പക്ഷെ, തൊട്ടടുത്ത് മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന അമ്മയുടെ മുഖം ഒരു കഠാരപോലെ മനസ്സിൽ തറച്ചു കയറി.! സംശയം തീർക്കാൻ വീണ്ടും വീണ്ടും….

“അച്ഛാ.. ഈ വാർത്ത‌ കണ്ടോ
അച്ഛന്റെ നാട്ടിലെ കുട്ടിയാണ്.
എം എ ഇംഗ്ലീഷിന് ഫസ്റ്റ് റാങ്ക്!!
വീട്ടുപേരും കൊടുത്തിട്ടുണ്ട്.
അച്ഛന് ഇവരെ അറിയാമോന്ന് നോക്കിക്കേ.”

മകൾ ശ്രുതിലക്ഷ്മി അന്നത്തെ ദിനപ്പത്രം അയാൾക്ക് നേരെ നീട്ടി. ശരിയാണ് സ്വന്തം നാട്ടിലെ വിശേഷമാണ്.
ആ വാർത്തയിലൂടെ പവിത്രൻ ഒന്ന് കണ്ണോടിച്ചു.
ശ്രീമംഗലം ഗ്രാമത്തിൽ,കൈതാരം വീട്ടിലെ  സ്വാമിനാഥന്റെയും
കൃഷ്ണ തുളസിയുടെയും മകൾ കൃഷ്ണപ്രിയ..!.

അച്ഛന്റെയും അമ്മയുടെയും നടുക്ക് ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സുന്ദരിക്കുട്ടി.
പക്ഷെ, തൊട്ടടുത്ത് മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന അമ്മയുടെ മുഖം
ഒരു കഠാരപോലെ മനസ്സിൽ തറച്ചു കയറി.!
സംശയം തീർക്കാൻ വീണ്ടും വീണ്ടും അയാൾ ആ ഫോട്ടോയിലേയ്ക്ക്
ഉറ്റു നോക്കി.
അതെ..!
ഇത് അവൾ തന്നെ !!
പണ്ട് പണ്ട്..പറിച്ചെറിഞ്ഞാലും വിട്ട് പോകാതെ കൂടെ നടന്നവൾ.
തന്റെ കൃഷ്ണ തുളസി !
തന്നെ ജീവനെപ്പോലെ സ്നേഹിച്ച
തന്റെ തുളസി.
ഒരല്പം തടിച്ചുവെന്നല്ലാതെ ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.
മുഖത്തെ ആ ചിരിയ്ക്ക് ഇപ്പോഴും പഴയ
ആ വശ്യതയുണ്ട്

“പവിയേട്ടാ…”
അവൾ രക്തം പോലെ ചുവക്കുന്ന മൈലാഞ്ചി കാടുകൾക്കുള്ളിലിരുന്നു നീട്ടി വിളിക്കുന്നത് പോലെ..

“എന്താ അച്ഛന് അറിയാമോ ഇവരെ ?”

അയാളുടെ മുഖം ശ്രദ്ധിച്ച ശ്രുതി തിരക്കി. അയാൾ യാന്ത്രികമായി തലയാട്ടി.

“അറിയാം..ആ കുട്ടിയുടെ അമ്മ കൃഷ്ണതുളസി അച്ഛന്റെ വീടിന്റെ അയല്പക്കത്തുള്ളതാണ്. ”

എത്ര നിസ്സാരമായിട്ടാണ് അത് പറഞ്ഞത്..
കാലം അങ്ങനെയാണ്.
ഒന്നിനെയും ഒരുപാട് നാളത്തേയ്ക്ക് സൂക്ഷിച്ചു വെയ്ക്കാൻ അനുവദിക്കില്ല!അത്യാഗ്രഹത്തോടെ തട്ടിപ്പറിച്ചെടുക്കും!!

ഓർമ്മകൾ ചിക്കി ചികഞ്ഞു  തുടങ്ങിയതും പവിത്രൻ മെല്ലെ എഴുന്നേറ്റു.
രാവിലെ ഓഫീസിൽ പോകണം.
യമുന ചായയുമായി വരുന്നത് കണ്ടു.

