തന്റെ ഭാര്യയ്ക്കൊപ്പം തന്റെ ബെഡ് റൂമിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട ഞെട്ടലിലായിരുന്നു അന്നേരം കണ്ണനെങ്കിൽ ഒട്ടും പ്രതീക്ഷിക്കാതെ…..

വീടിനകത്തെ തന്റെ ബെഡ് റൂമിൽ നിന്നുയരുന്ന പതിഞ്ഞ ചിരിയും ഉച്ചത്തിലുള്ള ശ്വാസനിശ്വാസങ്ങളും….

മുന്നോട്ടൊരടിചലിയ്ക്കാൻ കഴിയാതെ വേദനയിൽ പിടയുന്ന മനസ്സോടെ ആ ഇടനാഴിയിൽ തരിച്ചു,നിന്നു കണ്ണൻ…

മനസ്സിൽ മുള പൊട്ടിയ സംശയം സത്യമാനോന്നുറപ്പിയ്ക്കാൻ സ്വന്തം വീടിനുള്ളിലേയ്ക്കൊരു കള്ളനെ പോലെ പാത്തും പതുങ്ങിയും കയറുമ്പോഴും മനസ്സിലിത്തിരിയൊരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു, താൻ താലിക്കെട്ടിയവൾ ,തന്റെ കുഞ്ഞിന്റെ അമ്മ തന്നെ വഞ്ചിക്കില്ല എന്നെ പ്രതീക്ഷ…

ഞാനല്ലാത്തൊരു പുരുഷനുമായ് തന്റെ ഭാര്യ ഒരിക്കലും തന്റെ ശരീരവും മനസ്സും പങ്കുവെയ്ക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയാതിരുന്നവനിന്നിതാ എല്ലാ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെട്ട് സ്വന്തം കിടപ്പു മുറിയ്ക്ക് പുറത്ത് ഭാര്യയുടെ ജാരനെയും നോക്കിയിരിയ്ക്കുന്നു…

പുറത്തെ കനമേറിയ ഇരുട്ടിനെക്കാൾ കനത്തിൽ തന്റെ മനസ്സിലും ജീവിതത്തിലുമൊരിരുട്ട് പടർന്നു കയറിയതിന്റെ ആഘാതത്തിൽ ആ ഇടനാഴിയിലവൻ തരിച്ചുനിൽക്കുപ്പോൾ അവനു മുന്നിലേക്ക് തുറക്കപ്പെട്ടിരുന്നു ആ കിടപ്പുമുറിയുടെ വാതിൽ…

തന്റെ ഭാര്യയ്ക്കൊപ്പം തന്റെ ബെഡ് റൂമിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട ഞെട്ടലിലായിരുന്നു അന്നേരം കണ്ണനെങ്കിൽ ഒട്ടും പ്രതീക്ഷിക്കാതെ അവനെ അന്നേരം അവിടെ കണ്ടതിന്റെ ഞെട്ടലിലും പകപ്പിലും ആയിരുന്നു അവന്റെ ഭാര്യ ധന്യയും കൂടെ ഉള്ളവനും….

എന്തു ചെയ്യണം എങ്ങനെ പ്രതികരിക്കണം എന്നതൊന്നുമറിയാതെ അവർക്കു മുമ്പിൽ മരവിച്ച ശരീരവും മരിച്ച മനസ്സുമായ് കണ്ണനങ്ങനെ തന്നെ നിന്നു പോയതും ധന്യയെ ഒന്നു നോക്കി പുറത്തെ ഇരുട്ടിലൂടെ തൊട്ടപ്പുറത്തെ വീട് ലക്ഷ്യമാക്കി ഇറങ്ങി പോയ് ധന്യയ്ക്കൊപ്പമുണ്ടായിരുന്നവൻ….

അശ്വിൻ… കണ്ണന്റെ ആത്മമിത്രം…. അയൽവാസി….

ഇനിയെന്തെന്നറിയാതെ ആ ഇടനാഴിയിൽ പരസ്പരം മുഖത്തേയ്ക്ക് മുഖംനോക്കാതെ നിൽക്കുമ്പോൾ കണ്ണന്റെ കണ്ണുകളിൽ നിന്നൊഴുകി പരന്ന കണ്ണുനീർ തുള്ളികൾ അവന്റെ കവിളിനെ നനച്ച് ഷർട്ടിൽ വീണു പരന്നു തുടങ്ങിയെങ്കിൽ ധന്യയിൽ മാറ്റങ്ങളൊന്നുമില്ലായിരുന്നു അന്നേരം… കിട്ടിയ കുറച്ചു സമയം കൊണ്ട് എന്തും നേരിടാം എന്നൊരു ധൈര്യം വന്നു നിറഞ്ഞിരുന്നവളിലും…..

തന്നെ കണ്ണൻ സംശയിച്ചിരുന്നുവെന്ന് അവനെ അവിടെ കണ്ട സെക്കൻഡിലെ ഊഹിച്ചിരുന്നവൾ… അങ്ങനെയൊരു സംശയം അവനില്ലായിരുന്നെങ്കിൽ ഓഫീസ് മീറ്റിംഗിനെന്ന് പറഞ്ഞ് ഇവിടെ നിന്നുച്ചയ്ക്ക് പോയവൻ ഇന്നേരം ആരോടും പറയാതെ തിരിച്ചു വന്നിങ്ങനെ ബെഡ് റൂമിനു മുമ്പിൽ അകത്തുള്ളവർ പുറത്തെത്തും വരെ കാത്തു നിൽക്കില്ലല്ലോ….

ഇതിന്റെ പേരിൽ സംഭവിക്കാൻ പോവുന്നതെന്താണെങ്കിലും ശരി അത് നേരിടാൻ ഞാനൊരുക്കമാണെന്നതു പോലെ കണ്ണനു അരികിലായ് നിന്നു ധന്യയും…

അകത്തെ മുറിയിൽ നിന്നാ സമയം ഉയർന്നൊരു കുഞ്ഞിന്റെ കരച്ചിലിൽ ഒന്നു ഞെട്ടിയ കണ്ണൻ തന്റെ അടുത്ത് നിൽക്കുന്നവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേയ്ക്ക് വേഗത്തിലോടിയതും ഒന്നു തെളിഞ്ഞു ചിരിച്ചു കൊണ്ട് അവൻ പോയ പുറകെ തന്നെ അകത്തെ മുറിയിലേക്ക് നടന്നു ധന്യയും….

അവിടെ തൊട്ടിലിൽ നിർത്താതെയപ്പോഴും കരയുന്ന അവരുടെ ഒന്നര വയസ്സുക്കാരൻ മകൻ അയാനടുത്തേയ്ക്ക്…

മുഖത്തൊഴുകി പരക്കുന്ന കണ്ണുനീരിനെ ഇരുകയ്യും കൊണ്ട് തൂത്തെറിഞ്ഞ് തൊട്ടിലിനടുത്തേയ്ക്ക് കണ്ണൻ കുനിഞ്ഞതും തൊട്ടിലിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ ഒന്നുക്കൂടി ഉച്ചത്തിലായ്….

കണ്ണന്റെ കൈ അവനെ എടുക്കാനായ് നീളുമ്പോഴെല്ലാം അടി കിട്ടി മേലു നൊന്തതുപോലുറക്കെ കരഞ്ഞു കൊണ്ടേയിരുന്നു കുഞ്ഞ് അയാൻ…

അതോടെ അവനെ എടുക്കാനുള്ള ശ്രമം അവസാനിപ്പിച്ച് തൊട്ടിലിനരികിൽ നിന്ന് കണ്ണൻ മാറി നിന്നതും പ്രതീക്ഷിച്ച അവസരം കൈവന്ന നേതാവിനെ പോലെ വേഗത്തിൽ കുഞ്ഞിനരികിലേക്ക് നീങ്ങി ധന്യയും… അവളെ കണ്ട മാത്രയിൽ കരച്ചിൽ നിർത്തിയ തന്റെ കുഞ്ഞിനെ കണ്ടതും വേഗത്തിൽ അവിടെ നിന്ന് പുറത്തേയ്ക്കിറങ്ങി കണ്ണൻ…

