“മോളെ ആദർശ് പണ്ട് തൊട്ടേ ഇങ്ങനെയാണ്… കല്യാണം കഴിഞ്ഞാലെങ്കിലും ഒരു മാറ്റം ഉണ്ടാകും ന്ന് പ്രതീക്ഷിച്ചാണ് ഞങ്ങൾ…… ”
അറച്ചറച്ചു ലീല പറഞ്ഞത് കേൾക്കെ നിസഹായയായി നിന്നുപോയി കാർത്തിക.
” അമ്മേ … നിങ്ങൾ എന്താ ഈ പറയുന്നേ.. അപ്പോ ഒരു പരീക്ഷണ വസ്തുവായാണോ എന്നെ ഈ വീട്ടിലേക്ക് നിങ്ങൾ വിളക്ക് തന്ന് കയറ്റിയത്. എന്റെ ജീവിതം വച്ച് ഇങ്ങനൊരു കളി കളിക്കണമായിരുന്നോ.”
ആ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു ലീല.
” അമ്മയ്ക്ക് അറിയോ ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസത്തിലേറെ ആയിട്ടും ഒരു ഭർത്താവെന്ന നിലയിൽ എന്നെയൊന്നു തൊട്ടിട്ടു കൂടി ഇല്ല ഇതുവരെ. ഒന്നിച്ചൊന്ന് പുറത്ത് പോയിട്ടില്ല.. എന്തിനു നേരെ എന്നോട് ഒന്ന് മിണ്ടുന്നു കൂടി ഇല്ല.. രാവിലെ മുതൽ മുറിയിൽ കയറി കതകടച്ചിരിക്കുകയാണ്. ജോലിക്ക് പോകാത്തത്തിനാൽ ഇന്നലെ ഓഫീസിൽ നിന്നും ടെർമിനേഷൻ ലെറ്റർ വന്നു. മാത്രല്ല ഏറ്റവും വെറുപ്പ് ഉളവാക്കുന്നത് ഫോണിലും ലാപ്പ് ടോപ്പിലുമായി പല പല വൃത്തികെട്ട വീഡിയോകൾ കണ്ട് സ്വയം…. അതാണ് അയാൾക്ക് സംതൃപ്തി. പിന്നേ.. പിന്നേ എനിക്ക് എന്താണ് ഇവിടെ റോൾ… സമയാ സമയം ആഹാരം വച്ച് കൊടുക്കൽ ആണോ… ഇവിടേക്ക് വന്ന് കേറിയ അന്ന് മുതൽ ഞാനിങ്ങനെ ഇവിടെ വീർപ്പു മുട്ടി… മടുത്തു എനിക്ക്… ഇയാൾ.. ഇയാൾ ഒരു പോൺ അഡിക്റ്റ് ആണ്.. സ്വന്തം സംതൃപ്തി അത് ഇയാൾ ഓരോ വീഡിയോസ് കണ്ട് നേടിയെടുക്കുന്നുണ്ട്..”
അത്രയും നാൾ ഉള്ളിൽ അടക്കി വച്ചിരുന്ന വിഷമങ്ങളും വേദനകളും ഒരുമിച്ചു അണ പൊട്ടുമ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോയി കാർത്തിക.
” മോളെ നീ ഇങ്ങനെ ബഹളം വച്ച് പ്രശ്നം ആക്കല്ലേ… അവൻ.. അവൻ അങ്ങിനെ ആയി പോയി.. മാറ്റി എടുക്കാൻ ഞങ്ങള് കുറെ നോക്കിയതാ പക്ഷെ പറ്റുന്നില്ല… മോള് അവനെ മൈൻഡ് ചെയ്യണ്ട.. നിനക്ക് ഇഷ്ടമുള്ളത് പോലെ നടന്നോ.. ആർക്കൊപ്പം വേണേലും… ഞങ്ങൾക്ക് അത് പ്രശ്നം അല്ല.. നീ ഇപ്പോ ഇങ്ങനെ ബഹളം വച്ചാൽ നാട്ടുകാരൊക്കെ അറിഞ്ഞു ആകെ നാണക്കേട് ആകും. ”
ലീല തന്റെ ചുമലിൽ കൈവച്ചു കൊണ്ട് ആ പറഞ്ഞത് കേൾക്കെ വല്ലാത്ത അറപ്പ് തോന്നിപ്പോയി കാർത്തികയ്ക്ക്.
