അവൾ എരിവ് വലിച്ചു… തൻ്റെ വിധിയോർക്കെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പ്രകാശന് മറുവശത്തേക്ക് കിടന്നവൾ…

അൽപം സമയം കഴിഞ്ഞതും വയറിലൂടെ കൈ ഇഴഞ്ഞ് വരുന്നത് അറിഞ്ഞു… ശരീരമാകെ തളർച്ചയും വേദനയും കാരണം അവൾ നന്നേ വിഷമിച്ചു.. കൂടാതെ മുഖത്തെ നീറ്റലും..

” പ്ലീസ് പ്രകാശേട്ടാ എനിക്ക് തീരെ വയ്യ ഇന്ന് വേണ്ട… ” പ്രകാശൻ്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അവൾ പറഞ്ഞതിനെ വക വയ്ക്കാതെ അവൻ മുഖം അവളിലേക്ക് ഇഴച്ചു… കൈ ശരീരത്തിൽ അങ്ങിങ്ങായി അമർന്നു… വേദനകൊണ്ട് അവൾ സഹികെട്ട് അവനിൽ നിന്ന് അകന്നു മാറി…

“ഞാൻ പറഞ്ഞില്ലേ പ്രകാശേട്ടാ, എനിക്ക് വയ്യ ഇന്നത്തേക്ക് എന്നെ വെറുതെ വിടൂ… പ്ലീസ്… ” അവൾ അയാൾക്ക് മുന്നിൽ കൈ കൂപ്പി.

” നാശം.. എൻ്റെ ആവശ്യങ്ങൾ ഒന്നും ചെയ്യാൻ കഴിയാത്ത വണ്ണം നിനക്ക് എന്ത് ജോലിയാടി ഇവിടെ… ” അവൻ ഈർഷ്യയോടെ പറഞ്ഞു.

സ്ഥിരം പല്ലവിയായത് കൊണ്ട് അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…

” മൂന്ന് നേരം മൂക്ക് മുട്ടെ കഴിക്കുന്നതിന് ഒരു കുറവും ഇല്ലല്ലോ… ഞാനൊന്നു തൊടുമ്പോഴേക്കും അവൾക്ക് ഇല്ലാത്ത ഓരോ അസുഖങ്ങൾ… അതൊ ഇനി മറ്റാർക്കെങ്കിലും വേണ്ടി കാത്തിരിക്കുകയാണൊ.. ” വഷള ചിരിയോടെ അവൻ അവളെ അടിമുടി നോക്കി..

“ഛേ.. ” അവൾ മുഖം വെട്ടിച്ചു.

“എന്താടി നിനക്ക് അറയ്ക്കുന്നുണ്ടോ, എന്നാൽ ഇന്ന് അത് ഞാൻ മാറ്റി തരാം… ” അവൻ അവളെ കൈ പിടിച്ചു വലിച്ച് ബെഡ്ഡിലേക്ക് ഇട്ടു.

“വേണ്ട പ്രകാശേട്ടാ… എനിക്ക് വയ്യ… ” അവളുടെ കരച്ചിലൊ എതിർപ്പോ ഒന്നും അവൻ വക വച്ചില്ല. അവനിലെ മൃഗം അവളെ കീഴ്പ്പെടുത്തുന്ന തിരക്കിലായിരുന്നു… അതിനിടയിൽ അവളുടെ വേദനയോടെ ഉള്ള ആർത്തനാദം ആ മുറിയിൽ പ്രതിധ്വനിച്ചു…

നിമിഷങ്ങൾക്ക് ഒടുവിൽ അവളിൽ നിന്നും അകന്ന് മാറിയവൻ ഒരു കൈയാൽ അവളെ വലിച്ച് കട്ടിലിൽ നിന്നും നിലത്തേക്ക് ഇട്ടു… ഒരു പഴംതുണി കെട്ട് പോലെ അവൾ നിലത്ത് വീണു… ശരീരമാകെ വേദനയിൽ മുങ്ങിയതിനാൽ അവളതറിഞ്ഞില്ല…

“ശവം… ഒന്നിനും കൊള്ളാതെ കിടക്കുന്നത് കണ്ടില്ലേ.. ഹും!…” പുതപ്പ് ചൂടുന്നതിന് ഇടയിൽ അവൻ പറയുന്നത് അവൾ കേട്ടു… കണ്ണിൽ നിന്നും ധാരധാരയായി കണ്ണീരൊഴുകി.