കണ്ണനെയും ഒപ്പം തന്റെ ചുമലിൽ കിടന്ന് വിരലുണ്ണുന്ന താൻ പ്രസവിച്ച തന്റെ മകനെയും ഒരു പോലെ നോക്കി അവിടെ കണ്ടൊരു കസേരയിലിരിയ്ക്കുമ്പോൾ ധന്യയിൽ വല്ലാത്തൊരു ആത്മവിശ്വാസം തന്നെ തെളിഞ്ഞു നിന്നിരുന്നു…
അവൻ ,തന്റെ ഭർത്താവ് കണ്ണൻ തന്നെ ഒന്നും ചെയ്യില്ല എന്ന അമിതആത്മവിശ്വസം… അവന് തന്നെയങ്ങനെ ഉപേക്ഷിച്ചു പോവാനാവില്ല എന്ന വിശ്വാസം…. അതിനു കാരണം തോളിൽ കിടക്കുന്ന ഈ കുഞ്ഞാണ്….

മോനെ പ്രാണനാണ് കണ്ണന്… അവനെ കാണാതെ ഒരു ദിവസം പോലും പിടിച്ചു നിൽക്കാൻ പറ്റില്ലവന്….
കുഞ്ഞിനും ഏറെയിഷ്ടമാണ് കണ്ണനെ… കണ്ണനെക്കാൾ ഇത്തിരിയധികം ഇഷ്ടം അമ്മയായ തന്നോടുണ്ടവന്…. ചില നേരത്തെ വാശികളിൽ അവന് താൻ തന്നെ അവനരിക്കിൽ… അങ്ങനെയെല്ലാം ഉള്ളപ്പോൾ പിന്നെങ്ങനെ ഉപേക്ഷിയ്ക്കും തന്നെ…

ചിന്തകൾ അധികരിച്ചതും തന്റെ തോളിൽ കിടന്നുറങ്ങിയ കുഞ്ഞിനെ അകത്ത് തൊട്ടിലിൽ കൊണ്ടു കിടത്തി ധന്യ….

കണ്ണനുമായൊന്നു തുറന്നു സംസാരിക്കണമെന്നുറപ്പിച്ച് ധന്യ സിറ്റൗട്ടിലേക്കിറങ്ങി ചെല്ലുമ്പോൾ അവളുടെ അങ്ങനെയൊരു വരവ് പ്രതീക്ഷിച്ച് ഫോണിൽ നോക്കിയിരുന്നവൻ ഫോൺ പോക്കറ്റിലേക്കിട്ടവളെ നോക്കി… അവൾക്ക് പറയാനുള്ളത് എന്താണെന്നു ചോദിയ്ക്കും പോലെ….

“ക… കണ്ണേട്ടാ… കണ്ണേട്ടനെന്നോട് ക്ഷമിക്കണം….

തന്നിൽ കണ്ണുറപ്പിച്ചു നിൽക്കുന്നവനെ കണ്ടുള്ള പതർച്ചയിൽ ഒന്നു പതറി പറഞ്ഞു ധന്യയും

“ഞാനെന്തിനാണ് ധന്യേ നിന്നോട് ക്ഷമിക്കേണ്ടത്…..?

തികഞ്ഞ ശാന്തതയോടെ തിരക്കുന്നവനെ നോക്കേ ധന്യ ശ്രദ്ധിച്ചത് അവൻ തന്നെ വിളിച്ചപേരാണ്…. ധനൂ എന്നിത്ര നാളും വിളിച്ചിരുന്നവൻ അതു മാറ്റിയിരിയ്ക്കുന്നു….

അറിയാതെ തന്നെ പേടിയും പരിഭ്രമവും നിറഞ്ഞു ധന്യയിൽ…

“അ… അശ്വിനും… ഞാനും തമ്മിൽ ഒ… ഒന്നുമില്ല കണ്ണേട്ടാ… ”

ഒരു വിധം പറഞ്ഞൊപ്പിച്ചവൾ

“നിങ്ങൾ തമ്മിൽ ഒന്നുമില്ലാഞ്ഞിട്ടാണോ ധന്യേ ഇപ്പോ ഈ രാത്രിയിൽ എനിയ്ക്കു മുമ്പിലൂടവൻ നമ്മുടെ ബെഡ് റൂമിൽ നിന്നിറങ്ങി പോയത്….?

