“ഒരു വർഷത്തോളം മറ്റൊരുവനെ ചുമന്ന മനസ്സും ശരീരവുമാണെന്റെ…
ഇനി
നിങ്ങൾക്ക് പുതിയതായ് തരാൻ ഒന്നുമില്ലെന്റെ കയ്യിൽ…
ഇവരെല്ലാം ഓരോന്നും പറഞ്ഞ് ചതിക്കുകയാണ് നിങ്ങളെ… അതിൽ കുരുങ്ങാതെ രക്ഷപ്പെട്ട് പൊയ്ക്കോ നിങ്ങൾ…”
നിറഞ്ഞൊഴുകുന്ന കണ്ണുകളും വിറയ്ക്കുന്ന ചുവന്ന ചുണ്ടുകളുമായ് പെണ്ണൊരുത്തി മുന്നിൽ നിന്ന് കരഞ്ഞുകൈകൂപ്പി കെഞ്ചി പറയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതവളെ നോക്കി നിന്നു അനന്തൻ…
“എന്നെയാരും ചതിക്കാൻ നോക്കിയിട്ടില്ല കീർത്തന… ആരും ഒന്നും എന്റെ അടുത്ത് നിന്ന് മറച്ചിട്ടും ഇല്ല… ഇയാളെ സംബന്ധിക്കുന്ന എല്ലാ കാര്യവും ഇവിടുള്ളവർ എന്നെ ആദ്യമേ അറിയിച്ചിട്ടുണ്ട്…
താനിവരുടെ ആരുമല്ലെന്നും ഈ വിവാഹത്തിലൂടെ എന്നന്നേയ്ക്കുമായ് ഒഴിവാക്കി വിടുകയാണ് തന്നെ ഇവരെന്നും എനിയ്ക്കറിയാം… എന്നോടിവർ പറഞ്ഞിരുന്നു അതെല്ലാം.. എല്ലാം അറിഞ്ഞു തന്നെ പെണ്ണുകാണാൻ വന്നവനാണ് ഞാൻ..
അതു കൊണ്ടു തന്നെ ഈ വിവാഹാലോചനയിൽ നിന്നൊഴുവാകാൻ ഇവരോട് പറയാനൊരു കാരണവുമില്ലെനിയ്ക്ക്…
നിസ്സഹായതയുണ്ട് അനന്തന്റെ ശബ്ദത്തിൽ.. അവളെ അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെ നഷ്ടപ്പെടുമോ എന്ന ചിന്തയിൽ നിന്നുണ്ടായ നിസ്സഹായത…
മുന്നിൽ നിൽക്കുന്ന അനന്തന വിവാഹം കഴിക്കുക, അതുമല്ലെങ്കിൽ ആർക്കും വേണ്ടാത്ത തന്റെയീ നശിച്ച ജീവിതം എന്നന്നേയ്ക്കുമായ് ഇല്ലാതാക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല തന്റെ മുന്നിലിനിയെന്ന് തിരിച്ചറിഞ്ഞതും ശബ്ദമില്ലാതെ കണ്ണീർവാർത്തു കീർത്തന….
അവളിൽ നിന്ന് നിശബ്ദമായ് ഉയരുന്ന കരച്ചിൽ ചീളുകൾ തിരിച്ചറിയാൻ സാധിച്ചിട്ടും, ആ പെണ്ണിന്റെ നിസ്സഹായത മനസ്സിലാക്കിയിട്ടും അവളെ വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞില്ല അനന്തനും… അത്രത്തോളം അവളെ അവനിഷ്ടപ്പെട്ടു പോയിരുന്നു… അവളാരാണ് എന്താണ് എന്നറിഞ്ഞുതന്നെ…
” നിനക്കു വേണ്ടി ചിലവാക്കാൻ അഞ്ചിന്റെ പൈസയില്ല ഇനിയീ വീട്ടിലാരുടേയും കയ്യിൽ… അല്ലെങ്കിൽ തന്നെ എന്ത് ബന്ധത്തിന്റെ പേരിലാണ് ഞങ്ങൾ നിനക്ക് വേണ്ടി പണം ചിലവാക്കേണ്ടത്…?
