വിവാഹത്തിന് മുമ്പേ തനിയ്ക്ക് വേണ്ട ആതിരയുടെ ശരീരം ഇഷ്ടാനുസരണം ഉപയോഗിച്ചു മടുത്ത രാഹുൽ ആതിരയുമായുള്ള ബന്ധം ഉപേക്ഷിച്ച് അവന്റെ ……

“ഏതൊരാണിനും ഒറ്റ കാഴ്ചയിലേ ഒരു പെൺക്കുട്ടിയെ ഇഷ്ടപ്പെടാനും അവളെ കെട്ടി ഭാര്യയാക്കി കൂടെ പൊറുപ്പിക്കാനും തോന്നണമെങ്കിൽ ആ പെൺക്കുട്ടി അത്രയ്ക്കും സുന്ദരിയാവണം സുമേ… സുന്ദരിയെന്നു വെച്ചാൽ എന്റെ മകൾ ആതിരയെ പോലെ സുന്ദരിയാവണം… അവളുടെയീ ഭംഗി കണ്ടിട്ടല്ലേ രാഹുൽമോൻ മൂക്കുംകുത്തി വീണതും അവളെ കല്യാണം ആലോചിച്ച് വന്നതും….

“അവനെ പോലൊരു പയ്യനെയും കുടുംബത്തെയുമൊന്നും നമ്മുക്ക് സ്വപ്നം കാണാൻ കിട്ടില്ല ഈ ജന്മം….മോന്റെ ജാതകത്തിലെന്തോ പ്രശ്നമുള്ളതുകൊണ്ടാ ഈ കല്യാണം ആറു മാസത്തേയ്ക്ക് നീട്ടിവെക്കാൻ മോൻ സമ്മതിച്ചതു തന്നെ… ഇപ്പോഴേ എന്റെ മോളെ കെട്ടി കൂടെ കൊണ്ടു പോവണമെന്നാ അവന്….
ഒക്കെ എന്റെ ആതിര മോളുടെ ഭാഗ്യം…..”

അമ്മയെ സഹായിക്കാനെന്ന പേരിൽ മുറ്റത്തിനരികിൽ ചൂലും കൊണ്ട് വെറുതെ തോണ്ടി നിന്ന ആതിര തന്നെ പറ്റി അമ്മ ചെറിയമ്മയോടു സംസാരിയ്ക്കുന്നത് കേട്ട് സന്തോഷത്തോടെ നോക്കിയത് ചെറിയമ്മയുടെ വീടിന്റെ ഉമ്മറത്തേക്കാണ്…

പ്രതീക്ഷിച്ച ആളെ അമ്മയുടെ സംസാരമെല്ലാം കേട്ട് ആ വീട്ടു വരാന്തയിൽ കാണാതെ വന്നതുമൊരു നിരാശ ബാധിച്ചു ആതിരയിൽ….

“ചെറിയമ്മേ ശ്യാമ എവിടെ ….?
എണീറ്റില്ലേ അവള് ഇത്ര നേരമായിട്ടും…
പുറത്തൊന്നും അവളെ കാണാൻ ഇല്ലാഞ്ഞിട്ട് ചോദിച്ചതാ ഞാൻ….

കയ്യിലെ ചൂല് വേലിയ്ക്കരികിലിട്ട് അമ്മയ്ക്കും ചെറിയമ്മയ്ക്കും അരികിലേക്ക് ചെന്ന് തിരക്കി ആതിര….

“ശ്യാമ മോള് രാവിലെ കോളേജിലെന്തോ തിരക്കുണ്ടെന്നു പറഞ്ഞ് നേരത്തെ പോയല്ലോ ആതിര മോളെ…. മോളോട് പറഞ്ഞില്ലായിരുന്നോ പോവുന്ന കാര്യം ശ്യാമ മോള്…?

