“സാറേ.. സാറിന്റെ അനിയത്തി അല്ലെ ആ ഇരിക്കുന്നെ.. ”
കോൺസ്റ്റബിൾ അജിത്ത് ചൂണ്ടിക്കാട്ടിയ ടേബിളിലേക്ക് നോക്കവേ നിരഞ്ജന്റെ നെറ്റി ചുളിഞ്ഞു.
‘ അതേ.. അത് ഗൗരി ആണ് കൂടെ… കൂടെ ആരാ അത്.. ‘
ഒരു നിമിഷം അവന്റെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പ് അടിച്ചു. അതിനിടയിൽ നിരഞ്ജനെ ഗൗരിയും കണ്ടിരുന്നു. അവളാകട്ടെ ആകെ നടുങ്ങി പോയി.. അവൻ അരികിലേക്ക് ചെല്ലവേ പെട്ടെന്ന് ചാടി എഴുന്നേറ്റു ഗൗരി.
“ചേട്ടാ.. ചേട്ടാ.. പ്ലീസ് ബഹളം ഉണ്ടാക്കരുത്… ഇത്.. ഞങ്ങൾ ഫ്രണ്ട്സ് ആണ്.. അല്ല… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…. ഇവൻ അഭിഷേക്…. ഇവിടൊരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ഏട്ടനോട് പറയാനിരുന്നതാണ്….. പക്ഷെ ഇതിപ്പോ പെട്ടെന്ന്…”
ഗൗരി അപേക്ഷയോടെ ഒപ്പം ഏറെ വെപ്രാളത്തിൽ നോക്കുമ്പോൾ മറുപടി ഒന്നും പറഞ്ഞില്ല നിരഞ്ജൻ. അവന്റെയുള്ളിൽ അപ്പോഴും അവൾ തന്റെ കുഞ്ഞു പെങ്ങളായിരുന്നു.. അതുകൊണ്ട് തന്നെ ആ കേട്ട വാക്കുകൾ അവന് വിശ്വസിക്കുവാനെ കഴിഞ്ഞില്ല…
” ഏട്ടാ.. ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്… എക്സാം ഒക്കെ ആയി വരുവല്ലേ.. ”
രാവിലെ ഗൗരി പറഞ്ഞ ആ വാക്കുകൾ ആയിരുന്നു അവന്റെ മനസ്സിൽ അപ്പോൾ.
സിറ്റി സ്റ്റേഷനിലെ എസ് ഐ ആണ് നിരഞ്ജൻ. അവന്റെ പ്രിയപ്പെട്ട കുഞ്ഞു പെങ്ങൾ ആണ് ഗൗരി. അന്നൊരു ദിവസം ഡ്യൂട്ടിക്കിടയിൽ ഒരു കോഫി കുടിക്കുവാനായി അടുത്തുള്ള കഫേയിലേക്ക് കയറവേയാണ് അപ്രതീക്ഷിതമായി അവിടെ വച്ച് ഗൗരിയെയും കൂടെ ഒരു പയ്യനെയും അവൻ കാണുന്നത്.
” മോളെ ഇതാണോ നിന്റെ സ്പെഷ്യൽ ക്ലാസ്സ് … രാവിലെ എന്തൊക്കെ കള്ളങ്ങൾ പറഞ്ഞാ നീ വീട്ടിൽ നിന്നും ഇറങ്ങിയത്… അപ്പോ ഇതുപോലെ എന്തെല്ലാം നുണകൾ നീ പറഞ്ഞിട്ടുണ്ടാകണം ഇതിനു മുന്നേ. ”
ആ ചോദ്യം കേൾക്കെ ഗൗരി തല കുമ്പിട്ടു. നിരഞ്ജനെ കണ്ടമാത്രയിൽ ആകെ പേടിച്ച അവസ്ഥയിൽ ആയിരുന്നു അഭിഷേകും. ആ വരവ് അവനും ഒട്ടും പ്രതീക്ഷിച്ചില്ല.
” ഏട്ടാ.. ഞാൻ എല്ലാം പറയാം.. ഇപ്പോ ഏട്ടൻ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.. ഞാൻ ഇപ്പോ തന്നെ വീട്ടിലേക്ക് പൊയ്ക്കോളാം… പ്ലീസ് ”
ഒരു പ്രശ്നമായാൽ ചുറ്റുമുള്ള ആൾക്കാർ ശ്രദ്ധിക്കുമോ എന്ന പേടി ഗൗരിയെ വല്ലാതെ അലട്ടി. എന്നാൽ അപ്പോഴും അഭിഷേകിനെ തന്നെ തുറിച്ചു നോക്കി നിൽക്കുകയായിരുന്നു നിരഞ്ജൻ.
” ടാ നീ….. ”
അവന്റെ കണ്ണുകളിൽ കോപം ഇരുണ്ടു കൂടുമ്പോൾ അഭിഷേക് ഒന്ന് ഭയന്നു.
“സർ.. അത് തന്നെ… പ്രശ്നം ഒന്നുമില്ല സർ.. അധികനാളായിട്ടില്ല… ജസ്റ്റ് കാണലും സംസാരിക്കലും മാത്രമേ ഉള്ളു അല്ലാണ്ട് ഒന്നും ഇല്ല.. സോറി.. അറിയാതെ പറ്റിപ്പോയതാ ഞാൻ ഇനി ആവർത്തിക്കില്ല.. സാറിന്റെ പെങ്ങളാണെന്ന് അറിയില്ലായിരുന്നു.. ദേ വിട്ടു ഞാൻ… ഇപ്പൊ തന്നെ പോയേക്കാം.. ”
പേടിച്ചു പേടിച്ചു അവൻ പിന്നിലേക്ക് മാറുമ്പോൾ ഇത്തവണ ഞെട്ടിയത് ഗൗരിയാണ്.
” അ.. അഭി.. ”
അതിശയത്തോടെ അതിലുപരി ഞെട്ടലോടെ തന്നെ അവൾ നോക്കുമ്പോൾ മുഖം കുനിച്ചു അഭിഷേക്.
” സോ.. സോറി ഗൗരി… കാര്യങ്ങൾ കൈവിട്ടു.. ”
പറഞ്ഞൊപ്പിച്ചു വെപ്രാളത്തിൽ അവൻ ഇറങ്ങി ഓടുമ്പോൾ ഒന്നും മനസിലാകാതെ നോക്കി നിൽക്കുവാനേ ഗൗരിക്ക് കഴിഞ്ഞുള്ളു.
” അജിത്തേ.. ആളെ മനസിലായില്ലേ.. വിടണ്ട… അവനെ ഒന്ന് വിരട്ടി വിട്ടേക്ക്…. അല്ലേൽ നമുക്ക് പണി ആകും..”
നിരഞ്ജന്റെ വാക്കുകൾ കേൾക്കവേ അജിത്ത് അഭിഷേകിനു പിന്നാലെ പാഞ്ഞു. ഇതൊക്കെയും കണ്ട് നിന്ന ഗൗരി ആകട്ടെ ആകെ കുഴഞ്ഞ അവസ്ഥയിൽ ആയി.
” ഏട്ടാ.. എന്താ ഇതൊക്കെ.. ഏട്ടനെ കണ്ട് അഭിഷേക് എന്തിനാ പേടിച്ചു പോയത്.. നിങ്ങൾ മുന്നേ അറിയോ.. ”
“മോള് ഇരിക്ക്. ”
അവളുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ശാന്തനായി പതിയെ ചെയറിലേക്ക് ഇരുന്നു നിരഞ്ജൻ പിന്നാലെ ഗൗരിയും.
” മോൾക്ക് അവനെ എത്രനാളായി അറിയാം. ”
“ഏട്ടാ.. അത് ആറു മാസത്തോളം ആകുന്നു. എന്താ കാര്യം.. ഒന്ന് പറയ്..”
അവളുടെ മുഖത്ത് സംശയം നിഴലിച്ചു നിന്നു.
” മോളെ അവനൊരു ഫ്രോഡ് ആണ്… ഈ അടുത്ത് ഒരു ഹോട്ടലിൽ നിന്ന് അവനെയും ഒരു പെണ്ണിനേയും ഞങ്ങൾ പൊക്കിയതാണ്.. അവളാണേൽ കാശിനു വേണ്ടി …… അറസ്റ്റു ചെയ്യാൻ നിയമം ഇല്ലാത്തത് കൊണ്ട് തന്നെ അന്ന് രണ്ട് കൊടുത്തു വിട്ടതാ ഞാൻ പിന്നേ ആളെ പറ്റി ഒന്ന് അന്വേഷിച്ചപ്പോ പെണ്ണ് കേസിൽ വിരുതൻ ആണെന്ന് അറിഞ്ഞു.. ഞങ്ങടെ നോട്ടപ്പുള്ളിയാ ആള്.. ആ അവനാ ഇപ്പോ നിനക്കൊപ്പം… ”
ഞെട്ടി തരിച്ചിരുന്നു പോയി ഗൗരി.
” ഏട്ടാ.. ഈ പറഞ്ഞത് സത്യം ആണോ… ഏട്ടന് ആള് മാറിയോ… അഭിഷേക്.. അവൻ അങ്ങനുള്ള ആളൊന്നുമല്ല.. ”
അവളുടെ മറുപടി കേട്ട് ഒന്ന് പുഞ്ചിരിച്ചു നിരഞ്ജൻ.
” മോൾക്ക് എങ്ങിനെയാ അവനെ പരിചയം… ”
“ഞാൻ.. ഞാൻ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാ അവനെ.. പക്ഷെ നല്ലവനായാ എന്നോട്… മോശമായിട്ടൊന്നും ഇതുവരെ… ”
പറഞ്ഞ് മുഴുവിയ്ക്കുവാൻ കഴിഞ്ഞില്ല.. അവിശ്വസനീയമാണെങ്കിലും പറഞ്ഞത് സ്വന്തം ഏട്ടൻ ആയപ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ ആയി ഗൗരിക്ക്.
” ആളൊന്നും മാറിയില്ല മോളെ.. തെറ്റ് പറ്റിയത് നിനക്കാണ്.. ”
നിരഞ്ജൻ ഉറപ്പിച്ചു പറയവേ താൻ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ വേദനയോടെ പൊട്ടികരഞ്ഞു പോയി ഗൗരി.
” മോളെ കരയണ്ട… ഇനീപ്പോ കഴിഞ്ഞത് കഴിഞ്ഞു… വെറുതേ ആൾക്കാരെ കൂടി അറിയിക്കേണ്ട.. നോക്ക് പ്രേമമൊക്കെ മോശമാണെന്നു ഞാൻ ഒരിക്കലും പറയില്ല പക്ഷെ നിങ്ങൾ പെൺകുട്ടികൾ കുറച്ചു കൂടി ശ്രദ്ധ കാണിക്കണം.. ഒരാളോട് ഇഷ്ടം തോന്നുമ്പോൾ ആദ്യമേ ഒരു തരം ഭ്രാന്ത് കാട്ടാൻ നിൽക്കാതെ അവൻ ആര് എങ്ങിനെ എന്നൊക്കെ ഒന്ന് അറിയാൻ ശ്രമിക്കണം. തിരഞ്ഞെടുക്കുന്ന പാർട്ണർ ചതിക്കില്ല എന്ന് ഉറപ്പ് വരുത്തണം.. അത് ചെയ്താൽ ഇതുപോലുള്ള കരച്ചിൽ ഒഴിവാക്കാൻ പറ്റും.. ഇതൊരു ഉപദേശമായി കാണണ്ട.. ഒരു സുഹൃത്ത് പറയുന്നതായി കണ്ടാൽ മതി മോള് ”
നിരഞ്ജൻ എഴുന്നേറ്റു അരികിലേക്ക് ചെന്ന് ചുമലിൽ കൈ വയ്ക്കവേ അവനിലേക്ക് ചേർന്നു ഗൗരി.
” ഏട്ടാ സോറി… തെറ്റ് പറ്റിപ്പോയി… വലിയ തെറ്റ് ഇനി ഞാൻ ഇത് ആവർത്തിക്കില്ല… എന്നോട് ക്ഷമിക്കണം… ”
മാനസിൽ തട്ടിയാണ് അവൾ അത് പറഞ്ഞത്..
ആ വാക്കുകൾ നിരഞ്ജനും ഏറെ ആശ്വാസമായി.ആ കഫേയിലേക്ക് ചെല്ലുവാൻ തോന്നിയ നിമിഷത്തെ ഒരു നിമിത്തമായി കണ്ടു അവൻ.
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു.