കീർത്തനയോട് ചോദിയ്ക്കുമ്പോൾ സത്യത്തിൽ അലറുക തന്നെയായിരുന്നു അവളുടെ ഏട്ടൻ കാർത്തിക്…
“കണ്ണും മിഴിച്ച് നോക്കി നിൽക്കാതെ ഉത്തരം പറയെടീ…?
ഞങ്ങളുമായ് എന്തു ബന്ധമുണ്ടായിട്ടാണ് നിനക്കു വേണ്ടി ഞങ്ങൾ പൈസമുടക്കേണ്ടത്…?
ഞങ്ങളുടെ അമ്മ മരിച്ച അവസരം മുതലാക്കി ഞങ്ങളുടെ അച്ഛന്റെയും ഞങ്ങളുടെയും ജീവിതത്തിലേക്ക് നുഴഞ്ഞു കയറിയ സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകൾ മാത്രമാണ് നീ…
” ഞങ്ങളുടെയോ ഞങ്ങളുടെ അച്ഛന്റെയോ രക്തമല്ല നീ… നിന്നെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവുമല്ല…. അതു കൊണ്ട് ഇന്ന് നിന്നെ പെണ്ണ് കാണാൻ വന്ന ഒരുവനില്ലേ, എന്തായിരുന്നു അവന്റെ പേര്… ആ… അനന്തൻ… അവനെയും കെട്ടി എത്രയും വേഗം ഈ വീട്ടിൽ നിന്ന് എന്നേക്കുമായ് മാറി തരണം നീ… ഞങ്ങളുടെ ആരും അല്ലാത്ത ഒരുവൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടാവുന്നത് ഞങ്ങൾക്കാർക്കും ഇഷ്ടമില്ല… എത്രയും വേഗം ഇവിടെ നിന്നിറങ്ങാമോ അത്രയും വേഗം ഇറങ്ങണം ഇവിടുന്ന്…. ”
കീർത്തനയുടെ കണ്ണീരോ നിസ്സഹായതയോ ഒന്നുമൊരു വിഷയമേ അല്ലാന്നുള്ള രീതിയിൽ കാർത്തിക് പറഞ്ഞു നിർത്തുമ്പോൾ ആ വീട്ടിലെ എല്ലാവരും അവൻ പറഞ്ഞതിനൊപ്പം നിന്ന് ഒരു നികൃഷ്ടജീവി എന്നതുപോലെ വെറുപ്പോടെ നോക്കി കീർത്തനയെ….
അമ്മ രണ്ടാമത് വിവാഹം കഴിച്ച ആളുടെ ആദ്യ ബന്ധത്തിലെ മക്കൾക്ക് താനാരുമല്ല എന്ന തിരിച്ചറിവ് ആദ്യം മുതലേ ആവോളമുണ്ടെങ്കിലും രണ്ടാം വിവാഹമെന്ന പരീക്ഷണത്തിന് ഇനിയൊരിക്കൽ കൂടി നിന്നു കൊടുക്കാൻ ഭയമായിരുന്നവൾക്ക്…
അമ്മയും രണ്ടാനച്ഛനും മരിച്ചപ്പോൾ താനെന്ന അനാഥ പെണ്ണിന്റെ ശല്യം ഒഴിവാക്കാൻ കാർത്തിക് ഉൾപ്പെടെയുള്ളവർ കണ്ടെത്തി തന്ന ആദ്യ വിവാഹത്തിന്റെ കയ്പുനീർ ഇന്നുമുണ്ടവളിൽ ആവോളം…
ചോദിക്കാനും പറയാനും ആരുമില്ലാത്തൊരുവളെ തെരുവുപട്ടിയെക്കാൾ ക്രൂരമായ് ഉപദ്രവിക്കുന്നവനായിരുന്നു അവളുടെ ആദ്യ ഭർത്താവ്…
അയാൾക്കൊപ്പമുള്ള ജീവിതത്തെക്കാൾ ഭേദം മരണമാണെന്നു തോന്നിയതുകൊണ്ടാണ് ഒരിക്കൽ അവളാ വഴി തിരഞ്ഞെടുത്തതും… എന്നാൽ എല്ലായിടത്തും തോൽവി മാത്രം ശീലിച്ച അവൾ അവിടെയും തോറ്റു…
ഒടുവിൽ അയാളമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് തിരികെ ഇവിടേയ്ക്ക് തന്നെ വരേണ്ടി വന്നു… വന്ന അന്നു മുതൽ കഴിയ്ക്കുന്ന അന്നത്തിനും കുടിയ്ക്കുന്ന വെള്ളത്തിനും വരെ കണക്ക് കേൾക്കുന്നു… അതിലവസാനത്തെയാണീ പെണ്ണുകാണൽ…. വിവാഹത്തിന് സമ്മതിച്ചേ മതിയാവൂ… ഇനിയും ഈ വീട്ടിൽ തുടരാൻ സാധിയ്ക്കില്ല… തിരിച്ചറിവിന്റെ വേദനയിൽ നീറിയെരിഞ്ഞു കീർത്തന….
