“എടാ അനീഷേ.. നിന്റെ കല്യാണം ഉറപ്പിച്ചല്ലേ… ഞാൻ അറിഞ്ഞു .. പെണ്ണ് കലക്കി കേട്ടോ … ഞാൻ പണ്ട് ഉപ്പ് നോക്കിയതിനെ തന്നെ നീ തിരഞ്ഞെടുത്തല്ലോ.. രേവതി… വെറുതേ പറയുവല്ല നല്ല സൂപ്പർ പീസാടാ അവൾ… എനിക്ക് കിട്ടിയത് പതിനാലാമത്തെ വയസിലാണ്. അന്നേ നല്ല കൊഴുത്തൊരു പെണ്ണായിരുന്നു. ഇപ്പോ ദേ അതിന്റെ ഇരട്ടിയായി.. നിന്റെ യോഗം… കൊണ്ട് പോയി തിന്നോ.. ”
ചന്ദ്രൻ വഷളൻ ചിരിയോടെ പറയുമ്പോൾ അനീഷിന്റെ നെറ്റി ചുളിഞ്ഞു. അവന്റെ മിഴികളിൽ രോഷം ഇരച്ചു കയറുമ്പോൾ വീണ്ടും പുഞ്ചിരിച്ചു ചന്ദ്രൻ..
” എടാ മോനെ നിനക്ക് എന്താ ടാ ദേഷ്യം വരുന്നുണ്ടോ… എന്നെ തല്ലണോ.. വേണേൽ തല്ലിക്കോ കേട്ടോ. എനിക്ക് പ്രശ്നം ഇല്ല… കാത്തിരുന്നു കൊതിച്ചു ഒടുവിൽ സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങുന്നെന്റെ വിഷമം അങ്ങനെ അങ്ങ് തീരട്ടെ… ”
അവനെ പ്രകോപിപ്പിക്കുകയാണ് ചന്ദ്രന്റെ ലക്ഷ്യമെന്ന് മനസിലാക്കവേ അനീഷിന്റെ സുഹൃത്ത് വിഷ്ണു അവർക്കിടയിലേക്ക് കയറി..
” ഒന്ന് പോ ചേട്ടാ വെറുതേ ആളെ ചൊറിയാൻ നിൽക്കാതെ.. അനീഷേ നീ നടക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട.. ”
ബലമായി വിഷ്ണു തന്നെ മുന്നിലേക്ക് തള്ളി കൊണ്ട് പോകുമ്പോൾ അടങ്ങാത്ത കലിയിൽ ചന്ദ്രനെ തന്നെ നോക്കി അനീഷ്. എന്നാൽ ഒട്ടും കൂസലില്ലാതെ ഒരു വഷളൻ ചിരിയിൽ തന്നെ നോക്കി നിന്നു ചന്ദ്രൻ.
കുറച്ചു ദൂരം മുന്നിലേക്ക് പോയി പെട്ടെന്ന് വിഷ്ണുവിന്റെ പിടിയിൽ നിന്നും കുതറി അനീഷ്.
“അവനെ കൊല്ലണം ടാ.. ഞങ്ങടെ വിവാഹത്തിന് മുന്നേ അവൻ തീരണം എന്നാൽ മാത്രേ പാവം രേവതിയ്ക്ക് സ്വസ്ഥത കിട്ടുള്ളു… ഇപ്പോഴും ഉള്ളിൽ പേടിയാണ് അവൾക്ക് ഈ നാട്ടിലെ നിയമം പോലും അവനെ തൊടുന്നില്ലല്ലോ.. പലപ്പോഴായി രേവതി ഉൾപ്പെടെ മൂന്ന് പെൺകുട്ടികളെ ആണ് അവൻ… എന്നിട്ട് ആകെ കിട്ടിയത് അഞ്ചു വർഷം ശിക്ഷ.. ജയിലിൽ നിന്നും തിന്ന് കൊഴുത്തു വീണ്ടും ഇറങ്ങിയേക്കുവാ കഴുകൻ.. ഇനി ഏത് പാവത്തിനെ ആണോ എന്തോ വീണ്ടും…….”