” അയ്യേ.. നിങ്ങൾ ഒരു അമ്മയാണോ.. ഇതെന്ത് വർത്തമാനമാണ് എന്നോട് പറയുന്നത്. എങ്ങിനെ കഴിയുന്നു ഇതുപോലൊക്കെ.. കഷ്ടം… ”
വെറുപ്പോടെ അവൾ തന്റെ കൈ തട്ടി മാറ്റവേ ഒന്ന് പതറി പോയി ലീല. എന്നാൽ വിട്ടു കൊടുക്കാൻ അവരും തയ്യാറായില്ല. അപമാന ഭാരം അവരെയും ആവേശത്തിലാക്കി.
” ദേ.. നീ കൂടുതൽ നെഗളിക്കേണ്ട… അവൻ ഒരു ആൺ ചെറുക്കൻ അല്ലെ.. നിന്നെപ്പോലൊരു പെണ്ണിനെ അടുത്ത് കിട്ടിയിട്ടും അവൻ മൈൻഡ് ചെയ്യുന്നില്ലേ അത് നിന്റെ പ്രശ്നം ആകും.. ഒരു ഉത്തമ ഭാര്യ ആകാൻ നിനക്ക് പറ്റാത്തതിന് എന്റെ മോനെ മാത്രം കുറ്റം പറയാൻ വരേണ്ട.. അവനെ മാറ്റി എടുക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്.”
ആ മറുപടി കേൾക്കെ തന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി കാർത്തികയ്ക്ക്.
” ദേ.. നിങ്ങൾക്ക് നാണമുണ്ടോ.. വീണ്ടും അയാളെ ഇങ്ങനെ ന്യായീകരിക്കാൻ. സ്വന്തം മകന്റെ കുറവുകൾ അറിഞ്ഞു കൊണ്ട് എന്റെ ജീവിതം തുലച്ചു കളഞ്ഞതല്ലെ നിങ്ങൾ എന്നിട്ടിപ്പോ എന്നെ കുറ്റക്കാരി കൂടി ആക്കാൻ നോക്കുന്നോ.. ഞാൻ എന്നല്ല ഇനി രംഭ വന്ന് മുന്നിൽ നിന്നാലും നിങ്ങടെ മോൻ കുലുങ്ങില്ല.. അയാൾക്ക് പോൺ സൈറ്റുകളിൽ കാണുന്ന വീഡിയോസ് മതി. ഒരു പോൺ അഡിക്റ്റ് ആണ് താനെന്നു എന്റെ മുഖത്ത് നോക്കി സമ്മതിച്ചു അയാൾ. മാത്രമല്ല ഒരു മാറ്റം അയാൾ ആഗ്രഹിക്കുന്നില്ല.. അതിനപ്പുറം ഇനി ഒരു ന്യായങ്ങൾക്കും പ്രസക്തിയില്ല. ”
ഒന്ന് നിർത്തുമ്പോൾ കിതച്ചു പോയി കാർത്തിക. ഒക്കെയും കേട്ട് തൊണ്ട വരണ്ട് അങ്ങിനെ നിന്നു പോയി ലീല. അത് കണ്ടിട്ട് പതിയെ അവരുടെ അരികിലേക്ക് ചെന്നു അവൾ..