യാതൊരു ചമയങ്ങളുമില്ലാതെ ,കരഞ്ഞു കണ്ണുനീർ വറ്റിയ മുഖവുമായി തനിയ്ക്ക് മുന്നിൽ താലിക്കെട്ടാൻ ശിരസ്സു കുനിച്ചു നിന്നു തന്നെവളിലേയ്ക്ക് അനുസരണ ഇല്ലാതെ പാളി ചെല്ലുന്നുണ്ട് അനന്തന്റെ മിഴികളെപ്പോഴും…
ഇന്നു രാവിലെയായിരുന്നു ആളും ആരവവും ഒന്നുമില്ലാതെ അടുത്തുള്ള അമ്പലത്തിൽ വെച്ച് ആ ചടങ്ങ് നടന്നത്… യാത്ര ചോദിയ്ക്കാനും പറയാനും ആരുമില്ലാതെ തനിയ്ക്കൊപ്പം വന്ന തീർത്തും നിസ്സഹായ ആയൊരു പെൺക്കുട്ടി… അതാണ് അനന്തന് കീർത്തന…
“അനന്തൂ…. ഞങ്ങളെന്നാൽ ചെല്ലട്ടെ… നേരം രാത്രിയായില്ലേ…ഇനി നിങ്ങള് രണ്ടാളും മിണ്ടി പറഞ്ഞിരിക്ക്…. ”
കീർത്തനയെ കാണാൻ വന്നവരോരുത്തരായ് യാത്ര പറഞ്ഞിറങ്ങിയതും അവരെയെല്ലാം നേർത്ത ചിരിയോടെ യാത്രയയച്ച് അനന്തൻ ഉമ്മറ വാതിലടച്ചതും ഭയന്നു വിറച്ചു പോയ് കീർത്തന….
ആദ്യവിവാഹത്തിലെ അനുഭവം വെച്ച് ഈ നിമിഷം അനന്തൻ തന്നെ ശാരീരികമായ് ഉപദ്രവിച്ച് കടിച്ചുകുടയുമെന്ന ചിന്തയിൽ കീർത്തന കണ്ണുകൾ ഇറുക്കി അടച്ച് വിയർത്തൊട്ടി ഭയന്നു നിന്നവിടെ….