പറഞ്ഞ് നിർത്തുമ്പോൾ പല്ലുകൾ ഞെരിച്ചു അവൻ.
” അവനെ കൊന്നാലോ??… അതോടെ നിങ്ങടെ ജീവിതം സുഖപ്രദമാകോ…. നീ ജയിലിലും അവൻ നാട്ടിലും .. ഹാ സുഖം.. ”
വിഷ്ണുവിന്റെ പെട്ടെന്നുള്ള ആ മറുപടിയിൽ ഒന്ന് പതറി അനീഷ്. അവന്റെ രോഷം അടക്കുവാൻ ആ വാക്കുകൾ മതിയായിരുന്നു.
” എടാ പിന്നെന്താ ഞാൻ ചെയ്യേണ്ടേ.. പാവം രേവതി.. അതിനു ഇപ്പോഴും പേടിയാണ് ഇയാളെ… രാത്രി ആയാൽ പേടിച്ചു വിറച്ചാണ് ഇരിക്കുന്നത്… പകൽ പോലും ഒറ്റയ്ക്ക് പുറത്ത് പോകില്ല.. അന്ന് സ്കൂൾ വിട്ടു വന്നപ്പോ അല്ലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഇവൻ….. ആ ഇവൻ ജീവനോടെ ഉള്ളിടത്തോളം കാലം അവളുടെ ഈ അവസ്ഥക്ക് മാറ്റമൊന്നും വരാൻ സാധ്യതയില്ല… ”
പറഞ്ഞവസാനിപ്പിക്കുമ്പോൾ അനീഷിന്റെ സ്വരം ദയനീയമായിരുന്നു. അവന്റെ ചുമലിലേക്ക് പതിയെ കയ്യിട്ടു വിഷ്ണു.
” നമുക്കൊന്നും അയാളെ ഒന്നും ചെയ്യാൻ പറ്റില്ലടാ.. രാഷ്ട്രീയക്കാരുടെ ഗുണ്ടയാണയാൾ ..അതുകൊണ്ടാണല്ലോ ഇത്രേം ക്രിമിനൽ ആയിട്ടും കോടതിൽ എത്തുമ്പോൾ അയാൾക്കെതിരെയുള്ള തെളിവുകൾ ചുരുങ്ങുന്നത്… ജീവ പര്യന്തത്തിനുള്ളത് ചെയ്ത് വച്ച് കോടതിയിൽ പോയി പെറ്റി മാത്രം വാങ്ങി വരുന്ന മുതലാണ് അത്.”
ആ വാക്കുകളിൽ ചന്ദ്രന്റെ വലിപ്പം വ്യക്തമായിരുന്നു. നിസഹായനായി കേട്ടു നിൽക്കുവാനേ അനീഷിനും കഴിഞ്ഞുള്ളു.
“അവനുള്ളത് കിട്ടും ടാ.. കൊടുത്താൽ കൊല്ലത്തും കിട്ടും ന്നുള്ള ചൊല്ല് കേട്ടിട്ടില്ലേ…. നമ്മളൊക്കെ ദൈവവിശ്വാസികൾ അല്ലെ.. അവനുള്ളത് ദൈവം തന്നെ കൊടുക്കട്ടെ ”
അത്രയും കൂടി കൂട്ടിച്ചേർക്കുമ്പോൾ അകലേക്ക് നടന്നകലുന്ന ചന്ദ്രനെ ഒരിക്കൽ കൂടി നോക്കി വിഷ്ണു. നിസഹായനായി തന്നെ നിന്നു അനീഷും.
അന്നത്തെ ദിവസം പതിയെ അവസാനിച്ചു.
പിറ്റേന്ന് അതിരാവിലെ വിഷ്ണുവിന്റെ തുടരെ തുടരേയുള്ള കോളുകൾ എത്തുമ്പോഴാണ് അനീഷ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.