” വഴക്കിനും ബഹളത്തിനും ഒന്നിനും വയ്യ എനിക്ക്.. ആകെ സഹിമുട്ടി നിൽക്കുവാ ഞാൻ.. നിങ്ങൾ പറയ്… ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്… സമയാ സമയം ആഹാരം വച്ചുണ്ടാകുന്ന ഒരു വേലക്കാരി ആയി നിൽക്കണോ ഇവിടെ… അതോ നിങ്ങൾ പറഞ്ഞ പോലെ എനിക്ക് ഇഷ്ടം ഉള്ളവന്മാരുടെ ഒക്കെ കൂടെ കറങ്ങി അടിച്ചു നടന്നാൽ മതിയോ.. പറയ്.. എന്താണ് ഞാൻ ചെയ്യേണ്ടത്.. ”
കുറിക്ക് കൊള്ളുന്ന ചോദ്യമായിരുന്നു അത്. അതുകൊണ്ട് തന്നെ മറുപടി ഇല്ലായിരുന്നു ലീലയുടെ പക്കൽ. അപ്പോഴേക്കും ആദർശ് മുറി വിട്ട് പുറത്തേക്കിറങ്ങി..
” അമ്മാ.. കാർത്തിക.. നിങ്ങൾ ഇങ്ങനെ പരസ്പരം വഴക്ക് കൂടേണ്ട… കുഞ്ഞിലേ മുതലുള്ള എന്റെ ശീലങ്ങൾ ആണ് ഇതൊക്കെ.. അതിനി മാറ്റി എടുക്കാമെന്ന് ആരും കരുതേണ്ട.. എന്നെ കൊണ്ട് അതൊക്കെ മാറ്റാനും പറ്റില്ല.. ഇതാണ് എന്റെ ഇഷ്ടം… ഇങ്ങനെ തുടരാനാണ് എനിക്ക് ആഗ്രഹവും.. ആരെയും ഞാൻ ഒന്നിനും നിർബന്ധിക്കില്ല.. നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്‌തോ… എനിക്ക് എന്തിനും സമ്മതം.. ”
അവന്റെ വാക്കുകൾ കൂടി കേൾക്കവേ അരിശം അടക്കാൻ കഴിയാതെ അരികിലെ സെറ്റിയിലേക്ക് ഇരുന്നുപോയി കാർത്തിക.
” കഷ്ടം… ഇതിനേക്കാൾ പോയി ചത്തൂടെടോ നിങ്ങൾക്ക്.. മറ്റുള്ളവരുടെ കൂടെ ജീവിതം തുലച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് ന്യായം പറയുന്നു.”
തന്റെ തലവിധിയോർത്ത് വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു പോയി അവൾ.
” നോക്ക് എന്റെ മകൻ ചാവണോ വേണ്ടയോ എന്നൊന്നും നീ തീരുമാനിക്കേണ്ട… കല്യാണം കഴിഞ്ഞു ഒരു പെണ്ണ് ഡിവോഴ്സ് ആയാലുള്ള അവസ്ഥകളെ പറ്റി നീ ഒന്നോർത്ത് നോക്ക്.. പിന്നേ ഒന്നും അത്ര സുഖകരമാകില്ല.. സ്വന്തം വീട്ടുകാർക്ക് പോലും ഒരു അധികപ്പറ്റായി മാറും നീ . സഹോദരങ്ങൾക്കും ബാധ്യതയാകും. ഒടുക്കം ഒന്നിനും ഗതിയില്ലാതെ നട്ടം തിരിയും.. മറിച്ചു ഇവിടെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് നിന്നാൽ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.. നിന്റെ ഇഷ്ടത്തിന് ഞങ്ങൾ ആരും എതിര് പറയുകയും ഇല്ല.. ”
മകനെ കുറ്റം പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല ലീലയ്ക്ക്. അതുകൊണ്ട് തന്നെ അവരുടെ വാക്കുകൾക്ക് അല്പം മൂർച്ചയേറിയിരുന്നു. എന്നാൽ ആ ഓരോ വാക്കുകളും കാർത്തികയ്ക്ക് അവരോടുള്ള വെറുപ്പ് ഇരട്ടിപ്പിച്ചു.