“കുറെ നേരമായില്ലേ കീർത്തനേ താനീങ്ങനെ ഒരേ ഡ്രസിൽ നിൽക്കുന്നു… ചെല്ല് ചെന്നൊന്നു മേൽ കഴുകി വാ…. എന്നിട്ടു കഴിച്ചു കിടക്കാം നമുക്ക്… നല്ല ക്ഷീണം… ”
സ്ഥിര പരിചയമുള്ള ഒരുവളോട് പറയും പോലെ കീർത്തനയോടെ പറഞ്ഞ് തനിയ്ക്ക് കുളിച്ചുമാറ്റാനുള്ള വസ്ത്രങ്ങളുമെടുത്ത് അനന്തൻ ഇറങ്ങി പോയതും തന്റെ ചിന്തകൾക്ക് വിഭിന്നമായ് നടന്ന കാര്യങ്ങളിൽ പകച്ചവനെ നോക്കി കീർത്തന…
“കുറെ നേരം ആലോജിച്ച് നിൽക്കാതെ
വേഗം മേൽ കഴുകി വരണേ… എനിയ്ക്ക് നല്ല വിശപ്പുണ്ട് ട്ടോ കീർത്തനേ…”
പുറത്തേയ്ക്ക് നടക്കും വഴി അനന്തൻ വിളിച്ചു പറഞ്ഞതും ഒരു ഞെട്ടലോടെ മുറിയിക്കുള്ളിലെ ബാത്ത് റൂമിലേക്ക് ധൃതിയിൽ കയറിയവൾ
നാളെ മുതൽ നമുക്കിവിടെ ഉണ്ടാക്കാം ഭക്ഷണം, ഇന്ന് ഈ ഹോട്ടൽ ഫുഡിൽ അഡ്ജസ്റ്റ് ചെയ്യാം ട്ടോ തൽക്കാലം…
രണ്ടു ചപ്പാത്തിയും കറിയും കീർത്തനയുടെ പ്ലേറ്റിൽ വെച്ച് അനന്തൻ പറഞ്ഞതിനൊന്നു തലയാട്ടുമ്പോഴും കീർത്തനയുടെ മനസ്സിൽ ഭക്ഷണശേഷം അവനൊപ്പം ഒരു മുറിയിൽ കിടക്കുന്നതിന്റെ ഭയം മാത്രമാണ് നിറഞ്ഞു നിന്നത്…
വിവാഹവും വിവാഹ ജീവിതവും എന്തെന്ന് ശരിയ്ക്കും തിരിച്ചറിയും മുമ്പ് ആദ്യ ഭർത്താവിൽ നിന്ന് വിവാഹത്തിന്റെ അന്നു രാത്രി തന്നെ ഏൽക്കേണ്ടി വന്ന ക്രൂരമായ ശാരീരിക പീഡകളുടെ ഭയം നിറയ്ക്കുന്ന ഓർമ്മകൾ തെളിഞ്ഞവളിൽ
“ഉറക്കം വരുന്നുണ്ടെങ്കിൽ കീർത്തന ചെന്ന് കിടന്നോളൂ… ഞാനുറങ്ങാൻ കുറച്ചു കഴിയും…
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഇനിയെന്തെന്നറിയാതെ ഹാളിൽ പരുങ്ങിനിന്ന കീർത്തനയ്ക്കരികിൽ വന്ന് അനന്തൻ പറഞ്ഞതും വെപ്രാളത്തോടെ വേഗം മുറിയ്ക്കുള്ളിലേക്ക് നടന്നവൾ
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഏറെ സമയം കിടന്ന കീർത്തന മുറിയ്ക്കുള്ളിലേക്ക് വരുന്ന അനന്തനെ അറിഞ്ഞതും ഉറങ്ങുന്നതു പോലെ കണ്ണുകൾ ഇറുകി അടച്ച് കിടന്നു….
ബെഡിനോരത്തു വന്നു കിടന്ന അനന്തനെ അറിയെ ഹൃദയമിടിപ്പേറി അവളിൽ…
എന്നാൽ കിടന്നയുടനെ ഉറക്കത്തിലേക്കാണ്ടുപോയ അനന്തനെ അറിഞ്ഞതും അത്ര നേരം പിടിച്ചു വെച്ച ശ്വാസമൊരു നിശ്വാസമായുതിർന്നു വീണു കീർത്തനയിൽ നിന്ന്…
ആർക്കും വേണ്ടി കാത്തു നിൽക്കാതെ ദിവസങ്ങളോരോന്നും വേഗത്തിലോടി കടന്നു പോവുമ്പോൾ അനന്തനെന്ന മനുഷ്യൻ ഒരത്ഭുതമായ് തീർന്നിരുന്നു കീർത്തനയുടെ ഉള്ളിൽ….
ഒന്നിനും അവളെ നിർബന്ധിക്കാത്ത, ഒരു ഭർത്താവിന്റെ യാതൊരു അവകാശങ്ങളും അവളിൽ അടിച്ചേൽപ്പിക്കാത്ത ആ ഒരുവനെ അവളുടെ ഹൃദയവും സ്നേഹിച്ചു തുടങ്ങിയിരുന്നു അവളറിയാതെ തന്നെ….