ദേഷ്യത്തിന്റെ മേമ്പൊടി ഏതുമില്ലാതെ തികച്ചും ശാന്തനായാണ് കണ്ണനത്തിരക്കുന്നത് പോലും….

“അത്… അതൊരു തെറ്റ് പറ്റിയതാ… ഇനി ആവർത്തിക്കില്ല… ക്ഷമിച്ച് പൊറുക്കണം… ”

പറയുന്നതിനോടൊപ്പം കണ്ണന്റെ കാൽചുവട്ടിലേക്കിരുന്നു ധന്യയെങ്കിലും അവളുടെ കൈകൾ തന്റെ കാൽപാദത്തിൽ പതിയും മുമ്പ് പുറകിലേക്ക് നീങ്ങി നിന്നിരുന്നു കണ്ണൻ…

“ഇത് ഇന്നു മാത്രം സംഭവിച്ച ഒരു തെറ്റല്ല ധന്യേ… ഈ തെറ്റ് നിങ്ങൾ തുടങ്ങിയിട്ട് കുറച്ചായി… പക്ഷെ ഞാനത് അറിഞ്ഞത് കഴിഞ്ഞ ദിവസമാണെന്നു മാത്രം… എന്നെ പറ്റി എന്നെക്കാൾ നന്നായറിയുന്ന നിനക്കും അശ്വിനും ഞാനിവിടെ ഇല്ലാത്ത സമയങ്ങൾ നിങ്ങളുടേതാക്കി മാറ്റാൻ അധികം പ്രയാസം ഒന്നും ഉണ്ടായിട്ടുണ്ടാവില്ല അല്ലേ…?

കണ്ണന്റെ ആ ചോദ്യത്തിൽ തല താഴ്ത്തി ധന്യ… അവൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.. കണ്ണൻ വീട്ടിലേക്ക് ലേറ്റായ് വരുന്ന ദിവസങ്ങൾ പോലും താനും അശ്വിനും ഒരുമിച്ച് ചേർന്ന് ആസ്വദിച്ചിട്ടുണ്ട്… പതിവിലും അധികം രസമുള്ള കൂടിച്ചേരലുകളായിരുന്നതെല്ലാം തങ്ങൾക്ക്… കട്ടു തിന്നുന്ന രസവും സുഖവും….

” എല്ലാം പറ്റിപ്പോയ് കണ്ണേട്ടാ…. ഇനിയൊരിക്കലും ആവർത്തിക്കില്ല….

ഒരേ പല്ലവി ആവർത്തിച്ചു ധന്യ വീണ്ടും..

“എന്നെ മാത്രമല്ല ധന്യേ അശ്വിനും ചേർന്ന് ചതിച്ചത്…. അവന്റെയാ പാവം ഭാര്യയെ കൂടിയാണ്… അവനായ് ജീവിയ്ക്കുന്ന ആ പാവം പെൺക്കുട്ടി എന്തു തെറ്റു ചെയ്തു നിന്നോടൊക്കെ….?

അശ്വിന്റെ വീടിനു നേരെ നോട്ടമെയ്തു ധന്യ അറിയാതെ തന്നെ

“ഒക്കെ പറ്റി പോയ്… എല്ലാവരേം ചതിയ്ക്കുവായിരുന്നു… ഇനിയൊന്നും ആവർത്തിക്കില്ല… നമ്മുടെ കുഞ്ഞാണ് സത്യം…

വീണ്ടും അതു തന്നെ ആവർത്തിച്ചു ധന്യ പറയും നേരത്താണ് അവിടേയ്ക്കൊരു കാർ വന്നു നിന്നതും അതിൽ നിന്ന് ധന്യയുടെ അച്ഛനമ്മമാരും സഹോദരനും ഇറങ്ങിയതും…

അങ്ങനൊരു കാഴ്ച പ്രതീക്ഷിക്കാതെ നിന്ന ധന്യ ആകെ വിളറി….

