നീയിങ്ങനെ പ ട്ടി പെറ്റുകൂട്ടും പോലെ പെറ്റുകൂട്ടിയാൽ, ഇതുങ്ങളെയൊക്കെ എങ്ങനെ വളർത്തും??
മോളി അമർഷത്തോടെ രേഷ്മയോട് ചോദിച്ചു.
അമ്മയ്ക്കൊന്നു മിണ്ടാതിരിക്കാമോ, ഇങ്ങനെയൊക്കെയാണോ എന്നോട് സംസാരിക്കേണ്ടത് ??രേഷ്മയും തിരിച്ചു ദേഷ്യത്തോടെ ചോദിച്ചു.
ഞാൻ പറയുന്നതാണോ കുറ്റം, ഇതിപ്പോൾ മൂന്നാമത്തെ ആയി.
ഞാനും എന്റെ ഭർത്താവും കുഞ്ഞുങ്ങളെ വളർത്താൻ സഹായം ചോദിച്ച് ആരുടെയും മുൻപിൽ വന്നിട്ടില്ലല്ലോ. ഞങ്ങൾ നല്ല അന്തസായി മക്കളെ നോക്കുന്നുണ്ട് പിന്നെ അമ്മയ്ക്ക് എന്താ കുഴപ്പം.
ഞാൻ ഒന്നും പറയുന്നില്ല… മോളി പറഞ്ഞു.
രേഷ്മയ്ക്ക് മൂന്നാമത്തേ കുട്ടി ജനിച്ചിട്ട് ഏഴു ദിവസമായിട്ടേ ഉള്ളൂ..
രേഷ്മ വീട്ടമ്മയാണ്. ഭർത്താവ് സതീഷ് ഓട്ടോ ഡ്രൈവറും.
കയറിക്കിടക്കാൻ ഒരു വീടുണ്ട് എന്നതൊഴിച്ചാൽ മറ്റ് സമ്പാദ്യങ്ങൾ ഒന്നും സതീഷിന്റെ കുടുംബത്തിനോ രേഷ്മയുടെ കുടുംബത്തിനോ ഇല്ല.
അതുകൊണ്ടുതന്നെ രണ്ടാമത്തെ കുട്ടിയായപ്പോൾ തന്നെ പ്രസവം നിർത്താമെന്ന് മോളി രേഷ്മയോട് പറഞ്ഞതാണ്.
എന്നിട്ടാണ് അതൊന്നും കേൾക്കാതെ ഇപ്പോൾ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
ഇതോടുകൂടിയെങ്കിലും പ്രസവം നിർത്താൻ പറഞ്ഞിട്ട് രേഷ്മ അതിന് സമ്മതിക്കുന്നില്ല. നാല് കുഞ്ഞുങ്ങൾ വേണമെന്നും പറഞ്ഞാണ് അവൾ നടക്കുന്നത്.
അതാണ് മോളിക്ക് ദേഷ്യം വരാൻ കാരണം.
മോളി അയൽ വീട്ടിലൊക്കെ കൂലിപ്പണിക്ക് പോയിട്ടാണ് ജീവിക്കുന്നത്. മകൾ
ഡെലിവറി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ നോക്കാതിരിക്കുന്നത് എങ്ങനെയാണ്.
ഇതിന്റെയൊക്കെ ബുദ്ധിമുട്ട് ഇപ്പോൾ മനസ്സിലാകില്ല. കുട്ടികൾ കുറെ കൂടി വളർന്നു കഴിയുമ്പോൾ ഇവരുടെയെല്ലാം ചെലവുകൾ സതീഷ് ഒരാൾ നോക്കണം.
കൂടാതെ അവരുടെ പഠിപ്പ്,എന്തെങ്കിലും ആശുപത്രി കേസുകൾ വന്നാൽ അത്, എല്ലാം അവന്റെ ഒരാളുടെ തലയിലൂടെ വേണം ഓടാൻ.
രേഷ്മയ്ക്ക് ജീവിതത്തെക്കുറിച്ച് എന്തറിയാം. പറഞ്ഞു കൊടുത്തിട്ട് അവൾക്കൊട്ടു മനസ്സിലാകുന്നുമില്ല.
ജീവിതം എന്താണെന്ന് സ്വയം മനസ്സിലാക്കണമെങ്കിൽ കാലമേറെ മുന്നോട്ട് പോകേണ്ടി വരും. രേഷ്മ സ്വയമെല്ലാം മനസ്സിലാക്കട്ടേ.
പ്രായത്തിന് ചേർന്ന പക്വതയില്ലെങ്കിൽ
പിന്നെന്തു ചെയ്യാനാണ്.