” ഈ ബോധമെങ്കിലും ഒന്ന് നശിച്ചിരുന്നു എങ്കിൽ ദൈവമേ…” അവൾടെ ഉള്ളം അലമുറയിട്ടു…

“എന്തിനാണ് ദൈവമേ… അച്ഛനും അമ്മയും പോയപ്പോൾ എന്നെ മാത്രം ഇവിടെ ഇട്ടത്… അവരുണ്ടായിരുന്നു എങ്കിൽ… ” മൗനമായി അവൾ ദൈവത്തോട് പരാതി പറഞ്ഞു.

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞ് കൊണ്ടിരുന്നു… ശ്രീദേവിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല… വിലാസിനിയുടെയും പ്രകാശൻ്റെയും നിരന്തരമായ ഉപദ്രവം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തേക്ക് കടന്നു…

ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ അവളതിന് മുതിർന്നില്ല… ആരോരും ഇല്ലാത്ത താൻ എങ്ങോട്ട് പോകാൻ എന്ന യാഥാർത്ഥ്യം അവളെ അവിടെ തന്നെ നിൽക്കാൻ നിർബന്ധിതയാക്കി… അവളുടെ ആ ബലഹീനത തന്നെയായിരുന്നു അമ്മയുടെയും മകന്റെയും വിജയം…
കാവേരി തിരികെ ഹോസ്റ്റലിൽ പോയത് ഇരുവർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി.

“എടീ.. ” വിലാസിനി അടുക്കളയിലേക്ക് നോക്കി വിളിച്ചു.

” എന്താമ്മേ… ”

” അപർണമോള് ഇന്ന് വരും അവൾക്ക് വേണ്ടുന്നതെല്ലാം ഉണ്ടാക്കി വയ്ക്കണം കേട്ടല്ലൊ… ”

” ആ” അവൾ തിരിച്ചു അടുക്കളയിലേക്ക് പോയി.

“അപ്പു എപ്പോഴാണ് അമ്മേ വരിക.. ” പ്രകാശൻ വിലാസിനിയോട് ചോദിച്ചു…

” എത്താറായടാ മോനേ… അവളും കൂടി ഇങ്ങോട്ട് വരട്ടെ, എന്നിട്ട് വേണം ചിലതൊക്കെ തീരുമാനിക്കാൻ… അവർ അവനെ ഒന്ന് നോക്കി.. അതിനർത്ഥം മനസിലായത് പോലെ അവൻ ചിരിച്ചു.

അപർണയും കൂടെ എത്തിയതും ശ്രീദേവിയുടെ ജീവിതം കുറച്ചു കൂടെ ദുസ്സഹമായി… അപർണയ്ക്ക് മുന്നിലിട്ട് അവളെ കുത്തി നോവിക്കുകയും ചെയ്തു, വിലാസിനിയും പ്രകാശനും.

” ഏട്ടത്തിയെന്തിനാ ഇങ്ങനെ ഇതൊക്കെ സഹിക്കുന്നെ, എതിർത്ത് ഒരു വാക്ക് പറഞ്ഞു നോക്ക് അത് വരയെ ഉള്ളു അമ്മയുടെയും മകന്റെയും ശൗര്യം… സർവ്വം സഹയായ പെണ്ണിന്റെ കാലമൊക്കെ അതിക്രമിച്ചു ഏട്ടത്തി… ഇപ്പൊ ഇങ്ങോട്ട് ഒന്ന് കിട്ടിയാൽ തിരിച്ചു ഒൻപത് കൊടുക്കും. ഇപ്പൊ എല്ലാത്തിനും കൂട്ടായി ആ അപർണയും…” കാവേരി ദേഷ്യത്തോടെ പറഞ്ഞു.

” എനിക്ക് അറിയില്ല കാവേരി, ചിലപ്പോൾ
തോന്നും ചത്ത് കളഞ്ഞാൽ എന്താണെന്ന്, പക്ഷേ അതിനുള്ള ധൈര്യം ഇല്ലെനിക്ക്… എന്ത് തെറ്റാണു ഞാൻ ചെയ്തത് എന്ന് പോലും അറിയില്ലടാ… ” അവൾ നേര്യതിൻ്റെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചു…

സംസാരിച്ചു കൊണ്ട് ഇരിക്കവേ ശ്രീദേവി ഓക്കാനിച്ച് കൊണ്ട് ദൂരേയ്ക്ക് മാറി… കാവേരി അവളുടെ പുറം ഉഴിഞ്ഞ് കൊടുത്തു.

” വാ ഏട്ടത്തി നമുക്ക് ഹോസ്പിറ്റൽ പോവാം… ”

” ഇല്ല മോളെ ഇപ്പൊ കുഴപ്പമൊന്നുമില്ല”

” ആ ഇത് ഞാൻ കുറെ കേട്ടതാ പക്ഷേ ഇത്തവണ അങ്ങനെ വിടാൻ ഞാൻ തയാറല്ല… എൻ്റെ ഒരൂഹം ശരിയാണെങ്കിൽ ഏട്ടത്തീടെ ഈ കഷ്ടപാടിൽ നിന്ന് അൽപം എങ്കിലും ആശ്വാസം പകരാൻ ദാ ഇവിടെ ഒരാള് വന്നിട്ടുണ്ട് എന്നാ തോന്നണെ… ” കാവേരി പറയവേ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു..

” സത്യാണൊ കാവേരി… ഞാൻ… അമ്മ… ” വാക്കുകൾ ഇടറിപോയി…

” അത് ഉറപ്പിക്കാനിണ് ഹോസ്പിറ്റലിൽ പോവാം എന്ന്… വാ.. ” കാവേരിയുടെ നിർബന്ധപ്രകാരം അവർ ഹോസ്പിറ്റലിൽ പോയി…

ഒരു നഴ്സായ കാവേരിയുടെ സംശയം ശരിയായിരുന്നു, ശ്രീദേവിയിൽ ഒരു കുരുന്നു ജീവൻ നാമ്പിട്ടിരുന്നു. അവൾക്ക് അതിൽ പരം സന്തോഷം മറ്റൊന്നും തന്നെ ഇല്ലായിരുന്നു…

“ഇതറിയുമ്പോൾ അമ്മയും പ്രകാശേട്ടനും ഈ സ്വഭാവമൊക്കെ മാറുവായിരിക്കും” ശ്രീ ദേവി പ്രഫതീക്ഷയോടെ പറഞ്ഞു..

” അമിതമായ പ്രതീക്ഷ വേണ്ട ഏടത്തി… വാ… ” അവർ ഒന്നിച്ചു വീട്ടിലേക്ക് പോയി.

“ഞാൻ വേഗം പ്രകാശേട്ടനെ കാണട്ടെ കാവേരി… വീട്ടിൽ എത്തിയതും മുകളിലെ മുറിയിലേക്ക് പോയി ശ്രീദേവി…

” ദൈവമേ ഇനിയെങ്കിലും അതിന് ഒരൽപം ആശ്വാസം കൊടുക്കണേ… ” കാവേരിയും അകത്തേക്ക് പോയി.

മുറിയിലെത്തിയ ശ്രി ദേവിയുടെ സപ്ത നാഡികളും തളർന്നു പോയി… പ്രകാശനും അപർണയും ആലിംഗനം ബദ്ധരായി നിന്ന് കൊണ്ട് ചുംബിക്കുകയാണ്. പ്രകാശൻ്റെ കൈകൾ അപർണയുടെ ശരീരവടിവുകളിൽ അമരുന്നു. അവൾ തിരികെയും..

കണ്ണിൽ ഇരുട്ടു കയറും പോലെ ശ്രീദേവിയ്ക്ക്, ഈ നിമിഷം ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവൾ… വേച്ചു വേച്ചു പടികെട്ട് വരെ നടന്നവൾ അടുത്ത നിമിഷം ബോധം മറഞ്ഞു പടികെട്ടിലൂടെ ഉരുണ്ട് താഴേക്ക് വീണിരുന്നു…

” ഏട്ടത്തി… ” ശബ്ദം കേട്ട് എത്തിയ കാവേരി ഉറക്കെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

” ഏട്ടത്തി കണ്ണ് തുറക്ക്… ഏട്ടാ… ഒന്ന് വേഗം വാ.. ” കാവേരിയുടെ നിലവിളി കേട്ട് പ്രകാശനും അപർണയും അകത്തെ മുറിയിൽ നിന്ന് വിലാസിനിയും ഇറങ്ങി വന്നു.

” ഏട്ടാ ഒരു വണ്ടി വിളിക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം… ” കാവേരി പറയുമ്പോഴേക്കും പ്രകാശൻ്റെ കണ്ണുകൾ ശ്രീദേവയുടെ കാൽക്കീഴിൽ നിന്ന് ഒഴുകിയിറങ്ങിയ ചോരയിലേക്ക് നീണ്ടു. ഒരു നിമിഷം അന്തിച്ചു വേഗം തന്നെ വണ്ടിവിളിക്കാനായി ഓടി…

💜

ഡ്രിപ്പിൻ്റെ ബോട്ടിലിൽ നിന്നും വളരെ ആയാസപ്പെട്ട് ഇറങ്ങി വരുന്ന മരുന്ന് തുള്ളിയെ നോക്കി കിടന്നു ശ്രീദേവി… ആ കണ്ണിൽ ഇപ്പോൾ കണ്ണീരിന്റെ ഒരംശമില്ല… വെറും നിർജീവമായ ഒരു രൂപം…
തനിക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷയുടെ തിരിനാളവും കെട്ട് പോയതിന്റെ മരവിപ്പിലാണവൾ…

” ഹാ… പോയത് പോയ് ഇനി പറഞ്ഞിട്ട് എന്താ… അല്ലെങ്കിലും നിനക്ക് അങ്ങനെ ഒരു സുകൃതമൊന്നും ഈശ്വരൻ തന്നിട്ടില്ലെടി… ” വിലാസിനിയിൽ വിഷമത്തിൻ്റെ ഒരംശപോലും ഉണ്ടായില്ല.

” ആ അതെ അല്ലെങ്കിൽ എൻ്റേതല്ലാത്ത ഒരു വിഴുപ്പിനെ ഞാൻ ചുമക്കേണ്ടി വന്നേനെ… ” പ്രകാശൻ പറഞ്ഞതും ശ്രീദേവി അയാളെ കത്തുന്ന കണ്ണുകളോടെ നോക്കി. അവന് താനാഗ്നിയിൽ ഇല്ലാതെ ആകുമൊ തോന്നിപ്പോയ്.

ബെഡ്ഡിൽ നിന്നും എണീറ്റ് കൈയിലേ ക്യാനുല വലിച്ചൂരി കളഞ്ഞു. പ്രകാശന് മുന്നിലെത്തി.

” താനെന്താ ഇപ്പൊ പറഞ്ഞത്… ” പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദമായിരുന്നത്.

” നീ ആരോടാടി സംസാരിക്കുന്നത്… ” വിലാസിനി അവൾക്ക് നേരെ തിരിഞ്ഞു…

” മിണ്ടരുത്!… ” ശ്രീദേവി അവർക്ക് നേരെ വിരലുയർത്തി… അതിൽ അവരാകെ പതറിപ്പോയി.

