ഏതെങ്കിലും ഒരു ഭാര്യ സ്വന്തം ഭർത്താവിനോട് ആവശ്യപ്പെടുന്നതാണോ ഗീതേ… നീ ഞാൻ പറയുന്നത് കേൾക്കൊന്നാദ്യം… എന്നിട്ടവിടെ…..

“നീയെന്നോട് ചെയ്യാൻ പറയുന്ന കാര്യം ഏതെങ്കിലും ഒരു ഭാര്യ സ്വന്തം ഭർത്താവിനോട് ആവശ്യപ്പെടുന്നതാണോ ഗീതേ… നീ ഞാൻ പറയുന്നത് കേൾക്കൊന്നാദ്യം… എന്നിട്ടവിടെ നമ്മുടെ മുറിയിൽ വന്ന് കിടക്ക്… എന്റെ ഗീതയല്ലേ ടീ…. വാ… ”

ഗീതയുടെ ചുമലിൽ കൈവെച്ച് കെഞ്ചി എന്നോണമാണ് ശിവന്റെ സംസാരമെങ്കിലും അവനെ യാതൊരു ദയവുമില്ലാതെ രൂക്ഷമായ് നോക്കിയാണ് ഗീതയുടെ നിൽപ്പ്…

നിങ്ങളു പറയുമ്പോഴെല്ലാം നിങ്ങളുടെ കൂടെ ഞാൻ വന്നു കിടക്കുകയും നിങ്ങളുടെ ആവശ്യങ്ങളൊക്കെ ചെയ്തു തരികയും ചെയ്യുന്നതു കൊണ്ടാണ് ശിവേട്ടാ നിങ്ങൾക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ ഇത്ര ബുദ്ധിമുട്ട്…… വേണോങ്കി പോയ് തന്നെ കിടന്നോ… ഞാനെങ്ങും വന്ന് കിടക്കില്ല ഇനി മുതൽ നിങ്ങൾക്കൊപ്പം…. ഇറങ്ങിയേക്കുവാ മനുഷ്യൻ പാതിരാത്രി പഞ്ചാര വർത്താനം കൊണ്ട് മനുഷ്യനെ മയക്കാൻ… ഇപ്പോ വന്നതു തന്നെ ഞാൻ… നോക്കി നിന്നോ അവിടെ….”

തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ശിവനെ നോക്കി യാതൊരു ദയവുമില്ലാതെ പറയുന്നതിനൊപ്പം തന്നെ ശരീരമാകെ പുതപ്പിട്ട് മൂടി പൊതിഞ്ഞു മക്കൾക്കൊപ്പം കയറി കിടക്കുക കൂടി ചെയ്തു ഗീത….

ഗീതയുടെ ആ പ്രവർത്തിയൊട്ടും പ്രതീക്ഷിക്കാത്തതിന്റെയൊരു പരിഭവം ശിവനിലാകെ നിറഞ്ഞു….

“എന്റെ പൊന്നു ഗീതയല്ലേ ടീ… ഞാൻ പറയുന്നതൊന്ന് കേൾക് നീ….
എന്നോട് നീ ചെയ്യാൻ പറയുന്ന കാര്യം എന്താണെന്ന് നാളെ ഈ നാട്ടുക്കാരറിഞ്ഞാൽ ….. വേണ്ട നമ്മുടെയീ മക്കളറിഞ്ഞാൽ എന്താണുണ്ടാവുകയെന്ന് ചിന്തിച്ചിട്ടുണ്ടോ നീ… ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞ് വാശി പിടിച്ചിരിക്കാതെ നീയാദ്യം മനുഷ്യന്മാരെ പോലെ ചിന്തിയ്ക്കെന്റെ ഗീതേ… എന്നിട്ട് ഈ ഉറങ്ങുന്ന കുട്ടികളെ കൂടി ഞെരിച്ചിവിടെ കിടക്കാതെ അപ്പുറത്തേയ്ക്ക് വന്ന് കിടക്ക്… നേരം പാതിരാത്രിയായെടീ… എനിയ്ക്ക് വെളുപ്പിനെഴുന്നേറ്റ് പാടത്തെ പറമ്പിൽ വെട്ടാൻ പോവാനുള്ളതാ…. മറന്നോ നീയത്….?

തന്റെ സംസാരംഗീത ശ്രദ്ധിക്കുന്ന സന്തോഷത്തിൽ അവൾക്കരികിലേക്ക് കുനിഞ്ഞു നിന്ന് മക്കളെ ഉണർത്താത്ത വിധം ശബ്ദം കുറച്ച് ശിവൻ പറഞ്ഞതും കിടന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റവനെ കനപ്പിച്ചൊന്ന് നോക്കിയവൾ….