“അത് അവിടെ വെച്ചേക്ക്.ഞാൻ കുളിച്ചിട്ട് വരാം.”
“ഇനി കുളിയും തേവാരവും ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അത് ആറി തണുക്കും. കയ്യോടെഇതങ്ങു കുടിച്ചിട്ട് പോകൂന്നേ.”

ഇവൾടെ ഒരു കാര്യം!
എന്തെങ്കിലും ഒന്ന് തീരുമാനിച്ചാൽ
അത് നടക്കണം.
ആ ഒരു വാശിയും സ്വഭാവവും കൊണ്ടാണല്ലോ ഇന്നവൾ തന്റെ ഭാര്യയായി ഇരിക്കുന്നതും.
ചായയും കൊണ്ട് മുഖം വീർപ്പിച്ചു തിരിഞ്ഞു നടന്ന അവളിൽ നിന്ന് ബലമായി ഗ്ലാസ്‌ വാങ്ങി ഒറ്റവലിക്ക് കുടിച്ചു. ഇനി അതിന്റെ പേരിൽ ഒരു പിണക്കം വേണ്ട.
“അയ്യോ അത് ചൂട് ചായയാ.
നിങ്ങൾടെ വായ് പൊള്ളിപ്പോകും മനുഷ്യാ !”

അതിലും വലിയ പൊള്ളലിൽ ആണ് താൻ നിൽക്കുന്നതെന്ന് അവളറിയുന്നില്ലല്ലോ!
ഓഫീസിൽ പോകാൻ റെഡിയാകുമ്പോൾ വീണ്ടും മകൾ അടുത്ത് വന്നു. അവളങ്ങനെയാണ്.
എന്ത് കാര്യവും തന്നോട് ഷെയർ ചെയ്യുന്നതാണ് അവൾക്ക് ഇഷ്ടം..
അതിന് ലേശം കുശുമ്പ് യമുനയ്ക്ക്  ഇല്ലാതില്ല.

“പിന്നെ, അച്ഛാ.. ഇനി നാട്ടിൽ പോകുമ്പോൾ ആ കുട്ടിയുടെ വീട്ടിലും എന്നെയൊന്നു കൊണ്ട് പോകണേ. എനിക്ക് ആ ചേച്ചിയെ ഒന്ന് കാണണം.എന്നിട്ട് കൂടെ നിന്ന്
ഒരു സെൽഫി എടുക്കണം..”
“ഓഹ് പിന്നെ, ഈ ലോകത്ത് ഇതുവരെ ആരും ഫസ്റ്റ് റാങ്ക് വാങ്ങീട്ടില്ലല്ലോ..”