ഭയവും വിറയലും ഒരുമിച്ചവളെ പൊതിഞ്ഞ സമയത്തു തന്നെയാണ് ആദ്യം ഏട്ടന്റെയും പുറകെ അച്ഛനമ്മമാരുടെയും കൈകൾ അവളുടെ മുഖത്ത് അതിശക്തമായ് തന്നെ പതിഞ്ഞത്…

അപ്രതീക്ഷിതമായി കിട്ടിയ അടികളിൽ ബാലൻസ് തെറ്റി ധന്യ നിലത്തേയ്ക്ക് വീണതും അവളെ ആ നിലത്തിട്ടു ചവിട്ടി അവളുടെ അമ്മ….

“ഞാനൊരു തെറ്റും ചെയ്തിട്ടില്ല അച്ഛാ… എല്ലാം ഈ കണ്ണേട്ടൻ നുണ പറയുന്നതാണ്…. എന്നെ വിശ്വസിയ്ക്ക് ഏട്ടാ…. ”

തന്നെ ചവിട്ടുന്ന അമ്മയുടെ കാലിനടിയിൽ നിന്ന് ശ്രമപ്പെട്ടിരുന്ന് തന്റെ ഭാഗം ന്യായീകരിക്കാൻ ധന്യശ്രമിച്ചതും തന്റെ കയ്യിലെ ഫോണവൾക്കു നേരെ ഉയർത്തി പിടിച്ചു അവളുടെ ഏട്ടൻ….

“നീ അവനോട് സംസാരിച്ചു തുടങ്ങിയതു മുതലുണ്ടെടീ ഇതില്.. ഇനിയെന്തു പറയാനുണ്ട് നിനക്ക്….?

അവളുടെ ഏട്ടൻ അവളോട് ചോദിയ്ക്കും നേരത്ത് തന്നെയാണ് തൊട്ടപ്പുറത്തെ അശ്വിന്റെ വീട്ടിൽ നിന്ന് ഒച്ചപ്പാടുയർന്നത്….

നെഞ്ചുലയ്ക്കുന്നൊരു കരച്ചിലോടെ അശ്വിന്റെ ഭാര്യ ഓടിയവിടേയ്ക്ക് വന്നതും അവൾക്കു പുറകെ തന്നെയുണ്ടായിരുന്നു അശ്വിനും അവന്റെ അച്ഛനമ്മമാരും..

“ഈ വീഡിയോ ലൈവാണ് എന്റെ കൂട്ടുകാർക്കും കുടുംബകാർക്കും ഇടയിൽ…. ഇന്നിത് ഇവിടെ ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ നാളെ ഇതിന്റെ പേരിലൊരു ചോദ്യം വരരുത് എനിയ്ക്കു നേരെ ആരുടെയും… അതിനുള്ള ഒരു മുൻകരുതൽ….

കണ്ണൻ പറഞ്ഞതു കേട്ട് പകച്ച് ധന്യ

മോനെ കണ്ണാ….

നോവോടെ അവനെ വിളിച്ചു അശ്വിന്റെ അമ്മ…

“പൊറുക്കണം അമ്മേ… ഇതു ക്ഷമിക്കാൻ വയ്യ… ഇവനൊപ്പം ഒരു പായിൽ ഉണ്ടുറങ്ങിയിട്ടുണ്ട് ഞാൻ… അതെല്ലാം പകുത്തെടുത്തത് പോലെ ഇതു വയ്യ… ഞാൻ കളയുകയാണിവളെ… എനിയ്ക്ക് വേണ്ട…”

മിഴികൾ നിറയാതെ പറഞ്ഞവൻ

“മോനെ….. ഒന്നുകൂടി ഒന്ന് ചിന്തിക്ക്… നിങ്ങൾക്കിടയിലൊരു കുഞ്ഞില്ലേ… അവനില്ലാതെ അവനെ കാണാതെ പറ്റുമോ നിനക്ക്…. നിങ്ങളുടെ വഴക്കിനിടയിൽ രണ്ടിടത്തായ് കഷ്ടപ്പെടുത്തണോ അതിനെ…?