ചെറിയമ്മ പറഞ്ഞു കൊണ്ടവളോട് തിരിച്ചു തിരക്കിയതും ഇവളിതെങ്ങോട്ടു പോയിത്ര രാവിലെ എന്ന ചിന്തയോടെ ചുമലൊന്നു കൂച്ചി ആതിര, തന്നോടു ശ്യാമ പറഞ്ഞില്ലെന്നറിയിക്കുന്നതിനായ്….

“എന്തോ പ്രധാനപ്പെട്ട കാര്യമാണ്, വരാൻ ഇച്ചിരെ താമസിയ്ക്കും എന്നൊക്കെ പറഞ്ഞിരുന്നു മോളെ ശ്യാമ… അവളു പറയുന്ന പലതും എനിയ്ക്ക് മനസ്സിലാവാത്ത കൊണ്ട് ഞാനതൊന്നും ചിക്കി ചികഞ്ഞവളോട് ചോദിയ്ക്കാറില്ല… എന്തെങ്കിലും കാര്യമുള്ള കാര്യത്തിനേ എന്റെ കുട്ടി ഓരോന്നും ചെയ്യുള്ളുവെന്ന് എനിയ്ക്കറിയാലോ…. ”

ശ്യാമയെ കുറിച്ചുള്ള വിശ്വാസത്തിൽ സ്നേഹത്തോടെ ചെറിയമ്മ ഓരോന്നും പറഞ്ഞു തുടങ്ങിയതും ആതിരയുടെയും അവളുടെ അമ്മയുടെയും മുഖമാകെ ഇരുണ്ടു പോയ്…

“എന്റെ സുമേ കാര്യം ശ്യാമ കാണാൻ യാതൊരു ഭംഗിയുമില്ലാത്ത കറുത്തൊരുവളാണെങ്കിലും അവളൊരു പെൺക്കുട്ടിയാണ്.. അതെപ്പോഴും ഓർമ്മ വേണം നിനക്ക്…

“അവളു പറയുന്നതെല്ലാം കേട്ട് അവളെ നീയ്യിങ്ങനെ ഒന്നും ചോദിയ്ക്കുകയും പറയുകയും ചെയ്യാതെ കയറൂരി വിട്ടാലൊടുവിൽ പെണ്ണ് വയറും വീർപ്പിച്ച് നിന്റെ മുന്നിൽ തന്നെ വന്നു നിൽക്കുന്നത് നീ കാണേണ്ടി വരും.. അന്ന് അയ്യോ ചേച്ചീന്നും പറഞ്ഞ് എന്നെ വിളിച്ചു വന്നേക്കരുത് നീ… കൂടപ്പിറപ്പാണ് …..ആരുമില്ലാത്തവളാണ് എന്നൊന്നും ഓർത്ത് ഞാൻ സഹായിക്കില്ല നിന്നേം നിന്റെ മോളേം…പറഞ്ഞില്ലെന്നു വേണ്ട….’

ശ്യാമ രാവിലെ തന്നെ കോളേജിൽ പോയെന്നു കേട്ടതോടെ എന്തിനൊക്കെയോ പുകഞ്ഞുളളിൽ നിറഞ്ഞ ദേഷ്യത്തോടെ ആതിരയുടെ അമ്മ ശബ്ദമുയർത്തി പറഞ്ഞതും തന്റെ ചേച്ചിയുടെ സംസാരത്തിലാകെ പതറി അവരെ ദയനീയമായ് നോക്കി സുമ…

“എന്റെ മോളോട് എന്തിനാ ചേച്ചി ചേച്ചിയ്ക്കിത്ര ദേഷ്യം.. അവള് നിങ്ങളെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കാറില്ലല്ലോ… അവൾക്കോർമ്മ വെച്ച കാലം മുതൽ ചേച്ചിയവളെ എന്നു കളിയാക്കിയിട്ടും പരിഹസിച്ചിട്ടും മാത്രമേ ഞാൻ കേട്ടിട്ടും കണ്ടിട്ടും ഉള്ളു… ഇത്രയ്ക്കും ദേഷ്യം അവളോട് തോന്നാൻ അവളെന്താ ചേച്ചിയെ ചെയ്തത്….?