യമുന പിറുപിറുത്തു.
മകൾ ശ്രുതി ടെൻതിലാണ് പഠിക്കുന്നത്. അവൾക്ക് നന്നായി പഠിക്കുന്ന എല്ലാവരോടും വല്യ ആരാധന ആണ്. അവളും പഠിക്കാൻ മോശമൊന്നുമല്ല.സ്കൂളിലെ ടീച്ചേഴ്സിന്റ പ്രിയപ്പെട്ട സ്റുഡന്റ്മാണ്!
പക്ഷെ, അവളിപ്പോൾ ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാൻ തനിക്ക് കഴിയുമോ.എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു തമ്മിൽ കണ്ടിട്ട് !തന്നെക്കാൾ രണ്ട് വയസ്സിനു ഇളയതാണ് തുളസി.അവൾ കുട്ടിക്കാലത്ത് മിക്കപ്പോഴും തന്റെ വീട്ടിലായിരുന്നു.
അമ്മ ആ ഗ്രാമത്തിലെ കൊച്ചു കുട്ടികൾക്കെല്ലാം ട്യൂഷൻ എടുത്തിരുന്നു. അവളും അമ്മയുടെ ഒരു സ്റ്റുഡന്റ് ആയിരുന്നു.
ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞാലും തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത്ഒരു സമയത്താണ്.
തന്റെ ഇളയ അനിയത്തി പ്രഭയും അവളും ഒരേ പ്രായമാണ്., പോരെങ്കിൽ, രണ്ടാളും പഠിക്കുന്നത് ഒരേ ക്ലാസ്സിലും!രണ്ടും കൂടി ഓരോന്ന് സാധിച്ചെടുക്കാൻ തന്നെയാണ് കൂട്ടിനു വിളിക്കുന്നത്. അവരുടെ രക്ഷകനായിരുന്നുവല്ലോ താനന്ന്!
രണ്ടു പീക്കിരി പെമ്പിള്ളേരുടെ ഇടയിൽ ഒരു ഹീറോയായിട്ടു വിലസി നടന്ന നാളുകൾ !
ആ ഓർമ്മയിൽ അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
വിഷുവിന് അമ്പലപ്പറമ്പിലെ കൊന്നപ്പൂ അടർത്തിക്കൊടുക്കാനും,ചാമ്പയ്‌ക്കയും പേരക്കയും മാങ്ങയും എന്ന് വേണ്ട നാട്ടിലെ സകല പുളിയും മധുരവും നുണയാൻ പവിയേട്ടാ…
എന്നൊരു നീണ്ട വിളി മാത്രം മതി.
ഏതു മരക്കൊമ്പിലും ഒരു കുരങ്ങനെപ്പോലെ വലിഞ്ഞു കയറാൻ എന്തൊരു ഉത്സാഹമായിരുന്നു.
തോട്ടു വക്കിൽ മീൻ പിടിക്കാൻ ചൂണ്ടക്കോലുമായി നിൽക്കുന്ന തന്റെയടുത്ത് ചൂണ്ടക്കൊളുത്തിൽ കുരുങ്ങുന്ന ഒരു മീനിന് വേണ്ടി എത്ര നേരം വേണമെങ്കിലും കാത്തുനിന്നോളും തുളസി..!
ട്യൂഷന് അമ്മ കൊടുക്കുന്ന കണക്കിന്റെ ഹോം വർക്കൊക്കെ പരിഹരിച്ചു കൊടുക്കുന്നതിനു സമ്മാനമായി അവൾ തനിക്ക് കൊണ്ട് തരുന്ന കഥ പുസ്തകങ്ങൾക്കും ചോക്ലേറ്റുകൾക്കും കണക്കില്ലായിരുന്നു..
പിന്നീട് കുറെ ദിവസങ്ങൾ തുളസി വീട്ടിൽ ട്യൂഷനു വരാതായി..
പ്രഭയോട് ചോദിച്ചിട്ട് അവളും ഒന്നും
വിട്ടു പറയുന്നില്ല.
ഒരു ദിവസം അമ്മയും പ്രഭയും തുളസിയുടെ വീട്ടിൽ നിറയെ മധുരപലഹാരങ്ങളുമായി പോകുന്നത് കണ്ടു..
ഇവൾക്ക് ഇങ്ങോട്ട് വന്നാലെന്താ. അവിടെ ഇതെല്ലാം കൊണ്ട് കൊടുക്കാൻ എന്താ അവൾടെ കല്യാണമോ മറ്റോ ആണോ?
ലേശം ഈർഷ്യ തോന്നാതിരുന്നില്ല.
രണ്ടു ദിവസം കഴിഞ്ഞു വീണ്ടും തുളസി ട്യൂഷന് വരാൻ തുടങ്ങി.
അവൾ പഴയതിലും ഒന്ന് മിനുങ്ങിയിട്ടുണ്ട്. കുറച്ചു കൂടി സുന്ദരിയായിരിക്കുന്നു.
തന്നെ കണ്ടപ്പോൾ ഒരു പരുങ്ങൽ !

“തുളസീ ആ സേതുവേട്ടന്റെ കടയുടെ പിന്നില് ഒരുപാട് കദളിപ്പൂവ് വിരിഞ്ഞിട്ടുണ്ട്. എന്ത് രസാണെന്നോ കാണാൻ.. നീയും പ്രഭയും വൈകുന്നേരം വരാങ്കിൽ ഞാൻ പറിച്ചു തരാം. പിന്നെ..സ്കൂളിന്റെ അടുത്തുള്ള മനോഹരൻ മാഷിന്റെ വീട്ടിൽ നിറയെ ഫാഷൻ ഫ്രൂട്ട് ഉണ്ട്. നിനക്ക് വേണോ..?”