” എടാ.. ഞാൻ ഇന്നലെ പറഞ്ഞത് ദൈവം കേട്ടെന്ന് തോന്നുന്നു… ആ ചന്ദ്രന് പണി കിട്ടി… ആള് തീർന്നു. ”
” ങേ.. എന്ത് പണി….. തീർന്നെന്നോ … എന്താ നീ ഉദ്ദേശിക്കുന്നേ ”
ഉറക്കച്ചടവിൽ പെട്ടെന്നു എഴുന്നേറ്റിരുന്നു അനീഷ്.
” എടാ. അയാളിന്നലെ നൈറ്റ് അടിച്ചു പാമ്പായി ബൈക്ക് ഓടിച്ചു വന്ന് ആ ആനക്കോട് ക്ഷേത്രം കഴിഞ്ഞു റോഡ് സൈഡിൽ ഉള്ള ചതുപ്പ് നിലത്തേക്ക് വണ്ടിയോടെ മറിഞ്ഞു വീണു. വീഴ്ചയിൽ ആളിന്റെ തല ചേറിൽ താഴ്ന്നു പോയി.. ഇന്ന് രാവിലെ ആണ് നാട്ടുകാര് കാണുന്നേ ആള് തീർന്നു… ”
ഒരു മരണ വാർത്തയായിരുന്നിട്ടു കൂടി വല്ലാത്ത ആവേശത്തിലാണ് വിഷ്ണു അത് പറഞ്ഞത്.
“ഉവ്വോ… എടാ.. ഇതിപ്പോ.. ഇതിപ്പോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സന്തോഷ വാർത്തയായി പോയല്ലോ ഇന്നലെ തന്നെ നമ്മൾ അവന്റെ കാര്യം സംസാരിച്ചതല്ലേ ഉള്ളു… രേവതിയ്ക്ക് ഇത് വലിയ ആശ്വാസം ആകും.. ഞാൻ അവളെ ഒന്ന് വിളിക്കട്ടെ ടാ..”
വിഷ്ണുവിന്റെ കോൾ കട്ട് ചെയ്ത് അനീഷ് പതിയെ മുറി വിട്ട് പുറത്തേക്കിറങ്ങി. നടന്നു മുറ്റത്തേക്ക് എത്തി രേവതിയെ കോൾ ചെയ്ത് ഫോൺ വീണ്ടും കാതോട് ചേർത്തു.
” താൻ കേട്ടില്ലേ ഇന്നത്തെ വൈറൽ വാർത്ത.. ”
” കേട്ടു.. സന്തോഷം.. ഒരുപാട് സന്തോഷം.. അവന് ആ നാറിയ്ക്ക് കിട്ടിയ മരണം.. അതൊരു വെറും നിസാര മരണമായില്ല.. നല്ലോണം അനുഭവിച്ചു തന്നാ ചത്തത്… അതിൽ ഏറെ സന്തോഷവും ഉണ്ട്. ”
രേവതിയുടെ ആ വാക്കുകളിൽ ഒരു സംതൃപ്തി നിറഞ്ഞിരുന്നത് തിരിച്ചറിഞ്ഞു അനീഷ്.