അവനു വേണ്ടി ഭക്ഷണമൊരുക്കി അവൻ ജോലി കഴിഞ്ഞെത്തുന്നതും നോക്കി അവനായ് കാത്തിരിക്കുന്നൊരു ഭാര്യയായ് അവൾ മാറിയത് അവൾ പോലും അറിയാതെയാണ്…
അന്ന് പക്ഷെ പതിവിലും വൈകിയാണ് അനന്തൻ രാത്രി വീട്ടിലെത്തിയത്…
പതിവിനു വിപരീതമായ് എന്നും വരുന്ന സമയത്ത് വീട്ടിലേക്ക് എത്താതിരുന്ന അനന്തനെയോർത്ത് ആധി നിറഞ്ഞു കീർത്തനയ്ക്കുളളിൽ….
സസ്യ മയങ്ങി നേരം ഇരുട്ടി തുടങ്ങിയിട്ടും വീട്ടിലേക്ക് വരാത്ത അനന്തനെ ഓർത്ത് കീർത്തന പൊട്ടി കരയുന്ന സമയത്താണ് അനന്തൻവീടിനകത്തേക്കൊരു നിറഞ്ഞ ചിരിയോടെ കയറി വന്നത്…
സന്തോഷത്താലുറക്കെ കരഞ്ഞുകൊണ്ട് അനന്തന്റെ നെഞ്ചിലേക്ക് വീണാർത്തു കീർത്തന കരഞ്ഞതും അവളെ ആശ്വസിപ്പിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അനന്തനും… അവന്റെ കണ്ണുകളും എന്തിനെന്നറിയാതെ നിറഞ്ഞു തൂവുന്നുണ്ടപ്പോൾ….
“കാണാതെയായപ്പോൾ ഞാൻ പേടിച്ചു പോയ് അനന്തേട്ടാ… കഴിഞ്ഞു പോയ വർഷങ്ങളിലൊന്നും ഞാൻ ജീവിക്കുകയാണ് എന്ന് എനിയ്ക്ക് തോന്നിയിട്ടില്ല… ഓരോ ദിവസവും ആഗ്രഹിച്ചത് മരിക്കാൻ മാത്രമാണ്… എന്നാൽ അനന്തേട്ടനൊപ്പം വന്നതുമുതൽ ജീവിക്കാനുള്ള കൊതിയാണ് എന്റെ ഉള്ളിൽ നിറയെ…
ഒരിത്തിരി നേരം അനന്തേട്ടനെ കാണാതെ ഇരുന്നപ്പോൾ വീണ്ടും ഞാനീ ഭൂമിയിൽ ഒന്നുമില്ലാത്തവളായ് ആരും ഇല്ലാത്തവളായ് തീർന്നോയെന്ന് കരുതി….. അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും വയ്യ അനന്തേട്ടാ എനിയ്ക്ക്… എനിയ്കത്രയും ഇഷ്ടമാണ് എന്റെ ഈ അനന്തേട്ടനെ…. ”
പൊട്ടി കരഞ്ഞും കണ്ണീരൊഴുക്കിയും കീർത്തന പറയുമ്പോൾ താനെന്നൊരുവനെ വേണ്ടായെന്നു പറഞ്ഞു കരഞ്ഞ
അവളെന്ന പെണ്ണിന്റെ ഹൃദയത്തിൽ തനിയ്ക്കിന്നുള്ള സ്ഥാനമോർത്ത് ഹൃദയം നിറഞ്ഞ സന്തോഷത്തിൽ അവളെയാകെ ചുംബനങ്ങൾ കൊണ്ട് മൂടിയവൻ…
അന്നാ രാത്രി കടന്നു പോവുമ്പോൾ കീർത്തനയെന്ന തന്റെ പെണ്ണിന്റെ ഉടലിനെ തന്റെ ഉടലുമായ് കോർത്തിണക്കി ബന്ധിച്ചിരുന്നു അനന്തൻ… അവളുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയും…. ഇനിയവർ ജീവിയ്ക്കും ഒരുപാടുക്കാലം… ഒരാൾക്ക് മറ്റൊരാൾ ഇണയായ്…. വേർപിരിയാതെ….
✍️രജിത ജയൻ