“ഞാനൊന്നും മറന്നിട്ടില്ല ശിവേട്ടാ…
ഇപ്പോ സമയം പാതിരാത്രിയായെന്നും ഒന്നുറങ്ങി കണ്ണടയുമ്പോഴേയ്ക്കും നിങ്ങൾക്കെഴുന്നേറ്റ് ടാപ്പിംഗിന് പോണംന്നും അതു കഴിഞ്ഞു വന്ന് തൊഴുത്തിലെ കാലികളുടെ കാര്യവും നോക്കിക്കഴിഞ്ഞിട്ട് ഓട്ടോയെടുത്ത് സ്കൂൾ ട്രിപ്പ് എടുക്കണമെന്നൊക്കെ എനിയ്ക്ക് ഓർമ്മയുണ്ട്…
ഇതൊന്നും ചെയ്യാതെ ഇഷ്ടത്തിനു കിടന്നുറങ്ങി തോന്നുമ്പോ എഴുന്നേറ്റ് അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള ഒരു വഴി മുന്നിൽ തെളിഞ്ഞു വന്നിട്ടത് സ്വീകരിക്കാതെ വല്യ വർത്താനം പറഞ്ഞ് ആള് കളിച്ച് നടക്കാണ്…
എന്നിട്ടു പഴി നാട്ടുകാർക്കും കുട്ടികൾക്കും… ഇവിടുത്തെ ചിലവും കാര്യങ്ങളും നടത്തുന്നത് നാട്ടുക്കാരണല്ലോ നാട്ടുകാർക്കിതിലിത്ര പൊള്ളാൻ…
ഓരോരോ മുട്ടുന്യായങ്ങൾ കണ്ടെത്തി വന്നേക്കുവാണ് വെറുതെ…

എടീ… നീയ്യീ പറയുന്ന ജോലിയൊക്കെ ഞാൻ ചെയ്യുന്നത് ഇഷ്ടത്തോടെയും സന്തോഷത്തോടെയും തന്നെയാണ്… നമ്മുക്ക് വേണ്ടി… നമ്മുടെയീ കുഞ്ഞുകുടുംബത്തിനു വേണ്ടി എന്തും ചെയ്യാൻ എനിയ്ക്ക് ഇഷ്ടമാടീ… നീയും നമ്മുടെയീ രണ്ടു കുരുന്നുകളുമല്ലേടി എന്റെ ആകെയുള്ള സന്തോഷവും സമ്പാദ്യവും… ”

എന്നെ നിങ്ങടെ സന്തോഷത്തിന്റെയും സമ്പാദ്യത്തിന്റെയുമൊന്നും കണക്കിൽ വെറുതെ കൂട്ടണ്ട ശിവേട്ടാ… ഞാനില്ല
നിങ്ങടെയിടയിൽ… നിങ്ങളച്ഛനും മക്കളും നിങ്ങളുടെ സന്തോഷവും അങ്ങനെ ചിന്തിയ്ക്കിനിയെങ്കിലും… എന്നിട്ടീ മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയ് രക്ഷപ്പെട് ശിവേട്ടാ…”

പറഞ്ഞു വന്നൊടുവിൽ ഇടറി ഗീതയുടെ ശബ്ദമെങ്കിലും കണ്ണുകൾ നിറയാതെ തന്നെയവൾ ശിവനെ നോക്കി നിന്നു…

നിനക്ക് പണ്ടു നമ്മൾ പ്രണയിക്കുന്ന കാലത്തേ ഇത്തിരി അനുസരക്കേടിന്റെ അസുഖമുണ്ടായിരുന്നു.. ഇപ്പോ കല്യാണം കഴിഞ്ഞ് രണ്ടു മക്കളായപ്പോ ആ അനുസരണക്കേടിത്തിരി കൂടി വർദ്ധിച്ചു… അത് നിർത്താൻ ഈ എനിയ്ക്കറിയാടീ… മര്യാദയ്ക്ക് പറഞ്ഞാൽ അവൾക്ക് അനുസരിക്കാൻ പറ്റില്ല… നിന്നെ ഞാൻ ഇന്ന് ശരിയാക്കി തരാടി….”