അവൾ ഒന്നും പറയാതെ മുഖം കുനിച്ചു പിടിച്ചു കൊണ്ട് അകത്തേയ്ക്ക് ഓടി മറഞ്ഞു..
ഈ പെണ്ണിന് ഇതെന്തു പറ്റി.
മുമ്പ് കദളിപ്പൂവ് കണ്ടാൽ പിച്ചി കൊടുക്കാൻ എന്തൊരു കൊഞ്ചലാണ്. അവൾക്ക് അതിന്റെ വയലറ്റ് നിറം വലിയ ഇഷ്ടമാണ്.
അകത്തേയ്ക്ക് ഒന്ന് ഒളിഞ്ഞു നോക്കി..
അമ്മയുടെ മുന്നിൽ അനുസരണയുള്ള കുട്ടിയായി  എഴുതുന്നു !
പിൻ തിരിയാൻ ഭാവിച്ചതും അമ്മയുടെ ശബ്ദം കേട്ടു.
“തുളസീ, പഴയത് പോലെ പവീടെ ഒപ്പം കാട്ടിലും പറമ്പിലും ഒന്നും അലഞ്ഞു നടക്കരുത് കേട്ടോ. നീയിപ്പോൾ വല്യ പെണ്ണാണ്..”
കേട്ടപ്പോൾ ചിരിയ്ക്കാനാണ് തോന്നിയത്..ഹും, വല്യ പെണ്ണോ?
ഈ അമ്മയ്ക്കെന്താ വട്ട് പിടിച്ചോ.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഈ
ഞരന്തു പെണ്ണാണ് പെട്ടെന്നങ്ങു വല്യതായത്!!
എന്തായാലും അതോടെ താനാണ് ഒറ്റപ്പെട്ടത്. പെണ്ണുങ്ങൾ രണ്ടും വല്യതായിപ്പോയില്ലേ..
പത്താം ക്ലാസ്സിൽ ആയിരുന്നു താനന്ന്.. ഒരുപാട് പഠിക്കാൻ ഉണ്ട്,
ഇനി പെൺപിള്ളേരെയും കൊണ്ട് എങ്ങോട്ടും കറങ്ങാൻ പോയേക്കരുത്..
മര്യാദക്ക് വീട്ടിലിരുന്നു പഠിച്ചോണം എന്നാണ് വീട്ടിൽ നിന്ന് കിട്ടിയ അന്ത്യശാസനം..
തുളസി അപ്പോഴും വീട്ടിൽ വരുന്നുണ്ടായിരുന്നു.
ട്യൂഷൻ കഴിഞ്ഞാൽ അവൾ പ്രഭയുടെ ഒപ്പം ഇരുന്നു പിന്നെയും നോട്സ് ഒക്കെ എഴുതി എടുക്കുന്നത് കാണാം.
തന്നെ ഒരു മൈൻഡും ഇല്ല.
ഹൃദയത്തിൽ എവിടെയോ ഒരു വേദന തോന്നി..അത് പക്ഷെ എന്ത് കൊണ്ടാണെന്നു മനസ്സിലായത്
ആ സംഭവത്തോടെ ആയിരുന്നു!