“എന്റെ അവസ്ഥയോർത്ത് നിങ്ങൾ വിഷമിക്കേണ്ട… എന്റെ അച്ഛന് ഞാൻ ഒരു അധികപ്പറ്റ് അല്ല… എന്റെ എന്നല്ല… ഒരച്ഛനും തന്റെ മക്കൾ അധികപ്പെറ്റുകൾ അല്ല.. ഇവിടുന്ന് ഇറങ്ങിയാൽ ഞാനങ്ങ് തളർന്നു പോകുവൊന്നും ഇല്ല.. പഠിക്കും.. എന്റെ ആഗ്രഹം പോലെ പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം നിലയിൽ നില്ക്കും ഞാൻ.ഇപ്പോ അതിനുള്ള വാശി എനിക്കുണ്ട്.. ”
ലീലയ്ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു അവൾ…
“വാശിയല്ല ജീവിതം.. ഒരു ആൺ തുണയില്ലാതെ നമ്മൾ പെണ്ണുങ്ങൾക്ക് ഒന്നും നേടിയെടുക്കാൻ പറ്റില്ല.. വാശി കാണിച്ചു ഇവിടുന്ന് ഇറങ്ങിയാൽ അത് നിന്റെ ജീവിതത്തിലെ വലിയൊരു നഷ്ടമായി പിന്നീട് തോന്നും… നാളെ ഒരു സമയത്ത് ആർക്കും വേണ്ടാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന നിന്നെ ഞങ്ങൾക്ക് തന്നെ കണ്ടേണ്ടി വരും.. അതുകൊണ്ട് ഞാൻ പറഞ്ഞത് നീ ഒന്ന് ആലോചിക്ക്..”
ആ മറുപടിയിൽ ചെറിയൊരു ഭീക്ഷണി കൂടി ഒളിപ്പിച്ചു ലീല.. എന്നാൽ പരമ പുച്ഛത്തോടെയാണ് കാർത്തിക അത് കേട്ടത്.
” എനിക്ക് ആൺതുണയില്ല എന്ന് അമ്മയോട് ആരാ പറഞ്ഞെ.. എനിക്ക് എന്റെ അച്ഛൻ ഉണ്ട്.. ഏത് പ്രതിസന്ധികളിലും കൈ പിടിച്ചു നടത്താൻ എനിക്ക് എന്റെ അച്ഛൻ മതി. പിന്നേ നഷ്ടം അത് ആർക്കാണെന്ന് വഴിയേ നിങ്ങൾ മനസിലാക്കും.. ”
ഏറെ ഉറച്ചതായിരുന്നു ആ വാക്കുകൾ. ഒന്ന് പതറി പോയിരുന്നു ലീല അപ്പോൾ. ഒക്കെയും കേട്ട് മൗനമായി തന്നെ നിന്നു ആദർശ്. സ്വന്തം ജീവിതത്തിൽ പോലും വ്യക്തമായൊരു അഭിപ്രായമില്ലാത്ത അവനോട് അപ്പോൾ മുതൽ വല്ലാത്ത പുച്ഛം തോന്നി കാർത്തികയ്ക്ക്.
പതിയെ അവന്റെ മുന്നിലേക്ക് ചെന്നു അവൾ.
” എന്റെ ജീവിതം തകർത്തതിന് തനിയ്ക്ക് എതിരെ കേസ് കൊടുക്കേണ്ടതാണ്. പക്ഷെ എനിക്ക് അതിനു മനസ്സ് വരുന്നില്ല കാരണം ഉള്ളിൽ നിറച്ചു നിങ്ങളോടുള്ള സഹതാപം ആണ്. കണ്മുന്നിൽ ചിക്കൻ ബിരിയാണി ഉണ്ടായിട്ടും ഫോണിൽ ചിക്കൻ ബിരിയാണിയുടെ ഫോട്ടോ നോക്കി കഞ്ഞി കുടിക്കുന്ന പൊട്ടൻ.. കഷ്ടം തന്നെ.. ”
ആ വാക്കുകളിൽ നിറഞ്ഞ പുച്ഛം വീണ്ടും ലീലയുടെ തല കുമ്പിടുവിക്കുമ്പോൾ പ്രത്യേകിച്ച് ഒരു കൂസലും ഇല്ലാതെ അങ്ങിനെ നിന്നു ആദർശ്.