” ഞാൻ എന്തായാലും ഒന്ന് കാണാൻ പോകുവാ. ചേറിൽ പുതഞ്ഞ ആ രൂപം ഫോട്ടോ എടുക്കാൻ പറ്റുവാണേൽ എടുത്ത് നിനക്ക് അയച്ചു തരാം.. ഇപ്പോ ഉള്ളിൽ തോന്നുന്ന ഈ സന്തോഷം ഇരട്ടിപ്പിക്കാൻ ആ ഫോട്ടോയ്ക്ക് കഴിഞ്ഞേക്കും ”
കോൾ. കട്ട് ചെയ്ത് തിരിയുമ്പോഴേക്കും അവന്റെ അമ്മ ചായയുമായി എത്തിയിരുന്നു
” അമ്മയും അറിഞ്ഞില്ലേ സന്തോഷ വാർത്ത.. ആ ചന്ദ്രൻ തീർന്നു ”
“അറിഞ്ഞു ഞാൻ.. കേട്ടപ്പോ നല്ല ആശ്വാസം ഉണ്ട്.. ഇനി രേവതി മോൾക്ക് ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങി നടക്കാലോ… ”
അമ്മയുടെ വാക്കുകളിലെയും സംതൃപ്തി അനീഷ് തൊട്ടറിഞ്ഞു. ഉള്ളിൽ എവിടെയോ ഒരു ആശ്വാസം തോന്നി അവന്.
തിരികെ നടന്നു പോയ അമ്മ പെട്ടെന്ന് എന്തോ ഓർത്തിട്ട് ഒന്ന് നിന്നു.
” മോനെ.. നിന്റെ കാറിന്റെ മുൻവശം എവിടെയോ ഇടിച്ചിട്ടുണ്ടല്ലോ… ഇന്നലെ രാത്രി പറ്റിയതാണോ.. അത് പെട്ടെന്ന് അങ്ങ് നേരെ ആക്ക് ചെയ്യ് കേട്ടോ.. കുറച്ചു കറുത്ത പെയിന്റും പറ്റി ഇരിപ്പുണ്ട്. അതും കഴുകി മാറ്റിയേക്ക് ”
അമ്മ ആ പറഞ്ഞ വാക്കുകൾ അനീഷ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചെറിയൊരു നടുക്കത്തോടെ അവൻ നോക്കി നിൽക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ആ അമ്മ.
” അറിയില്ല എനിക്ക്.. എന്താണ് സംഭവിച്ചത് എന്ന്.. ഇനി ഞാൻ മനസ്സിൽ കരുതുന്നത് തന്നെയാണ് സംഭവിച്ചത് എങ്കിൽ.. നന്നായി മോനെ.. ”
ആ വാക്കുകൾ അനീഷിന് ഏറെ ആവേശമായി. പതിയെ പതിയെ അവന്റെ മുഖം വിടർന്നു. മിഴികൾ ജ്വലിച്ചു.
” അമ്മേ ഇന്നലെ വിഷ്ണു…പറഞ്ഞു ചന്ദ്രനുള്ളത് ദൈവം കൊടുക്കുമെന്ന്… പക്ഷെ എനിക്കറിയാം ഒരു ദൈവങ്ങളും അങ്ങിനെ നമുക്ക് വേണ്ടി പകരം വീട്ടാനിറങ്ങില്ല.. ചില അവസരങ്ങൾ നമുക്കായി ഒരുക്കി തരും.. അത് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മാത്രം മതി. എനിക്ക് അങ്ങിനെ ഒരു അവസരം കിട്ടി ഇന്നലെ രാത്രി .. ഞാനത് പാഴാക്കിയില്ല.. രേവതി ഉൾപ്പെടെ പല പെൺകുട്ടികൾക്കും ഇനി ആശ്വാസത്തോടെ ജീവിക്കാം ആ കഴുകൻ ഇനി ഉണ്ടാകില്ല.. ”
ആ വാക്കുകൾ കേൾക്കെ നിറകണ്ണുകളോടെ അവനെ നോക്കി നിന്ന ശേഷം പതിയെ ഉള്ളിലേക്ക് പോയി അമ്മ.
ഉള്ളിൽ ഏറെ സംതൃപ്തിയിൽ ആ ചൂട് ചായ പതിയെ കുടിച്ചു അനീഷ്. ചെയ്ത പ്രവൃത്തിയിൽ ലവലേശം കുറ്റബോധം തോന്നിയില്ല അവന് കാരണം മരണപ്പെട്ടവൻ അത്രമേൽ ദ്രോഹങ്ങൾ ചെയ്തിട്ടുള്ളവനായിരുന്നു..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