ശ്യാമയെ പ്രാകിയവർ പറഞ്ഞ വാക്കുകൾ സുമയുടെ നെഞ്ചിലൊരു പോറൽ വീഴ്ത്തിയതും ആദ്യമായ് മകൾക്കു വേണ്ടി സ്വന്തം ചേച്ചിയോട് തിരികെ ശബ്ദമുയർത്തി സുമയും…

എന്നാൽ സുമയുടെ ഉയർന്ന ഒച്ചയിലും ചോദിച്ച ചോദ്യങ്ങളിലും ഒന്നു ഞെട്ടി ആതിരയുടെ അമ്മ…
ഇന്നേ വരെ താൻ പറയുന്നതെല്ലാം കണ്ണീരോടെ കേട്ടു നിൽക്കുകയല്ലാതെ മറിച്ചൊരു ചോദ്യമോ പറച്ചിലോ ഉണ്ടായിരുന്നില്ല സുമയുടെ ഭാഗത്ത് നിന്നീ നിമിഷം വരെ… ഇന്നാദ്യമായ് അങ്ങനെയൊന്ന് സംഭവിച്ചതിന്റെ പകപ്പും ഞെട്ടലുമാണവർ അമ്മയ്ക്കും മോൾക്കും…

“ഞാൻ പറഞ്ഞതു കേട്ട് നീയെന്തിനാ സുമേ കണ്ണു നിറയ്ക്കുന്നതും ഒച്ചയെടുകുന്നതും…? അതിനു മാത്രമൊന്നും ഞാൻ പറഞ്ഞിട്ടും ചോദിച്ചിട്ടും ഇല്ല… ഇനി പറഞ്ഞെങ്കിലും ചോദിച്ചെങ്കിലും തന്നെ അതൊക്കെ സത്യമല്ലേ.. അതിനിത്ര കരയാനെന്തിരിയ്ക്കുന്നു…?

ചെറിയമ്മയോട് തന്റെ അമ്മ തിരിച്ചു ശബ്ദമുയർത്തി ചോദിച്ചതു കേട്ടൊരു നിറചിരി ആതിരയിലും അന്നേരം നിറഞ്ഞു

“എന്റെ ചെറിയമ്മേ…അമ്മ പറഞ്ഞതെല്ലാം ഇന്നീ ലോകത്തു നടക്കുന്ന കാര്യങ്ങൾ തന്നെയാണ്……. അതിനു ചെറിയമ്മ എന്തിനാ അമ്മയോട് ചൂടാവുന്നത്… ശ്യാമയ്ക്ക് അല്ലെങ്കിലേ ഇത്തിരി തന്റേടം കൂടുതലാണ്… അതിന്റെ കൂടെ അവളു വലിയ പഠിത്തകാരി ആണെന്ന അഹങ്കാരവുമുണ്ടവൾക്ക്…”

ആതിര കൂടി ശ്യാമയ്ക്ക് എതിരെ സംസാരിച്ചു തുടങ്ങിയതും അവർക്കു മുമ്പിൽ തർക്കിച്ചു നിൽക്കാനാവില്ല തനിയ്ക്കെന്ന ചിന്തയിൽ നിശബ്ദം തന്റെ വീടിനകത്തേയ്ക്ക് നടന്നു സുമ…

“വേറാരുമിവിടെ കോളേജിൽ പോയി പഠിക്കാത്ത പോലെയാണ് അവളുടെയും അവളുടെ മോളുടെയും ചില നേരത്തെ വർത്തമാനം…
കയറൂരി വിടട്ടേ ഇവളാ കറുമ്പി പെണ്ണിനെ… ഒടുക്കം ഞാൻ പറഞ്ഞതു തന്നെ സംഭവിയ്ക്കും… അന്നുണ്ട് രണ്ടു വർത്തമാനം എന്റെ വക തള്ളയോടും മോളോടുമായിട്ട്….. കാണിച്ചു തരാം ഞാനപ്പോ…. അവള് പഠിച്ച് ജഡ്ജിയായിട്ട് വേണല്ലോ ഈ ലോകത്തിനി മനുഷ്യന്മാർക്ക് ജീവിയ്ക്കാൻ….”