മൂന്നാം മാസം രേഷ്മയേയും കുഞ്ഞുങ്ങളെയും സതീഷ് വന്ന് കൊണ്ടുപോയി…
ഒന്നുരണ്ട് ആഴ്ചകൾ കുഴപ്പമില്ലാതെ കടന്ന് പോയെങ്കിലും പതിയെപ്പതിയെ അവരുടെ ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങി.
മൂന്ന് കുഞ്ഞുങ്ങളും ഭാര്യയും, അച്ഛനും അമ്മയും അടങ്ങുന്ന വീട്ടിലെ മുഴുവൻ ഉത്തരവാദിത്തവും അയാളുടെ തലയിലാണ്.
വീട്ടിലെ പുരുഷനാണ് മുഴുവൻ ഭാരവും വഹിക്കേണ്ടതെന്ന ചിന്ത ഇപ്പോഴും ആളുകളിൽ അങ്ങനെ തന്നെയുണ്ട്.
ഭാരം ചുമന്ന് മടുക്കുമ്പോൾ ആർക്കാണ്
ദേഷ്യം വരാതിരിക്കുക.
അച്ഛനും അമ്മയും ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവരാണ്. അവരെക്കൊണ്ട് വലിയ കുഴപ്പമില്ല.
രേഷ്മ പക്ഷെ അങ്ങനെയല്ല, അവൾ പറയുന്നതെന്തും അവൾക്കപ്പോൾ തന്നെ വേണം.
ഇല്ലെങ്കിൽ മോന്തയും വീർപ്പിച്ചു ഇരിക്കും. നിങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയല്ലേ ഞാൻ എന്നിട്ടും എനിക്കൊരു വിലയും തരുന്നില്ല എന്ന് ഇടയ്ക്കിടെ പുലമ്പും…
എല്ലാം കൂടെ ആയപ്പോൾ സതീഷ് മടുത്തു എന്നുള്ളതാണ് സത്യം.
വഓട്ടോ എടുക്കാനും, കുറച്ച് കടം ഉള്ളതു വീട്ടാനുമായി ആധാരം ബാങ്കിൽ വച്ച് പണം എടുത്തതാണ്, ഇതുവരെയും ആധാരം തിരികെ എടുക്കാൻ പറ്റിയിട്ടില്ല.
പലിശ നാൾക്ക് നാൾ കൂടി വരുകയാണ്.
ബാങ്ക്കാർ ജപ്തി നടപടികൾ തുടങ്ങും എന്നൊക്കെ പറഞ്ഞിരിക്കുകയാണ്.
അതിനിടയിൽ മനസമാധാനം ഇല്ലായ്കയും.
പങ്കാളി യാതൊരു
ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാത്തയൊരാളാണെങ്കിൽ ജീവിതം കൂടുതൽ കൂടുതൽ ദുസഹമാവുകയേയുള്ളൂ…
എല്ലാം വിട്ടറിഞ്ഞ് സമാധാനം തേടി എങ്ങോട്ടെങ്കിലും പൊയ്ക്കളയാൻ സതീഷന്റെയുള്ളം മന്ത്രിച്ച് കൊണ്ടിരുന്നു.
ഒരു ദിവസം ഉച്ചയായപ്പോൾ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ കേട്ട് രേഷ്മ ഫോൺ എടുത്തു നോക്കി.
സതീഷിന്റെ വോയിസ് മെസ്സേജ് ആണ്
ഞാൻ പോവുകയാണ് എങ്ങോട്ടാണെന്നറിയില്ല. എന്നെക്കൊണ്ടാകുന്നില്ല എല്ലാം കൂടെ..
അത് കേട്ട് രേഷ്മ ആകെ ഭയന്ന് പോയി
ഭർത്താവിന്റെ അച്ഛനെയും അമ്മയെയും അവൾ വോയിസ് മെസ്സേജ് കേൾപ്പിച്ചു.
അവരും ആകെ തറഞ്ഞു പോയി.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിതമാകെ ഇരുളടഞ്ഞത് പോലെ രേഷ്മയ്ക്ക് തോന്നി.
മൂന്ന് കുട്ടികളെയും കൊണ്ട് മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും എന്നോർത്തപ്പോൾ അവൾക്കാകെ പേടി തോന്നി.
മൂത്ത കുട്ടി ഒന്നാം ക്ലാസിൽ ആയിട്ടേയുള്ളൂ, ഇളയത് അംഗൻവാടിയിൽ പോകുന്നു.
മൂന്നാമത്തേത് പൊടിക്കുഞ്ഞാണ്.
കൂടാതെ ബാധ്യതകളുടെ കടുത്ത ഭാരവും . ഇത്രനാൾ എല്ലാ ഭാരവും ഏറ്റെടുത്തിരുന്നത് സതീഷാണ്.
പക്ഷേ സതീഷ് എല്ലാത്തിൽ നിന്നും ഓടി ഒളിച്ചിരിക്കുന്നു.
ഇനി എന്ത് ചെയ്യും??
രേഷ്മ സതീഷിനെ വളരെയധികം സ്നേഹിച്ചിരുന്നു. അയാളുടെ അഭാവം അവളെ ഓരോ നിമിഷവും വേദനിപ്പിച്ചു കൊണ്ടിരുന്നു.
പെറ്റമ്മ പറഞ്ഞ വാക്കുകൾ പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഓടിയെത്തി. ശരിയാണ് എന്തിനായിരുന്നു ഇന്നത്തെ കാലത്ത് തങ്ങളുടെ കഷ്ടതകളിലേക്ക് മൂന്ന് കുഞ്ഞുങ്ങളെ കൂടി കൊണ്ടുവന്നത്.
ഓരോ കുഞ്ഞുങ്ങളെയും ഭൂമിയിലേക്ക് കൊണ്ടുവരുമ്പോൾ അവർക്ക് സമാധാനത്തോടെ വളരാൻ പറ്റിയ അന്തരീക്ഷം ഒരുക്കേണ്ട കടമ ഞങ്ങൾക്കുണ്ടായിരുന്നില്ലേ??
തങ്ങൾക്ക് ഒരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമേ ഉണ്ടായിരുന്നുള്ളൂ…
താനും കൂടി എന്തെങ്കിലും ജോലിക്ക് പോയി കുടുംബത്തിലേക്ക് ചെറിയ സഹായമെങ്കിലും നൽകാൻ ശ്രമിച്ചിരുന്നെങ്കിൽ തന്റെ ഭർത്താവ് തന്നോട് കൂടെ ഉണ്ടായിരുന്നേനെ എന്ന് അവൾക്ക് തോന്നി.
താനൊരു മോശം ഭാര്യയായിരുന്നു എന്ന് അവൾക്കന്നാദ്യമായി തോന്നി.
സതീഷിന്റെ അച്ഛനും അമ്മയും രോഗികളാണ് അവർക്ക് ജോലി എടുക്കാൻ ആരോഗ്യമില്ല.
അതിനിടയിൽ താനും മക്കളും,
പാവം സതീഷ് എല്ലാ ഭാരങ്ങളും ഏറ്റെടുത്ത് ആ മനുഷ്യൻ മടുത്തിരിക്കും.
എല്ലാം തന്റെ തെറ്റാണ്.
മൂത്ത കുഞ്ഞിനെ സ്കൂളിലേക്കും രണ്ടാമത്തെ കുട്ടി അംഗൻവാടിയിലേക്കും വിട്ടിട്ട് ഏറ്റവും ഇളയ കുഞ്ഞിനെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചിട്ട് അവൾ അടുത്ത് തന്നെയുള്ള
തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് കയറി.
കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ വയ്യല്ലോ
താലിമാലയും കമ്മലും കുഞ്ഞുങ്ങളുടെ കാതിൽ ഉണ്ടായിരുന്ന മൊട്ടുകമ്മലും എല്ലാം കൂടി വിറ്റ് ബാങ്കിലെ പലിശ അടക്കാൻ അവൾ തീരുമാനിച്ചു
കിടപ്പാടം കൂടി നഷ്ടപ്പെട്ടാൽ എല്ലാവരെയും കൊണ്ട് എങ്ങോട്ട് പോകും.
ഓരോ രൂപയുടെയും മൂല്യം അവൾ മനസ്സിലാക്കിയ നിമിഷങ്ങൾ ആയിരുന്നു ആ ദിനങ്ങൾ.
ഭർത്താവിന്റെ അമ്മ അവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും അവൾക്ക് ഊരി നൽകി.
ഇതുകൂടി വിറ്റോളൂ പലിശ അടക്കാൻ തികയുമല്ലോ.
അമ്മയ്ക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യമാണ് ആ മാല എന്ന് അവൾക്കറിയാം, എങ്കിലും അത് വാങ്ങാതിരിക്കാൻ നിർവാഹമില്ല.
മോളി മിച്ചം പിടിച്ച കുറച്ച് പണവും മകൾക്ക് കൊണ്ടുവന്ന് കൊടുത്തു.