ഒരു വ്യാഴാഴ്ച. അന്ന് തന്റെ പിറന്നാൾ ആണ്. അമ്മയോടൊപ്പം രാവിലെ കാവിൽ പോയി വിളക്ക് വെച്ച് പ്രാർത്ഥിച്ചു..
സ്കൂളിൽ എല്ലാ കൂട്ടുകാർക്കുംമിഠായി കൊടുത്തു..കൂട്ടത്തിൽ തുളസിക്കും !അത് വാങ്ങിയിട്ട് അവളൊന്നു ചിരിച്ചു. ആ ചിരിയ്ക്ക് എന്തൊരു ഭംഗിയാണെന്ന് അന്നാണ് ആദ്യമായി തോന്നിയത്..
അവൾ തിരിഞ്ഞു നടക്കുമ്പോൾ നീണ്ട മുടിയിൽ ഒരു തുളസിക്കതിര്.!
മനസ്സിൽ എന്തൊക്കെയോ ചലനങ്ങൾ..!വീണ്ടും അവളെ കാണണം എന്ന് തോന്നി.
വൈകുന്നേരം ട്യൂഷന് വന്നപ്പോൾ അവളുടെ കയ്യിൽ ചെറിയ ഒരു പൊതി ഉണ്ടായിരുന്നു. അത് നല്ല വർണ്ണക്കടലാസ്സിൽ പൊതിഞ്ഞിരുന്നു. അതിന്റെ പുറത്ത് പിറന്നാൾ ആശംസകൾ എന്ന് ഭംഗിയായി എഴുതിയിരിക്കുന്നു!
അമ്മ കാണാതെയാണ് അവളത് തനിക്ക് സമ്മാനിച്ചത്.
അവൾക്ക് നേരെ ഒരു ചിരിയെറിഞ്ഞു കൊണ്ട് മുറിയിലേയ്ക്ക് ഓടിപ്പോയി. വാതിൽ ചേർത്തടച്ചു.
പതിയെ ആ വർണ്ണപ്പൊതി അഴിച്ചു. ഹൃദയം വല്ലാതെ മിടിയ്ക്കുന്നുണ്ട്. എന്തായിരിക്കും..??
പൊതി തുറന്നതും ഞെട്ടിപ്പോയി. ബഷീറിന്റെ ഒരു പുസ്തകവും,
ഒപ്പം തിളങ്ങുന്ന ഒരു പേനയും..!പുസ്തകം വെറുതെ മറിച്ചു..
അകത്തെ താളിൽ വടിവൊത്ത അക്ഷരത്തിൽ –
“ന്റെ പവിയേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ”
പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
അവളുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു.
ന്റെ പവിയേട്ടൻ!!
ആ വാക്കുകൾ ഒരു പെരുമ്പറ പോലെ മുഴങ്ങുന്നു.അവൾക്ക് തന്നോടുള്ള ഇഷ്ടം മുഴുവനും അതിലുണ്ടായിരുന്നു.

പക്ഷെ, ഇത്രയും നാൾ കൂടെ നടന്നിട്ടും അങ്ങനെ ഒരു ചിന്ത പോലും തന്റെ മനസിലുണ്ടായില്ലല്ലോ എന്നോർത്ത് നിരാശ തോന്നി.പഴയ പോലെ തന്നോട് കൂട്ട് കൂടാൻ വരാത്തതിൽ അവളോട് ലേശം നീരസം ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. അതുകൊണ്ട് തന്നെ കുറെ നാളായിട്ട്  തുളസിയെ താൻ ശ്രദ്ധിക്കാറേ ഇല്ല.
അന്ന് ട്യൂഷൻ കഴിയാനായി കാത്തിരുന്നു. അവൾ പോകുമ്പോൾ മുറ്റത്ത് വെറുതെ എന്തോ തിരയുന്നത് പോലെ നിന്നു. അവൾ ചെരുപ്പ് ധരിച്ച ശേഷം പോകാനായി തിരിഞ്ഞ് നിന്നു. എന്നിട്ട് നേർത്ത സ്വരത്തിൽ ചോദിച്ചു.

“സമ്മാനം ഇഷ്ടായോ..?”
“ഉം.. ഒരുപാട്..”
താനും മറുപടി കൊടുത്തു.
പിന്നീട് എത്ര കത്തുകൾ അവൾക്ക് സമ്മാനിച്ചിരിക്കുന്നു.
അവൾ പ്രഭ വഴിയാണ് തനിക്ക് അതിനുള്ള മറുപടികൾ തന്നത്.
അമ്പല മുറ്റത്തും, കുളക്കരയിലും സ്കൂളിലേക്ക് പോകുന്ന വഴികളിലുമെല്ലാം വെച്ച് തമ്മിൽ കണ്ടു..
ഇഷ്ടം കൂടി കൂടി വന്നു.
അവൾക്ക് തന്നെ ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യെന്ന് എഴുതിയ കത്ത് വായിച്ചപ്പോൾ തുള്ളിച്ചാടാൻ തോന്നി.
ഈ പ്രേമത്തിന് എന്തൊരു ശക്തിയാണ്.
ഈ ലോകത്തുള്ള സകലതിനോടുംപ്രേമം തോന്നുന്നു.
ചുറ്റിനും കാണുന്ന എല്ലാത്തിനും എന്തൊരു ഭംഗിയാണ്.
അതിലെല്ലാം തന്റെ തുളസിയുടെ മുഖമാണ്..
പ്രേമം കൊടുമ്പിരി കൊണ്ട നാളുകളിൽ എപ്പോഴോ ആണ്, അമ്മയ്ക്ക് മകന്റെ ഉഴപ്പ് കണ്ട് പുസ്തകം എല്ലാം ഒന്ന് പരിശോധിക്കാൻ തോന്നിയത്.
ഇവൻ ഇങ്ങനെ അല്ലായിരുന്നുവല്ലോ. നന്നായി പഠിച്ചിരുന്ന മകന് പരീക്ഷകളിൽ മാർക്കും നന്നായി കുറഞ്ഞു.അവനെ ഇനിമുതൽ ഒന്ന് ശ്രദ്ധിക്കണം.
അമ്മയ്ക്ക് ചൂട് കയറി.
പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു മയിൽ‌പീലി തുണ്ടാണ് ആദ്യം ഊർന്നു വീണത്.
പിന്നാലെ മടക്കി വെച്ച ഒരു പേപ്പറും.!
അമ്മ താഴെ വീണ അവന്റെ വിലപ്പെട്ട രണ്ടു നിധികളും കുനിഞ്ഞെടുത്തു സംശയത്തോടെ.
മയിൽ‌പീലി സൂക്ഷിക്കാൻ ഇവനെന്താ പെൺകുട്ടിയാണോ..!
അവർ മടക്കി വെച്ച പേപ്പർ തുറന്നു.
അതിലെ വരികൾ അവരുടെ കണ്ണിനെ എരിയിപ്പിച്ചു..ഹൃദയം വല്ലാതെ മിടിച്ചു.ആകെയൊരു ഉഷ്ണം.
പിന്നെ..നീട്ടിയൊരു വിളിയായിരുന്നു.
“പവീ…….”
ചോദ്യവും പറച്ചിലും അടക്കിപ്പിടിച്ചായിരുന്നു..അച്ഛനും അമ്മയും ഒരു കുറ്റവാളിയെ പോലെ അവനെ വിമർശിച്ചു കൊണ്ടിരുന്നപ്പോഴും പ്രഭ മുറിയ്ക്കുളിൽ ശ്വാസമടക്കിപ്പിടിച്ചു നിന്നു. താനാണ് എല്ലാത്തിനും കൂട്ട് നിന്നതെന്ന് അറിഞ്ഞാൽ അമ്മ തന്റെ ചെവി പിടിച്ചു പൊന്നാക്കും. അവൾ കാവിലെ ഭഗവതിയെ വിളിച്ചു പ്രാർത്ഥനയോടെ നിന്നു. ഭാഗ്യത്തിന് ഏട്ടൻ അവളുടെ പങ്കിനെ കുറിച്ച് പറഞ്ഞില്ല.
പിന്നീട്,
ഇന്നത്തെ സിസി ടിവിയെക്കാൾ കടുത്ത നിരീക്ഷണത്തിലായിരുന്നുവല്ലോ താൻ..!!തുളസിയുടെ വീട്ടിലും അമ്മ കാര്യം പറഞ്ഞിരുന്നു.പാവം തുളസി, അവളെ ഒരുപാട് വഴക്ക് പറഞ്ഞു.
ഇനി നീയ് പഠിക്കാൻ പോകണ്ടെന്ന് പറഞ്ഞു പുസ്തകമെല്ലാം വലിച്ചെറിഞ്ഞു.
കുറെ ദിവസം അവൾക്കൊപ്പം അച്ഛനാണ് സ്കൂളിൽ കൂട്ട് വന്നത്. വൈകുന്നേരം സ്കൂൾ വിട്ടാലുടനെ അവളുടെ അച്ഛൻ സ്കൂട്ടറുമായി വന്നു കൂട്ടിക്കൊണ്ട് പോകും.
അതോടെ പ്രഭയും ഒറ്റപെട്ടു.
തുളസിയുടെ ട്യൂഷൻ പഠിപ്പും അതോടെ അവസാനിപ്പിച്ചു.
പിന്നെ, ഒരു മാസം കഴിഞ്ഞു പ്രഭയാണ് വൈകുന്നേരം സ്കൂളിൽ നിന്ന് വന്നയുടനെ തന്നോട് ആ രഹസ്യം പറഞ്ഞത്.
തുളസിയുടെ അച്ഛൻ മറ്റൊരു സ്ഥലത്ത് ട്രാൻസ്ഫർ വാങ്ങിച്ചെന്നും അവരെല്ലാം നാളെത്തന്നെ ഇവിടം വിട്ടു പോകുന്നെന്നും!!
അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു. സ്നേഹിക്കുന്നത് ഇത്രയും വലിയൊരു തെറ്റാണെന്ന് അന്നാണ് ബോധ്യമായത്. ആരോടും ഇനിമേൽ തനിക്ക് ഇത്തരത്തിൽ ഒരടുപ്പം ഉണ്ടാകരുത് എന്നും പ്രതിജ്ഞ എടുത്തു.തുളസി മാത്രം മതി എന്നും തന്റെ ഹൃദയത്തിൽ.
അവൾ പോകുന്നത് ഒരു നോക്ക് കാണാൻ വല്ലാണ്ട് മോഹമുണ്ട്.
പ്രഭയ്ക്ക് തന്റെ അവസ്ഥ അറിയാം. പക്ഷെ, അമ്മ കരുതിക്കൂട്ടിയായിരുന്നു.
രാവിലെ ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ട് പോയി. പോകുമ്പോൾ അവളെ ഒരു നോക്ക് കാണാൻ വല്ലാണ്ട് പരിശ്രമിച്ചു.അവൾ വീട്ടിനുള്ളിൽ നിന്ന് തന്നെ കാണുന്നുണ്ടാവും എന്നുള്ള ചിന്ത മാത്രമാണ് ആശ്വാസം തന്നത്.
പിന്നീട് ഒരിക്കലും അവളെ കാണാനോ, വിവരങ്ങൾ അറിയാനോ ഇടവന്നിട്ടില്ല.

അന്ന് വെറും പതിനഞ്ചു വയസുള്ള ഒരാൺകുട്ടി വിചാരിച്ചാൽ എന്ത് നടക്കാനാണ്?
പിന്നെ..പിന്നെ..,കാലം അവളെ കുറിച്ചുള്ള ഓർമ്മകൾ ഒരു മഷിത്തണ്ട് കൊണ്ട് മായ്ച്ചു കളയുമ്പോലെ മനസ്സിൽ നിന്ന് തുടച്ചു കളഞ്ഞു !
ഇന്ന് ഇപ്പോഴാണ് ഒരു പത്രത്താളിലൂടെ അവളുടെ മകളോടൊപ്പം തുളസി വീണ്ടും ഓർമ്മകളിലേയ്ക്ക് മടങ്ങിവന്നത്.

ആ നാടിന്റെ ഓർമ്മകളിൽ തുളസി ഇല്ലാത്ത ഒരു ജീവിതം ഉണ്ടായിരുന്നില്ല. തുളസി അവിടെ വിട്ടു വർഷങ്ങൾക്ക് മുമ്പേ പോയിട്ടും വീണ്ടും അവിടെ തന്നെ ഇപ്പോഴും താമസിക്കുന്നു. പഴയ അതെ തറവാട്ട് വീട്ടിൽ !!
എന്നിട്ടും താനവളെ മറന്നു കളഞ്ഞല്ലോ.വല്ലാത്ത കുറ്റബോധം തോന്നുന്നു.

“പവിയേട്ടൻ അവിടെ
എന്തെടുക്കുവാ.
ഇന്ന് ഓഫീസിൽ പോകണ്ടതല്ലേ.
ഇതുവരെ റെഡിയായില്ലേ..?”

കുളിയും കഴിഞ്ഞു വന്നിട്ടും ധരിക്കാൻ എടുത്ത ഷർട്ടും കയ്യിൽ പിടിച്ചു കൊണ്ട് ഇതുവരെ താൻ തന്റെ നാട്ടിൻ പുറത്തായിരുന്നു !
അയാൾ  ജാള്യതയോടെ തിരക്കിട്ട് ഒരുങ്ങാൻ തുടങ്ങി.

ശാലിനി ✍🏼

Leave a Reply

Your email address will not be published. Required fields are marked *