താൻ തിരികെ കയറി വന്നിട്ടും നിർത്താനൊരുക്കമില്ലാതെ ചേച്ചിയും ആതിരയും പിന്നെയുമോരോന്നങ്ങനെ മുറ്റത്തു നിന്ന് വിളിച്ചു പറയുന്നതു കേട്ടതും സുമയുടെ കണ്ണുകൾ തേടിച്ചെന്നത് ഹാളിലേക്കാണ്…

ആ ഹാളിൽ നിറയെ ഉണ്ട് പഠിപ്പിലും മറ്റു പാഠ്യേതര വിഷയങ്ങളിലും മികച്ച പെർഫോമൻസ് കാഴ്ചവെച്ചതിന് ശ്യാമയ്ക്ക് കിട്ടിയ സമ്മാനങ്ങളും ട്രോഫികളും… പഠിക്കാനത്രയ്ക്കും മിടുക്കി തന്നെയാണ് ശ്യാമ…

അച്ഛൻ മരിച്ചു പോയിട്ടും ആ കുറവ് താനറിയരുതെന്ന് കരുതി രാപ്പകൽ തനിയ്ക്കായ് കഷ്ടപ്പെടുന്ന തന്റെ അമ്മയെ ഒരു ജോലി നേടിയതിനു ശേഷം സന്തോഷത്തോടെ ഈ ഭൂമിയിൽ അമ്മ ആഗ്രഹിയ്ക്കുന്ന എല്ലാ സന്തോഷവും നൽകി സംരക്ഷിക്കണമെന്ന ലക്ഷ്യത്തിൽ ജീവിയ്ക്കുന്നവൾ….

ശ്യാമയുടെ അമ്മയുടെ ചേച്ചിയാണ് ആതിരയുടെ അമ്മയായ രമ…. എന്നും എപ്പോഴും അനിയത്തിയെയും മകൾ ശ്യാമയേയും കളിയാക്കുകയും കുറ്റം പറയുകയുമാണ് അവരമ്മയുടെയും മകളുടെയും പ്രധാന വിനോദം തന്നെ….

നിയമ വിദ്യാർത്ഥിനിയാണ് ശ്യാമ… അതും സ്കോളർഷിപ്പ് നേടിയുള്ള പഠനം..
ആതിര പ്ലസ് ടു തോറ്റ് പഠിത്തം നിർത്തി വീട്ടിലിരിയ്ക്കാൻ തുടങ്ങിയതോടെയാണ് ശ്യാമയ്ക്ക് നേരെയുള്ള രമയുടെയും ആതിരയുടെയും പരിഹാസവും കളിയാക്കലും ഏറിയത്….

“എന്താണെടീ നിനക്ക് കോളേജ് വിട്ടു വരാനിത്ര താമസം… നേരം വെളുക്കുന്നതിനു മുമ്പ് വീട്ടീന്നിറങ്ങി പോയിട്ടൊരു പെണ്ണ് തിരികെ വന്നു കയറുന്ന നേരമാണിത്…. നിന്റെ തള്ളേനെ പറഞ്ഞാൽ മതി നിന്നെയിങ്ങനെ കയറൂരി വിടുന്നതിന്….. ”

സന്ധ്യ മയങ്ങി ഇരുട്ട് പരന്നു തുടങ്ങിയാണ് ശ്യാമ അന്ന് മടങ്ങിയെത്തിയത്… വന്ന വീട്ടിൽ കയറും മുമ്പേ തുടങ്ങി രമ…

“എനിയ്ക്കിന്നൊരു സെമിനാറുണ്ടായിരുന്നു വല്യമ്മേ ഇവിടെ ഡയറ്റ് ഹാളിൽ വെച്ച്… വലിയ വലിയ ആളുകളൊക്കെ വന്നിരുന്നു… എല്ലാം കഴിഞ്ഞിറങ്ങാൻ വൈകി… അതാ ഇരുട്ടിയത്…”

തന്നെ കുറ്റപ്പെടുത്തുക മാത്രമാണവരുടെ ലക്ഷ്യവും ഉദ്ദേശവും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ശ്യാമ അവരോട് കാര്യങ്ങൾ വ്യക്തമാക്കിയത്….