ജീവിതം എന്തെന്ന് നന്നായി മനസ്സിലാക്കിയ ഒരാളാണ് മോളി. ഈ അവസ്ഥയിൽ മകൾക്ക് ഈ തുക വലിയൊരു ആശ്വാസമാകുമെന്നു മോളിക്ക് അറിയാം.
ബാങ്കിലെ പലിശ അടച്ചാൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരില്ലല്ലോ…
ഒരിക്കൽ സതീഷ് തന്നോട് മാലയും കമ്മലും ഒക്കെ ഒന്ന് പണയം വെക്കാൻ തരുമോ എന്ന് ചോദിച്ചത് രേഷ്മയുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു
അന്ന് താൻ അയാൾക്കത് കൊടുത്തില്ലെന്നു മാത്രമല്ല,
എല്ലാ പെണ്ണുങ്ങൾക്കും എന്തുമാത്രം സ്വർണാഭരണങ്ങളാണ് എനിക്ക് മാത്രം ഒന്നുമില്ല എന്നിട്ട് ആകെയുള്ളതും മേടിച്ചോണ്ട് പോവുകയാണോ എന്ന് ചോദിച്ചു വഴക്കുണ്ടാകുകയും ചെയ്തു.
അതൊക്കെ ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല.
ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയാൽ അവൾ തുണികൾ തയ്ക്കുന്നുണ്ടായിരുന്നു.
ജീവിച്ചിരിക്കാതെ പറ്റില്ലാലോ.
തന്റെ പിടിവാശികൊണ്ട് മാത്രം ഈ ഭൂമിയിലേക്ക് വന്ന മൂന്ന് മക്കളുണ്ട്.
വിവാഹം കഴിഞ്ഞാൽ ഭർത്താവാണ് തന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ടതെന്ന ചിന്തയായിരുന്നു തനിക്ക്.
പക്ഷെ അങ്ങനെയായിരുന്നില്ല വേണ്ടത്,
രണ്ടാളും ഒരേ പോലെ കുടുംബത്തിനു താങ്ങായി നിൽക്കണം.
ഒരാൾ മാത്രം എല്ലാ ഭാരങ്ങളും കൂടി ഏറ്റെടുത്താൽ ജീവിതത്തെ അയാൾ പതിയെ പതിയെ വെറുത്തു പോകുമെന്നവൾക്ക് മനസ്സിലായി.
സതീഷ് എന്നെങ്കിലും മടങ്ങി വരുമെന്ന കാത്തിരിപ്പിൽ തന്നെയാണ് അവൾ.
സത്യത്തിൽ അയാളീ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ കാരണക്കാരി താൻ മാത്രമാണെന്നവൾക്ക് തോന്നി.
എല്ലാ ഭാരങ്ങളും ആ തലയിലേക്ക് എടുത്ത് വെച്ച് താനയാളെ വേണ്ടതിലധികം ബുദ്ധിമുട്ടിച്ചു.
ഡ്രസ്സ്, മേക്കപ്പ് സാധനങ്ങൾ,
കഴിക്കാൻ കൊതി തോന്നുന്ന ആഹാരസാധനങ്ങൾ, അങ്ങനെയങ്ങനെ, തന്റെ ആവശ്യങ്ങളുടെ പട്ടിക ഓരോ ദിവസവും നീളുകയായിരുന്നു.
തന്റെ ഭർത്താവ് വെറുമൊരു ഓട്ടോ ഡ്രൈവർ ആണെന്നുള്ള കാര്യം താൻ ഓർക്കണമായിരുന്നു.
തെറ്റ്… എല്ലാം തന്റെ തെറ്റ്…
കുടുംബത്തിലെ പുരുഷന്‍ വേണം എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതെന്ന് ചിന്ത എത്രത്തോളം തെറ്റാണെന്ന് ഇപ്പോൾ അവൾക്കറിയാം
മനസ്സൊന്നിടറി പോയ നേരത്ത് അയാൾ എല്ലാത്തിൽ നിന്നും
ഓടി ഒളിച്ചത് മാത്രമായിരിക്കണം.
അയാൾക്ക് മടങ്ങിവരാതിരിക്കാൻ ആവില്ലല്ലോ.
പ്രിയപ്പെട്ടവരെ പൂർണ്ണമായും ഉപേക്ഷിക്കാൻ മാത്രം ഇടുങ്ങിയ മനസ്സുള്ളയാളല്ലയാൾ.
അവളും കാത്തിരിക്കുകയാണ് അയാൾ മടങ്ങി വരുന്നതും പ്രതീക്ഷിച്ച്…
✍️Anju Thabkachan