പിന്നേ വൈകിയില്ല… അന്ന് ആ വീട്ടിൽ നിന്നും അച്ഛന്റെ കൈ പിടിച്ചു ഇറങ്ങുമ്പോൾ കാർത്തികയുടെ ഉള്ളിൽ വേദനയായിരുന്നില്ല. മറിച്ചു ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം എന്നൊരു വാശിയായിരുന്നു.
പിന്നീടങ്ങോട്ട് കേസായി കോടതിയായി ഒടുവിൽ ഡിവോഴ്സും.. കുടുംബ ജീവിതം തകർന്നു പോയ വിഷമത്തിൽ വീടിന്റെ ഒരു കോണിൽ ചുരുണ്ടു കൂടിയില്ല കാർത്തിക.. മറിച്ചു വാശിയോടെ പഠിച്ചു അവൾ. എന്തിനും താങ്ങായും തണലായും അച്ഛനും അമ്മയും കൂടെ നിന്നപ്പോൾ ഒരുപാട് കഷ്ടപ്പെട്ട് ഒടുവിൽ പണ്ടെങ്ങോ മനസ്സിൽ തോന്നിയ ആ ആഗ്രഹം… എൽ എൽ ബി എന്ന വലിയ കടമ്പ തന്റെ അർപ്പണ ബോധത്താലും കഠിന പ്രയത്നത്താലും നിഷ്പ്രയാസം കടന്നു അവൾ.
വല്ലാത്തൊരു ആത്മാഭിമാനം തോന്നി കാർത്തികയ്ക്ക്. ഒപ്പം തന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠവും ആത്മവിശ്വാസവും ആകണം എന്ന നിർബന്ധത്തിൽ തന്റെ ജീവിതം തന്നെ ഒരു കഥയാക്കി മാറ്റി അവൾ.
കാർത്തികയുടെ ഓരോ നേട്ടങ്ങളും ലീല അസൂയയോടെ നോക്കിക്കാണുമ്പോൾ ആദർശ് അപ്പോഴും ഒന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്ത് തന്നെയായിരുന്നു… ലീലയെ നേർക്കുനേർ ഒന്ന് കാണണമെന്ന് ആദ്യമൊക്കെ മനസ്സിൽ തോന്നിയെങ്കിലും പതിയെ പതിയെ ആ വാശി ഉള്ളിൽ നിന്നും കളഞ്ഞു കാർത്തിക. ജീവിതം അവൾക്ക് മുന്നിൽ പച്ചക്കൊടി കാട്ടി തുടങ്ങിയിരുന്നു.
കണ്മുന്നിലെ ഓരോരോ സംഭവങ്ങൾ കാണുമ്പോൾ തോന്നിപ്പോകുന്നത് ഇനിയുള്ള കാലത്ത് വിവാഹ ഉടമ്പടിയിൽ സ്ത്രീധനത്തിന്റെ കണക്കുകൾക്കൊപ്പം തന്നെ പങ്കാളികൾ രണ്ട് പേരുടെയും ശേഷിയും താത്പര്യങ്ങളും കൂടി വ്യക്തമായി തെളിയിക്കുന്ന ഡോക്ടർ സെർട്ടിഫിക്കേറ്റ് കൂടി വേണ്ടി വന്നേക്കും എന്ന അവസ്ഥയാണ്…. കാലം പോയ പോക്ക്…
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു.