“പിന്നെ…. ഒരു സെമിനാർ…. അതും നിനക്ക്….ഞങ്ങളാരും കേൾക്കാത്ത ഓരോ വാക്ക് നീ വിളിച്ചു പറഞ്ഞാൽ അതു തൊണ്ട തൊടാതെ വിഴുങ്ങി നീ പറയുന്നത് വിശ്വസിക്കാൻ നിന്റെ അമ്മ സുമയല്ല ഞാൻ… ഒന്നു ഞാൻ പറഞ്ഞേക്കാം പഠിപ്പിന്റെ പേര് പറഞ്ഞ് കണ്ടിടം നിരങ്ങി വയറുവീർപ്പിച്ച് നീ ഇങ്ങോട്ടു വന്നാൽ അന്ന് നിന്റെ അവസാനം എന്റെ കൈ കൊണ്ടാവും പറഞ്ഞില്ലെന്നു വേണ്ട….. ”

വായിൽ വന്നതെല്ലാം വിളിച്ചലറി പറഞ്ഞ് ശ്യാമയുടെ തോളിൽ വേദനിയ്ക്കും വിധത്തിലൊന്ന് കൊടുത്ത് രമ വീടിനകത്തേയ്ക്ക് കയറി പോവുമ്പോൾ ഇതെല്ലാം കണ്ടു രസിച്ചൊരു ചിരിയോടെ ശ്യാമയ്ക്ക് പുറകിൽ നിന്നിരുന്നു ആതിര…..

“എന്റെ ശ്യാമേ…. നിന്നെ കുറിച്ചും നിന്റെ ഭാവിയെ കുറിച്ചുമുള്ള ആധിയാണ് അമ്മയ്ക്ക്… കുറെ വിദ്യാഭ്യസമുണ്ടെങ്കിലും കാണാൻ ഭംഗിയില്ലെങ്കിൽ കെട്ടാൻ ആരും വരില്ല എന്ന പേടിയാണ് അമ്മയ്ക്ക്…”

സ്നേഹത്തിൽ ചാലിച്ച വാക്കുകളിലൂടെ
ശ്യാമയെ കുത്തി രസിക്കാൻ ആതിര ശ്രമിയ്ക്കുമ്പോഴും നിറമിത്തിരി കുറവാണെങ്കിലും തന്റെ അനിയത്തിയെ കാണാൻ എന്താ ഒരു ഭംഗി എന്ന് രാഹുൽ പറഞ്ഞ വാക്കുകൾ അവളിൽ ശ്യാമയെ കൊല്ലാൻ തക്ക ദേഷ്യമാളിയ്ക്കുന്നുണ്ട്…

അവനെന്നും തന്നിൽ തന്നെ കുടുങ്ങി കിടക്കാനാണ് അവൻ വിളിയ്ക്കുന്നിടത്തെല്ലാം ചെല്ലുന്നതും അവൻ പറയുന്നതെല്ലാം അനുസരിയ്ക്കുന്നതും… അമ്മയ്ക്കവൻ തനിയ്ക്ക് വിവാഹമാലോചിച്ച് വന്നവനാണെങ്കിൽ തനിയ്ക്കവൻ തന്റെ സൗന്ദര്യം കാട്ടി താൻ മയക്കിയവനാണ്… അതും അവന്റെ സമ്പത്ത് കണ്ട്….

“വല്യമ്മ എന്റെ നന്മയ്ക്ക് വേണ്ടി പറയുന്നതാണെന്ന് എനിയ്ക്കറിയാം ആതീ…. ഇടയ്ക്കെല്ലാം എന്റെ നന്മ മാത്രം നോക്കി നിൽക്കാതെ ഇടയ്ക്കെല്ലാം സ്വന്തം മകളായ നിന്റെ നന്മ കൂടി ശ്രദ്ധിയ്ക്കാൻ പറ വല്യമ്മയോട് നീ….

രാഹുലിനൊപ്പമുള്ള ആരതിയുടെ കറക്കമറിഞ്ഞുതന്നെയാണ് ശ്യാമയുടെ ആ സംസാരമെങ്കിൽ അതു കേട്ടതും ശ്യാമയ്ക്ക് നേരെ അലറി കുതിച്ചു ആതിര..

“അമ്മേ…. ഇവളെന്റെ രാഹുലേട്ടനെ പറ്റി പറഞ്ഞതു കേട്ടോ അമ്മേ….

ഉറക്കെ കരഞ്ഞു വിളിച്ച് ആതിര ശബ്ദമുയർത്തിയതും അകത്തു നിന്ന് ഓടിയിറങ്ങി വന്നു രമ…

ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ശ്യാമയുടെ ശരീരത്തിലവർ കൈ വെച്ചതും അവർക്കിടയിൽ നിന്ന് സുമ എങ്ങനെയോ രക്ഷപ്പെടുത്തി കൊണ്ടു പോയ് ശ്യാമയെ….

ഇനിയൊരിക്കലും അവരുമായൊരു സംസാരത്തിനുമില്ലെന്ന് അന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു സുമയും ശ്യാമയും….

ഇന്നാണ് പഠനമെല്ലാം കഴിഞ്ഞ് ശ്യാമയുടെ എൻറോൾമെന്റ് ചടങ്ങ്…

അതിനായ് ഒരുങ്ങി വീട്ടിൽ നിന്നിറങ്ങുന്ന ശ്യാമയെ കണ്ണു നിറച്ച് നോക്കി നിന്നു സുമ..
തന്റെ മകൾ അവളാഗ്രഹിച്ചയിടത്ത് എത്തിയ സന്തോഷത്തോടെ സുമ ശ്യാമയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുക്കുന്ന സമയം തന്നെയാണ് തൊട്ടപ്പുറത്ത് ആതിരയുടെ വീട്ടിൽ നിന്നൊരു കുഞ്ഞി കരച്ചിലുറക്കെ ഉയർന്നത്…

ആതിരയുടെ രണ്ടു വയസ്സുകാരി മകളുടെ കരച്ചിലാണ്…. വിവാഹത്തിന് മുമ്പേ തനിയ്ക്ക് വേണ്ട ആതിരയുടെ ശരീരം ഇഷ്ടാനുസരണം ഉപയോഗിച്ചു മടുത്ത രാഹുൽ ആതിരയുമായുള്ള ബന്ധം ഉപേക്ഷിച്ച് അവന്റെ പ്രൗഡിയ്ക്കൊത്തൊരുവളെ ഭാര്യയാക്കുമ്പോൾ നശിപ്പിക്കാൻ പോലും കഴിയാത്ത വിധം ആതിരയ്ക്കുള്ളിലാ കുഞ്ഞി ജീവൻ പറ്റിപ്പിടിച്ചു വളർന്നിരുന്നു… അതോടെ ആതിരയെക്കാൾ തകർന്നത് രമയാണ്..

ഇന്ന് സുമയുടെ കൈ പിടിച്ചവരെ തന്നോടു ചേർത്തു നടന്നുനീങ്ങുന്ന ശ്യാമയെ നേരെ തലയുയർത്തി നോക്കാനുള്ള ധൈര്യമില്ലാതെ അടുക്കള പുറത്ത് മറഞ്ഞുനിന്നവരെ നോക്കുമ്പോഴും രമയും ആതിരയും ആഗ്രഹിയ്ക്കുന്നത് ശ്യാമയുടെ നാശം കാണാൻ തന്നെയാണ്… തിരുത്താൻ കഴിയാത്ത ചില നികൃഷ്ട ജന്മങ്ങളിൽപ്പെട്ടവരാണവർ …. മരണം വരെ മാറാത്തവർ…..

✍️രജിത ജയൻ….

Leave a Reply

Your email address will not be published. Required fields are marked *