” ഇണിയൊരക്ഷരം മിണ്ടിയാൽ” അതൊരു താക്കീതായിരുന്നു. വീണ്ടും പ്രകാശൻ്റെ നേരെ വന്നു.

” പറയെടൊ, താനെന്താ പറഞ്ഞെ… ” പ്രകാശനും അവളുടെ മാറ്റത്തിൽ ഒന്ന് പതറി.

” എൻ്റേതല്ലാത്ത ഒന്ന് നശിച്ച് പോയത് തന്നെയാണ് നല്ല…” പ്രകാശൻ പറഞ്ഞ് പൂർത്തിയാക്കും മുൻപേ ശ്രീദേവിയുടെ കൈ അവൻ്റെ കരണത്ത് പതിഞ്ഞു…

അക്ഷരാർത്ഥത്തിൽ അവനും വിലാസിനിയും അപർണയും നടുങ്ങി തിരിച്ചു.
വാതിലിലായി നിന്ന കാവേരിയിൽ മാത്രം ഒരു പുഞ്ചിരിയായിരുന്നു.

” എടീ… നീ എൻ്റെ മോനെ… ” വിലാസിനി അവളുടെ അടുത്തേക്ക് വന്നു.

” അവിടെ… അവിടെ നിന്നോണം… ” ശ്രീദേവി കൈയുയർത്തി തടഞ്ഞു. വിലാസിനി പതറി കൊണ്ട് അവിടെ തന്നെ നിന്നു… ശ്രീദേവി പ്രകാശന് നേരെ തിരിഞ്ഞു.

” ഈ നിമിഷം വരെ എൻ്റെ ജീവിതത്തിന്റെ ഏക പ്രതീക്ഷ ആയിരുന്ന ആ കുഞ്ഞ് നഷ്ടപ്പെട്ടതിൽ ഞാൻ വേദനിച്ചിരുന്നു. പക്ഷേ ഇപ്പൊ തോന്നുന്നു അത് പോയത് നന്നായി എന്ന്… സ്വന്തം പിതൃത്വം നിഷേധിക്കുന്ന ഒരച്ഛൻ അതിന് വേണ്ട… എനിക്കും!.. ” ഇത്രകാലം അവളനുഭവിച്ച വേദനകൾ ഓരോന്നും പുറത്തേക്ക് വരുകയായിരുന്നു ആ നിമിഷം…

” ഇനി എനിക്ക് ഈ ജീവിതം വേണ്ട, ഒരു പെണ്ണ് എല്ലാം സഹിക്കും ഒന്നൊഴികെ തനിക്കുള്ള സ്ഥാനത്ത് ഭർത്താവ് മറ്റൊരുത്തിയെ കൊണ്ട് വരുന്നത് ഒഴികെ… ഇത്രയും കാലം നിങ്ങളുടെയും നിങ്ങളുടെ അമ്മയുടെയും എല്ലാ ഉപദ്രവവും ഞാൻ സഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്.. ഇനി ഒരു നിമിഷത്തേക്ക് പോലും ഞാനത് സഹിക്കില്ല… ” ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു ദേവി.

മറുത്തൊന്നും പറയാതെ പ്രകാശനും അപർണയും… അവർക്ക് മനസ്സിലായിരുന്നു തങ്ങളുടെ ബന്ധം ശ്രീദേവി അറിഞ്ഞു എന്ന്… വിലാസിനി അവരിരുവരുടെയും ഭാവവ്യത്യാസങ്ങളിൽ നിന്ന് ഏകദേശം കാര്യങ്ങൾ ഊഹിച്ചു… എങ്കിലും ഇത്രയും കാലം ഒരു അടിമയെപോലെ നടത്തിയിരുന്ന ശ്രീദേവി ഒരു സുപ്രഭാതത്തിൽ പോകുന്നു എന്നത് അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല… അവളെ ഉപദ്രവിക്കുന്നതിൽ നിന്നും ശകാരിക്കുന്നതിൽ നിന്നും അവർ വല്ലാത്ത ഒരു ആനന്ദം കണ്ടെത്തിയിരുന്നു…

” നീ എങ്ങോട്ട് പോകാനാണ്… ചത്ത് മലച്ച നിൻ്റെ തന്തയുടെയും തള്ളയുടെയും അടുത്തേക്കോ…”

” ഞാൻ എങ്ങോട്ട് പോയാൽ നിങ്ങൾക്ക് എന്താ… എന്തായാലും നിങ്ങളുടെയും നിങ്ങളുടെ ഈ മോൻ്റെയും ഉപദ്രവവും കാരണം ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല ഞാൻ… ഇത്രകാലവും എനിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു പക്ഷേ ഇപ്പൊ ഇപ്പൊ… അതിനേക്കാൾ വാശിയാണ് എനിക്ക് ജീവിക്കാൻ… പിന്നെ നിങ്ങള് ചോദിച്ചില്ലേ ആരുണ്ടെന്ന്… ആരോരും ഇല്ലാത്തവർക്ക് ഈശ്വരനുണ്ട്.. ആ ധൈര്യത്തിൽ ജീവിച്ചോളാം ഞാൻ.. ” അതും പറഞ്ഞു കഴുത്തിലേ താലിമാല ഊരി പ്രകാശൻ്റെ കൈയിലേക്ക് ഇട്ട് കൊടുത്തു…

അവൾ നടന്ന് അപർണയുടെ അടുത്ത് എത്തി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി… ശ്രീദേവിയുടെ നോട്ടത്തെ നേരിടാനാവതെ അവൾ മുഖം താഴ്ത്തി….

” നിന്നോട് എനിക്ക് ഒന്നും പറയാനില്ല അപർണ, നിനക്കുള്ള മറുപടി കാലം തരും… ” അവൾ അതും പറഞ്ഞു വാതുക്കലേക്ക് നടന്നു… അവിടെ കാവേരി അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു, അവൾ തിരികെയും…

ശ്രീദേവി പോയതും കാവേരി അവരുടെ അടുത്തേക്ക് വന്നു…

” കാലങ്ങളായി അടിച്ചമർത്തപ്പെട്ടവളുടെ വേദനയാണ്… അവളുടെ ഉള്ളിലേ തീയാണ് നിങ്ങൾ ഇപ്പോൾ കണ്ടത്… സർവ്വം സഹയായ ഭൂമി ദേവി തന്നെയാണ് സംഹാരരുദ്രയാവുന്നത് എന്ന് ഇപ്പൊ മനസിലായൊ… ഞാനും പോവുകയാണ്, ഇനി നിങ്ങൾക്ക് ഇങ്ങനെ ഒരു മകളില്ല… ” കാവേരി തിരിഞ്ഞ് നടന്നു.

” മോളേ… ” വിലാസിനി വിളിച്ചു.

” വിളിക്കരുത്… നിങ്ങൾക്ക് അതിനുള്ള അർഹതയില്ല… ” അവൾ തിരിഞ്ഞ് പ്രകാശൻ്റെ അടുത്ത് വന്നു..

” ഇപ്പോൾ പോലും കുറ്റബോധത്തിന്റെ ഒരംശം പോലും നിങ്ങളിൽ ഇല്ലല്ലൊ കഷ്ടം… ” അപർണയെ അറപ്പോടെ നോക്കി കാവേരിയും പുറത്തേക്ക് ഇറങ്ങി പോയി…

💜

ഹോസ്പിറ്റലിൻ്റെ പുറത്തെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുകയാണ് ശ്രീദേവി…

” ഏട്ടത്തി… ” കാവേരി അവളുടെ തോളിൽ പിടിച്ചു. പൊടുന്നനെ പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രീദേവി അവളുടെ ചുമലിലേക്ക് വീണു…

” മനസിലുള്ളത് എല്ലാം കരഞ്ഞ് തീർത്തേക്ക് ഏടത്തി, എല്ലാം ഇവിടെ കഴിയണം ഇനി അങ്ങോട്ട് ഈ കണ്ണീര് ഉണ്ടാവരുത് ഏട്ടത്തിയിൽ… ജീവിച്ച് കാണിച്ച് കൊടുക്കണം ഏട്ടത്തി…”

ഓർമകളുടെ കുത്തൊഴുക്കിൽ നിന്ന് കണ്ണ് തുറക്കുമ്പോൾ ഒരു പുഞ്ചിരിയായിരുന്നു ശ്രീദേവിയിൽ…

” അന്ന് കാവേരിയുടെ വാക്കിൽ നിന്നും ഉണ്ടായ ആത്മവിശ്വാസത്തിലാണ് ശ്രീദേവിയുടെ ഈ രണ്ടാം ജന്മം… അവൾക്ക് ഒപ്പം ബാംഗ്ലൂരിലേക്ക് വന്നതും അവളുടെ ഹോസ്റ്റലിലെ മെസ്സിൽ കുക്കായി ജോലിയ്ക്ക് കയറിയതും പഠിക്കാൻ തുടങ്ങിയതും എല്ലാം ആ ഒരു ആത്മവിശ്വാസത്തിലാണ്… ഇന്ന്, പത്ത് വർഷങ്ങൾക്ക് ഇപ്പുറം നാടറിയുന്ന ഗൈനക്കോളജിസ്റ്റ് dr .ശ്രീദേവിനായരായി അറിയപ്പെടുമ്പോൾ അഭിമാനം മാത്രമേ തോന്നുന്നുള്ളു… ഈ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആ നരകജീവിതത്തിൽ നിന്ന് ഇറങ്ങി നടന്നതാണ് എന്ന് ഉറപ്പിച്ചു പറയാം കഴിയും…

ഹലോ… മാഡം… എന്താ സ്വപ്നലോകത്ത്, പോവണ്ടേ… ” ക്യാബിൻ ഡോർ തുറന്നു കൊണ്ട് കാവേരി അകത്തേക്ക് കയറി.

“ഏയ് ഒന്നൂല ഞാൻ വെറുതെ… ”

” മ്..വാ.. പോവാം… ” കാവേരി അവളുടെ കൈയും പിടിച്ച് പുറത്തേക്ക് ഇറങ്ങി…
ശ്രീദേവി അവളെ വാത്സല്യപൂർവം നോക്കി…

തനിച്ചായ നിമിഷം മുതൽ ഈ നിമിഷം വരെയും ഈ കൈയിലെ പിടി അവൾ വിട്ടിട്ടില്ല… അവൾക്കായി ഒരു കുടുംബം അവൾ തന്നെയാണ് കണ്ടെത്തിയത്. അവളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഭാര്യയെന്നാൽ തനിക്ക് കീഴെയല്ല തനിയ്ക്ക് ഒപ്പമാണ് എന്ന് തിരച്ചറിവുള്ള ഒരുവനാണ് അവളുടെ ജീവിതപങ്കാളി.. തനിക്കവൻ അനുജനാണ്, ഏറ്റവും നല്ല സുഹൃത്താണ്… ഞങ്ങളുടെ മാത്രം ഹരി…

കാറിലിരിക്കുമ്പോൾ ശ്രീദേവിയിൽ ഒരു കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു… ആരോരും ഇല്ലാത്ത ഒരുവൾ ജീവിതത്തിൽ നരകയാതന മാത്രം അനുഭവിച്ച് തീരേണ്ടിയിരുന്നവളിൽ നിന്ന് രക്ഷിക്കാൻ ദൈവം തന്നതാണ് കാവേരിയെ… ദൈവം ഉണ്ടെന്ന് ഇവളിലൂടെയാണ് താൻ തിരിച്ചറിഞ്ഞത്… എൻ്റെ യാത്ര തുടങ്ങിയിട്ടേ ഉള്ളു…
മുന്നോട്ടു പോകാനുണ്ട് ഇനിയുമേറെ….

Leave a Reply

Your email address will not be published. Required fields are marked *