ഉടുത്തമുണ്ടൊന്ന് മടക്കി കുത്തി തന്റെ ഇരു കൈകളിലുമായ് ഗീതയെ കോരിയെടുത്ത് തങ്ങളുടെ ബെഡ്റൂമിലേക്ക് നടന്നു ശിവൻ പറയുമ്പോൾ അപ്രതീക്ഷിതമായ അവന്റെയാ നീക്കത്തിൽ അവന്റെ കയ്യിൽ കിടന്നു കുതറി ഗീതയെങ്കിലും ശിവനവളെ ഒന്നുകൂടി ഇറുക്കത്തിൽ തന്റെ നെഞ്ചിലേക്കമർത്തി പിടിച്ച് കിടക്കയിൽ കൊണ്ടിട്ട് അവളെഴുന്നേൽക്കും മുമ്പുതന്നെ അവളിലേക്ക് തന്റെ മുഴുവൻ ഭാരവും നൽകി ചാഞ്ഞങ്ങു ചെന്നു….

ഇനി പറ നീ ഗീതേ…. എന്താണ് നിന്റെ പ്രശ്നം….

അവളിലേക്ക് ചാഞ്ഞുള്ള അവന്റെയാ ചോദ്യത്തിൽ ഒരു പതർച്ച നിറഞ്ഞു ഗീതയുടെ മുഖത്ത്…

തന്നെ നോക്കി കിടക്കുന്നവളുടെ നിശബ്ദതയും ആ മുഖത്തവൾ മറച്ചു പിടിക്കാൻ ശ്രമിയ്ക്കുന്ന വേദനയും ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു ശിവന്റെ ഉള്ളിൽ…

നീയില്ലാതെ എങ്ങനാടീ ഞാനും എന്റെ പിള്ളേരും ജീവിയ്ക്കുന്നത്…. എത്ര നീ വഴക്കിട്ട് വാശി കാണിച്ചാലും അതൊന്നും വകവെയ്ക്കാതെ നിന്റെ പുറകെ ഞാൻ കെഞ്ചി വരുന്നത് എന്തുകൊണ്ടാണെന്നറിയ്യോ… ഇതാ ഈ മുറിയിൽ എല്ലാ തിരക്കും കഴിഞ്ഞ് ഇങ്ങനെ ഞാൻ വന്നു കിടക്കുമ്പോൾ ഇതുപോലെയെന്റെ കയ്യിലൊതുങ്ങി എന്റെ നെഞ്ചിൽ ചായാൻ നീ വേണമെന്നുള്ളതുകൊണ്ടാ… അങ്ങനെ നീ ഉണ്ടെങ്കിലേ എനിയ്ക്കുറങ്ങാൻ പറ്റുള്ളു എന്നതുകൊണ്ടാ…. ”

ഇടറി പറയുന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞവിടെ നീർമുത്തുകൾ തിളങ്ങിയതും അതു കാണാൻ കഴിയാത്ത പോലെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ഗീത

എനിയ്ക്കറിയാം ശിവേട്ടാ…

അവനു കേൾക്കാനെന്ന പോലെ പിറുപിറുത്തവൾ….

“നിനക്ക് എല്ലാം അറിയാം… എന്നിട്ടും നീ ചെയ്യുന്നതെന്താ ഗീതേ… നടക്കില്ലെന്നുറപ്പുള്ള കാര്യത്തിന് നീ വാശികാണിക്കുന്നതെന്തിനാ…?

തന്റെ നെഞ്ചിൽ നിന്നവളുടെ മുഖം ബലമായ് പിടിച്ചുയർത്തി ശിവൻ ചോദിച്ചതും
നിറഞ്ഞവളുടെ മിഴികൾ

“എന്നെ കല്യാണം കഴിച്ചതു കൊണ്ടു മാത്രം ശിവേട്ടനു നഷ്ടമായതൊക്കെ ഞാനൊഴിഞ്ഞു പോയാൽ വീണ്ടും എന്റെ ശിവേട്ടന് തിരികെ കിട്ടുമെങ്കിൽ ഞാനൊഴിഞ്ഞു പൊയ്ക്കോളാം ശിവേട്ടാ…. എന്റെ ശിവേട്ടന്റെ കഷ്ടപ്പാടും അലച്ചിലും കണ്ടു മതിയായെനിയ്ക്ക്… കൊട്ടാരത്തിലെ രാജകുമാരനെ പോലെ കഴിഞ്ഞ ശിവേട്ടനാണ് എന്നെ കെട്ടിയതുകൊണ്ടു മാത്രം കൂലിപ്പണിക്കാരനായി മാറിയത്… കുടുംബവും കൂട്ടുക്കാരും ഇല്ലാത്തവനായ് പോയത്… ഇന്നത്തെയീ ബുദ്ധി നാലഞ്ചു കൊല്ലം മുമ്പെനിയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനൊരിക്കലും ശിവേട്ടന്റെ ഇഷ്ടം അംഗീകരിക്കില്ലായിരുന്നു ശിവേട്ടാ… ഞാൻ കൂടെ വന്നാൽ എന്റെ ശിവേട്ടന് എന്തൊക്കെയാണ് നഷ്ടപ്പെടുകയെന്ന് അന്നെനിക്കറിയില്ലായിരുന്നു … സത്യായിട്ടും അറിയില്ലായിരുന്നു…. ”

ശിവനെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു ഗീത പറഞ്ഞതോരോന്നും ശിവന്റെ നെഞ്ചിനെ അത്രമേൽ വേദനിപ്പിച്ചു… തന്റെ കഷ്ടപ്പാടാണവളെ കൊണ്ടിങ്ങനെയെല്ലാം ചിന്തിപ്പിച്ചതെന്നവനറിയാം…

അവളെ ഉപേക്ഷിച്ച് മക്കളുമായ് തിരികെ ചെന്നാൽ തന്നെ പഴയ പോലെ മകനായ് സ്വീകരിക്കാമെന്നു പറഞ്ഞ സ്വന്തം മാതാപിതാക്കളെ അവനപ്പോൾ അത്രയും വെറുത്തിരുന്നു

കരഞ്ഞും സ്വയം പഴി പറഞ്ഞും തന്റെ നെഞ്ചിൽ തളർന്നു കിടന്നുറങ്ങുന്നവളെ അത്രമേൽ ഇഷ്ടത്തോടെ നെഞ്ചോടു ചേർത്തു പിടിച്ച് കിടക്കുമ്പോൾ ശിവന്റെ ഉള്ളിലും ചില തീരുമാനങ്ങളുറച്ചിരുന്നു…

ആറേഴു മാസങ്ങൾക്കിപ്പുറം കയ്യിൽ മുദ്ര പേപ്പറുകളുമായ് രെജിസ്ട്രാർ ഓഫിസിന്റെ പടിയിറങ്ങുമ്പോൾ ശിവന്റെ തല ഉയർന്നും അവന്റെ വീട്ടുക്കാരുടെ തല താഴ്ന്നും ഇരുന്നിരുന്നു…

തന്നെ രൂക്ഷമായ് നോക്കുന്ന അച്ഛന്റെയും ഏട്ടന്റെയും മുമ്പിലേക്ക് നെഞ്ചോടു ചേർത്തു നിർത്തിയ ഗീതയുമായ് ചെന്നു നിന്നു ശിവൻ…

നിങ്ങൾക്കിടയിലേക്ക് ഒന്നിനും വരാതെ ഒഴിഞ്ഞുമാറി പോയതാണ് ഞാൻ… അപ്പോൾ വീണ്ടും എന്റെ പെണ്ണിനെ വേദനിപ്പിയ്ക്കും വിധം ഞങ്ങൾക്കിടയിലേക്ക് വന്നു കളിച്ചു നിങ്ങൾ… അപ്പോ ഞാനിത്രയെങ്കിലും ചെയ്യണ്ടേ അച്ഛാ നിങ്ങളോട്… എനിയ്ക്ക് അവകാശമുള്ളത്, അർഹതയുള്ളത് അത്രയുമേ ഞാനിപ്പോൾ കേസ് നടത്തി വാങ്ങിയിട്ടുള്ളു… ഇനിയും ഞങ്ങൾക്കിടയിലേക്ക് നിങ്ങൾ വീണ്ടും വന്നാൽ ഇപ്പോ നിങ്ങൾക്കവശേഷിച്ചിട്ടുള്ളതുകൂടി നേടിയെടുക്കും ഞാൻ മറക്കരുത്…. ചെയ്യിക്കരുതത്….

ഒരു താക്കീതോടെ അവരോടു പറഞ്ഞ് തിരിച്ചവിടെ നിന്ന് മടങ്ങുമ്പോൾ ഒന്നുകൂടി മുറുക്കത്തിൽ ഗീതയെ തന്നിലേക്കണച്ചു ശിവൻ….

“ഞാനിപ്പോ കോടീശ്വരനാണ് മോളെ….ഇനി ഞാൻ പുറത്തു പണിയ്ക്കൊന്നും പോവൂല…. ഫുൾ ടൈം ഇനി ജോലി വീടിനകത്താണ്… നിനക്ക് പരാതിയൊന്നും ഇല്ലല്ലോ അല്ലേ…?

ശിവന്റെ കുനുഷ്ട് നിറച്ചയാ ചോദ്യത്തിന് അവനെ കണ്ണു കൂർപ്പിച്ചൊന്ന് നോക്കി അവന്റെ നെഞ്ചിലേക്കു തന്നെ ഗീത ചാഞ്ഞതും അവിടെയാകെ നിറഞ്ഞുയർന്നു ശിവന്റെ പൊട്ടിച്ചിരി

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *