ഒടുങ്ങാത്ത ആർത്തിയോടെ രേണുവിനെ പുണരുന്ന അയാളെ എതിർക്കാനോ ഒച്ച വെക്കാനോ കൂട്ടക്കാതെ അയാളിൽ ഒതുങ്ങി….

അഹങ്കാരി അനുഭവിക്കട്ടെ.

അയാളുടെ ഉമ്മയുടെ ശാപവാക്കുകൾ.

നിഷേധി ഇവള് കാരണം എന്നും കണ്ണീരു കുടിക്കാനാണ് എന്റെ വിധി. സ്വന്തം ഉമ്മയുടെ വിലാപം.

എന്നെ കൊണ്ട് ഒന്നും നടക്കൂല്ല തനിയെ വരുത്തിവെച്ചത് തന്നെ അനുഭവിച്ചോളും. കൂടപ്പിറപ്പ്.

നിന്റെ കയ്യിലിരുപ്പിന്റെ ആണ് നീ ഇന്ന് അനുഭവിക്കുന്നത്.. ബന്ധുക്കൾ.

കോളേജിന്റെ മുറ്റത്തെ വാകചോട്ടിൽ ഇരുന്നവൾ ഉറക്കെ ചിരിച്ചു.

സാറ നീ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്?

ഞാൻ പിന്നെ കരയണോ ഗീതു?

ഞാൻ കരഞ്ഞത് നീ മാത്രമല്ലെ അറിഞ്ഞുള്ളു.

അന്ന് ആ സർജറിയുടെ വേദനയുമായി ഉറക്കം വരാത്ത രാത്രികൾക്കൊടുവിൽ സ്വയം മറന്നു മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയ പകൽ.

ഞാൻ എന്നേക്കാൾ മനോഹരമായി സൂക്ഷിച്ചിരുന്ന വീടിന്റെ ഉള്ളിലും എന്റെ സ്വപനങ്ങളുടെ മേൽ പടർന്നു കയറിയ മാറാല കണ്ടപ്പോൾ സഹായത്തിനു വിളിച്ചതല്ലേ രേണുവിനെ.

പെട്ടന്ന് ഇരച്ചു കയറിയ വേദന സഹിക്കാൻ വയ്യാതെ അടുത്തെങ്ങും ആരെയും കാണാതെ രണ്ടും കല്പിച്ചു ഏന്തി വലിഞ്ഞു റൂമിന് പുറത്തു മെഡിസിൻ കഴിക്കാൻ വെള്ളത്തിനിറങ്ങിയ ഞാൻ കണ്ടത് എന്തായിരുന്നു.

ഒടുങ്ങാത്ത ആർത്തിയോടെ രേണുവിനെ പുണരുന്ന അയാളെ എതിർക്കാനോ ഒച്ച വെക്കാനോ കൂട്ടക്കാതെ അയാളിൽ ഒതുങ്ങി നിൽക്കുന്ന എന്റെ വീട്ടിലെ സഹായിയെ. അക്ഷരാർത്ഥത്തിൽ അവൾ സഹായിക്കുക ആയിരുന്നു എന്നേക്കാൾ അയാളെ.

അത് ആദ്യത്തെ സംഭവം അല്ല എന്ന് ഒറ്റ നോട്ടത്തിൽ ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

സങ്കടം സഹിക്ക വയ്യാതെ അലറി കരഞ്ഞു.

ഞെട്ടി അകന്ന രണ്ടാളും തലകുനിച്ചു നിൽകുമ്പോൾ എന്റെ കാൽച്ചുവട്ടിലെ അവസാന മണൽ തരികളും ഒലിച്ചുപോയി.

ഞാൻ കോപിച്ചില്ല പ്രതിഷേധിച്ചില്ല ഉറക്കെ ഉറക്കെ കരഞ്ഞു.

ആ നിമിഷം തന്നെ ഒരു ഓട്ടോ പിടിച്ചു സ്വന്തം വീട്ടിൽ വന്നു.

പിന്നെ അങ്ങോട്ട് പോയില്ല മക്കളെ ഓർത്തില്ല എല്ലാരേയും ഉപേക്ഷിച്ചു.

ഒരു ഞണ്ട് പോലെ എന്നെ മൊത്തമായി ഈ രോഗം കാർന്നു തിന്നും എന്നുറപ്പോൾ എന്തിനു മക്കളെ ഞാൻ എന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരണം.

തിരിച്ചു വിളിക്കാനും കാരണം തിരക്കാനും വന്ന അയാളുടെ കുടുംബത്തോട് ഒന്നും വിവരിക്കാൻ എനിക്ക് മനസ്സിലായിരുന്നു.

സ്വന്തം വീട്ടിലും അയാളുടെ വീട്ടിലും കോമാളി ആവുന്നതിലും നല്ലത് തന്റേടി ആയിട്ട് തന്നെ മരിക്കുന്നതാണ്.

സാറ എനിക്ക് എല്ലാം അറിയാല്ലോ? നീ എന്തിനാണ് ഇതൊക്കെ ഇപ്പോൾ വീണ്ടും…

ഗീതു ഇന്ന് അയാളുടെ കല്യാണമാണ്. എന്റെ വീട്ടിൽ പ്രതിഷേധം ആളി കത്തുന്നു. ഒട്ടും വയ്യെങ്കിലും ഇന്ന് നിന്റെ അടുത്ത് നമ്മൾ ആദ്യം കണ്ട ഈ ക്യാമ്പസിൽ വന്നിരുന്നു സംസാരിക്കാൻ കൊതി തോന്നി.

സാറ ഒരിക്കലും നമ്മൾ തമ്മിൽ സംസാരിച്ചു മടുക്കാറില്ലല്ലോ. നീ പറഞ്ഞോ ഞാൻ എല്ലാം കേട്ടിരിക്കാം.

ഇനി ഒന്നുമില്ല നിന്നെ കണ്ടു സംസാരിച്ചു ഞാൻ പോകുകയാണ്.

കൊള്ളാം. പോകുക എന്നല്ല മരിക്കുകയാണ് എന്ന് പറ.

ഗീതു? സാറ ഞെട്ടലോടെ അവളെ നോക്കി.

ഒന്നുകിൽ ഉറക്ക ഗുളിക അല്ലെങ്കിൽ വല്ല ട്രെയിനിന്റെ മുമ്പിലും. വഴി നീ തയ്യാറാക്കി വെച്ചിട്ടുണ്ടാവും.

ഗീതുവിന്റെ ചോദ്യം ചെയ്യലിൽ പതറി സാറ നിലത്തേക്ക് നോക്കി നിന്നു.

പൊഴിഞ്ഞു വീണ വാകപ്പൂക്കൾ പോലെ അവളുടെ കണ്ണുകൾ ചുവന്നിരുന്നു.

ഇടറിയ ശബ്ദത്തിൽ അവൾ തന്നോട് തന്നെ ചോദിച്ചു പിന്നെ ഞാൻ എന്ത്‌ ചെയ്യണം?

ഗീതു അവളുടെ മുഖം പിടിച്ചുയർത്തി.സാറ ഇതാ ഇത് നിനക്ക് ഞാൻ വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോൽ.

ഒരു അഞ്ചക്ക ശമ്പളക്കാരിയാണ് ഞാൻ എന്നറിയാല്ലോ?

തത്കാലം നിന്റെ സഹായത്തിനു ഒരാളെ ഏർപ്പാട് ചെയ്തിട്ടുണ്ട്.

പിന്നെ ഞാൻ എന്നും വരും.

ഗീതു നിനക്ക് ഭ്രാന്ത്‌ ആണ്. ഇതൊക്കെ നിന്റെ കുടുംബത്തിൽ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കും ആർക്കും വേണ്ടാത്ത എന്നെ നീ നിന്റെ ജീവിതം കളഞ്ഞു സംരക്ഷിക്കണ്ട.

നീ എന്റെ ആത്മസുഹൃത്താണ്. മരണം വരെ നമ്മൾ പിരിയില്ല. മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടേണ്ടി വന്നാൽ നിനക്ക് വേണ്ടി അതും ഞാൻ ചെയ്യും. കാരണം ഇന്ന് നിന്റെ അവസ്ഥ ഇതാണെങ്കിൽ നാളെ എന്റേതും ഇതൊക്കെ തന്നെ.

ഗീതു സാറയുടെ മെലിഞ്ഞ കൈകളിൽ വിരലുകൾ കോർത്തു നടന്നു.

അവർക്കായി ആ വാക പിന്നെയും പൂക്കൾ പൊഴിച്ചു.

സ്നേഹത്തിന്റെ പരവതാനിയിൽ സൗഹൃദത്തിന്റെ തണലിൽ രണ്ടു പെണ്ണുങ്ങൾ പരസ്പരം സ്വാന്തനമായി

✍️ Sumayya Beegum

Leave a Reply

Your email address will not be published. Required fields are marked *