അശ്വിന്റെ അമ്മ കണ്ണനോടു ചോദിയ്ക്കുന്നതു കേട്ടതും ഒരു വിജയ ചിരി തെളിഞ്ഞു ധന്യയിലും….

“കുഞ്ഞിനെ എനിയ്ക്ക് വേണ്ട അമ്മേ… ഇവളെടുത്തോട്ടെ… ഭർത്താവായ് ഞാനിരികെ എന്റെ ബെഡ്റൂമിലേയ്ക്ക് തന്നെ ആണൊരുത്തനെ വിളിച്ചു കയറ്റിയ ഇവൾ വിവാഹത്തിനു മുമ്പേ അപ്പോ ആരെയെല്ലാം അവളുടെ ജീവിതത്തിലേക്ക് കൂട്ടിയിട്ടുണ്ടാവും… അങ്ങനെ ഉള്ളപ്പോ അയാൻ എന്റെ മോനാണെന്ന വിശ്വാസവും ഉറപ്പും എനിയ്ക്കിപ്പോഴില്ല… ഇനി നാളെ അവൻ എന്റെ മകൻ തന്നെയാണെന്ന് എനിയ്ക്കുറപ്പായാൽ ആരെല്ലാം തടഞ്ഞാലും അവൻ എനിയ്ക്കൊപ്പം തന്നെയുണ്ടാവും… അതുറപ്പ്…
ഇപ്പോ പക്ഷെ അങ്ങനെയൊരു ഉറപ്പ് എനിക്കില്ലാത്തതു കൊണ്ട് കുഞ്ഞിനേം ഇവളേം എല്ലാം നിങ്ങൾ ഈ നിമിഷം ഇവിടെ നിന്നു കൊണ്ടുപോവണം പ്ലീസ്….”

തൊഴുതെന്ന പോലെ കൈകൾ കൂപ്പി പറയുന്നവനെ ഞെട്ടി പകപ്പോടെ ധന്യ നോക്കി നിൽക്കുമ്പോൾ അശ്വിന്റെ ഭാര്യ അവനരികെ ചെന്ന് തന്റെ കഴുത്തിലെ താലിമാല
ഊരിയവന്റെ കാലിൽ ചുവട്ടിലേയ്ക്കിട്ട് മുറ്റത്തേയ്ക്കൊന്ന് നീട്ടി തുപ്പി തിരിഞ്ഞു നോക്കാതെ ആ വീടിന്റെ പടിയിറങ്ങി നടന്നു… ഒന്നനങ്ങാൻ പോലും ധൈര്യമില്ലാതെ ഞെട്ടലോടെ ആ കാഴ്ച നോക്കി തരിച്ചുനിന്നു അശ്വിൻ…

“അശ്വിൻ ദാ ഇവളെ എടുത്തോ ഇനി… നിങ്ങൾക്ക് തടസ്സമായെതെല്ലാം ഒഴിഞ്ഞിട്ടുണ്ട് നിങ്ങൾക്കിടയിൽ നിന്ന്…. ”

അകത്തുറങ്ങി കിടന്നിരുന്ന കുഞ്ഞിനെ എടുത്ത് ധന്യയുടെ കയ്യിലേക്ക് വെച്ച് അശ്വിനോടായ് കണ്ണൻ പറഞ്ഞതും പകച്ചവനെ നോക്കി അവരിരുവരും….

കുഞ്ഞിനെ വെച്ച് കണ്ണന്റെ ജീവിതത്തിലേക്ക് തിരികെ കയറാൻ പ്ലാനിട്ടവൾ തനിയ്ക്കും തന്റെ വീട്ടുകാർക്കും മുന്നിലായ് വാതിൽ കൊട്ടിയടച്ച് അകത്തേക്ക് പോയവനെ കാണ ജീവനുള്ളൊരു പ്രതിമ പോലെ തറഞ്ഞാ പൂമുഖത്ത് നിന്നു പോയ്… പിഴച്ചവളെന്ന പേരോടെ…..

✍️രജിത

Leave a Reply

Your email address will not be published. Required fields are marked *